'അതിനെന്താ ചേച്ചി..ഭക്തിഗാനമല്ലെ അത് കേട്ടാല്‍ രോഗിക്ക് ആശ്വാസം കിട്ടില്ലേ?'

By Speak Up  |  First Published Sep 23, 2022, 5:26 PM IST

കാത് തുളയ്ക്കുന്ന ഒരു കോലാഹലം കേട്ട് ഞെട്ടിയുണര്‍ന്നു.  എന്താണ് സംഭവമെന്ന് ആദ്യം പിടികിട്ടിയില്ല. 


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

 

അമ്മയ്ക്ക് സുഖമില്ല ആശുപത്രിയിലാണ് എന്നു കേട്ടപാതി കേള്‍ക്കാത്ത പാതി ആസ്പത്രിയിലേക്കോടി. പതിവുപോലെ അമ്മയെ ശുശ്രൂഷിക്കാന്‍ ഞാനാണ് നിയോഗിതയായത്.  അടുത്ത മുറികളില്‍ നിന്നും കൊച്ചു കുട്ടികളുടെ കരച്ചിലും ബഹളവും എല്ലാം കൂടിയായപ്പോള്‍ സംഗതി ഉഷാറായി.  

പഴയ ആശുപത്രി ആയതുകൊണ്ട് സൗണ്ട് പ്രൂഫ് ഒന്നുമല്ല.  അതുകൊണ്ട് വാതില്‍ അടച്ചാലും പുറത്തുനിന്നുള്ള ശബ്ദം മുറിയില്‍ എത്തും. 

ശ്വാസം മുട്ടല്‍ കൊണ്ടു വലഞ്ഞു കിടക്കാനും ഇരിക്കാനുമാകാതെ പുലര്‍കാലമാകാറായപ്പോഴാണ് അമ്മ ഉറങ്ങിയത്.  അടുത്ത മുറികളില്‍ കുട്ടികളും ശാന്തരായി.  കുട്ടികളെ ഒക്കത്തെടുത്തും തോളിലേറ്റിയും വിഷമിച്ച മുത്തശ്ശിമാരും മാതാപിതാക്കളും ഒന്നു നടുനിവര്‍ത്തി ആശ്വാസത്തോടെ ഉറക്കം പിടിച്ചു.  പുലര്‍കാലെ നല്ല ഉറക്കത്തിന്റെ സമയം.  

കാത് തുളയ്ക്കുന്ന ഒരു കോലാഹലം കേട്ട് ഞെട്ടിയുണര്‍ന്നു.  എന്താണ് സംഭവമെന്ന് ആദ്യം പിടികിട്ടിയില്ല.  പിന്നെ ഒന്നുകൂടി ശ്രദ്ധിച്ചപ്പോളാണ് അടുത്തുള്ള ആരാധനാലയത്തില്‍ നിന്നുള്ള റെക്കോര്‍ഡ് ആണെന്ന് മനസ്സിലായത്.  ഫോണെടുത്തു   സമയം നോക്കുമ്പോള്‍ നാല് മണി.

'ബലെ ഭേഷ്'

എല്ലാ മുറികളിലും സുഷുപ്തിയിലായിരുന്നവര്‍ ഞെട്ടിയെണീറ്റു.  കുഞ്ഞുങ്ങള്‍ ഞെട്ടിയുണര്‍ന്നു കരയാന്‍ തുടങ്ങി.  ഇനിയെങ്ങനെ ഉറങ്ങും എന്റീശ്വരാ...ഉറക്കച്ചടവ് പോയിട്ടുമില്ല.  കണ്ണടച്ചു പുതപ്പ് കൊണ്ട് ചെവിയില്‍ തിരുകി ഉറങ്ങാന്‍ ഒരു ശ്രമം നടത്തി നോക്കി.  എവിടെ?.  കര്‍ണ്ണകഠോര ശബ്ദത്തില്‍ ഭക്തി പാടിത്തിമിര്‍ക്കുകയാണ്. 

തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഒന്നു മയങ്ങാന്‍ പോലും പറ്റിയില്ല.  

'എന്തൊരു കഷ്ടമാ ഇത്?  

അസമയങ്ങളില്‍ ഇമ്മാതിരി കോലാഹലം ഉണ്ടാക്കുന്നവര്‍ക്കെതിരെ ഏതാണ്ടൊക്കെ നിയമങ്ങള്‍ ഉണ്ടെന്ന് പത്രത്തിലും ടിവിയിലുമൊക്കെ കാണുന്നുണ്ട്.  അതൊന്നും ഇവിടെ ബാധകമല്ലേ?.  ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ഇതിനെതിരെ പരാതി കൊടുക്കാനാവില്ലേ? ഓ..അങ്ങനെ ചെയ്താല്‍ വിവരമറിയുമല്ലോ അല്ലേ?'

ഞാന്‍ പിറുപിറുക്കുന്നത് കേട്ട് അമ്മ വിചാരിച്ചു, ഉറക്കപ്പിച്ചു പറയുന്നതായിരിക്കുമെന്ന്.

ഏതായാലും കൃത്യം ആറുമണിക്ക് പാട്ട് നിന്നു. 

'നീ ഉറക്കത്തില്‍ പിച്ചും പേയും പറയുന്നത് കേട്ടല്ലോ..  അതേ   ദൈവവിചാരം വേണം ഇല്ലെങ്കി ഇങ്ങനെ പല ദുസ്വപ്നങ്ങളും കാണും.'

അമ്മയെ ഒന്നു ദയനീയമായി നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

അമ്മയ്ക്ക് മരുന്നു കൊടുക്കാന്‍ വന്ന നഴ്‌സിനോട് ചോദിച്ചു.  

'രാവിലത്തെ ഈ കോലാഹലത്തിനെതിരെ ആര്‍ക്കും പരാതിയൊന്നുമില്ലേ?'

'അതിനെന്താ ചേച്ചി..ഭക്തിഗാനമല്ലെ അത് കേട്ടാല്‍ രോഗിക്ക് ആശ്വാസം കിട്ടില്ലേ?'

'ഉവ്വാ..കിട്ടും..കിട്ടും..' മറുപടി പറഞ്ഞു.

നഴ്സ് ഒന്നു ചിരിച്ചിട്ട് അവരുടെ ജോലിയിലേയ്ക്ക് തിരിഞ്ഞു.

അമ്മയ്ക്കുള്ള പ്രാതല്‍ വാങ്ങാനായി കാന്റീനിലേക്ക് പോകും വഴി ആരാധനാലയത്തിനു നേരെ തിരിഞ്ഞു കൈകൂപ്പി ചോദിച്ചു. 

 'എന്തിനാ ദൈവമേ ഇവിടിരുന്നു പാവം രോഗികളെ ഇങ്ങനെ ശിക്ഷിക്കുന്നത്?.'

ദൈവം കേട്ടോ ഇല്ലയോ..!

വാ തുറക്കാത്ത നമ്മള്‍, കണ്ണു തുറക്കാത്ത നിയമം 

ചുരുക്കം പറഞ്ഞാല്‍, രോഗത്തിന് ആശ്വാസം തേടി വരുന്നവര്‍ രോഗം മാറി പോകുന്നിടം വരെ ഉറങ്ങാനാകാതെ വലയുകയാണ് ഈ ശബ്ദത്താല്‍. ശബ്ദമലിനീകരണത്തിന് എതിരെ നിയമങ്ങള്‍ ഉണ്ട് പക്ഷെ ഇതിനെതിരെ ആശുപത്രി നടത്തിപ്പുകാരോ രോഗികളോ പരാതിം കൊടുക്കില്ല.  ആരുമൊന്നും മിണ്ടുകയുമില്ല.  കാരണം ഇത് തുടര്‍ന്നു പോരുന്ന ഒരു അഭ്യാസം മാത്രം. 

ഇന്ന് നിയമങ്ങളെക്കാള്‍ എല്ലാവര്‍ക്കും പേടി മതങ്ങളെയാണ്.  രോഗികളും കൂട്ടിരിപ്പുകാരും വിചാരിക്കും, തങ്ങള്‍ ഏതായാലും ഇവിടെ സ്ഥിരതാമസത്തിന് വന്നതല്ല,  പിന്നെന്തിന് ഏടാകൂടങ്ങളില്‍ തലയിടണം എന്ന്.  

ആരും പ്രതികരിക്കാത്തിടത്തോളം പൊതുജനങ്ങളോടുള്ള ഈ വെല്ലുവിളി  ഇനിയും നിര്‍ബാധം തുടരും.  

ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍? 

ഉയിരു പേടി ഉള്ളത് കൊണ്ട് സ്ഥലത്തിന്റെയോ ആശുപത്രിയുടെയോ പേര് പറയുന്നില്ല.

click me!