മാതാപിതാക്കളേ, കുട്ടികളുടെ ഭാവിയെക്കുറിച്ച്  നിങ്ങള്‍ സ്വപ്‌നം കാണുന്നുണ്ടോ?

By Speak Up  |  First Published Jan 18, 2021, 6:51 PM IST

എനിക്കും ചിലത് പറയാനുണ്ട്. മക്കളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അലീഷ അബ്ദുല്ല എഴുതുന്നു


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

 

ആഗ്രഹങ്ങള്‍ ഇല്ലാത്ത മനുഷ്യരുണ്ടോ..? അതാവണം, ഇതാവണം എന്നിങ്ങനെ നൂറുകൂട്ടം ആഗ്രഹങ്ങളിലല്ലേ ഞാനും നിങ്ങളും ജീവിക്കുന്നത്. കുഞ്ഞു ജനിക്കുന്നതിനു മുന്‍പേ അവരെന്താവണം എന്ന് ആഗ്രഹിക്കുകയോ തീരുമാനിക്കപ്പെടുകയോ ചെയ്യുന്ന സമൂഹവും നമുക്ക് ചുറ്റും തന്നെയുണ്ട്.

ഇനി സംസാരിക്കുന്നത് മക്കളുള്ള മാതാപിതാക്കളോടാണ് അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടിയാണ്.

നിങ്ങളുടെ കുട്ടിക്ക്/കുട്ടികള്‍ക്ക് എത്ര വയസ്സായി? അവര്‍ എന്ത് പഠിക്കണം, എന്ത് ജോലി ചെയ്യണം തുടങ്ങിയ കാര്യങ്ങളില്‍ സ്വപ്നം കണ്ടവരാണോ/ കാണുന്നവരാണോ നിങ്ങള്‍? എന്നിട്ട് നിങ്ങളുടെ കുട്ടികള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഷയമാണോ പഠിക്കുന്നത്? അവരിപ്പോള്‍ എവിടെ, എങ്ങനെയാ ജീവിക്കുന്നത്..?

ഇത് പുതിയ വിഷയമല്ലെന്നും ഒരുപാടാളുകള്‍ സംസാരിക്കുന്നതാണെന്നും അറിയാം. പിന്നെ, പ്രത്യേകം ഇപ്പോള്‍ എടുത്തു പറയാന്‍ എന്താണെന്നല്ലേ. കഴിഞ്ഞ ദിവസം Laakhon Mein Ek എന്ന ഒരു ആമസോണ്‍ സീരിസ് കാണാന്‍ ഇടയായി. വീട്ടുകാരുടെ സമ്മര്‍ദ്ദം സഹിക്ക വയ്യാതെ ഐഐടിയില്‍ അഡ്മിഷന്‍ ലഭിക്കാന്‍ കോച്ചിങ് സെന്ററില്‍ എത്തുന്ന- അല്ല വീട്ടുകാര്‍ എത്തിക്കുന്ന -വിദ്യാര്‍ത്ഥിയുടെ കഥ. തങ്ങള്‍ക്ക് ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ സമ്മതം നല്‍കാതെ നാട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കുമിടയില്‍ തലപൊക്കി നിക്കാനെന്നോണം ഐഐടിയില്‍ അഡ്മിഷന്‍ ലഭിച്ചേ മതിയാകൂ എന്ന് ശഠിക്കുന്ന മാതാപിതാക്കളെയും സീരീസില്‍ കാണാം. തന്റെ ആഗ്രഹവും സ്വപ്നവും എത്ര പറഞ്ഞാലും മനസിലാക്കാത്ത വീട്ടുകാരുടെ മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ നിശ്ശബ്ദനായി പോകുന്ന ആകാശ് എന്ന കഥാപാത്രം നമ്മുടെ നാട്ടിലെ ഒരുപറ്റം കൗമാരക്കാരെയാണ് വരച്ചു കാട്ടുന്നത്.

ഇന്ന് കോഴ്സുകളും കോളേജുകളും പലതരമുണ്ടെങ്കിലും മാര്‍ക്കറ്റ് വാല്യൂ നോക്കിയാണ് പല അച്ഛനമ്മമാരും മക്കളെ പഠിക്കാന്‍ അയയ്ക്കുന്നത്. പാചകം ഇഷ്ടമുള്ളയാളെ നിര്‍ബന്ധിച്ചു കണക്കു പഠിപ്പിച്ചാല്‍ എല്ലാം അവിയലുപോലെ കുഴയും എന്നോര്‍ത്താല്‍ നന്ന്. വീട്ടുകാര്‍ക്ക് വേണ്ടി കോഴ്‌സ് എടുത്ത് പഠിച്ചു വിജയിച്ച കുറച്ചുപേരേയും തോറ്റുപോയ കുറച്ചധികം പേരെയും പലപ്പോഴായി ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. പലരും ഏറെയും തോറ്റുപോയത് കോഴ്‌സിലല്ല, അവരുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രകളിലാണ്. നിങ്ങള്‍ നിങ്ങളുടെ ആഗ്രഹം നിറവേറ്റു, മക്കള്‍ മക്കളുടെ ആഗ്രഹം നിറവേറ്റട്ടെ. നിങ്ങള്‍ക്ക് ആകാന്‍ പറ്റാത്തത് ആക്കാനുള്ള ഒന്നല്ല നിങ്ങളുടെ മക്കള്‍ എന്ന ചെറിയ തിരിച്ചറിവെങ്കിലും ആദ്യ പടിയെന്നോണം നിങ്ങള്‍ സ്വായത്തമാക്കണം. കുട്ടികള്‍ക്ക് അവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നുപറയാനുള്ള സാഹചര്യം വീട്ടിലുണ്ടാക്കണം.

പലപ്പോഴും ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിവച്ച് മക്കള്‍ യാത്രയാകുമ്പോള്‍ മാത്രമാണ് മാതാപിതാക്കള്‍ കുട്ടികളുടെ യഥാര്‍ത്ഥ ഇഷ്ടങ്ങള്‍ തിരിച്ചറിയുന്നത്. കുട്ടികള്‍ക്ക്  അവരവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നിഷേധിക്കുന്നത് പല മാനസിക പിരിമുറുക്കങ്ങള്‍ക്കും വഴിവയ്ക്കും എന്ന തിരിച്ചറിവ് ഇനി എപ്പോഴാണ് കൈവരിക്കുക? കുട്ടികള്‍ സഞ്ചരിക്കേണ്ട വഴി കാണിച്ചു കൊടുക്കുന്നതിനു പകരം അവര്‍ക്കിഷ്ടമുള്ള വഴിയിലെ തടസ്സങ്ങള്‍ നീക്കുക എന്നതാണ് നല്ല രക്ഷിതാവിന്റെ കടമ. പലപ്പോഴും കുട്ടികളുടെ ഉള്ളില്‍ അടക്കിവച്ചിരിക്കുന്ന വെറുപ്പും അപകര്‍ഷതാബോധവും മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ചുറ്റുമുണ്ടെന്നോര്‍ക്കുക. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്ന പലരും ഇങ്ങനെയുള്ള ചതിക്കുഴികളില്‍ വീണവരാണ്. അതിനാല്‍ കുട്ടികളുടെ  നല്ല ഭാവി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും സ്വതന്ത്രരായി ചിന്തിക്കാന്‍ അവരെ അനുവദിക്കുക

മേലപ്പറഞ്ഞ രീതിയില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ മക്കളെ, അവരുടെ ആഗ്രഹത്തിനൊപ്പം ചേര്‍ത്തു പിടിക്കുന്ന അനേകം മാതാപിതാക്കളും നമുക്ക് ചുറ്റുമുണ്ട്. അവരാണ് പ്രതീക്ഷ!

എല്ലാവര്‍ക്കും പഠിക്കാനുള്ള കഴിവ് ഒന്നല്ല.

ഇഷ്ടപ്പെട്ട മേഖലകള്‍ ഒന്നല്ല.

താല്പര്യമുള്ള വിഷയങ്ങള്‍ ഒന്നല്ല.

പഠനം ഒരിക്കലും അടിച്ചേല്‍പ്പിക്കേണ്ടതല്ല....!

click me!