തബല മാന്ത്രികന്‍ അല്ലാരഖയ്ക്ക് ഇന്ന് ജന്മശതാബ്ദി. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തെക്കുറിച്ച് നദീം നൗഷാദ് എഴുതുന്നു
സാക്കിര്‍ ഹുസൈന്‍ തന്റെ പിതാവിനെ അനുസ്മരിക്കുന്നത് ഇങ്ങനെ: ''എനിക്ക് ഒന്നോ രണ്ടോ വയസുള്ളപ്പോള്‍ അച്ഛന്‍ എന്നെ മടിയില്‍ വെച്ച് തബലയുടെ നോട്ടുകള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു. സാധാരണയായി കുഞ്ഞുങ്ങളുടെ ചെവിയില്‍ ദിവ്യ വചനങ്ങളാണ് മന്ത്രിക്കുക. ഞാന്‍ തബല വായിക്കണമെന്നത് ദൈവത്തിന്റെ നിയോഗമായിരിക്കാം. അച്ഛന്‍ എന്നെ മടിയില്‍ വെച്ച് എല്ലാ ദിവസവും തബലയുടെ ബിറ്റുകള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ചൊല്ലുമായിരുന്നു. ഇതു എന്നില്‍ തബല പഠിക്കണമെന്ന മോഹം ഉയര്‍ത്തി. രണ്ടോ മുന്നോ വയസുള്ളപ്പോള്‍ തന്നെ എനിക്ക് തബലയോട് ഇഷ്ടടം തോന്നി തുടങ്ങി. ഞാന്‍ അടുക്കളയില്‍നിന്ന് പാത്രങ്ങള്‍ എടുത്തു അവ തലതിരിച്ചു വെച്ച് അച്ഛനെ അനുകരിച്ചു കൊട്ടുമായിരുന്നു. അച്ഛന്‍ സാധകം ചെയ്യുമ്പോള്‍ ഞാന്‍ അത് ശ്രദ്ധിക്കും. ഞാനും തബല വായിച്ചുതുടങ്ങി. അങ്ങനെ ഏഴാം വയസ്സില്‍ തന്നെ അരങ്ങില്‍ തബല വായിച്ചു.''
undefined
ഉസ്താദ് അല്ലാരഖ ഖുറേഷി എന്നൊരു തബലിസ്റ്റ് ജീവിച്ചിരുന്നില്ലായെങ്കില്‍ ഒരു പക്ഷെ തബല ഇത്ര ജനകീയമാവില്ലായിരുന്നു. തബല വെറുമൊരു പക്കവാദ്യമായി അവഗണിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ വായിച്ചു തുടങ്ങിയതാണ് അല്ലാരഖ. പിന്നീട് അദ്ദേഹത്തിന്റെ വായനയുടെ മാസ്മരികത അറിഞ്ഞ് കേള്‍വിക്കാര്‍ കൂടി വരാന്‍ തുടങ്ങി. അദ്ദേഹം താളത്തെ രാഗം പോലെ വിസ്താരം ചെയ്തു. അമീര്‍ഖുസ്രു രൂപപ്പെടുത്തിയതെന്ന് കരുതപ്പെടുന്ന ഈ വദ്യോപകരണത്തിന്റെ യാത്ര അല്ലാരഖയുടെ ജീവിതയാത്ര കൂടിയാണ്.
29 ഏപ്രില്‍ 1919 ന് ജമ്മുകാശ്മീരിലെ പഗ് വലില്‍ ജനിച്ചു. സംഗീതവുമായി ബന്ധമില്ലാത്ത ഒരു കുടുംബമായിരുന്നു. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട പിതാവിന്റെ ഏഴ് മക്കളില്‍ ഏറ്റവും മൂത്ത സന്തതി ആയത്‌കൊണ്ട് അല്ലാരഖയുടെ സംഗീതം പഠിക്കാനുള്ള ആഗ്രഹത്തെ പിതാവ് അനുകൂലിച്ചില്ല.
ബാല്യകാലത്ത് വീട്ടിലെ പാത്രങ്ങളില്‍ താളമടിച്ചാണ് അല്ലാരഖ തബല വായന ആരംഭിച്ചത്. കൊട്ടി കൊട്ടി പാത്രങ്ങള്‍ ചതുങ്ങി പോവുമ്പോള്‍ അമ്മയ്ക്ക് ദേഷ്യം പിടിക്കും. അന്ന് കൊട്ടി ചതുങ്ങിയ ഒരു പാത്രം ബാല്യകാലത്തെ ഓര്‍മ്മക്കായി അല്ലാരഖയുടെ വീട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
പന്ത്രണ്ടാം വയസ്സില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി അമ്മാവന്റെ അടുത്ത് പോയി തന്റെ ആഗ്രഹം അറിയിച്ചു. അദ്ദേഹം അന്നത്തെ അറിയപ്പെട്ട തബലിസ്റ്റ് പഞ്ചാബ് ഖരാനയിലെ മിയാന്‍ ഖാദര്‍ ബക്ഷിന്റെ കീഴില്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തു. കൂടാതെ പട്യാല ഖരാനയിലെ ആഷിക് അലിഖാന്റെ കീഴില്‍ വായ് പാട്ടും പഠിച്ചു.
അല്ലാരഖ
അല്ലാരഖയുടെ ജീവിതത്തെ പറ്റി സുഹൃത്തും സരോദ് ഇതിഹാസമായ അംജദ് അലിഖാന്‍ ഇങ്ങനെ എഴുതി: ''അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. അല്ലാരഖയെ ആകാശവാണി വിളിച്ചത് തബല വായിക്കാന്‍ മാത്രമല്ല, പാടാന്‍ കൂടിയായിരുന്നു. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം എ ഗ്രേഡ് ക്ലാസിക്കല്‍ ഗായകനായിരുന്നു. 1940കളിലെയും 1950കളിലെയും പല സിനിമകള്‍ക്കും അദ്ദേഹം സംഗീതം നല്‍കി. അതില്‍ സബക്ക്, ബേവഫ, ആലം ആറ എന്നിവ ഹിറ്റുകളാണ്. ഈ കാലഘട്ടത്തിലാണ് 1959 ല്‍ അദ്ദേഹം ഇന്ത്യന്‍ സംഗീതകാരന്മാരുടെ പ്രതിനിധിയായി റഷ്യയിലേക്ക് പോവുന്നത്. അപ്പോഴേക്ക് സിനിമാ മേഖലയോടുള്ള ആകര്‍ഷണം കുറഞ്ഞിരുന്നു. അദ്ദേഹം ആദ്യ പ്രണയിനിയായ തബലയിലേക്ക് തന്നെ മടങ്ങി.
തബല വായനക്ക് പുതിയോരു രീതി നല്‍കിയ ആളാണ് അല്ലാരഖ. വോക്കലില്‍ അദ്ദേഹത്തിന് കിട്ടിയ പരിശീലനം തബല വാദനത്തെയും സഹായിച്ചിട്ടുണ്ട്.ലയത്തിന് മേലെ അദ്ദേഹത്തിനുള്ള നിയന്ത്രണം അപാരമായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ ധാരാളം ബോല്‍ ഉണ്ടായിരുന്നു. റേലയും കായദയും തിമനോഹരം. താള വിസ്താരവും ശ്രദ്ധേയം. തന്റെ വായനയുടെ കൂടെ കേള്‍വിക്കാരുടെ മനസ്സിനെയും കൊണ്ട് പോവാന്‍ പറ്റുമെന്നതാണ് തബലിസ്റ്റ് എന്ന രീതിയില്‍ അദ്ദേഹത്തിന്റെ ജനകീയത വര്‍ദ്ധിപ്പിച്ചത്.
അല്ലാരഖ, കിഷന്‍ മഹാരാജ്, സംതപ്രസാദ് -തബലയിലെ ത്രിമൂര്‍ത്തികളായി അറിയപ്പെടുന്ന ഇവരില്ലാതെ ഒരു സംഗീത മേളയും വിജയമാവില്ല എന്നായിരുന്നു അന്നത്തെ ധാരണ. അതിനാല്‍, സംഘാടകര്‍ ആദ്യമായി ഇവരുടെ ഡേറ്റ് ആണ് വാങ്ങുക.
പണ്ഡിറ്റ് രവി ശങ്കറിനൊപ്പം അരങ്ങില്‍
അല്ലാരഖയുടെ യഥാര്‍ത്ഥ കലായാത്ര തുടങ്ങുന്നത് പണ്ഡിറ്റ് രവി ശങ്കറിന്റെ കൂടെയുള്ള വേള്‍ഡ് കണ്‍സേര്‍ട്ട് ടൂര്‍ മുതലാണ്. അവര്‍ മിക്കവാറും എല്ലാ മ്യൂസിക് ഫെസ്റ്റിവലിലും പങ്കെടുത്തു. ജാസ് ഡ്രമ്മര്‍ ബുഡി റിഷിന്റെ കൂടെ തബല വായിക്കുന്ന ആദ്യത്തെ ഉസ്താദ് ആണ് അല്ലാരാഖ. പ്രമുഖ അമേരിക്കന്‍ പിയാനിസ്റ്റ് റോസലിന്‍ ടെറകിന്റെയും കൂടെ അദ്ദേഹം തബല വായിച്ചു. ഖാന്‍ സാഹിബിന് 1977ല്‍ പദ്മശ്രീയും 82ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു''.
ഭാര്യ ബവി ബീഗം ഒരു സാധാരണ വീട്ടമ്മയാണ്. ഖുര്‍ഷിദ്, റസിയ, സക്കീര്‍ ഹുസൈന്‍, തൗഫീക്ക് ഖുറെഷി, ഫസല്‍ ഖുറേഷി എന്നിവര്‍ മക്കള്‍. പാകിസ്ഥാനില്‍ നിന്ന് അദ്ദേഹം ഒരു വിവാഹം കൂടി കഴിച്ചിരുന്നു. അതില്‍ റൂഹിബാന്‍, സമീര്‍ എന്നീ രണ്ടു മക്കള്‍. റൂഹിബാന്‍ പാകിസ്താനില്‍ അറിയപ്പെടുന്ന ടെലിവിഷന്‍ നടിയായിരുന്നു. രണ്ടു മാസം മുമ്പാണ് മരിച്ചത്.
അല്ലാരാഖയ്ക്ക് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ശിഷ്യന്‍മാരുണ്ട്. അദ്ദേഹത്തിന്റെ മൂത്തമകന്‍ സാക്കിര്‍ ഹുസൈന്‍ ലോകപ്രസിദ്ധനായ തബല വാദകനാണ്. മറ്റു രണ്ടു മക്കളായ ഫസല്‍ ഖുറെഷിയും തൗഫീഖ് ഖുറേഷിയും പിതാവിന്റെ ശിഷ്യര്‍ തന്നെ. യോഗേഷ് സാംസി, അനുരാധ പാല്‍, ആദിത്യ കല്യാണ്‍പൂര്‍, ഭൂഷന്‍ പര്‍ച്ചുറെ, അമിത് കവ്‌തേക്കര്‍ എന്നിവരും അറിയപ്പെടുന്ന ശിഷ്യരാണ്.
തബല എന്ന ഇന്ത്യന്‍ വാദ്യോപകരണം വിദേശികള്‍ക്ക് പരിചയപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് അല്ലാരഖയുടെ മുഖ്യസംഭാവന. ബീറ്റില്‍സിലെ ജോര്‍ജ് ഹാരിസണിനെ അല്ലരഖയുടെ തബല വായന ആകര്‍ഷിച്ചിരുന്നു. ഗായകരുടെയോ മറ്റ് സംഗീതോപകരണങ്ങളുടെയോ അകമ്പടിയില്ലാതെ നടത്തുന്ന തബല കച്ചേരികളിലേക്ക് നിരവധി ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ അ്‌ദ്ദേഹത്തിനായി.
ബീറ്റില്‍സ് അംഗം ജോര്‍ജ് ഹാരിസണിനൊപ്പം അല്ലാരഖ
സാക്കിര്‍ ഹുസൈന്‍ തന്റെ പിതാവിനെ അനുസ്മരിക്കുന്നത് ഇങ്ങനെ: ''എനിക്ക് ഒന്നോ രണ്ടോ വയസുള്ളപ്പോള്‍ അച്ഛന്‍ എന്നെ മടിയില്‍ വെച്ച് തബലയുടെ നോട്ടുകള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു. സാധാരണയായി കുഞ്ഞുങ്ങളുടെ ചെവിയില്‍ ദിവ്യ വചനങ്ങളാണ് മന്ത്രിക്കുക. ഞാന്‍ തബല വായിക്കണമെന്നത് ദൈവത്തിന്റെ നിയോഗമായിരിക്കാം. അച്ഛന്‍ എന്നെ മടിയില്‍ വെച്ച് എല്ലാ ദിവസവും തബലയുടെ ബിറ്റുകള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ചൊല്ലുമായിരുന്നു. ഇതു എന്നില്‍ തബല പഠിക്കണമെന്ന മോഹം ഉയര്‍ത്തി. രണ്ടോ മുന്നോ വയസുള്ളപ്പോള്‍ തന്നെ എനിക്ക് തബലയോട് ഇഷ്ടടം തോന്നി തുടങ്ങി. ഞാന്‍ അടുക്കളയില്‍നിന്ന് പാത്രങ്ങള്‍ എടുത്തു അവ തലതിരിച്ചു വെച്ച് അച്ഛനെ അനുകരിച്ചു കൊട്ടുമായിരുന്നു. അച്ഛന്‍ സാധകം ചെയ്യുമ്പോള്‍ ഞാന്‍ അത് ശ്രദ്ധിക്കും. ഞാനും തബല വായിച്ചുതുടങ്ങി. അങ്ങനെ ഏഴാം വയസ്സില്‍ തന്നെ അരങ്ങില്‍ തബല വായിച്ചു.''
2000 ഫെബ്രവരി 2നായിരുന്നു മകള്‍ റസിയയുടെ ആകസ്മിക മരണം. ഇത് അദ്ദേഹത്തിന് താങ്ങാന്‍ പറ്റിയില്ല. അതിന്റെ തീവ്രദു:ഖത്തില്‍ പിറ്റേദിവസം അദ്ദേഹത്തിന് ഹൃദയഘാതം വന്നു. ഉടന്‍ തന്നെ മരിക്കുകയും ചെയ്തു.