മകള്‍ ഋതുമതിയാവുന്നത് ഭയക്കുന്ന അമ്മമാര്‍, അവള്‍ വളരുന്നത് ആധിയോടെ കാണുന്നവര്‍!

By Web Team  |  First Published Sep 8, 2022, 4:05 PM IST

എനിക്കും ചിലത് പറയാനുണ്ട്. വായനക്കാരുടെ നിലപാട് എഴുത്തുകള്‍.  ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ സന്തോഷത്തേക്കാള്‍ ഇന്നത്തെ കാലത്തും അച്ഛനമ്മമാര്‍ക്ക് ഭയമാണ്. അവള്‍ വലുതാകുമല്ലോ എന്ന ഭയം. രോഷ്‌ന മെല്‍വിന്‍ എഴുതുന്നു


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

 

സ്ത്രീക്ക് സ്വാതന്ത്ര്യം ഉണ്ടാകുകയില്ല / ഇല്ല എന്ന് പറയുന്നതിന്റെ കാരണം അവള്‍ വഹിക്കുന്ന 'ഗര്‍ഭപാത്രമാണ്', അല്ലേ?. ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ സന്തോഷത്തേക്കാള്‍ ഇന്നത്തെ കാലത്തും അച്ഛനമ്മമാര്‍ക്ക് ഭയമാണ്. അവള്‍ വലുതാകുമല്ലോ എന്ന ഭയം. കൈ വളരുമ്പോള്‍, കാല്‍ വളരുമ്പോള്‍, അവയവങ്ങള്‍ വളരുമ്പോള്‍, ശരീരം വളര്‍ന്നു തുടങ്ങുമ്പോള്‍ ചെറിയൊരാധി ഭൂരിഭാഗം മാതാപിതാക്കള്‍ക്കും ഉണ്ടാകും. 

എന്റെ ഒരു കൂട്ടുകാരിയെ കുടുംബമായി ഞാന്‍ ഒരിക്കല്‍ കണ്ടു. പിന്നീട് ഞാന്‍ അവളുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവളോട് മകള്‍ വലിയ കുട്ടിയായോ എന്ന് ചോദിച്ചു. അപ്പോള്‍ അവള്‍ പറയുകയാ    -'വലിയ കുട്ടിയോ യ്യോ! ഇല്ല, അതൊന്നും പറഞ്ഞ് പേടിപ്പിക്കല്ലെ. ഇപ്പോഴൊന്നും വേണ്ട.' എന്ന്. 

കണ്ടില്ലേ ഒരു പെണ്‍കുട്ടി ഋതുമതിയായാല്‍, അമ്മയാകാനുള്ള കെല്‍പ്പായി എന്നറിഞ്ഞാല്‍ എല്ലാത്തിലും മീതേയുള്ള ഭയം. 

അപ്പോള്‍ ഭയത്തിന്റെ കാരണം ഗര്‍ഭപാത്രവും അനുബന്ധ അവയവങ്ങളും തന്നെ! പെണ്ണിന്റേതായ ആകാരവടിവ്, മാറ്, നിതംബം ഇത്യാദികള്‍ പ്രശ്‌നമാണെന്ന് എന്നോ ജനങ്ങള്‍ വിധിയെഴുതി. പെണ്‍ ശരീരത്തെ നോക്കി ആസ്വദിക്കുകയും കാമാസക്തിയോടെ അയവിറക്കുകയും ഭോഗിക്കാനുള്ള ഇച്ഛ പുരുഷന്മാരില്‍ ജനിക്കുകയും ചെയ്യും എന്ന ഭയം. ഈ ഭയം കാരണം വീട്ടുകാര്‍ അവളെ കൂട്ടിലടക്കുന്നു.

അവളില്‍ ഒരു ജീവന്‍ ഉരുവാകേണ്ടതാണ്, ഉരുവാകും എന്നുള്ള ബോധ്യം. അവള്‍ പെണ്ണാണെന്നുള്ള ബോധ്യം. അവളുടെ സംരക്ഷണം വീട്ടുകാരുടേയും നാട്ടുകാരുടെയും ഒരു പോലെ അവശ്യമായി വരുന്നു.
ആരും തൊടാത്ത, കന്യകാത്വം നഷ്ടപ്പെടുത്താത്ത പെണ്ണ് ഞങ്ങളുടെ കയ്യിലുണ്ടെന്ന് വീമ്പ് പറയാന്‍, വില പേശാനുമൊക്കെയായി തന്നെ!

കാലം എത്ര മാറിയാലും എത്ര പുരോഗമിച്ചാലും പുരുഷന്മാര്‍ക്ക് മാത്രമേ ബീജം ഉത്പാദിപ്പിക്കാന്‍ സാധിക്കൂ. സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം ഉത്പാദിപ്പിക്കാനും ഗര്‍ഭം ധരിക്കാനും കുഞ്ഞിനെ 10 മാസം വയറ്റില്‍ ചുമക്കുവാനും, പ്രസവിക്കുവാനും, മുലയൂട്ടുവാനും സാധിക്കൂ. ഈ സത്യം നിലനില്‍ക്കേ സ്ത്രീകളെ എന്നും സംരക്ഷിക്കാനെന്ന വ്യാജേന ബന്ധനം തന്നെ!

ഇപ്പോഴും അഞ്ച് വയസ് മാത്രമുള്ള പെണ്‍കുഞ്ഞിന് അവള്‍ക്കിഷ്ടപ്പെട്ട കയ്യില്ലാത്തതും ഇറക്കം കുറവുള്ളതുമായ ഉടുപ്പിടുവിക്കാത്ത മാതാപിതാക്കള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? അത്ര ചെറുപ്പത്തിലെ  അവളുടെ കുഞ്ഞ് മോഹങ്ങള്‍ക്ക് മേലെ നിയന്ത്രണങ്ങള്‍ ഉണ്ട്. പത്ത് വയസായ എത്രയോ പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ കൂടെ കളിക്കാന്‍ വിടാതിരിക്കുന്നു. ഈ 2022 -ലും നിയന്ത്രണങ്ങളും സ്വാതന്ത്ര്യമില്ലായ്മയും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. 'പെണ്ണ് ' ഏത് ലോക രാജ്യത്ത് ജനിച്ചാലും ഇത് തന്നെയാണ് അവസ്ഥ.

എന്റെയൊക്കെ ബാല്യത്തില്‍ എന്നെ ആണ്‍കുട്ടികളുടെ പോലെ മുടി വെട്ടിക്കുകയും എല്ലാ തരത്തിലുള്ള വസ്ത്രങ്ങളും ധരിപ്പിക്കുകയും ധൈര്യസമേതം നടക്കാന്‍ ധൈര്യം തരികയും ചെയ്തിരുന്നു. എന്നാല്‍, ചുറ്റുമുള്ള ചില വീടുകളിലോ ബന്ധുഗൃഹങ്ങളിലോ ഒന്നും ആ അവസ്ഥ ഞാന്‍ കണ്ടിട്ടില്ല. ആണ്‍ പെണ്‍ വ്യത്യാസം തന്നെ ഞാന്‍ മനസിലാക്കിയത് കൂട്ടുകാരികളില്‍ നിന്നാണ്. എന്റെ മുടി കണ്ട് എന്റെ കൂട്ടുകാരി ചോദിച്ചു -'നിന്റെ മുടിയെന്താ ഇങ്ങനെ, പെണ്‍കുട്ടികള്‍ മുടി നീട്ടി വളര്‍ത്തണം' എന്ന്. 

ഞാന്‍ പറഞ്ഞു എനിക്കിഷ്ടം ഇങ്ങനെയാണെന്ന്. അവളുടെ അച്ഛനും അച്ഛമ്മയും ഒന്നും മുടി വെട്ടാന്‍ സമ്മതിക്കില്ലാത്രേ കാരണം പെണ്‍കുട്ടിക്ക് ചേല് മുടി നീട്ടുന്നതാണത്രേ. അത് കേട്ടപ്പോള്‍ എനിക്കും ആകെ സങ്കടമായി. ഞങ്ങള്‍ കളിക്കാന്‍ പോകുമ്പോള്‍ മിക്ക പെണ്‍കുട്ടികളെയും വീട്ടില്‍ പണികള്‍ ചെയ്യാനായി പിടിച്ച് നിര്‍ത്താറുണ്ട്. അച്ഛന്‍ ഇടപ്പെട്ട് പലരും പിന്നീട് കുട്ടികളെ കളിക്കുവാന്‍ വിട്ടിട്ടുമുണ്ട്. നിയന്ത്രണങ്ങള്‍ എപ്പോഴും ഉണ്ടായിരുന്നു. കളിയുടെ സമയം, ഏതൊക്കെ കളികള്‍, അകലേക്ക് പോവരുത് .. അങ്ങനെ പോകുന്ന നിബന്ധനകള്‍.

കളിക്കാനുളള സമയം എപ്പോഴും വളരെ കുറച്ചു മാത്രമേ അവര്‍ക്ക് കിട്ടൂ. ആണ്‍കുട്ടികള്‍ അഞ്ചര, ആറുമണി വരെയൊക്കെ കളിക്കുമ്പോള്‍ പെണ്‍കുട്ടികളെ അഞ്ചു മണിക്ക് വലിച്ചിഴച്ച് കൊണ്ട് പോകും. ചില പെണ്‍കുട്ടികളെ ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നീ കളികള്‍ക്കൊന്നും വിടില്ല. അങ്ങനെ ചാടി ഓടി മറയാനൊന്നും പെണ്‍കുട്ടികള്‍ക്ക് പാടില്ലാത്രേ. വല്ലാത്ത ഗതികേട് തോന്നും.  സ്‌കൂളില്‍ എത്തിയാലാണ് ആകെ ഒരു സ്വസ്ഥതയും സന്തോഷവും അവര്‍ക്കുള്ളത്. 

പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞ എത്രയോ കുട്ടികള്‍ വീട്ടിലിരിക്കുന്നു, വിവാഹം കഴിപ്പിച്ചു വിടുന്നു. എനിക്ക് ഏറ്റവും സങ്കടം പഠിക്കാന്‍ മിടുക്കികളായ കുട്ടികളെ കെട്ടിച്ചു വിടുമ്പോഴാണ്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവരുടെ ആഗ്രഹം വീട്ടുകാര്‍ കണ്ടില്ലെന്ന് നടിച്ച് നിര്‍ബന്ധിച്ച് ഒരാളുടെ തലയില്‍ കെട്ടിവയ്ക്കുന്നു. 

എന്നെ എന്റെ വീട്ടുകാര്‍ സ്വാതന്ത്ര്യം തന്ന വളര്‍ത്തിയതിന് അവര്‍ ഒരുപാട് പഴിയും പരിഹാസവും കേട്ടിട്ടുണ്ട്.

ചേച്ചി തൊട്ടുള്ള എല്ലാ കുട്ടികളെയും സ്‌കൂള്‍ / കോളേജ് ടൂറിന് വിടുമായിരുന്നു. ഇതിനു പോലും പെണ്‍കുട്ടികളെ പറഞ്ഞയക്കാത്ത മാതാപിതാക്കള്‍ ഈ കാലത്തും ഞങ്ങളുടെ കണ്‍മുന്‍പിലുണ്ട്. ഞാന്‍ എന്‍ട്രന്‍സ് കോച്ചിംഗിന് പോയിരുന്ന കാലം. സാധാരണ സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് വൈകിട്ടാണ് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുള്ളത്. ട്യൂഷന്‍ ക്ലാസ്സില്‍ പോയി തിരിച്ചുവരുമ്പോള്‍ 7-7:30 മണിയാവും. അപ്പോള്‍ അയല്‍പക്കകാര്‍ ചോദിച്ചിട്ടുണ്ട് പെണ്‍കുട്ടികളെ രാത്രിയൊക്കെ പഠിക്കാന്‍ വിടുന്നതെന്തിനാ? നേരത്തും കാലത്തൊക്കെ വീട്ടില്‍ എത്തുന്ന രീതിയില്‍ പഠിപ്പിച്ചാല്‍ പോരെയെന്ന്. ഞങ്ങളുടെ വീട്ടിലെ എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതിനും നാട്ടുകാര്‍ക്കും അകന്ന ബന്ധുക്കള്‍ക്കും വിമ്മിഷ്ടമായിരുന്നു. ഞങ്ങളുടെ വീട്ടിലുള്ള മുതിര്‍ന്നവര്‍ക്ക് ഇല്ലാത്ത വിഷമമായിരുന്നു നാട്ടുകാര്‍ക്ക് ബന്ധുക്കള്‍ക്കും ഉണ്ടായിരുന്നത്.

കുടുംബത്തിലെ അമ്മമാര്‍ ജോലിക്ക് പോയിരുന്നവരാണ്. പല സ്ഥലങ്ങളിലേക്ക് ജോലി മാറ്റം കിട്ടുമ്പോള്‍  അവരൊക്കെ നേരത്തെ പോകുകയും വളരെ നേരം വൈകി തിരിച്ച് വരികയും ചെയ്യും. ഇവരൊന്നും മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ അല്ല ജീവിച്ചിരുന്നത് എന്നത് മറ്റൊരു സത്യം. ഞാന്‍ ജോലിക്ക് പോയിരുന്ന സമയത്ത്, വൈകി വീട്ടില്‍ എത്തിയാല്‍ അവരുടെ ജനലിനുളളിലൂടെ ഒളിഞ്ഞ് നോക്കി കുറ്റം കണ്ടുപിടിക്കുന്ന ടീംസുമുണ്ട്.

എനിക്ക് ഇഷ്ടപ്പെട്ടയാളെ, അതും പ്രണയിച്ച്, പോരാത്തതിന് അന്യജാതിയില്‍ പെട്ടയാളെ വിവാഹം കഴിച്ചതും വളര്‍ത്ത് ദോഷവും എന്റെ അഹങ്കാരവുമെന്നാണ് ചിലരൊക്കെ പറഞ്ഞത്. എനിക്ക് എന്റെ വീട്ടുകാര്‍ തന്ന സ്വാതന്ത്ര്യം ഞാന്‍ ദുരുപയോഗം ചെയ്തു എന്നും കേട്ടിരുന്നു.

പെണ്ണുങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാത്തവരായാണ് ഐതിഹ്യങ്ങളിലും ഇതിഹാസങ്ങളിലും മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞാല്‍ ഉടനടി ഈ ഗ്രന്ഥങ്ങളില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് എന്നും അതാണ് നമ്മുടെ സംസ്‌കാരം എന്നും പറഞ്ഞ് വായടപ്പിക്കുകയും ചെയ്യും. 

ഇന്ത്യയിലെ അഭിമാന വനിതകളായ സാവിത്രിബായ് ഫൂലേയേയും മന്ത്രിസഭാ പദവി വഹിച്ച ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിജയ ലക്ഷ്മി പണ്ഡിറ്റിനെയും ധീര വനിത ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയേയും പാശ്ചാത്യ വൈദ്യശാസ്ത്ര പാരമ്പര്യത്തില്‍ പരിശീലനം നേടിയ ആദ്യത്തെ ദക്ഷിണേഷ്യന്‍ വനിതാ ഡോക്ടര്‍മാരില്‍ ഒരാളും ആദ്യത്തെ ഇന്ത്യന്‍ വനിതാ ഡോക്ടറുമായിരുന്നു ആനന്ദിബായ് ജോഷിയേയും കേരളത്തില്‍ നിയമബിരുദം നേടിയ ആദ്യ വനിതയായ ജസ്റ്റിസ് അന്ന ചാണ്ടിയെയും ഇന്ദിരാ ഗാന്ധി, കല്‍പന ചൗള, പി.ടി ഉഷ, ഫൂലന്‍ ദേവി ... എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അനേകം മുന്‍നിര ധീര വനിതകളെയും നമുക്ക് ഓര്‍മ്മയുണ്ട്് എന്നാല്‍, ഇപ്പോഴും സഹനത്തിന്റെ കരുണയുടെ ത്യാഗത്തിന്റെ നിറകുടങ്ങളായ സീതയെയും ദ്രൗപതിയേയും ശകുന്തളയും ഊര്‍മ്മിളയേയും എല്ലാം വരച്ച് കാണിച്ച് സ്ത്രീകളെ കൂട്ടിലടക്കുകയാണ്.

സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുവാനോ ഭക്ഷണം ഉണ്ടാക്കുവാനോ പുറത്തു പോകുവാനോ കൂട്ടുകാരെ കാണാനോ യാത്ര പോകാനോ സ്വന്തമായി ജോലി ഉണ്ടായിട്ടും ശമ്പളത്തില്‍ നിന്നും സ്വന്തമായി ചിലവാക്കാനും സ്വാതന്ത്ര്യമില്ലാത്ത കുടുംബങ്ങള്‍. ശരീരം 'പെണ്ണ് ' എന്ന ലേബലില്‍ ഉള്ളടത്തോളം കാലം അവളെ അവളുടെ അവയവങ്ങള്‍ ചതിച്ചു കൊണ്ടിരിക്കുന്നു. അത് വിചാരിച്ച് ആരെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്യുമോ? ഇല്ല. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുവാനും പ്രസവിക്കുവാനും മുലയൂട്ടുവാനും പരിപാലിക്കുവാനും വളര്‍ത്തുവാനും ഇഷ്ടമില്ലാത്ത പെണ്ണുങ്ങള്‍ വളരെ ചുരുക്കമാണ്. അമ്മയുടെ ഉത്തരവാദിത്വങ്ങള്‍ ചെയ്യുന്നതോടൊപ്പം തന്നെ മറ്റുള്ള ജോലികളിലും ചെയ്യുവാനുള്ള മള്‍ട്ടി ടാസ്‌കിങ്ങും സാധിക്കുന്ന സ്ത്രീകളാണ് ബഹുഭൂരിപക്ഷവും ഉള്ളത്. 
 
ജീവിത സാഹചര്യങ്ങള്‍, ചിലവുകള്‍ ഓരോ വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടി വരികയാണല്ലോ. എന്റെ അമ്മയുടെ / അച്ഛന്റെ ഒക്കെ തലമുറയില്‍ കൂടുതലും വിദ്യാഭ്യാസം ഉള്ളവരും ജോലിക്കാരായും സ്ത്രീകള്‍ മാറി, അവരുടെ കാഴ്ചപ്പാടുകള്‍ മാറി. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കുക എന്നതിലുപരി അവര്‍ കുറച്ച് കൂടി കുടുംബത്തിനായി ജീവിക്കുക എന്നതായിരുന്നു സത്യം. പക്ഷേ അന്നൊക്കെ ഭര്‍ത്താക്കന്മാര്‍ ഭൂരിഭാഗവും ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ വലിയ ഉപകാരം ഒന്നും ഉണ്ടായിരുന്നില്ല. അതും ഒരു തരം അസ്വാതന്ത്ര്യം അല്ലേ സ്ത്രീകള്‍ക്ക് നല്‍കുന്നത്. അതായത് ഭാര്യമാര്‍ തന്നെ കാട്ടിയ ജോലിയും വീട്ടുജോലികളും ചെയ്യണം എന്നത്. 

അമ്മ ഒരു ദൈവമാണ് എന്ന സങ്കല്‍പ്പത്തില്‍ നിന്നും മനുഷ്യ സ്ത്രീയായി പരിഗണിക്കുകയും ഭര്‍ത്താക്കന്‍മാരെ ഭാര്യമാര്‍ ദൈവമായി കണക്കാക്കുന്നതും മാറ്റണം. പകരം പരസ്പരം ബഹുമാനം ആവാം. 
വിദേശ രാജ്യത്ത് ജോലിസ്ഥലത്തും അമ്മമാര്‍ കുട്ടികളെ കൊണ്ടാണ് പോകുന്നത്, അവിടെ കുട്ടികള്‍ക്കായി ഡേകെയറും കാണും. അത് പോലെ നമ്മുടെ രാജ്യത്തും സംവിധാനങ്ങള്‍ വരണം. മാതാപിതാക്കള്‍ മക്കള്‍ക്ക് കരുതലും സ്‌നേഹവും കൊടുക്കാന്‍ ബാധ്യസ്ഥരാണ്. അത് രണ്ട് പേരുടേയും കടമയാണ്. കുട്ടികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അത് കൊടുക്കണം എന്ന് മാത്രം, ഒന്ന് / രണ്ട് വയസ്സില്‍ കൊടുക്കേണ്ട ലാളനയും കരുതലും അഞ്ചു വയസ്സു കഴിഞ്ഞു കൊടുത്തിട്ട് കാര്യമില്ല. ജീവിതം  കരുപ്പിടിപ്പിക്കാന്‍ അമ്മമാര്‍ തന്നെ ഇറങ്ങിതിരിക്കേണ്ട സാഹചര്യങ്ങളില്‍, അനുഭവങ്ങളില്‍ ഈ ലാളനക്കും കരുതലിനും ഒരു പരിധി ഉണ്ടാകും. എങ്കിലും മിക്ക അമ്മമാരും  ഇതെല്ലാം തരണം ചെയ്യും.

സ്‌നേഹം, ദയ, കാരുണ്യം, ത്യാഗം എന്നുള്ള എല്ലാ ഭാവങ്ങളും സ്വഭാവങ്ങളും മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ അവളില്‍ / അവനില്‍ നിക്ഷിപ്തമായിരിക്കും. അത് പ്രകടിപ്പിക്കുന്നത് പല സാഹചര്യങ്ങളിലും സമയങ്ങളിലും ആയിരിക്കും. അവര്‍ ഇപ്പോള്‍ ആയിരിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും മാറി ഓരോ വ്യക്തികള്‍ ആയി കണ്ടാല്‍ തീരുന്ന പ്രശ്‌നങ്ങളെ ഉള്ളൂ. ഒരു സ്ത്രീ വേറൊരു സ്ഥലത്തേക്ക്, വീട്ടില്‍ നിന്നും കുറച്ച് അകലേക്ക് ജോലിക്ക് പോയെന്നു വെച്ച് ഈ സ്‌നേഹവും ദയയും ഒന്നും അറ്റ് പോകില്ലെന്ന് കുടുംബത്തിലുള്ളവര്‍ മനസ്സിലാക്കണം. പെണ്ണിന്റെ ശരീരത്തിന് നേരെയുള്ള ആക്രമണങ്ങള്‍ പേടിച്ചിട്ടാണെങ്കില്‍ അവളെ ആയോധന കല പഠിപ്പിക്കൂ. തനിക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളില്‍ ' No' പറയൂ. പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് കാണിക്കൂ. 

വിദ്യാഭ്യാസം സ്വാതന്ത്ര്യം തരും എന്ന് പറയുന്നവരോട് ഒരു നിമിഷം... എത്രയോ വിദ്യാഭ്യാസമുള്ള സ്ത്രീകളെ വീടിനകത്ത് ഇപ്പോഴും തളച്ചിട്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? 

അടുത്ത തലമുറയിലെ പെണ്ണുങ്ങള്‍ക്ക് നമ്മളനുഭവിക്കുന്നതിലും സ്വാതന്ത്ര്യം വേണമെങ്കില്‍ അമ്മമാരായ നമ്മള്‍ തന്നെ പരിശ്രമിക്കണം. കുടുംബ ബന്ധം ഉലക്കാതെ നമുക്കത് നേടിയെടുക്കാന്‍ സാധിക്കട്ടെ ! സമൂഹത്തില്‍ മാറ്റം വരണമെങ്കില്‍ കുടുംബത്തില്‍ നിന്ന് തുടങ്ങണം. അച്ഛനമ്മമാര്‍ മക്കളെ ആണ്‍ /  പെണ്‍ വേര്‍തിരിവില്ലാതെ വളര്‍ത്തണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉപദേശങ്ങള്‍ മാറ്റണം. ആണ്‍കുട്ടികള്‍ക്ക് പരിഗണനയും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍   ഉത്തരവാദിത്വങ്ങളും ചില സ്‌കൂളുകളില്‍ കൊടുക്കുന്നത് മാറ്റണം.
സ്വാതന്ത്യം എന്നത് നേടിയെടുക്കാന്‍ പല വഴികളുമുണ്ടല്ലോ. എതിര്‍പ്പിന്റെ ഭാഷയിലും സ്‌നേഹത്തിന്റെ ഭാഷയിലും നേടാം. ഞാന്‍ നേടിയെടുക്കുന്നത് സ്‌നേഹത്തിന്റെ ഭാഷയിലാണ് നിങ്ങളോ? സ്‌നേഹത്തിന്റെ ഭാഷ മനസിലാവാത്തവരെ എന്ത് ചെയ്യും? എന്നല്ലേ നിങ്ങള്‍ ചോദിക്കുന്നുണ്ടാവുക സൗഹൃദത്തിലൂടെ നേടിക്കൂടെ? ശ്രമിച്ച് നോക്കൂ തീര്‍ച്ചയായും സാധിക്കും. ഇനി അതും പറ്റില്ലെങ്കിലേ നിയമത്തിന്റെ വഴിക്ക് നീങ്ങേണ്ടൂ.  ചിലപ്പോള്‍ കുറച്ച് കാത്തിരിക്കേണ്ടി വരാം. എങ്കിലും പരിശ്രമം നിര്‍ത്താതെ നമുക്ക് തുടരാം.

click me!