എനിക്കും ചിലത് പറയാനുണ്ട്. ഇഴുകുമ്പോഴും അകന്നുമാറുന്ന ജീവനകല. നിഷിദ ഫാരിസ് എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
സ്വസ്ഥാനത്ത് സ്വസ്ഥരാകാനാണ് നാം ബന്ധങ്ങളില്‍ അലയുന്നത്. അത് സാമൂഹികബന്ധത്തിലായാലും ആശയബന്ധത്തിലായാലും രാഷ്ട്രീയബന്ധത്തിലായാലും.
എന്നാല്‍ ഏറെയും വ്യക്തിബന്ധത്തിലാണ് നാം അകപ്പെടാറുള്ളത്. കാഴ്ചപ്പാടുകളുടെയും ഇഷ്ടാനിഷ്ടങ്ങളുടെയും നിലപാടുകളുടെയും പൊരുത്തക്കേടുകള്‍ വീണ്ടും വീണ്ടും ഒരേ 'ഠ' വട്ടത്തില്‍ കിടന്നു കറങ്ങുകയാണെങ്കിലോ. ജീവിതം മടുപ്പിക്കുകയുള്ളൂ. അല്ലേ?
ആ ബന്ധം പിന്നീട് മാനസിക പീഡയായി അനുഭവപ്പെടും. എങ്ങനെയൊക്കെയോ ടോക്‌സിക് ബന്ധം എന്ന പേര് അതിലേക്ക് വന്നു വീഴും.
ശ്രദ്ധ തന്നെയാണ് ഏക വഴിയെന്നാണ് എല്ലാ ജ്ഞാനികളും നമ്മോട് പറഞ്ഞിട്ടുള്ളത്. വൈകാരികതയ്‌ക്കൊപ്പം അല്പം വിചാരവും പിന്നെ വിവേകവും ചേര്‍ന്നു വന്നാലേ ആ വെളിച്ചം പകരുന്ന ലോകങ്ങളുമായുള്ള അടുപ്പം (Attachment) കണ്ടെത്താനും നിലനിറുത്താനും കഴിയുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലേ നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള വേര്‍പ്പെടല്‍ (Detachment) നമ്മില്‍ സംഭവിക്കുകയുള്ളൂ.
ബുദ്ധിക്കും മനസ്സിനും സുപരിചിതമായ ഇടമാണ് അറ്റാച്ച്‌മെന്റ്. തികച്ചും അപരിചിതമാണ് ഡിറ്റാച്ച്‌മെന്റ്. ആ അവസ്ഥയില്‍ എത്തിപ്പെടാന്‍ ശ്രമിച്ചാല്‍ നാം കൂടുതല്‍ കലുഷമായ മാനസികാവസ്ഥയില്‍ എത്തും.
ആ കാലുഷ്യം അകറ്റാനുള്ള വഴി അറ്റാച്ച്ഡ് ആയി നില്‍ക്കുമ്പോള്‍ തന്നെ ഡിറ്റാമെന്റ് പരിശീലിക്കുക എന്നതാണ്. നമ്മളുമായി അടുപ്പമുള്ള ആള്‍ ഒരു വ്യക്തിയാണ്, സാമൂഹികജീവിയാണ്, അവര്‍ക്ക് അവരുടേതായ ഇടങ്ങളുണ്ട് എന്ന് സ്വയം പറഞ്ഞു പഠിപ്പിക്കുക.
ഇനി ആവര്‍ത്തനങ്ങളുടെ മായാവലയത്തില്‍ അകപ്പെട്ടാല്‍ എന്തു ചെയ്യും? ഇരുളിലേക്ക് പോകുന്നുവെന്ന് ഉറപ്പായാല്‍പിന്നെ, നിലംപതിക്കും മുമ്പേ വെളിച്ചമുള്ള മറ്റൊരു അടുപ്പം കണ്ടെത്തുക. അല്ലെങ്കില്‍ മനസ്സിനെ സജീവമാക്കുന്ന ആക്കുന്ന മറ്റെന്തെങ്കിലും കണ്ടെത്തി ചിന്തകളെ വഴിമാറ്റുക. അപ്പോള്‍ നമ്മളീ പറയുന്ന ഡിറ്റാച്ച്‌മെന്റ് താനേ സംഭവിക്കും..
മറ്റെല്ലാ സഹജീവികളെയും പോലെ ഞാനും കരുതലുകളോടെയാണ് ജീവിക്കാന്‍ ശ്രമിക്കുന്നത്. കാരണം,
ജീവിതം വലിയൊരു സാദ്ധ്യതയാണ്. അത് നമ്മുടെ അല്പമാത്രമായ ഇത്തിരിവട്ടം മാത്രമല്ല. അനന്തമായ സാദ്ധ്യതകള്‍ നമുക്കു മുന്നില്‍ വിരിഞ്ഞു നില്ക്കുന്ന ഒരിടം കൂടിയാണ്.
പരിചയവലയത്തില്‍നിന്നും വേദനയുണ്ടാക്കുന്ന അനുഭവങ്ങളുണ്ടായാല്‍, ജീവിതത്തിന്റെ അവസാനമായി എന്ന് നിലവിളിക്കുന്ന അവിവേക ചിന്തയില്ലാതിരിക്കാന്‍, ഇരുളിലേക്ക് തള്ളിയിടുന്ന ബന്ധങ്ങളിലെ അന്ധതയില്‍ വീണുപോകാതിരിക്കാന്‍, സ്‌നേഹത്തിന് മുറിവേറ്റാല്‍, സ്‌നേഹത്തിന്റെ അവഗണനയ്ക്ക് ഇരയാകേണ്ടി വന്നാല്‍, പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടക്കാതെയായാല്‍, അതില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനെ കുറിച്ച് സ്വയം ചിന്തിപ്പിക്കാന്‍, ഒരാളെ പൂര്‍ണമായി മനസിലാക്കാന്‍, പിന്നെ എല്ലാത്തിനുമൊടുവില്‍ സ്വയം വേദനിക്കാതിരിക്കാന്‍...
അതിനു വേണ്ടത് ഒന്നു മാത്രമാണ്. 'തനിക്ക് താനും പുരയ്ക്ക് തൂണും തുണ' എന്ന് സ്വയം പറഞ്ഞു പഠിപ്പിച്ച് മുന്നോട്ട് പോകാന്‍ അറ്റാച്ച്‌മെന്റും ഡിറ്റാച്ച്‌മെന്റും മനസ്സിനെ പ്രാക്ടീസ് ചെയ്യണം.