ഇന്ന് വാക്കുത്സവത്തില്‍ ജേക്കബ് ഏബ്രഹാം എഴുതിയ കഥ, ഇടവേളകളില്‍ സംഭവിക്കുന്നത്
ഒറ്റ നോട്ടത്തില്‍ ലളിതമാണ് ജേക്കബ് ഏബ്രഹാമിന്റെ കഥകള്‍. എന്നാല്‍, സൂക്ഷിച്ചുവായിക്കുമ്പോള്‍, ഏറ്റവും റീഡബിളായ ആ ലാളിത്യത്തിനുള്ളില്‍ പാകിയ കുഴിബോംബുകള്‍ കണ്ടെത്താം. പുറേമയ്ക്ക് ശാന്തമായി ഒഴുകുന്ന മനുഷ്യ ജീവിതങ്ങളിലെ ഇളകിമറിയുന്ന സങ്കീര്‍ണ്ണതകളാണ് ആ ലാളിത്യത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നത്. അതിവൈകാരികതയോ അതിഭാവുകത്വമോ കലര്‍ത്താതെ അത്യന്തം നിസ്സംഗനായ ഒരു കാഴ്ചക്കാരനെപ്പോലെയാണ് കഥാകൃത്ത് ആഖ്യാനത്തില്‍ ഇടപെടുന്നത്. ആ നിര്‍വികാരത പക്ഷേ, ഒളിച്ചോട്ടമല്ല. നിലപാട് തന്നെയാണ്. വായനക്കൊടുവില്‍ തിരിച്ചറങ്ങാന്‍ പറ്റാത്ത വിധം വികാരങ്ങളുടെ വിക്ഷുബ്ധതയില്‍ വായനക്കാരനെ തനിച്ചാക്കുന്നത് എഴുത്തിലെ ആ മനുഷ്യപ്പറ്റ് തന്നെയാണ്. അതിലെ കറുത്ത നര്‍മ്മവും അമ്പരപ്പിക്കുന്ന നിരീക്ഷണങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ചേര്‍ന്നാണ് കഥയുടെ ആ രാവണന്‍ കോട്ട സാദ്ധ്യമാക്കുന്നത്.
undefined
തീര്‍ത്തും സ്വകാര്യമായ ദുഃഖങ്ങള്‍ അലട്ടി തുടങ്ങിയപ്പോള്‍ ഞാന്‍ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു. ഒരു സിനിമയുടെ ഇടവേളയില്‍നിന്നും ഇറങ്ങിപ്പോകുന്ന ഒരാളെപ്പോലെ. നല്ലൊരു കുടുംബചിത്രം. പകുതിയില്‍ നിര്‍ത്തിപ്പോകുന്നു. ഈ സിനിമയുടെ നായകന്‍ ഞാനാണെന്ന് മാത്രം. കാണുന്നവര്‍ക്ക് സന്തോഷകരമായ ഒരു കുടുംബചിത്രമാണിത്. ഇയാള്‍ ഒരു ഭാഗ്യശാലിയായ നായകനാണെന്ന് തോന്നിപ്പോകും. വലിയ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയിലെ ഉദ്യോഗം, അതും വി.പി. പോസ്റ്റില്‍. സുന്ദരിയും നഗരത്തിലെ പ്രമുഖ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മേധാവിയുമായ ഭാര്യ, അതേ കോളേജില്‍ തന്നെ അമ്മയുടെ അതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡിഗ്രി സെക്കന്റ് ഇയറില്‍ പഠിക്കുന്ന ബുദ്ധിമതിയും സുന്ദരിയുമായ ഒരേയൊരു മകള്‍. നഗരത്തില്‍ അതിസമ്പന്നര്‍ വസിക്കുന്ന റസിഡന്‍ഷ്യല്‍ ഏരിയയില്‍ വീട്. കാര്‍പോര്‍ച്ചില്‍ സെഡാന്‍ കാര്‍. ദേശീയ ബാങ്കുകളില്‍ മികച്ച നിക്ഷേപം. പ്രമുഖ ക്ലബുകളില്‍ അംഗത്വം. പിന്നെ ഇയാള്‍ക്കെന്ത് ദുഃഖമാണ്. ഏതൊരു പ്രേക്ഷകനും ചോദിച്ചുപോകും. വഴിയെ പറയാം. ജീവിതത്തിന്റെ ഈ ഇടവേളയില്‍ യാത്രപോകുന്നുവെന്ന് പറഞ്ഞാല്‍ കാശിയിലേക്കോ, രാമേശ്വരത്തേക്കോ, ഹിമാലയത്തിലേക്കോ അല്ല കേട്ടോ. കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ അജ്ഞാതവാസത്തിനാണ്. അതുകഴിഞ്ഞാല്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാം. ഡോ. മാത്യുവിന്റെ ആശയമാണീ യാത്ര. ആത്മസ്‌നേഹിതനാണ്. കുടുംബ സുഹൃത്താണ്. അയല്‍വാസിയാണ്. വിസ്‌ക്കിക്കും സോഡയ്ക്കുമൊപ്പം കുറച്ച് സ്വകാര്യ ദുഃഖങ്ങള്‍, അല്ല ജീവിതത്തിന്റെ ഈ അര്‍ത്ഥരാഹിത്യം കൂടി പകര്‍ന്ന ഒരു സായാഹ്നത്തില്‍ ഡോ. മാത്യൂ പറഞ്ഞ ആശയം.
''എടോ അനിലേ ഇത് മിഡ് ലൈഫ് ക്രൈസിസാണ്. ഒരു സാധാരണ ചിന്ത. അമ്പതു വയസു കഴിയുമ്പോള്‍ ഏതൊരാള്‍ക്കും തോന്നാവുന്ന
താണ്. താനീ പറഞ്ഞതൊക്കെ... ആദ്യത്തെ പത്തുവയസ്സുവരെ കുട്ടിയോട്ടങ്ങള്‍, പത്തു മുതല്‍ ഇരുപതു വരെ കൗമാരത്തിന്റെ കലഹങ്ങള്‍, ഇരുപത് മുതല്‍ മുപ്പത് വരെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ യുവത്വം. മുപ്പത് മുതല്‍ നാല്‍പ്പത് വരെ യുവത്വത്തിന്റെ അവസാന അഭ്യാസപ്രകടനങ്ങള്‍. നാല്‍പ്പത് മുതല്‍ അമ്പത് വരെ മധ്യവയസ്‌കന്റെ ആര്‍ത്തി. അമ്പത് കഴിയുമ്പോള്‍ ഏകാന്ത വാര്‍ധക്യത്തിലേക്കുള്ള ഉറ്റുനോട്ടം... ഇതൊക്കെയാടോ നമ്മള്‍ പുരുഷന്മാരുടെ ജീവിതചക്രം''
ഡോക്ടര്‍ ഫിലോസഫിക്കലായി.
''ക്ലിനിക്കലായി പറഞ്ഞാല്‍ ഫിസിക്കലായി വരുന്ന ഒരു വൈകാരികപരമായ ശൂന്യത. ഈ മെനോപോസുവന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന ഒരു വിഷാദഭാവം പോലെ...''
ഡോക്ടര്‍ പറഞ്ഞതിലും കാര്യമുണ്ട്. ഇതൊരു ഹോര്‍മ്മോണ്‍ ഇംബാലന്‍സിന്റെ പ്രശ്‌നമാണോ. എല്ലാത്തിനോടും ഒരുതരം വിരക്തി. ഒന്നിലും താല്‍പര്യമില്ലാത്ത അവസ്ഥ.
............................................
''ഇനിയിപ്പം തനിക്ക് പോയേ പറ്റുവെങ്കില്‍ രണ്ടാഴ്ച ഒരു ബ്രേക്കെടുത്ത് ഒരു യാത്ര പോയി വാ... വീട്ടിലെ കാര്യമൊന്നും ഓര്‍ത്ത് ടെന്‍ഷനാവണ്ട... ഓഫീസ് കാര്യവും വിട്.''
കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പഴയ ഫ്രണ്ട്‌സിനെയൊക്കെ ഒന്ന് പരതിനോക്കി. യൗവ്വനത്തില്‍ ആഘോഷിച്ച സാഹസങ്ങള്‍ പരസ്പരം പറഞ്ഞ് ബോറടിച്ചു. ഒരു ഹോബിയെന്ന് പറയാന്‍ ഉണ്ടായിരുന്നത് ഗാര്‍ഡനിംഗാണ്. എവിടെപ്പോയാലും ചെടിച്ചട്ടിയുമായിട്ടായിരുന്നു വീട്ടില്‍ വന്നിരുന്നത്. പൂന്തോട്ടത്തില്‍ പുതിയ ചെടി വിടരുമ്പോള്‍ അറിഞ്ഞിരുന്ന നിര്‍വൃതി. ഇപ്പോള്‍ ഗാര്‍ഡനിലേക്ക് തിരിഞ്ഞുനോക്കാറില്ല. പുല്ലും ചെടിയും പരസ്പരം വളര്‍ന്ന് ആലിംഗനം ചെയ്ത് നില്‍ക്കുന്നു. ഡയബറ്റിക്, ഷുഗര്‍, ബി.പി. അങ്ങനെ ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നുമില്ല. ഒരുവേള ഇപ്പോള്‍ മരിച്ചാല്‍ പോലും താന്‍ സന്തോഷവാനാണ്. ഓഫീസിലെ തിരക്കുകളില്‍ ഉള്‍പ്പെടാന്‍ നോക്കിയിരുന്നു. പരാജയപ്പെട്ടു. നളിനിയുടെയും രുചിയുടെയും കാര്യങ്ങളില്‍ ഇടപെട്ട് ഒരു ഉത്തമ ഭര്‍ത്താവും അച്ഛനുമാകാന്‍ ശ്രമിച്ചു. സ്വയം ലജ്ജ തോന്നി മാറി. അവര്‍ അവരുടെ ലോകത്താണ്. രണ്ടുപേരും മുതിര്‍ന്നവര്‍. കുറച്ചുനാള്‍ ഒരു യോഗാ സെന്ററില്‍ പോയി നോക്കി. സ്ഥിരമായി ബാറില്‍ കയറി. ഒന്നിനും ഒന്നിനും തൃപ്തിയില്ല.ഒരു ഡ്രിങ്ക് കൂടി പകര്‍ന്നുകൊണ്ട് ഡോക്ടര്‍ സംസാരം തുടര്‍ന്നു.
''നമുക്കൊരു കാര്യം ചെയ്യാം.... സൈക്കോളജിസ്റ്റ് വന്ദനയെ ഒന്നു കാണാം. നല്ല കുട്ടിയാ... നല്ല ഒന്നാന്തരം യോഗ ട്രെയ്‌നര്‍ കൂടിയാണവള്‍...'' താന്‍ കൂടുതലൊന്നും ആലോചിച്ച് വട്ടുപിടിക്കണ്ട... ഇഷ്ടമുള്ള കാര്യങ്ങളിലൊക്കെ ആക്ടീവാക്... പറ്റുമെങ്കില്‍ ആരെയെങ്കിലുമൊന്ന് പ്രണയിക്ക്... പ്രണയം അറുപതുകാരനെയും പതിനാറുകാരനാക്കുമെന്നല്ലേ.... ഹ ഹ ഹ നാളെ താന്‍ ഹോസ്പിറ്റലിലേക്കൊന്ന് ഇറങ്ങ്.''
ഡോക്ടര്‍ സ്വയം പറഞ്ഞ തമാശയില്‍ ഉറക്കെ വികൃതമായി ചിരിച്ചു.
പൈന്‍ മരങ്ങള്‍ക്കിടയില്‍ അസ്തമിക്കുന്ന സൂര്യനെ നോക്കി ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു ഞങ്ങള്‍. വിസ്‌കിയില്‍ എരിഞ്ഞടങ്ങുന്ന സൂര്യന്റെ രക്തകിരണം. ഡോക്ടര്‍ എന്റെ പിന്നില്‍വന്ന് തോളില്‍ പിടിച്ചു.
''ഇനിയിപ്പം തനിക്ക് പോയേ പറ്റുവെങ്കില്‍ രണ്ടാഴ്ച ഒരു ബ്രേക്കെടുത്ത് ഒരു യാത്ര പോയി വാ... വീട്ടിലെ കാര്യമൊന്നും ഓര്‍ത്ത് ടെന്‍ഷനാവണ്ട... ഓഫീസ് കാര്യവും വിട്.''
ചുവന്ന സൂര്യന്‍ വീണ വിസ്‌ക്കി ഗ്ലാസ് ചുണ്ടോടടുപ്പിച്ച് ഞാന്‍ മാത്യുവിന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു. ചെറിയ കുസൃതിക്കുട്ടികളെപ്പോലെ ഒരു ചിരി അയാളില്‍ പടര്‍ന്നു. ഇരുവരും ചിരിച്ചു. രണ്ടു കുട്ടികളെപ്പോലെ.
''ഞാന്‍ ജോലി റിസൈന്‍ ചെയ്തു. നളിനിയോടും രുചിയോടും ഇന്നലെ ഈ കാര്യം സൂചിപ്പിച്ചു...''
ഡോക്ടര്‍ കണ്ണുതള്ളി നോക്കി.
''എന്നിട്ട് അവരെന്തു പറഞ്ഞു?''
''അവരെന്തു പറയാന്‍... രണ്ടുപേരും എന്റെ തീരുമാനത്തെ അനുകൂലിച്ചു''
''ബെസ്റ്റ് ഫാമിലി! വളരെ മോഡേണ്‍! യൂറോപ്പിലൊക്കെ കാണുന്നതുപോലെ ഇവിടെയായിരുന്നെങ്കില്‍ സൂസന്‍ അലറി വിളിച്ച് സീനാക്കിയേനേ... താന്‍ ഭാഗ്യവാനാടോ...''
''എന്ത് ഭാഗ്യം ഡോക്ടര്‍... തനിക്കറിയാല്ലോ ഞാന്‍ ഭയങ്കര ദാരിദ്ര്യത്തിലാണ് പിറന്ന് വീണത്. കുട്ടിക്കാലത്ത് ഒരു ഷര്‍ട്ടിന് കൊതിച്ചപോലെ മറ്റൊന്നിനും ആഗ്രഹിച്ചിട്ടില്ല.''
''അതൊക്കെ സെന്റിമെന്റല്‍ ചിന്തകളാണ്. തന്റെ പ്രശ്‌നം മിഡ്‌ലൈഫ് ക്രൈസിസാണ്. തനിക്കറിയാമോ പ്രതിസന്ധികളില്‍ രാഷ്ട്രീയക്കാര്‍ എന്തുകൊണ്ടാണ് പതറാത്തതെന്ന് താന്‍ ശ്രദ്ധിച്ചിട്ടുണ്ടോ... കലാകാരന്മാര്‍ പെട്ടെന്ന് തളരും. കാരണം രാഷ്ട്രീയക്കാര്‍ പ്രശ്‌നങ്ങളുടെ ചുറ്റുമാണ് ജീവിക്കുന്നത്. ഒരു പ്രശ്‌നം പരിഹരിക്കുമ്പോള്‍ നൂറെണ്ണം പിന്നാലെ വരും. പിന്നെ അതിനെക്കുറിച്ചുള്ള ചിന്തകളായി, ആലോചനകളായി... മനുഷ്യനെ കര്‍മ്മനിരതരാക്കുന്നത് പ്രോബ്ലംസാണ്. തനിക്കിപ്പോള്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല. അതാണ് തന്റെ പ്രശ്‌നം.''
ചിക്കന്‍ സെഷ്‌വാനില്‍ നിന്നും ഒരു പീസ് ഫോര്‍ക്കില്‍ കുത്തിയെടുത്ത് ചവയ്ക്കുന്നതിനിടയില്‍ ഡോക്ടര്‍ വീണ്ടും ചിരിച്ചു.
ഇന്നലെ രുചിയുടെ പ്രിയപ്പെട്ട പിസാഹട്ടില്‍ നടന്ന സംഭാഷണം ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍. നളിനിയ്ക്കും രുചിയ്ക്കുമിടയില്‍ ഒരുപാട് ഒരേ ഇഷ്ടങ്ങളുണ്ട്. ഇരുവര്‍ക്കുമിടയില്‍ പലപ്പോഴും ഒരന്യനെപ്പോലെയാണ് ഞാനിരിക്കുന്നത്. ഫാബ് ഇന്ത്യയിലെ ഷോപ്പിംഗ്, പിസാ ഹട്ടുകള്‍, പൗലോ കൊയിലോ നോവലുകള്‍, ഓര്‍ഗാനിക് ഫാമിംഗ്, യോഗാ, ഷോപ്പിംഗ്, സായാഹ്ന നടത്തങ്ങള്‍. കുട്ടിക്കാലത്ത് രുചിക്ക് എല്ലാം പപ്പയായിരുന്നു. അവളുടെ പപ്പൂ... ഐ വാണ്ട് ദിസ്.... ഐ വാണ്ട് ദാറ്റ്... പപ്പൂ ആന കളിക്കാം.... പപ്പു എന്റെ പാവക്കുട്ടിയാ... പപ്പൂനെ ഞാനൊരുക്കട്ടെ... അങ്ങനെ ഒരുപാട് ശബ്ദങ്ങള്‍ ഹൈസ്‌ക്കൂളെത്തിയതോടെ നളിനിയിലെ ടീച്ചര്‍ അവളുടെ ചെറു പകര്‍പ്പായി രുചിയെ വളര്‍ത്താന്‍ തുടങ്ങി.
അമ്മയെങ്ങനെയോ അങ്ങനെയായിരിക്കും മകളും എന്ന പ്രശസ്തമായ ചൊല്ലിലെന്നപോലെ നളിനിയുടെ കുട്ടിക്കാലത്ത് അവള്‍ക്ക് സാധിക്കാത്തതെല്ലാം രുചിക്ക് നല്‍കി. വീട്ടില്‍ ഇംഗ്ലീഷായി സംസാരഭാഷ. കൂട്ടുകാരികളെ ശ്രദ്ധാപൂര്‍വ്വം നളിനി തന്നെ തിരഞ്ഞെടുത്തു. ഇപ്പോള്‍ പിസാഹട്ടിലിരുന്ന് വാട്ട്‌സാപ്പ് നോക്കിയിരിക്കുന്നു. രുചി അവളുടെ പ്രിയപ്പെട്ട ഡബിള്‍ ചീസ് മാര്‍ഗരീറ്റാ ഓര്‍ഡര്‍ ചെയ്തു. നളിനിയും ഞാനും കണ്‍ട്രി സ്‌പെഷ്യല്‍ ഷെയര്‍ ചെയ്തു. അമ്മയും മകളും ആമസോണിലെന്തോ ഷോപ്പ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇരുവരുടെയും ഷോപ്പിംഗ് കഴിഞ്ഞതോടെ ഞാന്‍ വിഷയമെടുത്തിട്ടു.
- സീ... ഇനി ഞാന്‍ നിങ്ങളോടൊപ്പം കുറച്ചു നാള്‍ ഉണ്ടാകില്ല... i need a break!
നളിനി ഒന്നും മിണ്ടിയില്ല. രുചിയാണ് സംസാരിച്ചത്.
- ങ്ങെ! വാട്ട് യു മീന്‍ പപ്പ?
- മോളെ ഞാനൊരു യാത്ര പോവുകയാണ്.
- ഓ, that is fine... യാത്രപോയി തിരികെ വേണം.... if you wish i could join with you.
- ഇത് അങ്ങനെയൊരു യാത്രയല്ല രുചീ... a long vacation from life....
ആദ്യം 6 മാസം. ബാക്കി പിന്നെ തീരുമാനിക്കും.
- അപ്പോ പപ്പയുടെ ജോലി? വീട്ടിലെ കാര്യങ്ങള്‍?
- i put my papers! ആന്‍ഡ് യുവര്‍ മമ്മി ഈസ് സ്മാര്‍ട്ട് ഇനഫ് ടു ഹാന്‍ഡില്‍ ഹോം.
നളിനിയെ ഞാന്‍ നോക്കി. ഇതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്ന സ്ഥിരം ഭാവത്തോടെ മൊബൈലില്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. രുചി അവളുടെ അമ്മയോടായി തിരിഞ്ഞു പറഞ്ഞു.
- മമ്മീ ഇത് കേള്‍ക്കുന്നില്ലെ.
നളിനി മോളോടെന്ന വണ്ണം അതിനുള്ള മറുപടി പറഞ്ഞു.
- ഓരോരുത്തര്‍ക്കും അവരവരുടെ സ്വാതന്ത്ര്യങ്ങളുണ്ട് രുചീ... നിന്റെ പപ്പയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം... ഈ സെഷന്‍ വേഗം തീര്‍ത്താല്‍ നമുക്കിറങ്ങാം. സെമസ്റ്റര്‍ നാളെ തുടങ്ങുകയാണ്. എനിക്ക് ഒരുപാട് ജോലിയുണ്ട്. പിന്നെ മറ്റന്നാള് യു.ജി.സി.യുടെ ഒരു സെമിനാറും വരുന്നുണ്ട്. എനിക്ക് പ്രിപ്പയര്‍ ചെയ്യാനുണ്ട്. ഫിനിഷ് യുവര്‍ പിസ്സ!...
............................................
ഈ പിസഹട്ടില്‍നിന്നും പുറത്തിറങ്ങുന്നതുപോലെ ഇതുവരെയുള്ള ജീവിതത്തില്‍ പുറത്തിറങ്ങുന്നത് എത്ര എളുപ്പമാണ്. നമ്മള്‍ വിചാരിക്കുന്നതുപോലെ അത്ര കഠിനമല്ല അത്.
നളിനി ഈയിടെയായി അക്കാദമിക് ലോകത്ത് ആഴ്ന്നിറങ്ങിയിരിക്കുകയാണ്. കോളേജില്‍നിന്നും തടിയന്‍ പുസ്തകങ്ങളും ചുമന്നുകൊണ്ടുവന്ന് രാത്രി വൈകുവോളം വായിക്കും. സെമിനാറുകള്‍ക്കായി ഇന്ത്യയിലെമ്പാടുമുള്ള സര്‍വകലാശാലകളിലേക്ക് പായും. രാജ്യത്തെല്ലായിടത്തും അക്കാദമിക് സൗഹൃദങ്ങളുണ്ട്. ശിഷ്യഗണങ്ങളാണ് കൂട്ടുകാര്‍. മൂന്നോ നാലോ വാചകങ്ങളില്‍ കൂടുതല്‍ ഞങ്ങള്‍ സംസാരമില്ല. പലപ്പോഴും മൂഡിയാണ്. ഒരു വീട്ടില്‍ മൂന്ന് ചെറിയ തുരുത്തുകള്‍ പോലെ. രുചി അവളുടെ റൂമില്‍നിന്നും പുറത്തുവരുന്നത് ഡൈനിങ്ങ് ടേബിളിലേക്ക് മാത്രമാണ്.
പിസ്സഹട്ടിലെ ഈ വര്‍ത്തമാനത്തില്‍ ഞാന്‍ പ്രതീക്ഷിച്ചപോലെയാണ് എല്ലാം സംഭവിക്കുന്നത്. ഒരാളുടെ മരണം സത്യത്തില്‍ മറ്റ് പലര്‍ക്കും ഉപകാരപ്പെടുന്നതുപോലെ. ഈ ഇറങ്ങിപ്പോക്ക് ഡോ. നളിനിയില്‍ യാതൊരു ചലനവുമുണ്ടാക്കില്ല. അവരുടെ പ്രിയപ്പെട്ട ഫെമിനിസ്റ്റ് തിയറികള്‍കൊണ്ട് ഇതിനെ നിസ്സാരമായി കാണാനും കഴിയും. ഒരുപക്ഷെ ഇതെല്ലാം എന്റെ തോന്നലാവാം.
മധ്യവയസ്സിലേക്ക് കടക്കുമ്പോള്‍ ആറിത്തുടങ്ങുന്നു ജീവിത കാമനകള്‍. പലരും കുട്ടികള്‍ക്ക് വേണ്ടിയാണ് വിവാഹം കഴിയുന്നതോടെ ജീവിക്കുന്നത്. ഒരുതരം അഡ്ജസ്റ്റ്‌മെന്റ്. കുട്ടികള്‍ക്ക് തിരികെ സ്‌നേഹമുണ്ടോ. അവര്‍ മുതിരുമ്പോള്‍ അവരും ഒരു കുടുംബമുണ്ടാക്കുന്നു. താനും അങ്ങനെയായിരുന്നു. നാളെ രുചിയും ആ പാത പിന്തുടരും. മനുഷ്യസമൂഹം മാത്രം എന്തേ ഇങ്ങനെ! മൃഗങ്ങള്‍ക്ക് അതിന്റെ കുഞ്ഞുങ്ങളോട് സ്‌നേഹമുണ്ട്. പക്ഷേ, സ്വതന്ത്രമായ ജീവിതമാണ്. ഇതൊക്കെ ഡോ. മാത്യുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അനാവശ്യ ചിന്തകളാണ്. പിസ്സ കൊണ്ടുവന്നു. പിസ്സ ബോയി സെര്‍വ് ചെയ്തു തുടങ്ങി. മനം മടുപ്പിക്കുന്ന മണം. കുട്ടിക്കാലത്തെ വാട്ടുകപ്പയുടെയും തോട്ടുമീനിന്റെയും രുചി ഇനി തിരികെ കിട്ടുമോ... ഒരു പീസ് പിസ എടുത്ത് യാന്ത്രികമായി ചവച്ചു.
പിന്നീട് ഞങ്ങളൊന്നും മിണ്ടിയില്ല. പിസ തീറ്റയിലായി. പിസ്സ എന്ന ഭക്ഷണത്തെപ്പറ്റി ഞാന്‍ ആലോചിച്ചു. ഒരു വികാരവുമില്ലാത്ത ആഹാരമാണിത്. ഡവ്വില്‍ നിന്നും പരത്തി ടോപ് അപ് ചെയ്ത് ചുട്ടെടുക്കുന്നു. പക്ഷേ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടമാണിത്. പിസ ജീവിതം പോലെയാണ്. കാര്‍ട്ടണ്‍ ബോക്‌സില്‍ ഉരുണ്ട് വരുന്ന ബോളുകള്‍ പോലുള്ള ഡവ്വുകള്‍ പോലെ യാന്ത്രികം. വികാരരഹിതം. തണുത്താല്‍ അരോചകം. ദഹിക്കാന്‍ പ്രയാസം. വിശപ്പുണ്ടാക്കാത്തത്. വൃത്തികെട്ട മണം. പിസ.
പിസ തീര്‍ന്നപ്പോള്‍ ഞങ്ങള്‍ പിസഹട്ടില്‍നിന്നും പുറത്തിറങ്ങി. ഈ പിസഹട്ടില്‍നിന്നും പുറത്തിറങ്ങുന്നതുപോലെ ഇതുവരെയുള്ള ജീവിതത്തില്‍ പുറത്തിറങ്ങുന്നത് എത്ര എളുപ്പമാണ്. നമ്മള്‍ വിചാരിക്കുന്നതുപോലെ അത്ര കഠിനമല്ല അത്. എത്രയോ രാത്രികളില്‍ ഉറക്കത്തില്‍ നിന്നും ഈ തീരുമാനത്തിന്റെ പേരില്‍ ഞെട്ടിയുണര്‍ന്നിരിക്കുന്നു. കഴിഞ്ഞ രാത്രി പുലര്‍ച്ചെ രണ്ടു മണിക്ക് ഉറക്കം പോയതാണ്. ബെഡ്‌റൂം ബാല്‍ക്കണിയില്‍ ചാരുകസേരയില്‍ കുറെ നേരം കിടന്നു. ഒന്നും ചിന്തിക്കാതെ. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത വീടാണിത്. അന്ന് നട്ട മുളങ്കൂട്ടങ്ങള്‍ നിലാവില്‍ കാറ്റില്‍ ആടുന്നു. ബാഷോയുടെ ഒരു ഹൈക്കു ഓര്‍മ്മയിലേക്ക് വന്നു. പരമശാന്തതയില്‍ കഴിയുന്ന ഒരു ഏകാകിയുടെ ഓലക്കുടില്‍ കണ്ടപ്പോള്‍ ബാഷോ എഴുതിയതാണത്രെ. വായിച്ചപ്പോള്‍ തന്നെ ഹൃദിസ്ഥമാക്കിയ വരികള്‍.
''നട്ടുനനച്ച വള്ളിപ്പടര്‍പ്പും.
ഹേമന്തകാറ്റിലാടും
അഞ്ചോ ആറോ മുളങ്കമ്പുകളും''
ഒരു സിഗരറ്റ് എടുത്തു. കുറെ നേരം കൈകളില്‍ വെച്ചു. സിഗരറ്റ് മണത്തു. പുകയിലയുടെ മണം. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച ശീലം. കഴിഞ്ഞ ആഴ്ച വീണ്ടും തുടങ്ങി.
പുറത്ത് നിലാവിലേക്ക് നോക്കി സിഗരറ്റ് കത്തിച്ചു വലിച്ചു. പിന്നീട് ഉറങ്ങിയില്ല. പലതും ആലോചിച്ചിരുന്നു. പിസാഹട്ടിലേക്കുള്ള ഈ വരവ് തന്നെ അങ്ങനെ പ്ലാന്‍ ചെയ്തതാണ്.
ശരിക്കും എന്താണ് ഈ അലട്ടല്‍! ജീവിക്കാനുള്ള ആവേശം നഷ്ടപ്പെട്ടു എന്നതാണ് സത്യം. കുട്ടിയായിരിക്കുമ്പോള്‍ വളരാനുള്ള ആഗ്രഹമായിരിക്കാം കൗമാരത്തില്‍ യുവാവാകാന്‍, യുവാവായാല്‍ ഇണയെ തേടാന്‍. പിന്നെ കുട്ടികള്‍. ഡോ. മാത്യു പറഞ്ഞതായിരിക്കും ശരിക്കും പ്രശ്‌നം. മിഡ്‌ലൈഫ് ക്രൈസിസ്.
മധ്യവയസ്സ് എത്തുമ്പോള്‍ എല്ലാവര്‍ക്കും ഇങ്ങനെ തോന്നുമോ. പരിചയത്തില്‍പ്പെട്ടവര്‍ നിരവധിയുണ്ട്. ശ്യാം ആത്മീയതയിലേക്ക് തിരിഞ്ഞു. എല്ലാ ദിവസവും അമ്പലത്തില്‍ പോകും. യൂ ട്യൂബില്‍ ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കും. ചിലതൊക്കെ തനിക്കും ഫോര്‍വേഡ് ചെയ്ത് തരാറുണ്ട്. കുരുവിളയ്ക്ക് പേരക്കുട്ടികളെ നോക്കണം. മനോഹര്‍ ഇപ്പോഴും കമ്പനിയില്‍ തന്നെയുണ്ട്. ടാര്‍ഗറ്റ്... ടാര്‍ഗറ്റ്... എന്നലറി തന്റെ കീഴില്‍ ജോലി ചെയ്യുന്നവരുടെ സ്വസ്ഥത കളയുന്നുണ്ട്. നളനിക്കും മടുപ്പില്ല. സെമിനാര്‍, കോളേജ് പിന്നെ ഷോപ്പിംഗ്. റിസേര്‍ച്ച് ചെയ്യാന്‍ കൂടെയുള്ള ചെറുപ്പക്കാരായ കുട്ടികളുടെ ആരാധന. നളിനി പുതുതായി യു.ജി.സി. പരീക്ഷയ്ക്ക് ട്രെയ്ന്‍ ചെയ്യിക്കുന്ന ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. ഡോ. നളിനി ഇംഗ്ലീഷ് സാഹിത്യപാഠങ്ങള്‍ വിശകലനം ചെയ്യുന്ന ചാനല്‍. വീഡിയോ എടുക്കാന്‍ സഹായിക്കുന്നത് സുന്ദരനായ ഒരു റിസര്‍ച്ച് സ്റ്റുഡന്റാണ്. പോണിടെയ്ല്‍ മുടിയുള്ള ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് വരുന്നവര്‍. അങ്കിള്‍ എന്നാണ് തന്നെ വിളിക്കുന്നത്. ഔട്ട് ഹൗസിലാണ് ഷൂട്ടിംഗ്. ഒരുദിവസം ഒരു പുസ്തകം തിരഞ്ഞു ചെന്നപ്പോള്‍ കണ്ടത് ലിപ്ലോക്കില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപികയെയും വിദ്യാര്‍ഥിയെയുമാണ്. അവര്‍ തന്നെ കാണുന്നതിന് മുമ്പ് തിരിച്ചിറങ്ങി. ഇതൊന്നുമല്ല ഈ യാത്രയുടെ കാരണം. ഇടവേളകളില്‍ ഇങ്ങനെ പലതും സംഭവിക്കാറുണ്ട്. ഭാര്യയുടെ പ്രശസ്തിയോ അവരുടെ ലോകത്തേക്ക് എത്തിയ പുതിയ പുരുഷന്മാരോ എനിക്ക് ഒരു പ്രശ്‌നമല്ല. സത്യത്തില്‍ അത് നല്ല കാര്യമാണെന്നാണ് തോന്നുന്നത്. ഒരാളുടെ ഇഷ്ടങ്ങള്‍ നോക്കി കഴിയുന്നത് എത്ര ബോറാണ്. ആദ്യമൊക്കെ നളിനി എന്നില്‍നിന്നും ഒളിക്കാന്‍ ശ്രമിക്കുമായിരുന്നു. ഒളിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ചില സൂചനകള്‍ നല്‍കി.
ജീവിതത്തിന്റെ ഇടവേളകളില്‍ ചിലപ്പോള്‍ സംഭവിക്കുന്നതെല്ലാം സംഭവിക്കേണ്ടതാണ്. ചെറിയ പൊയ്കയില്‍ ഒരു ചെറു തവള ചാടുമ്പോള്‍ ഉണ്ടാകുന്ന ജലവളയങ്ങള്‍ പോലെയുള്ള ചെറു പ്രകമ്പനങ്ങള്‍. ഈ യാത്രതന്നെ ഒരു ചെറിയ പ്രശ്‌നമാണ്. ലക്ഷ്യമില്ലാത്ത യാത്രയാണ്. കുറച്ചുനാള്‍ ഡോ. മാത്യു പറഞ്ഞ കുടകിലെ ഹോം സ്റ്റേയില്‍. കുറച്ച് എസ്‌ക്പന്‍സീവാണെങ്കിലും ഞാന്‍ പറഞ്ഞപോലെ ബാഷോ കവിതകളിലെ ഏകാകികളുടെ 'കുടില്‍' ഫീല്‍ നല്‍കാന്‍ ഒരുപക്ഷേ ഹോംസ്റ്റേയ്ക്ക് കഴിഞ്ഞേക്കും. ഭക്ഷണം, ഡോക്ടര്‍മാര്‍ എല്ലാം അവിടെയുണ്ട്. ഒരുതരം ഓള്‍ഡ് ഏജ് ഹോം പോലെ.
ഡോ. നളിനി പറഞ്ഞതാണ് ശരി. എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യങ്ങളുണ്ട്. ജീവിതത്തില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാനുള്ള എന്റെ ഫ്രീഡം പോലെ. രാവിലെ പുറപ്പെടണം. ഒരുപാട് വൈകി. കുറച്ച് നേരം ഉറങ്ങണം. സുഖനിദ്ര ശുഭരാത്രി.