എന്റെ മുന്നില്‍ ഒറ്റയ്‌ക്കൊരു പിഞ്ചുകുഞ്ഞ്, നടുറോഡിലൂടെ അവന്‍ നടന്നുപോവുകയാണ്...

By Speak Up  |  First Published Mar 5, 2020, 4:21 PM IST

എവിടെനിന്നാണ് കുഞ്ഞിനെ കുട്ടിയത് എന്ന് ഞാനവരോട് പറഞ്ഞപ്പോഴാണ് മകന്‍ ഇറങ്ങിപ്പോയ വിവരം പോലും അവര്‍ അറിയുന്നത്.  എനിക്കും ചിലത് പറയാനുണ്ട്. അരുണ്‍ ചീരാല്‍ എഴുതുന്നു
 


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

 

കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിക്കോട്ട് നഗരത്തിനടുത്തുള്ള ഒരു ബന്ധു വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഞാന്‍. അധികം വാഹനങ്ങള്‍ ഇല്ലാത്ത നാട്ടുമ്പുറത്തെ ചെറിയ വഴി. പോകുന്ന വഴിക്ക് പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. നടുറോഡിലൂടെ ഒരു പിഞ്ചുകുഞ്ഞ് നടന്നു വരുന്നു. ഞാന്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. ആകെ ഒരു അമ്പരപ്പ് തോന്നി. പൊരിവെയിലത്ത്, നടുറോഡില്‍ ഇത്രയും ചെറിയ ഒരു കുഞ്ഞ് ഒറ്റയ്ക്ക് എങ്ങോട്ടാണ് നടന്നുപോവുന്നത്? 

മൂന്ന് വയസില്‍ താഴെയേ അവനു പ്രായം തോന്നൂ. ശരീരത്തില്‍ വസ്ത്രങ്ങളൊന്നുമില്ല. കഴുത്തിലും കൈയിലും സ്വര്‍ണ്ണാഭരണങ്ങളുണ്ട്. ഏതോ വീട്ടില്‍നിന്നിറങ്ങി ആരും കാണാതെ നടന്നു വരുന്നതാവണം. ഞാന്‍ വണ്ടി നിര്‍ത്തി. ഇറങ്ങി അവനു നേരെ കൈ കാണിച്ചു. എത്രയോ കാലമായി പരിചയമുള്ള ഒരാളെ കണ്ടതുപോലെ അവന്‍ എന്റെ നേര്‍ക്ക് നടന്നു വന്നു. ഞാനവനെ കൈകളിലേക്ക് എടുത്തപ്പോള്‍ അവനെന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി. 

ഇവനെ എന്തു ചെയ്യണം? 

ആകെ കണ്‍ഫ്യൂഷനായി. ആരെങ്കിലും വരുന്നത് വരെ കാത്തിരുന്നു. പൊള്ളുന്ന വെയിലായതിനാലാവും, ആരെയും കണ്ടില്ല. വണ്ടി ഒതുക്കി വെച്ച് പതുക്കെ താഴേക്ക് നടന്നു. ആദ്യം കണ്ട വീട്ടില്‍ കയറിച്ചെന്നു. കാര്യം പറഞ്ഞപ്പോള്‍ അവരും അന്തം വിട്ടു. കുഞ്ഞ് അവരുടേതല്ല, ആരുടേതാണ് എന്നറിയില്ല, ചിലപ്പോള്‍ താഴത്തെ വീട്ടിലുള്ളതാവും. എന്തായാലും പോയി ഒന്നന്വേഷിക്കാമെന്ന് വെച്ചു. അപ്പോഴൊക്കെ അവന്‍ എന്റെ കൈയില്‍ സ്വന്തമെന്ന പോലെ നിന്നു. 

അവരും കൂടെ വന്നു. ഞങ്ങള്‍ താഴേക്കിറങ്ങി. ഓരോരുത്തരോട് അന്വേഷിച്ചപ്പോള്‍ താഴെയുള്ള ഒരു വീട്ടിലേതാവും എന്നു മനസ്സിലായി. റോഡില്‍ നിന്നും ഏകദേശം നൂറ്റമ്പത് മീറ്ററോളം മാറിയാണ് ആ വീട്. ഞങ്ങള്‍ അങ്ങോട്ട് ചെന്നു. പുറത്തുനിന്ന് വിളിച്ചപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറന്നു. അവര്‍ അകത്തിരുന്ന് ടി വി കാണുകയോ മറ്റോ ആയിരിക്കണം. ഞങ്ങളുടെ കൈയില്‍ കുഞ്ഞിനെ കണ്ടതും അവര്‍ ഓടി വന്നു കുഞ്ഞിനെ എടുത്തു. ഞാന്‍ കുട്ടിയെ അവരുടെ കൈയില്‍ ഏല്‍പ്പിച്ചു.

. ഞങ്ങളുടെ കൈയില്‍ കുഞ്ഞിനെ കണ്ടതും അവര്‍ ഓടി വന്നു കുഞ്ഞിനെ എടുത്തു. ഞാന്‍ കുട്ടിയെ അവരുടെ കൈയില്‍ ഏല്‍പ്പിച്ചു. 

എവിടെനിന്നാണ് കുഞ്ഞിനെ കിട്ടിയത് എന്ന് ഞാനവരോട് പറഞ്ഞപ്പോഴാണ് മകന്‍ ഇറങ്ങിപ്പോയ വിവരം പോലും അവര്‍ അറിയുന്നത്. ചെറിയ കുഞ്ഞ് വീട്ടില്‍നിന്നിറങ്ങി പോയത് അവര്‍ അറിഞ്ഞിട്ടേയില്ല. ഞാനാകെ ഞെട്ടിപ്പോയി. ആ അമ്മയോട് എന്ത് പറയണമെന്ന് അറിയാതായി. 

തെരുവു നായ്ക്കള്‍ ധാരാളം ഉള്ള  റോഡാണിത്. ആ കുഞ്ഞ് ഏതെങ്കിലും നായയുടെ മുന്നില്‍ പെട്ടിരുന്നെങ്കില്‍...

ഞാനൊന്ന് കൈ കാണിക്കുമ്പോള്‍ തന്നെ അവന്‍ എന്റെ കൂടെ വന്നതാണ്. ആരു വിളിച്ചാലും പോവുന്ന അവസ്ഥ. ആരെങ്കിലും ആ കുഞ്ഞിനെ എടുത്തു കൊണ്ടുപോയെങ്കില്‍ ആര് ശ്രദ്ധിക്കാനാണ്? 

കുട്ടികളെ വീട്ടിനുള്ളില്‍ നിന്നും കാണാതാകുന്ന വാര്‍ത്തകളാണ് നമ്മള്‍ ദിവസവും കേട്ട് കൊണ്ടിരിക്കുന്നത്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസമാണ്, ദേവനന്ദന എന്ന കുഞ്ഞിനെ പുഴ കൊണ്ടുപോയത്. ഇനിയും ആ സംഭവത്തില്‍ ദുരൂഹത തീര്‍ന്നിട്ടില്ല. ഒരു നാടു മുഴുവന്‍ നിലവിളികളോടെ അന്വേഷിച്ചിട്ടും കണ്ടെത്താനാവാത്ത കുട്ടിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടത്. എന്നിട്ടും നമ്മുടെ വീടകങ്ങളില്‍ ആ കരുതല്‍ ഇല്ലാത്തത് എന്തു കൊണ്ടാവും? എന്തെങ്കിലും ദുരന്തം ഉണ്ടായിട്ടു മാത്രം ശ്രദ്ധിച്ചിട്ട് എന്താണ് കാര്യം? 

ആ കുഞ്ഞുവാവ എന്റെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്ത എന്താവുമായിരുന്നു എന്നാലോചിച്ചപ്പോള്‍ ഉള്ളാകെ നടുങ്ങി. ഇപ്പോഴും അതാലോചിക്കുമ്പോള്‍ പേടി തോന്നുന്നുണ്ട്. ഇക്കാര്യം തുറന്ന് എഴുതണമെന്ന് കരുതിയതും അതു കൊണ്ടു മാത്രമാണ്. 

പ്രിയപ്പെട്ട മാതാപിതാക്കളെ, കുഞ്ഞുങ്ങളാണ്, എവിടെയെങ്കിലുമൊക്കെ അവര്‍ ഇറങ്ങിപ്പോവും. മറ്റെന്തില്‍ മുഴുകിയാലും, നിങ്ങള്‍ കുഞ്ഞുങ്ങളുടെ കാര്യം മറക്കാതിരിക്കണേ. ഇനിയുമൊരു ദുരന്തം നമുക്ക് മുന്നില്‍ സംഭവിക്കാതിരിക്കട്ടെ.

 

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!