എനിക്കും ചിലത് പറയാനുണ്ട്. ജിസ്സാ ഡോണല്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
പെണ്ണുങ്ങളെ, നിങ്ങളോടാണ് എന്റെ ചോദ്യം.ചിന്തിച്ച് ഒരു ഉത്തരം കണ്ടുപിടിക്കണം.
നിങ്ങള്‍ ശരിക്കും ഹാപ്പി ആണോ? ജീവിക്കാന്‍ ഇപ്പോഴും ഒരു ത്രില്‍ നിങ്ങളില്‍ അവശേഷിക്കുന്നുണ്ടോ?
അതോ രാവിലെ എന്തിനോ ആയി എഴുന്നേല്‍ക്കുന്നു. ക്ലോക്കിലെ സൂചിക്കൊപ്പം ഓടി ഓടി പണികള്‍ ചെയ്യുന്നു. രാത്രി ആകുന്നു.ഉറങ്ങുന്നു. ഇങ്ങനെ വിരസമായി, മടുപ്പു നിറഞ്ഞു ആര്‍ക്കോ വേണ്ടി ജീവിക്കുന്നത് പോലെ ആണോ ജീവിതം?
ഞാന്‍ കഷ്ടപ്പെടുന്നതു കാണേണ്ടവര്‍ കാണണം. അംഗീകരിക്കപ്പെടണം. പ്രശംസിക്കപ്പടണം എന്നുള്ളത് മനുഷ്യ സഹജമായ ഒരു ത്വര ആണ്. അത് പലപ്പോഴും കിട്ടാതെ വരുമ്പോള്‍, ഒരു നല്ല വാക്ക് എവിടെ നിന്നും കേള്‍ക്കാതെ വരുമ്പോള്‍ പലപ്പോഴും വിഷമം തോന്നി തുടങ്ങും. ചെയ്യുന്നതിലെല്ലാം യാന്ത്രികത വരും.
ഇതോടൊപ്പം കുറവുകളും പോരായ്മകളും കൊട്ടി ഘോഷിക്കപ്പെടുമ്പോള്‍, ചെയ്യുന്നത് ഒന്നിനും വില ഇല്ലെന്ന് തോന്നുമ്പോള്‍, ചെയ്യാത്തതിനും പറ്റാത്തതിനും മാത്രം കമന്റുകള്‍ കേള്‍ക്കുമ്പോള്‍, നിങ്ങളുടെ നന്മയും, വ്യക്തിത്വവും, അധ്വാനവും കണക്കാക്കപ്പെടാതെ പോകുമ്പോള്‍ തളര്‍ച്ച തോന്നാം. പണ്ടുണ്ടായിരുന്ന കോണ്‍ഫിഡന്‍സ് കൂടി കുറയാം. വീണ്ടും വീണ്ടും എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ഓട്ടം പൂര്‍വ്വാധികം ശക്തിയോടെ തുടരും. തുടര്‍ന്നുകൊണ്ടേയിരിക്കും...ശരിയല്ലേ?
അങ്ങനത്തെ ഓട്ടം ഒടുന്നവര്‍ ആണ് നമ്മള്‍ മലയാളി സ്ത്രീകളില്‍ അധികവും. വീടുംചുറ്റുപാടുകളും, പഴയകാല അനുഭവങ്ങളും പഠിച്ചു വന്ന കണ്ടു വളര്‍ന്ന സാമൂഹ്യവ്യവസ്ഥിതികളും ഒക്കെ നമ്മളുടെ ഈ അവസാനം ഇല്ലാത്ത ഓട്ടത്തിന്റെ കാരണമായിരിക്കാം .
എല്ലാവര്‍ക്കും വേണ്ടി ഓടുന്നതിനോടൊപ്പം നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലുമൊക്കെ കാര്യം ചെയ്യാനുള്ള സമയം കണ്ടെത്തുക, നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുക, ഹോബികള്‍ എന്‍ജോയ് ചെയ്യുക തുടങ്ങിയ കേട്ടു പഴകിയ, ചെവി തഴമ്പിച്ച സ്ഥിരം ക്ലീഷേ ഡയലോഗുകള്‍ ഒഴിവാക്കാം.
ഇനി പറയാന്‍ പോകുന്ന കുഞ്ഞു ടിപ്പുകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. വല്യ ഹിമാലയന്‍ മാറ്റം ഒരു ദിവസം കൊണ്ട് വരും എന്ന അവകാശ വാദങ്ങള്‍ ഒന്നുമില്ല. എന്നാലും കുറച്ചൊക്കെ മാറ്റങ്ങള്‍ പതിയെ പതിയെ നമ്മളില്‍ വന്നു തുടങ്ങും. ഒന്നു ട്രൈ ചെയ്തു നോക്കൂന്നെ.
കൈയടിക്കുക, നമ്മള്‍ക്കായി നമ്മള്‍ തന്നെ
ആരും കൈ കൊട്ടാനും, നല്ലത് പറയാനും പ്രശംസിക്കാനും ഇല്ലെങ്കിലും നമ്മള്‍ക്കായി നമ്മള്‍ തന്നെ കൈ കൊട്ടുക. നമ്മുടെ തോളില്‍ നമ്മള്‍ തന്നെ ഒന്ന് തട്ടുക. മനസ്സിനോട് ഇടയ്ക്കിടയ്ക്ക് പറയുക. 'നീ മിടുക്കിയാ ....നിന്നെ കൊണ്ടു ഇതല്ല ഇതിനപ്പുറവും പറ്റും' എന്ന്. യൂ ആര്‍ ഡൂയിംഗ് എ ഗുഡ് ജോബ് എന്ന്. എന്നിട്ട് നമ്മള്‍ അങ്ങനെ തന്നെയാണ് എന്ന് അങ്ങു വിശ്വസിക്കുക. പോസിറ്റീവ് സെല്‍ഫ് ടോകിന്റെ ഒരു ചെറിയ വേര്‍ഷന്‍.
സ്വന്തമായി അല്‍പ്പ നേരം
നിങ്ങള്‍ക്കായി കുറച്ചു സമയം കണ്ടെത്തുക. നിങ്ങള്‍ക്കു ഇഷ്ടം ഉള്ളത് ചെയ്യാന്‍. ഇഷ്ടമുള്ള ഒരു ബുക് വായിക്കാനോ, പാട്ടു കേള്‍ക്കാനോ എന്തിന് ഇഷ്ടം ഉള്ള രീതിയില്‍ ഒരു ചൂട് ചായ ഊതി ഊതി ആസ്വദിച്ചു കുടിക്കാന്‍ നിങ്ങള്‍ നിങ്ങള്‍ക്കായി മാറ്റി വയ്ക്കുന്ന സമയമായി ഈ മീ ടൈമിനെ കാണാം. നമ്മള്‍ ആഗ്രഹിക്കുന്നവ ചെയ്യാന്‍ സാധിക്കുമ്പോള്‍,അതു ചെറിയ ഒരു കാര്യം ആണെങ്കില്‍ കൂടി ഒരു സന്തോഷം മനസ്സില്‍ നിറയും.
പെണ്ണൊരുമ്പെട്ടാല്‍ എല്ലാം നടക്കൂന്നെ
അതൊന്നും നടക്കൂല എന്നു പറഞ്ഞു മാറ്റിവച്ച എന്തെങ്കിലുമൊക്കെ നടക്കുമോ എന്ന് ഒന്നുകൂടി ഒന്നു നോക്കുക. തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല എന്നു എന്ന രീതിയില്‍ ഒന്നൂടെ പയറ്റി നോക്കുക. പലകുറി പരാജയപ്പെട്ടിടത്ത് ഇനി ആവില്ല എന്ന് വിചാരിച്ച് ആയുധം വച്ച് മുട്ടുമടക്കി സുല്ലിടാതെ ഒരുവട്ടം കൂടി ശ്രമിക്കുക. അതിപ്പോ ഡെലിവറി കഴിഞ്ഞു വച്ച വെയ്റ്റ് കുറയ്ക്കാന്‍ ആകട്ടെ, ഡ്രൈവിംഗ് പഠിക്കാന്‍ ആകട്ടെ, ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ആവട്ടെ, ഒരു ഓണ്‍ലൈന്‍ കോഴ്‌സിന് ചേരാന്‍ ആവട്ടെ... എന്തുമാകട്ടെ , അങ്ങനെ നേടിയെടുക്കുന്ന വിജയങ്ങള്‍ നമുക്ക് സമ്മാനിക്കുന്ന കോണ്‍ഫിഡന്‍സ് ഒത്തിരി വലുതായിരിക്കും.
ഒരു ബക്കറ്റ് ഉണ്ടാക്കു...
ഇവിടെ ഉദ്ദേശിച്ച ബക്കറ്റ് ഒരു ബക്കറ്റ് ലിസ്റ്റ് ആണ്. നിങ്ങളുടെ ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ, നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ, പോകാനും വാങ്ങാനും ചെയ്യാനും ഇഷ്ടപ്പെടുന്നവയുടെ ഒരു ലിസ്റ്റ്. അതു ഉണ്ടാക്കി മനസ്സിലും, മൊബൈലിലും എവിടെ എങ്കിലും ഒക്കെ പേസ്റ്റ് ചെയ്യൂ. എന്നും ഓര്‍ക്കാന്‍. പിന്നെക്ക് മാറ്റി വെച്ചു ഒടുക്കം ആ ലിസ്റ്റിന്റ നീളം കൂട്ടി കൊണ്ടിരിക്കാതെ ഇടക്കൊക്കെ ആ ലിസ്റ്റില്‍ നിന്ന് എന്തെങ്കിലുമൊക്കെ ഡിലീറ്റ് ചെയ്യണം. അതിനു ആദ്യം സ്വപ്നങ്ങള്‍ കാണാന്‍ ധൈര്യം കാണിക്കണം. വഴികള്‍ തനിയെ പതിയെ തെളിഞ്ഞു വരുമെന്ന് വിശ്വസിക്കുക. ഒരു സ്വയം തൊഴില്‍ കണ്ടെത്തുകയോ ജോലിയില്‍ സമ്പാദിക്കുന്നതില്‍ നിന്നു നിങ്ങള്‍ക്കായി മാത്രം കുറച്ചു തുക മാറ്റി സൂക്ഷിക്കുകയോ ചെയ്യാം. ഒരു സെക്കണ്ടറി വരുമാനം കണ്ടെത്തുക. ഈ ലോകം നമ്മുടേത് കൂടിയാണെന്നേ...
നേരിട്ടു കാണാത്തവ വിശ്വസിക്കേണ്ട
ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഒക്കെ തുറന്നാല്‍ പോസ്റ്റുകളുടെയും, സ്റ്റാറ്റസുകളുടെയും ബഹളമാണ്. നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്നു നൂറ് നൂറ് ഫോട്ടോകള്‍, സ്റ്റോറികള്‍. ഫീലിംഗ് ലൗ, ഫീലിംഗ് കൂള്‍. അങ്ങനെ എന്തെല്ലാം ഫീലിംഗുകള്‍. പലതരം റസ്റ്ററന്റുകള്‍, കൊതിപ്പിക്കുന്ന ഫുഡ് കഴിക്കുന്ന ഫോട്ടോകള്‍, കറങ്ങാന്‍ വേള്‍ഡ് ടൂര്‍ പോയതിന്റെ ഫോട്ടോസ്, റൊമാന്റിക് കാന്‍ഡില്‍ ലൈറ്റ് ഡിന്നറുകളുടെയും, അടിച്ചു പൊളിച്ചു ജീവിതം കളര്‍ ആയി ആഘോഷിക്കുന്നവരുടെയും ജീവിതമാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കാണാറുള്ളത്. കാണുന്നതില്‍ തെറ്റില്ല .എന്നാല്‍, 'ഇവര്‍ എല്ലാം സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്നു. ഞാന്‍ മാത്രം ഇങ്ങനെ ആയല്ലോ ഈശ്വരാ..' എന്ന തോന്നല്‍ മനസ്സില്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ഓര്‍ക്കുക. ഈ സ്റ്റോറികളുടെയും ഫോട്ടോകളുടെയും പിന്നിലെ യഥാര്‍ത്ഥ സ്റ്റോറി അങ്ങനെ ആവണം എന്നില്ല. അങ്ങനെ ആണെകിലും അല്ലെങ്കിലും അങ്ങനെ അങ്ങു അശ്വസിക്കാന്നേ.
ശാന്തി, ശാന്തി
ചില മനുഷ്യരുടെ ചില നേരത്തെ പ്രവൃത്തികള്‍ കണ്ടാല്‍ ഉള്ളംകാലില്‍ നിന്ന് ദേഷ്യം ഇരച്ചുകയറും. ഒന്നും രണ്ടും പറഞ്ഞ് ഉണ്ടാക്കുന്ന വഴക്കുകളില്‍ കൂടുന്ന ബിപി നിങ്ങളുടേത് മാത്രമായിരിക്കും. നഷ്ടപ്പെടുന്ന സ്വസ്ഥതയും നിങ്ങളുടേതാകും. അതുകൊണ്ട് ഇനി വഴക്കിടുന്നതിനുമുമ്പ് ഒരുവട്ടം കൂടി ആലോചിക്കുക. ഒരു കണ്ണും ഒരു ചെവിയും അടച്ചു പിടിച്ചത് പോരെങ്കില്‍ മറ്റേ കണ്ണും, മറ്റേ ചെവിയും കൂടി അടച്ച് വയ്ക്കുക. എന്നിട്ട് ദീര്‍ഘമായി പത്തുവട്ടം ശ്വാസമെടുത്ത് വിടുക. മനസ്സൊന്നു സമാധാനമായി കഴിയുമ്പോള്‍ നമുക്ക് ഇതിനെല്ലാം പരിഹാരം ഉണ്ടാക്കാമെന്നേ...
പ്രായം വെറും നമ്പര്‍ മാത്രം ആണെന്നേ
ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ എല്ലാം തീര്‍ത്ത് സമാധാനമായി വീട്ടില്‍ ഇരിക്കുന്ന ഒരു കാലഘട്ടമുണ്ട്. നമ്മുടെ അമ്മമാര്‍ക്ക്. മക്കളുടെ വിദ്യാഭ്യാസവും, വിവാഹവും ഒക്കെ മംഗളകരമായി നടത്തി, കുഞ്ഞു മക്കളെയും കളിപ്പിച്ചു സന്തോഷമായി ഇരിക്കേണ്ട ഒരു കാലഘട്ടം. എന്നാല്‍ രോഗത്തിന്റെ വ്യാകുലതകളും, അടുത്തില്ലാത്ത മക്കളെകുറിച്ചുള്ള ഒരു വേവലാതികളും, അടുത്തുള്ള മക്കളെക്കുറിച്ചുള്ള നീരസങ്ങളും ഒക്കെയായി പലപ്പോഴും ആ കാലം അത്ര സുഖമുള്ളതായിരിക്കില്ല.
അപ്പോഴും, പരാതികള്‍ക്കു നില്‍ക്കാതെ, ഓരോന്നാലോചിച്ച് മനസ്സു വേദനിച്ചിരിക്കാതെ പറമ്പിലും തൊടിയിലും ആയി, നട്ടും നനച്ചും കുഞ്ഞു മക്കള്‍ക്കൊപ്പം കഥകളും കവിതകളും ഓര്‍മ്മകളും പങ്കുവെച്ച് വാര്‍ദ്ധക്യത്തിനു പിടികൊടുക്കാതെ ഊര്‍ജ്ജസ്വലമായി തന്നെ മുന്നോട്ടുപോകുക.
അടുത്ത വീട്ടിലെ ചേച്ചിമാരുമായി ഒരു മോണിംഗ് വാക്ക്, കുഞ്ഞുമക്കളെ കൊണ്ട് മൊബൈലില്‍ കാണാന്‍ പഠിക്കുന്ന യൂട്യൂബ് വീഡിയോസ് , വാട്‌സാപ്പിലെ ഫാമിലി ഗ്രൂപ്പുകളിലെ തമാശകള്‍ പങ്കുവെയ്ക്കല്‍ ഇതെല്ലാം മനസ്സിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും
മക്കള്‍ വിദേശത്തുള്ള അമ്മമാര്‍ ഫ്‌ലൈറ്റില്‍ ഒക്കെ കയറി ഒന്നു ലോകം ചുറ്റി വരൂന്നേ. 'ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്' എന്ന പരസ്യവാചകം ഓര്‍മിപ്പിക്കും പോലെ. എനിക്ക് വയസ്സ് ആയിട്ടില്ല, ഇനിയും ജീവിക്കാന്‍ ഒരുപാട് ജീവിതം മുന്നോട്ട് ഉണ്ട് എന്നു ഇളം തലമുറയെ കൂടെ തോന്നിപ്പിയ്ക്കണം....'
'ഹൗ ഓള്‍ഡ് ആര്‍ യൂ' ഫിലിമിലെ ഡയലോഗ് പോലെ 'പ്രായം വെറും നമ്പര്‍ ആണെന്ന് നമുക്കും പറയാമെന്നേ....ബാക്കി അവശേഷിക്കുന്ന ജീവിതം നല്ല ത്രില്‍ ആക്കി, ഹാപ്പി ആയി ജീവിക്കാമെന്നേ....