എനിക്കും ചിലത് പറയാനുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യര്‍ കടന്നുപോവുന്ന ജീവിതവഴികള്‍. ഹൈറ സുല്‍ത്താന്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
എനിക്കൊരാവണം!
അതത്ര എളുപ്പമുള്ള കാര്യമാണോ ഒരു പാന്റും ഷര്‍ട്ടും ധരിച്ചു മുടിയും മുറിച്ചു ഷൂസിട്ടാല്‍ മതിയോ..? മുണ്ടുടുത്താല്‍ കഴിയുമോ?
വിമാനമോടിച്ചാല്‍, ട്രെയിനോടിച്ചാല്‍, കപ്പലോടിച്ചാല്‍, പോലീസായാല്‍, തെങ്ങുകയറിയാല്‍, ഗുസ്തി പഠിച്ചാല്‍..,കുടുംബം നോക്കിയാല്‍, ഒരു സ്ത്രീയെ സ്‌നേഹിച്ചാല്‍ വിവാഹം കഴിച്ചാല്‍, എന്റെ ഗര്‍ഭധാരണശേഷിയില്ലാതെയായാല്‍...
ഇതൊക്കെ ചെയ്താല്‍ എനിക്കൊരാണാകാന്‍ കഴിയുമോ?
ഇല്ല, ഒരിക്കലും കഴിയില്ല. അതിനു ഞാനെന്റെ പുറമെ വേഷം ധരിച്ചിട്ട് കാര്യമില്ല! ഉള്ളില്‍ എന്റെയുള്ളില്‍ ഒരാണുണ്ടാകണം, ഹൃദയത്തിലല്ല ശരീരത്തില്‍, മനസ്സില്‍. അവനെന്റെ കൂടെ ജനിക്കണം എനിക്കൊപ്പം അവന്‍ എപ്പോഴുമുണ്ടാകണം. പക്ഷേ ജനിച്ചപ്പോള്‍ അവനെനിക്കൊപ്പം ആരും കാണാതെ എന്നില്‍ മാത്രം ഒതുങ്ങിപ്പോയെങ്കില്‍ കാഴ്ചയില്‍ ഞാനൊരു പുരുഷനല്ലെങ്കില്‍ എങ്ങനെയാണാകും?
അതെ, എന്നെ പച്ചക്ക് പോസ്റ്റ്മാര്‍ട്ടം ചെയ്യണം. അനസ്‌തേഷ്യയില്‍ കുളിപ്പിച്ച ശരീരത്തെ മലര്‍ത്തികിടത്തി, എന്റെ മാറിടം മുറിച്ചു പകുതിയാക്കണം, എന്റെ വജൈനയില്‍ ഉദ്ദീപനഭാഗം മാത്രം മുറിവുപറ്റിക്കാതെ മാറ്റിവെച്ചു ബാക്കി മുറിച്ചൊഴിവാക്കണം, എന്റെ ഗര്‍ഭപാത്രത്തെയും അണ്ഡാശയങ്ങളെയും കത്തിവെച്ചറുക്കണം, തുടയില്‍ നിന്നും ഇറച്ചിമുറിച്ചെടുത്തു ലിംഗമാക്കണം, അതിനു താഴെ തൊലി മടക്കി വൃഷണങ്ങളാക്കണം, സ്ത്രീഹോര്‍മോണിനെ പാടേ ഒഴിവാക്കി പുരുഷഹോര്‍മോണുകള്‍ കുത്തിനിറക്കണം, താടിവരുന്നതും, തൊലി കട്ടികൂടുന്നതും കാണാതെ, സ്വന്തം സ്വപ്നം പൂവണിഞ്ഞോ ഇല്ലയോ എന്നറിയാതെ മൂന്നുമാസങ്ങളോളം കഠിനവേദന കടിച്ചമര്‍ത്തി, പച്ചയിറച്ചിനോവുന്നതു സഹിച്ച്, ഒരേകിടപ്പില്‍ ചൊറിഞ്ഞു പൊളിഞ്ഞ പുറവുംകൊണ്ട് ജീവനും കാത്തു കിടക്കണം.
ചിലപ്പോള്‍ കൂട്ടിനാരുമുണ്ടാകില്ല, സ്വപ്നം കാണാന്‍ പഠിപ്പിച്ചവരൊക്കെ ആട്ടിത്തുപ്പി വെറുത്തുപോയിട്ടുണ്ടാകും, സുഹൃത്തുക്കളാരും കൂടെയുണ്ടായെന്നുവരില്ല. മനുഷ്യനില്‍ ഏറ്റവും വലിയ ശിക്ഷയായ വേദനയും പരിഹാസവും ഒറ്റപ്പെടലും സഹിച്ചു കിടക്കുന്നതെന്തിനാണ്, ഞാന്‍ ജനിച്ചപ്പോള്‍ എനിക്കൊപ്പം ജനിച്ച ആരും കാണാത്ത അവനെ സൃഷ്ടിക്കാന്‍.
ഒരു സാധാരണ മനുഷ്യനെപ്പോലെ ലൈംഗികസുഖം ആസ്വദിക്കാനോ, തന്റെ ഉറ്റവരെ അടുത്തുകാണാനോ കഴിയാതെ ജീവിച്ചിരുന്നിട്ടും മരിച്ചു ജീവിക്കുന്നതെന്തിനാണ്, എനിക്ക് ഞാനാകുവാന്‍ വേണ്ടിമാത്രം. ഒരു ഉറുമ്പുകടിച്ച വേദന സഹിക്കാതെ പുളയുന്ന മനുഷ്യജന്മങ്ങള്‍ക്ക് പക്ഷേ ഇത്രയും വേദന സഹിച്ചവര്‍ എങ്ങനേ വീണ്ടും പരിഹാസപാത്രമാകുന്നു?
എങ്ങനെ സാധിക്കുന്നു അവരെ അപഹസിക്കാന്‍..?
എങ്ങനേ തോന്നുന്നു അവരെ ലൈംഗികത്തൊഴിലാളികള്‍ എന്നു പേരിട്ടു വിളിക്കാന്‍?
നിങ്ങളറിയുന്നുണ്ടോ അവരനുഭവിക്കുന്ന വേദനകള്‍? യാതനകള്‍?
ദൂരെയാത്രപോകുമ്പോള്‍ മുന്‍പില്‍പെടുന്ന അവരുടെ മുന്‍പില്‍ ഞാന്‍ വലിയവനാണെന്നു ധരിച്ചു ഞെളിഞ്ഞിരിക്കാന്‍ എങ്ങനേ സാധിക്കുന്നു..? മറ്റുള്ളവരുടെ ഇറച്ചിതിന്നാന്‍ വിധിക്കപെട്ട മാലിന്യം കോരാത്ത മനസ്സുള്ളവര്‍ അവരെകാണുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണം, പറ്റിയാല്‍ ക്ഷമ പറഞ്ഞു കൈകൂപ്പണം.
കാരണം അവരത്രമേല്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍ക്കുവേണ്ടി. മറ്റുള്ളവരെ തിന്നുജീവിക്കുന്ന നാവിനുടമകള്‍ അവരെകാണുമ്പോള്‍ മുണ്ടൂരി തലമറക്കട്ടെ.
ഒരു ട്രാന്‍സ്‌ജെന്‍ഡറിനെയും മാറ്റിനിര്‍ത്താന്‍ നമുക്കവകാശമില്ല, ബഹുമാനിക്കാന്‍ കഴിയാത്തവര്‍ വായമൂടുക. അവരവരുടെ ജീവിതം ആസ്വദിക്കട്ടെ, എല്ലാ അവകാശങ്ങളും പേറട്ടെ