അഭയാര്‍ത്ഥികളുടെ കടല്‍

By Haritha Savithri  |  First Published Aug 8, 2022, 3:20 PM IST

സാന്‍ഗ്രിയ. യൂറോപ്യന്‍ വിദൂരദേശങ്ങളിലെ പൊള്ളുന്ന കഥകള്‍ പറയുന്ന, ഹരിതാ സാവിത്രിയുടെ കോളം ഇടവേളയ്ക്കു ശേഷം വീണ്ടും തുടരുന്നു. ഇന്ന്, അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നില്‍നിന്നുള്ള വേദനാഭരിതമായ ജീവിതങ്ങള്‍. 
 


കുറച്ചു ദിവസം മുമ്പ് അവയിലൊന്നില്‍ ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന ഒരമ്മയുടെ കൈകള്‍ക്കുള്ളിലെ ചൂടില്‍ ഒരു കൊച്ചു പെണ്‍കുട്ടി താമസിച്ചിരുന്നു. എവിടെയോ മറഞ്ഞുപോയ തന്റെ അച്ഛന്റെ കൂട്ടുകാരെക്കാണാന്‍ അവള്‍ എന്നും കടല്‍ത്തീരത്ത് പോകുമായിരുന്നു. ആ പെണ്‍കുട്ടി കൊണ്ടുവരുന്ന ആഹാരത്തിന്റെ പൊട്ടുകള്‍ക്കായി കടല്‍ക്കാക്കകള്‍ കാത്തിരിക്കുമായിരുന്നു.

ജലീലയുടെയും ദുനിയയുടെയും, കണ്ണീരൊഴുകുന്ന ആ നേര്‍ത്ത കടലിടുക്ക് കടന്നു വരുന്ന പേരറിയാത്ത ആയിരങ്ങളുടെയും, അവര്‍ക്ക് വേണ്ടി ജീവിതവും ആത്മാവും ഉഴിഞ്ഞു വച്ച യെലേനിമാരുടെയും കഥകള്‍ ഈ ലോകത്ത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

Latest Videos

undefined

 

 

ഒരു കിലോമീറ്ററും പിന്നെയൊരു ഇരുന്നൂറ് മീറ്ററും. ഗ്രീസിലെ സാമോസ് തീരത്ത് നിന്ന് അപ്പുറത്ത് ടര്‍ക്കിയിലെ കൂഷാദസിയുടെ മണ്ണിലേക്കുള്ള ദൂരമാണിത്. ഈ ദൂരത്തിനെന്ത് ദൂരമാണ് എന്ന് ആ ആഴത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഓര്‍ത്ത് പോകും.

ലൈഫ് ജാക്കറ്റുകളും റാഫ്റ്റുകളുടെ കഷണങ്ങളും ഒഴുകി നടക്കുന്ന, മീന്‍ പിടുത്തക്കാരുടെ വലകളില്‍ മനുഷ്യ ശരീരങ്ങള്‍ കുരുങ്ങുന്ന കുപ്രസിദ്ധമായ മിക്കലി കടലിടുക്ക് ഇന്ന് ശാന്തമാണ്. സാധാരണ ഗതിയില്‍ ബഹളമയമായ മറുകര ഇന്ന് താരതമ്യേന മയക്കത്തിലാണെന്ന് തോന്നി.  തീരത്തിന് അരിക് വരച്ചുചിരിക്കുന്ന വെളുത്ത മണലിനെ പതിയെ തലോടി കടന്നു പോകുന്ന ചെറിയ ഓളങ്ങള്‍ പോലും  ഇളം ചൂടുള്ള ഉച്ചവെയിലിന്റെ ആലസ്യത്തിലായിരുന്നു. കടലിനക്കരെ ഉയര്‍ന്നു നില്ക്കുന്ന പച്ചപുതച്ച കുന്നുകളുടെയും ഒരു ജലച്ചായചിത്രത്തിലേത് പോലെ പച്ചയും നീലയും കലര്‍ന്ന് ശാന്തമായൊഴുകുന്ന ഈജിയന്‍ കടലിന്റെ വശ്യതയിലേക്കും ഞാന്‍ കണ്ണെടുക്കാന്‍ കഴിയാതെ നോക്കി നിന്നു.

ധ്യാനത്തിലെന്ന പോലെ ആ നീലനിറത്തിൽ ലയിച്ച് നിന്ന എന്നെ നടുക്കിക്കൊണ്ട്  പൊടുന്നനെ ചിറകുകള്‍ ആഞ്ഞു വീശി ഒരു കൂട്ടം കടല്‍ക്കാക്കകള്‍ ഒരു മണല്‍ത്തിട്ടയ്ക്കപ്പുറത്ത് നിന്ന് മുകളിലേക്ക് പറന്നുയര്‍ന്നു. അവ തങ്ങളുടെ പരുക്കന്‍ ശബ്ദത്തില്‍ തൊള്ളതുറക്കുകയും വെളുപ്പും ചാരനിറവും കലര്‍ന്ന നിറമുള്ള ചിറകുകള്‍ ആഞ്ഞു വീശി മണലും പൊടിയും പറത്തുകയും ചെയ്ത് അന്തരീക്ഷമാകെ ബഹളമയമാക്കിത്തീര്‍ത്തു. വൃത്തിയുളള ഒരു സ്ഥലം നോക്കി ടവ്വല്‍ വിരിക്കാന്‍ തുടങ്ങിയ ഞാന്‍ സംശയിച്ചു നിന്നു. വെളുപ്പിനെ അഞ്ചുമണിയ്ക്ക് ഇവറ്റകള്‍ തുടങ്ങുന്ന ബഹളം മൂലം കഴിഞ്ഞ കുറേ ദിവസങ്ങളായി നന്നായി ഉറങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പല്ലിറുമ്മിക്കൊണ്ട് കല്ലോ കട്ടയോ മറ്റോ അവറ്റയെ എറിഞ്ഞോടിക്കാന്‍ കിട്ടുമോ എന്ന് ഞാന്‍ ചുറ്റും പരതി.

''ഹേയ്''

ഒരു ചെറിയ പെണ്‍കുട്ടിയുടെ ആവേശം നിറഞ്ഞ ശബ്ദമുയര്‍ന്നു. നെഞ്ചോടടുക്കി പിടിച്ചിരിക്കുന്ന ഒരു കടലാസ് കൂടുമായി അവള്‍ ഉറക്കെച്ചിരിച്ചും കൂവി വിളിച്ചും ആ കടല്‍ക്കാക്കകളെ വെട്ടിച്ച് കടലിന് നേരെ ഓടി. ഏകദേശം ഏഴെട്ട് വയസ്സു തോന്നിക്കുന്ന ഒരു മെലിഞ്ഞ രൂപമായിരുന്നു അവളുടേത്. ഇരുവശത്തും കെട്ടിവച്ചിരിക്കുന്ന തവിട്ടു നിറമുള്ള  തഴച്ച മുടിച്ചുരുളുകള്‍ അവള്‍ക്കൊപ്പം നൃത്തം വച്ചു.

പൊങ്ങിയും താണും വായടക്കാതെ കാറിയും ആ തെമ്മാടിക്കൂട്ടം അവളെ പിന്തുടര്‍ന്നു. ഞാന്‍ കയ്യിലിരുന്ന സാധനങ്ങള്‍ താഴെയിട്ടു. ഒറ്റയ്ക്ക് ഈ പെണ്‍കുട്ടി എവിടെ നിന്ന് വന്നു? അത്ഭുതത്തോടെ ഞാന്‍ ചുറ്റും പരതി.

''ദുനിയാ..''

കര്‍ക്കശമായ ശബ്ദത്തില്‍ ആരോ വിളിച്ചു. മണല്‍ത്തിട്ടയ്ക്കപ്പുറത്ത് നിന്ന് നിറപ്പകിട്ടുള്ള ശിരോവസ്ത്രമണിഞ്ഞ ഒരു ചെറുപ്പക്കാരിയുടെ തല ഉയര്‍ന്നു വന്നു. നിര്‍വികാരമായ കണ്ണുകള്‍ കൊണ്ട് എന്നെ അലക്ഷ്യമായി ഒന്ന് നോക്കിയശേഷം അവര്‍ ആ പെണ്‍കുട്ടിയുടെ പിന്നാലെ ഓടി.

ഞാന്‍ എന്റെ ടവ്വലും പുസ്തകവും മറ്റും വീണു കിടക്കുന്ന ഇടത്തേക്ക് തിരിഞ്ഞു നടന്നു. ഈയിടെയായി ബീച്ചിലും പരിസരപ്രദേശങ്ങളിലും മോഷണം പെരുകിയിരിക്കുന്നതായാണ് അറിവ്. പതിവ് പോലെ, വായനയ്ക്കിടയില്‍ മറുകരയില്‍ നിന്ന് ബോട്ടുകള്‍ എന്തെങ്കിലും വരുന്നുണ്ടോ എന്നു ശ്രദ്ധിച്ചു കൊണ്ട് തണുപ്പ് വീണു തുടങ്ങുന്നത് വരെ ഞാന്‍ തീരത്ത് തന്നെ സമയം ചിലവഴിച്ചു.

അന്നു രാത്രി യെലേനി തിരിച്ചെത്തിയപ്പോള്‍ വളരെ വൈകിയിരുന്നു. അഭയാര്‍ഥി ക്യാമ്പില്‍ സേവനമനുഷ്ഠിക്കുന്ന അനേകം മനുഷ്യാവകാശസംഘടനകളില്‍ ഒന്നിലായിരുന്നു അവള്‍ക്ക് ജോലി. യെലേനിയുടെ കൂടെ കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കാനായി വന്നതാണെങ്കിലും അവരെ സഹായിക്കാനായി എല്ലാ ദിവസവും കുറച്ചു മണിക്കൂറുകള്‍ അഭയാര്‍ഥികള്‍ക്കായി ക്ലാസുകള്‍ എടുക്കാനും ഭക്ഷണം വിതരണം ചെയ്യാന്‍ സഹായിക്കാനും  മറ്റുമായി ഞാന്‍ നീക്കിവച്ചിരുന്നു. ഉച്ചകഴിഞ്ഞ് ആശുപത്രികളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും കൂടെപ്പോകാനായി യെലേനി തിരിക്കുമ്പോള്‍ ഞാന്‍ തിരിച്ചു മുറിയിലേക്ക് വരാറാണ് പതിവ്.  ഭക്ഷണം കഴിച്ചിട്ട്, ഉപേക്ഷിക്കപ്പെട്ട ലൈഫ് ജാക്കറ്റുകളും മറ്റ്  അവശിഷ്ടങ്ങളും മാറ്റി കടല്‍ത്തീരം വൃത്തിയാക്കാനും അക്കരെ നിന്ന് ബോട്ടുകള്‍ എന്തെങ്കിലും വരുന്നുണ്ടോ എന്നു നിരീക്ഷിക്കാനുമായി ചുറ്റിയടിക്കുന്ന വോളണ്ടിയര്‍മാരുടെ കൂടെക്കൂടി നേരം ഇരുട്ടുന്നത് വരെ കടല്‍ത്തീരത്ത് തന്നെ ചിലവഴിക്കുന്നതിനാല്‍ ദിവസങ്ങള്‍ കടന്നു പോകുന്നത് ഞാന്‍ അറിഞ്ഞില്ല.

അന്ന് ആരെയും കാണാതിരുന്നതിനാല്‍ യെലേനിയ്ക്ക് നല്ല ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കി വയ്ക്കാനായി ഞാന്‍ നേരത്തെ മുറിയിലേക്ക് മടങ്ങി. പ്രതീക്ഷിച്ചത് പോലെ ഒരു ആടിനെ അകത്താക്കാനുള്ള വിശപ്പുമായാണ് അവള്‍ എത്തിയത്. തീന്‍മേശയില്‍ നിന്നുയരുന്ന ഹൃദ്യമായ ഗന്ധം കേട്ട് കയ്യിലിരുന്ന ബാഗ് മുറിയുടെ മൂലയിലേക്ക് എറിഞ്ഞിട്ട് അവള്‍ നേരെ വന്നു പ്ലേറ്റുമെടുത്ത് ഇരിപ്പായി.

''മരിക്കാറായത് പോലെ ഞാന്‍ തളര്‍ന്നിരിക്കുന്നു.''

സാല്‍മണ്‍ മത്സ്യവും മത്തങ്ങയും ഉരുളക്കിഴങ്ങും ചേര്‍ത്തുണ്ടാക്കിയ കൊഴുത്ത സൂപ്പ് ആര്‍ത്തിയോടെ കഴിച്ചു കൊണ്ട്  അവള്‍ പറഞ്ഞു.

പാത്രങ്ങള്‍ കഴുകി വച്ച് ഞാന്‍ തിരിച്ചെത്തിയപ്പോഴേക്കും അവള്‍ സോഫയില്‍  തന്നെ ചുരുണ്ടു കൂടിക്കിടന്ന് ഉറങ്ങിക്കഴിഞ്ഞിരുന്നു. ഹീറ്ററിന്റെ ചൂട് ക്രമീകരിക്കുകയും അവളെ നന്നായി പുതപ്പിക്കുകയും ചെയ്തശേഷം ഞാന്‍ എന്റെ മുറിയിലേക്ക് നടന്നു. അന്നു കടല്‍ത്തീരത്ത് വച്ചു കണ്ട അമ്മയെയും മകളേയും പറ്റി യെലേനിയോട്  പറയണമെന്നുണ്ടായിരുന്നു. അവള്‍ക്ക് അവരെ പരിചയമുണ്ടാവും. നാളെ അതേ സമയത്ത് അവിടെ പോയാല്‍ ചിലപ്പോള്‍ ആ അമ്മയെയും മകളെയും വീണ്ടും കാണാന്‍ കഴിഞ്ഞേക്കും എന്ന് എനിക്ക് തോന്നി.

രാവിലെ ഞാന്‍ ഉണരും മുന്‍പ് തന്നെ യെലേനി പോയിക്കഴിഞ്ഞിരുന്നു. ''ഒരു ബോട്ട് വന്നിട്ടുണ്ട്. എനിക്ക് പോകണം. നീ പതിവ് സമയത്ത് ക്ലാസ്സെടുക്കാന്‍ പോകണേ.'' മേശപ്പുറത്ത് തിടുക്കത്തിലെഴുതിയ ഒരു കുറിപ്പ് എന്നെ കാത്തിരിപ്പുണ്ടായിരുന്നു.

അവളെയോര്‍ത്ത് എനിക്ക് ഭയം തോന്നി. ഒരു പ്രണയ പരാജയത്തിന്റെ ആഘാതത്തില്‍ നിന്നു മുക്തി നേടാന്‍ കുറച്ചു നാളത്തേക്ക് എന്ന് പറഞ്ഞുകൊണ്ടാണ് യെലേനി അഭയാര്‍ഥി ക്യാമ്പിലേക്ക്  തിരിച്ചത്.

ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അവളുടെ കവിളുകളിലെ ആരോഗ്യമുള്ള തുടിപ്പ് പണ്ട് തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ആശങ്കയും ആവലാതിയും നിറഞ്ഞ ഒരു സ്ഥിരം ഭാവം അല്ലാതെ ആ മുഖത്ത് മറ്റൊന്നും ഇപ്പോള്‍ കാണാറില്ല.

''നീ സമയത്ത് ആഹാരം കഴിക്കണം. വല്ലാതെ മെലിഞ്ഞു പോയി.'' എന്റെ തോളില്‍ തല ചായ്ച്ചു വച്ചു കൊണ്ട് പാതിയുറക്കത്തില്‍ റ്റീവി കാണുകയായിരുന്ന യെലേനിയുടെ മെലിഞ്ഞ കൈ തലോടിക്കൊണ്ട് ഒരു ദിവസം ഞാന്‍ പറഞ്ഞു. അരിശത്തോടെ അവള്‍ തന്റെ കൈ വലിച്ചെടുത്തു.

''നീ ആ ക്യാമ്പിലുള്ള മനുഷ്യരെ കാണുന്നില്ലേ? അവര്‍ കഴിക്കുന്ന ആഹാരം മതി എനിക്കും. മെലിയട്ടെ.''

പിണങ്ങിയത് പോലെ മറുവശത്തേക്ക് തലയണ എടുത്തു വച്ചു കൊണ്ട് അവള്‍ തന്റെ പാതിയുറക്കത്തിലെ റ്റീവി കാണല്‍ പരിപാടിയിലേക്ക് മടങ്ങിപ്പോയി.

വിവാഹത്തിന്റെ വക്ക് വരെയെത്തിയ തീവ്രപ്രണയത്തിന്റെ അവസാനം മറ്റൊരു പെണ്‍കുട്ടിയ്ക്ക് വേണ്ടി അവളെ തനിച്ചാക്കിയ ജേസണെ ഞാന്‍ പകയോടെ ഓര്‍ത്തു. പക്ഷേ യെലേനി അതിനെക്കുറിച്ച് വളരെ ലാഘവത്തോടെയാണ് സംസാരിക്കാറുള്ളത്. എന്റെ അരിശവും സങ്കടവും കാണുമ്പോള്‍ അവള്‍ ചിരിക്കാറാണ് പതിവ്.

''നോക്ക്, അയാള്‍ എന്നെ കുറച്ചുകൂടി നല്ല ഒരു മനുഷ്യനാകാന്‍ സഹായിക്കുകയാണ് ചെയ്തത്. നീ അതിന് നന്ദിയുള്ളവളായിരിക്കണം.''

''എനിക്ക് അത്ര നന്‍മയൊന്നുമില്ല.''

മകള്‍ മുഴുഭ്രാന്തിയായി മാറുമെന്ന ഭയത്തോടെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തോറും യെലേനിയെയും കൊണ്ട് അലഞ്ഞ അവളുടെ അമ്മയുടെ നനഞ്ഞു ചുവന്ന കണ്ണുകള്‍ ഓര്‍ത്ത് കൊണ്ട് ഞാന്‍ അരിശത്തോടെ മുറുമുറുത്തു.

ശൈത്യകാലത്ത് പതിവുള്ള മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു അന്നും. സൂര്യന്‍ വാശിക്കാരനായ ഒരു കുട്ടിയെപ്പോലെ കനത്ത മേഘങ്ങളുടെ മറവില്‍ നിന്നു പുറത്തു വരാതെ പരിഭവിച്ച് നിന്നു. ഇന്ന് വെയില്‍ കായലും വായനയും ഒന്നും നടക്കില്ല എന്നറിയാമായിരുന്നെങ്കിലും എല്ലുകളിലേക്ക് തുളച്ച് കയറുന്ന തണുപ്പ് വകവയ്ക്കാതെ പതിവ് നേരത്ത് ഞാന്‍ കടല്‍ത്തീരത്തേക്ക് നടന്നു. അവിടെ ആരുമുണ്ടായിരുന്നില്ല. ഇന്ന് ബോട്ടുകള്‍ വരാന്‍ സാധ്യതയില്ല. ഇരുണ്ടു കറുത്ത കടല്‍ പതിവിന് വിപരീതമായി ക്ഷോഭത്തോടെ കരയിലേക്ക് ഇരച്ചു കയറുന്നു. തീരത്ത് അടിഞ്ഞു കൂടിയ പായലിന്റെയും കടല്‍ ജന്തുക്കളുടേയും ഗന്ധം അവിടെ തങ്ങി നിന്ന മടുപ്പും വിഷാദവും കലര്‍ന്ന അന്തരീക്ഷത്തിന് ആക്കം കൂട്ടി.

കടല്‍ത്തീരത്ത് കൂടുതല്‍ നേരം നില്‍ക്കുക അസാധ്യമായിരുന്നു. കരുത്തുള്ള ഒരാളെപ്പോലും മറിച്ചിടാന്‍ ശേഷിയുള്ള ഈര്‍പ്പം നിറഞ്ഞ ഉപ്പ് കാറ്റ് ചീറിക്കൊണ്ട് എന്നെ ആക്രമിച്ചു. വസ്ത്രത്തലപ്പുകളും മുടിയും കാറ്റില്‍ ഭ്രാന്തമായി പറന്നുയര്‍ന്നു. തിരിച്ചു പോകാനായി തിരിഞ്ഞ എന്റെ തൊപ്പി ആരോ തട്ടിയെടുത്തത് പോലെ കാറ്റിനൊപ്പം പറന്നു പോയി. ഭാരമുള്ള മഴത്തുള്ളികള്‍ തണുത്ത കല്ലുകള്‍ പോലെ വന്നു വീണു തുടങ്ങി. കുറച്ചു ദൂരെയായി കാണുന്ന കെട്ടിടങ്ങളുടെ മറവിലെത്താനായി ഞാന്‍ ഓടി.

''ഹേയ്''

കാറ്റിന്റെ ഇരമ്പലിനിടയ്ക്ക് കൂടി ആരോ വിളിച്ചത് പോലെ തോന്നി.

കാറ്റില്‍ ആടിയുലയുന്ന ഒരു നരച്ച നീലക്കുടയുടെ മറവിലെത്തിയപ്പോള്‍ ഞാന്‍ അണച്ച് കൊണ്ട് നിന്നു. ആരോ പിന്നാലെ ഓടി വരുന്നു. കാഴ്ച മറയ്ക്കുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ രണ്ടു ഇരുണ്ട രൂപങ്ങള്‍ കുടയ്ക്കടിയിലേക്ക് ഓടി വന്നു കയറി.

അതവളായിരുന്നു. കടല്‍ക്കാക്കകള്‍ക്ക് ഭക്ഷണം കൊടുത്ത പെണ്‍കുട്ടി.

അവള്‍ക്കു പിന്നാലെ കിതച്ചു കൊണ്ട് ആ സ്ത്രീയുമുണ്ടായിരുന്നു. എന്നെ പിന്തുടര്‍ന്ന രസമോര്‍ത്ത് ആ കുട്ടി കിലുകിലെ ചിരിച്ചു.

''ഇതാ നിങ്ങളുടെ തൊപ്പി.''

അവളുടെ അമ്മ ആ നരച്ച തൊപ്പി എന്റെ നേരെ നീട്ടി. നാവിക സേനയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പണ്ട് ഇന്‍ഡ്യയില്‍ വച്ചു സമ്മാനിച്ചതായിരുന്നു അത്. പഴകിയെങ്കിലും കറുത്തു മിനുത്ത, നനഞ്ഞ വെല്‍വെറ്റില്‍ ഇന്‍ഡ്യന്‍ നേവിയുടെ ചിഹ്നം പ്രൗഢിയോടെ സ്വര്‍ണ്ണമഞ്ഞ നിറത്തില്‍ തെളിഞ്ഞു നിന്നു. ഞാന്‍ നന്ദിയോടെ അവരെ നോക്കി.

''എനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളുടെ സമ്മാനമാണ്. നഷ്ടപ്പെട്ടു എന്ന് തന്നെ കരുതി.''

വസ്ത്രത്തലപ്പ് കൊണ്ട് ആ പെണ്‍കുട്ടിയുടെ തലയിലെ വെള്ളം തുവര്‍ത്തിയുണക്കുന്നതിനിടയില്‍ അവര്‍ പുഞ്ചിരിച്ചു.

''മോളുടെ പേരെന്താ?''

''ദുനിയ.''

അവള്‍ക്ക് ഇംഗ്ലീഷ് മനസ്സിലാകുന്നു എന്ന് കണ്ടപ്പോള്‍ എനിക്കല്‍പ്പം അത്ഭുതം തോന്നാതിരുന്നില്ല.

''ഇവിടെയടുത്താണ് ഞാന്‍ താമസിക്കുന്നത്. നല്ല ചൂടുള്ള ഓരോ ചായ കുടിക്കാം. വരുന്നോ?''

മഴയുടെ ശക്തി കുറയുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ആ സ്ത്രീയുടെ കിതപ്പ് അടങ്ങിയിട്ടുണ്ടായിരുന്നില്ല. പ്രപഞ്ചത്തിലവശേഷിച്ചിട്ടുള്ള പ്രാണവായു മുഴുവന്‍ നെഞ്ചിലേക്ക് വലിച്ചു കയറ്റാനുള്ള ആര്‍ത്തി അവരുടെ ഓരോ ശ്വാസത്തിലുമുണ്ടായിരുന്നു. തണുപ്പും നനഞ്ഞ വസ്ത്രങ്ങളും ചേര്‍ന്ന് അവരുടെ അവസ്ഥ വഷളാക്കുകയേയുള്ളൂ എന്നു തോന്നിയപ്പോള്‍ ഞാന്‍ വീണ്ടും നിര്‍ബന്ധിച്ചു.

''വേണ്ട.''

അവര്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. ദുനിയ പ്രതീക്ഷയോടെ അമ്മയെ നോക്കുന്നുണ്ടായിരുന്നു.
 
''ഞാന്‍ ഒറ്റയ്ക്ക് ഇരുന്നു മടുത്തു. ഈ മഴയത്ത് എവിടെ പോകാനാണ്. നിങ്ങള്‍ വന്നിരുന്നെങ്കില്‍ സംസാരിച്ചു നേരം കളയാമായിരുന്നു.''

ഞാന്‍ പിന്നെയും പറഞ്ഞു.

ആ സ്ത്രീ എന്റെ നേരെ മുഖമുയര്‍ത്തി. ആ കണ്ണുകളിലെ വേദന കണ്ടില്ലെന്നു നടിച്ച് ഞാന്‍ കുടയ്ക്ക് വെളിയിലിറങ്ങി.

''അതാ, ആ കാണുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് എന്റെ താമസം. വാ ഒറ്റ ഓട്ടത്തിന് നമുക്ക് അവിടെയെത്താം.''

കുടയില്‍ നിന്ന് വെളിയിലിറങ്ങിയിട്ട് ഞാന്‍ ദുനിയയുടെ നേര്‍ക്ക് കൈ നീട്ടി. അവള്‍ ആ കൈ പിടിച്ചില്ലെങ്കിലും എന്നെ പിന്തുടര്‍ന്നു.

തണുത്ത് വിറച്ചാണ് വീട്ടിലെത്തിയതെങ്കിലും വെള്ളം ചവിട്ടിത്തെറുപ്പിക്കുകയും വിളിച്ചു കൂവുകയും ചെയ്തു കൊണ്ട് മഴയത്ത് ഓടിനടന്നതിന്റെ രസം അവളെ ആവേശ ഭരിതയാക്കിയിരുന്നു. ആ സ്ത്രീ വളരെ മെല്ലെയാണ് ഞങ്ങളെ പിന്തുടര്‍ന്നത്. ഹീറ്റര്‍ ഓണ്‍ ചെയ്തശേഷം ഞാന്‍ ദുനിയയുടെ നനഞ്ഞ ഉടുപ്പുകള്‍ ഊരി മാറ്റി ചൂടുള്ള കമ്പിളി കൊണ്ട് അവളെ പൊതിഞ്ഞു. റിമോട്ട് കണ്‍ട്രോള്‍ കൂടെ കയ്യില്‍ കിട്ടിയതോടെ അവള്‍ സ്വസ്ഥയായി റ്റീവിയില്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ തിരഞ്ഞ് തുടങ്ങി.

''എന്റെ ഉടുപ്പുകള്‍ നിങ്ങള്‍ക്ക് പാകമായിരിക്കും. നമുക്ക് ഈ നനഞ്ഞ തുണികള്‍ മാറ്റാം.''

ഞാന്‍ തിടുക്കത്തില്‍ കിടപ്പുമുറിയിലേക്ക് ഓടി. അലക്കിയുണക്കിയ വസ്ത്രങ്ങള്‍  ധരിച്ച് ഓരോ ചൂട് ചായയുമായി ഞങ്ങള്‍ തീന്‍ മേശയ്ക്കടുത്ത് നിശ്ശബ്ദരായിരുന്നു. അസ്വസ്ഥതയുളവാക്കുന്ന മൗനം തുടരാന്‍ കഴിയാതെ ഞാന്‍ യെലേനിയുടെ എന്‍ജിഒ വോയ്തിയയുടെ പ്രവര്‍ത്തനങ്ങളെ പറ്റി സംസാരിച്ചു തുടങ്ങി.

 

.................................

Also Read : ടൈഗ്രിസ് നദിക്കരയിലെ തോക്കേന്തിയ ജിന്നുകള്‍

Photo: Gettyimages

 

''എനിക്ക് നിങ്ങളുടെ സുഹൃത്തിനെ പരിചയമുണ്ടാവും. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാനും ദുനിയയും ക്യാമ്പിന് വെളിയിലുള്ള ഒരു ടെന്റിലാണ് താമസിക്കുന്നത്. ഇത്തരം സന്നദ്ധ പ്രവര്‍ത്തകര്‍ ധാരാളം വരാറുണ്ട്.''

അവരുടെ ഇംഗ്ലീഷ് ഭാഷയുടെ ശുദ്ധിയും ഒഴുക്കും എന്നെ അതിശയിപ്പിച്ചു.

''എത്ര സുന്ദരമായാണ് നിങ്ങള്‍ സംസാരിക്കുന്നത്!''

ഞാന്‍ ആശ്ചര്യം മറച്ചു വച്ചില്ല.

''ഞാന്‍ സിറിയയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു.''

ഒരു പുഞ്ചിരി ആ വിളറിയ മുഖത്ത് മിന്നി മാഞ്ഞു.

ജലീല എന്നായിരുന്നു അവരുടെ പേര്. മുഖത്തെ ചുളിവുകളും ആരോഗ്യമില്ലാത്ത തൊലിയും മൂലം പ്രായം ഊഹിക്കുക പ്രയാസമായിരുന്നുവെങ്കിലും മുപ്പത് വയസ്സിനപ്പുറം പോകില്ല എന്നു ഞാന്‍ കണക്ക് കൂട്ടി.

''നിങ്ങള്‍ ടര്‍ക്കി വഴിയല്ലേ വന്നത്? നല്ല വിദ്യാഭ്യാസ യോഗ്യതയും ഭാഷാ സ്വാധീനവുമുണ്ടല്ലോ. അവിടെ തന്നെ ഒരു ജോലിയ്ക്ക് ശ്രമിക്കാമായിരുന്നില്ലേ?''

അവരുടെ ഭാവം മാറി. ''നിങ്ങളെ പുഴുത്ത പട്ടിയെപ്പോലെ അറപ്പോടെ ആരെങ്കിലും ആട്ടിയോടിച്ചിട്ടുണ്ടോ?''

ആ ചുട്ടുപഴുത്ത വാക്കുകളുടെ ചൂടേറ്റ് ഒരു കീടത്തെപ്പോലെ ഞാന്‍ ചുരുങ്ങിച്ചെറുതായി. തണുപ്പിനെ പ്രതിരോധിക്കാനായി ഇട്ടിരുന്ന, തൂവല്‍ ഉള്ളില്‍ വച്ച് തുന്നിയ ജാക്കറ്റ്, മേശപ്പുറത്തിരിക്കുന്ന പഴങ്ങള്‍, മൃദുലമായ വെല്‍വെറ്റ് കൊണ്ട് ഉറകളിട്ട ചെറു തലയണകള്‍ നിരത്തിയിരിക്കുന്ന ലതര്‍ സോഫ.., മുറിയില്‍ പരന്നിരുന്ന സുഖകരമായ ചെറുചൂട് പോലും അവരുടെ ദാരിദ്ര്യത്തിന് മുന്നില്‍ അപമാനമായി എനിക്കനുഭവപ്പെട്ടു.

''ഈ മഴയത്ത് നിങ്ങള്‍ രണ്ടുപേരും ആ കടല്‍ത്തീരത്ത് എന്ത് ചെയ്യുകയായിരുന്നു?''

അസുഖകരമായ വിഷയങ്ങളിലേക്ക് സംഭാഷണം കടക്കും മുന്‍പ് ഞാന്‍ വിഷയം മാറ്റി.
 
''കടല്‍ക്കാക്കകളെ തീറ്റാന്‍ പോയതാണ്.''

'ഈ മഴയത്തോ?''

എനിക്ക് അത്ഭുതം തോന്നി.

''ഈ ഒന്നര വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ദുനിയ അത് മുടക്കിയിട്ടില്ല.''


അവരുടെ ഒഴിഞ്ഞ കപ്പിലേക്ക് കൂടുതല്‍ ചായ പകരുകയായിരുന്ന എനിക്ക് കൗതുകം വര്‍ദ്ധിച്ചു.

''അവള്‍ക്ക് അവയെ വളരെ ഇഷ്ടമായിരിക്കണം.''

''അവളുടെ അച്ഛന്‍ അവയുടെ കൂടെയുണ്ട് എന്നാണ് അവള്‍ കരുതുന്നത്.''

''അദ്ദേഹം എവിടെയാണിപ്പോള്‍?''

മേശപ്പുറത്തുണ്ടായിരുന്ന കൂടുകളില്‍ നിന്നു ബിസ്‌കറ്റ് പ്ലേറ്റുകളില്‍ നിരത്തി വച്ചുകൊണ്ടിരുന്ന ഞാന്‍  അശ്രദ്ധമായി ചോദിച്ചു.

''എവിടെയുമില്ല. അവള്‍ അവസാനമായി അദ്ദേഹത്തിനെ കണ്ടപ്പോള്‍ ആ ശരീരത്തിനടുത്ത് ഒരു കടല്‍ കാക്കയുണ്ടായിരുന്നു.''

ശരീരം! എന്റെ വായ വരണ്ടു. ഒന്നും സംഭവിക്കാത്തത് പോലെ ചൂട് ചായ മൊത്തിക്കുടിച്ചു കൊണ്ടിരുന്ന അവരെ ഞാന്‍  ഒളിഞ്ഞു നോക്കി. മരത്തില്‍ കൊത്തിയത് പോലെ നിര്‍ജീവമായിരുന്നു ആ മുഖം.

''താഹിര്‍ മാത്രമല്ല മരിച്ചത്. മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ബോട്ടായിരുന്നു അത്. മരം കൊണ്ടു നിര്‍മ്മിച്ചത്. മുന്നൂറു പേരെ അവര്‍ അതില്‍ കുത്തി നിറച്ചിരുന്നു. ബോട്ട് മറിഞ്ഞപ്പോള്‍ പലരും ഉള്ളില്‍ കുടുങ്ങിപ്പോയി.''

പലതവണ ആവര്‍ത്തിച്ച്  മൂര്‍ച്ച കുറഞ്ഞുവെങ്കിലും ഭാവവ്യത്യാസമില്ലാതെ ഉച്ചരിക്കാന്‍ ശീലിച്ച ആ വാക്കുകള്‍ ജലീലയെ കീറി മുറിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.
 
''ഇന്നലെ രാത്രിയിലും ഒരു ബോട്ട് വന്നെന്ന് കേട്ടു.''

''ഉവ്വ്. പക്ഷേ അപകടമില്ലാതെ എല്ലാവരും സുരക്ഷിതരായി കരയിലെത്തി.''

ദുനിയയുടെ പൊട്ടിച്ചിരി ആ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഞങ്ങളെ സഹായിച്ചു. സിനിമ തീരുന്നതു വരെ കാത്തു നില്‍ക്കാന്‍ നിര്‍ബന്ധിച്ചുവെങ്കിലും സന്ധ്യ കഴിഞ്ഞാല്‍ ക്യാമ്പിനടുത്ത് അലഞ്ഞു തിരിയുന്നത് അപകടമാണ് എന്ന കാരണം പറഞ്ഞു ജലീല മകളുമായി മടങ്ങിപ്പോയി.

പതിവ് പോലെ ഏത് നിമിഷവും കുഴഞ്ഞ് വീണേയ്ക്കുമെന്ന പരുവത്തില്‍ രാത്രി വീട്ടിലെത്തിയ യെലേനിയോട് ഞാന്‍ എന്റെ പുതിയ പരിചയക്കാരെക്കുറിച്ച് പറയാന്‍ ശ്രമിച്ചു.

''എനിക്കറിയാം ജലീലയെ. അവള്‍ ഞങ്ങളെ കുട്ടികളെ പഠിപ്പിക്കാനും മറ്റും സഹായിക്കാറുണ്ട്.''

ആഹാരം കഴിക്കുന്നതിലായിരുന്നു യെലേനിയുടെ ശ്രദ്ധ. ഇന്ന് അവളൊന്നും കഴിച്ചിട്ടില്ല എന്നു തോന്നി. കൂടുതല്‍ ശല്യം ചെയ്യാതെ ഞാന്‍ മുറിയിലേക്ക് പോയി. അടുത്ത ദിവസം രാവിലെ ആവി പറക്കുന്ന കാപ്പിയുമായി ചില്ല് ഭിത്തിയ്ക്കരികില്‍  കിടന്ന സോഫയില്‍ ദൂരെക്കാണുന്ന കടലിലേക്ക് നോക്കി അവള്‍ ചുരുണ്ടു കൂടിയിരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി.

''നീ പോകുന്നില്ലേ?''

''പനിയുണ്ടെന്ന് തോന്നുന്നു.''

''അതില്‍ ഒരു അത്ഭുതവുമില്ല. ആഹാരം കഴിക്കാതെ തണുപ്പിലും മഴയിലും ഇങ്ങനെ അലഞ്ഞു തിരിയുന്ന നീ ഇപ്പോഴും ജീവിച്ചിരിക്കുന്നല്ലോ എന്നതാണ് എന്നെ അതിശയിപ്പിക്കുന്നത്.''

അവള്‍ ചിരിച്ചുകൊണ്ട് കയ്യിലിരുന്ന ചെറിയ തലയണ എടുത്ത് എന്നെ എറിഞ്ഞു.

വീടിന് വെളിയിലിറങ്ങരുത് എന്നു കര്‍ശനമായ നിര്‍ദേശം നല്‍കിയശേഷം പതിവ് ക്ലാസ് എടുക്കാനായി ഞാന്‍ ക്യാമ്പിലേക്ക് പോയി. തിരിച്ചു വന്നപ്പോൾ അവള്‍ ഉറങ്ങുകയായിരുന്നു. കുറച്ചു കഞ്ഞി ഉണ്ടാക്കിയതിന് ശേഷം അവളെ വിളിച്ചെഴുന്നേല്‍പ്പിച്ചു.

''എന്റെ നാട്ടില്‍ പനിയുള്ളവര്‍ക്ക് ഇതാണ് കൊടുക്കുക.''

ചൂട് കഞ്ഞി കഷ്ടപ്പെട്ട് കുടിച്ചു കൊണ്ടിരുന്ന യെലേനി രുചി ഇഷ്ടപ്പെടാത്ത മട്ടില്‍ മുഖം ചുളിച്ചു.

''മഴ വരുന്നുണ്ട്. കാമറയും തൂക്കി എവിടെപ്പോവുകയാണ്?'' അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

''ആ പെണ്‍കുട്ടി കടല്‍ക്കാക്കകള്‍ക്ക് തീറ്റ കൊടുക്കുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്. പറ്റുകയാണെങ്കില്‍ കുറച്ചു ചിത്രങ്ങള്‍ എടുക്കണം.''

വേഷം മാറി പുറത്തിറങ്ങിയ എന്റെ കൂടെ വരാനായി അവളും ജാക്കറ്റ് കയ്യിലെടുക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ നിന്നു.

''നീ പുറത്തിറങ്ങണ്ട. മുഖമാകെ ചുവന്നിരിക്കുന്നു. ഈ തണുപ്പില്‍ പുറത്തിറങ്ങിയാല്‍ പനി കൂടും.''

''എനിക്ക് ഈ മുറിയിലിരുന്നിട്ട് ശ്വാസം മുട്ടുന്നു. പെട്ടെന്ന് തിരിച്ചു വരാം.''

ഞങ്ങള്‍ കടല്‍ത്തീരത്തേക്ക് നടന്നു. അവിടെ ആരുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം എത്തിയ ബോട്ടിലുണ്ടായിരുന്നവരുടെ ഓറഞ്ച് നിറത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ തീരത്ത് അവിടവിടെയായി കിടപ്പുണ്ടായിരുന്നു.

എന്റെ തോളില്‍ തൂങ്ങിക്കിടന്ന കാമറ കയ്യിലെടുത്ത് യെലേനി മറുകരയിലേക്ക് സൂം ചെയ്തു. ടര്‍ക്കിയുടെ തീരത്ത് ടെന്റ് ക്യാമ്പുകള്‍ പോലെയുള്ള ചില നിര്‍മ്മിതികള്‍ കാമറയിലൂടെ അവ്യക്തമായി കാണാമായിരുന്നു. ഗ്രീസിലേക്ക് കടത്താനുള്ള അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളാണവ.

''ഇന്നുമുണ്ടാവുമോ ബോട്ടുകള്‍?''

ദൂരെ കാണുന്ന മീന്‍ പിടുത്തക്കാരുടെ ബോട്ടുകളില്‍ ഓരോന്നിനെയും കാമറക്കണ്ണിലൂടെ സംശയത്തോടെ പരിശോധിക്കുകയായിരുന്നു യെലേനിയോട് ഞാന്‍ ചോദിച്ചു.

''അറിയില്ല. ബോട്ടില്‍ കൊള്ളിക്കാവുന്ന പരമാവധി ആളുകള്‍ തികയുമ്പോഴല്ലേ വരൂ.''

ഏകദേശം 1200 ഡോളറോളം വരുന്ന ഒരു തുക പ്രായപൂര്‍ത്തിയായവര്‍ക്ക് കടത്ത് കൂലിയായി മനുഷ്യക്കടത്തുകാര്‍ക്ക് കൊടുക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് പകുതി കൊടുത്താല്‍ മതി.

''ജീവന്‍ മാത്രം ബാക്കിയായി ഓടി വരുന്ന ഈ മനുഷ്യരെങ്ങനെ ഇത്രയും പണമുണ്ടാക്കും?''

''ചിലരുടെ കയ്യില്‍ എന്തെങ്കിലും സമ്പാദ്യം ഉണ്ടാവും. പലര്‍ക്കും ഈ പണമുണ്ടാക്കാനായി നിയമ വിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടേണ്ടി വരാറുണ്ട്. മയക്കുമരുന്ന്, പെണ്‍ വാണിഭം, വേശ്യാവൃത്തി.., അങ്ങനെ പലതും.''

ക്യാമ്പിലും പരിസരത്തും കാണുന്ന മുഖങ്ങളിലെ മുറിവേറ്റ ഭാവം ഞാന്‍ ഓര്‍ത്തു. ഒരിക്കല്‍ അന്തസ്സോടെ, അഭിമാനത്തോടെ  ജീവിച്ച മനുഷ്യര്‍ക്ക് ഇപ്പോള്‍  ഭക്ഷണത്തിനും മരുന്നിനുമുള്ള വരികളില്‍ ആരുടെയൊക്കെയോ ഔദാര്യം കൊണ്ട് ലഭിച്ച വസ്ത്രങ്ങളും ചെരിപ്പും ധരിച്ചു കാത്തു നില്‍ക്കേണ്ടി വരുന്നു. പലരും മുഖത്ത് നോക്കാറില്ല. അഥവാ കണ്ണുകള്‍ കൂട്ടിയിടഞ്ഞാല്‍ത്തന്നെ അവയില്‍ക്കാണുന്ന തണുത്ത നിര്‍വ്വികാരതയും ജീവിത നൈരാശ്യവും ചേര്‍ന്ന് വിഷാദത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വലിച്ചു കൊണ്ട് പോയേക്കുമെന്ന ഭയത്താല്‍ ഞാന്‍ നോട്ടം പിന്‍വലിക്കുകയാണ് പതിവ്.

''എനിക്ക് തണുക്കുന്നു. നീ പിന്നെ വന്നാല്‍ മതി.''

ചിത്രപ്പണികള്‍ ചെയ്ത കമ്പിളിപ്പുതപ്പ് ഒന്നുകൂടി ശരീരത്തിലേക്ക് ചേര്‍ത്ത് പിടിച്ചു തണുപ്പ് സഹിക്കാനാവാതെ കൂനിക്കൂടി നടന്നു പോകുന്ന ആ മെലിഞ്ഞ ശരീരം ദൂരെ മറയുന്നതു നോക്കി നില്‍ക്കവേ അറിയാതെ എന്റെയുള്ളില്‍ നിന്ന് ഒരു നെടുവീര്‍പ്പ് പുറത്തു വന്നു. ആനന്ദത്തിന്റെ തത്ത്വങ്ങള്‍ ലോകത്തിന് സമ്മാനിച്ച എപ്പിക്യൂറസ് ജനിച്ച സ്ഥലമാണ് സാമോസ്. പക്ഷേ കനത്ത വിഷാദമോ അങ്കലാപ്പോ അല്ലാതെ മറ്റൊന്നും ഇവിടെയുള്ള മനുഷ്യരുടെ മുഖങ്ങളില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല.
 
ഉച്ച നേരത്ത് മുഖം കാണിച്ച സൂര്യന്‍ എപ്പോഴേ മറഞ്ഞു കഴിഞ്ഞിരുന്നു. അധികം താമസിയാതെ ഇരുട്ട് പടര്‍ന്നു തുടങ്ങും. ഇന്ന് ദുനിയ വരാന്‍ സാധ്യതയില്ല. ഇന്നലത്തെ മഴ മുഴുവന്‍ കൊണ്ടതാണ്. പനിയോ മറ്റോ പിടിച്ചു കാണുമോ? തണുത്തു നനഞ്ഞ കാറ്റ് വീണ്ടും വീശിത്തുടങ്ങി. കറുത്ത മേഘങ്ങള്‍ ആകാശത്ത് വന്യമായി ഉരുണ്ടു കൂടുന്നു. കൊടും തണുപ്പ്. മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. എനിക്ക് വല്ലാത്ത ഭയവും ആശങ്കയും  തോന്നി. അവരുടെ താമസസ്ഥലത്തേക്ക് ഒന്നു പോയിനോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ദുനിയയുടെ ടെന്റ് എവിടെയാണ് എന്നറിയില്ലല്ലോ എന്നോര്‍മ്മ വന്നത് അപ്പോഴാണ്. അവര്‍ ക്യാമ്പിലായിരുന്നില്ല താമസിച്ചിരുന്നത്. ടൗണിന് പുറത്തുള്ള കുന്നിന്റെ ചരിവിലായിരുന്നു ക്യാമ്പിനുള്ളില്‍ സ്ഥാനം കിട്ടാത്തവര്‍ അഭയം പ്രാപിച്ചിരുന്നത്. ഗര്‍ഭിണികള്‍, ചെറിയ കുഞ്ഞുങ്ങള്‍, കടല്‍ കടക്കുന്നതിനിടയില്‍ പരിക്കേറ്റവര്‍, യുദ്ധം മനസ്സ് തകര്‍ത്തവര്‍, ശാരീരികവും മാനസികവുമായ പീഡനങ്ങളേറ്റവര്‍ അങ്ങനെ പല തരത്തിലുള്ള, പല അവസ്ഥയിലുള്ള ആശ്രയമറ്റ മനുഷ്യരെ അവിടെ കാണാന്‍ കഴിയും. കഴിയുന്നയത്ര സഹായമെത്തിക്കാന്‍ എന്‍ജിഒകള്‍ ശ്രമിക്കാറുണ്ടെങ്കിലും അവരുടെ അവസ്ഥ പരിതാപകരമാണ്. ആ സ്ഥലത്ത് പോകേണ്ടി വന്നപ്പോഴൊക്കെ എതിരെ വരുന്നവരുടെ കണ്ണുകളെ നേരിടാതെ മാത്രമേ മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. നീയും ഞാനും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് അവരോരോരുത്തരും നിശ്ശബ്ദമായി ചോദിക്കുന്നത് പോലെ അനുഭവപ്പെടാറുണ്ട്. ഈ മണ്ണിന്റെ മേല്‍ നമുക്കുള്ള അവകാശം തുല്യമല്ലേ എന്ന ദയനീയമായ, മുള്ള് പോലെ ഓരോ ചുവടിലും തറഞ്ഞു കയറുന്ന ചോദ്യം.

ആലോചനയില്‍ മുങ്ങി നടന്നിരുന്ന ഞാന്‍ ആരോ ഉറക്കെ വിളിക്കുന്നത് കേട്ടാണ് ഞെട്ടി തല ഉയര്‍ത്തിയത്. തിയയാണ്.

''നീയെന്താ ഇവിടെ ഈ സമയത്ത് കറങ്ങി നടക്കുന്നത്? ഇരുട്ടിക്കഴിഞ്ഞാല്‍ ഇതത്ര സുരക്ഷിതമായ ഇടമല്ല.''

ചുറ്റും നോക്കിക്കൊണ്ട് അല്പം ഭയം കലര്‍ന്ന ശബ്ദത്തോടെയാണ് തിയ അത് പറഞ്ഞത്. അവള്‍ എനിക്ക് ജലീലയുടെ ടെന്റ് ചൂണ്ടിക്കാണിച്ചു തന്നു.

അതിന് മുന്നില്‍ ഒരു പഴയ പെയിന്റ് പാട്ടയില്‍ തണുപ്പേറ്റ് കരിഞ്ഞു തുടങ്ങിയ ഒരു ചെടി നില്‍ക്കുന്നുണ്ടായിരുന്നു. വഴിയുടെ ഇരു വശത്തുമുള്ള ടെന്റ്റുകളുടെ പടുതകള്‍ കാറ്റില്‍ പടപടാ ശബ്ദമുണ്ടാക്കിക്കൊണ്ട്  ആഞ്ഞുലഞ്ഞു. ജെലീലയുടെ താമസസ്ഥലത്തിന് മുന്നിലെത്തിയ ഞാന്‍ ഒന്നു സംശയിച്ചു നിന്നു. അകത്തു നിന്നു ശബ്ദമൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. വിളിയൊച്ചകള്‍ കാറ്റ് പറത്തിക്കൊണ്ട് പോകുന്നുവെന്ന് തോന്നിയപ്പോള്‍ മടിച്ചും സംശയിച്ചുമാണെങ്കിലും ഞാന്‍ പതിയെ പടുത മാറ്റി അകത്തേക്ക് നോക്കി. ഒരു തുണിക്കൂമ്പാരമാണ് ആദ്യം കണ്ണില്‍ പെട്ടത്. ആകെയുള്ള വസ്ത്രങ്ങളും കമ്പിളിയുമെല്ലാം വാരിപ്പുതച്ചു അമ്മയും മകളും അവിടെ ഒരു മൂലയില്‍ കിടക്കുന്നുണ്ടായിരുന്നു.

''എന്തായിത്?''

എന്റെ ശബ്ദം അറിയാതെ പൊങ്ങിപ്പോയി.

''ശ് ശ് ശ് .. അവളിപ്പോള്‍ ഒന്നു മയങ്ങിയതെയുള്ളൂ. നിങ്ങളെങ്ങനെ ഇവിടെ വന്നു?''

ജലീല എഴുന്നേറ്റിരുന്നു. അവരുടെ മുടി പാറിപ്പറന്നും മുഖം ചുവന്നും കാണപ്പെട്ടു. പൊടി പിടിച്ച കവിളുകളില്‍ കണ്ണുനീര്‍പ്പാടുകള്‍ തെളിഞ്ഞു നിന്നിരുന്നു.

''നിങ്ങളെ രണ്ടുപേരെയും ഇന്ന് കടല്‍ത്തീരത്ത് കണ്ടില്ല. വെറുതെയൊന്നു നോക്കിവരാമെന്ന് കരുതി ഇറങ്ങിയതാണ്. ദുനിയയ്ക്ക് എന്ത് പറ്റി?

''അവള്‍ക്ക് ഇന്നലെ രാത്രിയില്‍ പനി തുടങ്ങി. കുഴപ്പമില്ല. സന്നദ്ധ പ്രവര്‍ത്തകര്‍ വന്നിരുന്നു. ഡോക്ടര്‍ മരുന്ന് തന്നു. തണുപ്പല്ലേ, എന്റെ ശരീരത്തിന്റെ ചൂട് കൂടി കിട്ടിക്കോട്ടെ എന്നു കരുതി ഞാനവളുടെ കൂടെ കിടന്നതാണ്.'' നേര്‍ത്ത കിതപ്പോടെ ജലീല പറഞ്ഞു. അവര്‍ക്കെന്തോ കാര്യമായ അസുഖമുണ്ടെന്ന എന്റെ തോന്നല്‍ ബലപ്പെടുകയായിരുന്നു.  ആ മുഖത്തെ ഇഷ്ടക്കേട് ശ്രദ്ധിക്കാത്ത ഭാവത്തില്‍ ഞാന്‍ ടെന്റിന് അകത്ത് കടന്നു.

ഷൂസിന്റെ ചവിട്ടേറ്റ് തറയില്‍ വിരിച്ചിരുന്ന പലകകള്‍ ഞരങ്ങി. മണ്ണില്‍ നിന്നുള്ള തണുപ്പേല്‍ക്കാതിരിക്കാന്‍ വിരിച്ചിരിക്കുന്ന അവ കാലപ്പഴക്കം കൊണ്ടും ബലക്കുറവ് കൊണ്ടും അവിടവിടെയായി ഒടിഞ്ഞു സ്ഥാനം മാറിക്കിടന്നിരുന്നു. അരണ്ട പ്രകാശത്തില്‍ ദുനിയയുടെ വിളര്‍ത്ത നെറ്റിയും തവിട്ടു നിറത്തിലെ മുടിച്ചുരുളുകളുടെ ഒരു ഭാഗവും കാണാമായിരുന്നു. ഒരു പഴയ കമ്പിളി കൊണ്ട് അവളെ ഭദ്രമായി പൊതിഞ്ഞിരുന്നു.

''ജലീലാ, നിങ്ങള്‍ കുഞ്ഞിനെയും കൊണ്ട് എന്റെ കൂടെ ഇപ്പോള്‍ത്തന്നെ വരണം.'' ഞാന്‍ ഭയത്തോടെ അവരുടെ ഐസ് പോലെ തണുത്ത കൈകളില്‍ പിടിച്ചു കൊണ്ട് അഭ്യര്‍ഥിച്ചു.

''അവളുടെ പനി മാറും വരെയെങ്കിലും  ദയവായി ഞങ്ങളുടെ കൂടെ താമസിക്കൂ.''

ജലീല നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

''ഞങ്ങള്‍ക്ക് ഇതൊക്കെ ശീലമായിക്കഴിഞ്ഞു. നിങ്ങള്‍ പൊയ്‌ക്കോളൂ. മരുന്നുണ്ട്. അവള്‍ക്ക് ഭേദമാകും''

കവിളുകളില്‍ നിന്ന് കരച്ചിലിന്റെ പാടുകള്‍ മായ്ക്കാനായി തോളില്‍ അലസമായി കിടന്ന പഴയ സ്‌കാര്‍ഫ് കൊണ്ട് അവര്‍ മുഖം അമര്‍ത്തിത്തുടച്ചു.

അത് കേട്ടതായി ഭാവിക്കാതെ ഞാന്‍ ഫോണ്‍ എടുത്തു.

''കാര്‍ ഇപ്പോള്‍ വരും. മരുന്നും അത്യാവശ്യം വേണ്ട വസ്ത്രങ്ങളും എടുക്കൂ.''

ജലീലയുടെ മുഖം മാറി. ''ഞങ്ങള്‍ക്ക് ആരുടെയും ദയവ് വേണ്ട. നിങ്ങള്‍ ഒന്നു പോകാമോ?'' അവര്‍ ചീറി.
എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പരുങ്ങി.

എന്താണ് അവരെ പിന്തിരിപ്പിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. അല്പമെങ്കിലും ശക്തി ആ കൊച്ചു ശരീരത്തില്‍ ബാക്കിയുണ്ടായിരുന്നുവെങ്കില്‍ ദുനിയ ഇങ്ങനെ തളര്‍ന്നു കുഴഞ്ഞ് കിടക്കുകയില്ലായിരുന്നു. ഒരു കൊച്ചു കുരുവിയെപ്പോലെ തുള്ളിച്ചാടിയും ചിലച്ചും നടക്കുമായിരുന്ന അവളുടെ ചുറുചുറുക്ക് അപ്രത്യക്ഷമായിരുന്നു. ഇരുട്ട് പടര്‍ന്നു കഴിഞ്ഞു. കാലാവസ്ഥ വഷളാവുകയാണ്. ഇവരുടെ താമസം ക്യാമ്പിനകത്തായിരുന്നുവെങ്കില്‍ ഇങ്ങനെ പ്രയാസപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും സഹായം കിട്ടുമോ എന്ന് ഞാന്‍ ചുറ്റും നോക്കി.

 

.......................................

Also Read : ആന്ദ്രെ എങ്ങനെയാണ്  ധ്രുവമനുഷ്യനായത്?

Image: Gettyimages 

 

അടുത്തുള്ള താമസിക്കുന്നവര്‍ വെള്ളം കയറാതിരിക്കാനായി മണല്‍ കോരി ടെന്റുകള്‍ക്ക് ചുറ്റും അതിര്‍ത്തി കെട്ടാന്‍ ശ്രമിക്കുകയായിരുന്നു. മണല്‍ച്ചാക്കുകള്‍ അരികുകളില്‍ കയറ്റി വച്ച് പടുതകള്‍ പറന്നു പോകില്ലെന്ന് അവര്‍ ഉറപ്പു വരുത്തി. ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ച്  ചുറ്റിപ്പറ്റി നിന്നിരുന്ന ഒരു സ്ത്രീ അടുത്ത് വന്നു.

''നിങ്ങള്‍ ഇവരുടെ കൂടെ പോവുകയല്ലേ? ഇന്ന് വരികയില്ലെങ്കില്‍ ബ്ലാങ്കറ്റ് എനിക്കൊന്നു കടം തരാമോ?'' ടെന്റിന്റെ വാതില്‍ക്കല്‍ മുഖം കനപ്പിച്ചു നിന്ന ജലീലയോട് അവര്‍ ചോദിച്ചു.  

അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. ''ഞാന്‍ പോകുന്നില്ല.''

പുതപ്പ് കടം വാങ്ങാന്‍ വന്ന സ്ത്രീ നിരാശയോടെ എന്നെ നോക്കി.

''ആ കൊച്ച് തണുത്ത് മരവിച്ചു ചാകും.''

എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് എന്നെ കടന്നു പോകും വഴി അവര്‍ പറഞ്ഞു.

''ഞാന്‍ പറയുന്നത് കേള്‍ക്കൂ.., വല്ലാത്ത തണുപ്പാണ്. ദുനിയയ്ക്ക് രാത്രിയില്‍ അസുഖം കൂടിയാല്‍ എന്ത് ചെയ്യും?''

''അവള്‍ക്ക് മാത്രമല്ല പനിയ്ക്കുന്നത്. ഈ ലൈനില്‍ താമസിക്കുന്ന മറ്റ് രണ്ടു കുട്ടികള്‍ക്കും പനിയുണ്ട്. എന്റെ മകളുടെ കൂടെ എല്ലാ ദിവസവും കളിക്കുന്നവര്‍. നിങ്ങള്‍ അവരെയും കൊണ്ട് പോകാമോ?'' കിതപ്പോടെ അവര്‍ ചോദിച്ചു. ആ മൂര്‍ച്ചയുള്ള ചോദ്യം നേരിടാനാവാതെ എന്റെ തല കുനിഞ്ഞു.

''അത്.., എന്റെ വീടല്ല. മാത്രമല്ല, യെലേനിയ്ക്ക് നല്ല സുഖമില്ല.''

''അതാണ് കാര്യം. നിങ്ങള്‍ക്ക് ഇതുവരെ മനസ്സിലായില്ലേ? ഇവിടെ എന്തോ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുകയാണ്. നിങ്ങള്‍ പോയി കൂട്ടുകാരിയെ സഹായിക്ക്.''

ജലീല കുനിഞ്ഞു ടെന്റ്റിനകത്തേക്ക് കയറി. അകത്തേക്ക് നീളുന്ന എന്റെ കണ്ണുകളെ തടയാനായി അവള്‍ നനഞ്ഞു തൂങ്ങിക്കിടന്ന പടുത വലിച്ചു കാഴ്ച മറച്ചു.

ചിണുങ്ങി നിന്ന മഴ ആര്‍ത്തലച്ചു പെയ്തു തുടങ്ങി. അവര്‍ പറഞ്ഞ വാക്കുകള്‍ എന്റെ തലയില്‍ വീണ്ടും മുഴങ്ങി. പകര്‍ച്ചവ്യാധി!

യെലേനിയ്ക്ക് പനി തുടങ്ങിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു.
 
എതിരെ വഴി തരാതെ വരുന്ന പുരുഷന്മാരെ വകഞ്ഞു മാറ്റി ഞാന്‍ തിരിഞ്ഞോടി. മദ്യഗന്ധം കലര്‍ന്ന പരിചയമില്ലാത്ത വാക്കുകളില്‍ അവര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. തിയയെയും ഐറിസിനെയും തോബിയാസിനെയും മാറി മാറി വിളിച്ചിട്ടും ആരും ഫോണെടുക്കുന്നുണ്ടായിരുന്നില്ല. എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടായിട്ടുണ്ടാവണം. എത്രയും പെട്ടെന്ന് ദുനിയയെയും അവളുടെ അമ്മയെയും അസുഖബാധിതരായ മറ്റ് കുട്ടികളെയും ആശുപത്രിയിലാക്കണമെന്ന് മെസേജയച്ചിട്ട് ഞാന്‍  ഇരുണ്ട വഴിയിലേക്കിറങ്ങി. റോഡിലൂടെ ചെളിവെള്ളം കുതിച്ചൊഴുകുകയായിരുന്നു. വെള്ളത്തിനൊപ്പം ഒഴുകി വരുന്ന മാലിന്യങ്ങളെ ഒഴിവാക്കാനാവാതെ ഞാന്‍ തടഞ്ഞു വീണും മുടന്തിയും എങ്ങനെയൊക്കെയോ ഫ്‌ലാറ്റിലെത്തി.

നനഞ്ഞു കുതിര്‍ന്ന് ചെളി ഇറ്റ് വീഴുന്ന വസ്ത്രങ്ങളുമായി അകത്ത് കയറാന്‍ കഴിയാതെ ഞാന്‍ വാതില്‍ക്കല്‍ നിന്ന് യെലേനിയെ ഉറക്കെ വിളിച്ചു. മറുപടിയുണ്ടായില്ല. ടിവി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വാതില്‍ക്കല്‍ നിന്ന് എത്തിനോക്കിയപ്പോള്‍ തറയില്‍ കിടക്കുന്ന യെലേനിയുടെ ശരീരം കണ്ടു ആകെ ഭയന്നു പോയ ഞാന്‍ അകത്തേക്ക് ഓടിക്കയറി. അവള്‍ പനിച്ചു വിറച്ച് അബോധാവസ്ഥയുടെ വക്കിലായിക്കഴിഞ്ഞിരുന്നു. ഞാനവളെ കുലുക്കി വിളിച്ചു.

''മുതിര കൊടുക്കണം. അവര്‍ക്ക് വിശക്കുന്നുണ്ട്.'' അവള്‍ പിറുപിറുത്തുകൊണ്ട് എന്നെ തള്ളിമാറ്റി. ആ വിരലുകള്‍ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.

''ആരെങ്കിലും ഒന്ന് എളുപ്പം വരണേ. അവള്‍ പിച്ചും പേയും പറയുകയാണ്..'' സുഹൃത്തുക്കളെ സഹായത്തിനായി വിളിക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു.
.
ഒരാഴ്ച യെലേനി ആശുപത്രിയില്‍ കഴിഞ്ഞു. അവളുടെ അമ്മ വരും വരെ ഞാന്‍ ആശുപത്രിയില്‍ തന്നെ തങ്ങി. ഇടയ്ക്ക് വിളിച്ച് യെലേനിയുടെ സുഖവിവരമന്വേഷിക്കുന്ന സുഹൃത്തുക്കളോട് ക്യാമ്പിന്റെ പരിസരത്ത് താമസിക്കുന്നവരുടെ ഇടയിൽ പടര്‍ന്നു പിടിച്ച വൈറല്‍ ഫീവറിനെപ്പറ്റി ഞങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. എല്ലാവരെയും ആശുപത്രിയിലാക്കിയെന്നും ഡോക്ടര്‍മാരുടെ സംഘങ്ങള്‍ എല്ലാ ദിവസവും ക്യാമ്പിലുള്ളവരെ സന്ദര്‍ശിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി രണ്ടു മെഡിക്കല്‍ ക്യാമ്പുകള്‍ നടന്നുവെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും അറിഞ്ഞതോടെ ഞാനും യെലേനിയും ആശ്വസിച്ചു.

 ഒരുദിവസം കുറച്ചു പഴങ്ങളുമായി കാണാനെത്തിയ തിയയെ മാറ്റി നിറുത്തിയിട്ട് ഞാന്‍ ചോദിച്ചു, ''ദുനിയയ്ക്ക് എങ്ങനെയുണ്ട്?''

''ദുനിയ?'' അവള്‍ ഒരു നിമിഷം ആലോചിച്ചു. ' ഓ.., ജലീലയുടെ മകള്‍! ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു. ഇപ്പോള്‍ മരണവുമായി പൊരുത്തപ്പെടുന്നു.''

''മരണമോ? ഞാന്‍ അമ്പരന്നു.'' ആര് മരിച്ചു?'' എന്റെ തൊണ്ടയില്‍ വാക്കുകള്‍ തടഞ്ഞു നിന്നു.

''ജലീല. അവര്‍ക്ക് എന്തോ ശ്വാസകോശ സംബന്ധമായ രോഗമുണ്ടായിരുന്നു. ഹൈപ്പോതെര്‍മിയയും കൂടെയായപ്പോള്‍ അവസ്ഥ വഷളായി. എത്ര ആഴ്ചകളായി ഈ തണുപ്പും മഴയും മഞ്ഞുമൊക്കെ സഹിച്ച് ആ കീറിപ്പറിഞ്ഞ ടെന്റ്റില്‍ കഴിയുകയായിരുന്നു.''

അവര്‍ യാത്ര പറയാനായി യെലേനിയുടെ നേരെ തിരിഞ്ഞു. അവള്‍ ഉറങ്ങുകയാണെന്ന് കണ്ട് ശല്യപ്പെടുത്താതെ ഇറങ്ങിപ്പോകുന്നതിന് മുന്‍പ് തരിച്ചു നില്ക്കുന്ന എന്നെ അവര്‍ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചു. ''നിനക്ക് ആദ്യമായത് കൊണ്ടാണിങ്ങനെ. ഞങ്ങള്‍ക്ക് ഇതെല്ലാം ശീലമായി.''

തിയ ഇറങ്ങിപ്പോയി.

കണ്ണടച്ച് കിടക്കുന്ന യെലേനിയെ ഞാന്‍ ഒളിഞ്ഞു നോക്കി. ഉറക്കമാണെന്നും അവളത് കേട്ടില്ലെന്നും ഉറപ്പിക്കുന്നതിന് മുന്‍പ് ആ കണ്ണുകളില്‍ നിന്നു ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലിന്റെ തിളക്കം കണ്ട് ഒരു നെടുവീര്‍പ്പോടെ ഞാന്‍ കൂട്ടിരുപ്പുകാര്‍ക്കായുള്ള കസേരയിലേക്ക് ചാഞ്ഞു.
 
അധികം താമസിയാതെ യെലേനിയുടെ അമ്മ വയലറ്റ് എത്തിച്ചേര്‍ന്നു. മകളുടെ പ്രേതത്തെപ്പോലെയുള്ള മെല്ലിച്ചു വിളര്‍ത്ത മുഖവും വേച്ചു വേച്ചുള്ള നടപ്പും കണ്ടപ്പോള്‍ ആ സ്ത്രീ പൊട്ടിക്കരഞ്ഞു.

സ്വയം ശിക്ഷിക്കാനെന്നവണ്ണം എല്ലാ ബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞ് ഒരു തപസ്വിനിയെപ്പോലെ ജീവിക്കുകയായിരുന്ന മകളെ തിരിച്ചു പിടിക്കാനുള്ള അവസാരമായിരുന്നു അവര്‍ക്കത്. അവളും സങ്കടങ്ങളെല്ലാം ഇറക്കി വയ്ക്കാന്‍ ഒരു അത്താണി കിട്ടിയത് പോലെ അമ്മയുടെ മേല്‍ അള്ളിപ്പിടിച്ചു. വര്‍ഷങ്ങളായി യെലേനി സ്വന്തം ആരോഗ്യം അവഗണിച്ചു നടത്തി വന്നിരുന്ന സന്നദ്ധപ്രവര്‍ത്തനം നിറുത്താന്‍ അവര്‍ കര്‍ശനമായ ആജ്ഞ നല്‍കി. വീട്ടില്‍ തിരിച്ചെത്തിയിട്ടും പോഷകാഹാരങ്ങള്‍ കഴിപ്പിച്ചും ഒരു ചെറിയ കുട്ടിയെപ്പോലെ ഓമനിച്ചും വയലറ്റ് അവളെ ശുശ്രൂഷിക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ കനം തൂങ്ങി നിന്നിരുന്ന ആശങ്ക സാവധാനം മാഞ്ഞു പോയി.

എനിക്ക് തിരിച്ചു പോകാറായിരുന്നു. ''നീ ദുനിയയെ കാണാന്‍ പോകില്ലേ?''ഭാരമുള്ള ബാക്ക്പാക് തോളിലേറ്റാന്‍ സഹായിക്കുന്ന നേരത്ത് അമ്മ കേള്‍ക്കാതെ അവള്‍ മന്ത്രിക്കുന്നത് പോലെ ചോദിച്ചു.

''പോകും.'' വയലറ്റ് വരുന്നുണ്ടോ എന്നു ഒളിഞ്ഞു നോക്കിക്കൊണ്ട് ഞാന്‍ ഒച്ച താഴ്ത്തി മറുപടി പറഞ്ഞു.

''എന്ത് ഗൂഢാലോചനയാണ് രണ്ടു പേരും കൂടി നടത്തുന്നത്?'' അവളുടെ  അമ്മ അകത്തു നിന്ന് വിളിച്ചു ചോദിച്ചു.

യാത്രയില്‍ കഴിക്കാനായി തയ്യാറാക്കിയ സാന്‍ഡ് വിച്ചുകളും വെള്ളക്കുപ്പിയുമായി വന്ന അവരുടെ ഇരുകവിളുകളിലും ഉപചാരപൂര്‍വ്വം ഉമ്മ വച്ചിട്ട് ഞാനവിടെ നിന്നിറങ്ങി.

തലേന്ന് പെയ്ത മഴയുടെ നനവ് അപ്പോഴും മലയോരത്തേക്കുള്ള വഴിയില്‍ തങ്ങി നിന്നിരുന്നു. ദുനിയയെ അവിടെ നിന്ന് മാറ്റിയിട്ടുണ്ടാവും എന്നെനിക്ക് അറിയാമായിരുന്നു. എന്നിട്ടും ആ പഴകി, പടുത കീറിത്തുന്നിയ ടെന്റും അതിന് മുന്നിലെ പെയിന്റ് പാട്ടയില്‍ പാതി ചത്തു നില്ക്കുന്ന ചെടിയും കാണാതെ തിരിച്ചു പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല.

പ്രകാശമുള്ള ഒരു ദിവസമായിരിക്കും എന്നു തോന്നിയതിനാല്‍ കുറച്ച് ദൂരമുണ്ടെങ്കിലും പതിയെ നടക്കാന്‍ തന്നെ തീരുമാനിച്ചു. ക്യാമ്പിനടുത്ത് എത്തിയപ്പോള്‍ പിന്നില്‍ നിന്ന് കനത്ത, ശകാര രൂപത്തിലുള്ള ഒരു ഹോണടി കേട്ടു.  ആലോചനയില്‍ മുഴുകി നടന്നിരുന്ന ഞാന്‍ തിരിഞ്ഞു നോക്കി. വെള്ളവുമായി വരുന്ന ടാങ്കര്‍ ഒരു വയസ്സന്‍ ആമയെപ്പോലെ സാവധാനം ഇഴഞ്ഞു വരുന്നുണ്ടായിരുന്നു. ചെളിവെള്ളം തളം കെട്ടി നില്‍ക്കുന്ന കുഴികളില്‍ ചാടിക്കളിച്ചു നടന്ന കുട്ടികളാരോ വട്ടം ചാടിയതിന്റെ അരിശത്തില്‍ ഡ്രൈവര്‍ വീണ്ടും ചെവി പൊട്ടുമാറുച്ചത്തില്‍ ആഞ്ഞു ഹോണ്‍ മുഴക്കി.

വെയില്‍ കാത്ത് നിറം തിരിച്ചറിയാനാകാത്ത വിധം നരച്ച, പല നിറത്തിലുള്ള കഷണങ്ങള്‍ തുന്നിപ്പിടിപ്പിച്ച, ഈര്‍പ്പം വിട്ടു മാറാത്ത ടെന്റ്കള്‍ മ്ലാനതയോടെ കൂനിക്കൂടിനിന്നു.

ജലീലയും ദുനിയയും താമസിച്ചിരുന്ന ടെന്റിന് സമീപത്തെത്തിയപ്പോള്‍ ഞാന്‍ നിന്നു. പടുത താഴ്ത്തിയിട്ടിരിക്കുകയായിരുന്നുവെങ്കിലും അകത്ത് നീണ്ടു നിവര്‍ന്നു കിടക്കുന്ന ഏതോ പുരുഷന്റെ രോമാവൃതമായ  കാലുകള്‍ വിടവിലൂടെ കാണാമായിരുന്നു. സംശയത്തോടെ ചുറ്റിക്കറങ്ങി നില്‍ക്കുന്ന എന്നെക്കണ്ട് കഴിഞ്ഞ ദിവസം കമ്പിളിപ്പുതപ്പ് കടം വാങ്ങാനെത്തിയ സ്ത്രീ സമീപത്തുള്ള ഒരു ടെന്റില്‍ നിന്ന് ഇറങ്ങി വന്നു. അവരുടെ മുഖം വാടിയിരുന്നു. തപ്പിപ്പെറുക്കിയെടുത്ത വാക്കുകളില്‍ ദുനിയ അവിടെയില്ലെന്നും ടെന്റ് വേറെ ആളുകള്‍ കയ്യടക്കി എന്നും മനസ്സിലായി.

ഇനിയെന്ത് ചെയ്യും?

വോയ്തിയയില്‍ പോയി അന്വേഷിക്കാമെന്ന് അവസാനം ഞാന്‍ തീരുമാനിച്ചു. തിയയോ ഐറിസോ ഈ സമയത്ത് അവിടെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. തോളില്‍ തൂക്കിയിരുന്ന കനത്ത ബാഗിന്റെ ഭാരം തളര്‍ത്തിയിരുന്നെങ്കിലും ഞാന്‍ പതിയെ നടന്ന് ഓഫീസിലെത്തി. ഐറിസ് ഒരു സ്ത്രീയുടെയും അവരുടെ രണ്ടു കുട്ടികളുടെയും കൂടെ ആശുപത്രിയില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നെക്കണ്ടപ്പോള്‍ പെട്ടെന്ന് അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കമുണ്ടായെങ്കിലും അടുത്ത നിമിഷം ജലീലയെ ഓര്‍ത്താവണം അതണഞ്ഞു.

''ജലീലയെ സംസ്‌കരിച്ചു.'' അവള്‍ പതിയെ പറഞ്ഞു. അക്ഷമയോടെ കാത്തു നില്ക്കുന്ന ആ അഫ്ഗാനി സ്ത്രീ ഞങ്ങള്‍  സംസാരിക്കുന്നത് കേള്‍ക്കരുത് എന്ന കരുതലോടെയാണ് ഐറിസ് സംസാരിച്ചത്.

''അവള്‍ക്ക് നേരത്തെ തന്നെ ശ്വാസകോശത്തിന് എന്തോ പ്രശ്‌നമുണ്ടായിരുന്നു. കുറെ ആഴ്ചകളായി തണുപ്പില്‍ കഴിയുകയല്ലേ, ഹൈപ്പോതെര്‍മിയ ഉണ്ടായപ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ആരോഗ്യം  ശരീരത്തിനുണ്ടായിരുന്നില്ല.''

''ദുനിയ?''

വളരെ പ്രയാസപ്പെട്ടാണ് ആ വാക്ക് എന്റെ തൊണ്ടയില്‍ നിന്നു പുറത്തേക്ക് വന്നത്.

''ജലീല മരിക്കുകയാണ് എന്നു ദുനിയയ്ക്ക് മനസ്സിലായില്ല. ചെറിയ കുട്ടിയല്ലേ. അമ്മയ്ക്ക് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ശ്വാസം മുട്ടലൊക്കെ ഉണ്ടാവാറുണ്ടല്ലോ. കുറച്ചു കഴിഞ്ഞു ജലീല അനങ്ങാതെയായപ്പോള് അവള്‍ ഭയന്നു. രാത്രിയില്‍ കുട്ടിയുടെ പതിവില്ലാത്ത വിധമുള്ള നിലവിളി കേട്ടാണ് അടുത്തുള്ളവര്‍ ഓടിച്ചെന്നത്. അപ്പോഴേക്കും..''

കാത്തു നില്ക്കുന്ന സ്ത്രീയുടെ തിടുക്കം കണ്ടപ്പോള്‍ ഞാന്‍ നിലത്തു നിന്നു ബാഗ് എടുത്തു.

''അച്ഛനമ്മമാർ കൂടെയില്ലാത്ത അഭയാര്‍ഥി കുട്ടികള്‍ക്കുള്ള സെന്ററിലാണ് ദുനിയ ഇപ്പോള്‍.''

ചോദിക്കാതെ തന്നെ ഐറിസ് പറഞ്ഞു.

ഞാന്‍ നടന്നു. ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നു പോയിരുന്നു. ഗ്ലാസ്സില്‍ കണ്ണുനീര്‍ പടര്‍ന്നു മുന്നോട്ടുളള വഴി കാണാതെയായപ്പോള്‍  ബാഗ് താഴെയിട്ടിട്ട് അതിന് മുകളില്‍ ഇരുന്നു. എത്ര നേരം ആ ഇരിപ്പ് ഇരുന്നെന്ന് ഓര്‍മ്മയില്ല. ഒരു വണ്ടി വന്നു മുന്നില്‍ നിന്നു.

''നീയെന്താ ഇവിടെ?''

തിയയാണ്. ഭക്ഷണത്തിന്റെ പാക്കറ്റുകള്‍ വിതരണം ചെയ്തിട്ട് വരുന്ന വഴിയാവണം. കുറെ ചാക്കുകള്‍ പിക്കപ്പിന്റെ പിന്നില്‍ കൂട്ടിയിട്ടിട്ടുണ്ട്. അവളുടെ ജാക്കറ്റ് ധാന്യപ്പൊടിയില്‍ മുങ്ങിയിരുന്നു. മുഖത്തെ കണ്ണുനീര്‍പ്പാടുകള്‍ കണ്ടിട്ടും അവളൊന്നും ചോദിച്ചില്ല. കാറില്‍ നിന്ന് വെള്ളമെടുത്ത് തിയ എന്റെ മുഖത്ത് നിന്ന് കണ്ണടയെടുത്ത് കഴുകിത്തന്നു.

''ദുനിയ സുരക്ഷിതമായ ഒരിടത്താണ് എന്ന് നിനക്ക് അറിയാമല്ലോ.''

ഞാനവളെ തുറിച്ചു നോക്കി. ആ നോട്ടത്തിലെ കുറ്റപ്പെടുത്തല്‍ വായിച്ചിട്ടാവും, തിയ ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ''നീ യെലേനിയുമായി ആശുപത്രിയില്‍ ആയിരുന്നില്ലേ? നിങ്ങളെ രണ്ടുപേരെയും തല്‍ക്കാലം വിവരം അറിയിക്കണ്ട എന്നു ഞങ്ങള്‍ തീരുമാനിച്ചു. അറിഞ്ഞിരുന്നെങ്കില്‍ നിനക്ക് എന്ത് ചെയ്യാനാകുമായിരുന്നു?''

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

''വാ കയറ്. ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയാക്കാം.'' ആഴത്തിലുള്ള ഒരു നെടുവീര്‍പ്പിന്റെ അകമ്പടിയോടെ തിയ എന്റെ ബാഗെടുത്ത് വണ്ടിയുടെ പിന്നിലേക്കിട്ടു.

''ചില നേരങ്ങളില്‍ മനുഷ്യര്‍ വളരെ നിസ്സഹായരാണ്.'' എന്റെ മൗനം സഹിക്കാനാവാതെ അവള്‍ പറഞ്ഞു.

ഒരു വളവ് തിരിഞ്ഞപ്പോള്‍ ദൂരെ കടലിന്റെ പ്രസന്നമായ നീലനിറം പ്രത്യക്ഷമായി. മഴമേഘങ്ങള്‍ ഒഴിഞ്ഞു പോയിരിക്കുന്നു. സൂര്യന്റെ കണ്ണഞ്ചിക്കുന്ന വെള്ളിത്തിളക്കം മൂലം കണ്ണുകള്‍ ചെറുക്കി ഞാന്‍ വീണ്ടും സൂക്ഷിച്ചു നോക്കി.  ബോട്ടുകളെന്തെങ്കിലും വരുന്നുണ്ടോ? കാണാനാവുന്നില്ല. ഒരുമിച്ച് കുറെ പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്നത് പോലെ ടെന്റുകളുടെ ഒരു വിദൂര ദൃശ്യം കാണായി.  കണ്ണുകളെടുക്കാതെ ഞാനത് നോക്കിയിരുന്നു.

കുറച്ചു ദിവസം മുമ്പ് അവയിലൊന്നില്‍ ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന ഒരമ്മയുടെ കൈകള്‍ക്കുള്ളിലെ ചൂടില്‍ ഒരു കൊച്ചു പെണ്‍കുട്ടി താമസിച്ചിരുന്നു.

എവിടെയോ മറഞ്ഞുപോയ തന്റെ അച്ഛന്റെ കൂട്ടുകാരെക്കാണാന്‍ അവള്‍ എന്നും കടല്‍ത്തീരത്ത് പോകുമായിരുന്നു.

ആ പെണ്‍കുട്ടി കൊണ്ടുവരുന്ന ആഹാരത്തിന്റെ പൊട്ടുകള്‍ക്കായി കടല്‍ക്കാക്കകള്‍ കാത്തിരിക്കുമായിരുന്നു.

ജലീലയുടെയും ദുനിയയുടെയും, കണ്ണീരൊഴുകുന്ന ആ നേര്‍ത്ത കടലിടുക്ക് കടന്നു വരുന്ന പേരറിയാത്ത ആയിരങ്ങളുടെയും, അവര്‍ക്ക് വേണ്ടി ജീവിതവും ആത്മാവും ഉഴിഞ്ഞു വച്ച യെലേനിമാരുടെയും കഥകള്‍ ഈ ലോകത്ത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

 

സാന്‍ഗ്രിയ: ഹരിത സാവിത്രിയുടെ കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

click me!