സിറിയന്‍ ഭരണം പിടിച്ച് വിമതര്‍, തുറന്നുവയ്ക്കപ്പെട്ട തടവറകൾ, രാജ്യം വിട്ട ഭരണാധികാരി

By Alakananda R  |  First Published Dec 17, 2024, 5:29 PM IST

അസദിന്‍റെ തടവകറകള്‍ തുറക്കപ്പെട്ടപ്പോള്‍, ആദ്യമായി വെളിച്ചം കാണുന്ന കുട്ടികളും അവരുടെ അമ്മമാരുമായിരുന്നു തടവറയില്‍ നിന്നും ഇറങ്ങിവന്നവരില്‍ ചിലര്‍. ക്രൂരതകളുടെ പര്യായമായിരുന്നു ആ ജയിലുകളെന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ തെളിവ് നല്‍കുന്നു. ഭയത്തില്‍ ഒരു ഭരണകൂടത്തെ നിലനിര്‍ത്താമെന്ന് അതിമോഹിച്ച ഭരണാധികാരിയായിരുന്നു അസദ്. അതുകൊണ്ട് കൂടിയാകണം പുടിന്‍, കഴിവില്ലാത്ത വിഡ്ഢി എന്ന് വിശേഷിപ്പിച്ചതും.  



വെറും രണ്ടാഴ്ച കൊണ്ട് ഒരു രാജ്യത്തെ സർക്കാർ ഇല്ലാതാകുക. വിമതർ ഭരണം പിടിച്ചെടുക്കുക. കണ്ടുനിന്ന രാജ്യങ്ങൾ അക്ഷരാര്‍ത്ഥത്തിൽ അമ്പരന്നു. അത്രയും നാൾ സർക്കാരിനെ താങ്ങിനിർത്തിയവരുൾപ്പടെ. സിറിയയിൽ ഇന്ന് അധികാരത്തിലുള്ളത് എച്ച്ടിഎസ് (HTS - Hayat Tahrir al-Sham) എന്ന മുൻ അൽഖയിദ സംഘടനയാണ്. അതിൽ ലോകരാജ്യങ്ങൾക്ക് ആശങ്കകളുണ്ട്. പക്ഷേ, തൽക്കാലം സിറിയക്കാർ ആഘോഷിക്കുകയാണ്. കുപ്രസിദ്ധമായ തടവറകൾ ഓരോന്നോരോന്നായി കണ്ടെത്തി തടവുകാരെ തുറന്ന് വിടുകയാണ്. എല്ലാ തടവറകളും തുറക്കും എന്നാണ് വിമതരുടെ വാക്ക്. പല തലത്തിലാണ് സിറിയൻ വീഴ്ചയുടെ പ്രത്യാഘാതങ്ങൾ. രാജ്യാതിർത്തികളും കടന്ന് പോകുന്ന പ്രത്യാഘാതങ്ങൾ.

നവംബർ 27 -നാണ് വിമതർ ആക്രമണം തുടങ്ങിയത്. ആദ്യം അലെപ്പോ,ദരാ, പിന്നെ ഹമാ, ഹോംസ്, അവസാനം ദമാസ്കസ്. പിന്നെ കേട്ടത് അസദ് അധികാരം കൈമാറി രാജ്യം വിട്ടു എന്നാണ്. സർക്കാർ സൈന്യത്തിലെ കരാറിലെത്തിയ അംഗങ്ങൾ യുദ്ധം ചെയ്യാൻ പോലും വിസമ്മതിച്ചു. യൂണിഫോം അഴിച്ചുവച്ച് അവരും പോയി. വിമത സൈനികർക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഉമ്മയാദ് മോസ്കില്‍ (Umayyad Mosque) നിന്ന് എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അല്‍ ജോലാനി (Abu Mohammed Al-Jolani) അനുയായികളെ അഭിസംബോധന ചെയ്തു. അസദ് സ്ഥാനമൊഴിയുന്നുവെന്ന് പ്രഖ്യാപിച്ചത് റഷ്യൻ ഔദ്യോഗിക മാധ്യമമാണ്. അസദ് മോസ്കോയിലാണെന്ന റിപ്പോർട്ടും പിന്നാലെ എത്തി.

Latest Videos

undefined

ഭയത്തിൽ പടുത്തുയർത്തിയ ഭരണം

സിറിയ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. അസദ് കുടുംബത്തിന്‍റെ ക്രൂരമായ ഏകാധിപത്യത്തിൽ നിന്ന്. അടിച്ചമർത്തലിൽ നിന്ന്. അസദിന്‍റെ ഭരണമെങ്ങനെ എന്നറിയാൻ 'ദി ഗോഡ്ഫാദർ' (The Godfather) എന്ന നോവലോ ചിത്രമോ കണ്ടാൽ മതി എന്നാണ് ഒരു പടിഞ്ഞാറൻ നിരീക്ഷകൻ പറഞ്ഞിരിക്കുന്നത്. അനുസരണയുള്ളവർക്ക് മാത്രം ജീവൻ നിലനിർത്താം. വെളിച്ചമെന്തെന്ന് മറന്നുപോയവർ. തടവറകളിൽ തന്നെ ജനിച്ചുവളർന്ന കുഞ്ഞുങ്ങൾ, അവരുടെ അമ്മമാർ, അതും രഹസ്യ അറകളിലൊക്കയാണ് ഇവരെ പാർപ്പിച്ചിരുന്നത്.

എല്ലാം ഇതുവരെ കണ്ടെത്താൻ തന്നെ കഴിഞ്ഞിട്ടില്ല. ക്രൂരത മാത്രം കൈമുതലായുണ്ടായിരുന്ന ഒരു ഭരണകൂടം, പേടിപ്പിച്ച് നാടുവാണ നാടുവാഴി. അതല്ലാതെ മറ്റൊന്നും അസദിനുണ്ടായിരുന്നില്ലെന്ന് അതിന്‍റെ വീഴ്ചയുടെ വേഗം തെളിയിച്ചു. 2011 -ലെ അറബ് വസന്തത്തിന്‍റെ തീച്ചൂളയിൽ നിന്നടർന്ന കനലുകളും അസദ് ചവിട്ടിക്കെടുത്തിയത് ക്രൂരതയിൽ കൂടിതന്നെയാണ്. അച്ഛൻ ഹാഫിസ് അൽ അസദിന്‍റെ അതേ വഴി. ആദ്യം പരിഷ്കരണങ്ങൾ ഉറപ്പ് നൽകി. പക്ഷേ, പിന്നെ പ്രകടനം നടത്തിയവരെ വെടിവച്ചുകൊല്ലാൻ ഉത്തരവിട്ടു.

(സിറിയന്‍ തടവറകളില്‍ നിന്നും വിമതര്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ )

ദക്ഷിണ കൊറിയയിൽ തന്ത്രം പിഴച്ച പ്രസിഡന്‍റിന് വഴി പുറത്തേക്ക് തന്നെ

പിന്‍താങ്ങിയവരും താത്പര്യങ്ങളും

റഷ്യയും ഇറാനുമാണ് അസദിനെ താങ്ങിനിർത്തിയത്. രണ്ടുകൂട്ടർക്കും അവരവരുടെ ലക്ഷ്യങ്ങൾ. ഇറാന് പശ്ചിമേഷ്യയിലെ സ്വാധീനശക്തി, ലബനണിലേക്കും ഹിസ്ബുള്ളയിലേക്കുമുള്ള വഴി, അമേരിക്കൻ ഇസ്രയേൽ വിരുദ്ധ സഖ്യം. റഷ്യക്ക് മെഡിറ്ററേനിയനിലെ നാവികാസ്ഥാനവും പ്രദേശത്തെ സ്വാധീനവും തന്നെ ലക്ഷ്യം. രണ്ടുകൂട്ടരും 2011 -ലെ പ്രക്ഷോഭം അടിച്ചമർത്താൻ അസദിനൊപ്പം നിന്നു.

അതേസമയം മറുവശത്ത് ഇറാന്‍റെ പിടിയിൽ നിന്ന് അസദിനെ വിടർത്തിയെടുക്കാൻ ഇസ്രയേലും  അമേരിക്കയും ശ്രമിക്കുന്നുണ്ടായിരുന്നു. വിമതരുടെ അശ്വമേധം തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ. ഇസ്രയേൽ സിറിയയിലെ ഇറാനിയൻ വിതരണ ശൃംഖലകൾ ബോംബിട്ട് തകർത്ത് കൊണ്ടേയിരുന്നു. അമേരിക്കയും യുഎഇയും അസദിന് ഉപരോധങ്ങളിലടക്കം ഇളവുകൾ വാഗ്ദാനം ചെയ്തു. പക്ഷേ, അവരും അറിഞ്ഞില്ല വിമതനീക്കങ്ങൾ. ഇറാന്‍റെയും റഷ്യയുടെയും ശക്തിക്ഷയം കണക്കുകൂട്ടി തന്നെയാണ് വിമതർ ആക്രമണ സമയം തെരഞ്ഞെടുത്തതെന്നതും വ്യക്തം.

ഇറാന്‍റെ 'ആക്സിസ് ഓഫ് റെസിസ്റ്റന്‍സ്' (Axis of Resistance) -ന്‍റെ  തകർച്ച ഏതാണ്ട് പൂർണമാണ്. ഹിസ്ബുള്ളക്ക് പരിക്കുകളേറെ. അസദ് ചിത്രത്തിലേയില്ല. അതുകൊണ്ടാവണം, അമേരിക്കയും ഇസ്രയേലുമാണ് അസദിന്‍റെ വീഴ്ചക്ക് പിന്നിലെന്ന് പറയുമ്പോഴും പുതിയ ഭരണകൂടത്തെ കുറ്റം പറയാതെയുള്ള ടെഹ്‍റാന്‍റെ നിലപാട്. ട്രംപ് അധികാരത്തിലെത്തുമ്പോൾ ഇറാൻ, ചിലപ്പോൾ ചർച്ചക്ക് പോലും തയ്യാറായേക്കും. അസദിന്‍റെ വീഴ്ചയിലും വിമതരുടെ മുന്നേറ്റത്തിലും തൽകാലം നേട്ടമുണ്ടാക്കിയത് തുർക്കിയാണ്. സിറിയയിൽ പലപല നിഴൽയുദ്ധങ്ങളാണ് ഇത്രയും നാൾ നടന്നത്. അതിനൊരു അവസാനം ഉടനെ ഉണ്ടാകില്ല. കാരണം, റഷ്യയില്ലെങ്കിലും തുർക്കി ഇപ്പോഴും സിറിയയിലുണ്ട്.

കുർദ്ദുകളും തുർക്കിയും

സിറിയയിലെ ആഭ്യന്തരയുദ്ധ കാലത്തും തുർക്കി പിന്തുണച്ചത് വിമതരെയാണ്. സ്വയംഭരണാവകാശം തേടി തുർക്കിയിൽ പ്രക്ഷോഭം നയിക്കുന്ന കുർദ്ദുകളുടെ വൈപിജി (YPG - People's Defense Units / Yekîneyên Parastina Gel) എന്ന സായുധസംഘടന സിറിയയിലുമുണ്ട്. തുർക്കിയിൽ നിരോധിക്കപ്പെട്ട സംഘടന. പക്ഷേ, സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താൻ അമേരിക്ക പണവും ആയുധവും നൽകി സഹായിച്ചതും ഇതേ കുർദ്ദുകളെയാണ്. ആഭ്യന്തരയുദ്ധത്തിൽ സിറിയൻ ഡമോക്രാറ്റിക് ഫോഴ്സ് (SDF - Syrian Democratic Forces), കുർദ്ദ് സഖ്യമാണ്.

എസ്‍ഡിഎഫ് പക്ഷേ, അസദ് സൈന്യവുമായി ഏറ്റുമുട്ടിയിട്ടില്ല. ഒടുവിൽ ഐഎസിന്‍റെ അന്ത്യം പ്രഖ്യാപിച്ച് പിൻമാറിയ അമേരിക്ക, കുർദ്ദുകളെ തുർക്കിക്ക് മുമ്പിൽ എറിഞ്ഞു കൊടുത്തുവെന്ന ആരോപണം അന്നേയുണ്ട്. തുർക്കി പിന്നീടിവരെ വേട്ടയാടി. അവർ താമസമുറപ്പിച്ചിരുന്ന സിറിയൻ അതി‍ർത്തി പ്രദേശം തുർക്കി കീഴടക്കുന്നത് വരെയെത്തി കാര്യങ്ങൾ. അതിന് വിമതരും തുർക്കിയെ സഹായിച്ചു. വിമതർ പിടിമുറുക്കിയിരുന്ന ഇദ്‍ലിബ് (Idlib) കീഴടക്കാനുള്ള അസദ് സർക്കാരിന്‍റെ ശ്രമത്തിന് തടയിട്ട് വെടിനിർത്തലിന് മധ്യസ്ഥം വഹിച്ചത് തുർക്കിയും, റഷ്യയും.  ഇദ്‍ലിബ് പിന്നീട് ഭരിച്ചത്, ഇന്ന് അസദിനെ പുറത്താക്കിയ എച്ച്ടിഎസും. ഇപ്പോൾ സംഭവിച്ച വിമത മുന്നേറ്റം തുർക്കി അറിയാതെയാവില്ല നടന്നത് എന്നൊരു ആരോപണത്തിന് കാരണം ഈ ചരിത്രമാണ്.

(അസദിന്‍റെ കുപ്രസിദ്ധ തടവറകള്‍ വിമതര്‍ കീഴടക്കിയപ്പോള്‍)

ട്രംപിന്‍റെ യുക്രൈന്‍ യുദ്ധനയം; റഷ്യയ്ക്ക് മുന്നിലെ കീഴടങ്ങലോ ?

ബാഷർ അൽ അസദ്

ബാഷ‌ർ അൽ അസദിന്‍റെ ക്രൂരതകൾ എണ്ണിപ്പറയുകയാണ് ഇപ്പോൾ എല്ലാവരും. ഓഫ്താൽമിക് സർജനായി (Ophthalmic Surgeon) ഒതുങ്ങിക്കഴിഞ്ഞ അസദ് രാജ്യത്തിന്റെ മേധാവിയായത് അപ്രതീക്ഷിതമായിരുന്നു. അതോടെ കണ്ണിലാത്ത ക്രൂരതയുടെ പര്യായമായി അസദ് മാറി. ഭീകരവാദത്തെയും ഇറാഖിനെയും തോൽപ്പിക്കാൻ പറ്റിയ സഖ്യകക്ഷിയായി അസദിനെ കണ്ട യൂറോപ്പ് പെട്ടെന്നാണ് ഈ പുതിയ സുഹൃത്തിനെ 'കൊലയാളി'യെന്ന് വിളിച്ചതും.

അധികാരത്തിലേക്ക്

ഹാഫിസ് അൽ അസദിന്‍റെ (Hafez al-Assad) ഇളയ മകനായിരുന്നു ബാഷർ അൽ അസദ്. പഠിച്ചത് ഒഫ്താൽമോളജി. അതും ലണ്ടനിൽ. മൂത്ത മകൻ ബാസൽ (Bassel al-Assad) ആണ് ഹാഫിസിന്‍റെ അനന്തരാവകാശിയാകാൻ തയ്യാറെടുത്തത്. പക്ഷേ, 1994 -ൽ ബാസൽ കാറപകടത്തിൽ കൊല്ലപ്പെട്ടു. അങ്ങനെ ബാഷർ തയ്യാറെടുപ്പ് തുടങ്ങി. 2000 -ൽ  ഹാഫിസ് മരിച്ചപ്പോൾ അധികാരമേറ്റെടുത്തു. അച്ഛനെ പോലെ തന്നെ എതിർശബ്ദങ്ങൾ അസഹനീയമായിരുന്നു മകനും. പക്ഷേ, പടിഞ്ഞാറിന് അസദ് മാന്യനായ ഭരണാധികാരിയായി തോന്നി. യുവാവ്, ഒപ്പം പരിഷ്കരണങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയും. ഭാര്യ അസ്മ (Asma) ലണ്ടനിൽ വളർന്ന ഇൻവെസ്റ്റ്മെന്‍റ് ബാങ്കർ.

കണ്ണില്ലാത്ത ക്രൂരത

പക്ഷേ, വളരെ പെട്ടെന്ന് ഈ പ്രതിഛായ മാറി. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകളുടെ സൗഹൃദം മകനും ഉപേക്ഷിച്ചില്ല. ഇറാഖിലെയും ഇറാനിലെയും ഷിയാകൾക്കും ലബനണിലെ ഷിയാകൾക്കും ഇടയ്ക്കുള്ള പാലമായിരുന്നു സിറിയ. അതേസമയം 1982 -ൽ ഹാഫിസ് നടത്തിയ കൂട്ടക്കൊല ആരും മറന്നിരുന്നില്ല. അതേ പാത തന്നെയാണ് മകനും സ്വീകരിച്ചത്. 2011 -ലെ കലാപത്തിന്‍റെ തുടക്കത്തിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ സ്കൂൾ കുട്ടികളെ ക്രൂരപീഡനങ്ങൾക്ക് ഇരയാക്കി കൊന്നു കളഞ്ഞത് അസദിന്‍റെ ഇന്‍റലിജൻസ് വിഭാഗം.

കുട്ടികളുടെ അരും കൊലകൾ കലാപകാരികളെ പിന്തിരിപ്പിക്കുമെന്ന് കരുതിയ അസദിന് തെറ്റി. പിന്നീട് രാജ്യം വഴുതി വീണത് അതിരൂക്ഷമായ കലാപത്തിലേക്കായിരുന്നു. അതിന്‍റെ തലസ്ഥാനമായി അറിയപ്പെട്ട ഹോംസ് നഗരത്തിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. സർക്കാർ സൈന്യം നഗരം വളഞ്ഞു. സാധാരണക്കാരെ അടക്കം ബോംബിട്ട് കൊന്നു. പഴയ നഗരത്തിൽ മാത്രമായി വിമതർ പിടിച്ചുനിന്നു. 3,000 -ത്തോളം പേർ കൊടും പട്ടിണിയിലായി.  ജനം പുല്ലും ചെടിയും വരെ ഭക്ഷണമാക്കി. ഭക്ഷണവും മരുന്നും ഇല്ലാതെ ഓരോ ദിവസവും മനുഷ്യർ മരിച്ച് വീണു. ഇന്നത്തെ എച്ച്ടിഎസ്, അന്നത്തെ അൽഖയിദ വിഭാഗം, അൽ നുസ്റ അന്ന് ചാവേറാക്രമണങ്ങൾ കുറേ നടത്തിനോക്കി, ഉപരോധം അവസാനിപ്പിക്കാൻ. മറുപടിയായി 2013 -ൽ ഗൗട്ടയിൽ (Ghouta) സരിൻ (Sarin) വിഷവാതകം പ്രയോഗിക്കപ്പെട്ടു. ഇടയ്ക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റും ആധിപത്യം സ്ഥാപിച്ചു. ഒടുവിൽ, 2015 -ലാണ് വെടിനിർത്തൽ ധാരണ അംഗീകരിച്ച് വിമതർ പിൻമാറുന്നത്. അവർ കാത്തിരുന്നു, ഒരു അവസരത്തിനായി. അസദിന്‍റെ കൂട്ടാളികളായ ഇറാനും റഷ്യയും ക്ഷീണിതരായ തക്കം നോക്കി, തുർക്കിയുടെ അനുഗ്രഹാശിസുകളോടെ വിമതർ ഒടുവിൽ, സിറിയയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.

(അസദിന്‍റെ പലായനത്തിന് പിന്നാലെ ദമാസ്ക്കസില്‍ ഒത്തുകൂടിയ ജനങ്ങൾ)

ഇസ്രയേലിന്‍റെ പാളയത്തിലെ പടയും ലെബണനിലെ രാഷ്ട്രീയ അസ്ഥിരതയും പിന്നെ വെടിനിര്‍ത്തല്‍ കാരാറും

കഴിവില്ലാത്ത വിഡ്ഢി

അക്രമം മാത്രമായിരുന്നു അസദിന്‍റെ വഴി, ഭരണമായിരുന്നില്ല. 'കഴിവില്ലാത്ത വിഡ്ഢി' എന്ന് പുടിൻ തന്നെ എഴുതിത്തള്ളിയത് പല കാരണങ്ങൾ കൊണ്ടാണ്. തുർക്കിയുമായി ധാരണയിലെത്തി ആഭ്യന്തരയുദ്ധത്തിന് പരിഹാരം കാണാനുള്ള പുടിന്‍റെ നിർദ്ദേശവും അസദ് തള്ളുകയാണുണ്ടായത്. എർദോഗന് താൽപര്യങ്ങൾ രണ്ടായിരുന്നു, കുർദ്ദുകൾ എന്ന ഭീതി അവസാനിപ്പിക്കുക, അഭയാർത്ഥികളെ സിറിയ തിരികെ വിളിക്കുക. രണ്ടും നടന്നില്ല. അതോടെ തുർക്കി കലാപകാരികളെ പിന്തുണച്ചു.അങ്ങനെ അസദിന്‍റെ വീഴ്ചക്ക് തുടക്കം കുറിക്കപ്പെട്ടു. പലായനത്തിൽ അവസാനിച്ച വീഴ്ച.

അവസാനിക്കാത്ത ആശങ്ക

ഇത്തവണ നേരത്തെ തന്നെ റഷ്യ  വിമതരുമായി ധാരണയിലെത്തിയെന്നും നാവിക - വ്യോമ ആസ്ഥാനങ്ങൾ തകർക്കില്ലെന്ന് ഉറപ്പുകിട്ടിയതായും റിപ്പോർട്ടുണ്ട്. എന്തായാലും അസദിന് റഷ്യ സുരക്ഷിതമായ താവളമൊരുക്കിക്കൊടുത്തു. തു‍ർക്കി പ്രസിഡന്‍റ് എർദോഗൻ, അസദുമായി അവസാന വട്ട ചർച്ചകൾക്ക് ശ്രമിച്ചിരുന്നു, പക്ഷേ, അസദ് വഴങ്ങിയില്ല. അതോടെ വിമതർക്ക് നല്ലത് നേർന്ന് എർദോഗന്‍റെ സന്ദേശമെത്തി. തുർക്കിയുടെ പിന്തുണയോടെയാണ് എച്ച്ടിഎസിന്‍റെ നീക്കങ്ങളെന്ന് വ്യക്തം. എങ്കിലും, ആശങ്കകൾ അവശേഷിക്കുന്നു. മുൻ അൽഖയിദ അംഗങ്ങൾക്ക് എത്രകണ്ട് മാറാൻ കഴിയുമെന്ന ആശങ്ക തന്നെ പ്രധാനം. തീവ്രവാദ ആശയങ്ങൾ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ എന്ന ആശങ്ക. അതെന്ത് തന്നെയാന്നെങ്കിലും സിറിയയുടെ ഭാവി ഇനി അവരുടെ കൈകളിലാണ്.

റഷ്യൻ നീക്കവും തോൽവി

ഇപ്പോൾ പക്ഷേ, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് റഷ്യയുടെ തോൽവിയാണ്. സിറിയയിൽ നങ്കൂരമിട്ടിരുന്ന കപ്പലുകൾ തീരം വിട്ടു. സൈനിക താവളം വിട്ട് റഷ്യൻ യുദ്ധവിമാനങ്ങളും പറന്നകന്നു. ഒപ്പം റഷ്യയുടെ വലിയ സ്വപ്നങ്ങളിലൊന്ന് തത്കാലത്തേക്കെങ്കിലും അവസാനിച്ചു. മെഡിറ്ററേനിയൻ സാന്നിദ്ധ്യം അതുവഴി പശ്ചിമേഷ്യൻ സ്വാധീനം അങ്ങനെ റഷ്യയ്ക്ക്, പുടിന് സാക്ഷാത്കരിക്കാൻ ഒരു സ്വപ്നം ബാക്കിയായി.

2011 -ൽ സിറിയയിൽ ആഭ്യന്തരയുദ്ധം കത്തിപ്പടർന്നപ്പോൾ റഷ്യ അസദിനൊപ്പം നിന്നു. അതേസമയം തന്നെ പുടിൻ ഗൾഫ് അറബ് രാജ്യങ്ങളുമായുള്ള പഴയ ബന്ധങ്ങൾ ഉടച്ചുവാർത്തു. 2016 -ൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ സൗദിയുമായി ചേർന്ന് ഒപെക് പ്ലസ് (Opec plus) രൂപീകരിച്ചു. ആഗോള എണ്ണ വിപണിയിൽ റഷ്യയുടെ വാക്കിനും വില വന്നു. അമേരിക്കയുടെ വാക്കിന് വില കുറഞ്ഞു എന്നും വായിക്കണം. ഇതിനിടെ ഇറാനുമായും തുർക്കിയുമായും റഷ്യ അടുത്തു. അതും തുർക്കി, പടിഞ്ഞാറുമായി ഇടഞ്ഞു തുടങ്ങിയ സമയത്ത്. ഇറാനുമായുള്ള ആണവ ധാരണയിൽ നിന്ന് ട്രംപ് പിൻമാറിയ സമയം നോക്കി ഇറാനുമായും അടുത്തു. മറുവഴിക്ക് ഇസ്രയേലുമായും ബന്ധം മെച്ചപ്പെടുത്തി. പശ്ചിമേഷ്യയിൽ അമേരിക്കയേക്കാൾ സ്വാധീനം റഷ്യക്ക് എന്ന് പറഞ്ഞു തുടങ്ങി നിരീക്ഷകരും. സോവിയറ്റ് യൂണിയന്‍റെ തകർച്ചക്ക് ശേഷം നടത്തിയ തിരിച്ചുവരവ് എന്നുവരെ വിശേഷിപ്പിക്കപ്പെട്ടു.

(സ്വാതന്ത്ര്യം ആഘോഷിക്കുന്ന സിറിയന്‍ യുവതികള്‍)

'റിവോൾവിംഗ് ഡോറി'ൽ കുരുങ്ങുമോ ട്രംപ് ക്യാബിനറ്റ് നിയമനങ്ങള്‍

ആഭ്യന്തരകലാപം അടിച്ചമ‍ർത്തിയ രീതി കാരണം അറബ് ലീഗ് അംഗത്വം നഷ്ടപ്പെട്ട അസദിന് അത് തിരിച്ചുവാങ്ങിക്കൊടുത്തത് റഷ്യയാണെന്നാണ് നിഗമനം. അതിനുള്ള അസദിന്‍റെ സമ്മാനമായിരുന്നു റഷ്യയുടെ വ്യോമ, നാവിക ആസ്ഥാനങ്ങൾക്കുള്ള അനുമതി പുതുക്കൽ. അങ്ങനെ സെപ്രസിന് കിഴക്ക്, മെഡിറ്ററേറിയൻ തീരത്ത്, പശ്ചിമേഷ്യൻ ഭൂമിയിൽ റഷ്യ നാവികാസ്ഥാനം ടാർട്ടസിലും. വ്യോമാസ്ഥാനം ലട്ടാക്കിയയിലും ശക്തമാക്കി. രണ്ടും സോവിയറ്റ് കാലത്താണ് സ്ഥാപിക്കപ്പെട്ടത്. പക്ഷേ, 50 വർഷത്തേക്കുള്ള അനുമതിയാണ് അസദ് നൽകിയത്. ഈ സൈനികാസ്ഥാനങ്ങൾ കാരണമാണ് റഷ്യ, അസദിനെ സഹായിച്ചത് എന്നാണ് കോൺ കോഗ്‍ലിൻ അസദിനെക്കുറിച്ചുള്ള തന്‍റെ പുസ്തകത്തിൽ പറയുന്നത്. അസദിനെ പുടിൻ കണ്ടിരുന്നത് 'കഴിവില്ലാത്ത വിഡ്ഢി'യായി ആണെന്നും കോഗ്‍ലിൻ എഴുതുന്നു.

എല്ലാം തകർത്ത് ഹമാസ്

പക്ഷേ, ഹമാസിന്‍റെ ഒക്ടോബർ ഏഴിന്‍റെ ആക്രമണം എല്ലാം തിരുത്തിയെഴുതി. ഹമാസിന് പിന്തുണ, ഗാസയിലെ ദുരിതക്കയം റഷ്യൻ നിലപാടിനെ സാധൂകരിച്ചു, ഇസ്രയേൽ വിരുദ്ധ പ്രമേയങ്ങളേയും റഷ്യ പിന്തുണച്ചു. പക്ഷേ, വെടിനി‍ർത്തലിനോ ചർച്ചകൾക്കോ റഷ്യയെ ആരും ക്ഷണിച്ചില്ല. അവിടെ മധ്യസ്ഥത വഹിക്കാൻ തക്ക സ്വാധീനം റഷ്യക്കുള്ളതായി ആർക്കും തോന്നിയില്ലെന്ന് ചുരുക്കം. ചൈന പോലും ഇറാനെയും സൗദി അറേബ്യയെയും സന്ധി സംഭാഷണത്തിന് പ്രേരിപ്പിച്ചു. റഷ്യക്ക്, പക്ഷേ പിന്നോട്ടു നിൽക്കേണ്ടിവന്നു. അസദിന്‍റെ വീഴ്ചയും കൂടിയായപ്പോൾ റഷ്യയുടെ വീഴ്ചയും പൂർത്തിയായി.

ഇപ്പോൾ, സിറിയയിലെ പുതിയ നേതൃത്വവുമായി റഷ്യ ധാരണയിലെത്തി എന്നാണ് റിപ്പോർട്ട്. നാവികാസ്ഥാനവും വ്യോമാസ്ഥാനവും നിലനിർത്താനുള്ള ധാരണ. പടിഞ്ഞാറിനും അതിനോട് എതിർപ്പില്ല. സിറിയയിൽ ആഭ്യന്തരയുദ്ധ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കിയത് പോലെ ഇനിയും പിടിമുറുക്കുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ട്. അതിന് തടയിടാൻ റഷ്യൻ സൈനികാസ്ഥാനങ്ങൾ സഹായിക്കുമെന്നാണ് പടിഞ്ഞാറിന്‍റെ ചിന്ത. എതിർപ്പില്ലാത്തതിന്‍റെ കാരണവും ഒരു പക്ഷേ അത് മാത്രമാകാം.

സിറിയൻ തടവറകൾ

അസദിന്റെ ക്രൂരതയുടെ അങ്ങേയറ്റത്തെ തെളിവാണ് ജയിലുകളിൽ നിന്നുള്ള ദൃശ്യങ്ങൾ. എല്ലാ ജയിലുകളും അടക്കുമെന്നും പീഢനത്തിന് നേതൃത്വം നൽകിയവരെ വേട്ടയാടുമെന്നും വിമത നേതാവ് അബു മുഹമ്മദ് അൽ ജോലാനി (Abu Mohammad Al Jolani) പ്രഖ്യാപിച്ചു. ഏറ്റവും കുപ്രസിദ്ധമായ സയ്ദ്നയാ ജയിൽ (Saydnaya prison) അറിയപ്പെട്ടിരുന്നത് 'മനുഷ്യ അറവുശാല' എന്നാണ്. എല്ലാ ജയിലുകളിലുമായി 60,000 ലേറെ പേർ കൊടിയ പീഢനങ്ങൾക്കിരയായി കൊല്ലപ്പെട്ടു എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. തലസ്ഥാനമായ ദമാസ്കസിൽ തന്നെ ഉണ്ടായിരുന്നു അറവുശാലകൾ വേറെയും.

അവിടെ നിന്നൊക്കെ ഇപ്പോൾ കിട്ടുന്നത് എല്ലിൻ കഷ്ണങ്ങളാണ്. 2022 -ൽ പുറത്തുവന്ന കൂട്ടവെടിവയ്പിന്‍റെ ദൃശ്യങ്ങൾ ടാഡമൻ പ്രവിശ്യയിലേതാണ്. 2013 -ലെ കൂട്ടക്കൊല. അന്ന് തുടങ്ങിയത് അവസാനിച്ചതേയില്ലെന്ന് നാട്ടുകാർ പറയുന്നു. ജയിലിൽ നിന്നും ഉയർന്ന നിലവിളികൾ കേട്ട് പേടിച്ച് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് ചുറ്റിനും താമസിച്ചിരുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ സ്വാതന്ത്ര്യം കിട്ടിയത് എണ്ണമറ്റ തടവുകാർക്ക്. പക്ഷേ, പലരും മരിച്ചുപോയി. എന്നോ തടവിലായി പിന്നെ കണ്ടിട്ടില്ലാത്ത ബന്ധുക്കളെ തിരക്കി വരുന്നവരുടെ എണ്ണം കൂടുന്നു.

രഹസ്യ ഭൂഗർഭ അറകളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരുണ്ട്. അത് കണ്ടുപിടിക്കാൻ ജയിലുകളുടെ ലേഔട്ട് അറിയാവുന്നവരെ നിയോഗിച്ചിരിക്കയാണ് സിറിയൻ സിവിൽ ഡിഫൻസ് സംഘമായ വൈറ്റ് ഹെൽമറ്റ്സ് (White Helmets). തടവറകളുടെ ഇരുമ്പ് വാതിലുകളുടെ രഹസ്യ കോഡ് അറിയാമെങ്കിൽ പറഞ്ഞു തരൂ എന്ന് മുൻ സൈനികരോട് ദമാസ്കസ് കൺട്രിസൈഡ് ഗവർണറേറ്റ് അഭ്യർത്ഥിച്ചിരിക്കുന്നു. 10,000 -ത്തിലേറെ പേരുണ്ട് അതിനുള്ളിൽ തടവുകാരായി. സെദനായയയിൽ നിന്ന് കണ്ടെത്തിയത് പല രൂപത്തിലുള്ള ശവശരീരങ്ങളാണ്. അഴുകിയതും അല്ലാത്തതും, ദ്രവിച്ചു തുടങ്ങിയത്. അതിനിടയിൽ കാണാതായ തങ്ങളുടെ ബന്ധുക്കളുണ്ടോ എന്നറിയാൻ മൊബൈൽ വെളിച്ചത്തിൽ തെരയുകയായിരുന്നു സിറിയക്കാർ. മൃതശരീരങ്ങളിലെ ക്രൂരപീഢനത്തിന്റെ അടയാളങ്ങൾ കണ്ട് ലോകം തന്നെ ഞെട്ടി.

സിറിയൻ ജയിലുകൾ, ലബനണിൽ പോലും പണ്ടേ ഒരു ഭീതിയായിരുന്നു. ആ ഭീതിയാണ് അസദ് കുടുംബത്തെ നിലനിർത്തിയത്. അതവസാനിപ്പിച്ച് കൊണ്ടാണ് വിമതർ ഓരോ നഗരത്തിലും ജയിലുകൾ തുറന്നുവിട്ട് മുന്നേറിയതും. പതിറ്റാണ്ടുകളായി ഇരുട്ടിൽ കഴിഞ്ഞിരുന്നവർ വെളിച്ചത്തിലേക്കിറങ്ങി ഓടുന്ന കാഴ്ച മറക്കാനാവില്ല ഇനി. കൂട്ടത്തിൽ ആദ്യമായി വെളിച്ചം കണ്ട് അമ്പരന്നു നിൽക്കുന്ന ഒരു കുഞ്ഞുമുണ്ടായിരുന്നു. ഒപ്പം അവൻ്റെ അമ്മയും.

(സ്വാതന്ത്ര്യം ആഘോഷിക്കുന്ന സിറിയന്‍ ജനത)

റഷ്യ - യുക്രൈയ്ന്‍ യുദ്ധം പുതിയ തലത്തിലേക്ക്; യുദ്ധമുന്നണിയിലേക്ക് മൂർച്ചകൂടിയ ആയുധങ്ങൾ

അന്നത്തെ ദിവസം സിറിയയിൽ ആരും ഉറങ്ങിയില്ല. രാജ്യത്തിന് പുറത്ത് അഭയാർത്ഥികളായ സിറിയക്കാരും. അസദ് പോയോ എന്നറിയാനുള്ള കാത്തിരിപ്പ്. സ്വാതന്ത്ര്യം നിലനിൽക്കുമോ എന്നറിയാൻ ശ്വാസം പിടിച്ചുള്ള കാത്തിരിപ്പ്. 2011 -ലെ പോലെ എല്ലാ അവസാനിക്കുമോ എന്ന് പേടിച്ചുള്ള കാത്തിരിപ്പ്. ഒടുവിൽ അധികാരം കൈമാറി അസദ് ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പക്ഷേ, ഭീതി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അത് മത ന്യൂനപക്ഷങ്ങൾക്കിടയിലാണ്. അൽഖയിദയുടെ ഭാഗമായിരുന്ന സംഘടനയുടെ ഭരണത്തിൽ തങ്ങളുടെ വിധി എന്തായിരിക്കുമെന്ന ഭീതി. 'സുരക്ഷിതർ' എന്ന പുതിയ നേതാവിന്‍റെ വാക്കുകൾ വിശ്വസിക്കാമോയെന്നും അവർക്ക് ഉറപ്പില്ല. അതിന് കാലമാണ് മറുപടി പറയേണ്ടതും.  

എച്ച്ടിഎസിന്‍റെ കാത്തിരിപ്പും കീഴടക്കലും

പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല ആ മുന്നേറ്റം. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പിനും പരിശീലനത്തിനും ശേഷമാണ് വിമതർ സിറിയ കീഴടക്കിയത്. വടക്ക് കിഴക്കൻ സിറിയയിലേക്ക് ഒതുക്കപ്പെട്ട നാളുകളിൽ തുടങ്ങിയ തയ്യാറെടുപ്പ്. ആ തയ്യാറെടുപ്പിന്‍റെ കഥ വിദേശ മാധ്യമങ്ങളോട് വിശദീകരിച്ചത് എച്ച്ടിഎസ് സൈനിക വിഭാഗം മേധാവി അബു ഹസന്‍ അൽ ഹംവി (Abu Hassan Al Hamwi) എന്ന മുൻ കാർഷിക എൻജിനീയറാണ്.

നേതൃത്വമില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. ആദ്യം നേതൃത്വം രൂപീകരിച്ചു. പിന്നെ സ്വന്തം സംഘത്തിൽ പെട്ടവരെ പരിശീലിപ്പിച്ച് അച്ചടക്കമുള്ള സൈനികരാക്കി. തെക്കൻ സിറിയയിലും തുർക്കിയിലുമൊക്കെയായി ചിതറി കിടന്ന മറ്റ് വിമത സംഘങ്ങളിലെ അംഗങ്ങളുമായി ബന്ധം സ്ഥാപിച്ചു. പരസ്പരം തന്ത്രങ്ങൾ കൈമാറി. സ്വന്തമായി ഡ്രോൺ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചു. മറ്റ് ആയുധങ്ങളും സ്വന്തമായി നിർമ്മിച്ചു തുടങ്ങി. അതിനായി പുറത്ത് നിന്നും വിദഗ്ധരെ വരെ കൊണ്ടുവന്നു.

ഒരു വർഷത്തെ സൈനിക പരിശീലനം ആക്രമണ തന്ത്രങ്ങൾ മാത്രമായിരുന്നു. ഒടുവിൽ റഷ്യയുടേയും ഇറാന്‍റെയും അവസ്ഥ തിരിച്ചറിഞ്ഞാണ്, സമയമായി എന്ന് തീരുമാനിച്ചത്. അലെപ്പോ ഇത്ര പെട്ടെന്ന് വീഴുമെന്ന് വിമതരും പ്രതീക്ഷിച്ചില്ല. സിറിയിൻ സൈനികർ ഓടിപ്പോകുമെന്നും പ്രതീക്ഷിച്ചില്ല. പിന്നെ ഹമാ, ഹോംസ്. ഹോംസ് വീഴുന്നതുവരെ തെക്കുള്ള വിമത സംഘം കാത്തിരിക്കണമെന്നായിരുന്നു തീരുമാനം. പക്ഷേ, അതുവരെ കാത്തിരിക്കാൻ ക്ഷമയില്ലാതെ അവർ നേരത്തെ കളത്തിലിറങ്ങി. ദരാ കീഴടക്കി. എച്ച്ടിഎസ് എത്തും മുമ്പ് ദമാസ്കസിലുമെത്തി. ഹോംസ് കീഴടങ്ങിയത് ഡിസംബർ 7 -ന്. എട്ടാം തീയതി അസദ് പലായനം ചെയ്തു.
 

click me!