'ഹോ, അവളുടെ മേക്കപ്പ് കണ്ടില്ലേ, സിനിമാ നടിമാര്‍ പോലും ഇത്രയും മേക്കപ്പ് ഇടുമോ?'

By Speak Up  |  First Published Sep 22, 2022, 7:34 PM IST

എനിക്കും ചിലത് പറയാനുണ്ട്.: അജ്ഞതയുടെ രോഗം ബാധിച്ചവരോട് ഒരു കാര്യം പറയാനുണ്ട്: ഞങ്ങളുടെ ജീവിതം ഞങ്ങള്‍ ജീവിച്ചോളാം. നിങ്ങളുടെ മുന്‍വിധികള്‍ നിങ്ങള്‍ക്കുള്ളില്‍ തന്നെ പൊതിഞ്ഞ് വെച്ചേക്കൂ. ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും ഇനിയങ്ങോട്ട് എന്താണ് ചെയ്യേണ്ടതെന്നും വ്യക്തമായ ബോധം ഞങ്ങള്‍ക്കുണ്ട്.


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined


'ഹും... മുഴുവന്‍ സമയവും അവള്‍ ആ വണ്ടിയില്‍ കറക്കമാണ്. സുഖമില്ലാത്ത ഒരു കുട്ടിയുടെ അമ്മയാണെന്ന ബോധം പോലുമില്ല'

'അവര്‍ എപ്പോഴും ടൂറിലാണ്. വയ്യാത്ത കുട്ടി ഉണ്ടെന്നു പോലും തോന്നില്ല, അവരുടെ പോക്ക് കണ്ടാല്‍'

' ഇവള്‍ക്കിതെന്തിന്റെ കേടാ.. എപ്പോഴും ആ മോന്റെ ഓരോ കാര്യങ്ങളും നെറ്റിലിടലാ പണി, വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും. ആരെ കാണിക്കാനാ ഇതൊക്കെ?'

'ഇവളിതെന്നാത്തിനാ എപ്പോഴും ഭിന്നശേഷിയുള്ള കുട്ടി/മാതാവ് എന്നൊക്കെ പറഞ്ഞു എഴുതി കൂട്ടുന്നത്. നമ്മളെ പോലുള്ളവര്‍ എന്താ നല്ല അമ്മയല്ലേ? സിമ്പതി വാങ്ങിക്കൂട്ടാനുള്ള ഓരോ അടവുകള്‍!'

'ഹോ, അവളുടെ മേക്കപ്പ് കണ്ടില്ലേ, സിനിമാ നടിമാര്‍ പോലും ഇത്രയും മേക്കപ്പ് ഇടുമോ? മാനസികം ഉള്ള ഒരു കുട്ടി ഉള്ളതു പോലും അവള്‍ക്കൊരു പ്രശ്‌നമല്ല. ഓരോ കോലം കെട്ടലുകള്‍!'

'അവള്‍ ചിരിച്ചുകൊണ്ട് ഇരുപ്പുണ്ട്, അവളുടെ മുഖത്തേക്ക് നോക്ക്, ഒരു വിഷമവും കാണാനില്ല..'

'ഇങ്ങനെയുള്ള കുട്ടി ഉണ്ടെങ്കില്‍ അതിനനുസരിച്ച് നില്‍ക്കണം!'

'അവര്‍ക്ക് ദൈവവഴിയിലേക്ക് നീങ്ങാനുള്ള വഴിയാണ് ഈ കുട്ടി. നന്നായാല്‍ അവര്‍ക്ക് കൊള്ളാം.'

'അവളുടെ നാവിന്റെ മൂര്‍ച്ച കണ്ടില്ലേ, സുഖമില്ലാത്ത കുട്ടിയുള്ളതിന്റെ ഒരു ദുഃഖവും അവള്‍ക്കില്ല'

'നല്ലോരു ജോലിയായിരുന്നു അവന് ഗള്‍ഫില്‍, ഈ കൊച്ചിന്റെ പേരും പറഞ്ഞു വെറുതെ കളഞ്ഞ് കുളിച്ചു നാട്ടിലേക്ക് വരേണ്ട ഒരു കാര്യവുമില്ലായിരുന്നു.'

'ആ മോളുടെ സൂക്കേട് മാറാനൊന്നും പോകുന്നില്ല, അതിന്റെ താഴെയും മക്കളുള്ളതല്ലേ.. അവര്‍ക്കും കൂടി അനുഭവിക്കാനുള്ള പൈസയാണ് ഒരു ഗുണവും ഉണ്ടാകില്ല എന്ന് ഉറപ്പുള്ള ഈ കുട്ടിക്ക് വേണ്ടി ചിലവാക്കുന്നത്'

'ആ വയ്യാത്ത കുട്ടിയെ വീട്ടിലാക്കിയിട്ട് എന്തിനാണിവള്‍ ഈ ജോലിക്ക് പോകുന്നത്?'

'അവള്‍ക്കെന്തോ തിരിഞ്ഞ് കളിയുണ്ട്. ഈ നാട്ടില്‍ ഇത് പോലെയുള്ള വേറെയും കുട്ടികള്‍ ഉണ്ടല്ലോ. പിന്നെ ഇവളെ കുട്ടിക്ക് മാത്രം എന്താ പുതുമ? വെറുതെ ഗള്‍ഫില്‍ കിടക്കുന്ന അവന്റെ പൈസ ചിലവാക്കാന്‍ ഒരോ ഏര്‍പ്പാടുകള്‍, അവള് ഒറ്റയ്ക്ക് മൈസൂരില്‍ പോയി നില്‍ക്കാണ് പോലും. കുട്ടിന്റെ തെറാപ്പിന്റെ പേരും പറഞ്ഞ് ഓരോ ഉഡായിപ്പുകള്‍'

'സര്‍പ്പകോപാണ്, അതാ ആ മോന്‍ ഇങ്ങനെയായേ'

'അവര് ചെയ്തു കൂട്ടിയ പാപത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് ആ കുട്ടീടെ വിട്ട് മാറാത്ത രോഗം'

ഇങ്ങനെ ഒരു കൂട്ടം മുന്‍വിധികള്‍ നേരിടേണ്ടി വരുന്നവരാണ് ഞാനടങ്ങുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ വിഭാഗം.

ഞങ്ങള്‍ക്ക് പരിസരം മറന്ന് ചിരിക്കാന്‍ പാടില്ല. സന്തോഷിക്കാന്‍ പാടില്ല. യാത്രകള്‍ പോകാന്‍ പാടില്ല. കൂട്ടുകാരോടൊത്ത് ചേര്‍ന്നു കളിയിലും വിനോദവും തമാശയിലും പങ്ക് ചേരാന്‍ പാടില്ല. അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടില്ല. കോപിക്കാന്‍ പാടില്ല. നല്ല വസ്ത്രം ധരിക്കാനും അണിഞ്ഞൊരുങ്ങാനും ഫോട്ടോയെടുക്കാനും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും പാടില്ല. ഞങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെക്കാന്‍ പാടില്ല. പാടാന്‍ പാടില്ല. ആടാന്‍ പാടില്ല. ജോലിക്ക് പോകാന്‍ പാടില്ല. സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ പാടില്ല.

ഞങ്ങള്‍ ആത്മീയ വഴി തിരഞ്ഞെടുത്തു സമാധാനത്തിന്റെയും സഹനത്തിന്റെയും ക്ഷമയുടേയും പര്യായമായി ദുഃഖപുത്രിയുടെ മുഖംമൂടി അണിഞ്ഞ് ജീവിക്കണമെന്നാണ് വെപ്പ്.

മറ്റാരെക്കാളുമാറെ സ്വയം പര്യാപ്തത നേടാന്‍ അര്‍ഹത ഞങ്ങള്‍ക്കുണ്ട്.

അജ്ഞതയുടെ രോഗം ബാധിച്ചവരോട് ഒരു കാര്യം പറയാനുണ്ട്: ഞങ്ങളുടെ ജീവിതം ഞങ്ങള്‍ ജീവിച്ചോളാം. നിങ്ങളുടെ മുന്‍വിധികള്‍ നിങ്ങള്‍ക്കുള്ളില്‍ തന്നെ പൊതിഞ്ഞ് വെച്ചേക്കൂ. ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും ഇനിയങ്ങോട്ട് എന്താണ് ചെയ്യേണ്ടതെന്നും വ്യക്തമായ ബോധം ഞങ്ങള്‍ക്കുണ്ട്.

ഞങ്ങളുടെ ജീവിതം ഇതാണ്.

 Read more : ഉറക്കം പോലുമില്ലാത്ത ജീവിതം, ഇങ്ങനെയുമുണ്ട് നമ്മുടെ നാട്ടില്‍ ചില അമ്മമാര്‍!

click me!