പ്രിയ ഡോക്ടര്‍. തിരുവനന്തപുരത്തെ ഗൈനക്കോളജിസ്റ്റ് ഡോ. ഡോ.ഷെഹര്‍സയെക്കുറിച്ച് സുജിലാ റാണി എഴുതുന്നു
പ്രിയഡോക്ടര്‍. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഡോക്ടര്‍മാരെ കുറിച്ചുള്ള കുറിപ്പുകള്‍. മറക്കാനാവാത്ത ചികില്‍സാ അനുഭവങ്ങള്‍ അയക്കൂ. വിലാസം: submissions@asianetnews.in. കുറിപ്പിനൊപ്പം ഡോക്ടറുടെയും നിങ്ങളുടെയും ഒരു ഫോട്ടോ കൂടി അയക്കൂ. സബ്ജക്റ്റ് ലൈനില്‍ പ്രിയഡോക്ടര്‍ എന്നെഴുതാന്‍ മറക്കരുത്.
undefined
2013 നവംബര്‍ മൂന്ന്. ആദ്യ പ്രെഗ്‌നന്‍സി സമയം. അന്നാണ് ഡോ.ഷെഹര്‍സയെ ആദ്യം കാണുന്നത്. ഒരുപാട് സംസാരിക്കുന്ന, ഏത് സംശയവും ചോദിക്കാവുന്ന ഒരു ഡോക്ടര്‍.. ആദ്യമായി കാണുന്ന ഒരാളോട് പോലും യാതൊരു അപരിചിതത്വവുമില്ലാതെ സംസാരിക്കുന്ന ഡോക്ടര്‍. ഒരിക്കല്‍ പരിചയപ്പെട്ടവരെ വീണ്ടും വീണ്ടും തന്നിലേക്ക് പിടിച്ചടുപ്പിക്കുന്ന സ്‌നേഹം.
കണ്ടതിന്റെ പിറ്റേ ദിവസം ചെറിയ സ്‌പോട്ടിങ് കണ്ടപ്പോള്‍ ഡോക്ടറിനെ വിളിച്ചു. ഏയ്...കുഴപ്പമൊന്നും ഉണ്ടാകില്ല. ഒരു കാര്യം ചെയ്യ് സുജില ഇങ്ങു പോരെ. ഞാന്‍ ഹോസ്പിറ്റലില്‍ ഉണ്ട്- ഡോക്ടര്‍ പറഞ്ഞു.
ആധിയോടെ തൈക്കാട് ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. വിശദമായ പരിശോധനകള്‍ക്കൊടുവില്‍ മിസ്സ്ഡ് അബോര്‍ഷന്‍ എന്ന് സ്‌കാനിംഗ് റിപ്പോര്‍ട്ട്.
ഡി&സി ചെയ്യണം. പിറ്റേദിവസം സമയം തന്നു. ഡോക്ടറാണെങ്കില്‍ അന്ന് നൈറ്റും. പിറ്റേന്ന് രാവിലെ തന്നെ എന്നെ ഡി&സി റൂമില്‍ കയറ്റി. സര്‍ക്കാര്‍ ആശുപത്രി ആണ്.. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞവര്‍ മിക്കവാറും പിറ്റേ ദിവസത്തെ ഡേ ഡ്യൂട്ടി ചെയ്യാന്‍ സാദ്ധ്യതയില്ല. പക്ഷേ അമ്പരപ്പിച്ച് കൃത്യ സമയത്ത് ഷെഹര്‍സ ഡോക്ടര്‍ തന്നെ പ്രൊസീജ്യര്‍ റൂമില്‍ വന്നു. അസഹ്യമായ വേദനയ്ക്കിടയിലും ഡോക്ടറുടെ സാന്ത്വനം.
സുജില അധ്യാപിക അല്ലേ. എഡ്യുക്കേറ്റഡ് അല്ലേ. മറ്റുള്ളവരെ പോലെ ഇങ്ങനെ കരയല്ലേ. (വേദന എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് എന്നെക്കാള്‍ നന്നായി ഡോക്ടറിനറിയാം....)
പ്രൊസീജ്യര്‍ ചെയ്യുന്നതിനിടയില്‍ തലേദിവസം ലേബര്‍ റൂമില്‍ അറ്റന്‍ഡ് ചെയ്ത മൂന്ന് കേസുകളെ കുറിച്ച് പറയുന്നുണ്ട്. തലേദിവസം മുഴുവന്‍ ഉറക്കമൊഴിച്ചിട്ട് , ഒരു ദിവസത്തെ പരിചയം മാത്രമുള്ള എന്നെ അറ്റന്‍ഡ് ചെയ്യാന്‍ വേണ്ടി വന്നതാണ് ഡോക്ടര്‍. സര്‍ക്കാര്‍ ആശുപത്രി ആണ്. അന്ന് ഡേ ഡ്യൂട്ടി ഉള്ള ആള് ചെയ്യേണ്ടേ കേസ് ആണ്. എന്നിട്ടും....
അന്ന് തുടങ്ങിയ ബന്ധമാണ്.
എന്റെ രണ്ടാമത്തെ പ്രെഗ്‌നന്‍സി സമയത്ത് ഡോക്ടര്‍ ലോങ്ങ് ലീവിലാണ്. തിരുവനന്തപുരം സര്‍ക്കാര്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ സാം സാറിനെയാണ് കാണിക്കുന്നത്. എങ്കിലും ഷെഹര്‍സ മാഡത്തെ വിളിച്ച് കൃത്യമായി വിവരങ്ങള്‍ സംസാരിക്കുന്നുണ്ട്.
ഒരു ദിവസം ഭയങ്കരമായ വയറു വേദന. രാത്രി മുഴുവന്‍.കൂടുന്നതല്ലാതെ കുറയുന്നില്ല. പിറ്റേന്ന് രാവിലെതന്നെ സാം സാറിന്റെ ക്ലിനിക്കില്‍ പോയി. സ്‌കാനിംഗ് റിപ്പോര്‍ട്ടിനൊടുവില്‍ ട്യൂബുലാര്‍ പ്രെഗ്‌നന്‍സി. നേരെ മെഡിക്കല്‍ കോളേജിലോട്ട് വിട്ടു. അവിടുന്ന് പറഞ്ഞത് പെട്ടെന്ന് തന്നെ ഓപ്പണ്‍ സര്‍ജറി ചെയ്യണമെന്നാണ്.
എമര്‍ജന്‍സി കീ ഹോള്‍ സര്‍ജറി അവിടില്ല. ഓപ്പണ്‍ സര്‍ജറി ചെയ്യാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് ആ സൗകര്യം ലഭ്യമായ ഒരു ഹോസ്പിറ്റലിലോട്ട്' പോകാന്‍ തീരുമാനിച്ചു. സ്വന്തം താല്പര്യ പ്രകാരം ഡിസ്ചാര്‍ജ് വാങ്ങി പോകുന്നു എന്നും എന്ത് സംഭവിച്ചാലും മെഡിക്കല്‍ കോളേജിന് ഒരു ഉത്തരവാദിത്തവും ഉണ്ടാവുകയില്ല എന്നുംഎഴുതി കൊടുത്ത് ആംബുലന്‍സില്‍ നേരെ മറ്റൊരു ആശുപത്രിയിലേക്ക്.
എന്തും സംഭവിക്കാവുന്ന ഒരു യാത്ര ആയിരുന്നു അതെന്ന് പിന്നീട് ഡോക്ടര്‍ വിശദമായി പറഞ്ഞു തന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും വേറെ ഹോസ്പിറ്റലിലോട്ട് പോകുന്ന കാര്യം അപ്പോള്‍ ഡോ. ഷെഹര്‍സയോട് പറഞ്ഞിരുന്നില്ല.. പറഞ്ഞാല്‍ സമ്മതിക്കില്ലായിരുന്നു. നിന്റെ ജീവനേക്കാള്‍ വലുതല്ല ഓപ്പണ്‍ സര്‍ജറിയുടെ ബുദ്ധിമുട്ട് എന്നാണ് ഡോക്ടര്‍ പിന്നീട് പറഞ്ഞത്.. ട്യൂബുലാര്‍ പ്രെഗ്‌നന്‍സിയുടെ റിസ്‌ക് ആ സമയത്ത് ഞങ്ങള്‍ക്കും അറിയില്ലായിരുന്നു.
കീ ഹോള്‍ സര്‍ജറി ചെയ്തത് ഡോ. അയിഷ, ജീവന്‍ തന്നെ തിരിച്ചു തന്ന ഡോക്ടര്‍.
മൂന്നാമത്തെ പ്രെഗ്‌നന്‍സി സമയത്തും ഷെഹര്‍സ ഡോക്ടര്‍ ലീവ് ആയിരുന്നു. സാം സാറിനെ(ആത്മാര്‍ഥതയുടെ ആള്‍രൂപമായ സര്‍ക്കാര്‍ ഡോക്ടര്‍) തന്നെ ആയിരുന്നു ആ സമയത്തും കണ്ടത്. സ്‌കാനിംഗ് റിപോര്‍ട്ടില്‍ അബ്‌നോര്‍മല്‍ പ്രെഗ്‌നന്‍സി (suspected molar pregnancy). ആ റിപ്പോര്‍ട്ട് പറയുമ്പോള്‍ സാം സര്‍ എന്നെ നോക്കിയ ദയനീയ നോട്ടം ഇപ്പോഴും മനസ്സിലുണ്ട്. ഷെഹര്‍സ മാഡത്തെ വിളിച്ചപ്പോള്‍ മെഡിക്കല്‍ കോളേജില്‍ തന്നെ പോകണം. കൃത്യമായ കാരണം കണ്ടെത്തണം. എന്റെ സഹോദരന്റെ ഭാര്യയുണ്ട്. ഞാന്‍ വിളിച്ചു പറയാം ആളെ പോയി കണ്ടാല്‍ മതി എന്ന കര്‍ശന നിര്‍ദ്ദേശം...
ഒരിക്കല്‍ കൂടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡി&സി പ്രൊസീജ്യറിന്റെ സുഖം അറിഞ്ഞു.
Detailed pathology report: no abnormal causes..
2016 -ല്‍ ഹയര്‍ സെക്കണ്ടറി സര്‍വീസില്‍ കയറി ആറ് മാസം തികയുന്നതിനു മുമ്പാണ് നാലാമത്തെ പ്രെഗ്‌നന്‍സി.
അറിഞ്ഞപ്പോള്‍ തന്നെ ഇനി നമുക്ക് ഒരു പരീക്ഷണം വേണ്ട എന്ന് പറഞ്ഞ് ഡോക്ടറങ്ങു അഡ്മിറ്റ് ചെയ്തു. ആദ്യത്തെ 5 മാസം ഹോസ്പിറ്റലില്‍ തന്നെ. പിന്നെ വീട്ടില്‍ ബെഡ് റെസ്റ്റ്. ഹോസ്പിറ്റലില്‍ വെച്ച് ഡോക്ടറിനെ കാണുന്നത് പോലും മനസ്സിന് സമാധാനമാണ്. പക്ഷെ ഡോക്ടറിന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഒരു സര്‍ജറി വേണ്ടിവന്നു. 45 ദിവസം ഡോക്ടര്‍ ലീവ്. ആ 45 ദിവസം തള്ളി നീക്കാനാണ് ഗര്‍ഭകാലയളവില്‍ ഞാന്‍ ഏറ്റവും പ്രയാസപ്പെട്ടത്.
വീട്ടില്‍ വന്ന ശേഷം റെഗുലര്‍ ചെക് അപ് അല്ലാത്തപ്പോള്‍ ഡോക്ടറിനെ കാണാന്‍ സപ്‌നേഷേട്ടന്‍ ആയിരുന്നു പോയിരുന്നത്. പോകുമ്പോള്‍ ഒരു പേപ്പര്‍ നിറയെ എന്റെ വക സംശയങ്ങള്‍. തിരിച്ചു വരുമ്പോള്‍ ഓരോ ചോദ്യത്തിന് നേരെയും അതിന്റെ മറുപടി ഡോക്ടറിന്റെ കയ്യക്ഷരത്തില്‍ ഉണ്ടായിരിക്കും (കാത്തു വെച്ചിട്ടുണ്ടവയെല്ലാം കാഞ്ചനനിധി പോലെ ഞാന്‍).
ഇടയ്ക്ക് എന്റെ ഫോണ്‍ കാണുമ്പോള്‍ തന്നെ ഡോക്ടറിന് പേടിയാണ്. ദൈവമേ ഇവള്‍ എന്തു പറയാനാകുമോ ഈ വിളിക്കുന്നത് എന്ന്.
അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തി. മരുന്നു വെച്ചു 24 മണിക്കൂര്‍ കഴിഞ്ഞിട്ടും നോര്‍മല്‍ ഡെലിവറി സാധ്യമാകില്ലെന്ന് മനസ്സിലാക്കി സിസേറിയന്‍ ചെയ്യാന്‍ തീരുമാനിച്ചു..
അന്ന് ലേബര്‍ റൂമില്‍ നല്ല തിരക്കായിരുന്നു. ഡോക്ടറിന് അന്ന് ആറോളം കേസുകള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങളുടെ പരിചയം ഉളളത് കൊണ്ട് എന്നെത്തന്നെ ഡോക്ടര്‍ ആദ്യം അറ്റന്‍ഡ് ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് ഞാന്‍. മരുന്ന് വെച്ചത് കൊണ്ട് വേദന കൂടിക്കൂടി വരുന്നുമുണ്ടായിരുന്നു. മറ്റ് ഡോക്‌ടേഴ്‌സിന്റെ കേസുകള്‍ (സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് എല്ലാവരും സ്വന്തം കേസുകള്‍ തന്നെയാണ്.. എന്നാലും ഓരോ ദിവസത്തെ ഒ.പി അനുസരിച്ച് ഓരോരുത്തര്‍ ഓരോ ഡോക്‌ടേഴ്‌സിന്റെ പേഷ്യന്റ്‌സ് ആണ്) അറ്റന്‍ഡ് ചെയ്യുമ്പോളും ഈ ഡോക്ടറെന്താ എന്നെ പരിഗണിക്കാത്തത് എന്ന സങ്കടം കണ്ണു നീരായി ഒഴുകുന്നുണ്ടായിരുന്നു.
ഇതിനിടയില്‍ എന്റെ തൊട്ടപ്പുറത്തു കിടക്കുന്ന കുട്ടിയുടെ പ്രസവം നീണ്ട് കൊണ്ടിരിക്കുകയാണ്. നോര്‍മല്‍ ഡെലിവറി സാധ്യമാകാത്തത് കൊണ്ട് വാക്വം വെച്ച് എടുക്കാന്‍ ഉള്ള ശ്രമത്തിലാണ്. ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേ ഇനി ഡെലിവറി കഴിയാന്‍ ബാക്കിയുള്ളൂ. രണ്ടുപേരെയും പുലര്‍ച്ചെ ലേബര്‍ റൂമില്‍ കയറ്റിയതാണ്. സമയം രാത്രി 8 മണി ആയി. സിസ്റ്റര്‍ പുറത്ത് നിന്ന് വന്നു പറയുന്നു. 'ബൈസ്റ്റാന്‍ഡേഴ്‌സ് പുറത്തു നിന്നും ബഹളം വെക്കുന്നു.. എന്താ ഇത്ര താമസിക്കുന്നതെന്ന് ചോദിച്ചിട്ട്'
അപ്പോള്‍ ഡോക്ടര്‍ കൊടുത്ത മറുപടി ഇന്നും മനസ്സിലുണ്ട്. 'ആരാ ബഹളം വെക്കുന്നത്. ഞാന്‍ സംസാരിക്കാം അവരോട്.. ഏതായാലും ബഹളം വെക്കുന്നവരുടെ കൂട്ടത്തില്‍ സുജിലയുടെ ബൈസ്റ്റാന്‍ഡേര്‍ഡ് ഉണ്ടാവില്ല. അതെനിക്കുറപ്പാണ്'
ഡോക്ടറുടെ മനസ്സില്‍ ഉണ്ടായ ആ ഉറപ്പ് തന്നെയാണ് അന്നത്തെ ഏറ്റവും അവസാനത്തെ കേസാക്കി എന്നെ മാറ്റി വെക്കാന്‍ കാരണം. പിന്നെ മറ്റൊരു കാരണവും ഉണ്ടായിരുന്നത്രെ. ഡോക്ടറിന്റെ പേഷ്യന്റ്‌സ് ഡോക്ടറിനെയും മറ്റുള്ളവരെയും മനസ്സിലാക്കുന്നവര്‍ ആയിരിക്കുമെന്ന ഉറപ്പ് ഉണ്ടായിരുന്നൂന്ന്..അത് അങ്ങനെയാവാതിരിക്കില്ലല്ലോ.
മറ്റേ കുട്ടിക്ക് വാക്വവും പരാജയപ്പെട്ടത് കൊണ്ട് ഉടന്‍ തന്നെ സിസേറിയന്‍ ചെയ്യാന്‍ തീരുമാനിച്ചു. അതിനിടയില്‍ അനസ്തേഷ്യോളജിസ്റ്റിനെ വിളിക്കുന്നുണ്ട്.
'ഏയ് അല്ല.. അത് ഈ കേസല്ല. അതിതു കഴിഞ്ഞിട്ടാണ് ചെയ്യുന്നത'
എന്റെ കാര്യം നേരത്തെ തന്നെ അനസ്തേഷ്യോളജിസ്റ്റിനോട് പറഞ്ഞിട്ടുണ്ടെന്നു മനസ്സിലായി. തീയേറ്ററിലേക്ക് പോകുന്നതിന് മുമ്പ് എന്നെ തയ്യാറാക്കാന്‍ സിസ്റ്ററിന് നിര്‍ദ്ദേശം കൊടുത്തിരുന്നു.
അങ്ങനെ ഏകദേശം 9 മണിയോടെ എന്നെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി. അനസ്തേഷ്യ എടുത്തത് പോലും അറിഞ്ഞില്ല. കേട്ട കഥകളില്‍ പ്രസവ വേദനയെക്കാള്‍ വലിയ വേദന അതായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ പ്രൊസീജ്യര്‍ ചെയ്യുന്നത് കൊണ്ടാവും ഒരു തരത്തിലുള്ള ഭയവും ആകാംക്ഷയും അലട്ടിയില്ല. ഏറ്റവും അടുത്ത ഒരു സുഹൃത്തിനോട് സംസാരിക്കുന്ന പോലെ ഡോക്ടര്‍ എന്നോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു, 'മോളാണ്. ഇനി ഒന്നു മയങ്ങിക്കോളൂ' പക്ഷെ മയക്കം വരാതെ മനം നിറഞ്ഞു കൊണ്ട് ഞാന്‍ വീണ്ടും വീണ്ടും ഡോക്ടറിനോട് സംസാരിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു....
താണ്ടിയ വേദനകള്‍ മറന്നത് ഡോക്ടര്‍ പറഞ്ഞ 'പോയ മൂന്ന് പേരില്‍ ആരെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഇത്രയും മിടുക്കിയായ ഒരു കൊച്ചിനെ കിട്ടുമായിരുന്നോ സുജിലാ' എന്ന വാക്കുകളിലൂടെയാണ്'
എന്റെ കുഞ്ഞിനെ ആദ്യം കണ്ട ആദ്യം സ്പര്‍ശിച്ച ഈ ഡോക്ടറാണ് എന്റെ പ്രിയഡോക്ടര്‍.
പ്രിയഡോക്ടര്‍മാര്‍: മുഴുവനായി വായിക്കാം
കേരളം മറക്കരുതാത്ത ഒരു ഡോക്ടര്‍!
ശരീരത്തിന്റെ മുറിവുകള്‍ക്കപ്പുറം, മനസ്സിന്റെ മുറിവാണ് ഉണങ്ങേണ്ടത്
അമ്മേ, ഞാന്‍ പോവുകയാണ്, ഒരു കുഞ്ഞു ശബ്ദം എന്റെ കാതില്‍ പറഞ്ഞു
ഇതുപോലൊരു ഡോക്ടര്‍ കൂടെ ഉണ്ടെങ്കില്‍, ഒരു കാന്‍സറും നിങ്ങളെ ഭയപ്പെടുത്തില്ല!
എന്റെ മകള്‍ക്ക് അമ്മയെ തിരിച്ചുകൊടുത്തത് ഇവരാണ്, തളരാതെ പൊരുതാന്‍ പഠിപ്പിച്ചതും