"ഞങ്ങളിവിടെ ഒറ്റമണിക്കൂർ കൊണ്ടാ ബിരിയാണി വെച്ചത്..." ഫോൺ വിളിച്ചപ്പോൾ ഇതുവരെ പണിതീർന്നില്ലാ എന്ന് പരിഭവം പറഞ്ഞ കെട്ടിയവളോടു ആത്മസംതൃപ്തിയോടെ പറയും.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
undefined
നാലാൾക്കു നിന്നുതിരിയാൻ ഇടമില്ലെങ്കിലും ഇരുകൈകൾ ഒരുമിച്ചു നിവർത്തിയാൽ ചുവരിലുരസുമെങ്കിലും നാല്പതാൾക്ക് അന്നമൊരുങ്ങുന്ന ചില അടുക്കളകളുണ്ട്. പുകപടർത്തി കണ്ണെരിയിക്കുന്ന വിറകടുപ്പല്ലെങ്കിലും ഓർമ്മയുടെ ഗ്യാസെരിയുമ്പോൾ കണ്ണുനീർ വാർക്കുന്നിടം. നാട്ടിലെ അടുക്കളയിലെ നാലിലൊന്ന് പാത്രങ്ങളില്ലെങ്കിലും ഒന്നിനുപിറകെ ഒന്നായി പല വിഭവങ്ങൾക്ക് ഒരേനേരം വെന്തുപാകമാവാൻ കൂടിയും കുറഞ്ഞും ചൂടേറെക്കൊണ്ട പാത്രങ്ങളുള്ളയിടം. തെക്കനും വടക്കനും ചെക്കനും ചേട്ടനും കാക്കയും പയ്യനും ഭായിയും ഭയ്യയും പല ദിവസങ്ങളായി പകുത്തെടുത്തിടം.
രുചിയന്വേഷകർക്ക് പരീക്ഷണശാലയായ, പുതിയ വിസക്കാർക്ക് പാഠശാലയായ അവിടങ്ങളിലുണ്ട് അമ്പതിലും പതിനഞ്ചിന്റെ ചുറുക്കോടെ ഓടിച്ചാടി വിഭവങ്ങളൊരുക്കുന്നവർ, ഉയർന്ന തസ്തികയിൽ സാർ വിളികേട്ട് ജോലി ചെയ്യുന്നവർ, ദിവസത്തിന്റെ പാതിയും ജോലിയിൽ മുഴുകാൻ വിധിക്കപ്പെട്ടവർ, മുറിയിലെ കട്ടിലിലിരുന്നു പച്ചക്കറിയരിഞ്ഞ് അടുക്കളയിൽ തൻ്റെ ഊഴം കാത്തിരിക്കുന്ന ഒറ്റമുറി വീട്ടിലെ കുടുംബിനികൾ തുടങ്ങി "സുഖമാണ്..." എന്ന സ്ഥിരം ഉത്തരംകൊണ്ട് മറച്ചുപിടിച്ച ചില കാഴ്ചകൾ. മസാലഭരണികൾ നിറച്ച അലമാരയിലും പച്ചക്കറി തട്ടിനടിയിലും അരിച്ചാക്കിന് താഴെയും കൊടുംതണുപ്പ് നിറഞ്ഞ റെഫ്രിജറേറ്റിന്റെ വാതിലിനരികിലും റോന്തുചുറ്റുന്ന കൂറകളെ പോലെ ഈ അടുക്കളയിൽ അവരൊന്നാണ്; വികാരം വിശപ്പും, ലക്ഷ്യം അമ്മൂമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പവും അമ്മയുടെ സ്‌പെഷ്യൽ വിഭവങ്ങളും കെട്ടിപ്പൊതിഞ്ഞ് കടൽ കടക്കുമ്പോൾ കൂടെയുണ്ടായിരുന്ന സ്വപ്നങ്ങളുടെ സാക്ഷാത്കാരവും.
അടുക്കളയിലെ ദിവസങ്ങൾ റൂമിലെ ഓരോരുത്തരായി പകുത്തെടുത്തിരിക്കും. തലേന്നുതന്നെ നാളേക്കുള്ള വിഭവത്തെ യൂട്യൂബിൽ കണ്ടുവെക്കും ചിലർ. അധികം സങ്കീർണ്ണതകളില്ലാത്ത, പെട്ടെന്ന് ജോലി കഴിയുന്ന വിഭവങ്ങളോടാണ് താത്പര്യമേറെ. പിറ്റേന്ന് ജോലികഴിഞ്ഞു വരുമ്പോൾ ആ വിഭവങ്ങൾക്ക് വേണ്ട ചേരുവകളൊക്കെ വാങ്ങും. ഓരോപ്രാവശ്യം സാധനങ്ങൾ വാങ്ങുമ്പോഴും സൂപ്പർമാർക്കറ്റിൽനിന്നും പരമാവധി ക്യാരിബാഗുകൾ ശേഖരിക്കും. അവയാണ് അടുക്കളയിലെ വേസ്റ്റ് ബിന്നിന് എന്നുമെന്നും പുത്തൻ ഉടയാടയായി മാറുന്നത്. നിറം മാറിയാലും അലങ്കാരങ്ങളില്ലെങ്കിലും യൂട്യൂബ് ചാനലിലെ അതേ വിഭവം വൈഫൈ സഹായത്തോടെ വെന്തുപൊങ്ങുമ്പോൾ പാചകം അറിയാവുന്ന, റൂമിലെ തലമുതിർന്നൊരാൾ ഇടക്കൊന്ന് വന്ന് അഭിപ്രായം പറയും. "ഇങ്ങളൊന്ന് ഉപ്പും എരിവും നോക്കിക്കേ... ഞാനെന്തിട്ടാലും അത് കൂടിപ്പോകും..." എന്ന ഡയലോഗിനൊപ്പം തവിയും അയാൾക്ക് മുമ്പിലേക്ക് നീട്ടപ്പെടും. "ഒരു തരി ഉപ്പുകൂടി ആവാം..." എന്ന അഭിപ്രായത്തിനൊപ്പം ഗുരുത്വത്തിനുള്ള സമ്മാനമായി ഒരു പുഞ്ചിരി കൂടി വിടരും.
"ഇന്ന് ഷാജിയുടെ മെസ്സാണെങ്കിൽ പാവം ഓന്റെ ഉമ്മാടെ കാര്യം കഷ്ടാ..." എന്തിനും ഏതിനും വീട്ടിൽ വിളിച്ച് അഭിപ്രായം ചോദിക്കുന്നവനെ സഹമുറിയന്മാർ കളിയാക്കും. അടുക്കളയെന്നാൽ ചിലർക്ക് അമ്മയുടെ ഓർമ്മകളാണ്. അത്തരം ഓർമ്മകളുടെ അധികഭാരം ചുമക്കുന്നവർ കുക്കിംഗ് വീഡിയോകളെക്കാൾ ആശ്രയിക്കുക വീട്ടുകാരെയാണ്. വീഡിയോ ഓഡിയോ കോളുകളുടെ രൂപത്തിൽ നിർദ്ദേശങ്ങൾ മറുതലക്കൽ നിന്നെത്തും. ചേരുവകളൊന്നായ് അളവും ക്രമവുമനുസരിച്ച് ചൊരിയും. അമ്മയുടെ അല്ലെങ്കിൽ കെട്ടിയോളുടെ റെസിപ്പി എന്ന പേരിൽ സഹമുറിയന്മാർക്കു വിളമ്പും. അടിപൊളി എന്ന അഭിപ്രായം കേൾക്കുമെങ്കിലും പാചകം ചെയ്തയാൾക്ക് എന്തോ ഒരു കുറവ് തോന്നും. അരികിലില്ലാതെ പോയ പ്രിയപ്പെട്ടവരുടെ സ്നേഹം കൂടി വിശപ്പടക്കിയതിൽ കലരാത്തത് രുചി കുറയാൻ കാരണമായെന്ന് ഒടുവിൽ കാരണം കണ്ടെത്തും.
പൊതുവിഭവമായി ഖുബ്ബൂസിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലർക്കും താത്പര്യം ചോറിനോട് തന്നെയാണ്. ഉച്ചക്ക് വിശ്രമമുള്ളവരുടെയോ രാവിലെ വൈകി ജോലിക്ക് പോകുന്നവരുടെയോ ചുമതലയാണ് ചോറ് ഒരുക്കുക എന്നത്. കുളിയുടെ ദൈർഘ്യം കുക്കറിന്റെ അഞ്ച് നിലവിളികളിലൊതുക്കുക എന്നത് രാവിലെ ജോലിക്ക് പോകുമ്പോൾ ഉച്ചക്കുള്ള ചോറ് കൂടി കൊണ്ട് പോകുന്നവർ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ടതാണ്.
അതിരാവിലെ ജോലിക്ക് പോകുന്നവർ ചുരുട്ടിപ്പിടിച്ച പൊറോട്ടയിലും കാലിച്ചായയിലും പ്രാതലിനെ തളച്ചിടും. കാലിച്ചയായും കുടിച്ച് പുറത്തിറങ്ങുമ്പോൾ "കുട്ട്യോൾക്ക് എന്തെങ്കിലും കൊടുത്തോടീ" എന്ന് മെസ്സേജയക്കാൻ മറക്കാറില്ല. ഉപദേശങ്ങൾക്ക് കുറവൊന്നുമില്ല "ഇങ്ങനെ വെച്ചോണ്ടിരുന്നാൽ വേറെ വല്ല്യ അസുഖമായി മാറും, വേഗം ആസ്പത്രീല് പൊയ്ക്കോളിൻ..." എന്തിനുമേതിനും മരുന്നാവുന്ന പെനഡോൾ തിന്ന് തലവേദനയെ കൊല്ലാൻ കിടക്കുമ്പോഴും ഇങ്ങനെ വീട്ടിലുള്ളവരെ ഉപദേശിക്കാറുണ്ട്. "നീപറഞ്ഞ മോഡലിലുള്ള മിക്സി തന്നെ വാങ്ങിക്കോളാട്ടാ.." ചായഗ്ലാസ് കൊണ്ടിടിച്ച് കുഞ്ഞുള്ളി ചതക്കുമ്പോൾ വാഗ്ദാനങ്ങൾ വാരിച്ചൊരിയാറുമുണ്ട്.
പാചകകലയുടെ നവരസങ്ങൾ വാരിവിതറുന്നത് വെള്ളിയാഴ്ച്ച രാവിലാണ്. ഫുൾ ചിക്കനും അരമട്ടനും "ഇന്നത്തെ സ്‌പെഷ്യൽ" എന്ന ലേബലൊട്ടിച്ച് ഫാമിലിഗ്രൂപ്പിൽ പോസ്റ്റും. റെസിപ്പി ചോദിക്കുന്ന പെങ്ങന്മാർക്കും കുടുംബക്കാർക്കും മുമ്പിൽ തെല്ലരഭിമാനത്തോടെ ദീർഘമായൊരു വിവരണം നടത്തും. പൂവുംകയ്യും പ്രോത്സാഹനമായി വന്നുവീഴുമ്പോൾ അടുത്തയാഴ്ചത്തേക്കുള്ള പുത്തൻവിഭവം കണ്ടെത്താനുള്ള ഊർജ്ജം നിറയും.
"ഞങ്ങളിവിടെ ഒറ്റമണിക്കൂർ കൊണ്ടാ ബിരിയാണി വെച്ചത്..." ഫോൺ വിളിച്ചപ്പോൾ ഇതുവരെ പണിതീർന്നില്ലാ എന്ന് പരിഭവം പറഞ്ഞ കെട്ടിയവളോടു ആത്മസംതൃപ്തിയോടെ പറയും. "നാട്ടിലാവുമ്പോൾ പലർക്കും പലതു വേണം, ഉമ്മാക്ക് മീനില്ലാതെ പറ്റില്ല, ഉപ്പാക്ക് രാത്രി ചപ്പാത്തി വേണം, ജിമ്മിന് പോകുന്ന ആങ്ങളയ്ക്ക് വേറെ ടൈപ്പ്, മക്കൾക്ക് എരിവില്ലാത്തത് എന്തെങ്കിലും... അങ്ങനെ അങ്ങനെ ഉള്ളസമയം അടുക്കളയിൽ പോകും.. ഇവിടാകുമ്പോൾ അതൊന്നും നോക്കേണ്ട.. ഇടക്ക് ഇക്കയും എന്തേലും ഉണ്ടാക്കും.." ഒരു വെള്ളിയാഴ്ച്ച സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ സംസാരത്തിനിടയിൽ ഷാനിറിന്റെ ഭാര്യ സിദ്റ പറഞ്ഞത് ഓർമ്മ വന്നു.
"നാട്ടിലാകുമ്പോൾ സഹായത്തിന് എത്രപേരാ അടുക്കളയിലായാലും വീട്ടിലായാലും.. മ്മടെ ആള് ഇവിടെ അടുക്കളയുടെ പരിസരത്ത് തന്നെ വരില്ല.. പറഞ്ഞിട്ട് കാര്യമില്ല, ജോലി കഴിഞ്ഞു വരുമ്പോൾ തന്നെ ഒരു നേരമാകും.." പരാതിയുണ്ടെങ്കിലും ധന്യ അരുണിനെ കുറ്റപ്പെടുത്താൻ തയ്യാറായില്ല.
"എനിക്ക് ഇന്ന് ഒരു സുഖല്ല്യ.. ഇന്ന് ഇങ്ങള് എന്തെങ്കിലും ഉണ്ടാക്ക്ട്ടാ.. ധൈര്യമായി പറയാനും മതിവരുവോളം കിടന്നുറങ്ങാനും ഈ പ്രവാസ ലോകത്ത് നിന്നല്ലാതെ വേറെ എവിടുന്നാ പറ്റാ.. നാട്ടിൽ തനിച്ച് താമസിക്കുന്ന സ്വന്തം വീട്ടിൽ നിന്നാൽ കൂടി ആരെങ്കിലും കണ്ടുകൊണ്ട് വന്നാൽ കെട്ടിയോനെ അടുക്കളയിൽ കയറ്റി ജോലിയെടുപ്പിക്കുന്ന ഫെമിനിച്ചി എന്നാകും പേര്.." എന്ന് സാജിതാ ബഷീർ പറഞ്ഞപ്പോൾ ഞങ്ങൾ ബാച്ചിലേഴ്‌സ് ഒരു നിമിഷം മൗനത്തെ പുൽകി.
ഗൃഹാതുരത്വമുണർത്തുന്ന പല വിഭവങ്ങളും രുചിക്കാനുള്ള അവസരമാണ് ബാച്ചിലേഴ്സിന് വെള്ളിയാഴ്ച്ചകളിലെ കുടുംബക്കാരുടെയും നാട്ടുകാരുടെയും ഗൃഹങ്ങളിലേക്കും വില്ലകളിലേക്കുമുള്ള സന്ദർശനം. കുടുംബം കൂടെയില്ലാത്ത പല വിഷമതകളും കുറച്ചു നേരത്തേക്കെങ്കിലും മറക്കുന്ന സമയം. അവിടങ്ങളിൽ നിന്നുള്ള മടക്കയാത്ര പലപ്പോഴും അച്ചാർ കുപ്പികളുമായും വില്ലക്ക് പുറത്ത് തലയുയർത്തി നിൽക്കുന്ന കറിവേപ്പിലയുടെ കൊമ്പുകൾ മുറിച്ചെടുത്തുമാവും.
"കുറച്ചീസത്തിന് വേപ്പില വാങ്ങേണ്ടട്ടാ..." റൂമിലെത്തിയാൽ സഹമുറിയന്മാരോട് വിവരം പറയും. വേപ്പിലകൾ തണ്ടിൽ നിന്നടർത്തി പാത്രത്തിലോ കവറിലോ കാറ്റ് കയറാത്ത രീതിയിലടച്ച് ഫ്രിഡ്ജിലേക്ക് മാറ്റും. പിന്നീടുള്ള കുറച്ച് ദിവസങ്ങളിൽ ഗുണം നുകർന്ന് വലിച്ചെറിയാനാണെങ്കിലും സൂപ്പർമാർക്കറ്റിലെ ഷെൽഫിലിരിക്കുന്ന കടൽ കടന്നു വന്ന കറിവേപ്പിലയിലേക്ക് കൈകൾ നീങ്ങില്ല. എങ്കിലും ഈ പെടാപാടിനിടയിലും അതിവിശാലവും അകത്തും പുറത്തും അടുക്കളകളുമുള്ള വീടിനെ കുറിച്ചൊരു രൂപരേഖ അവരുടെയുള്ളിൽ നിറംപിടിച്ചു വരുന്നുണ്ട്. അത്തരം സ്വപ്നങ്ങൾക്കുള്ള നേർച്ചയാണ് ഓരോ വേദനയുമെന്ന ചിന്തയിലാണ് ഇടുങ്ങിയ ഈ അടുക്കളകളിലെല്ലാം അധ്വാനത്തിന്റെ എല്ലെണ്ണയിൽ വിഭവങ്ങളൊരുങ്ങുന്നത്.
ലോകമെമ്പാടുമുള്ള നാനാജാതി ജനങ്ങളുടെ മാനേഴ്സ് കണ്ടും ശീലിച്ചും ജീവിതത്തിൽ പാലിക്കാൻ ശ്രമിക്കുന്ന, ഓരോ വറ്റിന്റെയും വിലയറിയുന്ന അവർക്ക് നേരെയും പലപ്പോഴും കരുണയില്ലായ്മയുടെ മലിനജലം ഒഴിക്കപ്പെടാറുണ്ട്. ഇനിയൊരിറ്റ് എല്ലെണ്ണയില്ലെന്നറിയുമ്പോൾ പലർക്കും അവരുമൊരു കറിവേപ്പില! ഗുണം നുകർന്ന് മാറ്റിവെച്ചത്..!