തകഴിയും ബഷീറും; പ്രണയത്തിന്റെ പ്രതിസന്ധികള്‍

By K P Jayakumar  |  First Published May 15, 2020, 1:29 PM IST

സിനിമ എന്ന നിലയില്‍, ചെമ്മീനും പ്രേമലേഖനവും പ്രണയത്തെ പകര്‍ത്തുന്നത് ഏത് വിധമാണ്? പ്രണയത്തിന്റെ കാര്യം വരുമ്പോള്‍ ബഷീറും തകഴിയും സ്വീകരിക്കുന്ന നിലപാടുകള്‍ എന്തൊക്കെയാണ്?


ഒരേ കാലത്ത് ജീവിച്ചിരുന്ന, സൗഹൃദം കൊണ്ടും 'പുരോഗമന' കാഴ്ചപ്പാടുകള്‍ കൊണ്ടും ചേര്‍ന്നുനിന്നിരുന്ന രണ്ട് എഴുത്തുകാരാണ് തകഴിയും ബഷീറും. സാഹിത്യകൃതികള്‍ എന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഇവര്‍ എഴുതിയ രണ്ട് സൃഷ്ടികളും. സിനിമ എന്ന നിലയില്‍, ചെമ്മീനും പ്രേമലേഖനവും പ്രണയത്തെ പകര്‍ത്തുന്നത് ഏത് വിധമാണ്? പ്രണയത്തിന്റെ കാര്യം വരുമ്പോള്‍ ബഷീറും തകഴിയും സ്വീകരിക്കുന്ന നിലപാടുകള്‍ എന്തൊക്കെയാണ്?

 

Latest Videos

undefined

 

പ്രണയത്തിലെന്നപോലെ ഇവിടെ മുഖാമുഖം നില്‍ക്കുന്നത് രണ്ട് സിനിമകളാണ്. 'ചെമ്മീന്‍', 'പ്രേമലേഖനം'. രണ്ടിലും പ്രണയമാണ് പ്രമേയം. തകഴി ശിവശങ്കരപ്പിള്ള എഴുതിയ നോവലാണ് രാമുകാര്യാട്ട് സംവിധാനം ചെയ്ത  'ചെമ്മീന്‍'. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെ ആധാരമാക്കി പി എ ബക്കര്‍ സംവിധാനം ചെയ്തതാണ് 'പ്രേമലേഖനം'.  

'പ്രേമലേഖനം' പ്രസിദ്ധീകരിക്കുന്നത് 1943ലാണ്. 77 വര്‍ഷം മുമ്പ്. അത് സിനിമയായത് 42 വര്‍ഷത്തിനു ശേഷം 1985 ലാണ്.  ''ജീവിതം യൗവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവു''മായിരുന്ന സാറാമ്മയും കേശവന്‍നായരും അപ്പോഴേക്കും മരിച്ചിട്ടുണ്ടാവണം.  തകഴിയുടെ ചെമ്മീന്‍ പ്രസിദ്ധീകരിച്ചത് 1956ലാണ്. ഒമ്പതു വര്‍ഷത്തിനു ശേഷം 1965-ല്‍ അത് സിനിമയായി. പരീക്കുട്ടിയും കറുത്തമ്മയും അന്നുതന്നെ മരിച്ചിരുന്നു. കടലില്‍പ്പോയ പഴനി തിരിച്ചുവന്നിട്ടുമില്ല.  

ഒരേ കാലത്ത് ജീവിച്ചിരുന്ന, സൗഹൃദം കൊണ്ടും 'പുരോഗമന' കാഴ്ചപ്പാടുകള്‍ കൊണ്ടും ചേര്‍ന്നുനിന്നിരുന്ന രണ്ട് എഴുത്തുകാരാണ് തകഴിയും ബഷീറും. സാഹിത്യകൃതികള്‍ എന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഇവര്‍ എഴുതിയ രണ്ട് സൃഷ്ടികളും. സിനിമ എന്ന നിലയില്‍, ചെമ്മീനും പ്രേമലേഖനവും പ്രണയത്തെ പകര്‍ത്തുന്നത് ഏത് വിധമാണ്? പ്രണയത്തിന്റെ കാര്യം വരുമ്പോള്‍ ബഷീറും തകഴിയും സ്വീകരിക്കുന്ന നിലപാടുകള്‍ എന്തൊക്കെയാണ്?

ദുരന്തങ്ങളുടെ തീരത്തടിയുക എന്നതാണ് ചെമ്മീനിലെ 'വിധി'. അതില്‍നിന്നും പ്രണയം നേടുന്ന സ്വാതന്ത്ര്യമാണ് പ്രേമലേഖനം. പ്രേമലേഖനം പ്രണയത്തെ ഒരു ഗഡാഗഡിയന്‍ രാഷ്ട്രീയ പ്രശ്നമാക്കുന്നു. ചെമ്മീനാവട്ടെ, രാഷ്ട്രീയമായ പ്രതിസന്ധികള്‍ക്ക് പിടികൊടുക്കാതെ, വൈയക്തികതയുടെ കടലിലേക്ക് തുഴയെറിയുന്നു.

ഉദ്യോഗസ്ഥനായ കേശവന്‍ നായരും, പാവപ്പെട്ടവളും രണ്ടാനമ്മയില്‍ നിന്നും മാനസിക പീഡനം ഏല്‍ക്കേണ്ടിവരുന്നവളുമായ സാറാമ്മയും തമ്മിലുള്ള പ്രണയമാണ് 'പ്രേമലേഖനം' എന്ന സിനിമയുടെ  പ്രമേയം. നടപ്പ് പ്രണയ സിനിമയുടെ ഫോര്‍മുലയില്‍ തന്നെയാണ് പ്രേമലേഖനവും സാധ്യമായിരിക്കുന്നത്. എന്നാല്‍ വര്‍ഗ്ഗ ബന്ധങ്ങളുടെ ഉച്ചനീചത്വത്തെ മുറിച്ചുകടക്കുന്ന പ്രണയസാഫല്യത്തെയല്ല ഈ ചലച്ചിത്രം ആഖ്യാനം ചെയ്യുന്നത്. ജാതി, സമുദായം എന്നിവയിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥക്കുള്ളിലാണ് പ്രണയം സ്ഥാനപ്പെടുന്നത്. 'സ്ത്രീധനം കൊടുക്കാതെ ഞങ്ങളുടെ സമുദായത്തില്‍നിന്ന് എന്നെ ആരും കെട്ടിക്കൊണ്ടു പോകുകയില്ല...' എന്ന 'യാഥാര്‍ത്ഥ്യ'ത്തില്‍ തട്ടിയാണ് സാറാമ്മയ്ക്ക് 'കഴിഞ്ഞ കൊല്ലത്തില്‍ ശറപറാന്ന്' വന്ന വിവാഹാലോചനകള്‍ നടക്കാതെ പോയത്.

 

.........................................................

Read more: ഓരോരോ ജയകൃഷ്ണന്‍മാര്‍, അവരുടെ ഉള്ളിലെ ക്ലാരമാര്‍...!

.........................................................

 

''അത് സാറാമ്മയെ ആരും സ്നേഹിക്കാത്തതുകൊണ്ടായിരിക്കും.'' എന്ന് കേശവന്‍ നായര്‍ പറയുമ്പോള്‍; ''ഓ, എന്നാലും സ്ത്രീധനം കൊടുക്കണം. പറഞ്ഞില്ലെ ഞങ്ങളുടെ ജാതിമര്യാദയാണത്.'' എന്ന് സാറാമ്മ നിരാശയാകുന്നു. കേശവന്‍ നായര്‍ സ്ത്രീധന ഏര്‍പ്പാടിനെ കഠിനമായി സ്നേഹിക്കുന്നു. 'സ്ത്രീധനം കൊടുക്കാന്‍ വിഷമിക്കുന്നവര്‍, സ്ത്രീധനം കൊടുക്കാതെ വിവാഹം ചെയ്യാന്‍ തയ്യാറുള്ള ഇതരസമുദായക്കാരെ വിവാഹം ചെയ്യണം.' എന്നതാണ് കേശവന്‍ നായരുടെ അഭിപ്രായം.

സമുദായങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന അനാചാരങ്ങള്‍ ചിലപ്പോള്‍ അവയ്ക്കു പുറത്തേയ്ക്ക്  വ്യക്തികള്‍ക്ക് സ്വതന്ത്രരാകാനുള്ള സാധ്യത തുറന്നിടുന്നുണ്ട്. കേശവന്‍ നായരുടെയും സാറാമ്മയുടെയും പ്രണയം ജാതി, സമുദായങ്ങളുടെ സങ്കുചിത ബോധത്തെ തകര്‍ത്ത് പൂര്‍ണ്ണതയിലേയ്ക്ക് കുതിക്കാനുള്ള വ്യക്തികളുടെ അഭിലാഷമാണ്. പ്രണയം സുന്ദരമായതിനെ കാംക്ഷിക്കുകയും ആനന്ദത്തില്‍ ലയിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. കമിതാക്കളുടെ ഈ ലയനത്തെ അസാധമാക്കുന്നത് സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ജാതി/സമുദായ ബോധങ്ങളാണെന്നു കണ്ടെത്താം.

എന്നാല്‍,  ജാതിയെ തള്ളിപ്പറയുന്ന ചെമ്മീനിലെ ചെമ്പന്‍കുഞ്ഞ് പരീക്കുട്ടിയില്‍ നിന്ന് പണം കടം വാങ്ങി വള്ളവും വലയും വാങ്ങുന്നു. പക്ഷേ, മകളെ കെട്ടിക്കുന്ന കാര്യം വന്നപ്പോള്‍ 'കടാലില്‍ പോയി മീന്‍ പിടിക്കുന്നോനായ'പളനിയെയാണ് ചെമ്പന്‍കുഞ്ഞ് തെരഞ്ഞെടുക്കുന്നത്. ജാതി ഇല്ലെന്നും നടിക്കുകയും ജാതിയെ ആന്തരവല്‍ക്കരിക്കുകയും ചെയ്യുന്ന ഈ അവസ്ഥയുമായി ചെമ്മീന്‍ ഒരു സംവാദത്തിനൊന്നും തയ്യാറാവുന്നില്ല.  എന്നാല്‍ ബഷീര്‍ അങ്ങനെയല്ല. സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയത്തെ ചൂഴ്ന്നുനില്‍ക്കുന്നത് സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ജാതീയത തന്നെയാണെന്ന് ബഷീര്‍ പറയുന്നു. അങ്ങനെയൊന്ന് 'ഇല്ല' എന്ന ചിന്തയെ ചലച്ചിത്രം മറികടക്കുന്നത് പ്രണയം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ സന്ദര്‍ഭത്തില്‍ തന്നെ ജാതി, സമുദായ ബോധവുമായി സംവാദത്തിലേര്‍പ്പെട്ടുകൊണ്ടാണ്.

ആ സന്ദര്‍ഭം ഇതാണ്. ''നമുക്കു കുഞ്ഞുങ്ങളുണ്ടാവില്ലെ? അവര്‍ ഏതു ജാതിയായിരിക്കും? ഹിന്ദുക്കളായിട്ടു വളര്‍ത്താന്‍ എനിക്കിഷ്ടമില്ല. ക്രിസ്ത്യാനിയായിട്ടുവളര്‍ത്താന്‍ എന്റെ ഭര്‍ത്താവിനും ഇഷ്ടം കാണുകയില്ല. അങ്ങനെ വരുമ്പോള്‍ അവരുടെ ജാതി?''

അവരെ ഒരു മതത്തിലും വളര്‍ത്തേണ്ടതില്ലെന്നും വളര്‍ന്നുവരുമ്പോള്‍ എല്ലാമതങ്ങളിലും വെച്ച് ഹൃദ്യമായത് അവര്‍ സ്വീകരിക്കട്ടെ എന്നും സാറാമ്മയും കേശവന്‍ നായരും തീരുമാനിക്കുന്നു. 'ന്യായം? പേരാ...?' സാറാമ്മ ഗുരുതരമായ ഒരു പ്രശ്നം ഉന്നയിക്കുന്നു.

പേര് ഒരു പ്രശ്നമാണ്. പേരിനുപിന്നില്‍ മറഞ്ഞിരിക്കുന്ന ജാതിയാണ്. 'പേരില്‍ മാത്രം മുസ്ലിമായ പരീക്കുട്ടി'ക്ക് കറുത്തമ്മയെ നഷ്ടമാക്കുന്നത് ജാതി/സമുദായമാണല്ലോ. അപ്പോള്‍ ഈ പേര് ഒരു കുറഞ്ഞ കാര്യമല്ല. പേരില്‍ എല്ലാമുണ്ട്. ഉദാഹരണത്തിന് നമ്മള്‍ ഒരു കമ്പനി, ഒരു സ്ഥാപനം തുടങ്ങുന്നു എന്നു കരുതുക. അതിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യം കൊടുക്കുന്നു. ആവശ്യപ്പെടുന്ന എല്ലാ യോഗ്യതയുമായി അപേക്ഷിച്ചുവന്നവരുടെ പേരുകള്‍ നോക്കാം. കെ പി ബിജു, ഷാജി കെ എം. കെ ഷിബു, ആര്‍ രാജേഷ്, കെ കെ ജ്യോതി, മനോജ് മേനോന്‍, കാര്‍ത്തിക് ആര്‍ വര്‍മ്മ, മീനാക്ഷി പി നായര്‍.... ഇവരില്‍ ആരെയാണ് നമ്മള്‍ ഇന്റര്‍വ്യൂവിന് വിളിക്കുക? ഒരു പക്ഷെ എല്ലാവരെയും വിളിക്കും. എന്നാല്‍ ആരെയായിരിക്കും ജോലിയ്ക്ക് എടുക്കാന്‍ മുന്‍കൂട്ടി ആലോചിച്ചിട്ടുണ്ടാവുക?  പേരും പേരിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന പാരമ്പര്യ മൂലധനവും ചിലരെ ബഹുദൂരം മുന്നിലെത്തിക്കുന്നു. ബിജുവിനും ഷാജിക്കും ഷിബുവിനും ജ്യോതിക്കുമെല്ലാം തങ്ങളുടെ കാര്യക്ഷമത തെളിയിക്കേണ്ടതുണ്ട്. സമാന യോഗ്യതയുമായി അപേക്ഷിച്ച മനോജ് മേനോനും കാര്‍ത്തിക് ആര്‍ വര്‍മ്മയ്ക്കും മീനാക്ഷി പി നായര്‍ക്കും കഴിവുണ്ടെന്ന് നാം നിശ്ചയിച്ചുകഴിഞ്ഞു. 'കഠിന'മായ ഈ ഊഹത്തിന് നമ്മെ പ്രാപ്തമാക്കുന്നതെന്താണ്? പേര്... പേര് ഒരു സംഭവമാണെന്ന് ബഷീറിന് അറിയാമായിരുന്നു.  

 

.........................................................

Read more: പ്രണയത്തെ സിനിമേലെടുക്കുമ്പോള്‍..
.........................................................

 

വ്യത്യസ്ത സമുദായത്തില്‍നിന്നും പ്രണയിച്ച് വിവാഹിതരായ ദമ്പതികള്‍ പേരിനെക്കുറിച്ച് ആധികൊള്ളുന്ന സന്ദര്‍ഭം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'സസ്നേഹം' എന്ന ചിത്രത്തിലുമുണ്ട്. 'ആണ്‍കുട്ടിയാണെങ്കില്‍ നമുക്കവന് പുരുഷന്‍ എന്നുപേരിടാം. പെണ്‍കുട്ടിയാണെങ്കില്‍ വനിത' എന്നും അവര്‍ ഒത്തുതീര്‍പ്പിലെത്തുന്നു. സാമൂഹികതയെ അതിവര്‍ത്തിക്കാനുള്ള പ്രണയാഭിലാഷങ്ങള്‍ തടഞ്ഞുനില്‍ക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളെ ആഖ്യാനം തന്ത്രപരമായി ഒഴിഞ്ഞുകടക്കുകയാണ്.

മണിരത്നത്തിന്റെ ബോംബെ (1995)യില്‍, ശേഖര്‍ -ഷൈലാബാനു ദമ്പതികളുടെ പ്രണയ 'സാഫല്യ'ത്തില്‍ പിറക്കുന്ന ഇരട്ട കുട്ടികള്‍ക്ക് ബഷീര്‍ നാരായണന്‍ എന്നും കമല്‍ ബഷീര്‍ എന്നും പേരുനല്‍കിക്കൊണ്ട് ചലച്ചിത്രം സമുദായങ്ങളോട് സമദൂരം പാലിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കലാപമാണ് സിനിമയുടെ പശ്ചാത്തലം എന്നത് ശ്രദ്ധേയമാണ്. 'പേരിന്റെ രാഷ്ട്രീയം' തുറന്നുവെയ്ക്കുന്ന സംവാദസ്ഥലങ്ങളെ വിട്ടുകളയുന്ന ചലച്ചിത്രം ജാതി, സമുദായ ബന്ധങ്ങളുടെ സംഘര്‍ഷ സന്ദര്‍ഭങ്ങളെ മതേതര നാട്യത്തിലൂടെ മുറിച്ചുകടക്കുന്നു.

പ്രേമലേഖനം ഈ സന്ദര്‍ഭത്തെ മുഖാമുഖം നേരിടുന്നുണ്ട്. ''നമുക്കുണ്ടല്ലോ... മറ്റ് ഏതെങ്കിലും സമുദായത്തിലെ ജഗജില്ലന്‍ പേരിടാം.'' എന്ന് കേശവന്‍ നായര്‍.

''അപ്പോള്‍ ആ സമുദായക്കാരനാണ് എന്റെ തങ്കക്കുട്ടന്‍ എന്ന് ആളുകള്‍ വിചാരിക്കില്ലേ?'' എന്ന് സാറാമ്മ.

''റൈറ്റ്...!മുസല്‍മാന്റെ പേരിട്ടാല്‍ ആളുകള്‍ വിചാരിക്കും മുസല്‍മാനാണെന്ന്. ഫാര്‍സിയുടേതും അതുപോലെതന്നെ...ചൈനക്കാരന്റേതും...റഷ്യക്കാരന്റേതും -എന്നുവേണ്ട കുഴപ്പമാണ്'' എന്ന കേശവന്‍ നായര്‍.

അങ്ങനെ ഒടുവില്‍  സാറാമ്മ കേശവന്‍ നായര്‍ പ്രണയികള്‍ അവര്‍ക്ക് ജനിക്കാന്‍ പോകുന്ന കുട്ടിയെ ജാതി-സമുദായങ്ങളില്‍ നിന്നും ദേശ രാഷ്ട്ര ഭൂപടങ്ങളില്‍ നിന്നും വിമോചിപ്പിക്കുന്നു. 'ആകാശമിഠായി' എന്നു കുട്ടിക്ക് പേരിടാന്‍ തീരുമാനിക്കുന്നതിലൂടെ അസാധ്യമായ ഒന്നിന്റെ അസഫലതയെക്കുറിച്ചുള്ള രൂക്ഷഹാസ്യമായി അത് ഉന്നയിക്കപ്പെടുന്നു. അത്രമേല്‍ വിഭജിക്കപ്പെട്ട മനുഷ്യകുലത്തെക്കുറിച്ചുള്ള ബഷീറിയന്‍ വിമര്‍ശനം.

സ്വന്തം ജീവിത പരിസരത്തില്‍നിന്നും ഒളിച്ചോടുന്ന സാറാമ്മയും കേശവന്‍ നായരും സുന്ദര സുരഭിലമായ മറ്റൊരു ലോകത്ത് എത്തിച്ചേരുമെന്ന് വിചാരിക്കുന്നു. സാമൂഹികതയെ അതിവര്‍ത്തിക്കുന്ന ഈ നൈമിഷികാനന്ദത്തിന്റെ  'ഇടം' തീവണ്ടിയാണ്. പ്രേമലേഖനം എന്ന കഥയില്‍ ഈ പ്രണയ നിമിഷത്തെ ബഷീര്‍ ഇങ്ങനെ എഴുതുന്നു.'അവള്‍ കുനിഞ്ഞ് കേശവന്‍നായരുടെ രണ്ടു പാദങ്ങളിലും ചുംബിച്ചു. കേശവന്‍ നായര്‍ അവളെ എണീപ്പിച്ച് ആലിംഗനം ചെയ്തു. ഓടുന്ന തീവണ്ടി. ആര് കാണാന്‍?'

സമൂഹത്തിന്റെ കാഴ്ചവട്ടത്തുനിന്നും മറഞ്ഞിരിക്കുമ്പോഴാണ് പ്രണയം സഫലമാകുന്നത്. അവര്‍ ഭൂമിയെ തൊടുന്നില്ല. അലൗകിക സൗന്ദര്യമായും ആനന്ദാനുഭവമായും പൂര്‍ണ്ണത തേടുന്ന പ്രണയ നിമിഷങ്ങള്‍ക്ക് ഭൂമിയില്‍ തിരിച്ചിറങ്ങേണ്ടിവരുന്ന സന്ദര്‍ഭമാണ് ദാമ്പത്യം. വ്യക്തിക്ക് പ്രണയം വാഗ്ദാനം ചെയ്യുന്ന ആനന്ദാനുഭൂതിയും സ്വാതന്ത്ര്യവും ദാമ്പത്യ/കുടുംബ വ്യവസ്ഥക്കുള്ളില്‍ അഴിഞ്ഞുപോകുന്ന മണ്‍രൂപങ്ങളായിത്തീരുന്നു.

അങ്ങനെ ജനിക്കുകയോ ജനിക്കാതിരിക്കുകയോ ചെയ്‌തേക്കാവുന്ന അനേകം ആകാശ മിഠായികളുടെ മുന്നില്‍, അനേകമനേകം ജാതി സമുദായങ്ങളായി, ദേശങ്ങളായി സങ്കുചിതമാക്കപ്പെട്ട അച്ഛനമ്മമാരായി, നാം ഭൂമിയില്‍ തിരിച്ചിറങ്ങുന്ന ജീവിതയാത്രയുടെ, കഠിനമായ സാംസ്‌കാരിക രാഷ്ട്രീയ സന്ദര്‍ഭമാണ് പ്രേമലേഖനം.

click me!