എനിക്കും ചിലത് പറയാനുണ്ട്. പുരുഷന്‍മാരേ,അത് സുഖമല്ല ഉണ്ടാക്കുന്നത്,വേദനയും വെറുപ്പുമാണ്. ഷാഫിയ ഷംസുദീന്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
തൊണ്ണൂറുകളിലെ ഒരു ദിവസം, എന്റെ കോളേജ് പഠനകാലം.
പതിവുപോലെ ആദ്യ ക്ലാസ് നഷ്ടമാവാതിരിക്കാന്‍ അവസാന ബസ്സിലേക്ക് ഞാന്‍ ഓടിക്കിതച്ചെത്തിയപ്പോള്‍, പതിവിനു വിപരീതമായി വലതുവശത്തെ രണ്ടാം സീറ്റില്‍ ഒരെണ്ണം ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
അങ്ങോട്ടുമിങ്ങോട്ടും നോക്കി, നില്‍ക്കുന്നവരില്‍ ഫുള്‍ചാര്‍ജ് കൊടുക്കുന്നവര്‍ ആരുമില്ലെന്ന് ഉറപ്പു വരുത്തി മടിച്ചുമടിച്ച് ആ സീറ്റിലേക്കിരുന്നു.
വീടിനടുത്തുള്ള അപ്രധാന സ്റ്റോപ്പില്‍ നിന്നും തൊട്ടടുത്ത പ്രധാനസ്റ്റോപ്പില്‍ എത്തിയതോടെ, ബസ്സില്‍ നിന്നിറങ്ങാന്‍ എണീറ്റവരുടെ സീറ്റുകളിലേക്ക് ബാക്കിയുള്ള വിദ്യാര്‍ത്ഥികളും കൂടെ ഇരിപ്പുറപ്പിച്ചതിനാല്‍ ഒട്ടും തിരക്കില്ലാതായ ആ ബസ് ഒരു അഞ്ചുമിനിറ്റ് ആ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടു.
അതിനിടക്ക് പാവാടയും ബ്ലൗസും ധരിച്ച, നീണ്ടമുടി താഴറ്റം പിന്നി കെട്ടിയ, എന്റെ കോളേജില്‍ തന്നെ പഠിക്കുന്ന ഒരു പെണ്‍കുട്ടി ഇടതുകൈയില്‍ മാറോടണച്ച റെക്കോര്‍ഡ് ബുക്കുമായി ബസിലേക്ക് ഓടിക്കയറി.
അവള്‍ വലതുകൈ ഉയര്‍ത്തി ബസ്സിലെ മുകള്‍കമ്പിയില്‍ പിടിച്ച് ഡോറിനടുത്ത് തന്നെ, ലോങ്സീറ്റില്‍ അറ്റത്തിരിക്കുന്ന യാത്രക്കാരിയുടെ അരികിലായി നിന്നു.
കൂട്ടുകാര്‍ ആരും കൂടെ ഇല്ലാതിരുന്നതിനാല്‍, ഡ്രൈവറുടെ സീറ്റിനു പുറകില്‍ മറയിട്ട നീളന്‍ ഗ്ലാസ്സില്‍ ഏതോ കലാകാരന്‍ മനോഹരമായി പെയിന്റ് ചെയ്തു വെച്ചിരുന്ന വെണ്ണക്കുടത്തില്‍ കയ്യിട്ട് കള്ളച്ചിരിയോടെ നോക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രത്തിലേക്കും, പിന്നെ ജനല്‍ വഴി പുറത്തേക്കും മാറിമാറി നോക്കിയിരിക്കുകയായിരുന്ന ഞാന്‍ എന്താണെന്നറിയില്ല,
ആ പെണ്‍കുട്ടി ബസ്സില്‍ വന്നു കയറിയത് മുതല്‍ എന്റെ നോട്ടം അവളിലേക്ക് മാത്രമാക്കി ഒതുക്കി.
പെട്ടെന്നാണ് പിന്നില്‍ നിന്നും മാന്യനായ ഒരു ചെറുപ്പക്കാരന്‍ ഇടതുകൈയില്‍ ഒരു സഞ്ചിയും പിടിച്ച് മേലെ കമ്പിയിലൂടെ വലതു കൈ പതിയെ ഓടിച്ച് ബസിന്റെ മുന്‍വശത്തെ ഡോറിന് അരികിലേക്ക് നടന്നു വരുന്നത് കണ്ടത്.
നിമിഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിച്ചു, ഞാന്‍ നോക്കിയിരിക്കെ അവന്റെ വൃത്തികെട്ട വലതുകൈ ഒരു നിമിഷം ആ പെണ്‍കുട്ടിയുടെ വലതുമാറില്‍ ഞെരിഞ്ഞമര്‍ന്നു.
ഒരു നിമിഷം പോലും വേണ്ടി വന്നില്ല അവന്. നോക്കികൊണ്ടിരിക്കുന്നവരുടെ ഒരു ഇമവെട്ടലിന്റെ അത്ര സമയം.
പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ മാന്യത സ്ഫുരിക്കുന്ന ബാഹ്യമോടിക്കോ മുഖഭാവത്തിനോ ഒരു ഭേദവുമില്ലാതെ, ഇടതുകൈയില്‍ സഞ്ചിയുമായി ആ വൃത്തികെട്ട വലതുകൈകൊണ്ട് ഡോറിലെ കമ്പിയും പടികളിലെ കമ്പിയും പിടിച്ചവന്‍ പതിയെ ഇറങ്ങിപ്പോയി. ഒരു 25 -നു മേല്‍ പ്രായം തോന്നിക്കുന്ന, പൊക്കം കൂടിയ, വൃത്തിയായി വസ്ത്രം ധരിച്ച ഒരു ലൈംഗികവൈകൃതജീവി.
എന്റെ കണ്ണുകളെ പോലെ ബസ്സിലെ പിന്നറ്റം വരെയുള്ള സീറ്റുകളില്‍ സ്ഥാനം പിടിച്ചിരുന്ന ഏതെങ്കിലും മനുഷ്യരുടെ കണ്ണുകളില്‍ ഈ കാഴ്ച എത്തിയോ എന്ന് എനിക്കറിയില്ല. പക്ഷെ അതെന്റെ കണ്ണുകളിലൂടെ എന്റെ തലച്ചോറിനെ മരവിപ്പിച്ച് എന്റെ ഹൃദയമിടിപ്പിനെ താളരഹിതമാക്കി, എനിക്ക് ചുറ്റുമുള്ള ലോകത്തെ നിശബ്ദമാക്കി, നിശ്ചലമാക്കി ഏറെ നേരം എന്നെ സ്തബ്ധയാക്കിയിരുത്തി.
പിന്നെ ബസ്സില്‍ ഞാന്‍ ചെലവഴിച്ച 15 മിനിറ്റില്‍ എന്റെ കണ്ണുകള്‍ ചലിച്ചിരുന്നില്ല. വായിലൊട്ടി എന്നെ നിശബ്ദമാക്കിയ എന്റെ നാക്ക് ഉമിനീര്‍ വറ്റിച്ച് എന്റെ തൊണ്ടയുണക്കിയിട്ടും ഒരു തുള്ളി വെള്ളം കൊടുക്കാതെ ഞാന്‍ പുച്ഛത്തോടെ എന്റെ നാക്കിനോട് പകരം വീട്ടി.
ഒരു പൊതു ഇടത്തില്‍ പരസ്യമായി തന്നെ തന്റെ ശരീരത്തിലെ ഒരു അവയവത്തെ വേദനിപ്പിച്ച് ഇറങ്ങിപ്പോകുന്ന ഒരുവനോട് ഒന്ന് പ്രതികരിക്കാനാവാതെ വിളറി വെളുത്ത് മരവിച്ചു നിന്ന ആ പെണ്‍കുട്ടി ഇന്നും എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലെ വേദനയുടെ ആളിക്കത്തുന്ന ഒരു തീക്കുണ്ഡമാണ്.
എന്താ സംഭവിച്ചത് എന്ന് പോലും തിരിച്ചറിയാതെ നിഷ്‌കളങ്കതയോടെ എന്നാല്‍ പകച്ചുപോയ മുഖത്തോടെ തിരിഞ്ഞുനോക്കി നില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ ദയനീയ മുഖഭാവം ഇന്നും എന്റെ കണ്മുന്നിലുണ്ട്.
ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മനസ്സില്‍ ആ സംഭവം ഇത്രക്ക് പകയോടെ മായാതെ നില്‍ക്കുന്നുണ്ടെങ്കില്‍, ആ പെണ്‍കുട്ടിയെ ആ നശിച്ച ദിവസത്തിന്റെ ഓര്‍മ എത്ര കാലം വേട്ടയാടിയിരിക്കും! അകാരണമായി അണയാത്ത ഒരു ഭീതിയുടെ കനല്‍ എത്രയോ തവണ നിരപരാധിയായ അവളില്‍ എരിഞ്ഞിട്ടുണ്ടാവും!
പതിയെ സംസാരിക്കുന്ന, ആരുടേയും മുഖത്തു നോക്കാതെ ഒതുങ്ങി നടക്കുന്ന, ഞാനെന്ന പതിനേഴുകാരിക്ക് അന്ന് അവനെതിരെ എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു.
എന്നിട്ടും അന്നേരം ആളിക്കത്തി ജ്വലിച്ച എന്റെ മനസ്സ് കൊണ്ട് ഞാനവന്റെ കഴുത്തിലേക്ക് ഒരായിരം തവണ വടിവാള്‍ ആഞ്ഞുവീശി അവന്റെ ഉടലും തലയും വീണ്ടും വീണ്ടും വേര്‍പ്പെടുത്തി സ്വയം ആശ്വാസം കണ്ടെത്തി.
ഒരു നിമിഷാര്‍ദ്ധത്തിന്റെ ഒരംശം നേരത്തില്‍ ഒരു സുഖം അനുഭവിക്കാം എന്ന പ്രതീക്ഷയില്‍ ആണ് അവന്‍ അത് ചെയ്തത് എങ്കില്‍, ആ ഒരു നിമിഷത്തെ അനുഭവം ആ കുട്ടിയില്‍ ഉണ്ടാക്കുന്ന മാനസികവ്യഥയെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ അവനൊരു മനുഷ്യന്‍ അല്ലെന്നുണ്ടോ?
അങ്ങനെ ഒരു സുഖം അനുഭവിക്കാമെന്ന പ്രതീക്ഷയില്‍ വൃത്തികെട്ട കൈകളോ മറ്റ് ശരീര അവയവങ്ങളോ നീട്ടുന്ന ഓരോ അവന്മാരും ചിന്തിക്കുന്നുണ്ടോ, നിങ്ങളുടെ ഒരു നിമിഷത്തെ ടോര്‍ച്ചറിങ് ഏല്‍പ്പിക്കുന്ന ആഘാതം ആ കുട്ടികളിലെ മാനസികവ്യാപാരത്തെ എത്ര പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന്! അതിനെ എങ്ങനെ നിങ്ങള്‍ക്ക് ഇത്ര നിസാരമായി കാണാന്‍ കഴിയുന്നു?
തുടര്‍ന്നുള്ള ജീവിതത്തിലെ ഏതൊരു വിഷാദ നിമിഷങ്ങളിലും മനസ്സിനെ പുകച്ചു കൊണ്ട് കത്തുന്ന കരിന്തിരിയില്‍ ആദ്യത്തേത് ഈ അനുഭവങ്ങള്‍ തന്നെ ആയിരിക്കും.
കുടുംബങ്ങളിലും ബന്ധുവീടുകളിലും അയല്‍പക്കങ്ങളിലെ പൊതുഇടങ്ങളിലും പെണ്‍കുട്ടികളെ കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്ന വൃത്തികെട്ട വികാരത്തിനൊപ്പം നിങ്ങളുടെ കൈകള്‍ അവരുടെ ശരീരത്തിന് നേരെ നീളുന്നുണ്ടെങ്കില്‍ നിങ്ങളില്‍ ഒരു മാനസികരോഗി ഉണ്ട്, തീര്‍ച്ച. എത്രയും പെട്ടെന്ന് നിങ്ങള്‍ ഒരു മാനസിക രോഗവിദഗ്ധനെ സമീപിക്കുക, തക്കസമയത്ത് ചികിത്സിക്കുക.
പിന്നെ, പഴയതുപോലെ ഒന്നിനോടും പ്രതികരിക്കാതെ നിശബ്ദരായി കണ്ണീരൊഴുക്കുന്നവരായിട്ടല്ല ഇന്നത്തെ പെണ്‍കുട്ടികള്‍ വളരുന്നത് എന്നോര്‍ക്കുക. അവര്‍ ശബ്ദിക്കും, കരണം പുകയ്ക്കും. അവര്‍ തന്റേടം ഉള്ളവരാണ്.
എന്റെ പെണ്‍മക്കളെ, നിങ്ങള്‍ തന്റേടികള്‍ ആയാല്‍ മതി. നിങ്ങള്‍ക്ക് നേരെ ഏതെങ്കിലും കൈകള്‍ വികൃതമായി നീളുന്നുണ്ടെങ്കില്‍, ആ വൃത്തികെട്ട കൈകളിലെ നശിച്ച വിരലുകള്‍ നിങ്ങളങ്ങ് ഒടിച്ചേക്കുക.
എന്റെ ആണ്‍മക്കളെ, നിങ്ങളുടെ നിമിഷനേരത്തെ സുഖത്തിന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളല്ല മറ്റുള്ളവരുടെ പെണ്‍മക്കള്‍.
നിങ്ങളെപ്പോലെ തന്നെ, നിങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ നിങ്ങളെക്കാള്‍ മികച്ച മറ്റൊരു വ്യക്തിത്വത്തിന് ഉടമകളാണ് അവര്‍.
നിങ്ങളില്‍ പലരും കരുതുന്നതു പോലെ, നിങ്ങള്‍ തെറ്റിദ്ധരിക്കുന്നതു പോലെ, നിങ്ങളിലെ വൈകൃതങ്ങള്‍ ഒരിക്കലും അവരെ രസിപ്പിക്കുന്നില്ല ആനന്ദിപ്പിക്കുന്നില്ല. പകരം അതവരില്‍ പുരുഷവര്‍ഗത്തിനോടാകമാനം വെറുപ്പ് സൃഷ്ടിക്കുകയാണ്.
അതുകൊണ്ട് ഞാന്‍ വീണ്ടും പറയുന്നു,
എന്റെ പെണ്‍മക്കളെ, നിങ്ങള്‍ ശബ്ദിക്കുക! നിശബ്ദരാവാതിരിക്കുക!
എന്റെ ആണ്‍ മക്കളെ, നിങ്ങള്‍ മാനസികാരോഗ്യം ഉള്ളവരായി വളരുക!