യുക്രൈയ്ന്‍റെ നേറ്റോ അംഗത്വ ആവശ്യം അനിശ്ചിതമായി മാറ്റിവയ്ക്കുക. പ്രതിരോധിക്കാനാവശ്യമായ ആയുധങ്ങൾ അമേരിക്ക നൽകും. റഷ്യയുമായി ചർച്ച നടത്തുക. അതിന്‍റെ അടിസ്ഥാനത്തിലാകും മറ്റ് സഹായങ്ങളെന്നാണ് ഡോണൾഡ് ട്രംപിന്‍റെ യുക്രൈയ്ൻ ദൂതന്‍ ജനറൽ കീത്ത് കെല്ലോംഗിന്‍റെ നിലപാട്.
തന്‍റെ നിയന്ത്രണത്തിലുള്ള യുക്രൈയ്ന് നേറ്റോ അംഗത്വം കിട്ടിയാൽ അംഗീകരിക്കുമെന്നാണ് യുക്രൈയ്ൻ പ്രസിഡന്‍റ് സെലൻസ്കി പറയുന്നത്. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളുടെ നിയന്ത്രണത്തിൽ പിന്നീട് ചർച്ചകളാവാമെന്നും. പടിഞ്ഞാറൻ ജർമ്മനിയുടെ മാതൃകയിൽ ഈ നിർദ്ദേശം പടിഞ്ഞാറൻ രാജ്യങ്ങൾക്കിടയിൽ കുറേനാളായി പാറിക്കളിക്കുന്നുണ്ട്. പക്ഷേ, ഔദ്യോഗികമായി ആരും മുന്നോട്ട് വച്ചിട്ടില്ല. പക്ഷേ, അമേരിക്കൻ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യുക്രൈയ്ൻ ദൂതന്‍ ജനറൽ കീത്ത് കെല്ലോംഗിന്‍റെ കാഴ്ചപ്പാടുകൾ അതൊന്നുമല്ല.
ട്രംപിന്‍റെ ദൂതന്‍
സമാധാനം ശക്തിയിലൂടെ, 'And make America And the World Safe again', ജനറൽ കെല്ലോംഗിന്‍റെ നോമിനേഷൻ അറിയിച്ച് കൊണ്ട് നിയുക്ത പ്രസിഡന്‍റ് ഇട്ട സമൂഹ മാധ്യമ കുറിപ്പാണിത്. ട്രംപിന്‍റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ജനറൽ കെല്ലോംഗ്. അമേരിക്ക ഫസ്റ്റ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി എഴുതിയ ലേഖനത്തിൽ ജനറൽ കീത്ത് കെല്ലോംഗ്, തന്‍റെ സമാധാന പദ്ധതിയുടെ രൂപരേഖ വിശദമായി പറയുന്നുണ്ട്.
undefined
റഷ്യ - യുക്രൈയ്ന്‍ യുദ്ധം പുതിയ തലത്തിലേക്ക്; യുദ്ധമുന്നണിയിലേക്ക് മൂർച്ചകൂടിയ ആയുധങ്ങൾ
യുക്രൈയ്ന് പണ്ടേ മികച്ച ആയുധങ്ങൾ നൽകിയിരുന്നെങ്കിൽ യുദ്ധം അന്നേ അവസാനിച്ചേനെ എന്നാണ് തുടങ്ങുന്നതെങ്കിലും പിന്നെ പറയുന്നതൊന്നും യുക്രൈയ്ന് പഥ്യമായേക്കാവുന്ന കാര്യങ്ങളല്ല. യുക്രൈയ്ന്‍റെ നേറ്റോ അംഗത്വ ആവശ്യം അനിശ്ചിതമായി മാറ്റിവയ്ക്കുക. പ്രതിരോധിക്കാനാവശ്യമായ ആയുധങ്ങൾ അമേരിക്ക നൽകും. റഷ്യയുമായി ചർച്ച നടത്തുക. അതിന്‍റെ അടിസ്ഥാനത്തിലാവും സഹായം. മുന്നണിയിലെ യുദ്ധം നിർത്തുക. പകരം, റഷ്യക്ക് ഉപരോധങ്ങളിൽ നിന്ന് ചെറിയ ഇളവ് കിട്ടും. ഉപരോധം പിൻവലിക്കുന്നത് സമാധാന ധാരണ ഒപ്പിട്ട ശേഷം മാത്രം.
പക്ഷേ, റഷ്യയുടെ ഊർജ്ജക്കയറ്റുമതിയിൽ നികുതി ചുമത്തും. ആ വരുമാനം യുക്രൈയ്ന്‍റെ പുനർനിർമ്മാണത്തിന് നൽകും. ഇതിനൊക്കെ പുറമേ, റഷ്യ കൈയേറിയ പ്രദേശം ഉടൻ വിട്ടുകിട്ടണമെന്ന് പറയാൻ യുക്രൈയ്ന് അനുവാദമില്ല. അത് ചർച്ചകളിലൂടെ സാധിച്ചെടുക്കണം. ഇടയിലൊരു സൈനിക വിമുക്ത മേഖല വേണം. അതിന് നേറ്റോയുടെയോ ചേരിചേരാ രാഷ്ട്രത്തിന്‍റെയോ നിരീക്ഷണം വേണം. ഇതൊക്കെയാണ് വ്യവസ്ഥകൾ. സൈനിക വിമുക്തമേഖല നൂറുകണക്കിന് മൈൽ നീളം വരും. അതിൽ നിരീക്ഷണം ഏർപ്പെടുത്താനും നിലനിർത്താനും വലിയൊരു തുക വേണ്ടിവരും.
ഇസ്രയേലിന്‍റെ പാളയത്തിലെ പടയും ലെബണനിലെ രാഷ്ട്രീയ അസ്ഥിരതയും പിന്നെ വെടിനിര്‍ത്തല്‍ കാരാറും
പടിഞ്ഞാറിന് പരാജയ ഭീതിയോ?
പടിഞ്ഞാറിന്‍റെ മടുപ്പും പരാജയ സമ്മതവുമാണ് ഈ വ്യവസ്ഥകളിലൂടെ വ്യക്തമാവുന്നതെന്ന് പറയുന്നു ഒരു വിഭാഗം നിരീക്ഷകർ. റഷ്യൻ പ്രസിഡന്‍റ് വിചാരിച്ച വഴിയിൽ തന്നെ എല്ലാം നീങ്ങുന്നുവെന്നും അവർ പറയുന്നു. ഭീഷണികൾ ഇടക്കിടെ പുറപ്പെടുവിച്ച് പടിഞ്ഞാറിനെ കൊണ്ട് പരിധികൾ ലംഘിക്കാൻ പ്രേരിപ്പിച്ച് ഒടുവിൽ ധാരണയിലെത്തിക്കുക. അതും റഷ്യയുടെ ഇഷ്ടത്തിനൊത്ത വ്യവസ്ഥകളുമായി. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നാണ് പടിഞ്ഞാറൻ നിരീക്ഷകരുടെ പക്ഷം.
ക്രെംലിൻ വായിച്ച ഈണത്തിനൊത്ത് ചാടിക്കളിച്ച് യൂറോപ്പും അമേരിക്കയും റഷ്യ ഉദ്ദേശിച്ച പടിവാതിൽക്കൽ തന്നെയെത്തിയിരിക്കുന്നു എന്നാണ് വാദം. ആയുധം കൊടുത്തിട്ടും അത് റഷ്യൻ മണ്ണിൽ ഉപയോഗിക്കരുതെന്ന് യുക്രൈയ്ന് മുന്നിൽ വ്യവസ്ഥ വച്ചത് തന്നെ തെറ്റ് എന്നും വാദമുണ്ട്. റഷ്യയുടെ മണ്ണിൽ നിന്ന് യുക്രൈയ്നെ എന്ത് ചെയ്താലും സുരക്ഷിതർ എന്ന സന്ദേശമാണ് റഷ്യക്ക് അതിൽ നിന്ന് കിട്ടിയത്. അതുതന്നെ തെറ്റായിപ്പോയെന്നാണ് ഇക്കൂട്ടരുടെ പക്ഷം. പോളിഷ് വിദേശകാര്യ മന്ത്രിയുൾപ്പടെ ഈ വാദത്തിനൊപ്പമാണ്. ഇപ്പോൾ ഡോണൾഡ് ട്രംപ് ഭരണത്തിൽ വരുന്നതോടെ റഷ്യക്ക് കാര്യങ്ങൾ പിന്നെയും അനുകൂലമാവുകയാണെന്നും കരുതണം.