Opinion : പ്രിയപ്പെട്ട കുട്ടികളേ, നിങ്ങളറിയേണ്ട ചിലതുണ്ട്, പാഠപുസ്തകത്തില്‍ ഇല്ലാത്ത ചിലത്!

By Speak Up  |  First Published Feb 5, 2022, 5:53 PM IST

എനിക്കും ചിലത് പറയാനുണ്ട്. ഹരി ആത്മഹത്യ ചെയ്ത വാര്‍ത്ത കൊടുങ്കാറ്റ് പോലെയാണ് ചെവിയിലേക്ക് ഇരച്ചുകയറിയത്. എസ് എസ് എല്‍ സി റിസള്‍ട്ട് വന്ന സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാവരും-. സഫീറ താഹ എഴുതുന്നു


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

 

ഹരി ആത്മഹത്യ ചെയ്ത വാര്‍ത്ത കൊടുങ്കാറ്റ് പോലെയാണ് ചെവിയിലേക്ക് ഇരച്ചുകയറിയത്. എസ് എസ് എല്‍ സി റിസള്‍ട്ട് വന്ന സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാവരും. 

സ്‌കൂള്‍ അദ്ധ്യാപകരായ ദമ്പതികളുടെ ഏകമകന്‍,  അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളും മകന്റെ കഴിവില്‍ പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നു അവര്‍ക്ക്. എന്നാല്‍ അവന് അവനെ വിശ്വാസമില്ലാതെ പോയി. തന്റെ തോല്‍വിയില്‍ വിഷമിക്കുന്ന അച്ഛനെയും അമ്മയെയും സങ്കല്‍പ്പിക്കാന്‍ അവനൊരിക്കലും ആകുമായിരുന്നില്ല, റെയില്‍വേ ട്രാക്ക്  ആ വിലപ്പെട്ട ജീവിതം കവര്‍ന്നെടുത്തു.  റിസള്‍ട്ട് വന്നപ്പോള്‍ നാട് അന്നുവരെ കണ്ടിട്ടില്ലാത്ത വിജയമായിരുന്നു അവന്‍ നേടിയത്. 

അമ്മ വഴക്ക് പറഞ്ഞാല്‍, അച്ഛന്‍ കണ്ണുരുട്ടിയാല്‍, ഭര്‍ത്താവ് എന്തെങ്കിലും പറഞ്ഞാല്‍, അമ്മായി കുത്തുവാക്ക് പറഞ്ഞാല്‍, പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒക്കെയും പരിഹാരം കാണുന്നത് സ്വയം ഇല്ലാതാക്കുക എന്നതിലാണ്.

ഏറ്റവും കൂടുതല്‍ സ്വയം സ്‌നേഹിക്കുന്നവര്‍ തന്നെയാണ് മരിക്കാനും തയ്യാറാകുന്നത്. തനിക്ക് ലഭിക്കേണ്ടത് നഷ്ടമായി, താന്‍ വേദനിക്കുന്നത് സഹിക്കാന്‍ കഴിയില്ല അവര്‍ക്ക്. ഒന്നുചോദിച്ചോട്ടേ, സ്വയം സ്‌നേഹിക്കുന്നു എങ്കില്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ അല്ലേ ശ്രമിക്കേണ്ടത്? 

പരീക്ഷാ ഫീസ് അടയ്ക്കാന്‍ അമ്മ കോളേജില്‍ ചെന്നപ്പോള്‍ സമയം കഴിഞ്ഞിരുന്നു. അതറിഞ്ഞ ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു എന്നതാണ് ഈയടുത്ത് കേട്ട മറ്റൊരു വാര്‍ത്ത. 

എത്ര ബുദ്ധിമുട്ടിയാകും ആ അമ്മ പൈസ സംഘടിപ്പിച്ചത്? കോളേജില്‍ അത് സ്വീകരിക്കാതെ വന്നപ്പോള്‍ അമ്മയുടെ ചിന്താഗതി എന്താകും? 

ജീവിതത്തില്‍ പരീക്ഷണങ്ങള്‍ ഒരുപാടാണ്, അതില്‍ വിജയിക്കാനുള്ളത് മാത്രമാണ് ഏതൊരു  പരീക്ഷയും. പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന പരീക്ഷണത്തെ അതിജീവിക്കാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെയാണ് പരീക്ഷകള്‍ വിജയിച്ചാലും കടമ്പകള്‍ ഏറെയുള്ള ജോലികളില്‍ ശോഭിക്കുക?  അനുഭവങ്ങളുടെ  മധുരവും കയ്പ്പും ഏറെയുള്ള ജീവിതസാഗരത്തില്‍ ശ്വാസംമുട്ടാതെ നീന്തിക്കടക്കുന്നത് എങ്ങനെയാണ്? 

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒരു  സ്‌കൂളിലെ  ഗൂഗിള്‍ മീറ്റില്‍ സംവദിച്ചപ്പോള്‍ ഒരു രക്ഷാകര്‍ത്താവ് പറഞ്ഞതാണ്.

'എന്റെ ബുദ്ധിമുട്ടുകള്‍ മക്കളെ അറിയിക്കാറില്ല, അവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. '

'ഭൂരിഭാഗം രക്ഷകര്‍ത്താക്കളും മക്കള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്നാണ് പറയുന്നത്, അവരെ വളര്‍ത്തുന്നതും ഭാവിയില്‍ ഉയരങ്ങളില്‍ എത്തിക്കുന്നതും നമ്മുടെ സന്തോഷത്തിനുവേണ്ടി കൂടിയാണ്. നമ്മള്‍ അത്രയും അവരെ സ്‌നേഹിക്കുന്നുണ്ട് അല്ലെ?'

'അതേ ശരിയാണ്'

'എങ്കില്‍ ഇല്ലായ്മകളും വല്ലായ്മകളും കുട്ടികള്‍ മനസ്സിലാക്കണം. ഇല്ലെങ്കില്‍ നിങ്ങളെന്ന മാതാവിനെ അല്ലെങ്കില്‍ പിതാവിനെ മക്കള്‍ മനസ്സിലാക്കില്ല. അവര്‍ നേടിയതൊക്കെയും നിസ്സാരമാണെന്ന്  അവര്‍ക്ക് തോന്നും, അവരുടെ ഓരോ നേട്ടത്തിന് പുറകിലും നിങ്ങള്‍ അനുഭവിച്ചത് മൊത്തവും പങ്കുവെച്ചില്ലെങ്കിലും 'നിങ്ങളുണ്ടായിരുന്നു 'എന്ന ബോധം മക്കള്‍ക്കുണ്ടാകണം. 

'അതെന്തിനാണ് പറയുന്നത്? മക്കള്‍ അല്ലലില്ലാതെ ടെന്‍ഷനില്ലാതെ  വളരട്ടെ'

നിങ്ങള്‍ എല്ലായ്‌പോഴും ആരോഗ്യത്തോടെ ഇരിക്കുമെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ? ആര്‍ക്കും പറ്റില്ല അങ്ങനൊരുറപ്പ്. അപ്പോള്‍ അതുവരെ ജീവിച്ച ഒരു അവസ്ഥയുണ്ട്, ജീവിതനിലവാരം  എന്ന് പറയും.  പിന്നെയും അതുപോലെ  മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നു വരും. പ്രതീക്ഷകള്‍ക്കൊത്ത് ജീവിക്കാനായില്ലെങ്കില്‍ ചില കുട്ടികള്‍ ടെന്‍ഷനാകും,  ജീവിതം അവസാനിപ്പിക്കും, നിങ്ങളെ വിസ്മരിക്കും, വെറുക്കും. എത്രയോ ഉദാഹരണങ്ങള്‍ ഈ കാലയളവില്‍ നാം കേട്ടു!'
'ശരിയാണ്'

'നിങ്ങള്‍ക്ക് മക്കളോട് സ്‌നേഹമുണ്ടെങ്കില്‍ ജീവിതവീഥിയില്‍ മുന്നോട്ട് നടത്താന്‍ അവരുടെ  കൈപിടിക്കുക മാത്രമല്ല, നിങ്ങളൊന്നിടറി പോയാല്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകാനും നിങ്ങളുടെ കൈപിടിക്കാനും വശങ്ങളില്‍നിന്നും തന്നെ നോക്കി പരിഹസിക്കുന്ന ജീവിത സത്യങ്ങളുടെ വേദനിപ്പിക്കുന്ന ഉപ്പുപരലുകളെ അതിജീവിക്കാനും ശീലിപ്പിക്കണം. അത് സാധിക്കുന്നത് നമ്മുടെ പ്രതിസന്ധികള്‍  തരണം ചെയ്ത വഴികള്‍ മക്കളോട് ഷെയര്‍ ചെയ്യുന്നതിലൂടെയാണ്, അതിലൂടെ 
ആത്മവിശ്വാസവും ധൈര്യവും  വളര്‍ത്തിയെടുക്കുന്നതിലൂടെയാണ് ..... ബാധ്യതകളും അവര്‍ക്ക് വേണ്ടി സഹിക്കുന്ന കഷ്ടപ്പാടും പറയണമെന്നല്ല, ചുരുങ്ങിയത് അനുഭവങ്ങളെങ്കിലും പങ്കുവെയ്ക്കണം. 

ഓരോ മനുഷ്യനും ആമയുടെ പുറന്തോട് പോലെ, എന്നാല്‍ അദൃശ്യമായ ഒരു  കവചമുണ്ട്, എന്തിനാണെന്നോ ഓരോ പ്രതിസന്ധിയും  സ്വയം  നേരിടാന്‍. 

ഒട്ടകപക്ഷിയെക്കാള്‍ വേഗത്തിലോടി തടസ്സങ്ങളെ തരണം ചെയ്യാനുള്ള ശേഷിനല്‍കുന്ന  ചിന്താശക്തിയുണ്ട്, കണക്കുകൂട്ടലുകളുണ്ട്. എന്തിനെന്നോ വീണുപോകാതെ പിടിച്ചുനില്‍ക്കാന്‍. 

ഓരോരുത്തരുടെ മനസ്സിലും ഒരു പോരാളിയുണ്ട് , എന്തിനെന്നോ ജീവനുള്ളതും ഇല്ലാത്തതുമായ പലവിധ ശത്രുക്കളെ പലരീതിയില്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തുവാന്‍.

പക്ഷേ അത് തിരിച്ചറിയണം, വളര്‍ത്തിയെടുക്കണം, സമയത്ത് ഉപകാരപ്പെടുത്തണം. അതിനുള്ള കഴിവും കൂടി മക്കള്‍ക്ക് കൊടുത്താലേ അവരുടെ ജീവിതമെന്ന വൃത്തം പൂര്‍ണ്ണമാകൂ. അല്ലെങ്കിലെപ്പോഴും ആത്മഹത്യ എന്നൊരു ത്രികോണം അവര്‍ സൂക്ഷിക്കും, ആവശ്യത്തിനുപയോഗിക്കാന്‍!
 

click me!