നോമ്പിന്റെ നാട്ടുഗന്ധങ്ങള്‍, പെരുന്നാള്‍ തലേന്നത്തെ മൈലാഞ്ചി മണങ്ങള്‍...

By Web Team  |  First Published Apr 14, 2023, 4:30 PM IST

അഞ്ചാറ് വര്‍ഷം മുമ്പ് വരെ ഗള്‍ഫിലെ വേനലവധിയും , നോമ്പും ഒരുമിച്ചു വരുന്നത് കൊണ്ട് കുറച്ചുനോമ്പിനെങ്കിലും നാട്ടില്‍ കൂടാന്‍ അവസരം കിട്ടിയിരുന്നു. ഇപ്പോള്‍ നാളുകളേറെയായി നോമ്പിന്റെ നാട്ടുഗന്ധം അറിഞ്ഞിട്ട്. . -ദുബൈയില്‍നിന്നും ഒരു നോമ്പോര്‍മ്മ..നസ്‌റീന്‍ ഷംസു എഴുതുന്നു


നോമ്പോര്‍മ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നോമ്പ് അനുഭവങ്ങള്‍ക്കും വ്യത്യസ്തമായ നോമ്പ് ഓര്‍മ്മകള്‍ക്കുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന ഇടം. റമദാന്‍ വ്രതവുമായി ബന്ധപ്പെട്ട നിങ്ങളുടെ ഓര്‍മ്മകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം, ഒരു ഫോട്ടോയും വിശദമായ വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ നോമ്പോര്‍മ്മ എന്ന് എഴുതാന്‍ മറക്കരുത്. 

 

Latest Videos

undefined

 

അകലെ എവിടെയോ നിന്ന് അടുത്തടുത്തേക്കു വരുന്ന അത്താഴക്കൊട്ട്. 

ദേ എണീക്ക്, അത്താഴത്തിനു സമയമായി. 

അപ്പുറത്തു നിന്ന് ഉമ്മയുടെ സ്വരം. ഉറക്കത്തിന്റെ ആഴത്തില്‍ നിന്ന് കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ഒരു വിഫല ശ്രമം നടത്തി പരാജയപ്പെട്ട് പുതപ്പിനുള്ളില്‍ അങ്ങനെ തന്നെ കിടന്നു. 

പെട്ടെന്ന് മൊബൈലിന്റെ കാത് തുളപ്പിക്കുന്ന അലാറം. ആ ശബ്ദത്തില്‍ ഞാന്‍ ചാടിപ്പിടഞ്ഞു എഴുന്നേറ്റു. 

എവിടെ അത്താഴക്കൊട്ട് ? എവിടെയാണ് ഉമ്മ?  കണ്ടത് സ്വപ്നമായിരുന്നോ ?  

അപ്പോഴും അത്താഴക്കൊട്ടിന്റെ അലയൊലി കാതോരങ്ങളില്‍ മുഴങ്ങുന്നത് പോലെ തോന്നി .

ദുബൈ ഗിസൈസിലെ നാലാം നിലയിലെ ഫ്‌ളാറ്റിലെ ജാലക വിരി മാറ്റി ഞാന്‍ മാനത്തേക്ക് നോക്കി. ഇരുണ്ട ആകാശത്തില്‍ ചാരമേഘങ്ങള്‍ക്കിടയില്‍ ഒഴുകി നീങ്ങുന്ന നിലാവ്. അതിന് തൊട്ടടുത്തായി നമ്മള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കാണാമറയത്ത് നിന്ന് ഒന്നിന് പിറകെ ഒന്നായി കുസൃതിയോടെ പ്രത്യക്ഷപ്പെടുന്ന കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങള്‍. അങ്ങനെ നോമ്പ് കഴിയാറായിരിക്കുന്നു. 

നോമ്പ് കാലം പ്രവാസ ലോകത്തിന് ആത്മവിശുദ്ധിയുടെയും ആത്മസംസ്‌കരണത്തിന്റെയും ശാന്തമായൊരു പരിവേഷമാണ് നല്‍കുന്നത്. മനുഷ്യ സഹജമായ എല്ലാ ചാപല്യങ്ങള്‍ക്കും കടിഞ്ഞാണിട്ട്, തെറ്റ് കുറ്റങ്ങള്‍ക്ക് മാപ്പിരന്ന് ഇരുകണ്ണുകളും കരങ്ങളും പടച്ചവന്റെ  നേര്‍ക്ക് മാത്രം ഉയരുന്ന നാളുകള്‍.

അഞ്ചാറ് വര്‍ഷം മുമ്പ് വരെ ഗള്‍ഫിലെ വേനലവധിയും , നോമ്പും ഒരുമിച്ചു വരുന്നത് കൊണ്ട് കുറച്ചുനോമ്പിനെങ്കിലും നാട്ടില്‍ കൂടാന്‍ അവസരം കിട്ടിയിരുന്നു. ഇപ്പോള്‍ നാളുകളേറെയായി നോമ്പിന്റെ നാട്ടുഗന്ധം അറിഞ്ഞിട്ട്. അല്ലെങ്കിലും ഞെട്ടറ്റു വീണ മോഹങ്ങളൊക്കെയാണല്ലോ നിദ്രയില്‍  കിനാവായ് വീണ്ടും തളിര്‍ക്കുന്നത്. ഓര്‍മ്മകള്‍ അറബിക്കടലും താണ്ടി വര്‍ണ്ണ ശബളമായ ചിത്ര ശലഭങ്ങളെ പോലെ എനിക്ക് ചുറ്റുംവട്ടമിട്ട് പറന്നു. 

 

....................
Also Read : ഞങ്ങളുടെ ഇഫ്താര്‍ പ്ലേറ്റുകളില്‍ സുലോചന ചേച്ചിയുടെ വിഭവങ്ങള്‍, സ്‌നേഹത്തിന്റെ നോമ്പുകാലങ്ങള്‍!
....................

 


അത്താഴക്കൊട്ട്

അന്നൊക്കെ ടിപ്പു സുല്‍ത്താന്റെ കോട്ടയൊക്കെയുള്ള ഞങ്ങളുടെ പള്ളിക്കരയില്‍ നോമ്പ് കാലത്ത് അത്താഴക്കൊട്ട് പതിവായിരുന്നു. പണ്ട് കാലത്ത് അതിനു വേണ്ടി പ്രത്യേക സംഘം തന്നെയുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ കുട്ടിക്കാലത്ത് മദ്രസ്സയില്‍ കൂടെ പഠിക്കുന്ന ഇക്കാമാരാണ് അത്താഴക്കൊട്ടിന് ഇറങ്ങിയിരുന്നത്. ( റമദാനിലെ സുബ്ഹി ബാങ്കിന് മുമ്പുവരെ, മഹല്ല് പരിസരത്തുള്ള വീടുകളില്‍ ചെന്ന് ആളുകളെ ഉണര്‍ത്തുന്ന രീതിയാണ് അത്താഴക്കൊട്ട്) . 

അത്താഴക്കൊട്ട് തുടങ്ങുമ്പോഴേ ഉമ്മ ഉണര്‍ന്നിട്ടുണ്ടാകും . ഇന്ന് എനിക്ക് രണ്ടു കുട്ടികളെ മാത്രം വിളിച്ചുണര്‍ത്തിയാല്‍ മതിയെങ്കില്‍ അന്ന് ഉമ്മയ്ക്ക് അഞ്ചു മക്കളെ എഴുന്നേല്‍പ്പിക്കേണ്ട ചുമതല ഉണ്ടായിരുന്നു. ഒരാളെ ഉണര്‍ത്തി മറ്റെയാളെ വിളിക്കാന്‍ പോകുമ്പൊഴേക്കും ആദ്യത്തെയാള്‍ പുതപ്പിനുള്ളില്‍ നൂഴ്ന്നിട്ടുണ്ടാവും. അതിനടുത്തയാളെ വിളിക്കുമ്പോള്‍ മറ്റെയാളും. അങ്ങനെ അഞ്ചു പേരെ വിളിച്ചുണര്‍ത്തി പത്തിരിയും ചായയും ഒക്കെ തന്ന് കഴിയുമ്പൊഴേക്കും  സുബ്ഹി ബാങ്ക് വിളിക്കാറായിട്ടുണ്ടാകും. ഉമ്മയ്ക്ക് കഷ്ട്ടിച്ചു ചായ കുടിക്കാന്‍ സമയം കിട്ടിയാലായി. 

ഭൂരിപക്ഷം കുട്ടികളുടെയും ആദ്യത്തെ നോമ്പ് പതിനേഴിനോ, ഇരുപത്തി ഏഴിനോ ആയിരിക്കും. അതിനു മുമ്പ് കുറെ അര നോമ്പ് നോറ്റ് പരിശീലനംനേടിയ വിരുതന്മാരായിരിക്കും ഈ പുതുനോമ്പുകാരൊക്കെ. ഉമ്മമാര്‍ തങ്ങളുടെ കുട്ടികള്‍ മുഴുവന്‍ നോമ്പ് നോറ്റ കാര്യം വല്യ ഗമയില്‍ അയല്‍ വീടുകളിലും അടുത്ത ബന്ധുക്കളോടുമൊക്കെ പറഞ്ഞു നടക്കുകയും ചെയ്യും . ഞങ്ങളാകട്ടെ ഉമിനീര്‍ ഇറക്കാതെ തുപ്പിത്തുപ്പി ഒരു നാല് മണി വരെയൊക്കെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കും. അത് കഴിഞ്ഞാല്‍ അടുക്കളയില്‍ നിന്നുയരുന്ന, ഓട്ടില്‍ വെന്ത പത്തിരിയുടെയും , വറുത്തരച്ച ആട്ടിറച്ചിക്കറിയുടെയും കൊതിയൂറുന്ന മണം നാസാദ്വാരങ്ങളിലേക്ക് അടിച്ചു കയറും. നമ്മള്‍പോലുമറിയാതെ വയറിനകത്തു നിന്ന് വിശപ്പിന്റെ വിളി ഉയരും.

നോമ്പ് മുറിക്കട്ടെയെന്നു പറഞ്ഞ് ഉമ്മയുടെപിന്നാലെ കൂടുന്ന ഞങ്ങളെ സമയം ചുരുക്കിപ്പറഞ്ഞും, അപ്പുറത്തെ പാത്തൂട്ടിയുടെ നോമ്പിന്റെ എണ്ണം പറഞ്ഞും മദ്രസ്സയിലെ ഉസ്താദിന്റെ പേര് പറഞ്ഞും ആ ഉദ്യമത്തില്‍ നിന്ന് വാത്സല്യത്തിന്റെ തേന്‍ പുരട്ടിയ  വാക്കുകളാല്‍ പിന്തിരിപ്പിക്കും. പാത്തൂട്ടിയുടെയും  അലി ഉസ്താദിന്റെയും മുന്നില്‍ തല്ക്കാലം ഞങ്ങള്‍ വിശപ്പിനെ കൂച്ചു വിലങ്ങിട്ട് നിര്‍ത്തും. 

ഞങ്ങള്‍ നോമ്പെടുത്ത്  ഇച്ചയുടെയും കുമാരേട്ടന്റെയും കടയ്ക്കുമുന്നിലൂടെ പോകുമ്പോള്‍ നിരത്തി വെച്ച ഭരണിയിലിട്ടിരിക്കുന്ന തേനുണ്ടയും പാലച്ചും ഞങ്ങളെ നോക്കി മാടിമാടി വിളിക്കും. മിക്കവാറും അതിനെ അവഗണിച്ച് ആത്മസംയമയനത്തോടെ ആ സിറാത്ത് പാലം എത്രയോ തവണ ഞങ്ങള്‍ കടന്നു പോയിട്ടുണ്ട് . അപൂര്‍വ്വം ചില നേരങ്ങളില്‍ ആത്മസംയമനം ആക്രാന്തത്തിലേക്ക് വഴിമാറും. അപ്പോള്‍ ഈ കണ്ട  സാധനങ്ങളൊക്കെ വാങ്ങിക്കൂട്ടി ഞങ്ങള്‍ ഇഫ്താര്‍ വേളയില്‍ മേശപ്പുറത്ത് നിരത്തിവെക്കും. മഗ്രിബ് ബാങ്ക് കൊടുത്തയുടനെ ഉമ്മയുണ്ടാക്കിയ സര്‍ബത്തും, ഇറച്ചിപ്പത്തിരിയുമാണ് ആദ്യം കഴിക്കുക അപ്പോള്‍ തന്നെ ഞങ്ങളുടെ കുഞ്ഞു വയറ് നിറഞ്ഞു പൊട്ടാറാകും. എന്ന് വെച്ച് പിറ്റേ ദിവസം അത് വാങ്ങാതിരിക്കുമോ  ?

ഒരിക്കലുമില്ല , ഇന്നും കുട്ടികളുടെ ഇടയില്‍ ഇത് അനസ്യൂതം നടന്നു കൊണ്ടിരിക്കുന്നു . 

അത്താഴ സമയത്താണ് ഞങ്ങള്‍ നിയ്യത്ത് വെക്കുക ചെറിയ അനിയന് നിയ്യത്ത് പറഞ്ഞു കൊടുക്കുക അനിയത്തിയാണ്. പാതിയുറക്കത്തില്‍ കുഞ്ഞു ശബ്ദത്തില്‍ അവന്‍ നിയ്യത്ത് ഏറ്റു ചൊല്ലുമ്പോള്‍ അടുക്കളയില്‍ നിന്ന് ഉമ്മയും ബാക്കിയുള്ളവരും അടക്കിച്ചിരിക്കും. 

നോമ്പ് അവസാന നാളുകളിലേക്കടുക്കുമ്പോള്‍ എല്ലാവരും പെരുന്നാള്‍ കോടി എടുക്കുന്ന തിരക്കിലായിരിക്കും. ഉപ്പ ഗള്‍ഫിലായത്കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഊദിന്റെ മണമുള്ള ഉടുപ്പുകളായിരിക്കും മിക്കവാറും കിട്ടുക. പെരുന്നാളാവുമ്പോഴേക്കും അത് അയല്‍ വീടുകളിലെ കൂട്ടുകാരികള്‍ക്ക് കാണിച്ചും പലവുരു ഇട്ട് നോക്കിയും ആകെയൊരു പരുവമായിട്ടുണ്ടാകും. ഉടുപ്പ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഉമ്മറപ്പടിയില്‍ വള വില്പനക്കാരെയും കൊലുസ്സ് കച്ചവടക്കാരെയും നോക്കിയിരിക്കുകയാണ് പതിവ്. 

നോമ്പ് ഇരുപത്തൊമ്പതിന് തന്നെ അറവ് ശാലകളൊക്കെ സജീവമായിരിക്കും. മാസപ്പിറവി കാണുന്നതിന് മുമ്പെ ബിരിയാണിക്ക് വേണ്ട ആട്ടിറച്ചിയും നെയ്പത്തിലിന് വേണ്ട പോത്തിറച്ചിയും എല്ലാം വാങ്ങി വെയ്ക്കും. അത് വരെ മത്സരിച്ചു കഴിച്ചിരുന്ന അപ്പത്തരങ്ങളൊക്കെ നോമ്പ് അവസാന നാള്‍ ആര്‍ക്കും വേണ്ടാതെ നോക്കു കുത്തിയായ് അവിടെത്തന്നെ ഇരിപ്പുണ്ടാകും . 

മാസപ്പിറവി കാണുന്നതിന് മുമ്പെ ഉമ്മ  അപ്പത്തരങ്ങളുടെ പണി തുടങ്ങും. ആ സമയം ഞങ്ങള്‍ കൂട്ടുകാരികളുമായി മൈയിലാഞ്ചിയിടുന്ന തിരക്കിലായിരിക്കും. ആണ്‍കുട്ടികള്‍ പടക്ക കടകളിലേക്കുള്ള ഓട്ടത്തിലും. ഉമ്മയുടെ അപ്പത്തരങ്ങള്‍ കൈയ്യാലയും മതില്‍ കെട്ടുകളും കടന്ന് എല്ലാ അടുക്കളത്തിണ്ണയിലും എത്തിക്കേണ്ട ചുമതല ഞങ്ങള്‍ക്കാണ് . 

ഉമ്മയുടെ പെരുന്നാള്‍ പലഹാരപ്പണിയും ഞങ്ങളുടെ മൈലാഞ്ചിയിടലും കഴിയുമ്പോള്‍ തന്നെ നേരം ഒരുമണിയൊക്കെയാവും. 

പെരുന്നാള്‍ രാത്രി എത്ര നേരം വൈകി കിടന്നാലും കല്ലിങ്കാല്‍, മഠത്തില്‍ പള്ളികളില്‍ നിന്നും തക്ബീര്‍ ധ്വനികള്‍ ഉയരുമ്പോള്‍ ഞങ്ങള്‍ ഊര്‍ജ്ജസ്വലരായി ചാടി എഴുന്നേല്‍ക്കും. അപ്പോള്‍ ഉമ്മ വീട്ടിലെ അംഗങ്ങളുടെ കണക്കനുസരിച്ചു അളന്നു തൂക്കിയ ഫിത്വ്‌റ് സക്കാത്തിന്റെ അരി ചുറ്റു വട്ടത്തുള്ള അര്‍ഹരായവര്‍ക്ക് എടുത്ത് കൊടുക്കുന്ന തിരക്കിലായിരിക്കും . 

ഞങ്ങളോ,  പല്ല് പോലും തേയ്ക്കാതെ നേരെ അയല്‍പക്കത്തേക്ക്. കൂട്ടുകാരികളുടെ കൈ വെള്ളയിലെ മയിലാഞ്ചിച്ചോപ്പ് എങ്ങനെയുണ്ട് എന്നറിയാനുള്ള ആകാംക്ഷ. ചിലരുടെ കൈകള്‍ക്ക് ഇളം ഓറഞ്ചു നിറമാണെങ്കില്‍ മറ്റു ചിലരുടെ കൈകളിലെ മൈലാഞ്ചിക്ക് കടും ചുവപ്പ് നിറമായിരിക്കും. നിറമില്ലാത്ത മൈലാഞ്ചി നോക്കി നെടുവീര്‍പ്പിടുന്ന പെണ്‍കുട്ടികളോട് അയല്‍ക്കൂട്ടത്തിലെ തല മുതിര്‍ന്ന കദീസാത്ത ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കാനും പഞ്ചസാരവെള്ളം കുടയാനും ഉപദേശിക്കും .

ഓരോരുത്തരുടെ മയിലാഞ്ചി ചോപ്പനുസരിച്ചു ഞങ്ങളുടെ ഭാവി പുതിയാപ്ലമാര്‍ക്ക് തങ്ങളോടുള്ള മുഹബ്ബത്തും അവിടെ ചര്‍ച്ചയാകും. അപ്പോള്‍ എവിടെ നിന്നോ ഒഴുകി വരുന്ന ഒപ്പന ശീലുകള്‍ ഞങ്ങളുടെ കാതില്‍ കിന്നാരംപറയും. 

അന്ന് ആണുങ്ങള്‍ മാത്രമെ പെരുന്നാള്‍ നിസ്‌കാരത്തിനായി പള്ളിയില്‍ പോയിരുന്നുള്ളു . അവര്‍ പോയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ കുളിക്കാന്‍ കയറും. പൊതുവെ കാക്കക്കുളി കുളിക്കാറുള്ള ഞങ്ങള്‍ അന്ന് സോപ്പിന്റെ പാതിയും അലിയിച്ചു കളഞ്ഞു ഒരൊന്നൊന്നര പള്ളി നീരാട്ട് തന്നെ നടത്തിക്കളയും. പിന്നെ എത്ര ഒരുങ്ങിയാലും തീരാത്ത ഒരുക്കമാണ് അന്ന്. 

ഇത് പോലുള്ള വിശേഷ ദിവസങ്ങളില്‍ പതിവില്‍ നിന്ന് വ്യത്യസ്ഥമായി തുടക്കത്തില്‍ മുടിയില്‍ പല പരീക്ഷണങ്ങളും ഞങ്ങള്‍ നടത്തും. അവസാനം ചങ്കരന്‍ എന്നും തെങ്ങില്‍ തന്നെ എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന പതിവ് രീതിയില്‍ പഴയ പടി മുടി കെട്ടുകയും ചെയ്യും. അപ്പൊഴേക്കും പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞു അത്തറിന്‍ മണമുള്ള പുതു വസ്ത്രങ്ങളണിഞ്ഞ അടുത്ത ബന്ധുക്കളും ചമഞ്ഞൊരുങ്ങി കൊലുസ്സിന്റെ താളത്തോടെ കൂട്ടുകാരികളും മൂത്താപ്പയുടെ മക്കളുമൊക്കെ എത്തിത്തുടങ്ങ . പിന്നെ പരസ്പരം അവരവരുടെ പെരുന്നാള്‍ കോടിയെക്കുറിച്ചുള്ള  മേനി പറച്ചിലാണ്. ഉപ്പ നാട്ടിലുള്ള സമയത്താണെങ്കില്‍ പെരുന്നാള്‍ നിസ്‌ക്കാരം കഴിഞ്ഞു ആദ്യത്തെ പെരുന്നാള്‍കൈ നീട്ടം  ഉപ്പയുടെ വകയായിരിക്കും. നിസ്‌ക്കാരം കഴിഞ്ഞു വന്നാല്‍ ഉടനെ ഉമ്മ എല്ലാവര്‍ക്കും ചൂട് നെയ്പത്തിലും പോത്തിറച്ചിക്കറിയും വിളമ്പും. എന്തോ ആ പെരുന്നാള്‍ നാസ്തയ്ക്കും ആ പെരുന്നാള്‍ പുലരിക്കും അനിര്‍വ്വചനീയമയ ഒരു മണമായിരുന്നു. 

ഉപ്പയുടെ ബന്ധുക്കളെയും ദൂരെയുള്ള ഉമ്മയുടെ ബന്ധുക്കളെയും ഒരുമിച്ചു കാണാന്‍ പറ്റുന്ന വിശേഷപ്പെട്ട ദിവസമെന്ന പ്രത്യേകത ആ പെരുന്നാളിന് മാത്രം അവകാശപ്പെട്ടതാണ്. 

മൊബൈലിലും സോഷ്യല്‍ മീഡിയയിലും ഒഴുകിയെത്തുന്ന പെരുന്നാള്‍ ആശംസകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും പകരം അതിര്‍ വരമ്പുകളില്ലാത്ത, നിസ്സീമമായ ഇഴയടുപ്പമാണ് കുട്ടിക്കാലത്തെ ഓരോ പെരുന്നാള്‍ കുരുന്നോര്‍മ്മകള്‍ക്കും. അതുകൊണ്ട് തന്നെയാണ് കാലമെത്ര കഴിഞ്ഞാലുംആ പെരുന്നാളോര്‍മ്മകള്‍ക്ക് എന്നും മഴവില്ലഴക്. 

 

................
Also Read : 'ഇജ്ജ് പോയി ഐസും വെള്ളം വാങ്ങി വാ..', ഉമ്മ തൂക്കുപാത്രമെടുത്ത് കയ്യില്‍ വെച്ച് തരും...!
................

 

click me!