കുഞ്ഞിനെ അതിക്രൂരമായി കൊന്ന ആ അമ്മയെ കേള്‍ക്കുമ്പോള്‍. സ്വന്തം വയറ്റില്‍ കുരുത്ത കുഞ്ഞിന്റെ മരണ നേരത്തുള്ള കരച്ചില്‍ പോലും അവരെ ആ ക്രൂരതയില്‍ നിന്ന് പിന്തിരിപ്പിച്ചില്ലെന്നറിയുമ്പോള്‍ പേടിയായി പോവുകയാണ്.. എനിക്കും ചിലത് പറയാനുണ്ട്. ഷിഫാന സലിം എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
മോന് ഏകദേശം രണ്ടു മാസം പ്രായമാവാറായപ്പോഴാണ് കുളിപ്പിച്ചോണ്ടിരുന്നപ്പോള്‍ അവന്റെ മൂക്കില്‍ വെള്ളം കയറിയത്..
ശ്വാസം കിട്ടാതെ എന്റെ കുഞ്ഞിന്റെ കണ്ണുകള്‍ അനങ്ങാതിരുന്നപ്പോഴാണ് അടിവയറ്റിലെ തുന്നുകള്‍ ഭേദിച്ചു ഞാനാര്‍ത്തു കരഞ്ഞത്. വീട്ടിലും ചുറ്റും ആരുമില്ലായിരുന്നു. എന്റെ കുഞ്ഞിനേം എടുത്ത് പൊറത്തേക്കോടിയ ആ നിമിഷം ആലോചിച്ചിപ്പഴും ഞാന്‍ രാത്രികളില്‍ ഞെട്ടിയുണരാറുണ്ട്. ദൈവം മനുഷ്യരാകുന്ന ചില സന്ദര്‍ഭങ്ങളുണ്ടെന്ന് കേട്ടിട്ടില്ലേ. അത് പോലെയായിരുന്നു ഇത് വരെ കാണാത്ത ഒരു മനുഷ്യന്‍ ഓട്ടോയും കൊണ്ട് ഓടിയെത്തുന്നത്.
ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നിമിഷങ്ങളില്‍ സുജൂദ് ചെയ്യുന്നവനെ മാത്രം വിളിച്ചു കരഞ്ഞത് മാത്രം ഓര്‍മയുണ്ട്. കുഞ്ഞിനേം കൊണ്ടോടി പോയി ആശുപത്രിയില്‍ കൊടുക്കുമ്പോ ആ ആശുപത്രി വരാന്തയിലൊരു ഭ്രാന്തിയെ പോലിരുന്നു ആര്‍ത്തു നിലവിളിച്ചിട്ടുണ്ട്.
അവസാനം മോനെ എന്റെ കയ്യില്‍ കിട്ടുന്നത് വരെ, അവന്‍ അമ്മിഞ്ഞ കുടിക്കുന്നത് വരെ ഞാന്‍ മരിച്ചു പോയവളായിരുന്നു. അതിനു ശേഷമാണ് ഓരോ അപകടങ്ങളും അതിന്റെ അടിയന്തിര ചികിത്സാ രീതികളും തിരഞ്ഞു പിടിച്ചു ഞാന്‍ പഠിച്ചു തുടങ്ങിയത്. ഒരു കുഞ്ഞു പോലും എന്റെ കണ്മുന്നില്‍ വെച്ചു പിടയാതിരിക്കുവാന്‍.
ഒരാഴ്ച്ച മുന്‍പ് വരെ കേട്ടതാണ് മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു ഗുളിക തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. അപ്പോഴൊക്കെ ഞാനാ മാതൃത്വത്തെ ഓര്‍ക്കും ക്ഷമ കൊടുക്കാന്‍ അത്രമേല്‍ പ്രാര്‍ത്ഥിക്കും.അല്ലാതെന്താണ് നമുക്ക് ചെയ്യാനാവുക. എത്രയൊക്കെ മുന്‍കരുതലുകളെടുത്താലും അപകടങ്ങളാണ് മരണമാണ് ഏറ്റവും പ്രിയപ്പെട്ടതിനെയാകും അത് തട്ടിയെടുക്കുക.
ഇന്നിപ്പോള്‍ ഒരു കുഞ്ഞിനെ അതിക്രൂരമായി കൊന്ന ആ അമ്മയെ കേള്‍ക്കുമ്പോള്‍. സ്വന്തം വയറ്റില്‍ കുരുത്ത കുഞ്ഞിന്റെ മരണ നേരത്തുള്ള കരച്ചില്‍ പോലും അവരെ ആ ക്രൂരതയില്‍ നിന്ന് പിന്തിരിപ്പിച്ചില്ലെന്നറിയുമ്പോള്‍ പേടിയായി പോവുകയാണ്. തന്നെ കൊല്ലാന്‍ പോവുകയാണെന്ന് പോലുമറിയാതെ ആ കുരുന്ന് തന്റെ അമ്മയെ എത്ര വട്ടം അമ്മായെന്ന് വിളിച്ചിട്ടുണ്ടാകും.
ഒന്നുമറിയാത്ത പിഞ്ചു ബാല്യങ്ങളെ കൊന്നു തിന്നുന്ന മാതൃത്വത്തിന്റെ മൂല്യത്തെ ചോദ്യം ചെയ്യുന്ന അമ്മമാരെ നിങ്ങളാണീ ലോകത്തു ജീവിക്കാനര്‍ഹതയില്ലാത്തവര്‍. ഭൂമിക്കു ഭാരമാകാതെ നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്‌തോളു, പക്ഷെ കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു?
പെറ്റിട്ട മുതല്‍ അവനും അവളും ഒരു മനുഷ്യനാണ്. എല്ലാ അവകാശങ്ങളുമുള്ള ജീവിക്കാനാവകാശമുള്ളവര്‍ അവരെ വെറുതെ വിടുക, അവര്‍ പാറി നടക്കട്ടെ ചിറകുകളരിയാതിരിക്കുക, അത്രയെങ്കിലും മനുഷ്വത്വം അവരോട് കാണിക്കുക..