സ്‌നേഹം വെറുപ്പായി മാറുന്ന പ്രകിയയാണ് ഇതിന്റെയെല്ലാം അന്തിമഫലമെന്ന് സാമാന്യമായി പറയാം. പണ്ട് സ്‌നേഹമുണ്ടായിരുന്നു, പിന്നീട് വെറുപ്പ് കാണിച്ചു തുടങ്ങി- ഭാര്യയും ഭര്‍ത്താവും ഒരു പോലെ പറയുന്ന കാര്യമാണിത്.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. ഇല്ലെന്നു തന്നെ പറയാം. പക്ഷേ മനുഷ്യന്‍ സ്വാര്‍ത്ഥനാണ്. ഒരാളെ ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോഴും അവനെയല്ല അവന്റെ സ്വഭാവത്തില്‍ ഒന്നോ രണ്ടോ ഗുണമായിരിക്കും ആകര്‍ഷണം ഉണ്ടാക്കുന്നത്. അവനിലെ എന്ത് ഗുണം കൊണ്ടാണോ എനിക്ക് സന്തോഷം ലഭിക്കുന്നത് അതാണ് സ്‌നേഹത്തിന്റെ ഹേതു. അതുകൊണ്ട് തന്നെയാണ് ഒരിക്കല്‍ സ്‌നേഹിച്ചവര്‍ ആ ഗുണത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചു പിരിയുമ്പോള്‍ ബദ്ധ ശത്രുക്കളായി മാറുന്നത്. ആകര്‍ഷണം ആ പ്രത്യേക ഗുണത്തിലായിരുന്നു. അതില്‍ ഇടിവ് സംഭവിച്ചപ്പോള്‍ സ്‌നേഹം വെറുപ്പിന് വഴിമാറി.
ഏറ്റവും കൂടുതല്‍ വിവാഹമോചനകേസുകള്‍ ഇന്ത്യയില്‍ നടക്കുന്നത് കേരളത്തിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. വലിയ തോതിലാണ് ഇവിടെ രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചത്. ഉദാഹരണത്തിന്, 2005-06 കാലത്ത് 8486 വിവാഹ മോചനങ്ങള്‍ നടന്ന കേരളത്തില്‍ 2011-12 കാലത്ത് അത് 44,236 ആയിരുന്നു. പിന്നീടുള്ള കണക്കുകളും കാണിക്കുന്നത് വിവാഹ മോചന നിരക്കിലുണ്ടായ വലിയ തോതിലുള്ള വര്‍ദ്ധന തന്നെയാണ്. അതിനൊരുപാട് കാരണങ്ങള്‍ പറയുന്നുണ്ട്. സാക്ഷരത, വിദ്യാഭ്യാസം, തൊഴിലിടങ്ങളിലെ സ്ത്രീപ്രാതിനിധ്യം, സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വ നിരക്ക് എന്നിവയ്‌ക്കൊപ്പം, സാമൂഹ്യ പുരോഗതി കൈവരിക്കുമ്പോഴും ഒപ്പം കൊണ്ടു നടക്കുന്ന പുരുഷാധിപത്യ മനസ്ഥിതി, സമൂഹത്തില്‍ വേരൂന്നിയ ആണധികാര മനോഭാവം, പാട്രിയാര്‍ക്കിയില്‍ അടിയുറച്ച കുടുംബവ്യവസ്ഥ എന്നിങ്ങനെ അനേകം കാരണങ്ങള്‍. ഇത്തരം വിവാഹമോചന കേസുകള്‍ ഒറ്റയൊറ്റയായി എടുത്താല്‍ പലതിലും കാരണങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും.
സ്‌നേഹം വെറുപ്പായി മാറുന്ന പ്രകിയയാണ് ഇതിന്റെയെല്ലാം അന്തിമഫലമെന്ന് സാമാന്യമായി പറയാം. പണ്ട് സ്‌നേഹമുണ്ടായിരുന്നു, പിന്നീട് വെറുപ്പ് കാണിച്ചു തുടങ്ങി- ഭാര്യയും ഭര്‍ത്താവും ഒരു പോലെ പറയുന്ന കാര്യമാണിത്. ഈ വെറുപ്പിന് കാരണം താനിഷ്ടപെട്ടിരുന്ന ഗുണം പങ്കാളിയില്‍ ഇപ്പോഴില്ല എന്ന കാരണത്തിലാണ്. അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആ ഗുണമുള്ള ആരെയെങ്കിലും കണ്ടുമുട്ടിയിരിക്കാം. അപ്പോള്‍ സ്‌നേഹവും വെറുപ്പും ആപേക്ഷികമാണ്. മറ്റൊരാളോട് നമുക്ക് തോന്നുന്ന സ്‌നേഹത്തിന്റെ കാരണമായ ആ ഗുണം കുറയുമ്പോള്‍ നമ്മുടെ സ്‌നേഹവും കുറയുന്നു. കുറഞ്ഞു കുറഞ്ഞു പിന്നീടത് വെറുപ്പാകുന്നു. ചിലരത് മറച്ചു വച്ചു അഭിനയിച്ചു ജീവിക്കുന്നു. ചിലരത് നേരത്തേ തിരിച്ചറിഞ്ഞു പൊട്ടിച്ചെറിയുന്നു.
വളരെ കരുതല്‍ നല്‍കുന്ന, കെയറിങ് ആയ തന്റെ ബോയ്ഫ്രണ്ട് ഭര്‍ത്താവായപ്പോള്‍ ആ കെയെറിങ് അല്ലെങ്കില്‍ കരുതല്‍ ഒട്ടും ഇല്ലാതായി എന്ന് ചില സ്ത്രീകള്‍ പറയാറുണ്ട്. എന്റെ സ്വന്തമായാല്‍ അല്ലെങ്കില്‍ എന്റെ സ്വന്തമാക്കാന്‍ അങ്ങിനെ പല കരുതലും ഞാന്‍ കാണിക്കും, ഇപ്പോള്‍ നീ എന്റെ സംരക്ഷണയില്‍ തന്നെയാണല്ലോ പിന്നെന്തിനു കൂടുതല്‍ കരുതല്‍ എന്നാണ് ചില പുരുഷന്‍മാര്‍ ഇതിനു മറുപടിയായി ചോദിക്കുന്നത്. സ്‌നേഹം എന്നതിന് ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം അത് സ്വഭാവികമാണ്. അത് വെറുപ്പായി തുടങ്ങുന്നതിനു മുന്‍പ് തന്നെ അതിനെ പഴയപോലെയാക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ സ്‌നേഹം നിലനില്‍ക്കുന്നത്. എന്നാല്‍ അതൊരു വലിയ ദുര്‍ഘടം പിടിച്ച പരിപാടിയാണ്. പലരും എളുപ്പത്തില്‍ സ്‌നേഹം അഭിനയിക്കുകയാണ് ചെയ്യാറ്. കപട സ്‌നേഹം അഭിനയിക്കുന്നതിനേക്കാള്‍ നല്ലത് വെറുപ്പ് പ്രകടമാക്കി പുറത്തുപോകുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്.
ഓഷോ പറയുന്നു- 'വെറുപ്പ് സ്‌നേഹത്തെയും വിദ്വേഷം കാരുണ്യത്തെയും കൊല്ലുന്നു എന്ന് ധരിച്ചെങ്കില്‍ തെറ്റ് പറ്റി. വെറുപ്പിനോടൊപ്പവും വിദ്വേഷത്തോടൊപ്പവും നിങ്ങളേറെക്കാലം കഴിഞ്ഞിരിക്കാം. പക്ഷേ ഇപ്പോഴും നിങ്ങളില്‍ സ്‌നേഹം കാംക്ഷിക്കുന്ന, കാരുണ്യം നിറഞ്ഞ ഒരു ത്വര ഉള്ളില്‍ നിറഞ്ഞിരിക്കുന്നുണ്ട്. ബാക്കിയെല്ലാം വരികയും പോവുകയും ചെയ്യും.'
സ്‌നേഹം എല്ലാറ്റിനെയും അതിജീവിക്കും. ആത്മാര്‍ത്ഥമായ സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍ വെറുപ്പിനപ്പുറവും ചേര്‍ന്നുപോകാവുന്ന സ്‌നേഹത്തിന്‍േറതായ സാധ്യതകള്‍ കണ്ടെത്താനാവും. പലരുടെയും ജീവിതത്തില്‍ ബാഹ്യഘടകങ്ങളാണ് ജീവിതം കുളമാക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയില്‍ പറയുന്നത് പോലെ രണ്ടു പേര്‍ ഇരുന്നു പറഞ്ഞു തീര്‍ക്കേണ്ട കാര്യം ഇരുപത് പേര്‍ ഇടപെട്ടു കുളമാക്കുന്നതാണ് ചിലപ്പോഴൊക്കെ ഈ വിവാഹമോചനത്തിലൊക്കെ എത്തി നില്‍ക്കുന്നത്. ഈ ബാഹ്യശക്തികളൊന്നും ഇല്ലാതെ പങ്കാളികള്‍ മാത്രമിരുന്നു അവരുടെ പ്രശ്‌നങ്ങള്‍ പറയുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കില്‍ കുടുംബകോടതിയുടെ മുന്നിലെ തിരക്ക് നമുക്ക് കുറക്കാമായിരുന്നു എന്ന് തോന്നാറുണ്ട് ചില കേസുകളിലെങ്കിലും.
ആര്‍ക്കും എന്നും എപ്പോഴും നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചു അവരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നേക്കാം. അത് മനസ്സിലാക്കി അവര്‍ക്കു തിരിച്ചു വരാനുള്ള സമയം കൊടുക്കുക എന്നതാണ് സ്‌നേഹിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടത്. അത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രമല്ല ഏത് ബന്ധത്തിലും അങ്ങിനെതന്നെയാണ്. ആ കൂളിംഗ് പീരീഡില്‍ നമ്മള്‍ അവര്‍ക്കു ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാത്ത വിധമുള്ള വാക്കുകളോ, പ്രവൃത്തികളോ ഒഴിവാക്കുകയും ചെയ്യുക. വെറുപ്പ് സ്‌നേഹമായി ഭവിക്കുന്നത് കാണാം.