എനിക്കും ചിലത് പറയാനുണ്ട്. ഇങ്ങനെയുമുണ്ട് പ്രസവം. സഫീറ താഹ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
'ആ വയറിലും കുഞ്ഞുണ്ട്, അതുമൊരു സ്ത്രീയാണ്.....'
ഓഫീസിലേക്കുള്ള പതിവ് യാത്രയില്‍ അലസമായി പുറത്തേക്കെറിഞ്ഞ നോട്ടത്തിലുടക്കിയ കാഴ്ചയിലേക്ക് ശ്രദ്ധ ക്ഷണിക്കാനാകണം ആത്മഗതമെന്നോണം ഇക്ക അങ്ങനെ പറഞ്ഞത്. അത് കേട്ടപ്പോഴാണ് ഞാനും അങ്ങോട്ടേക്ക് മിഴികള്‍ പായിച്ചത്.
മാമം മൈതാനത്തിന് സമീപം കൃഷ്ണ, നടരാജ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ വേലയില്‍ മുഴുകിയിരിക്കുന്നു. അവരോടൊപ്പമുള്ള ഒരു സ്ത്രീ പിച്ചാത്തി ആഞ്ഞടിക്കുകയാണ്. അവളുടെ കുഴിഞ്ഞകണ്ണുകളാണ് ആദ്യം കണ്ണില്‍പ്പെട്ടത്. പുറത്തേക്കുന്തിയ വയറില്‍ കുഞ്ഞ് കൈകാലിട്ടടിക്കുന്നത് പോലെ തോന്നി. ആയാസമൊന്നുമില്ലാതെ അവള്‍ ഒരു കയറെടുത്ത് മുളയുടെ മുകളിലിരിക്കുന്ന അവളുടെ ഭര്‍ത്താവിന് കൊടുത്ത ശേഷം ചെയ്തുകൊണ്ടിരുന്ന പണിയില്‍ വീണ്ടും വ്യാപൃതയായി.
തൊട്ടടുത്ത് സര്‍ക്കസ് തമ്പുയര്‍ന്നിരിക്കുന്നു. അലഞ്ഞുനടക്കുന്ന കുതിരകളോടൊപ്പം അവരുടെ കൂട്ടത്തിലുള്ള ചെറിയ ബാലന്മാര്‍ ഓടിനടക്കുന്നുണ്ട്. തട്ടിലുയര്‍ത്തിയ പലവര്‍ണ്ണ ബലൂണുകളെ നോക്കി ഒരു കുഞ്ഞിപ്പെണ്ണ് വലിയവായില്‍ കരയുന്നുണ്ട്. പൂച്ചയെ കണ്ടാല്‍ പേടിച്ചു നിലവിളിക്കുന്ന എന്റെ മക്കള്‍ മനസ്സിലോടിയെത്തി, കരയുന്നതിനുമുന്‍പ് അവരുടെ കൈയിലെത്തുന്ന ബലൂണ്‍ ഒരു മിനിറ്റിനകം അവര്‍ കുത്തിപ്പൊട്ടിച്ചിരിക്കും !
'അവളിപ്പോള്‍ പ്രസവിക്കും ഇക്കാ എനിക്ക് ശ്വാസംമുട്ടുന്നു...'-ആ കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയായി എന്ന് എനിക്ക് തോന്നുന്നു. '
'ഇനി അധിക സമയമില്ലടീ. പാവം...'-ഇക്കയും മറുപടി പറഞ്ഞു.
തൊട്ടടുത്ത് പൂഴിമണ്ണില്‍ കുത്തിമറിയുന്ന ഒന്നരവയസ്സ് പ്രായം തോന്നിക്കുന്നൊരു കുട്ടിയെ അവള്‍ അടുത്തേക്ക് വിളിക്കുന്നുണ്ട്, മൂന്നുവയസ്സായ പെണ്‍കുട്ടി കൂടാരത്തില്‍നിന്നും ഓടിയിറങ്ങി ആ കുഞ്ഞിനെ എടുത്ത് അമ്മയ്ക്ക് നല്‍കിയശേഷം വിഗ്രഹത്തില്‍ പൊടിയടിക്കാന്‍ തുടങ്ങി. അമ്മ കുഞ്ഞിന് പാത്രത്തില്‍ ആഹാരം നല്‍കി, ചിരിച്ചുകൊണ്ടവന്‍ അത് വാരിവാരി കഴിച്ചു.
എത്ര ഊര്‍ജ്ജസ്വലതയോടെയാണ് ആ മക്കള്‍ കാര്യങ്ങള്‍ ചെയ്യുന്നത്! വീട്ടിലും ഉണ്ട് മക്കള്‍. പൊടിയിലിറങ്ങിയാല്‍ ശ്വാസംമുട്ട്, മണ്ണില്‍ തൊട്ടാല്‍ അലര്‍ജി, ചൊറി, സ്‌കിന്‍ ഇറിറ്റേഷന്‍. ആഹാരം കൊടുക്കാന്‍ ലോകത്തെ എല്ലാ മൃഗങ്ങളുടെയും കഥ പറയണം. വിറ്റാമിന്‍ A മുതല്‍ z വരെയുള്ള എല്ലാ പോഷകാഹാരങ്ങളും ഉള്‍പ്പെടുത്തി ഉരുട്ടിവായില്‍ കൊടുത്താലും മോന്തയ്ക്ക് തുപ്പുന്ന മക്കള്‍! ആരോടെന്നില്ലാതെ ഞാനെന്റെ പരിദേവനത്തിന്റെ കെട്ടഴിച്ചു.
'എടീ നീ ഒന്നോര്‍ത്തുനോക്കിയേ, ഒരു കുഞ്ഞിനെ കിട്ടാന്‍ നമ്മള്‍ കയറിയിറങ്ങിയ ഹോസ്പിറ്റലുകള്‍, ചെലവാക്കിയ ലക്ഷങ്ങള്‍. അതും പോരാഞ്ഞിട്ട് സര്‍വ്വശക്തന്‍ ഒരു കുഞ്ഞിനെ ഉദരത്തില്‍ ജനിപ്പിച്ച അന്നുമുതല്‍ സിസേറിയന്‍ ചെയ്യുന്ന അന്നുവരേയും കട്ടകൊണ്ട് കട്ടില്‍പൊക്കി കിടന്ന ഒന്‍പത് മാസക്കാലം...നിന്റെ ഗര്‍ഭകാലം!'
ഞാന്‍ മക്കളെ പറഞ്ഞപ്പോള്‍ എന്നെയൊന്നു കുത്തിയതാണോ എന്ന് ഞാനൊന്നു ചുഴിഞ്ഞുനോക്കി. അല്ല വളരെ ആത്മാര്‍ഥമായിട്ട് താരതമ്യം ചെയ്ത് പറഞ്ഞത് തന്നെയാണ്.
'ആ കുഞ്ഞിമുളയുടെ മുകളില്‍ വളഞ്ഞിരിക്കുന്ന ആ മനുഷ്യനെ കണ്ടോ? എത്ര ഉയരത്തിലാ, മുള വളയുന്നതനുസരിച്ച് അഭ്യാസിയെ പോലെ അയാളും വളയുന്നു. നിങ്ങളെങ്ങാനും ആയിരുന്നെങ്കില്‍ കാല്‍ വെയ്ക്കുംമുമ്പ് ടപ്പോ പൊത്തോന്ന് നിലത്ത് വീണേനെ.'
എന്തൊരാശ്വാസം! ഇതൊക്കെ പെട്ടെന്ന് പറയാന്‍ തോന്നിക്കുന്നതിന് ദൈവത്തിന് സ്തുതി. ഞാന്‍ മനസ്സില്‍ പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും അവിടെത്തിയപ്പോള്‍ അവരെ നോക്കി. പിച്ചാത്തി അടുക്കി വെയ്ക്കുന്ന ആ സ്ത്രീയുടെ കൈയില്‍ പഴന്തുണിയില്‍ പൊതിഞ്ഞൊരു കുട്ടിയുണ്ടായിരുന്നു. അവളുടെ വയര്‍ ഒട്ടിയിരുന്നു.
ലക്ഷങ്ങളുടെ നഷ്ടമില്ലാതെയും, ഓപ്പറേഷന്‍ തീയേറ്ററിന് മുന്നില്‍ നെഞ്ചിടിക്കുന്ന കാത്തിരിപ്പില്ലാതെയും, വേലക്കാരിക്കും ഹോസ്പിറ്റലില്‍ നില്‍ക്കുന്നവര്‍ക്കും ചായയും വടയും ഊണും അല്‍ഫാം, ഷവര്‍മ ഒന്നും വാങ്ങി കാല്‍ തേയാതെയും ഇതിന്റെയൊന്നും തളര്‍ച്ചയില്ലാതെയും ആ മനുഷ്യന് ഒരു കുഞ്ഞിനെകൂടി ദൈവം സമ്മാനിച്ചിരിക്കുന്നു.
മുളക്കമ്പുകള്‍ വളച്ച് കൂടാരം നന്നാക്കിയിരിക്കുന്നു . ഉടുത്തുനരച്ചൊരു സാരി തൊട്ടിലായി രൂപാന്തരപ്പെട്ടിരുന്നു. അവള്‍ പതിയെ എഴുന്നേറ്റ് കുഞ്ഞിനെ തൊട്ടിലിലേക്ക് കിടത്തി. നാഷണല്‍ ഹൈവേയിലെ വാഹനങ്ങളുടെ വലിയ ശബ്ദത്തിലും സര്‍ക്കസ് തമ്പില്‍നിന്നുമുയരുന്ന ശബ്ദങ്ങളുടെയും യാതൊരു അരോചകവുമില്ലാതെ കുഞ്ഞ് ശാന്തമായി ഉറങ്ങുന്നു. അല്ലെങ്കിലും അമ്മയുടെ അദ്ധ്വാനത്തിന്റെ ശബ്ദം ഉദരത്തില്‍ വെച്ചേ പരിചയമാണല്ലോ. അവള്‍ മൂത്ത കുഞ്ഞിന് ഡ്രസ് ഇടീക്കാന്‍ തുടങ്ങി. പതുപതുത്ത തൊട്ടിലില്‍ തൊള്ളക്കീറി താരാട്ടിയാലും മിഴിച്ചുനോക്കുന്ന നമ്മുടെയൊക്കെ മക്കളെയോര്‍ത്തു ഞാന്‍. പല്ലി ചിലച്ചാലും മിഴിച്ചുനോക്കി കിടക്കുന്നവര്‍.
ഇപ്പോഴത്തെ കാലത്ത് നമ്മുടെ നാട്ടില്‍ ഒരു സ്ത്രീ പ്രസവിച്ചാല്‍ പിടിക്കാനും കിടത്താനും എത്രപേരുണ്ടാകും, എന്തൊക്കെ ആഹാരങ്ങള്‍, പാല്‍ മുട്ട, ഫലവര്‍ഗ്ഗങ്ങള്‍, മഞ്ഞള്‍ തേയ്ക്കല്‍, ധന്വന്തരം കുഴമ്പ് തേയ്ക്കല്‍, തേച്ചുകുളി, വേദ്, മരുന്നുകള്‍, ലേഹ്യങ്ങള്‍, മുടികളയല്‍, നാല്പത്, ഇരുപത്തെട്ട്, പേരിടല്‍, സദ്യ, സ്വര്‍ണ്ണം.
ഇതൊക്കെ കഴിഞ്ഞാലോ ചിലരൊക്കെ തടി കൂടി രൂപവും മാറും. നടുവേദന, വായു, കൈകാല്‍ കടച്ചില്‍ എന്നിവ വേറെയും. കുഞ്ഞ് വയറില്‍നിന്നും പുറത്തിറങ്ങി ഓടിനടന്നുതുടങ്ങിയാലും ഇനിയും ഇരട്ടക്കുട്ടികള്‍ കിടക്കുന്ന പോലെ വയര്‍ പോകാന്‍ മടിച്ചുനില്‍ക്കുന്നുണ്ടാകും !
ആ സ്ത്രീയുടെ രൂപഭംഗിയും മനോഹാരിതയും ആരുടേയും മനംകവരും. അദ്ധ്വാനത്തിന്റെ മാത്രം സഹായത്തില്‍ രൂപഭംഗിയും മനോഹാരിതയും നിലനിര്‍ത്തുന്ന അവര്‍ക്ക് കൊഴുപ്പ് കളയാന്‍ ജിമ്മില്‍ ഒന്നും പോകേണ്ട. ബ്യൂട്ടി പ്രൊഡക്ടുകളും വേണ്ട!