Food Safety : അഴുകിയ ഇറച്ചിയും മീനും, രാസവസ്തു ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍, നാം കഴിക്കുന്നത് വിഷം!

By Speak Up  |  First Published Jun 7, 2022, 3:41 PM IST

ചന്തയില്‍ പരിശോധന നടത്തിയില്ലായിരുന്നുവെങ്കില്‍, എന്താവുമായിരുന്നു അവസ്ഥ! പതിവു പോലെ, അത്രയും അഴുകിയ രാസവസ്തുക്കള്‍ ചേര്‍ത്ത് പുതിയ മീനെന്ന മട്ടില്‍ മീന്‍ വിപണിയില്‍ എത്തും. ആയിരക്കണക്കിനാളുകള്‍ ആ മീന്‍ കഴിക്കും- സഫി അലി താഹ എഴുതുന്നു


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

Read Also : സൗകര്യങ്ങളില്ലാതെ ഇരുട്ടില്‍ തപ്പി ഭക്ഷ്യസുരക്ഷാവകുപ്പ്, കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ വിരളം
...............................

 

പതിനായിരം കിലോ മീന്‍! സാധാരണക്കാരായ നമ്മളെ സംബന്ധിച്ചിടത്തോളം അതെത്ര വലുതാണ് എന്നൊന്നാലോചിച്ചു നോക്കൂ. അത്രയും മീനാണ് ഇന്നലെ തിരുവനന്തപുരത്തിനടുത്ത് അഞ്ചുതെങ്ങില്‍ വലിയ ഒരു കുഴിയെടുത്ത് അതിനകത്തിട്ട് മൂടിയത്. ലോറി ഉടമകള്‍ ചേര്‍ന്ന് നടത്തുന്ന മത്സ്യലേല ചന്തയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയതായിരുന്നു അത്രയും പഴകിയ മീന്‍.  ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ചന്തയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് അഴുകിയ മീന്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ്, പിടിച്ചെടുത്ത മീന്‍ ജെസിബി കൊണ്ട് ഒരു വലിയ കുഴിയെടുത്ത് അതിനകത്തിട്ട് മൂടിയത്. 

ഒന്നോര്‍ത്തു നോക്കൂ, ആ ചന്തയില്‍ പരിശോധന നടത്തിയില്ലായിരുന്നുവെങ്കില്‍, എന്താവുമായിരുന്നു അവസ്ഥ! പതിവു പോലെ, അത്രയും അഴുകിയ രാസവസ്തുക്കള്‍ ചേര്‍ത്ത് പുതിയ മീനെന്ന മട്ടില്‍ മീന്‍ വിപണിയില്‍ എത്തും. ആയിരക്കണക്കിനാളുകള്‍ ആ മീന്‍ കഴിക്കും. അസുഖം വരുന്നവര്‍ അതു സഹിക്കും. അത്ര തന്നെ. ഇതോടൊപ്പം ആലോചിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഈ ചന്തയില്‍ പഴകിയ മീന്‍ വില്‍ക്കുന്നുവെന്ന പരാതിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. അതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. അതിനു മുമ്പ് അവിടെനിന്നും പോയ മീനുകള്‍ എത്ര മനുഷ്യര്‍ കഴിച്ചിരിക്കും! സമാനമായ സാഹചര്യത്തില്‍ കേരളത്തിലെ എത്ര ചന്തകളില്‍ ഇത്തരം മീനുകള്‍ വിറ്റിട്ടുണ്ടാവും എന്നും ഇപ്പോഴും വില്‍ക്കുന്നുണ്ടാവുമെന്നും കൂടി ഓര്‍ത്താല്‍ നമ്മുടെ ഭക്ഷ്യസുരക്ഷയുടെ ഭയാനകമായ യാഥാര്‍ത്ഥ്യം നമുക്ക് ബോധ്യമാവും. 

2022 ഏപ്രില്‍ 22-ന് പുറത്തുവന്ന കണക്കുപ്രകാരം മീനില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ  സംസ്ഥാന സര്‍ക്കാര്‍  ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി പിടിച്ചെടുത്തു നശിപ്പിച്ചത് 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യമാണ്. അതിനു ശേഷവും  'ഓപ്പറേഷന്‍ മത്സ്യ' തുടരുകയാണെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചത്. 
സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ പരിശോധനാ ലാബുകള്‍ തുറക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. 

ഫോര്‍മാലിനും സോഡിയം ബെന്‍സോയേറ്റും  ചേര്‍ക്കുന്ന മത്സ്യം നാളുകളോളം കേടാകാതെയിരിക്കും.
ഇതൊക്കെ തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന്‍ 'സാഗര്‍റാണി' പദ്ധതി മൂന്നു വര്‍ഷം മുന്‍പ് നടപ്പാക്കിയത്. പക്ഷേ എന്നിട്ടും മനസാക്ഷിക്കുത്തോ ഭയമോ ഇല്ലാതെ സ്വാര്‍ത്ഥത പേറിയ കച്ചവടക്കാര്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. 'ഓപ്പറേഷന്‍ മത്സ്യ' അതുപോലെയാകില്ല എന്ന് പ്രത്യാശിക്കാമെന്നേയുള്ളൂ. 

 

...................................

Read Also: വെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ? കണ്ടെത്താന്‍ ഇതാ ഒരു വഴി

Read Also : നല്ല തേനും കൃത്രിമ തേനും തിരിച്ചറിയാം

......................................


മീന്‍ മാത്രമല്ല, എല്ലാത്തിലും മായം 

ഇതു കണ്ട് മല്‍സ്യത്തില്‍ മാത്രമാണ് മായം എന്നൊന്നും കരുതേണ്ടതില്ല. നമ്മുടെ ഹോട്ടലുകളില്‍ വിളമ്പുന്ന വിലയേറിയ ഭക്ഷണത്തിലും പ്രധാന ചേരുവ മായമാണെന്നാണ് ഭക്ഷ്യവകുപ്പ് ഇടക്കിടെ നടത്തുന്ന പരിശോധനകള്‍ തെളിയിക്കുന്നത്. ഭക്ഷണത്തിന് വന്‍ വില ഈടാക്കുന്ന വമ്പന്‍ ഹോട്ടലുകളും ചെറിയ തട്ടുകടകളുമെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെയാണെന്നാണ് ഈ പരിശോധനകള്‍ തെളിയിക്കുന്നത്. തീര്‍ന്നില്ല, നമ്മള്‍ വാങ്ങുന്ന പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, എണ്ണകള്‍, മസാലപ്പൊടികള്‍, എന്തിന് ഉപ്പില്‍ പോലും മായമുണ്ട് എന്നതാണ് വാസ്തവം. പൗരന്‍മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടി വല്ലപ്പോഴും ആചാരപ്രകാരം നടക്കുന്ന പരിശോധനകളും വാര്‍ത്തകള്‍ സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന കോളിളക്കങ്ങളും മാത്രമാവുന്ന ഒരു നാട്ടില്‍ ഇതിനപ്പുറം എന്ത് സംഭവിക്കാനാണ്? 

ഹോട്ടലുകളിലെ മായം കലര്‍ന്ന ആഹാരസാധനങ്ങള്‍ കണ്ടെത്താന്‍  ഉദ്യോഗസ്ഥര്‍ ശ്രമിക്കുക, പഴകിയ വസ്തുക്കള്‍ പിടിച്ചെടുക്കുമ്പോള്‍ റദ്ദാക്കിയ ലൈസന്‍സ് മൂന്നാം നാള്‍ തിരികെ കൊടുക്കുക. ഇങ്ങനെയൊക്കെയാണ് ഇവിടത്തെ കാര്യപരിപാടി. ഏതേലും പാവപ്പെട്ട തട്ടുകടക്കാരന്റെ ജീവിതം മുട്ടിക്കാന്‍ എടുക്കുന്ന നിര്‍ബന്ധബുദ്ധിയൊന്നും വന്‍കിട ഹോട്ടലുകള്‍ പൂട്ടിക്കുന്നതില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കാണിക്കുന്നില്ല എന്നതാണ് സത്യം.

സത്യത്തില്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊടുത്ത് വിഷം വാങ്ങിത്തിന്നേണ്ട ഗതികേടിലാണ് മലയാളികള്‍. എന്ത് സാധനമാണ് പുറത്ത്‌നിന്നും മനഃസമാധാനത്തോടെ വാങ്ങാന്‍ സാധിക്കുന്നത്, തൃപ്തിയോടെ കഴിക്കാനും അത് മറ്റുള്ളവര്‍ക്ക് വിളമ്പാനും കഴിയുന്നത് എന്ന് ആലോചിച്ചുനോക്കൂ. 

തമിഴ്നാട്ടില്‍നിന്നും വരുന്ന ഒരു പുഴുക്കുത്ത് പോലുമില്ലാത്ത പച്ചക്കറി! ആ പച്ചക്കറികള്‍ വാങ്ങിക്കഴിക്കാന്‍ കാത്തിരിക്കുന്ന നമുക്കേവര്‍ക്കും അറിയാം, കീടനാശിനി പ്രയോഗത്തിലൂടെയാണ് അവിടെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ 'സംരക്ഷിക്കുന്നത്' എന്ന്. മോണോക്രോട്ടോഫോസ്, ഫോറേറ്റ് തുടങ്ങിയ കീടനാശിനികളുടെ അംശമാണ് സാധാരണയായി അവിടെനിന്നും വരുന്ന പച്ചക്കറികളില്‍ കണ്ടുവരുന്നത്. 

മഞ്ഞ നിറത്തില്‍ സുന്ദരിയായി കടകളില്‍ നിരത്തിവെച്ചിരിക്കുന്ന മാങ്ങകള്‍ നമ്മെ  കൊതിപ്പിക്കാറുണ്ട്. അവയില്‍ ഭൂരിപക്ഷവും കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തു ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുക്കുന്നതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. കാര്‍ബൈഡില്‍ അടങ്ങിയ ആര്‍സനിക്, ഫോസ്ഫറസ് എന്നീ പദാര്‍ത്ഥങ്ങള്‍ മാങ്ങ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന അസറ്റലിന്‍ എന്ന വാതകം ഉണ്ടാക്കുന്ന ചൂടാണ്  കണ്ണിമാങ്ങകളെ പോലും പഴുപ്പിക്കുന്നത്! 

ഇനി ആപ്പിള്‍.  രോഗം അകറ്റും എന്നുകരുതി ചുവന്നുതുടുത്ത ആപ്പിളുകള്‍ നമ്മള്‍ വാങ്ങാറുണ്ട്. എത്ര ദിവസം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ഈ ആപ്പിളുകള്‍ ഒന്ന് ചുരണ്ടി നോക്കുക. അതില്‍നിന്നും വാക്‌സ് ഇളകിവരുന്നത് കാണാം. മുന്തിരിയുടെ കാര്യം എടുക്കുക. ഈച്ചകള്‍ പോലും പറ്റാത്ത മുന്തിരികളാണ് ഇപ്പോള്‍ നമുക്ക് കിട്ടുന്നത്. കാരണം ഈച്ചയ്ക്കും പ്രാണികള്‍ക്കും ജീവനില്‍ ഭയമുണ്ടല്ലോ! കമ്പത്തെ മുന്തിരിപാടങ്ങളില്‍ വിളഞ്ഞുനില്‍ക്കുന്നത് വിഷമാണ്. തുരിശും കുമ്മായവും കലക്കി മോട്ടോര്‍ ഉപയോഗിച്ച് സ്‌പ്രേ ചെയ്യുന്നത് കണ്ടപ്പോള്‍ ഞെട്ടിപോയിട്ടുണ്ട്. അതുകൂടാതെ മെറ്റാലക്‌സില്‍, മാന്‍കോസേബ് എന്നിവ ചേര്‍ന്ന കുമിള്‍നാശിനികൊണ്ടും മുന്തിരികളെ കുളിപ്പിക്കാറുണ്ട്.

നാം ഇപ്പോള്‍ വാങ്ങുന്ന പാലിലും തേങ്ങയിലും പോലും കൊടും വിഷമാണ്. പാലില്‍ ഡിറ്റെര്‍ജന്റ് ആണെങ്കില്‍ റബ്ബര്‍ മരങ്ങളുടെ കീട ബാധയും, ഇല ചുരുളലും, ഫംഗല്‍ ബാധയും ഒഴിവാക്കാന്‍ അടിക്കുന്ന കെമിക്കലായ സള്‍ഫര്‍ അഥവാ ഗന്ധകം എന്ന പൊടിയാണ് തേങ്ങയില്‍ വിതറുന്നത്. ജീരകത്തില്‍ പുല്‍ക്കായയും നല്ലെണ്ണയില്‍ തവിടെണ്ണയും വെളിച്ചെണ്ണയില്‍ പഴകിയ എള്ളെണ്ണയും  നിറം മാറ്റിയ കരി ഓയിലും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഫോറേറ്റ് എന്ന മാരക കീടനാശിനിയുടെ സാന്നിധ്യമാണ് ഗോതമ്പില്‍ കണ്ടെത്തിയത് എങ്കില്‍ അരിയിലുള്ളത് കൃത്രിമ നിറങ്ങളാണ്.

എന്‍ഡോസള്‍ഫാന്‍, ഡെല്‍റ്റാ മെത്രിന്‍, ക്വിനാല്‍ ഫോസ്, ട്രയാസോ ഫോസ്, ക്ലോര്‍വൈറി ഫോസ്,  എത്തയോണ്‍, മാലത്തയോണ്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കീടനാശിനികളുടെ സാന്നിധ്യമാണ് ഏലക്കയിലുള്ളത്.എത്തിയോണ്‍, എത്തിയോണ്‍ പ്രൊഫേനോഫോസ്, ട്രയാസോഫോസ്, എത്തിയോണ്‍ ക്ലോറോപൈറിഫോസ്, ബിഫെന്‍ത്രിന്‍ തുടങ്ങിയവയാണ് മുളക് പൊടിയിലും ജീരകപ്പൊടിയിലും കണ്ടെത്തിയത്.

 

.....................................

Read Also : ഇറച്ചി വേണം, പക്ഷേ...

Read Also: വിഷത്തിൽ കുളിച്ചെത്തുന്ന മീൻ

.............................

 

എന്താണ് ഇതിന് ചെയ്യാനാവുക? 

ഒന്ന് നമുക്കാവശ്യമുള്ള പച്ചക്കറികളും മറ്റും നമുക്ക് തന്നെ കൃഷിചെയ്യാനുള്ള അവസ്ഥ സൃഷ്ടിക്കുക എന്നതാണ്. മസാലപ്പൊടികളും മറ്റും ഉപയോഗിക്കാതെ, നമുക്ക് തന്നെ പൊടിച്ചെടുക്കാനാവും. നമ്മുടെ നാട്ടിലെ സാധാരണ കര്‍ഷകര്‍ കൃഷിചെയ്യുന്ന വളം ചേര്‍ക്കാത്ത ഉല്‍പ്പന്നങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് എത്തിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തിയാല്‍ കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാവുന്നതേയുള്ളൂ. 

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നു പറയുമ്പോള്‍, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള നയനിലപാടുകള്‍ കൂടിയാണ്. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്ന ഈ നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ മായം കലക്കുന്നവര്‍ പിന്തിരിയുമെന്ന് ഉറപ്പാണ്. അതോടൊപ്പം, ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ പതിവാക്കണം. വല്ലപ്പോഴും വല്ലയിടത്തും പരിശോധന നടത്തി പടം പത്രത്തില്‍ വരുത്തിയത് കൊണ്ട് ജനങ്ങളുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കാനാവില്ല. അതോടൊപ്പം, ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ലാബുകള്‍ സാര്‍വത്രികമാക്കണം. പൊതുജനങ്ങളുടെ പരാതികള്‍ക്ക് അതിവേഗം നടപടികള്‍ ഉണ്ടാവണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. കഴിക്കുന്ന ഭക്ഷണം മായമില്ലാത്തതാണെന്ന് ഉറപ്പുവരുത്തുന്ന മാനസികാവസ്ഥയിലേക്ക് നമ്മളോരോരുത്തരും എത്തുകയും വേണം. 

 

...............................

Read Also: മുളകുപൊടിയിലെ മായം കണ്ടെത്താൻ ചെയ്യേണ്ടത് ഇത്രമാത്രം

Read Also : ചിക്കൻ മസാല വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

..................


ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ വിളിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍: 1800 425 1125 

ജില്ലകളിലെ ടോള്‍ ഫ്രീ നമ്പറുകള്‍:  
തിരുവനന്തപുരം 8943346181, 
കൊല്ലം 8943346182, 
പത്തനംതിട്ട 8943346183, 
ആലപ്പുഴ 8943346184, 
കോട്ടയം 8943346185, 
ഇടുക്കി 8943346186, 
എറണാകുളം 8943346187, 
തൃശൂര്‍ 8943346188, പാലക്കാട് 8943346189, 
മലപ്പുറം 8943346190, 
കോഴിക്കോട് 8943346191, 
വയനാട് 8943346192, 
കണ്ണൂര്‍ 8943346193, 
കാസര്‍ഗോഡ് 8943346194

click me!