ആഗോള താപനം: 2050 ഓടെ കടല്‍കയറി വെള്ളത്തിനടിയിലാകാന്‍ സാദ്ധ്യതയുള്ള മധ്യകേരളത്തിലെ പ്രദേശങ്ങള്‍ ഇവയാണ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ 2050-ഓടെ കേരളത്തിന്റെ പല ഭാഗങ്ങളും മുങ്ങാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
undefined
രണ്ടുവര്‍ഷങ്ങളിലായി സംഭവിച്ച പ്രളയം മലയാളി ജീവിതത്തെ ആകെ മാറ്റിമറിച്ചിട്ടുണ്ട്. ജീവിതകാലം കൊണ്ട് ഉണ്ടാക്കിയെടുത്തതെല്ലാം മണ്ണിനടിയിലായത് ഹൃദയഭേദകമായി നോക്കി നമുക്ക് നില്‍ക്കേണ്ടി വന്നു. ഇപ്പോഴും അതിന്റെ പൂര്‍ണമായ നഷ്ടം നികത്താന്‍ സാധിച്ചിട്ടില്ല. ഒരുപാട് കുടുംബങ്ങള്‍ ഇന്നും പ്രളയം വിതച്ച ദുരിതത്തില്‍ നിന്നും കരകേറിയിട്ടില്ല. പെയ്‌തൊഴിയാത്ത മഴയും കരകവിഞ്ഞ പുഴയും നമുക്ക് വിധിച്ചത് നഷ്ടങ്ങളുടെ കണക്കു പുസ്തകം. ഇപ്പോള്‍ നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനവും അതിനെ തുടര്‍ന്ന് പുറത്തുവന്ന ക്ലൈമറ്റ് സെന്‍ട്രലിന്റെ റിപ്പോര്‍ട്ടും പറയുന്നത് ഞെട്ടിക്കുന്ന ഭാവിയെ കുറിച്ചുള്ള വിവരങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ 2050-ഓടെ കേരളത്തിന്റെ പല ഭാഗങ്ങളും മുങ്ങാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ നിരവധി അപകടങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് സമുദ്രനിരപ്പിലുണ്ടാകുന്ന ഉയര്‍ച്ച. ഇതെങ്ങനെ ഉണ്ടാകുന്നുവെന്നല്ലേ? അതിന്റെ മൂലകാരണം നമ്മള്‍ മനുഷ്യരാണ്. നാം ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതിനാല്‍ അന്തരീക്ഷത്തില്‍ ഇവയുടെ അളവ് കൂട്ടുന്നു. അവ വലിയൊരു പാളിപോലെ അന്തരീക്ഷത്തില്‍ നിന്നുപ്രവര്‍ത്തിക്കുകയും ഭൂമിയില്‍ നിന്ന് തിരിച്ചുപോകുന്ന ചൂടിനെ പുറംതള്ളാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്തുകയും ചെയ്യുന്നു. തന്മൂലം ഭൂമി കൂടുതല്‍ ചൂടാകുന്നു. ഇത് ഹിമപാളികള്‍ ഉരുകാനും സമുദ്രജലം ചൂടാകാനും കാരണമാകുന്നു. ഇതിനാല്‍, ലോകത്തുള്ള സമുദ്രജലത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു. ഇത് വലിയ തോതില്‍ സമുദ്രനിരപ്പ് ഉയരാനും കരകള്‍ കടലെടുക്കാനും ഇടയാക്കുന്നു. വരുംകാലങ്ങളില്‍ തീരദേശങ്ങള്‍ വെള്ളത്തിലടിയിലാകുകയും ജനങ്ങളെ എന്നേക്കുമായി മാറ്റിപ്പാര്‍പ്പിക്കേണ്ടി വരികയും ചെയ്യുന്നു.
ഇങ്ങനെ സമുദ്രനിരപ്പ് ഉയര്‍ന്നാല്‍ എന്ത് സംഭവിക്കും?
ഈ മാസം പുറത്തിറങ്ങിയ ലോക കാലാവസ്ഥ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ലോകം ഇനി അനുഭവിക്കാന്‍ പോകുന്ന വലിയൊരു പ്രതിസന്ധിയാണ് ഇതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019 -ലും സമുദ്രനിരപ്പ് ഉയരുന്നത് തുടരുകയാണ്. അള്‍ട്ടിമെട്രി റെക്കോര്‍ഡിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കണക്കു പ്രകാരം സമുദ്രനിരപ്പ് ഏറ്റവും ഉയര്‍ന്നത് 2019 ഒക്‌ടോബറിലാണ്. 27 വര്‍ഷം നീണ്ട കാലയളവിലെ, ശരാശരി സമുദ്ര നിരപ്പിന്റെ വര്‍ദ്ധനവ് വര്‍ഷത്തില്‍ 3.25 ± 0.3 മില്ലിമീറ്ററാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍, ഇപ്പോള്‍ ഈ നിരക്ക് പഴയതുപോലല്ല. അതിനേക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്. ആഗോള സമുദ്രനിരപ്പിലുണ്ടായ ഈ മാറ്റങ്ങള്‍ക്ക് പ്രധാന കാരണം ആര്‍ട്ടിക്-അന്റാര്‍ട്ടിക് ഹിമമേഖലകളിലെ മഞ്ഞുപാളികളില്‍ നിന്നും വലിയതോതില്‍ ഹിമം ഉരുകി സമുദ്രത്തില്‍ വന്നു ചേരുന്നതാണ്. ആഗോളതാപനം ഉയര്‍ത്തുന്ന സമുദ്രതാപനില കാരണം ജലം വികസിക്കുന്നതും സമുദ്രനിരപ്പുയരുന്നതിന് മറ്റൊരു കാരണമാണ്. ഇങ്ങനെ സമുദ്രനിരപ്പ് ഉയര്‍ന്നാല്‍, വരുംകാലങ്ങളില്‍ കേരളത്തിലുള്ളതടക്കം ലോകത്തിലെ പല തീരദേശനഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാകും.
ലോകത്തിലെ പല തീരപ്രദേശങ്ങളും വളരെ താഴ്ന്നതാണെന്നും സമുദ്രനിരപ്പ് ഉയരുന്നത് വരും ദശകങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്നും ക്ലൈമറ്റ് സെന്‍ട്രലിന്റെ, ഡിജിറ്റല്‍ എലവേഷന്‍ മോഡല്‍ കോസ്റ്റല്‍ഡെം കാണിക്കുന്നു. 2050 ഓടെ 300 ദശലക്ഷം ആളുകളെയാണ് തീരദേശ പ്രളയം ബാധിക്കാന്‍ പോകുന്നതെന്നാണ്് പ്രവചനങ്ങള്‍. കോസ്റ്റല്‍ഡെം മോഡലിലെ സമുദ്രനിരപ്പും തീരദേശ-വെള്ളപ്പൊക്ക മാതൃകകളും കൂട്ടുമ്പോള്‍ ലോകമെമ്പാടും വര്‍ദ്ധിക്കാന്‍ പോകുന്ന പ്രളയത്തിന്റെ പുതിയ കണക്കുകളാണ് വരുന്നത്.
മുമ്പ് കരുതിയതിനേക്കാള്‍ കൂടുതല്‍ ഭൂമിയും കൂടുതല്‍ ആളുകളും ഈ നൂറ്റാണ്ടില്‍ സമുദ്രനിരപ്പ് വര്‍ദ്ധനയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും. തീരപ്രദേശങ്ങളിലെ പ്രളയ ഭീഷണി ഉള്‍ക്കൊള്ളാതെ ലക്ഷക്കണക്കിനാളുകളാണ് സുരക്ഷിതമല്ലാത്ത തീരദേശപ്രദേശങ്ങളില്‍ താമസിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ഈ പ്രവണത വളരെ സാധാരണമാണെന്നു നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച ഡോ. സ്‌കോട്ട് കുല്‍പ്പിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പറയുന്നു. സമുദ്രനിരപ്പ് ഉയരുമ്പോള്‍, പ്രളയം ഉണ്ടാകുമ്പോള്‍ ജനങ്ങളെ എത്രത്തോളം സംരക്ഷിക്കാന്‍ നിലവിലെ തീരദേശ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന ചോദ്യങ്ങള്‍ രാഷ്ട്രങ്ങള്‍ കൂടുതലായി നേരിടേണ്ടി വരും. പ്രതീക്ഷിക്കുന്നതിലും ഗുരുതരമായ ഭാവിയെ നേരിടാന്‍ ലോകമെമ്പാടുമുള്ള തീരദേശ സമൂഹങ്ങള്‍ തയാറാകണം. സമുദ്രനിരപ്പ് ഉയരുന്നതില്‍നിന്നും നിന്നും കൊടുങ്കാറ്റുകളില്‍ നിന്നും തീരദേശത്തെ സംരക്ഷിക്കുന്നതിന്, തുടര്‍ച്ചയായി അറ്റകുറ്റപ്പണി നടക്കാത്ത നിലവിലെ തീരദേശ പ്രതിരോധം മതിയാവില്ലെന്നും പഠനം ചൂണ്ടികാണിക്കുന്നു.
പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളും മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളും സമുദ്രനിരപ്പ് ഉയരുന്നതു മൂലം വെള്ളത്തിലാവുമെന്നാണ് പ്രവചനങ്ങള്‍. കോസ്റ്റല്‍ഡെം മോഡലിന്റെ പ്രവചനമനുസരിച്ചു കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരും, ഏറ്റവും ജനസാന്ദ്രതയുള്ള കൊച്ചിയും കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയും അക്ഷര നഗരിയായ കോട്ടയവുമെല്ലാം ചേരുന്ന മധ്യ-കേരളത്തിന്റെ വലിയൊരു ഭാഗം 2050 ഓടെ പ്രളയത്തിന്റെ ഭീതിയിലാവും. അതായത് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ ഗുരുതരമാവും. കരുതിയിരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് തരുന്നത്.
Read more: പ്രളയം കേരളത്തെ ഇങ്ങനെ വിടാതെ പിന്തുടരാന്‍ എന്താണ് കാരണം ?
സമുദ്ര നിരപ്പ് ഉയരല്‍: കേരളത്തില്‍ അപകട ഭീഷണിയിലായ സ്ഥലങ്ങള്‍ ഏതൊക്കെ?
കോസ്റ്റല്‍ഡെം മോഡല്‍ പ്രകാരം, കേരളത്തിന്റെ ഏതൊക്കെ ഭാഗങ്ങളാണ് സമുദ്രനിരപ്പ് കൂടുന്നത് മൂലം പ്രളയത്തില്‍ അകപ്പെടാന്‍ ഏറ്റവും സാധ്യതയെന്ന് നോക്കാം:
തൃശ്ശൂര്‍ ജില്ലയിലെ പ്രധാന സാധ്യതാപ്രദേശങ്ങള്‍
തൃശൂര്‍ ടൗണിലെ പ്രധാന ഭാഗങ്ങളായ വിലങ്ങന്‍ കുന്ന്, പറപ്പൂര്‍, ചാലക്കല്‍, അടാട്ട്, മുല്ലശ്ശേരി, വെങ്കിടങ്ങ്, പറക്കാട്, എറവ്, അന്തിക്കാട്, അരിമ്പൂര്‍, കൂര്‍ക്കഞ്ചേരി, പാറളം, ആലപ്പാട്, ചാഴൂര്‍, ആറാട്ടുപുഴ. കൂടാതെ ഇരിഞ്ഞാലക്കുടയുടെ ഭാഗങ്ങളായ കാട്ടൂര്‍, മനവളശ്ശേരി,പടിയൂര്‍, വെള്ളാങ്ങല്ലൂര്,വള്ളിവട്ടം, കരൂപ്പടന്ന, പുല്ലൂറ്റ്, കൊടുങ്ങല്ലൂരിന്റെ ചിലഭാഗങ്ങള്‍, അഴീക്കോടിന്റെ തീരമേഖല, മേതല, പൊയ്യ, മാളയുടെ ചില ഭാഗങ്ങളായ പുത്തന്‍ചിറ, അഷ്ടമിച്ചിറ എന്നീ ഭാഗങ്ങളും തൃശൂര്‍ ജില്ലയിലെ പ്രളയഭീതി പ്രദേശങ്ങള്‍ ആയിരിക്കും.
എറണാകുളം ജില്ലയിലെ പ്രധാന സാധ്യതാപ്രദേശങ്ങള്‍
മാഞ്ഞാലി, അത്താണി, വടക്കന്‍ പറവൂര്‍, ചെറായി, കോട്ടുവള്ളി, കൂനമ്മാവ്, എടവനക്കാട്, വൈപ്പിന്‍, വരാപ്പുഴ, കടമക്കുടി, അമൃത ഹോസ്പിറ്റലിന്റെ പരിസരങ്ങള്‍, പുതുവൈപ്പ്, കടമക്കുടി,വല്ലാര്‍പ്പാടം, മട്ടാഞ്ചേരിയുടെ ചിലഭാഗങ്ങള്‍, കൊച്ചി, പെരുമ്പടപ്പ്, പനങ്ങാടിന്റെ ചിലഭാഗങ്ങള്‍, അരൂര്‍, ചെല്ലണം,എഴുപുന്ന, പനവള്ളി, കോടംതുരുത്ത്, തുറവൂര്‍, പള്ളിപ്പുറം, സൗത്ത് പറവൂര്‍, കീച്ചേരി, മുറിഞ്ഞപുഴ, മറവന്‍തുരുത്ത് , വടക്കേമുറി.
കോട്ടയം-ആലപ്പുഴ ജില്ലകളിലെ പ്രധാന സാധ്യതാപ്രദേശങ്ങള്‍
തലയോലപ്പറമ്പ്, നടുവിലെ, വൈക്കം, കുടത്തുരുത്തി, ആയാംകുടി, തലയാഴം, കല്ലറ, പോയരുംതുരുത്ത്, ഓണംത്തുരുത്ത് , കൈപ്പുഴ , വില്ലൂന്നി, കുമരകം, പരിപ്പ്, ചെങ്ങളം സൗത്ത്, കോട്ടയം, വേലൂര്‍, തിരുവാര്‍പ്പ്, നാട്ടകം, പുതുപ്പള്ളി, പനച്ചിക്കാട്, പാത്താമുട്ടം, ഇത്തിത്താനം,പള്ളം, പള്ളിക്കായല്‍, മുല്ലക്കല്‍, കൈനകരി, മുല്ലക്കല്‍, ചിങ്ങവനം, കുറിച്ചി, കൈനടി, ഈര, കാവാലം, സൗത്ത് കൈനാഗിരി, നെടുമുടി, പുളിങ്കുന്ന്, വെളിയനാട്, ആലപ്പുഴ, പരവൂര്‍, വന്ദനം, ചമ്പക്കുളം, വെളിയനാട്, വേഴപ്രാ, മിത്രകരി, ചങ്ങനാശ്ശേരി, പെരുംതുരുത്തി, മേപ്രാല്‍, മുട്ടാര്‍, മേപ്രാല്‍, ചമ്പക്കുളം, പുല്ലങ്ങടി, തകഴി, അമ്പലപ്പുഴ, പുറക്കാട്, കുന്നുമ്മ, ചെറുതന, വീയപുരം, മേല്‍പ്പാടം, മാന്നാര്‍, കരുവാറ്റ, തൃക്കുന്നപ്പുഴ, ഹരിപ്പാട്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, മുതുകുളം, കണ്ടല്ലൂര്‍, പുതുപ്പള്ളി, ആലപ്പാട് എന്നീ ഭാഗങ്ങളാണ്. കൂടാതെ കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത്, , നീണ്ടകരയുടെ ചിലഭാഗങ്ങളും ഈ ലിസ്റ്റില്‍ പെടുന്നു.
ഭൗമികം: ഗോപികാ സുരേഷിന്റെ കാലാവസ്ഥാ കോളം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം