Speak Up : ആണുങ്ങള്‍ക്ക് പിന്നെ വീട്ടിലെന്താണ് പണി?

By Speak Up  |  First Published Mar 2, 2022, 4:35 PM IST

എനിക്കും ചിലത് പറയാനുണ്ട്. യന്ത്രം കണക്കെ പണിയെടുക്കാനുള്ള കൂലിയില്ലാ വേലക്കാരി ആണല്ലോ ഭാര്യ.  മുര്‍ഷിദ പര്‍വീന്‍ എഴുതുന്നു


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

 

മഞ്ഞുകാലമായാലും മഴക്കാലമായാലും ചുട്ടുപൊള്ളുന്ന വേനലായാലും അവള്‍ കാലത്തെ എഴുന്നേല്‍ക്കും. എന്നാല്‍ അവനോ മൂടി പുതച്ചു കിടന്നുറങ്ങും. അതിനെ ചോദ്യം ചെയ്താലോ..?

നീ ഒരു ഭാര്യയാണ്. ഉത്തരവാദിത്വങ്ങള്‍ ഏറെയാണല്ലോ? 

കാലത്ത് നേരത്തെ തന്നെ അടുക്കളയില്‍ കയറണം അവള്‍ക്ക്. 

അവന് കയറിയാലെന്താ?

നീ ഒരു ഭാര്യയാണ്. നിനക്കാണ് ഭക്ഷണം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം.

അടുക്കളപ്പണിക്കിടയില്‍ കുഞ്ഞുങ്ങള്‍ ഉണര്‍ന്നാലോ? അവള്‍ തന്നെ വന്നു അവരെ പല്ലുതേക്കാനും കുളിപ്പിക്കാനും മുതിരണം അതും അടുക്കള പണി ഇടയില്‍ നിര്‍ത്തിവെച്ചു വരികയും വേണം. 

അവന് കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ഒന്ന് ചെയ്താല്‍ എന്താ..?

നീ ഒരു ഭാര്യയാണ്. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വം നിനക്ക് മാത്രമാണ്.

അതിനിടയില്‍ പാല്‍ക്കാരന്‍ വന്നു സൈക്കിളില്‍ ബെല്‍ അടിച്ചാല്‍ അടുക്കളയില്‍ ഓടിപ്പോയി പാല്‍ എടുക്കാനുള്ള സ്റ്റീല്‍ പാത്രം എടുത്തു വീടിന്റെ കോലായിലേക്ക് അവള്‍ തന്നെ ഓടണം.

അവന് ആ പാത്രം കൊണ്ടു പോയി പാലു വാങ്ങി വന്നാല്‍ എന്താ? 

നീ ഒരു ഭാര്യയാണ്. ഇത്തരം കാര്യങ്ങളൊന്നും അവന് ചെയ്യാന്‍ പറ്റില്ല.

അതും കഴിഞ്ഞ് അവന്‍ ഉറക്കത്തില്‍ നിന്ന് എണീറ്റാല്‍ ചൂടോടെ ചായ കട്ടിലിനു മുന്നില്‍ എത്തിച്ചു കൊടുക്കണം.

അവനും കട്ടിലില്‍ നിന്ന് ഇറങ്ങി വന്നു അടുക്കളയില്‍ വന്നു എടുത്തു പോയാലെന്താ?

നീയൊരു ഭാര്യയാണ്. ഭര്‍ത്താവിന്റെ കാര്യങ്ങളൊക്കെ നീയല്ലേ ചെയ്യേണ്ടത്?

അതിനിടെ അവന്റെ അച്ഛന് കുളിക്കാനുള്ള ചൂടുവെള്ളം ബാത്‌റൂമില്‍ കൊണ്ടു വയ്ക്കണം. അമ്മയ്ക്കുള്ള പ്രഷറിന് മരുന്ന് അവള്‍ തന്നെ എടുത്തു കൊടുക്കണം.

ഇതൊക്കെ അവനും ചെയ്തൂടെ...?

പറ്റില്ലല്ലോ കാരണമുണ്ട്. 

നീ ഒരു ഭാര്യയാണ്. എന്റെ രക്ഷിതാക്കളെ നോക്കാന്‍ കൂടി വേണ്ടിയാണ് നിന്നെ ഞാന്‍ കല്യാണം കഴിച്ചത്.

അവന് ലോക വിവരങ്ങളൊക്കെ അറിയാന്‍ കോലായില്‍ പത്രക്കാരന്‍ ഇട്ടു വെച്ച പത്രം എടുത്തു കൊടുക്കണം. 

അവന്‍ അതൊന്നു പോയി എടുത്താല്‍ എന്താ...?

നീ ഒരു ഭാര്യയാണ്. ഭര്‍ത്താവിന് വേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് നീ തന്നെ ചെയ്തു കൊടുക്കണം.


അത് എടുത്തു കൊണ്ടു വരുന്നതിനിടയില്‍ അവള്‍ രണ്ടുവരി വായിക്കുന്നത് കണ്ടാലോ?

നീയൊരു ഭാര്യ ആണ്. ഈ വാര്‍ത്ത വായിച്ചിട്ട് എന്താ കാര്യം ആദ്യം വീട്ടിലെ കാര്യങ്ങള്‍ മര്യാദയ്ക്ക് ചെയ്യാന്‍ നോക്ക് എന്നിട്ട് മതി വായന!

അവന് പല്ല് തേക്കാന്‍ ടൂത്ത് ബ്രഷ് എടുത്തു കൊടുക്കണം. കുളിക്കാന്‍ സോപ്പ് തലയില്‍ തേക്കാന്‍ എണ്ണ. തുവര്‍ത്താന്‍ തോര്‍ത്ത്. ഉടുക്കാന്‍ വസ്ത്രം. അതും തേച്ചു മിനുക്കി വടി പോലെ ആക്കിയത്.

ഈ കാര്യങ്ങളൊക്കെ സ്വയം അവന് തന്നെ അങ്ങോട്ട് ചെയ്താല്‍ എന്താ?

പറഞ്ഞില്ലേ..നീയൊരു ഭാര്യയാണ്. അവന്റെ ഉണര്‍ച്ച മുതല്‍ മുതല്‍ ഉറക്കം വരെയുള്ള കാര്യങ്ങള്‍ എല്ലാം നിന്റെ മാത്രം ഉത്തരവാദിത്വം ആണ്.

തീര്‍ന്നോ?

ഇല്ല! തീര്‍ന്നിട്ടില്ല. എങ്ങനെ തീരാന്‍ ആണ്? മറ്റാരെക്കാളും നമ്മള്‍ ഭാര്യമാര്‍ക്ക് ആണല്ലോ നിര്‍ബന്ധം. ഭര്‍ത്താവിന്റെയും മക്കളുടെയും ഭര്‍ത്താവിന്റെ രക്ഷിതാക്കളുടെയും കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി മാത്രം ട്യൂണ്‍ ചെയ്ത യന്ത്രം കണക്കെ പണിയെടുക്കാനുള്ള കൂലിയില്ലാ വേലക്കാരി ആണല്ലോ ഭാര്യ.

അപ്പോ നിങ്ങള്‍ ഇതുപോലെയുള്ള ഒരു ഭാര്യയാണോ?

ആണെങ്കില്‍ നിങ്ങള്‍ പറ നിങ്ങളുടെ നിശബ്ദത വെടിയാന്‍ സമയമായോ?

അയ്യോ അങ്ങനെ ചോദിക്കാന്‍ പാടില്ലല്ലോ കാരണം, നീ ഒരു ഭാര്യയാണ്! 
 

click me!