പേപ്പട്ടികളെ പോലെ അക്രമികള്‍ ഞങ്ങളുടെ വീടിന് പരിസരത്തേക്ക് കടന്നിരുന്നു. അക്രമികളുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാനായി ഞങ്ങള്‍ ലൈറ്റുകള്‍ അണച്ചു പതുങ്ങിയിരുന്നു.
നേരം പുലര്‍ന്നപ്പോള്‍ നിശബ്ദതയെ ഭജ്ഞിച്ച് ട്രക്കുകളുടെ ശബ്ദം. വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ റോഡിലേക്ക് പോയി പതുങ്ങി നിന്ന് നോക്കി. നിരനിരയായി സൈനിക വാഹനങ്ങള്‍. തോക്കേന്തി നിന്ന് സൈനികര്‍ പക്ഷേ ഞങ്ങളെ ഭയപ്പെടുത്തിയില്ല. ഞങ്ങള്‍ കുട്ടികള്‍ പട്ടാളക്കാരെ കൈയടിച്ചും സല്യൂട്ട് നല്‍കിയും സ്വീകരിച്ചു. ഗൗരവത്തിലായിരുന്നുവെങ്കിലും അവര്‍ പ്രത്യഭിവാദ്യം നല്‍കി.
undefined
എറിഞ്ഞുടയുന്ന ചില്ലു കുപ്പികളുടെ ശബ്ദം ഇപ്പോഴും എന്നെ പേടിപ്പെടുത്തും. ഓരോ തീജ്വാലകളും എന്നെ അക്കാലത്തേക്ക് ഭയത്തോടെ കൂട്ടി കൊണ്ടു പോകും. പട്ടാള വണ്ടികള്‍ കാണുമ്പോഴെല്ലാം ഞാന്‍ കരമനയുടെ ആ പഴയ ഓര്‍മ്മയിലേക്ക് സഞ്ചരിക്കും.
പത്ത് നാല്‍പ്പത് വര്‍ഷം മുമ്പത്തെ കാര്യമാണെങ്കിലും ഇപ്പോഴും അതൊക്കെ ഇന്നലത്തെ പോലെ വികാരവിക്ഷുബദ്ധനാക്കും. ചിലപ്പോള്‍ അമര്‍ഷം. ചിലപ്പോള്‍ ഭയം, ചിലപ്പോള്‍ വെറുപ്പ്, എന്തോ ഭാഗ്യത്തിന് ഒരിക്കലും അതൊരു പ്രതികാര ദാഹമായി പരിണമിച്ചിട്ടില്ല.
വര്‍ഷം 1982, ഡിസംബര്‍ അവസാനം. ആലപ്പുഴയില്‍ മതഘോഷയാത്ര നടക്കവേ സംഘര്‍ഷമുണ്ടായി. അന്നുണ്ടായ പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ചു രണ്ടാം നാളില്‍ സംസ്ഥാന ബന്ദ്. സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളായ ഞങ്ങള്‍ക്കാകട്ടെ ഒരവധി ദിവസം പോലത്തെ ആഘോഷം. സമരക്കാര്‍ തടഞ്ഞിട്ട ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ ഞങ്ങള്‍ ബെല്ലടിച്ചു കളിച്ചു. അങ്ങനെ ശാന്ത സുന്ദരമായ ആലസ്യത്തില്‍ പോകവേയാണ് പെട്ടെന്നതിന്റെ രൂപം മാറിയത്. എവിടെ നിന്നോ വന്ന അക്രമികള്‍ തെരുവുകള്‍ കൈയടക്കി. അതോടെ ഞങ്ങള്‍ കുട്ടികള്‍ വീടുകളിലേക്ക് ഓടി. പൊടുന്നനേ തന്നെ അത് സംഘര്‍ഷത്തിലേക്ക് നീങ്ങി. അവിടെയെങ്ങും പൊലീസിന്റെ പൊടി പോലുമില്ലായിരുന്നു. അക്രമികള്‍ നിലവിട്ട കാറ്റുപോലെ സകലതിനെയും തകര്‍ക്കാന്‍ തുടങ്ങി. അവിടത്തെ ആക്രി മൊത്ത വ്യപാര കടയില്‍ നിന്ന് ചാക്ക് കണക്കിനു കുപ്പികള്‍ കൊണ്ടിറക്കി. പിന്നീട് അവിടമാകെ അത് വലിച്ചെറിയുന്ന ശബ്ദം കേട്ടു. വീടിന് പുറത്തേക്കിറങ്ങാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. കരമന ദേശീയപാതയിലെ കടകള്‍ പലതും തകര്‍ത്തു.
ഞങ്ങളാകെ ഭയന്ന് വിറച്ചു. അങ്ങനെയാരു സംഭവം അതിന് മുന്‍പ് അനുഭവിച്ചിട്ടില്ല. പണി കഴിഞ്ഞ മടങ്ങിയ വഴിപോക്കരായ പരിചയക്കാര്‍ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി ഞങ്ങളുടെ വീട്ടില്‍ അഭയം പ്രാപിച്ചു. അപ്പോഴും അച്ഛന്‍ ഓഫീസില്‍ നിന്ന് മടങ്ങിയെത്തിരുന്നില്ല. പതിവ് സമയമായിട്ടും അച്ഛനെ കാണാത്തത് ഞങ്ങളെ വലിയ വിഷമത്തിലാക്കി.
സന്ധ്യ മയങ്ങി തുടങ്ങി. പെട്ടെന്നാരോ ഓടി വന്ന് പറഞ്ഞു. കൃഷ്ണന്‍ നായരുടെ പമ്പിന് തീവച്ചു. കരമന ജംഗ്്ഷനിലെ പെട്രോള്‍ പമ്പാണത്. അവിടന്ന് ഏതാനും വാര മാത്രം അകലെ ഒരു ചെറിയ മുടുക്കിലാണ് ഞങ്ങളുടെ വീട്. അതോടെ അവിടെമാകെ ആള്‍ക്കാര്‍ പരിഭ്രാന്തരായി. ഞാനും ചേച്ചിമാരും കരഞ്ഞു തുടങ്ങുമ്പോഴേക്കും അമ്മ വാപൊത്തിപിടിച്ചു. അപ്പോഴേക്കും പേപ്പട്ടികളെ പോലെ അക്രമികള്‍ ഞങ്ങളുടെ വീടിന് പരിസരത്തേക്ക് കടന്നിരുന്നു. അക്രമികളുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാനായി ഞങ്ങള്‍ ലൈറ്റുകള്‍ അണച്ചു പതുങ്ങിയിരുന്നു. അപ്പോഴേക്കും വീട്ടില്‍ നിന്ന് വിളിപ്പാട് മാത്രം അകലെയുണ്ടായിരുന്ന ദേശീയ പാതയില്‍ തീനാളങ്ങള്‍ ഉയര്‍ന്നു കാണാനായി. ആളിപ്പടരുന്ന തീജ്വാലകള്‍ക്ക് എന്ത് ജാതി, എന്ത് മതം.
അതവിടത്തെ എല്ലാവരുടെയും കടകളിലേക്ക് പടര്‍ന്നു. പെട്രോള്‍ പമ്പ് കത്തിച്ചാല്‍ ഇന്ധന ടാങ്കിന് തീപിടിച്ച് പൊട്ടിത്തെറിച്ച് അവിടെമാകെ കത്തും. അതായത് ഞങ്ങളുടെ ഓലയും ഓടും മേഞ്ഞ വീടുകളെല്ലാം കത്തിയമരും. ലങ്കാദഹനത്തിന് സമാനമായിരിക്കും അവസ്ഥ. എന്നാല്‍ അവിടന്ന് പുറത്തേക്ക് കടക്കാനും നിര്‍വാഹമില്ല. മുന്‍പില്‍ കടകള്‍ കത്തുകയാണ്. വീടിനും ചുറ്റും അക്രമികള്‍ അലറി നടക്കുന്നു. മരണം കണ്‍മുന്‍പില്‍ കണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് മറ്റൊരു സംഘം അവിടേക്ക് വന്നെത്തിയത്. അവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി തോന്നുന്നു. കുട്ടികളായതിനാല്‍ ഒന്നും വ്യക്തമല്ല, അപ്പോഴും പൊലീസിന്റെ പൊടി പോലുമില്ല. നഗരഹൃദയത്തിലാണ് ഞങ്ങളുടെ ഇടം.
അപ്പോഴേക്കും വീടിന് പുറകിലുള്ള വഴിയിലൂടെ അച്ഛനെത്തിയത് വലിയ ആശ്വാസമായി. ജോലി കഴിഞ്ഞ് വരവേ സംഘര്‍ഷത്തില്‍ അച്ഛന്‍ എവിടെയോ അഭയം തേടിയതാണ്. ചാലയും കത്തിയതായി അച്ഛന്‍ പറഞ്ഞറിഞ്ഞു. ഏതോ ഊടുവഴികളിലൂടെയാണ് വലിയ റിസ്‌കെടുത്ത് അച്ഛന്‍ വീട്ടിലെത്തിയത്. പെട്ടെന്ന് സംഘര്‍ഷത്തിന് അയവു വന്നതു പോലെ തോന്നി. അക്രമികളെ കാണാതായി. അവരെ എതിര്‍ സംഘം അടിച്ചോടിച്ചതായി അയല്‍ക്കാര്‍ പറഞ്ഞു.
പെട്ടെന്ന് ഫയര്‍ എഞ്ചിനുകളുടെ ശബ്ദം കേട്ടുതുടങ്ങി. അപ്പോഴേക്കും കടകളെയെല്ലാം അഗ്‌നി വിഴുങ്ങിയിരുന്നു. കടകളെല്ലാം കത്തിയമര്‍ന്നെങ്കിലും പുറകിലുള്ള ഞങ്ങളുടെ വീടുകളിലേക്ക് തീ പടരാതെ അവര്‍ സംരക്ഷിച്ചു. അക്രമികള്‍ ഒഴിഞ്ഞ ഇടവളയില്‍ നാട്ടുകാരും തീകെടുത്താനിറങ്ങി. ഇതിനിടയില്‍ ഒരു വേള വീണ്ടും കുപ്പിയേറ്. പക്ഷേ അത് പെട്ടെന്ന് നിലച്ചു. പിന്നെ അവിടെയാകെ ഭയപ്പെടുത്തുന്ന ശാന്തത. ആ കാളരാത്രി ഞങ്ങളാരും ഉറങ്ങിയിരുന്നില്ല. എന്താണ് ഉണ്ടായതെന്നും കുട്ടികളായ ഞങ്ങള്‍ക്ക് ഒരെത്തും പിടിയിമുണ്ടായിരുന്നില്ല.
നേരം പുലര്‍ന്നപ്പോള്‍ നിശബ്ദതയെ ഭജ്ഞിച്ച് ട്രക്കുകളുടെ ശബ്ദം. വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ റോഡിലേക്ക് പോയി പതുങ്ങി നിന്ന് നോക്കി. നിരനിരയായി സൈനിക വാഹനങ്ങള്‍. റോഡാകെ പൊട്ടിയ കുപ്പികള്‍. അതിന് മുകളിലൂടെയാണ് അതിനെ വീണ്ടും ഞെരിച്ചമര്‍ത്തി സൈനിക വാഹനങ്ങള്‍ ഉരുണ്ടത്. അതില്‍ തോക്കേന്തി നിന്ന് സൈനികര്‍ പക്ഷേ ഞങ്ങളെ ഭയപ്പെടുത്തിയില്ല. തലേന്ന് ഞങ്ങള്‍ക്ക് രക്ഷകരായി വരേണ്ട കാക്കിധാരികളുടെ അഭാവം അത്രത്തോളം പേടിപ്പിടിപ്പിച്ചിരുന്നു. അതാവും ഒലീവ് പച്ച ഞങ്ങള്‍ക്ക് ആശ്വാസത്തിന്റെ ചില്ലകളായത്. ഞങ്ങള്‍ കുട്ടികള്‍ പട്ടാളക്കാരെ കൈയടിച്ചും സല്യൂട്ട് നല്‍കിയും സ്വീകരിച്ചു. ഗൗരവത്തിലായിരുന്നുവെങ്കിലും അവര്‍ പ്രത്യഭിവാദ്യം നല്‍കി.
എന്തായാലും സൈന്യത്തിന്റെ വരവോടെ ക്രമസമാധാനം പുനസ്ഥാപിച്ചു. അപ്പോഴത്തേക്കും വലിയ നഷ്ടമുണ്ടായിക്കഴിഞ്ഞിരുന്നു. കരമനയിലെയും ചാലയിലേയും കടകളും വ്യാപാരസ്ഥാപനങ്ങളും വലിയൊരളവില്‍ കത്തി നശിച്ചു. കച്ചവടക്കാര്‍ക്ക് വലിയ നഷ്ടമുണ്ടായി. പടരുന്ന അഗ്‌നി എല്ലാ ജാതി മതക്കാരുടെയും സ്ഥാപനങ്ങളെ കരിയാക്കി. കൃഷ്ണന്‍ നായരുടെ പമ്പ് കത്തിക്കരിഞ്ഞ കാഴ്ച ഞങ്ങള്‍ നെടുവീര്‍പ്പോടെ നോക്കി നിന്നു. പമ്പ് നടത്തിപ്പുകാരുടെ വലിയ കരുതലാണ് ഞങ്ങളുടെ ജീവനും വസ്തു വകകളും രക്ഷിച്ചതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. കലാപകാരികള്‍ തീവയ്ക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് അവര്‍ ഇന്ധന ടാങ്കിലേക്ക് തീപടരാതിരിക്കാനുള്ള മുന്‍ കരുതലെടുത്തിരുന്നു. ഇന്ധന പമ്പിന് അക്രമികള്‍ തീവച്ചെങ്കിലും അത് ടാങ്കിലേക്ക് പടരാതിരുന്നതിനാലാണ് കരമനയിലെ ഞങ്ങളുടെ വീടടക്കം വലിയൊരു പ്രദേശം തീപിടിക്കാതെ രക്ഷപ്പെട്ടത്.
വര്‍ഗ്ഗീയമായി ചേരിത്തിരിഞ്ഞായിരുന്നു കലാപമുണ്ടായത്. രണ്ട് വിഭാഗങ്ങളുടെ പക്ഷം പിടിച്ച് അക്രമികള്‍ നടത്തിയ കലാപം ഞങ്ങളെ സംബന്ധിച്ചിടത്തോളം ആദ്യ അനുഭവമായിരുന്നു. അഗ്‌നിശമന നേന ഓരോ കനലും കെടുത്താനായി അവിടെമാകെ ചികഞ്ഞു. പകലത്തെ ആ പരിശോധനയിലാണ് വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ ആ ഇരയെ കണ്ടെത്തിയത്. ഞങ്ങളുടെ തമ്പിയണ്ണന്റെ ചായക്കടയോട് ചേര്‍ന്ന ചായ്പില്‍ കത്തിക്കരിഞ്ഞ ഒരു മൃതദേഹം. അവിടെ താമസിച്ചിരുന്ന തൊഴിലാളിയാണ് ആ തെമ്മാടിക്കൂട്ടങ്ങളുടെ തലതിരിഞ്ഞ ചെയ്തിക്ക് ഇരയായത്. എന്നാല്‍ അയാള്‍ ഏതെങ്കിലും ഒരു പക്ഷത്തിന്റെ ആളല്ലായിരുന്നു. അയാള്‍ രക്തസാക്ഷിയോ, ബലിദാനിയോ ഷഹീദോ ആയില്ല. അയാളെ യഥാര്‍ത്ഥത്തില്‍ കൊന്നത് അന്നത്തെ ഭരണകൂടമായിരുന്നു.
അന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍, ഉപമുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ, ആഭ്യന്തര മന്ത്രി വയലാര്‍ രവി. ഇവരുടെ മന:പൂര്‍വ്വമായ വീഴ്ചയുടെയും അതിനുപരി രാഷ്ടീയ കുടിലതയുടെയും രക്തസാക്ഷിയായിരുന്നു അയാള്‍. നിര്‍ണ്ണായകമായ 14 ലീഗ് മെമ്പര്‍മാരുടെ പിന്തുണ മന്ത്രിസഭയുടെ നിലനില്‍പ്പിന് അനിവാര്യമായതിനാലാണ് അന്ന് പൊലീസിനെ നിഷ്‌ക്രിയമാക്കി കെ. കരുണാകരന്‍ തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞത്. ഡിസംബര്‍ 28ന് മിലാദി ഷെരീഫ് ഘോഷയാത്ര വേളയിലുണ്ടായ അക്രമത്തെ തുര്‍ന്ന് ആലപ്പുഴയില്‍ പൊലീസ് വെടിവച്ചത് കോണ്‍ഗ്രസിന് വലിയ ഭയമായി. അയല്‍സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ ഉടന്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാരില്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതം ഭയന്ന് കെ. കരുണാകരന്‍ പൊലീസിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരുകയായിരുന്നു. അതിനാലാണ് ഡിസംബര്‍ 30-ന് മുസ്ലീം സംഘടനകള്‍ നടത്തിയ ബന്തില്‍ പൊലീസിനോട് മൃദു സമീപനം സ്വീകരിക്കാന്‍ കെ. കരുണാകരനും, സി. എച്ച് മുഹമ്മദ് കോയയും വയലാര്‍ രവിയും നിര്‍ദ്ദേശം നല്‍കിയത്. അന്ന് കരമനയും ചാലയുമൊക്കെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു. അവിടെ പൊലീസിനെ സ്‌റ്റേഷനകത്ത് വിലങ്ങണിയിപ്പിച്ച് ലോക്കപ്പിലിട്ട് ഇരുത്തിയിരിക്കുകയായിരുന്നു ഭരണകൂടം. സ്‌റ്റേഷന്റെ മുമ്പിലുള്ള കടകളില്‍ നിന്ന് ബന്ദിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ കൊള്ള നടത്തി. അവര്‍ മോഷണ മുതലുമായി അക്ഷരാര്‍ത്ഥത്തില്‍ പാട്ടും പാടി നടന്നു. അവിടന്ന് കിഴക്കേകോട്ടയ്ക്ക് പോയ സാമൂഹ്യ വിരുദ്ധര്‍ നഗരത്തിലെ പ്രധാന കമ്പോളമായ ചാല മാര്‍ക്കറ്റ് കൊള്ളയടിച്ചു. ഇലക്ട്രോണിക്ക് ഉപകരണങ്ങളടക്കം പരസ്യമായി തലയില്‍ ചുമന്ന് കൊണ്ടു പോയി. ഇതെല്ലാം നേരിട്ട് കണ്ടിട്ടും ചെറുവിരല്‍ അനക്കാന്‍ പോലും കഴിയായിരുന്ന തങ്ങളുടെ ഗതികേടില്‍ പല പൊലീസുകാരും ഞങ്ങളുടെ മുതിര്‍ന്നവരോട് അന്ന് പരിതപിച്ചിരുന്നു. കാരണം അത്രയ്ക്കാണ് വോട്ടു രാഷ്ട്രീയത്തിനായുള്ള പ്രീണനം. അപ്പോഴേക്കും കുടത്തിലെ ഭൂതം വല്ലാതെ വലുതായിരുന്നു. തിന്‍മയുടെ ശക്തി അസുര താണ്ഡവം ആടി തിമിര്‍ക്കവേ അവിടെ ഞങ്ങള്‍ക്ക് രക്ഷക്കായി മറ്റൊരു വര്‍ഗ്ഗീയ ശക്തിയുടെ സഹായം വേണ്ടി വന്നു. വര്‍ഗ്ഗീയ ശക്തികള്‍ നിയമം കൈയിലെടുത്ത് അഴിഞ്ഞാടിയപ്പോള്‍ നിര്‍വാഹമില്ലാതെയാണ് കരുണാകരന്‍ സൈന്യത്തെ വിളിച്ചത്.
അന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ കരമനയിലെ തമ്പിയണ്ണന്റെ ചായക്കടയും ചാലയിലെ എന്തും കിട്ടുന്ന ഇബ്രാഹിം സണ്‍സും അടക്കം വ്യാപാര സ്ഥാപനങ്ങള്‍ പെട്ടെന്ന് തന്നെ പുനര്‍നിര്‍മ്മിച്ചു. അമ്മ അമ്മാമയുടെ വീട്ടില്‍ പോകുന്ന വേളയില്‍ പുട്ടു പയറും രസവടയുമൊക്കെ പകര്‍ച്ചയെടുക്കാനായി ഞങ്ങള്‍ തമ്പിയണ്ണന്റെ കടയിലേക്ക് വീണ്ടും പോയി. ആണ്ടിലൊരിക്കലോ മറ്റോ അച്ഛന്‍ കനിഞ്ഞ് എന്നെ കൊച്ചണ്ണന്റെ കടയില്‍ മട്ടണും ഒറട്ടിയും, സുലൈമാനിയും കഴിക്കാന്‍ കൊണ്ടു പോകും. എരിവ് കൊണ്ട് ഞാനവിടെയിരുന്നും, കിട്ടാത്ത വിഷമത്തില്‍ ചേച്ചിമാര്‍ വീട്ടീലിരുന്നും കരഞ്ഞു. പിന്നീടുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ പലയിടത്തും ജാതി മത പരിഗണനയില്‍ കച്ചവടത്തെയും ഭക്ഷണത്തെയും വേര്‍തിരിച്ചു തുടങ്ങി. പലരും അതിന് അനുസരിച്ച് കടകള്‍ തെരഞ്ഞടുത്ത് തുടങ്ങി. ദ്രാവിഡ നാട്ടിലെ ചായക്കടകള്‍ ആര്യ ഭവന്‍ ഭോജനശാലകളായി. മാംസാഹാരം വിളമ്പുന്നവ അറബിനാടുകളിലെ പവിത്ര നാമങ്ങള്‍ സ്വീകരിച്ചു. അവിടത്തെ ഭക്ഷണം ഹലാലാണോ സാത്വികമാണോ എന്ന പേരില്‍ പോര്‍വിളികളുമായി . തമ്പിയണ്ണനും, കൊച്ചണ്ണണന്‍ സായിപ്പുമൊക്കെ നിരവധി വയറുകളെ ഊട്ടിയ പുണ്യവുമായി ഇഹലോകവാസം പ്രാപിച്ചു. കരമനയില്‍ അവരുടെ പിന്‍തലമുറക്കാര്‍ അതേ പരിവേഷം നിലനിറുത്തി കൊണ്ട് ഇന്നും ആ ചായക്കടകളില്‍ അന്നമൂട്ടുന്നു. പുട്ടും പയറും രസവടയുമെക്കെ കഴിക്കണമെന്നു തോന്നിയാല്‍ തമ്പിയണ്ണന്റെ കടയിലും, ഒറട്ടിയും മട്ടന്‍ പെരട്ടുമൊക്കെ തിന്നാന്‍ തോന്നിയാല്‍ കൊച്ചണ്ണന്റെയും കടകളിലും ഇപ്പോഴും പോകുന്നു. ഭാഗ്യം, ഇപ്പോഴും വിശപ്പിന്റെയും രുചിയുടെയും കാര്യത്തില്‍ പ്രത്യക്ഷത്തിലെങ്കിലും ഞങ്ങള്‍ക്ക് ജാതി മത വേര്‍തിരിവില്ല കേട്ടോ.
ചെറിയ ക്‌ളാസ്സില്‍ പഠിച്ചിരുന്നപ്പോള്‍ എന്നെ കൃഷണയ്യര്‍ സ്വാമി വിളിച്ചിരുന്നത് ഷോക്കെന്നായിരുന്നു. ചേച്ചിമാരെ കറണ്ടെന്നും വോള്‍ട്ടേജെന്നും. അച്ഛന്റെ തൊഴിലുമായി ബന്ധപ്പെടുത്തിയായിരുന്നു സ്‌നേഹത്തോടെയുള്ള ആ വട്ടപ്പേര്. ഞങ്ങളുടെ കൗണ്‍സിലറായിരുന്നു സഖാവ് കൃഷ്ണയ്യര്‍. ഓരോ കുടുംബങ്ങളിലെയും കുഞ്ഞു കുട്ടി പരാധീനങ്ങളെയല്ലാം അറിയാം. സി.പി.എം പ്രതിനിധിയായിരുന്ന കൃഷ്ണയ്യര്‍ക്ക് കരമനയിലെ അഗ്രഹാരങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നത് എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥിയായിരുന്നു. കൃഷ്ണയ്യരുടെ മരണത്തോടെ ആ കുടുംബം തന്നെ വേരറ്റു. മകന്‍ എന്റെ സഹപാഠി ഡോ. ഈശ്വര്‍ അമേരിക്കയില്‍ കുടിയേറി. ഇതിനൊപ്പം സ്വാമിയുടെ പ്രസ്ഥാനത്തിനും അവിടെ അപചയമായി. കരമനയിലെ ഇടതുപക്ഷ അഗ്രഹാരങ്ങള്‍ തീവ്ര വലതുപക്ഷത്തിനൊപ്പമായി. കൃഷ്ണയ്യരില്‍ നിന്ന് വിജയം തട്ടിയെടുത്തിരുന്ന കാസിം സര്‍ ഗാന്ധിയനായിരുന്നു. മുന്‍ മേയറായിരുന്ന കാസിം ജീവിതത്തില്‍ നിന്ന് വിടവാങ്ങും മുന്‍പു തന്നെ അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രസ്ഥാനവും അവിടന്ന് വേരറ്റുത്തുടങ്ങിയിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് ഒപ്പം കളിച്ചിരുന്ന പെണ്‍കുട്ടികള്‍ കറുത്ത പര്‍ദ്ദക്കുള്ളിലായി; ഞങ്ങളുടെ ചെറുപ്പത്തില്‍ വലിയുമ്മമാരില്‍ പോലും കണ്ടിട്ടില്ലാത്ത വസ്ത്രധാരണ രീതി. പദ സഞ്ചലനത്തിന് ബദലായി ഫ്രീഡം പരേഡ്.
ദില്ലിയിലെ ചേരികളികളിലടക്കം ഇപ്പോള്‍ ബുള്‍ഡോസറുകളാണ് ഭരിക്കുന്നത്. പണ്ടും ദില്ലിയില്‍ ബുള്‍ഡോസറുകള്‍ ഉരുണ്ടിട്ടുണ്ട്. സഞ്ജയ് ഗാന്ധിയുടെ കാലത്തും അല്‍ഫോണ്‍സ് കണ്ണന്താനം മുനിസിപ്പല്‍ ഭരണത്തിലിരുന്നപ്പോഴും ചേരി നിര്‍മ്മാര്‍ജനത്തിനും അനധികൃത കെട്ടിട നിര്‍മ്മാണത്തിനും എതിരെന്ന് പറഞ്ഞ് അന്ന് ബുള്‍ഡോസറുകള്‍ ഉരുണ്ടിട്ടുണ്ട്. ഇന്ന് പക്ഷേ അതൊരു മതത്തിന്റെ വഴിയേ മാത്രം ഉരുളുന്നു. ദില്ലിയില്‍ ആസന്നമാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. അതിനാല്‍ ഭരണാധികാരികളായ ബി ജെ. പിക്കാര്‍ക്കത് ചെയ്‌തേ പറ്റൂ. പണ്ട് കെ. കരുണാകരനും കോണ്‍ഗ്രസും അയല്‍ സംസ്ഥാനത്തെ ആസന്നമായ തെരഞ്ഞടുപ്പ് കണ്ട് പ്രീണനം നടത്തി വര്‍ഗ്ഗീയ സംഘര്‍ഷത്തിന് വാതില്‍ തുറന്നിട്ടത് പോലെ ഇന്ന് ബി.ജെ.പിക്കാരത് ദില്ലിയിലടക്കം തെരഞ്ഞെടുപ്പ് സ്ഥലങ്ങളില്‍ ചെയ്യുന്നു. സി.പി എം ഇതിനെതിരെ കേസിന് പോയത് നല്ല കാര്യം. പക്ഷേ ഇതേ സി പി എമ്മാണ് തെരഞ്ഞെടുപ്പ് വിജയത്തിനായി കെ. കരുണാകരനോട് സഖ്യമുണ്ടാക്കിയത്. ഇന്നാകട്ടെ ഈരാറ്റുപേട്ട അങ്ങാടിയില്‍ തോറ്റതിന് പകരം വീട്ടാനായി പച്ചക്ക് മുസ്ലിം വിരുദ്ധതയുമായി പി.സി ജോര്‍ജ് ഓടി നടന്ന് വര്‍ഗ്ഗീയ വിഷം തുപ്പുന്നു. തൊട്ടു മുന്‍പ് വരെ ഇപ്പോള്‍ എതിര്‍ക്കുന്ന ഇതേ വര്‍ഗീയ ശക്തിക്ക് ഒത്താശ ചെയ്ത ആളാണ് പി.സി. അനന്തപുരിയുടെ മണ്ണില്‍ വന്നാണ് ജോര്‍ജ്് വീണ്ടും വിഷം തുപ്പി തുടങ്ങിയത്. യൂസഫലിയുമയി തല്ക്കാലത്തേക്ക് പിണങ്ങിയ ജോര്‍ജ് കുരിശു യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ തല്‍ക്കാലത്തേക്ക് ക്രിസ്ത്യാനികളുമായി സഖ്യത്തിലായ ബി ജെ പിക്കാരില്‍ ഒരു വിഭാഗത്തിന് ആവേശം. സഭയും ബിഷപ്പുമാരുടെയും പിന്തുണ. പേരിനൊരു അറസ്റ്റ് നാടകം നടത്തി കയിച്ചിലാക്കിയ സര്‍ക്കാറിനും സി.പിഎമ്മിനും കോണ്‍ഗ്രസിനും ആര്‍ക്കും ജോര്‍ജിനെതിരെ പരാതിയില്ല. തെരഞ്ഞെടുപ്പ് തൃക്കാക്കര എത്തിനില്‍ക്കുകയല്ലേ. സഭയുടെ ശരികേടുകളെ എതിര്‍ത്ത പി റ്റി തോമസിന്റെ ധര്‍മ്മ പത്‌നി ഉമ നായന്‍മാരുടെ പോപ്പിനെ കാണും മുന്‍പ് ആദ്യം കൈമുത്താനെത്തിയത് ഇടുക്കിയില്‍ പി.റ്റി കലഹിച്ച സഭാ ആസ്ഥാനത്താണ്. തൃക്കാക്കരയില്‍ ക്രിസ്ത്യാനികള്‍ 42 ശതമാനമാണ്. അതിനും താഴെയേ സമസ്ത കേരള നായന്‍മാര്‍ വരൂ. ഭാഗ്യം പി.റ്റിക്ക് ഇതൊന്നും കാണേണ്ടി വരാത്തത്.
യൂസഫലി കച്ചവടക്കാരനാണ്. അദ്ദേഹത്തിന് ആരെയും അങ്ങനെ പിണക്കാനാവില്ല. അദ്ദേഹം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്റെ കോഴിക്കോട്ടെ കല്യാണ വേദിയില്‍ ചെന്ന് കാര്യങ്ങള്‍ കോംപ്ലിമെന്റസാക്കി. വലിയ നേതാക്കന്‍മാരും വലിയ കച്ചവടക്കാരും ഇങ്ങനെ ''പ്രശ്‌നം പരിഹരിക്കുമ്പോള്‍'' നമ്മള്‍ ഹലാല്ലാത്ത ബീഫിനു വേണ്ടി കോഴിക്കോട്ട് ചെറിയ കട നടത്തുന്നവനെ വിരട്ടുന്നു. അവിടെ നിസ്സാര കൂലിക്ക് അര വയറ് നിറയ്ക്കാന്‍ പണിയെടുക്കുന്ന സഹോദരനെ കേറി തല്ലുന്നു. ആരും മിണ്ടില്ല. നിങ്ങളുടെ ഓരോ വോട്ടും വിലയേറിയതാണ്. അതിന് നിങ്ങളുടെ മനസ്സിന്റെ മനസ്സാക്ഷിയുടെ അംഗീകാരത്തിന് എന്ത് പ്രസക്തി!