സ്വാതന്ത്ര്യത്തെക്കുറിച്ച് സ്ത്രീ സംസാരിച്ചാല്‍ അവള്‍ ഫെമിനിച്ചി, മിണ്ടാതിരുന്നാല്‍ കുലസ്ത്രീ!

By Speak Up  |  First Published Aug 16, 2022, 2:58 PM IST

'സ്ത്രീ സ്വാതന്ത്ര്യം' എന്നൊരു വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മുഖത്ത് അസ്വസ്ഥത കുമിഞ്ഞു കൂടുന്നു. അതെ അവള്‍ ഫെമിനിച്ചി ആണ് എന്ന് പറഞ്ഞു പുച്ഛിക്കാന്‍ തുടങ്ങുന്നു. മിണ്ടാതിരിക്കുന്നവരെ കുലസ്ത്രീ എന്നു വാഴ്ത്തുന്നു. കൂളായി അവരെ ഭരിക്കുന്നു. 
 


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

 

സ്വാതന്ത്ര്യം എന്നതും ആഗ്രഹങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ? തികച്ചും സാമൂഹ്യ ജീവി ആയ മനുഷ്യന്‍ അവരുടെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിലേക്കെത്താന്‍ തീര്‍ത്തും സ്വാതന്ത്രന്‍ ആയിരിക്കേണ്ടത് അത്യാവശ്യം അല്ലേ? മനുഷ്യന്‍ അവരുടെ ചുറ്റുപാടുമുള്ള സഹജീവികളുടെ ജീവിതത്തില്‍ അരോചകത്വം ഉണ്ടാക്കാത്ത രീതിയില്‍ അവരുടേതായ സ്വതന്ത്രത്തെ ഉപയോഗപ്രദം ആയ രീതിയില്‍ ഉപയോഗപ്പെടുത്തി സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റിയാല്‍ സ്വാതന്ത്ര്യം എല്ലാവരുടെയും ജീവിതത്തില്‍ സുവര്‍ണ ലിപികളില്‍ തിളങ്ങി നില്‍ക്കും. എന്നാല്‍ ഉദിച്ചയിരുന്ന സൂര്യകിരണങ്ങള്‍ മറയ്ക്കാനായി സ്വര്‍ത്ഥതയുടെയും, അസൂയയുടെയും, പിടിച്ചെടുക്കലിന്റെയും, വെട്ടിപിടുത്തത്തിന്റെയും, പരസ്പര ബഹുമാനം ഇല്ലായ്കയുടെയും നാള്‍വഴികളിലൂടെ മനുഷ്യന്റെ ചെയ്തിലുകള്‍ നീങ്ങുമ്പോള്‍ നിസ്സഹായരായ സാധാരണ ജനത പാരതന്ത്ര്യത്തിന്റെ കൂരിരുട്ടില്‍ ഉഴലും.

പാരതന്ത്ര്യത്തിന്റെ, കൂരിരുട്ടിന്റെ കറുത്ത നിഴല്‍ രാജ്യങ്ങള്‍ തമ്മിലും, സ്വേഛാധിപതികള്‍ മൂലം പല രാജ്യത്തെ ജനങ്ങളിലും, സ്വാര്‍ത്ഥയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ പല കുടുംബങ്ങളിലും നിറഞ്ഞു മനുഷ്യ ജന്മങ്ങളെ ശ്വാസം മുട്ടിക്കാറുണ്ട്.


'സ്വാതന്ത്ര്യം' എന്ന വാക്ക് നമ്മളില്‍ എത്രത്തോളം പ്രാവര്‍ത്തികമായി എന്നത് ചിന്തയ്‌ക്കേണ്ടി ഇരിക്കുന്നു. നമ്മുടെ മഹത്തായ ഭരണഘടന അനുശാസിക്കുന്ന വര്‍ണ, വര്‍ഗ, മത, ലിംഗ, ദേശ ഭേദങ്ങള്‍ക്കതീതം ആയ സമത്വവും സ്വാതന്ത്രവും നമുക്ക് ഇന്ന് ലഭിക്കുന്നുണ്ടോ? ആലോചിക്കേണ്ടി ഇരിക്കുന്നു.

'സ്ത്രീ സ്വാതന്ത്ര്യം' എന്നൊരു വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മുഖത്ത് അസ്വസ്ഥത കുമിഞ്ഞു കൂടുന്നു. അതെ അവള്‍ ഫെമിനിച്ചി ആണ് എന്ന് പറഞ്ഞു പുച്ഛിക്കാന്‍ തുടങ്ങുന്നു. മിണ്ടാതിരിക്കുന്നവരെ കുലസ്ത്രീ എന്നു വാഴ്ത്തുന്നു. കൂളായി അവരെ ഭരിക്കുന്നു. 

അതെ, സ്ത്രീയുടെ സ്വാതന്ത്ര്യം തുടങ്ങേണ്ടത് എവിടെ നിന്നാണ്? സ്വന്തം വീട്ടില്‍ നിന്നാണോ? 

അതെ, തീര്‍ച്ചയായും ആണ്. സ്വന്തം മുലപ്പാല്‍ നല്‍കി വളര്‍ത്തുന്ന അമ്മയില്‍ നിന്നും, കുഞ്ഞിക്കാലുകള്‍ ഉറപ്പിച്ച് വീഴാതെ നടക്കാന്‍ പഠിപ്പിക്കുന്ന അച്ഛനില്‍ നിന്നും ആവണം സ്ത്രീ സ്വാതന്ത്ര്യം തുടങ്ങേണ്ടത്. 'നീ ഒരു പെണ്‍കുട്ടി ആണ് ഇങ്ങനെ ഒന്നും ഡ്രസ്സ് ധരിക്കാന്‍ പാടില്ല, നിനക്ക് ദുരനുഭവങ്ങള്‍ ഉണ്ടാവാം' എന്ന് പെണ്‍കുട്ടികളെ ഉപദേശിക്കുന്ന സമയത്ത്, മുന്‍പില്‍ കാണുന്ന സ്ത്രീകള്‍ എന്ത് ഡ്രസ്സ് ധരിച്ചാലും അവരോട് മാന്യമായി പെരുമാറാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാ പിതാക്കള്‍ അല്ലേ?

വീട്ടിലെ തീന്‍ മേശയില്‍ അവന്‍ ആണ്‍ കുട്ടിയായതിനാല്‍ നല്ല വിഭവങ്ങള്‍ വിളമ്പണം എന്ന് ഉപദേശിക്കുന്ന മാതാപിതാക്കള്‍ ഇവിടെ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഇല്ല എല്ലാവരും ഞങ്ങളുടെ മക്കളാണ്എന്ന് തിരിച്ചറിയേണ്ടതല്ലേ.  എല്ലാവര്‍ക്കും തുല്യമായ വിഭവങ്ങള്‍ വിളമ്പി പഠിപ്പിക്കുകയും, ഇഷ്ട ഭക്ഷണം കഴിക്കാന്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്വാതന്ത്ര്യവും നല്‍കേണ്ടത് മാതാപിതാക്കള്‍ അല്ലേ?

നീ ഒരു പെണ്‍കുട്ടി ആയതിനാല്‍ അതിരാവിലെ എഴുനേറ്റ് അടുക്കളയില്‍ അമ്മയ്ക്കൊപ്പം ജോലികളില്‍ സഹായിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കുന്നതിന് പകരം ആണ്‍കുട്ടികളെ പോലെ തന്നെ നിനക്കും ഉറങ്ങാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പെണ്‍കുട്ടികളും ആണ്‍കുട്ടികളും മാതാപിതാക്കളെ സഹായിക്കേണ്ടതില്‍ ഒരു പോലെ ഉത്തരവാദിത്വം ഉള്ളവര്‍ ആണെന്നും പഠിപ്പിക്കേണ്ടത് മാതാപിതാക്കള്‍ അല്ലേ?

നീ ഒരു പെണ്‍കുട്ടി ആണ് വിദ്യാഭ്യാസം നേടിയില്ലേലും ഒരു പ്രായത്തില്‍ വേറൊരു വീട്ടിലേക്ക് പറഞ്ഞ് വിടേണ്ടവള്‍ ആണ് എന്നും പറഞ്ഞ് പഠിപ്പിക്കുന്നതിന് പകരം, നീ നിന്റെ ഇഷ്ടം അനുസരിച്ചു പഠിച്ചു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്നും ഇഷ്ടമുള്ള കാലം വരെ സ്വന്തം വീട്ടില്‍ നില്‍ക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട് എന്നും മകളോട് പറയേണ്ടത് മാതാപിതാക്കള്‍ അല്ലേ?

ചെന്നു കയറുന്ന വീട്ടിലെ അംഗങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു നിന്റെ ജീവിതത്തെ മാറ്റണം എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതിന് പകരം. അവരെ പോലെതന്നെ നിനക്കും ആഗ്രഹങ്ങളും അഭിപ്രായങ്ങളും വ്യക്തിത്വവും ഉണ്ട് എന്നും അവയെ  വിലമതിക്കണമെന്നും എന്നുമല്ലേ മാതാപിതാക്കള്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു വിടുമ്പോള്‍ ഉപദേശിക്കേണ്ടത്?

നിന്റെ ആഗ്രഹങ്ങള്‍ സാധിക്കാനും, കുടുബകാര്യങ്ങള്‍ നോക്കാനും, നിന്റെ തീരുമാനങ്ങള്‍ അക്ഷരം പ്രതി അനുസരിയ്ക്കാനും ഉള്ള ഒരാളാണ് നിന്റെ ഭാര്യ എന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം, നിന്നെ പോലെ തന്നെ ജോലി ചെയ്യാനും, വിശ്രമിക്കാനും, കുടുംബകാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാനും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും സ്വാതന്ത്ര്യം ഉള്ള ഒരു വ്യക്തിയാണ് നീ കൈ പിടിച്ച് ജീവിതത്തിലേക്ക് സ്വീകരിച്ച നിന്റെ ഭാര്യ എന്ന് ഒരു മകനെ പഠിപ്പിക്കേണ്ടത് മാതാപിതാക്കള്‍ അല്ലേ?

കുഞ്ഞു മക്കള്‍ ജനിക്കുമ്പോള്‍ ഉറക്കമിളച്ച് അവരെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തേണ്ടത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വം ആണെന്ന് ആണ്‍മക്കളെ പഠിപ്പിക്കുന്നതിന് പകരം, കുഞ്ഞുമക്കളെ സ്വന്തം ഉദരത്തില്‍ പേറി അവരെ നൊന്തുപ്രസവിച്ച നിന്റെ ഭാര്യക്ക് സഹായമായി അവരെ ജീവിതത്തിലേക്ക് ആനയിക്കേണ്ടത് നിന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് പറഞ്ഞ് ആണ്‍ മക്കളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കള്‍ അല്ലേ?

അതെ, 'സ്ത്രീസ്വാതന്ത്ര്യ'ത്തിനായുള്ള സമരം പാര്‍ലമെന്റിലും, നിയമസഭകളിലും, ജോലികളിലും നിശ്ചിത സംവരണം നേടാന്‍ മാത്രം ഉള്ള സമരം അല്ല. ഒരിക്കലും പ്രാവര്‍ത്തികം ആക്കാന്‍ കഴിയാത്ത വല്യ സ്വപ്നങ്ങള്‍ അല്ല സ്ത്രീ സ്വാതന്ത്ര്യം നേടുക എന്നത്. അത് ഒരു സാധാരണ സ്ത്രീയുടെ, പെണ്‍കുട്ടിയുടെ പ്രാഥമികമായ ആവശ്യങ്ങള്‍ നേടാനുള്ള സമരമാണ്. സ്വതന്ത്രമായി വസ്ത്രം ധരിക്കാനുള്ള, സ്വാതന്ത്രമായി  ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ ഉള്ള, സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം. 

നൂറ്റാണ്ടുകളായുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറാന്‍ സമയം എടുക്കുക തന്നെ ചെയ്യും. പക്ഷെ സമാധാനപരമായ സമരങ്ങളിലൂടെ മനുഷ്യ മനസുകളില്‍ മാറ്റത്തിന്റെ തിരിച്ചറിവുകള്‍ ഉണ്ടാവുക തന്നെ ചെയ്യും.

click me!