രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത നടി റിമ കല്ലിങ്കലിനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നിലെന്താണ്? വേദിയില്‍ മിനി സ്‌കേര്‍ട്ട് ധരിച്ച് എത്തിയ റിമയ്ക്ക് നേരെ ഉയര്‍ന്ന സദാചാര കമന്റുകളുടെ ഉറവിടം എന്താണ്-എനിക്കും ചിലത് പറയാനുണ്ട്. സുമേഷ് എം എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചിയിലെ വേദിയില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ച് സംസാരിച്ച റിമ കല്ലിങ്കലിനു മറുപടിയായി ലഭിച്ചത് കേരളത്തിലെ സദാചാര ആങ്ങളമാരുടെയും കുലസ്ത്രീകളുടെയും ഉപദേശങ്ങളാണ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടവരുന്ന അതിക്രമങ്ങള്‍ക്കെതിരായി നിയമ നിര്‍മ്മാണം വേണമെന്ന് പറഞ്ഞ റിമയ്ക്ക്, അത് പറഞ്ഞതിനു പിന്നാലെ സ്ത്രീ എന്ന നിലയിലുള്ള അതിക്രമം തന്നെ സോഷ്യല്‍ മീഡിയയില്‍നിന്നും നേരിടേണ്ടി വന്നു. റിമ ധരിച്ച വസ്ത്രവും അതിന്റെ നീളവുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ചര്‍ച്ച ചെയ്തത്. പച്ചയ്ക്കുള്ള ലൈംഗിക അധിക്ഷേപമായിരുന്നു പിന്നാലെ സംഭവിച്ചത്.
സ്ത്രീകളുടെ വസ്ത്രധാരണമാണ് അവള്‍ ആക്രമിക്കപ്പെടാനുള്ള കാരണമാണെന്ന് വിചാരിക്കുന്ന ഒരുപാട് മലയാളി ആണുങ്ങളെ കാണാറുണ്ട്. ഡല്‍ഹിയില്‍ നിര്‍ഭയ മരിച്ചപ്പോള്‍, 'എന്തിനവള്‍ അസമയത്ത് പുറത്തിറങ്ങി' എന്ന് ചോദിക്കുന്നവര്‍. സമൂഹം അനുശാസിക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുകയും രാത്രി പുറത്തിറങ്ങാതെ ഇരിക്കുകയും ചെയ്താല്‍ പകുതി അക്രമങ്ങള്‍ കുറയുമെന്ന് സദാ പുലമ്പുന്നവര്‍. തരിമ്പും ദേഹം കാണിക്കാതെ വസ്ത്രം ധരിച്ച് വീടിനുള്ളില്‍നിന്ന് പുറത്തിറങ്ങാതെ കഴിയുന്ന വൃദ്ധ സ്ത്രീകളെയും കൊച്ചുകുട്ടികളെ പോലും ബലാല്‍സംഗം ചെയ്യുന്ന ഒരു നാട്ടിലിരുന്നാണ് ഇവരൊക്കെ വലിയവായില്‍ ഡയലോഗ് അടിക്കുന്നതെന്നതാണ് ്രകൂരമായ യാഥാര്‍ത്ഥ്യം.
വലിയ മട്ടില്‍ പുരോഗമനം സംസാരിക്കുമ്പോഴും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത പ്രാകൃതമാണ് നമുക്ക്. ഓരോരുത്തരുടെയും ജീവിതം അവരുടെ സ്വാതന്ത്ര്യമാണെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ളിടത്ത് പോകാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ടെന്നും എത്ര പറഞ്ഞാലും പലര്‍ക്കും മനസ്സിലാകില്ല. സ്ത്രീ എന്നും പുരുഷന്റെ കീഴില്‍, അവന്‍ പറയുന്നത് അനുസരിച്ച് ജീവിക്കേണ്ടവളാണെന്ന് വിചാരിക്കുന്ന ഇവര്‍ തങ്ങളുടെ ചിന്തക്ക് പുറത്തേക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ മനഃപൂര്‍വ്വം സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നു. അതിന്റെ പുതിയ ഇരയായിരുന്നു റിമ.
സത്യത്തില്‍ റിമ ധരിച്ച വേഷമേയല്ല ഈ അസഹിഷ്ണതയുടെ കാരണം. അവര്‍ പറഞ്ഞ കാര്യങ്ങളാണ്. മലയാള സിനിമ എന്ന ഈജിയന്‍ തൊഴുത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് പറഞ്ഞതാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. ആണ്‍കോയ്മയില്‍ അടിയറച്ച മലയാള സിനിമാ ലോകത്തിന് എതിരെ അവരുന്നയിക്കുന്ന വിമര്‍ശനവും പതറാത്ത നിലപാടുമാണ് ഈ സോഷ്യല്‍ മീഡിയാ ഞരമ്പുരോഗികളെ പ്രകോപിപ്പിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ കേരളീയ സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയാണ് ഇവരുടെയൊക്കെ വാക്കുകളിലൂടെ പുറത്തുവരുന്നത്. അവസരം കിട്ടാത്തതിനാല്‍ റേപ്പിസ്റ്റ് ആവാന്‍ കഴിയാത്തവരുടെ ഞരമ്പുപിടക്കലുകള്‍ കൂടിയാണ് അത്. റിമയ്‌ക്കെതിരെ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയ ആണ്‍കൂട്ടങ്ങളില്‍ ഏറെയും പ്രകടമാക്കുന്നത് ഒരു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റിന്റെ മനോനില തന്നെയാണ്. ഇവരെല്ലാം 'റേപ്പ് കള്‍ച്ചര്‍' എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
റേപ്പ് കള്‍ച്ചര്‍ എന്നു പറയുമ്പോള്‍, ഒരാള്‍ പെട്ടെന്നൊരു സാഹചര്യത്തില്‍ ഒരു കുറ്റ കൃത്യത്തില്‍ ഏര്‍പ്പെടുകയല്ല. അത് അവരില്‍ പല നാളുകളായി വളര്‍ന്നുവരികയാണ്. അതിലെ ആദ്യ പടിയെന്നത് ഒരു സ്ത്രീയെ പലതരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ച് വിളിക്കുകയും അവള്‍ക്ക് പല പേരുകളും നല്‍കുക എന്നതാണ്.
.........................
Read Also : റിമയുടെ മിനിസ്‌കേര്‍ട്ട് കണ്ട് മദംപൊട്ടിയ സൈബര്‍ ലോലന്‍മാര്‍ അറിയാന്‍!
..........................
അടുത്ത പടിയെന്നത് ഒരു സ്ത്രീയെ തൊടാതെയുള്ള ലൈംഗികതിക്രമം ആണ്. അതായത് സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള കമന്റിടലും മറ്റു അശ്ലീല സന്ദേശങ്ങളും. മൂന്നാം പടിയെന്നത് മറ്റുള്ളവരെ ശല്യം ചെയ്യുംവിധം പുറകേ നടക്കലും അനുമതിയില്ലാതെ അവരെ സ്പര്‍ശിക്കുകയും അതുവഴി നിര്‍വൃതി അടയുകയും ചെയ്യുക എന്നതാണ്. നാലാമത്തെ പടിയെന്നത് നാമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ കേള്‍ക്കുന്ന 'victim blaming' ആണ്. ഒരു ലൈംഗികാതിക്രമം നടക്കുന്നത് ആ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കയ്യിലിരിപ്പുകാരണമെന്ന് പറയുന്ന അവസ്ഥയാണ്. അടുത്തത് അപകടകാരമാം വിധം ഒരു സ്ത്രീയെ പരിക്കേല്‍പ്പിക്കുകയും ചൂഷണം ചെയ്യുന്നതുമാണ്. ഇതെല്ലാം കഴിയുമ്പോഴേക്കും പലരും അക്രമങ്ങളിലേക്ക് അടുത്തിട്ടുണ്ടാകും. ഇതെല്ലാം കഴിഞ്ഞായിരിക്കും അവസാന സ്റ്റെപ് ആയ റേപ്പും അതുമൂലമുള്ള കൊലപാതകങ്ങളും അരങ്ങേറുന്നത്. ഇങ്ങനെയാണ് ഒരാള്‍ അപകടകാരമായ വിധം അക്രമിയായി മാറുന്നത്.
'റേപ് കള്‍ച്ചര്‍' എന്ന് പറയുന്നത് തമാശയായി എടുക്കുന്നവരോട് പറയാനുള്ളത് ഒരു കാര്യമാണ്. ഇത് നിങ്ങള്‍ വിചാരിക്കുന്ന അത്ര നിസ്സാരമായ ഒന്നല്ല. അതിന്റെ തലപ്പത്ത് എത്തിച്ചേരാനുള്ള തിടുക്കമാണ് നാം റിമ കല്ലിങ്കലിന്റെ മിനി സ്‌കേര്‍ട്ട് കണ്ട് കരയുന്നവരിലും സോഷ്യല്‍ മീഡിയയില്‍ ഇത്തരം സ്ഥിരം കമന്റ് ചെയ്യുന്നവരിലും കാണാന്‍ സാധിക്കുന്നത്.
ഏതു വസ്ത്രം ധരിക്കണമെന്നുള്ളതും എപ്പോള്‍ ആരുടെകൂടെ പുറത്തിറങ്ങണമെന്നുള്ളതും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെ എതിര്‍ക്കാന്‍ വരുന്നവരോട് ഇനിയും തര്‍ക്കിച്ചിട്ട് ഒരു കാര്യവുമില്ല.
റിമ പറയുന്നതുപോലെ ഇവരെയൊക്കെ അവഗണിക്കുക, സ്വന്തം കാര്യവുമായി മുന്നോട്ടുപോകുക, അതുതന്നെയാണ് ഏക വഴി.
ലൈംഗിക വിദ്യാഭ്യാസം ലഭിക്കാതെ മലയാളികളൊന്നും ഉടനെ മാറില്ല. വരും തലമുറയെയെങ്കിലും നന്നായിവരണമെങ്കില്‍ വിദ്യാഭ്യാസം മാറേണ്ടത് അത്യാവശ്യമാണ്.
അതുകൂടാതെ, സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ഒരു നിയമ നടപടിയും ഇല്ലാത്ത കാലത്തോളം ഫേക്ക് അക്കൗണ്ടുകളിലൂടെയും അല്ലാതെയും ഒളിഞ്ഞും തെളിഞ്ഞും ഇത്തരക്കാര്‍ വളര്‍ന്നുകൊണ്ടേയിരിക്കും. അവര്‍ നിഷ്‌കളങ്കതയുടേയും അറിവില്ലായ്മയുടേയും മറപറ്റി ഇനിയും പുലമ്പികൊണ്ടേയിരിക്കും.
അവഗണിക്കുക. ഒറ്റപ്പെടുത്തുക.