പ്രിയപ്പെട്ടവരുടെ മുന്‍ഗണനാപട്ടികയില്‍നിന്ന് പൊടുന്നനെ നിങ്ങള്‍ പുറത്തായിട്ടുണ്ടോ?

By Speak Up  |  First Published Apr 10, 2023, 6:25 PM IST

എനിക്കും ചിലത് പറയാനുണ്ട്. സഫി അലി താഹ എഴുതുന്നു


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും നാമുപയോഗിക്കുന്ന ഒരു വാക്കാണ് മുന്‍ഗണന അഥവാ പ്രയോറിറ്റി. നമ്മുടെ വ്യക്തിപരമായ മുന്‍ഗണനാ പട്ടികയില്‍ ഒരു വര്‍ഷത്തിന് മുന്‍പുള്ള ഒരാളാണോ ഇന്നുള്ളത്? സത്യത്തില്‍ ചിന്തകള്‍ക്കും തിരിച്ചറിവുകള്‍ക്കുമൊപ്പം നാം നല്‍കുന്ന മുന്‍ഗണനാ സ്ഥാനങ്ങളും മാറിക്കൊണ്ടിരിക്കും. ഇനി അഥവാ ഒരാള്‍ ഒരേ സ്ഥാനത്ത് തുടരുന്നു എങ്കില്‍ പരസ്പരമുള്ള മനസ്സിലാക്കല്‍ അത്രയേറെ ആഴത്തിലുള്ളതാണ് എന്ന് പറയാം.

ഏത് തരത്തിലുള്ള ബന്ധമാവട്ടെ, ചിലതൊക്കെ കാലങ്ങള്‍ മായ്ച്ചുകളയും. വാക്കുകള്‍ പെരുമഴപോലെ  ആര്‍ത്തലച്ച് നമ്മിലേക്ക് പെയ്താവും ആ ബന്ധവും തുടങ്ങിയത്. പിന്നെയത് ഇടയ്ക്കിടെയുള്ള ചാറ്റല്‍ മഴയാവും. പിന്നെയത് വേനല്‍ മഴപോലെ അപൂര്‍വ്വമാവും. പിന്നെ വാക്കുകള്‍ വേനലായി വരണ്ടുണങ്ങും. മറുപടി കിട്ടാത്ത വാക്കുകളായി പിടഞ്ഞ് പിടഞ്ഞ് അവസാനമത് അവഗണനയുടെ കുപ്പത്തൊട്ടിയില്‍ ഒറ്റപ്പെടലിന്റെ തീയിലുരുകി അവസാനിക്കും.

രണ്ടുപേരില്‍ ഒരാള്‍ക്ക് മിണ്ടാന്‍ ആഗ്രഹമുണ്ടെങ്കിലും ചിലപ്പോള്‍ ഈഗോയുടെ വിഷത്തുമ്പികള്‍ മനസ്സില്‍ കൂടുവെയ്ക്കും. അവര്‍ക്കെന്താ മിണ്ടിക്കൂടെ എന്ന ചിന്തയുടെ കുത്തേറ്റ് അതവിടെ അവസാനിക്കും.

ചിലരുണ്ട്, അവര്‍ക്ക്  മിണ്ടാതിരിക്കാന്‍ ആകില്ല. അങ്ങോട്ട് പോയി സംസാരിക്കും. അപ്പുറത്ത് നിന്നും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി കിട്ടുന്ന അവസ്ഥയില്‍ തിരിച്ചറിവിന്റെ പക്ഷികള്‍ ചിറകടിക്കും. തന്നോട് ചോദിക്കാന്‍ ഒന്നുമില്ലാത്ത ശൂന്യമായ അവസ്ഥയെ കെട്ടിപ്പെറുക്കി അവര്‍ തിരികെ നടക്കും. പുറത്തേക്ക് ചാടാന്‍ വെമ്പുന്ന, ഒരിക്കലും പിറക്കാനിടയില്ലാത്ത വാക്കുകളുടെ ലഹളയില്‍, ആഴത്തില്‍ മുറിവേറ്റ അവരുടെ കണ്ണുകള്‍ നനയും. അവഗണനയുടെ നനവുകള്‍ തുടച്ചെറിഞ്ഞ് അവര്‍ മുഖത്താരു പുഞ്ചിരിയൊട്ടിക്കും. സന്തോഷത്തില്‍ മാത്രമല്ലല്ലോ പുഞ്ചിരിക്കാനാവുക, ചില പുഞ്ചിരികള്‍ക്ക് പിന്നില്‍ കരകയറാനാകാത്ത വേദനയുമുണ്ടാവും. 

ചിലരാണെങ്കില്‍ വിഷാദപ്പക്ഷികളുടെ കൊക്കിലൊതുങ്ങും. ചിന്തകളും സ്വപ്നങ്ങളും ഒരൊറ്റയാളിലേക്ക് ഫോക്കസ് ചെയ്ത അവര്‍ ആഴമറിയാത്ത ശൂന്യതയിലേക്ക് പോയി, ചിലപ്പോള്‍ ജീവിതം അവസാനിപ്പിക്കും. ചിലര്‍ ഇത് വിഷാദമാണെന്ന് തിരിച്ചറിഞ്ഞ് അതില്‍നിന്നും രക്ഷപ്പെടാന്‍ ഇഷ്ടമുള്ള എവിടേക്കെങ്കിലും ശ്രദ്ധ തിരിക്കും.

ചിലരാകട്ടെ  മിണ്ടിതീര്‍ക്കാനാകാത്ത വാക്കുകളുടെ അതിപ്രസരം എഴുതി തീര്‍ക്കും. പരസ്പരം പറഞ്ഞാലും എഴുതിയാലും തീരാതിരുന്ന വിശേഷങ്ങള്‍, പരിഭവങ്ങള്‍, പ്രണയവാക്കുകള്‍, കുഞ്ഞുകവിതകള്‍, ഏറെ ചേര്‍ത്തുപിടിക്കുമെന്നറിഞ്ഞുള്ള പിണക്കങ്ങള്‍ ഒക്കെയും ഒരു ഉന്മാദിയെ പോലെ എഴുതിത്തീര്‍ക്കും. ഇതിലേറെയും ആരും കാണാതെ പൊടിയടിച്ചു നശിക്കുമെങ്കിലും ഭ്രാന്ത് പിടിക്കാതിരിക്കാന്‍ അതുപകരിക്കും.

ഒരു വാക്കിന് കാത്തിരിക്കുന്ന ഒരുപാട് പേരുള്ളപ്പോള്‍, തങ്ങള്‍ കാത്തിരിക്കുന്ന ഒരേയൊരു വാക്ക് തിരികെ കിട്ടാതിരിക്കുന്ന മാനസികവ്യഥയെ ആര്‍ക്കും മനസ്സിലാകില്ല. അങ്ങനെ മനസ്സിലാക്കുന്ന ഒരു സുഹൃത്ത് നിങ്ങളെ കേള്‍ക്കാനുണ്ടെങ്കില്‍, മുന്‍ഗണനാ പട്ടികയില്‍ സ്ഥാനം മാറാതെ നിങ്ങളെ സ്‌നേഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഭാഗ്യമുള്ള ഒരാളാണ്.

click me!