മഴ പോയിട്ടും പെയ്യുന്ന മരങ്ങള്‍; എങ്ങും പോവാത്ത എസ് പി ബി

By Web Team  |  First Published Sep 21, 2021, 1:39 PM IST

എസ് പി ബി പാട്ടോര്‍മ്മ.  പാട്ടുറവകള്‍. പാര്‍വ്വതി എഴുതുന്ന കോളം
 


ഏതു കാലത്തും യുവതലമുറയുടെ ആവേശമായി തുടര്‍ന്നിരുന്നു, എസ്. പി. ബി. പ്രായത്തിന്റെ അതിര്‍ത്തികളെ ഭേദിച്ചു മുന്നോട്ടുപോയിരുന്ന ആ ശബ്ദം എന്നേക്കുമായി നിലച്ചുപോയപ്പോള്‍, ജനപ്രിയസംഗീതത്തിന്റെ ഒരു കാലഘട്ടം കൂടിയാണ് അവസാനിച്ചത്. പറിച്ചെറിയാന്‍ ആവാത്തത്രയും വേരുറച്ചു പോയൊരു ശബ്ദവൈകാരികത. പാട്ടുകളുടെ ആ നിലാവിന്, ഒരു കാലത്തിന്റെ പാട്ടുവിസ്മയത്തിന്, അതിര്‍ത്തികളില്ലാത്ത സംഗീതം ഈ ലോകത്ത് സാദ്ധ്യമാണ് തെളിയിച്ച ഗായകന് സ്മരണാഞ്ജലികള്‍.   

 

Latest Videos

 

കഴിഞ്ഞ അമ്പത് വര്‍ഷക്കാലത്തോളം, കൃത്യമായി പറഞ്ഞാല്‍ റേഡിയോ കാലം മുതല്‍ സ്മാര്‍ട് ഫോണ്‍ കാലം വരെ, ഒരാഘോഷമായി നിത്യജീവിതത്തിലേക്ക് കൂട്ടുവന്നിരുന്ന എസ്. പി.ബാലസുബ്രഹ്മണ്യം എന്ന ഗായകന്‍ ഈ ലോകം വിട്ടുപോയിട്ട്ഈ മാസം 25-ന് ഒരു വര്‍ഷം. ഒരു വര്‍ഷക്കാലം പെട്ടെന്ന് കഴിഞ്ഞുപോയെങ്കിലും എസ്. പി. ബി. പാട്ടുകാരന്‍ എന്ന നിലയ്ക്ക് ഇതുവരെയും ഒരു ശൂന്യതയേ ഉണ്ടാക്കിയിട്ടില്ല. അല്ലെങ്കില്‍ അതിനുള്ള സമയം ആയിട്ടില്ല. എസ്. പി. ബി. പാടിയ പാട്ടുകള്‍ ഇപ്പോഴും പലയിടങ്ങളിലായി -ഇന്റര്‍നെറ്റില്‍ നിന്നും, സ്മാര്‍ട് ഫോണുകളില്‍ നിന്നും -പാടിയൊഴുകുക തന്നെയാണ്. 

അമ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1969 -ല്‍ കയ്യില്‍ നിന്നും വഴുതിപ്പോയേക്കാവുന്ന ഒരവസരം, എം.ജി.ആറിന്റെ പ്രത്യേക താല്‍പര്യം കൊണ്ട് വീണു കിട്ടിയ 'ആയിരം നിലവേ വാ' എന്ന പാട്ട്, അടിമൈ പെണ്ണിനു' വേണ്ടി തമിഴില്‍ പാടി തുടങ്ങിയതാണ് എസ്. പി. ബി. പിന്നീടദ്ദേഹം'പാടും നിലാ' എന്ന് തന്നെ തമിഴ്‌നാട്ടില്‍ അറിയപ്പെട്ടു. പല ജനുസ്സുകളിലുള്ള പാട്ടുകള്‍ പാടി. പ്രദേശവ്യത്യാസമില്ലാതെ മനസ്സുകളെ വശീകരിച്ചു. എല്ലാവര്‍ക്കും പ്രിയമുള്ള ഗായകനായി ജീവിച്ചു.

എന്നാല്‍, ഏതു കാലത്തും യുവതലമുറയുടെ ആവേശമായി തുടര്‍ന്നിരുന്നു, എസ്. പി. ബി. പ്രായത്തിന്റെ അതിര്‍ത്തികളെ ഭേദിച്ചു മുന്നോട്ടുപോയിരുന്ന ആ ശബ്ദം എന്നേക്കുമായി നിലച്ചുപോയപ്പോള്‍, ജനപ്രിയസംഗീതത്തിന്റെ ഒരു കാലഘട്ടം കൂടിയാണ് അവസാനിച്ചത്. പറിച്ചെറിയാന്‍ ആവാത്തത്രയും വേരുറച്ചു പോയൊരു ശബ്ദവൈകാരികത. 

 

 


ഭാവനാസമ്പന്നം, ആ ആവിഷ്‌കാരങ്ങള്‍  

60 -കളുടെ അവസാനത്തില്‍ തെലുഗു സിനിമാസംഗീതത്തില്‍ തുടങ്ങിയതാണ് ആ പാട്ടുയാത്ര. 80 -കളിലെത്തുമ്പോഴേക്കും എസ്.പി.ബി വായ്പ്പാട്ടിലേക്ക് തന്റെതായ ഒരു സിനിമാറ്റിക് സ്വഭാവവും സൗന്ദര്യവും സന്നിവേശിപ്പിച്ചു തുടങ്ങിയിരുന്നു. ക്രമേണ അതിന്റെ സ്വാഭാവിക സംഗീതവഴികള്‍ക്ക് ഒരു അപവാദം ആയി മാറുകയും ചെയ്തു. റെക്കോഡിംഗ് സ്റ്റുഡിയോയ്ക്കകത്ത് ഉരുവം കൊള്ളുന്ന പാട്ടിലേക്ക് ഒരു പാട്ടുകാരന്റെ ഭാവനകളെ കൂടി എങ്ങിനെ കലര്‍ത്താമെന്നായിരുന്നു എസ്.പി.ബി കാണിച്ചു തന്നത്. നടനെ മനസ്സില്‍ കണ്ട്, സന്ദര്‍ഭങ്ങളെ ഉള്‍ക്കൊണ്ട്, കവിതയെ അറിഞ്ഞ്, ഈണത്തിലെ ശ്രുതിക്കും താളത്തിനും മറ്റു കൃത്യതകള്‍ക്കും കോട്ടം തട്ടാതെ ഭാവനാപരമായി പാട്ടിനെ ആവിഷ്‌കരിക്കുന്ന വിധം. അങ്ങിനെയാണ് പാട്ടുകള്‍ക്ക് 'സിനിമാറ്റിക് രൂപം' കൈവരുന്നത് .

ശാസ്ത്രീയാഭ്യസനം ഉണ്ടായിട്ടില്ല എന്നത് ഒരു കുറവായി ആദ്യകാലങ്ങളില്‍ സ്വയം തോന്നിയിരുന്ന ആ പാട്ടുകാരന്‍ പക്ഷെ പിന്നീട് ആ 'കുറവിലേക്ക്' കൂട്ടിച്ചേര്‍ത്ത രസക്കൂട്ടുകള്‍ക്ക് കണക്കില്ലാതായി. പാടിയ ജനുസ്സുകള്‍ക്ക് പരിമിതികള്‍ ഇല്ലാതായി. ആ തൊണ്ട പലപ്പോഴും ശബ്ദഭാവനകളെ പുറപ്പെടുവിക്കുന്ന ഒരു ഉപകരണം ആയി പെരുമാറി. സംഗീതത്തിന്റെ ശാസ്ത്രീയജ്ഞാനം ഭാരമായി പേറാതെ, അത് മുഴുവനായും കാണികളിലേക്ക് തുറന്നുവിട്ടു.

 

 

എന്നാല്‍ ഒരു റെക്കോഡിംഗ് സ്റ്റുഡിയോവില്‍ നിന്നു പാടുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു എസ. പി. ബി  'കച്ചേരികളും ലൈവ് ഷോകളും. ഇതിന് വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോക്കകത്ത് പാട്ടുകള്‍ കൃത്യമായി പാടി റെക്കോര്‍ഡ് ചെയ്തു കേള്‍ക്കുന്നതും, ഒരു പൊതുവേദിയില്‍ നിന്ന് വലിയ ആള്‍ക്കൂട്ടത്തിനു വേണ്ടി ഓര്‍ക്കസ്ട്രയുടെ അകമ്പടിയില്‍ പാടുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. 

ദക്ഷിണേന്ത്യയില്‍ ജനപ്രിയസിനിമാ സംഗീതത്തിന് / ലളിതഗാനങ്ങള്‍ക്ക് പൊതുവേദിയില്‍ ഒരു 'അവതരണ ശൈലി' (performing style) ആദ്യമായി കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അത് നിസ്സംശയം പറയാവുന്ന ഒരാളായിരിക്കും എസ്. പി. ബി. അതിമനോഹരങ്ങളായ ചില  'എസ്. പി. ബി. സ്പര്‍ശങ്ങള്‍'  തന്റെ അനായാസേനയുള്ള അവതരണ ശൈലിയില്‍ ആ ഗായകന്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടേയിരുന്നു. ഗായകമര്യാദകളും (singer etiquette) അരങ്ങു മര്യാദകളും (performer etiquette)  ചേര്‍ന്നതായിരുന്നു അത്. അങ്ങിനെ അറിഞ്ഞോ അറിയാതെയോ, എസ്. പി. ബി നടത്തിയത് ഒരു വിനോദപ്രകടനം (entertainer) കൂടിയായി മാറി. പാശ്ചാത്യ സംഗീതത്തിലല്ലാതെ, ഇന്ത്യന്‍ സംഗീതത്തില്‍, സര്‍വ്വോന്മുഖമായ കഴിവുകളിലൂടെ വിനോദിപ്പിക്കുക (entertain) എന്ന സംഗീത പ്രകടനകലയെ' അന്വേഷിച്ചവര്‍ വളരെ കുറവ് തന്നെയാകും. അങ്ങിനെ സ്റ്റുഡിയോയ്ക്ക് പുറത്ത്, പുറംവേദികളില്‍ തത്സമയപരിപാടികളിലാണ് എസ്. പി. ബി. പാട്ടു പാടി ഒരു ആവിഷ്‌കാരകന്‍ (Performer) ആയി മാറിയിരുന്നത് . 

ഇങ്ങിനെ സ്റ്റുഡിയോക്ക് അകത്തും പുറത്തുമായി രണ്ട് വ്യത്യസ്ത അവതരണരീതികളെ സ്വന്തമായി ശൈലീകരിച്ചെടുത്തു എന്നതാണ് എസ്.പി.ബിയുടെ സവിശേഷത.  

 

 

എസ്. പി. ബി - എസ്. ജാനകി  

അത്തരത്തില്‍ പാട്ടുകളെ ആവിഷ്‌കരിക്കുന്ന മറ്റു ഗായകരും ഉണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ എസ്.പി.ബിക്കു മുമ്പ് വന്ന കിഷോര്‍കുമാര്‍ എന്ന ഗായകന്‍. ചില വ്യത്യാസങ്ങളോടെ എസ്. പി. ബി ക്കു ശേഷം വന്ന ഹരിഹരന്‍. ഏറ്റവും അടുത്ത് ശങ്കര്‍ മഹാദേവന്‍. ഇതില്‍ പല സവിശേഷതകള്‍ കൊണ്ടും എസ്. പി. ബി ഏറ്റവും അടുത്തു നില്‍ക്കുന്നത് കിഷോര്‍കുമാറിനോട് ആണ്.  

എന്നാല്‍ ശരീരഭാഷ കൊണ്ട് എസ്. പി. ബിയോളം  ഇല്ലെങ്കിലും ശബ്ദവിന്യാസങ്ങള്‍ കൊണ്ടും സംഗീതത്തികവുള്ള തൊണ്ട കൊണ്ടും പ്രതിഭാശാലിയായ മറ്റൊരു ഗായിക ഉണ്ട് ദക്ഷിണേന്ത്യയില്‍. എസ്. ജാനകി എന്ന അതിസമര്‍ത്ഥയായ ഗായിക. എസ്. പി. ബി ക്കൊപ്പം ഇക്കാര്യത്തില്‍ ഓര്‍ക്കേണ്ട പാട്ടുകാരി. പല സന്ദര്‍ഭങ്ങളിലും എസ്.പി. ബിയുടെ ഏറ്റവും വലിയ പ്രചോദനം കൂടിയായിരുന്നു അവര്‍. 

എസ്. പി. ബി യും എസ്. ജാനകിയും ചേര്‍ന്ന് പാടിത്തീര്‍ത്ത പാട്ടുലോകങ്ങള്‍ തുറന്നു വെച്ചത് പാട്ടവതരണങ്ങളുടെ പുതു പാഠങ്ങളായിരുന്നു. അവര്‍ക്കിടയില്‍ സൗഹാര്‍ദ്ദപരമായ, സഹോദരതുല്യമായ  മാനസിക ഐക്യമുണ്ടായിരുന്നു എന്നത് അതിന്റെ മാറ്റ് കൂട്ടി. അത്രയും തുടര്‍ച്ചയില്‍, ഐക്യത്തില്‍ മറ്റേത് ഗായകക്കൂട്ടുകള്‍ക്കും സാധിക്കാത്തത് അവര്‍ക്ക് സാധിച്ചു. തുല്യപ്രതിഭകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും, കൊടുക്കല്‍ വാങ്ങലുകളും ആയി, ആരാര് മുന്നില്‍ എന്ന് താരതമ്യങ്ങളില്ലാത്ത പാട്ടവതരണങ്ങള്‍ ആയി അവര്‍ ഇരുവരും ചേര്‍ന്നുള്ള പാട്ടുല്‍സവങ്ങള്‍. കേവലം സ്റ്റുഡിയോയ്ക്കകത്ത് മാത്രമായിരുന്നില്ല, പൊതുവേദികളിലെ അവതരണങ്ങളിലും അവ മികച്ചു തന്നെ നിന്നു. 

 

 

എസ്. പി. ബിക്ക് ഒരു നാഴികക്കല്ലായി മാറിയ ശങ്കരാഭരണം (1980) എന്ന സിനിമയില്‍ 'സാമജവരഗമനാ' എന്ന ത്യാഗരാജ കൃതിയില്‍ തുടങ്ങി അത് ഹിന്ദോളരാഗത്തില്‍ മറ്റൊരു പാട്ടായി പരിണമിക്കുന്ന രംഗമുണ്ട്.  ക്ലാസിക്കല്‍ കൃതിയെയോ , രാഗത്തെയോ സിനിമയിലേക്ക് കടമെടുക്കുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ക്കുള്ള കൃത്യമായ മറ്റൊരു ഉദാഹരണമായി ഈ ഗാനത്തെ എടുക്കാം. സംഗീത സംവിധായകന്‍ കെ. വി. മഹാദേവന്റെ ഭാവനയ്ക്ക് എസ്.പി.ബിയും എസ്. ജാനകിയും ചേര്‍ന്ന് കൊടുക്കുന്ന 'സിനിമാറ്റിക്' നിറഭേദം ഇതില്‍ വ്യക്തമാണ്. ഇതില്‍ ആരാണ് മുന്നില്‍ എന്ന സംശയമേ ഉണ്ടാകു.

എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ 'സിപ്പിയിരുക്ക്ത് മുത്തുമിര്ക്ക്ത് തിരന്ത് പാക്ക നേരമില്ലെടി രാസാത്തി' ( വരുമയിന്‍ നിറം സിവപ്പ് -1981) എന്ന പാട്ട് അവര്‍ മത്സരിച്ചു പാടിയപ്പോള്‍ സിനിമയിലെ കമലഹാസനും ശ്രീദേവിയും മത്സരിച്ച് അഭിനയിച്ചു. സ്‌ക്രീനിലും റെക്കോര്‍ഡിങ് സ്റ്റുഡിയോയിലുമായി ഇതിലേറെ ഇണങ്ങുന്ന മറ്റൊരു 'നാല്‍വര്‍-കൂട്ടുകെട്ട്'  ഇനി ആവര്‍ത്തിക്കുമോ? സംശയമാണ്. 

പിന്നീട് ഇളയരാജ എന്ന പാട്ടുതട്ടകത്തില്‍ നിന്ന് ഒരുപാട് പാട്ടുകള്‍ അവര്‍ ഒരുമിച്ച് പാടി. സന്തോഷവും ഉല്‍സാഹവും കലര്‍ന്ന പാട്ടുകള്‍ (വൈഗൈ നദിയോരം -റിക്ഷാമാമ).  തീക്ഷ്ണ പ്രണയത്തെ ഗാഢവും സ്വകാര്യവുമായി ആവിഷ്‌കരിക്കുന്ന പാട്ടുകള്‍ (മൗനമാന നേരം -സിലങ്കൈഒലി), പ്രകടനപരമായ (sensuous) രീതിയിലുള്ള പാട്ടുകള്‍ (നേത്ത് രാത്തിരി - സകലകലാവല്ലവന്‍, പൂ പൊട്ട ദാവണി - കാക്കിച്ചട്ടൈ)  അങ്ങനെ പലതരം. ഇതോരോന്നും ഓരോ പാഠങ്ങളായി എടുക്കാം. ഇത്തരം പാട്ടുകളിലൊക്കെയും അവര്‍ രണ്ട് പേരും ചേര്‍ന്ന് ശബ്ദം കൊണ്ട് നടത്തിയിട്ടുള്ള പ്രകടനങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. 

80- കള്‍ മുഴുവന്‍ നീണ്ട ഇളയരാജ-എസ്.പി.ബി-എസ്.ജാനകി എന്ന കൂട്ടുകെട്ടിന്റെ ചേര്‍ച്ചയുടെ കൊട്ടിക്കലാശം ആയിരുന്നു 'സുന്ദരീ കണ്ണാലൊരു സെയ്ദി' (ദളപതി -1991) എന്ന ഇളയരാജയുടെ സംഗീത രചന. ഏഴു മിനിറ്റോളം നീളമുള്ള ഒരു വലിയ composition. ഇളയരാജ ഒരുക്കിയ ഓര്‍ക്കസ്ട്രയുടെ ശക്തമായ പിന്നണിയില്‍, ഒരുപാട് സവിശേഷതകള്‍ ഉള്ള ഒരു പാട്ട്.  

70 -കളിലും 80 -കളിലും  പല നായികമാര്‍ക്കും വേണ്ടി പാടിയ അതേ ശബ്ദത്തില്‍, എസ്. ജാനകി പുതിയ ഭാവത്തില്‍, ഒരു യൗവ്വനയുക്തയുടെ തീക്ഷ്ണ പ്രണയ വിരഹഭാവങ്ങള്‍ ഈ പാട്ടില്‍ നിറച്ചു. സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ഈ പാട്ടിന്റെ ചിത്രീകരണത്തില്‍ എസ്.പി.ബി.യുടെ ശബ്ദത്തില്‍ പ്രേമാതുരനും ആര്‍ദ്രമാനസനുമായി മണ്ണിലിറങ്ങിവന്നു. 

 

 

കടവുള്‍ പടൈച്ചാന്‍, മൈ നെയിം ഈസ് ബില്ലാ, നാന്‍ പൊല്ലാതവന്‍  (മൂന്നും എം.എസ് വിശ്വനാഥന്‍) തുടങ്ങി 80-കളുടെ തുടക്കം മുതലേ ചടുലമായ പാട്ടുകളിലൂടെ സ്‌റ്റൈല്‍ മന്നനിലേക്കുള്ള പടവുകള്‍ കയറിത്തുടങ്ങിയ  രജനികാന്തിന് വേണ്ടി എസ്.പി.ബി പാടിയ പ്രണയഗാനങ്ങളില്‍ ഈ പാട്ടടക്കം അനേകം ഗംഭീരഗാനങ്ങള്‍ ഉണ്ടായിരുന്നു. കാതലിന്‍ ദീപമൊന്‍ട്ര് (തമ്പിക്ക് എന്ത ഊര്- 1984 ), തെന്മദുരൈ വൈഗൈനദി (ദര്‍മ്മത്തിന്‍ തലൈവന്‍-1988), രാക്കമ്മ കയ്യെ തട്ട് (ദളപതി-1991) ഒരു നാളും ഉനൈ മറവാക (യജമാന്‍- 1993),  ചില ഉദാഹരണങ്ങള്‍ മാത്രം.  

എസ്.പി.ബി - എസ്. ജാനകി പാട്ടുകള്‍ പിന്നെയും തുടര്‍ന്നുകൊണ്ടേയിരുന്നു. 1993-ല്‍ ഏ.ആര്‍. റഹ്മാന്‍ സംഗീതത്തില്‍ 'ഒട്ടകത്തൈ കട്ടിക്കോ', 1995 -ല്‍ കര്‍ണ്ണയില്‍ വിദ്യാസാഗര്‍ സംഗീതത്തില്‍ വളരെ പോപ്പുലര്‍ ആയ 'മലരേ മൗനമാ' തുടങ്ങി ചില ഉദാഹരണങ്ങള്‍. 

നടന്മാരില്‍ എസ്. പി.ബി.യുടെ ബഹുമുഖ പ്രതിഭയ്ക്ക് സ്‌ക്രീനില്‍ ശരീരവഴക്കം കൊണ്ടും, ശബ്ദം കൊണ്ടും, ബഹുമുഖത്വം കൊണ്ടുമൊക്കെ ഏറ്റവും  ഇണങ്ങി നിന്നത് കമലഹാസന്‍ എന്ന ഒറ്റ അഭിനേതാവായിരുന്നു - (നാദവിനോദങ്കള്‍ തുടങ്ങി സലങ്കൈ ഒലിയിലെ പാട്ടുകള്‍ SP ശൈലജക്കൊപ്പം, കാക്കിചട്ടൈയിലെ സിംഗാരി സരക്ക്, റംബംബം ആറംബം എന്നിവ KS ചിത്രയ്‌ക്കൊപ്പം, മൈക്കിള്‍ -മദന -കാമ -രാജന്‍  പോലുള്ളവ ഉദാഹരണങ്ങള്‍ ). എന്നാല്‍ കമലാഹാസനോടൊപ്പം മാറിമാറി വന്ന, സില്‍ക്ക് സ്മിത അടക്കമുള്ള  നടിമാര്‍ക്കൊക്കെ എസ്. ജാനകി തന്റെ ശബ്ദാഭിനയം പകര്‍ന്നുകൊടുത്തു. പകരമില്ലാത്തവയായിരുന്നു ഇരുവരും ചേര്‍ന്ന പ്രകടനങ്ങള്‍. പാട്ടുകളില്‍ ഇരുവരും ഒരു ചിരിയോ, ഒരു തേങ്ങലോ, ഒരു സംഭാഷണമോ, ഒരു ആലാപനമോ, ശ്വാസമോ, മിമിക് ചെയ്തതോ ആയ ഒരു രസക്കൂട്ട് ഏറ്റവും തന്മയത്വത്തോടെ ഒളിപ്പിച്ചു വെച്ചിരുന്നു. 

തുല്യ പ്രതിഭയുള്ള ഈ ഗായകര്‍ക്കിടയില്‍ ഏക വ്യത്യാസം, സിനിമകളിലെയും, സാമൂഹ്യയിടങ്ങളിലെയും  പുരുഷനിലയുടെ  'നായകവാഹകത്വം', സ്ത്രീനിലയുടെ 'ഒതുക്കം' എന്നിവ മാത്രമായിരുന്നു. പ്രതിഭയുടെ കാര്യത്തില്‍ ആ വ്യത്യാസം ഉണ്ടായിരുന്നില്ല തന്നെ!

 

 

പാട്ടുകളുടെ നിറഭേദങ്ങള്‍ 

തികഞ്ഞ പാട്ടാവിഷ്‌കാരകന്‍ ആകുമ്പോഴും, ചിട്ടപ്പെടുത്തി വെച്ച പാട്ടുകളെ അതിരു കടത്തി മനോധര്‍മ്മത്തിലേക്ക് വിരിയിച്ചെടുക്കുമ്പോഴും സംഗീത സങ്കേതങ്ങളില്‍ പിഴവില്ലാതെ ഉറച്ചു നില്‍ക്കുവാന്‍ സാധിച്ചിരുന്നു എന്നതിലാണ് എസ്. പി. ബിയില്‍ ഒരു പാട്ടുകാരന്റെ തികവ് ( brilliance) വെളിപ്പെടുന്നത്. സാഹസികമായ രീതിയില്‍ മനോധര്‍മ്മം ചെയ്യുമ്പോഴും ശ്രുതി (pitch) അണുവിട വ്യതിചലിക്കാതെ, താളം മാറിപ്പോകാതെ കൃത്യമായി ഓര്‍ക്കസ്ട്രയ്ക്കൊപ്പം കാലത്തില്‍ വന്ന് വീഴുന്നത് അതിമനോഹരമായിട്ടായിരുന്നു. 'ആഹാ' എന്നറിയാതെ പറഞ്ഞുപോകുന്ന നിമിഷങ്ങള്‍. ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം പാടുമ്പോള്‍ വേണ്ട synchronization തെറ്റാതെ ചെയ്യല്‍ ലൈവ് പരിപാടികളില്‍ എളുപ്പമല്ല. ക്ലാസ്സിക്കല്‍ കച്ചേരികള്‍ ചെയ്യുന്ന വഴിയ്ക്കല്ലല്ലോ ഓര്‍ക്കസ്ട്രയ്ക്കൊപ്പം പാടുക എന്നത്.

പാട്ടുകാര്‍ ഗാനത്തെ മനോധര്‍മ്മമായി ആവിഷ്‌കരിക്കണമെന്ന ചിന്ത എസ്.പി.ബി തുറന്ന മനസ്സോടെ മുന്നോട്ട് വെച്ചിരുന്നു. യുവതലമുറയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. 'റാംബമ്പം ആരംബം, 'കാതല്‍ റോജാവേ'', 'സുന്ദരി കണ്ണാലൊരു സെയ്തി', 'അഞ്ജലി അഞ്ജലി' തുടങ്ങിയ പല പാട്ടുകളിലും മനോധര്‍മ്മ പ്രയോഗങ്ങള്‍ ഉള്‍ച്ചേര്‍ത്തിരുന്നു. ഒന്നുമില്ലെങ്കില്‍ ഒരു ആലാപ് എങ്കിലും ഇടയില്‍ ചേര്‍ക്കുമായിരുന്നു. അത് ഓരോ പരിപാടിയിലും വ്യത്യസ്തമായി ചെയ്യാനും ശ്രദ്ധിച്ചിരുന്നു. ഓരോ വേദിയിലും റെക്കോഡില്‍ നിന്നും വ്യത്യസ്തമായി പല ഭാവങ്ങളും പാടി നിറച്ചിരുന്ന മുഹമ്മദ് റഫി സാബിന്റെ സ്വാധീനം എസ്.പി.ബി ആദരവോടെ സ്മരിക്കാറുണ്ട്. തീര്‍ച്ചയായും ആ പാട്ടു സംസ്‌കാരവും കൂടി ഉള്‍ച്ചേരുന്നതാണ് എസ്.പി.ബിയുടെ സംഗീതഭാവുകതം. 

 

 

ഇത്തരത്തില്‍ മനോധര്‍മ്മം അനായാസമായി സാധിക്കണമെങ്കില്‍ അതിന് അനായാസകരമായ തൊണ്ടവഴക്കവും, താളത്തിലും ശ്രുതിയിലുമുള്ള കയ്യടക്കവും ഉണ്ടാവണം. അതുമാത്രം പോരാ അസാമാന്യമായ സംഗീതബോധവും ഭാവനയും വേണം. ചില രാഗങ്ങളെ എസ്.പി.ബി അനായാസം കൈകാര്യം ചെയ്തവിധം പരിശോധിച്ചാല്‍ ഈ ഗുണഗണങ്ങള്‍ പ്രത്യേകം മനസ്സിലാക്കാനാകും. ഹംസാനന്ദി എന്ന രാഗം എടുത്താല്‍ അത് പ്രകടമായി കേള്‍ക്കാം. രാഗങ്ങളെ പാട്ടുകളില്‍ ഉള്‍പ്പെടുത്തുന്നതില്‍ തന്ത്രശാലിയായ ഇളയരാജ ഹംസാനന്ദിയെ അടിസ്ഥാനപ്പെടുത്തി ചെയ്ത ഗാനങ്ങളില്‍ രണ്ടെണ്ണമെങ്കിലും നോക്കിയാല്‍ മതി. എസ്. പി. ബി അതിന് കൊടുത്തിരിക്കുന്ന ഊന്നലുകള്‍ എടുത്തുപറയേണ്ടവ തന്നെ. 

ഹംസാനന്ദി എന്ന രാഗത്തിന്റെ ഒരു സവിശേഷത 'പ' എന്ന സ്വരമില്ല എന്നതാണ്. അനായാസമായി പാടാന്‍ സ്വരാഭ്യാസം ആവശ്യപ്പെടുന്ന രാഗം.  ഈ രാഗത്തെയും എസ്.പി.ബി, സിനിമയിലെ ആ രംഗം ആവശ്യപ്പെടുന്ന നാടകീയത പകര്‍ത്തിക്കൊണ്ട് പാടിയിരിക്കുന്നത് അതിശയിപ്പിക്കുന്നതാണ്. എസ്.പി.ബി യിലെ performer ഇതിലും പ്രവര്‍ത്തിക്കുന്നു. ശങ്കരാഭരണത്തിലെ 'ശങ്കരാ നാദശരീരാ പരാ' എന്ന അതേ ഗാനത്തോട് ചേര്‍ത്തുവെക്കാവുന്ന ചില നാഴികക്കല്ലുകള്‍ തന്നെയാണിവയോരോന്നും.

 

 

ഉദാഹരണത്തിന് 'രാഗദീപം' (പയനങ്കള്‍ മുടിവതില്ലൈ - 1982) എന്ന് തുടങ്ങുന്ന ഗാനം, അതിലെ ആദ്യത്തെ ആലാപനം. മറ്റൊന്ന്  'വേദം അണുവിലൊരു നാദം' (സലങ്കൈ ഒലി- 1983) എന്ന പാട്ടിലെ ആദ്യ സ്വരസഞ്ചാരങ്ങള്‍. അതുപോലെ  ഇത്തരം രാഗങ്ങള്‍ പാടുമ്പോള്‍ അതിലെ സ്വരങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ കൊടുത്തും കൊടുക്കാതെയും രാഗത്തെ മനോഹരമായി കൈകാര്യം ചെയ്യുക മാത്രമല്ല, നാടകീയമായ അതിന്റെ സ്വഭാവത്തെ കൂടി പുറത്തുകൊണ്ടുവരുകയാണ് എസ്. പി. ബി. ഇത് ലൈവ് ആയി പരിപാടികളില്‍ പാടുമ്പോഴും നഷ്ടപ്പെടുന്നില്ല. എസ്.പി.ബിയില്‍ മാത്രം കാണുന്ന ഒരു സവിശേഷതയാണ് ഇത്. എസ്.പി. ശൈലജയും എസ്. പി. ബാലസുബ്രഹ്മണ്യവും ഒരുമിച്ച് പാടിയവയില്‍, രണ്ടുപേര്‍ക്കും തുല്യഅളവില്‍ ഒരു നാഴികക്കല്ലാവുന്ന ഗാനമാണ് 'വേദം' എന്ന പാട്ട്. 

ഇങ്ങനെ ഓരോ പാട്ടുകള്‍ക്കും ഓരോ ഊന്നല്‍ നല്‍കി, അവയിലൊക്കെ ശബ്ദത്തിന്റെ tone വ്യത്യാസപ്പെടുത്തി പാടിയിരുന്ന ആളായിരുന്നു എസ്.പി.ബി. അതുകൊണ്ടാണ്, പടയപ്പ പോലെയുള്ള പാട്ടില്‍ നിന്നും മൗനരാഗത്തിലെ 'നിലാവേ വാ' എന്ന പാട്ടിലേക്കു വരുമ്പോള്‍ അതൊരു തൂവല്‍സ്പര്‍ശമായി മാറുന്നത്. അതില്‍ നിന്നും 'മുത്തുമണി മാല'യിലേക്ക് (ചിന്ന ഗൗണ്ടര്‍ ) വരുമ്പോള്‍ പി. സുശീലയുടെ ശബ്ദത്തിനൊപ്പം അത് കാല്പനികമാകുന്നു.  'വൈകരയില്‍, വൈഗൈകരയില്‍' (പയനങ്കള്‍ മുടിവതില്ലൈ) ദുഃഖാര്‍ത്തപ്രണയമായി (pathos) മാറുന്നു. അതേ സിനിമയിലെ 'ഇളയനിലാ പൊഴികിരതേ' വെസ്‌റ്റേണ്‍ അച്ചില്‍ മുക്കിയെടുത്ത പ്രണയഗാനവും എസ്. പി. ബി. തന്നെ കംപോസ് ചെയ്ത് കെ. എസ്. ചിത്രയ്ക്കൊപ്പം പാടിയ  'ഇതോ ഇതോ എന്‍ പല്ലവി' (സികരം) എന്ന ഗാനം വ്യത്യസ്തമായ മറ്റൊരു സുന്ദര പ്രണയഗാനവുമായി മാറുന്നത്.

തൊണ്ണൂറുകള്‍ക്ക് ശേഷം എ. ആര്‍. റഹ്മാനൊപ്പമുള്ള എസ്. പി. ബി.യുടെ പാട്ടുകള്‍ പ്രണയത്തിന്റെ പല രസങ്ങളില്‍ കേള്‍ക്കാം. കാതല്‍ ദേസത്തിലെ (1996) 'എന്നൈ കാണവില്ലയേ' യിലേക്കെത്തുമ്പോഴേക്കും അത് വിരഹദു: ഖത്തിന്റെ ഉച്ചസ്ഥായിയിലെത്തുന്നു. എന്നാല്‍ 'എന്‍ കാതലീ'യിലും  (Duet-1994)  'കാതല്‍ റോജാവിലും' (റോജ -1992) അത് നഷ്ടപ്രണയമാവുകയും ചെയ്യുന്നു. 'തൊട തൊട മലര്‍ന്തതെന്ന' (ഇന്ദിര -1995), 'അഞ്ജലി അഞ്ജലി' (Duet), 'സ്വാസമേ' (തെനാലി -2000) -ഇങ്ങനെ മൃദു സമീപനത്തോട് കൂടിയത് വേറെയുണ്ട്. 'തങ്കതാമരൈ മകളേ' (മിന്‍സാരകനവ് -1997)  'രുക്കുമണി രുക്കുമണി' (റോജ) തുടങ്ങി അസ്സല്‍ പ്രകടനപരതയോട് കൂടി പാടിയവ വേറെ. ഇങ്ങിനെ ഒരു ലിസ്റ്റ് തന്നെയുണ്ടാക്കാം. ഇതിലൊക്കെയും ശബ്ദത്തിന്റെ  സ്വഭാവം (tone) മാറിമാറി വരുന്നത് കേള്‍ക്കാം. പാട്ടുകളെ ഇത്രയധികം വൈവിധ്യസ്വരഭാവത്തോടെ, അഭിനിവേശത്തോടെ ആവിഷ്‌കരിച്ച മറ്റൊരു ഗായകന്‍ വേറെയുണ്ടാകില്ല.

 


ജീവിതത്തിന്റെ പാട്ടുകാരന്‍ 
നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍ പല ഭാഷകളിലായി അമ്പത് വര്‍ഷക്കാലം കൊണ്ട് പാടിത്തീര്‍ത്ത എസ്.പി.ബി എന്ന കലാകാരനിലേക്ക് നോക്കുമ്പോള്‍ ആ കലയില്‍ പ്രവര്‍ത്തിച്ചിരുന്ന 'കലാതത്വം' ഏറ്റവും ലളിതമായിരുന്നു. ജീവിതം എത്ര ഹ്രസ്വം' എന്ന് കൂടെക്കൂടെ പറയുമായിരുന്ന ആ കലാകാരനിലുണ്ടായിരുന്ന 'കൊച്ചു കൊച്ചു കാര്യങ്ങള്‍ ആസ്വദിക്കുക' എന്ന ജീവിതതത്വമായിരുന്നിരിക്കണം  അത്. പാടിയ പാട്ടുകളിലും, അഭിനയിച്ച മുഹൂര്‍ത്തങ്ങളിലും, സ്റ്റുഡിയോയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി നില്‍ക്കുമ്പോഴും പ്രവര്‍ത്തിച്ചിരുന്നത് അതേ അടിസ്ഥാനതത്വമാവും. 

തന്റെ vocal chord -നെ സംരക്ഷിക്കുക എന്ന ജോലി ആ ഗായകന്‍ കണക്കിലെടുത്തിട്ടേ ഉണ്ടായിരുന്നില്ല. എന്തിന്! താന്‍ ഒരു 'പാട്ടുകാരന്‍' ആണെന്ന മഹാകാര്യത്തെ പോലും ജീവിതത്തിന്റെ ഒരു ഭാഗമായി മാത്രം 'ചുരുക്കി' കണ്ടിരുന്നു  അപൂര്‍വ്വ കലാജന്മം ആയിരുന്നു അത്. തൊഴിലായി കാണുക, ചെയ്യുന്ന ജോലി ശ്രദ്ധയോടെ, കൃത്യമായി ചെയ്യുക എന്നതിലപ്പുറത്തേക്ക് സംഗീതത്തിന് വേണ്ടി ജീവിതചര്യകളിലൊന്നും ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. പത്തിരുപത് വര്‍ഷക്കാലം പുകവലിച്ചിരുന്ന എസ്. പി. ബി ഒരു തണുത്ത  ഐസ്‌ക്രീം പോലും അതിനു വേണ്ടി ഒഴിവാക്കിയില്ല. എന്നാലും, 'എങ്കേയും എപ്പോതും സംഗീതം, സന്തോഷമായി' ഒരേയൊരു എസ്. പി. ബി. നമുക്കൊപ്പം ജീവിച്ചു.

എന്നാല്‍ ഈയൊരു ചിന്ത കേവലമൊരു സവിശേഷ പദവിയിലിരുന്ന് ആലങ്കാരികമായി പറയുന്ന ഒരു പാട്ടുകാരനായിരുന്നില്ല താനും. ഇതെല്ലാവര്‍ക്കും സാധിക്കുന്നതല്ല എന്ന അറിവും അദ്ദേഹം ആര്‍ജ്ജിച്ചിരുന്നു. ജീവിതത്തില്‍ അത്രയും ബഹിര്‍മുഖനായിരുന്ന, പാട്ടില്‍ ബഹുമുഖപ്രതിഭയായിരുന്ന കലാകാരനെ കുറിച്ചെഴുതുന്നത് സമുദ്രത്തില്‍ നിന്നും ഒരു തുള്ളിയെ മാത്രമെടുത്ത് നോക്കുന്ന പോലെയാകും. 

എങ്കിലും പാട്ടുകളുടെ ആ നിലാവിന്, ഒരു കാലത്തിന്റെ പാട്ടുവിസ്മയത്തിന്, അതിര്‍ത്തികളില്ലാത്ത സംഗീതം ഈ ലോകത്ത് സാദ്ധ്യമാണ് തെളിയിച്ച ഗായകന് സാമീപ്യമില്ലായ്മയുടെ ഒന്നാം വാര്‍ഷികത്തില്‍ ഓര്‍മ്മയിലെ പാട്ടുകള്‍ കൊണ്ട് സ്മരണാഞ്ജലികള്‍.   

 

പാട്ടുറവകള്‍. പാര്‍വതി എഴുതിയ കുറിപ്പുകള്‍

'മാരവൈരി രമണി': കാമത്തിനും  പ്രണയത്തിനുമിടയില്‍

കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകള്‍' വീണ്ടും കേള്‍ക്കുമ്പോള്‍

രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?

കണ്ണൂര്‍ രാജന്‍: കാലത്തിനു മുമ്പേ പറന്ന സംഗീതം

പുഷ്പവതി: പാട്ടും പോരാട്ടവും 

'ലജ്ജാവതിയേ' എന്ന 'അലോസരം'; 'ഹരിമുരളീരവം' എന്ന 'അതിശയം'

വിപ്ലവ ഗായികയ്ക്കപ്പുറം കെ. പി എ സി സുലോചന
 

click me!