ടീച്ചറിന്റെ വയറു കാണാന്‍ ബൈനോക്കുലര്‍ കണ്ണുമായിരിക്കുന്ന കുട്ടികള്‍!

By Raselath Latheef  |  First Published Jun 2, 2020, 6:55 PM IST

എനിക്കും ചിലത് പറയാനുണ്ട്. വിക്‌ടേഴ്‌സ് ചാനലിലെ അധ്യാപികമാര്‍ക്കെതിരായ സൈബര്‍ ആക്രമണം. റെസിലത്ത് ലത്തീഫ് എഴുതുന്നു. 


മലയാളിയുടെ ആണത്ത ബോധത്തില്‍ എല്ലാവരും ചരക്കും പീസുമല്ല;  ചെറിയ വ്യത്യാസമുണ്ട് അവനവന്റെ കുടുംബത്തിന്റെ അതിര്‍ കല്ല് എവിടെ തീരുന്നുവോ, അവിടെ തീരും കുലസ്ത്രീകള്‍. ചുരിദാറിന്റെ സ്ലിറ്റിന്റെ ഇറക്കവും ലെഗ്ഗിങ്സിന്റെ കളറും ബ്ലൗസിന്റെ കഴുത്തിറക്കവും ഒക്കെ അന്താരാഷ്ട്ര പ്രശ്‌നങ്ങളാണ് . കൗമാരത്തിന്റെ വീരകഥകളില്‍ മസാല നിറക്കുന്ന വിരുതന്മാരുടെ നായിക 40 കടന്ന അയല്‍പക്കത്തെ സ്ത്രീയുമാകാം. സദാചാരത്തിന്റെ തോണി തുഴഞ്ഞു പോകുന്ന വഴിക്ക് കുളിക്കടവില്‍ എത്തി നോക്കിയില്ലെങ്കില്‍ എന്തരോ 'ഒരു ഇതാണ്'

 

Latest Videos

undefined

 

''ടീച്ചറിന്റെ വയറ് കണ്ടെന്ന് അവര് പറയുന്നു''-കണ്ണ് തള്ളി നിന്നുപോയി ഒരു നിമിഷത്തേക്ക്. 

ബസിലെ തോണ്ടലും മാന്തലും വഴിയരികിലെ കമന്റുകളും പോലെ, അത്ര പോലും സഹിക്കാവുന്ന ഒന്നല്ല ഇപ്പോള്‍ കേട്ടത്. ആദ്യത്തെ അധ്യാപക ജോലി, അതും ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍. സ്വന്തം ക്ലാസിലെ കുട്ടികളാണ് ഇതും പറഞ്ഞു രോമാഞ്ചം കൊള്ളുന്നത്. ചെറിയ പിള്ളേരാണ് എന്ന് കരുതിയവരാണ്.  അതും ഇന്നലെ വരെ അത്രമേല്‍ ചേര്‍ത്ത് നിര്‍ത്തിയ കുഞ്ഞുങ്ങള്‍. അവരാണ് പെണ്ണുടല്‍ എന്ന രീതിയില്‍ എന്നെ കണ്ടത്. 

അന്നത്തെ കോലം വച്ച് അഞ്ച് മീറ്റര്‍ സാരി എന്റെ ദേഹത്ത് ചുറ്റിത്തീര്‍ക്കുന്നത് തന്നെ ഒരു മണിക്കൂര്‍ നീളുന്ന പണിയായിരുന്നു. അതും കഴിഞ്ഞു ബസില്‍ തിക്കിത്തിരക്കി പാമ്പാടി എത്തുമ്പോഴേക്കും സാരി, കുത്തി നിറുത്തിയ പിന്നുകളോട് നന്ദി പറഞ്ഞ് പിരിയും. പല അവസരങ്ങളിലും സേഫ്റ്റി പിന്നുകളായിരുന്നു രക്ഷകര്‍. 

മൈക്രോസ്‌കോപ്പില്‍ കൂടി നോക്കിയാണോ പടച്ചോനെ ഇവന്മാര്‍ വയറ് കണ്ടതെന്നാണ് ആദ്യം ആലോചിച്ചത്. കരച്ചില്‍ വരുന്നുണ്ട്, എങ്കിലും അവളോട് വീണ്ടും ചോദിച്ചു, നിങ്ങടെ ക്ലാസ്സിലെ കുട്ടികളാണോ? 

'അല്ല ടീച്ചറേ, മറ്റേ ഡിപ്പാര്‍ട്‌മെന്റിലെ കുട്ടികള്‍.''

ഇവന്മാരെക്കൊണ്ട് തോറ്റല്ലോ എന്ന് മനസ്സില്‍ കരുതി നേരെ സ്റ്റാഫ് റൂമില്‍ വന്നപ്പോള്‍ പുതിയ കെമിസ്ട്രി ടീച്ചര്‍ അധ്യാപികമാര്‍ക്ക് ചുരിദാര്‍ ഇടാമെന്ന വിഷയത്തെക്കുറിച്ചു സുദീര്‍ഘമായ വിശകലന യോഗത്തിലാണ്. സാലിക്കുട്ടി ടീച്ചര്‍ മാത്രം, 'സാരമില്ലെന്നേ അതൊക്കെ അവരുടെ ചിന്തയുടെ കുഴപ്പമാണ്, പറഞ്ഞു മനസ്സിലാക്കേണ്ടത് വീടുകളില്‍ നിന്നാണ്' എന്ന് പറഞ്ഞു. 

മലയാളിയുടെ ആണത്ത ബോധത്തില്‍ എല്ലാവരും ചരക്കും പീസുമല്ല;  ചെറിയ വ്യത്യാസമുണ്ട് അവനവന്റെ കുടുംബത്തിന്റെ അതിര്‍ കല്ല് എവിടെ തീരുന്നുവോ, അവിടെ തീരും കുലസ്ത്രീകള്‍. ചുരിദാറിന്റെ സ്ലിറ്റിന്റെ ഇറക്കവും ലെഗ്ഗിങ്സിന്റെ കളറും ബ്ലൗസിന്റെ കഴുത്തിറക്കവും ഒക്കെ അന്താരാഷ്ട്ര പ്രശ്‌നങ്ങളാണ് . കൗമാരത്തിന്റെ വീരകഥകളില്‍ മസാല നിറക്കുന്ന വിരുതന്മാരുടെ നായിക 40 കടന്ന അയല്‍പക്കത്തെ സ്ത്രീയുമാകാം. സദാചാരത്തിന്റെ തോണി തുഴഞ്ഞു പോകുന്ന വഴിക്ക് കുളിക്കടവില്‍ എത്തി നോക്കിയില്ലെങ്കില്‍ എന്തരോ 'ഒരു ഇതാണ്'

സാരിയുടുത്ത സ്വന്തം അമ്മയുടെ വയറ് കണ്ടാല്‍ തോന്നാത്ത എന്ത് വികാരമാണ് അതേ പ്രായത്തിലുള്ള അപ്പുറത്തെ വീട്ടിലെ ചേച്ചിയെ കാണുമ്പോള്‍ ഉണരുന്നത്? . സ്വന്തം പെങ്ങളുടെ ക്ലാസ്സില്‍ പഠിക്കുന്ന, അതേ പ്രായത്തിലുള്ള കുട്ടിയെ, ബസ്സിലെ തിരക്കില്‍ തോണ്ടുമ്പോള്‍, മകളുടെ പ്രായത്തിലുള്ള കുഞ്ഞിനോട് അതിര് കടക്കുമ്പോള്‍, എവിടെയും എല്ലായ്‌പ്പോഴും സ്വന്തം വീട്ടില്‍ കുലപുരുഷന്മാരാണ് അവര്‍. 

വഴിവക്കിലെ അശ്ളീല കമന്റുകള്‍ പുരോഗമിച്ചു പുരോഗമിച്ച് ട്രോളുകളായി. പരിഹാസചിരികള്‍ കമന്റുകളും ഷെയറുമായി ഉലകം ചുറ്റി വരുമ്പോള്‍ നമ്മളും ചിരിക്കുന്നുണ്ട്. അധ്യാപകദിനത്തിലെ 'വഴിവിളക്കും മാര്‍ഗ്ഗദീപവും' നാളെ 'കിടിലന്‍ പീസാ'കും. ഭൂമിയിലെ മാലാഖമാര്‍ 'ചരക്കുകളാ'വും. അമ്മായിയും ആന്റിയും തൈക്കിളവികളും ഒക്കെയാവുമ്പോളും സ്വന്തം വീട്ടില്‍ മാത്രം കുലസ്ത്രീകളുടെ കുടുംബയോഗമാകും. 

മറ്റൊരുവന്റെ കണ്ണിലെ 'പീസാണ്' നിനക്ക് പ്രിയപ്പെട്ടവളും എന്നറിയുമ്പോള്‍ മാത്രം തിരിച്ചറിവുണ്ടാകുന്ന പ്രത്യേക വര്‍ഗം. ഈ കുലപുരുഷന്‍മാരെക്കുറിച്ച്  മറ്റെന്തു പറയണം? 

ഇനിയുമൊരുപാട് ജിഷമാരും നിര്‍ഭയകളും സൗമ്യമാരും ഉണ്ടാകാതിരിക്കാന്‍ സ്വന്തം വീടുകളിലെ ഇത്തരം ഗോവിന്ദച്ചാമിമാരെ ഇനിയെങ്കിലും തിരിച്ചറിയണം. തിരുത്തേണ്ടിടത്ത് തിരുത്തണം. അവര്‍ മനുഷ്യരെ അറിയട്ടെ.

click me!