പ്രളയകാലത്ത് രക്ഷകരായ 'കേരളത്തിന്റെ സൈന്യത്തെ ഇനിയാര് രക്ഷിക്കും?

By Biju S  |  First Published Aug 18, 2022, 4:14 PM IST

ഹജൂര്‍ കച്ചേരിയുടെ ശീതളമായ ചില്ലു കൊട്ടാരത്തിലല്ല, നിത്യേന നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കടലിനും കായലിനുമിടയിലുള്ള കൊച്ചു തുരുത്തില്‍ കാറ്റും മഴയും വെയിലുമേറ്റാണ് പനിയടിമയെപോലെ താഴേ തട്ടിലെ  ജനപ്രതിനിധികളും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മല്‍സ്യ തൊഴിലാളി സമൂഹവും നില്‍ക്കുന്നത്. അവര്‍ക്ക് ക്ഷമ നഷ്ടപ്പെടാന്‍ ഒരു വള്ളപാടിന്റെ അകലം പോലുമില്ല.


കഴിഞ്ഞ ദിവസം ഇത് പോലെ അവര്‍ സെക്രട്ടറിയേറ്റ് കവാടത്തിലേക്ക് പോയപ്പോള്‍ ആ വള്ളങ്ങളെയും കലിന്റെ മക്കളെയും ശല്യമായി  കണ്ട് അവരെ തലങ്ങും വിലങ്ങും തടഞ്ഞു. ഓഖിയുടെ സമയത്ത് തീരത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയനോട് മുക്കുവര്‍ പ്രതിഷേധിച്ചിരുന്നു. അതവരുടെ സാധാരണ രീതിയാണ്. എന്തായാലും  വിഴിഞ്ഞം പദ്ധതി തങ്ങളുടെ  തീരത്തെ തകര്‍ക്കുന്നുവെന്ന് വിലപിക്കുന്ന തീരദേശവാസികളോട് സര്‍ക്കാര്‍ സൗമനസ്യം കാണിക്കുന്നില്ല. കാലാവസ്ഥാവ്യതിയാനം മൂലം തീരം തന്നെ ഇല്ലാതെ കഷ്ടപ്പെടുന്ന തീരവാസികള്‍ക്ക് കനത്ത ആഘാതമാകുന്നു വിഴിഞ്ഞം തുറമുഖം നിര്‍മ്മാണമുയര്‍ത്തുന്ന വെല്ലുവിളികള്‍.

 

Latest Videos

undefined

 

കേരള -തമിഴ്‌നാട് തീരാതിര്‍ത്തിയിലെ ഒരു തുറയാണ് തൂത്തൂര്‍. സ്രാവ് പിടിക്കാനായി ആഴ്ചകളോളം കടലില്‍ തങ്ങി കരളുറപ്പിന്റെ ബലത്തില്‍ മാത്രം കോളുമായി മടങ്ങിയെത്തുന്നവരാണിവര്‍. ഇതു പോലുള്ള തെക്കന്‍ തുറകളില്‍ നിന്ന്  സാഹസപ്പെട്ട് പണിക്കിറങ്ങുന്നവര്‍ ചങ്കുപ്പുറപ്പു കൊണ്ടെങ്കിലും കുടുംബം പോറ്റാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 2004 ഡിസംബറിലെ സുനാമി കാര്യങ്ങളെ മാറ്റി മറിച്ചു. തീരദേശത്തെയാകെ ഞെരിച്ചു കളഞ്ഞ ആ കടല്‍ കയറ്റത്തില്‍ 171 വിലപ്പെട്ട ജീവനുകളാണ് കേരളത്തില്‍ മാത്രം പൊലിഞ്ഞത്. 17381 വീടുകള്‍ക്ക് നാശമുണ്ടായി. 187 തീരദേശ ഗ്രാമങ്ങളിലെ 13 ലക്ഷം പേരെയാണ് അത് ബാധിച്ചത്. 

13 വര്‍ഷങ്ങള്‍ക്ക് ശേഷം അത് പോലൊരു ഡിസംബര്‍ പുലരിയിലുണ്ടായ ഓഖി എന്ന കടല്‍ക്കാറ്റ് തെക്കന്‍ തീരങ്ങളില്‍ വീണ്ടും സംഹാര താണ്ഡവമാടി. കന്യാകുമാരിക്കടുത്ത് കരയില്‍ തൊട്ട ശേഷം കടലിലായിരുന്നു ഓഖിയുടെ വിളയാട്ടം. ആഴിയെ കളിത്തൊട്ടിലായി കണ്ടിരുന്ന മീനാളരെ അത് പക്ഷേ വല്ലാതെ ഉലച്ചു കളഞ്ഞു. വള്ളങ്ങളില്‍ നിന്ന് എടുത്തെറിയപ്പെട്ട അവര്‍ നിലയിലാക്കയങ്ങളില്‍ മണിക്കൂറുകളും ദിവസങ്ങളുമാണ് രക്ഷകരെ കാത്തിരുന്നത്. മുന്നറിയിപ്പില്ലാതെ വന്ന ചുഴലിക്കാറ്റ് എത്ര ജീവനുകളെ കവര്‍ന്നു എന്നിനിയും  വ്യക്തമല്ല. 39 പേര്‍ മരിച്ചെന്നും 167  പേരെ കാണാതായെന്നുമാണ് ഔദ്യോഗിക കണക്ക്. 

കേരളത്തില്‍ മാത്രം 1843 കോടിയുടെ നാശനഷ്ടം. ലക്ഷ്വദീപില്‍ മറ്റൊരു 500 കോടി. എന്നാല്‍ സുനാമിയെക്കാളേറെ കടലില്‍ ആവാസ വ്യവസ്ഥയുടെ ഗതി മാറ്റുകയായിരുന്നു ഓഖി. പിന്നാലെ ഒരു വര്‍ഷത്തിനു ശേഷം, 2018-ല്‍, നമ്മള്‍ കണ്ട ഏറ്റവും വലിയ പ്രളയം. കേരളം ഒന്നാകെ നിലയില്ലാ കയത്തിലായി. സൈന്യത്തിന് പോലും രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയായി. അപ്പോഴാണ് കേരളത്തിന്റെ സ്വന്തം സൈന്യത്തിന്റെ രംഗപ്രവേശനം. കടലിന്റെ കരുത്തുമായി തങ്ങളുടെ കടല്‍യാനങ്ങളുമായി അവര്‍ ഉള്‍നാടന്‍ ജലവഴികള്‍ താണ്ടിയപ്പോള്‍ നാം അവരില്‍ യഥാര്‍ത്ഥ രക്ഷകരെ കണ്ടു. 

 

 

വിഴിഞ്ഞം: പുതിയ പ്രതിസന്ധികള്‍

ഇപ്പോള്‍ വിഴിഞ്ഞത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലുതായ ആഴക്കടല്‍ തുറമുഖം പണിയാനായി മലകളെ കടലിലേക്ക് നിക്ഷേപിച്ചപ്പോള്‍ കടല്‍ പിണങ്ങാന്‍ തുടങ്ങി. ശക്തമായ തിരയേറ്റമുള്ള തിരുവനന്തപുരത്തെ തീരങ്ങളിലാണ് ഏറ്റവും വലിയ തീരശോഷണം. മുമ്പ് തന്നെ  ഇവിടത്തെ  23 ശതമാനം തീരങ്ങളും ശോഷണത്തിലായിരുന്നു. കൂനിന്‍ മേല്‍ കുരുവെന്ന പോലെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം കാര്യങ്ങളെ കൂടൂതല്‍ വഷളാക്കി. ലോറിയിലേറി വന്ന മുക്കുവ വള്ളങ്ങളെ 2018-ലെ പ്രളയത്തില്‍ കേരളം രക്ഷാചിഹ്നമായി കണ്ട് ആനയിച്ചിരുന്നു. 

 

 

എന്നാല്‍ കഴിഞ്ഞ ദിവസം ഇത് പോലെ അവര്‍ സെക്രട്ടറിയേറ്റ് കവാടത്തിലേക്ക് പോയപ്പോള്‍ ആ വള്ളങ്ങളെയും കലിന്റെ മക്കളെയും ശല്യമായി  കണ്ട് അവരെ തലങ്ങും വിലങ്ങും തടഞ്ഞു. ഓഖിയുടെ സമയത്ത് തീരത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയനോട് മുക്കുവര്‍ പ്രതിഷേധിച്ചിരുന്നു. അതവരുടെ സാധാരണ രീതിയാണ്. എന്തായാലും  വിഴിഞ്ഞം പദ്ധതി തങ്ങളുടെ  തീരത്തെ തകര്‍ക്കുന്നുവെന്ന് വിലപിക്കുന്ന തീരദേശവാസികളോട് സര്‍ക്കാര്‍ സൗമനസ്യം കാണിക്കുന്നില്ല. കാലാവസ്ഥാവ്യതിയാനം മൂലം തീരം തന്നെ ഇല്ലാതെ കഷ്ടപ്പെടുന്ന തീരവാസികള്‍ക്ക് കനത്ത ആഘാതമാകുന്നു വിഴിഞ്ഞം തുറമുഖം നിര്‍മ്മാണമുയര്‍ത്തുന്ന വെല്ലുവിളികള്‍. തങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് വിഴിഞ്ഞം കോട്ടപ്പുറം കൗണ്‍സിലര്‍ പനിയടിമ ജോണ്‍ പറയുന്നു. 

 


 

പുലിമുട്ട് നിര്‍മ്മാണം മത്സ്യബന്ധനത്തേയും മത്സ്യ മേഖലേയും ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇതിന്റെ   നിര്‍മ്മാതാക്കള്‍ പറയുമ്പോള്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ അനുഭവം  മറിച്ചാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച ആശങ്ക ശരി വയ്ക്കുകയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. ഇത് കാര്യമായി ഞങ്ങളെ ബാധിച്ചിട്ടുണ്ട്. 2017-ല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി പൈലിംഗ് തുടങ്ങിയപ്പോഴെ ഞങ്ങളുടെ തീരത്തെ വീടുകള്‍ക്ക് വലിയ തോതില്‍ വിള്ളലുണ്ടായി. അതിപ്പോഴും വലിയ തോതില്‍ തുടരുകയാണ്. 100 മീറ്റര്‍ പരിധിയില്‍ മണല്‍തിട്ടയില്‍ നില്‍ക്കുന്ന  മൂന്നുറോളം വീടുകള്‍ക്ക് കാര്യമായ കോടുപാടുണ്ടായി. 2022 ആയിട്ടും ഇതു വരെ ഒരു രൂപയുടെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. എന്നാല്‍ ജില്ലാ കളക്ടര്‍ അടങ്ങുന്ന പരിശോധന സമിതിയോട് ഈ വസ്തുത അംഗീകരിക്കാന്‍ കമ്പനി അധികൃതര്‍ സമ്മതിക്കുന്നില്ല. ടണ്‍ കണക്കിന് ഭാരമുള്ള കല്ലുകള്‍ ഇവിടെ കൊണ്ടിടുമ്പോള്‍ വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടം ആര്‍ക്കും ഇവിടെ വന്ന് നേരിട്ട് കാണാവുന്നതേയുള്ളു. 

 

പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍ നിന്ന് വീണ്ടെടുത്ത് കരപ്രദേശമാക്കിയതാണ് കേരളമെന്ന്, ഐതിഹ്യ കഥ മെനഞ്ഞത് തന്നെ സവിശേഷമായ നമ്മുടെ ഭൂപ്രകൃതി കണ്ടിട്ടാവും. അലയാഴിയില്‍ നിന്ന് കുത്തി ഉയര്‍ന്നാണ് പശ്ചിമഘട്ട മലനിരകളിലേക്കുള്ള നമ്മുടെ വേഗപ്പോക്ക്. വിഴിഞ്ഞത്തിനടുത്ത ചൊവ്വര കുന്നുകളില്‍ നിന്ന് നോക്കിയാല്‍ ഈ അവസ്ഥയുടെ നേര്‍ക്കാഴ്ച നമുക്ക് ബോധ്യമാകും. നമ്മുടെ  44 നദികളില്‍ പടിഞ്ഞോട്ടൊഴുകുന്ന, 41-ഉം ഒരു ദിവസം പോലും എടുക്കാതെയാണ് പലപ്പോഴും ഉത്ഭവ മുടിയില്‍ നിന്ന് അറബികടലിലേക്ക് ചെന്നൊഴിയാന്‍ വെമ്പല്‍ കൊള്ളുന്നത്. അങ്ങനെ പെട്ടെന്ന് എന്നില്‍ അലിയണ്ടെന്ന് പറഞ്ഞ് അറബിക്കടല്‍ തിരികെ തള്ളുന്നതിനാലാണ് ഇത്രയും വലിയ കായലുകള്‍ കേരളതീരത്തെവിടെയും  കാണുന്നത്. സഹ്യാദ്രി വനസ്ഥലകളിലെ  സമ്പന്നമായ എക്കലും ധാതു സമ്പന്നമായ കരിമണലുമൊക്കെ ഒഴുക്കി കൊണ്ടു വന്ന്, പോഷക സമ്പന്നമായ തീരത്തെയാണ് നമ്മുടെ നദികള്‍ കടപ്പുറത്ത് പരുവപ്പെടുത്തിയിരുന്നത്.

 

 

അമ്പതുകള്‍ മുതലിങ്ങോട്ട് കേരളത്തിലെ നദികളില്‍ നിരവധി അണക്കെട്ടുകളും തീരത്തോടനുബന്ധിച്ച് നിരവധി നിര്‍മ്മാണ പ്രവത്തനങ്ങളുമുണ്ടായി.  നദികള്‍ കൊണ്ടു വരുന്ന മണലിലൊരു പങ്കാണ് തീരത്ത് മണല്‍ തിട്ടയായി രൂപാന്തരം വരുന്നത്. അണക്കെട്ടുകള്‍ മൂലം നദികളിലെ മണലൊഴുക്കു കുറഞ്ഞത്  ഈ പ്രക്രിയയെ ബാധിച്ചു. രണ്ടാമതായി കഴിഞ്ഞ 10 വര്‍ഷത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലം തീരമാലകളുടെ ശക്തി വല്ലാതെ കൂടി. കടല്‍ തീരത്ത് നിന്നെടുക്കുന്ന മണലിന്റെ തോത് വല്ലാതെ കൂടി. തീരത്ത് നിന്ന് മഴക്കാലത്തെടുക്കുന്ന മണല്‍ സാധാരണ ഗതിയില്‍ മഴക്കാലം കഴിഞ്ഞാല്‍ കാറ്റ് തെക്കോട്ടു വീശി മണലിനെ തിരികെ കൊണ്ടു വയ്ക്കും. ശോഷണവും, പോഷണവും അങ്ങനെ  ചാക്രികമായി നടക്കുന്നതിനാലാണ് തീരം അങ്ങനെ നിലനില്‍ക്കുന്നത്. കാലാവസ്ഥവ്യതിയാനം മുലം കടലെടുത്ത് കൊണ്ടു പോകുന്നതിന്റെയും തിരികെ വയ്ക്കുന്നതിന്റെയും സന്തുലനം നഷ്ടപ്പെട്ടു. അതിനൊപ്പം വ്യാപകമായി പുലിമുട്ടുകള്‍ കൂടി വന്നതോടെ കരയ്ക്ക് സമാന്തരമായി മണലെടുക്കുന്നതും കൊണ്ടുവയ്ക്കുന്നതുമായ രീതി മാറി. കടലിലെ വലിയ തിരകള്‍ തീരത്തെ കരിങ്കല്‍ കെട്ടുകളെ മറികടക്കാന്‍ തുടങ്ങി. കടല്‍ഭിത്തികള്‍ ഇരുന്നു പോയതോടെ അവയുടെ പുറകിലെ മണലും ഒലിച്ചു പോകാന്‍ തുടങ്ങി. അങ്ങനെയാണ് തീരശോഷണം ഇത്രയും രൂക്ഷമായത്. തുറമുഖങ്ങള്‍  മാത്രമല്ല കാരണം. എന്നാല്‍ പുലിമുട്ടുകള്‍ ധാരാളമായി വന്നപ്പോള്‍ കടലില്‍ നിന്ന് തിരികെയെത്തുന്ന മണലിന്റെ തോത് കാര്യമായി കുറഞ്ഞു. 

 

ഡോ. ബിജുകൂമാര്‍ അടക്കം തീരഭൗമ വിദഗ്ദ്ധര്‍  കഴിഞ്ഞ വര്‍ഷങ്ങളില്‍  നടത്തിയ  പഠനം കണ്ടെത്തിയ വിവരങ്ങള്‍, കടലിനെ കല്ലിട്ടു മെരുക്കാമെന്ന നമ്മുടെ വിവേകശൂന്യതയിലേക്കാണ് വെളിച്ചം വീശുന്നത്. ഒപ്പം കടല്‍ മണല്‍ വിവേകമില്ലാതെ ചൂഷണം ചെയ്യുന്നതും അപകടം വരുത്തുന്നതായി പഠനാംഗമായിരുന്ന  ഭൗമ ശാസ്ത്ര കേന്ദ്രം മുന്‍ ചീഫ് സയന്റിസ്റ്റ് കെ.വി തോമസ് ചൂണ്ടിക്കാട്ടുന്നു.

 

 

തുറമുഖ നിര്‍മ്മാണം, കടല്‍ഭിത്തികള്‍, പുലിമുട്ടുകള്‍, പൊഴികളില്‍ നിന്നുള്ള മണല്‍ വാരല്‍ ,തുറമുഖ  ഡ്രഡ്ജിങ്ങ് എല്ലാം നമ്മുടെ ഇടപെടലാണ്. കൊല്ലം, ആലപ്പുഴ എന്നിവടങ്ങളില്‍ വലിയ തോതില്‍ വാണിജ്യപരമായി  മണല്‍ ഖനനം നടക്കുന്നു. ഇതെല്ലാം നമ്മുടെ മണല്‍ലഭ്യത കുറയ്ക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പൊഴികളുടെ ഗതിവിഗതികള്‍ മാറ്റുന്നത് വല്ലാത്ത പ്രത്യാഘാതം ഉണ്ടാക്കും.

 

Mountain to sea ..അങ്ങനെയാണ് ഒരു തുറമുഖത്തെ വിശേഷിപ്പിക്കുന്നത്. എത്രയോ  മലകളെ ഒന്നാകെ ഇടിച്ചു കൊണ്ടു വന്നിട്ടാണ് ഒരു തുറമുഖമൊരുക്കുന്നത്. ഇന്ത്യയിലെ  തന്നെ ഏറ്റവും ആഴമുള്ള വിഴിഞ്ഞം തുറമുഖം, മാതൃകപ്പലുകളെ അടുപ്പിക്കാന്‍ പാകത്തിലാണ് പണിയുന്നത്.  ഏറ്റവും ശക്തമായ തിരകളോട് ഏറ്റുമുട്ടി കൊണ്ടാണീ സേതുബന്ധനം.. ഫലമെന്താണെന്ന് അവിടത്തെ ജന പ്രതിനിധി  പനിയടിമ തന്നെ പറയുന്നു.

 

 

വിഴിഞ്ഞം തുറമുഖം നിര്‍മ്മാണത്തിന് ശേഷം വടക്കോട്ടുള്ള തീരങ്ങളില്‍ വല്ലാതെ ശോഷണം ഉണ്ടായി. തെക്കോട്ട് പുതുതായി നാലിരട്ടി വരെ തീരം വര്‍ദ്ധിച്ചു.. 

 

ഈ പ്രതിഭാസം എന്തു കൊണ്ടാണെന്ന്  കേരള സര്‍വ്വകലാശാല അക്വാട്ടിക്ക് ബയോളജി മേധാവി ബിജു കുമാറിനോട് ചോദിച്ചു: 

 


 

 

ലോകമൊട്ടാകെ എവിടെയൊക്കെ  കടലില്‍ കരിങ്കല്‍ കെട്ടുണ്ടാക്കിയിട്ടുണ്ടോ  കാറ്റിന്റെ ഗതി കാരണം വടക്കോട്ട് തീരം ശോഷിക്കുകയും തെക്ക് കര വയ്ക്കുകയും ചെയ്യും.  ഒരു തുറമുഖ നിര്‍മ്മാണത്തിന്റെ പരിസ്ഥിതി ആഘാത പഠനം നടത്തുമ്പോള്‍ തന്നെ വടക്കു ഭാഗത്തേ തീരശോഷണം പ്രവചിക്കാറുണ്ട്. അതിന് പരിഹാരമായി സാന്‍ഡ് പെപ്പിങ്ങിലൂടെ വടക്ക് ഭാഗത്ത്  കടലില്‍ നിന്ന് മണല്‍ നിരന്തരം പമ്പ് ചെയ്ത് തീരം വയ്ക്കാറാണ് പതിവ്.  

 

കൊച്ചിയില്‍ കടല്‍ ഉള്ളിലേക്കാണ് വന്നിരിക്കുന്നത്. അതിനാല്‍ അവിടെ ആഴക്കുറവുണ്ട്. നിരന്തരം ഡ്രഡ്ജിങ്ങ് വേണ്ടി വരുന്നത് അതിനാലാണ് എന്നാല്‍  വിഴിഞ്ഞത്തിനടുത്ത്  ആഴക്കടലിലേക്കാണ് കര തള്ളി നില്‍ക്കുന്നത്. തൊട്ടടുത്ത് കോവളത്തെ ചേതോഹരമാക്കുന്നതും ഈ മുനമ്പാണ്. എന്നാലിതിനെ ചിറകെട്ടാന്‍ നോക്കുന്നത് ചില്ലറ പ്രത്യാഘാതമല്ല ഉണ്ടാക്കുകയെന്നാണ് ഭൗമ ശാസ്ത്രഞ്ജന്‍ കെ.വി തോമസിന്റെ പക്ഷം

 


 

തുറമുഖ നിര്‍മ്മാണത്തിനായി കടല്‍ നികത്തുന്നത് പ്രത്യാഘാതം ഉണ്ടാക്കും. വടക്ക് മാത്രമല്ല തെക്കും ആഘാതം ഉണ്ടാകും. കടലിലെ പരിപാലന ഡ്രഡ്ജിങ്ങ് ( മണല്‍ ഖനനം) വിഴിഞ്ഞത്ത് വേണ്ടി വരില്ലെന്നാണ് വിശദ പദ്ധതി രേഖ പറയുന്നത്. എന്നാല്‍ ഇത് ശരിയാകാന്‍ ഇടയില്ല. അത് കടലിന്റെ 15 കിലോമീറ്റര്‍ ഉള്ളില്‍ ചെയ്യുന്നത് അപകടം കുറയ്ക്കുമെന്ന് പറയുന്നു. എന്നാല്‍ പ്രത്യാഘാതം തീരത്ത്  തീര്‍ച്ചയായും ഉണ്ടാകും.  വലിയ പ്രശന്ങ്ങളൊന്നും  സൃഷ്ടിക്കില്ലെന്ന പരിസ്ഥിതി ആഘാത പഠനത്തിന്റെ പശ്ചാത്തലത്തിലാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി കിട്ടിയത്. എന്നാല്‍ ഇത്തരം പഠനങ്ങള്‍  അത് ഏല്‍പ്പിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും വിധമാണ് സാധാരണ ചെയ്യാറുള്ളത്. ഈ ആഘാത പഠനത്തില്‍ ധാരാളം അപാകതകള്‍ ഉള്ളതായാണ് 2015-ല്‍ ചുണ്ടി കാട്ടിയിരുന്നത്, ഒരു പുനര്‍പഠനം അനിവാര്യമാണ്. 

 

പ്രകൃതിയെ മെരുക്കിയാണ് മനുഷ്വന്‍ എന്നും അധീശത്വം സ്ഥാപിച്ചത്. വ്യവസായവത്കരിക്കപ്പെട്ട നമ്മുടെ സമൂഹത്തിന്റെ ചോദനകള്‍ക്ക് ഇത്തരം ഇടപെടലുകള്‍ അനിവാര്യമായിരുന്നു. അങ്ങനെ നാം തീരത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമെന്തായിരുന്നു? ഡോക്ടര്‍ ബിജു കുമാര്‍ വിശദീകരിക്കുന്നു.

 

 

കേരളത്തിലെ പകുതിയോളം തുറമുഖങ്ങള്‍ ഉപയോഗക്ഷമമല്ല. നിര്‍മ്മാണത്തിലെ അപാകത, ഡ്രഡ്ജ്ങ്ങിലെ പോരായ്മ, അശാസ്ത്രീയമായ പരിപാലനം അങ്ങനെ നിരവധി ഘടകങ്ങളുണ്ട്. വലിയ മുടക്കുമുതലാണ് ഇതിനായി നടത്തിയിട്ടുള്ളത്. പുതിയവ നിര്‍മ്മിക്കുന്നതിനെക്കാള്‍ ഉള്ളവയെ നന്നായി പരിപാലിക്കുകയാണ് ഇനി നാം ചെയ്യേണ്ടത്.

 

ചോദ്യം: എന്താണ് പരിഹാരം? ജൈവ മാര്‍ഗ്ഗങ്ങളിലൂടെ തീര സംരക്ഷണം സാധ്യമോ?

ഉത്തരം: ഇതില്‍ ഹൈബ്രിഡ് പരിഹാരങ്ങളാണ് വേണ്ടത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ചെളിയുള്ള തീരങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ നല്ല ജൈവവേലിയാണ്. പരമ്പരാഗതമായി തീരങ്ങളിലുണ്ടായിരുന്ന പുന്ന പോലുള്ളവ നല്ല സംരക്ഷണ ഉപാധിയാണ്. അതിനു പകരം പലപ്പോഴും വനം വകുപ്പ്  കാറ്റാടി മരങ്ങളാണ് വയക്കുന്നത്. കാറ്റാടി മരങ്ങള്‍ ചാവക്കാട് പോലുള്ള തീരങ്ങളില്‍ രക്ഷാ കവാടമാണ്. പക്ഷേ അത് എല്ലായിടത്തും പ്രയോജനപ്രദമാകില്ല. 

പണ്ടൊക്കെ  തുറമുഖങ്ങള്‍ പണിയുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെ ശാസ്ത്രീയമായി നാം വിലയിരുത്തിയിരുന്നില്ല. അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്  പിച്ച വയ്ക്കുന്ന ഒരു സമൂഹത്തിന് അതിലും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ 75 വര്‍ഷം പൂര്‍ത്തിയാകുന്ന സ്വതന്ത്ര ഇന്ത്യ ഇപ്പോള്‍ ബാലാരിഷ്ടകള്‍ പിന്നിട്ടിരിക്കുന്നു. ഏത് പ്രധാന പദ്ധതികള്‍ക്കും ഇപ്പോള്‍ കൃത്യമായ പരിസ്ഥിതി ആഘാത പഠനം അനിവാര്യമാണ്. 

മലയാള നാട്ടിലെ മലയാളുകള്‍ എന്നും ചൂഷണത്തിന് വിധേയമായിരുന്നു. അവരുടെ ഭൂമിയും സമ്പത്തും നാം കവര്‍ന്നു. പിന്നീട് നമ്മുടെ സമൂഹത്തിന് ഉണ്ടായ അവബോധമാണ് വനത്തെയും ആദിവാസികളെയും സംരക്ഷിക്കാന്‍ ഒരളവു വരെ സഹായിച്ചത്. എന്നാല്‍ ഇതേ ജൈവ സാമൂഹ്യ പ്രാധാന്യം നാം തീരദേശത്തോടും അവിടത്തെ മക്കളോടും കാട്ടുന്നില്ലെന്ന് ബിജുകുമാര്‍ അഭിപ്രായപ്പെടുന്നു.

 

 

വനങ്ങളില്‍ താമസിക്കുന്ന ആദിവാസി സമൂഹത്തോടുള്ള പരിഗണന തീരദേശ വാസികള്‍ക്ക് കിട്ടിയിട്ടില്ല. തീരആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് തീരദേശവാസികള്‍.  തീരശോഷണം സംഭവിക്കുമ്പോള്‍ അവരെ മാറ്റി പാര്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പുനര്‍ഗേഹം പോലുള്ള പദ്ധതികള്‍ മാത്രം പോരാ. തീരപോഷണം നടത്തിയും ജൈവകവചം ഒരുക്കിയും അവരെ ആ ആവാസ വ്യവസ്ഥയില്‍ നിലനിറുത്താനുള്ള പരമാവധി പരിശ്രമവും ആലോചനയും നടത്തണം. കാരണം കേരളതീരത്ത് 2100-ല്‍  പ്രവചിക്കുന്നത് വളരെയധികം, അതായത് 7 സെന്റിമീറ്റര്‍ വരെ കടല്‍ ഉയരുമെന്നുള്ളതാണ്.  അത്രയും വന്നില്ലെങ്കില്‍ പോലും 3 സെന്റിമീറ്റര്‍ കടല്‍ ഉയര്‍ന്നാല്‍ പോലും കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ സ്ഥിതി വല്ലാതെ രൂക്ഷമാകും. 

 

മണല്‍ പരപ്പിനെ പാഴ്‌നിലമായി നാം കണക്കു കൂട്ടുന്നുവോ? പകലന്തിയോളമുള്ള അദ്ധ്വനത്തിനു ശേഷം    ക്ഷേത്ര മൈതാനത്തെ ആല്‍മരചുവട്ടിലിരുന്ന് വെടിവെട്ടം പറയുന്നതാണ്  ഇടനാട്ടിലെ ഗ്രാമീണത. തീരദേശ വാസികള്‍ക്കോ?

 


 

തീരം കടലോരവാസികള്‍ക്ക് മത്സ്യബന്ധനത്തിനു മാത്രമല്ല മറ്റ് പല അനുബന്ധ കാര്യങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കുമുള്ള ഇടം കൂടിയാണ്.അവരുടെ ആസ്തിയാണ് തീരം. അത് നഷ്ടപ്പെട്ടാല്‍ അതിന് പകരം വയ്ക്കല്‍ എളുപ്പമല്ല. മറ്റ് പല മേഖലകളിലും നല്‍കുന്ന പരിഗണന, നഷ്ടപ്പെടുന്ന തീരങ്ങള്‍ പുനര്‍ജീവിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് നാം നല്‍കുന്നില്ല. അവര്‍ക്ക് മറ്റെവിടെയെങ്കിലും  പകരം ഭുമി കൊടുത്താല്‍ പോലും അവരുടെ ആസ്തി സാമൂഹ്യ നഷ്ടങ്ങള്‍ക്ക് പകരമാകുന്നില്ല.  

 

വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം വരുമ്പോള്‍ നാടിന്റെ മുഖഛായ തന്നെ മാറുമായിരിക്കും . കൊച്ചിയെ പോലെ വിഴിഞ്ഞവും ഇനി പഴയ വിഴിഞ്ഞമാകില്ല. എന്നാല്‍ തീരത്തെ ബിലാലുമാരുടെ കാര്യമെന്താവും? രാജ്യത്തിന്റെ ബഹിരാകാശ സ്വപനങ്ങള്‍ക്ക് അഗ്‌നിചിറകിലേറി പറക്കാന്‍ തങ്ങളുടെ മുഖ്യ ദേവാലയം വരെ സങ്കോചമില്ലാതെ വിട്ടു നല്‍കിയവരാണ്  തിരുവനന്തപുരത്തെ തീരദേശ വാസികള്‍. വിഴിഞ്ഞത്ത്  മാതൃ കപ്പലുകളെ സ്വീകരിക്കാനും കടലാഴങ്ങളോളം അവര്‍ വിട്ടുവീഴ്ച ചെയ്തു. എന്നാല്‍ തങ്ങളുടെ കാലിന്‍ ചുവട്ടിലെ മണ്ണെല്ലാ ഒലിച്ചു പോകുമ്പോള്‍ അവരുടെ വിലാപം നാം കേള്‍ക്കാനെങ്കിലും തയ്യാറാകണ്ടേ?

 

 

വിഴിഞ്ഞത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഞങ്ങള്‍ സമരം നടത്തുമ്പോള്‍ ജില്ലാ ഭരണകൂടം പറയുന്നത് സമരവുമായി മുന്നോട്ടു പോയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ്. അത് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ്. മത്സ്യ ബന്ധനത്തിന് പോകാനുള്ള മണ്ണെണ്ണ കിട്ടാനാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. അതിനുള്ള  സബ്‌സിഡി കിട്ടാനും ബുദ്ധിമുട്ടാണ്. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് വര്‍ഷങ്ങളായി  ക്യാമ്പില്‍ കഴിയുന്നവരുെടെ ബുദ്ധിമുട്ടും പ്രശ്‌നമാണ്. അവര്‍ക്ക് പകരം വീട് കൊടുക്കുന്നതിലും ബുദ്ധിമുട്ടാണ്. നഷ്ടപ്പെടുന്ന തീരം ശാസ്ത്രീയമായി സംരക്ഷിക്കാനും സര്‍ക്കാര്‍ മുന്നോട്ടു വരണം.  

  
ഹജൂര്‍ കച്ചേരിയുടെ ശീതളമായ ചില്ലു കൊട്ടാരത്തിലല്ല, നിത്യേന നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കടലിനും കായലിനുമിടയിലുള്ള കൊച്ചു തുരുത്തില്‍ കാറ്റും മഴയും വെയിലുമേറ്റാണ് പനിയടിമയെപോലെ താഴേ തട്ടിലെ  ജനപ്രതിനിധികളും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മല്‍സ്യ തൊഴിലാളി സമൂഹവും നില്‍ക്കുന്നത്. അവര്‍ക്ക് ക്ഷമ നഷ്ടപ്പെടാന്‍ ഒരു വള്ളപാടിന്റെ അകലം പോലുമില്ല.


 

click me!