Opinion : സ്ത്രീകളെ താഴ്ത്തിക്കെട്ടാന്‍ മറ്റ് സ്ത്രീകള്‍ കഷ്ടപ്പെടണോ, ആ പണി സമൂഹം ചെയ്യുന്നുണ്ടല്ലോ!

By Speak Up  |  First Published Mar 11, 2022, 3:58 PM IST

എനിക്കും ചിലത് പറയാനുണ്ട്. പെണ്ണുങ്ങളെ ഇകഴ്ത്തുന്ന പെണ്ണുങ്ങള്‍!  മുര്‍ഷിദ പര്‍വീന്‍ എഴുതുന്നു 


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

 


സ്ത്രീയും പുരുഷനും അടങ്ങൂന്ന സമൂഹം എങ്ങനെയാണ് സ്ത്രീകളെ കാണുന്നത്? ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ കണ്ണോട് കാണാന്‍ എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിന് ഇത്ര മടി? എങ്ങനെയാണ് സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് രൂപപ്പെട്ടു വന്നത്? അതെങ്ങനെ, ഏതു കാലത്ത് മാറ്റാനാവും? 

പക്ഷപാതങ്ങളില്ലാതെ സ്ത്രീയെ കാണണമെന്ന് ആഹ്വാനം ചെയ്ത, ഇക്കഴിഞ്ഞ വനിതാദിനം ഉള്ളില്‍ ഉയര്‍ത്തിയ ചോദ്യങ്ങളാണ് ഇത്.  സ്ത്രീകളോടുള്ള നിലവാരം കുറഞ്ഞ സമീപനം എന്തു കൊണ്ടാണ് ഇപ്പോഴും തുടരുന്നത് എന്ന ആലോചനയിലേക്കാണ് ആ ചോദ്യങ്ങള്‍ വളര്‍ന്നത്. 

കാലം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും സ്ത്രീയുടെ കാര്യത്തില്‍ മാത്രം വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. എല്ലാ പ്രവര്‍ത്തനമേഖലകളിലും സ്ത്രീയുടെ പ്രാതിനിധ്യം വര്‍ധിച്ചു വരുന്നതായി കാണാം. അത് വെറുതെ ഉണ്ടായി വന്നതല്ല. അനേകം സ്ത്രീകള്‍ കാലങ്ങളായി നടത്തിവന്ന സമരങ്ങളുടെ ഗുണഫലങ്ങളാണ് അത്. പെണ്‍കുട്ടികള്‍ പഠിക്കേണ്ടതില്ല എന്ന തിട്ടൂരമുള്ള കാലത്തുനിന്നും ഇക്കാലത്തേക്ക് കേരളത്തിലെ സ്ത്രീസമൂഹം വളര്‍ന്നിട്ടുണ്ടെങ്കില്‍, അതിനു പിന്നില്‍ അനേകം മനുഷ്യരുടെ അധ്വാനവും വിയര്‍പ്പുമുണ്ട് എന്ന കാര്യം നാം മനസ്സിലാക്കണം. 

പെണ്ണിനെ താഴ്ത്തിക്കെട്ടുന്ന പെണ്ണുങ്ങള്‍

ഒരു സ്ത്രീയെ പുകഴ്ത്തുന്നതും ഇകഴ്ത്തുന്നതും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കൊണ്ടാവാം. പക്ഷേ, സ്ത്രീകളുടെ നേട്ടങ്ങളും മറ്റും പുച്ഛിച്ചു തള്ളുന്നതില്‍ ഒരു പ്രത്യേക പാറ്റേണ്‍ ഉണ്ട്. അത് സാമൂഹികമായ ചില മുന്‍വിധികളുമായി ബന്ധപ്പെട്ടതാണ്. ഇത് വരെ കണ്ട് പരിശീലിച്ച കീഴ്വഴക്കങ്ങളില്‍ നിന്ന് വരുന്ന മാറ്റങ്ങള്‍ അംഗീകരിച്ചു കൊടുക്കാനുള്ള വിമുഖതയാണ് അത് കാണിക്കുന്നത്. 

അര്‍ഹിക്കുന്ന പരിഗണന സ്ത്രീയാണെന്ന കാരണത്താല്‍ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന അവസരങ്ങള്‍ അനവധിയാണ്. മിക്കവാറും സ്ത്രീകള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ പറയാനുണ്ടാവും.  എന്നാല്‍, ഈ സാഹചര്യത്തില്‍, ഏറെ ഖേദത്തോടെയാണെങ്കിലും പറയാതിരിക്കാന്‍ വയ്യ, ഒരു സ്ത്രീയെ അബലയാക്കി ചിത്രീകരിക്കാന്‍ പുരുഷന്മാരെക്കാളും മുന്നില്‍ നില്‍ക്കുന്നത് മറ്റ് മഹിളാരത്‌നങ്ങള്‍ തന്നെയാണ്. ഞാനൊരു പുരുഷവിരോധിയോ സ്ത്രീവിരോധിയോ അല്ല. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം എനിക്ക് മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുള്ളത് സ്ത്രീകളുടെ ഭാഗത്ത് നിന്നാണെന്നു വിഷമത്തോടെയാണെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നു എന്നേയുള്ളൂ. 


പെണ്ണു  പിറന്നാല്‍

ഒരു പെണ്‍കുട്ടി ജനിച്ചു വീഴുമ്പോള്‍ തന്നെ തലയില്‍ എന്തോ വലിയ ഭാരം വന്ന് വീണുവെന്ന് കരുതുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. പെണ്‍കുട്ടി വളര്‍ന്നു വലുതായി പ്രായപൂര്‍ത്തിയാകും വരെയും അച്ഛന്റെയും സഹോദരങ്ങളുടെയും നിഴലിലും നിയന്ത്രണങ്ങളിലും മാമൂല്‍ നിയമങ്ങളിലും കുരുങ്ങിക്കിടക്കും അവളുടെ ജീവിതവും സ്വപ്നങ്ങളും. പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാലോ നാട്ടുകാരും വീട്ടുകാരും കല്യാണം എന്ന മുറവിളി തുടങ്ങും. ഏതെങ്കിലും ഒരുത്തനുമായി കല്യാണം കഴിപ്പിച്ചു കൊടുത്താലേ അവര്‍ക്ക് സമാധാനമാവൂ. അതു കഴിഞ്ഞാല്‍ പിന്നെ അവളുടെ ജീവിതം ഭര്‍ത്താവിന്റെ നിഴലില്‍ ഒതുങ്ങും. അല്ലെങ്കില്‍ ഒതുക്കും. പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ചു വിടുന്നതോടെ എന്തോ വലിയ ഭാരം ഇറക്കി വെച്ചു എന്ന് കരുതുന്നവരുമുണ്ട്. അവളെ കല്യാണം കഴിപ്പിച്ചു വിട്ടാല്‍ പിന്നെ അവളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഭര്‍ത്താവിനും വീട്ടുകാര്‍ക്കും മാത്രമാണെന്ന് പതിച്ചു നല്‍കി പിന്നീട് തിരിഞ്ഞു പോലും നോക്കാത്ത രക്ഷിതാക്കള്‍ ഉണ്ട്.


ഇങ്ങനെ സാമാന്യവല്‍കരിച്ച് പറയുന്നത് ശരിയല്ല എന്നറിയാം. എല്ലാ രക്ഷിതാക്കളും സഹോദരങ്ങളും ഭര്‍ത്താക്കന്മാരും ഇത് പോലെ സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും  അടിച്ചമര്‍ത്തുന്നവരല്ല, പക്ഷേ ഭൂരിപക്ഷം സ്ത്രീകളും ഇത്തരത്തില്‍ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നവരാണ്. അതിനാല്‍, ഇക്കാര്യം പറയാതെ വയ്യ. 


തീരാത്ത ജോലികള്‍

മറ്റൊന്ന് ജോലികളുടെ കാര്യമാണ്.  ഗാര്‍ഹിക ജോലികള്‍ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വവും കര്‍മമേഖലയുമാണെന്ന അലിഖിത കീഴ് വഴക്കം ഇന്നും നിലനില്‍ക്കുന്നു. പാചകം, കുഞ്ഞുങ്ങളെ നോക്കല്‍, വൃദ്ധരായ മാതാപിതാക്കളുടെ പരിപാലനം തുടങ്ങിയ സര്‍വ്വമാന ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് ബഹുഭൂരിപക്ഷം സ്ത്രീകളും നേരിടേണ്ടി വരുന്നത്.

കുടുംബജീവിതത്തില്‍ മാത്രമല്ല തൊഴില്‍ മേഖലയിലും പല തരത്തിലുള്ള അസമത്വം സ്ത്രീകള്‍ നേരിടേണ്ടി വരുന്നുണ്ട്. ഒരേ ജോലി ചെയ്താലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കുറച്ച് വേതനം മാത്രമേ ലഭിക്കൂ എന്ന ഒരു സാഹചര്യം കൂടി നില നില്‍ക്കുന്നുണ്ട്. ഇത്തരമൊരു അസമത്വം നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യങ്ങളില്‍ നിന്നൊരു മാറ്റം ഇനിയും സ്ത്രീകള്‍ക്ക് ആവശ്യമാണ്.

തുടക്കം വേണ്ടത് വീടുകളില്‍ നിന്നാണ്.  പുരുഷന് മാത്രമായി നിര്‍ബന്ധബുദ്ധിയോടെ നല്‍കി വരുന്ന ബഹുമാനവും ആദരവും അംഗീകാരവും അവള്‍ക്കും നല്‍കാം. അവള്‍ക്കുമാവാം എല്ലാം.

 

click me!