അമ്മേ, ഞാന്‍ പോവുകയാണ്, ഒരു കുഞ്ഞു ശബ്ദം എന്റെ കാതില്‍ പറഞ്ഞു

By Web Team  |  First Published Jul 3, 2021, 5:16 PM IST

പ്രിയഡോക്ടര്‍. ഡോ. എസ് കെ റാവു എന്ന ഡോ. ശ്രീ കൃഷ്ണ റാവുവിനെക്കുറിച്ച് ബീന കുന്നക്കാട് എഴുതുന്നു


പ്രിയഡോക്ടര്‍. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഡോക്ടര്‍മാരെ കുറിച്ചുള്ള കുറിപ്പുകള്‍. മറക്കാനാവാത്ത ചികില്‍സാ അനുഭവങ്ങള്‍ അയക്കൂ. വിലാസം: submissions@asianetnews.in. കുറിപ്പിനൊപ്പം ഡോക്ടറുടെയും നിങ്ങളുടെയും ഒരു ഫോട്ടോ കൂടി അയക്കൂ. സബ്ജക്റ്റ് ലൈനില്‍ പ്രിയഡോക്ടര്‍ എന്നെഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

 

ഇരുപത്തി നാല് വര്‍ഷം മുമ്പ്, ഒരു രാത്രി. എന്റെ രാത്രിവസ്ത്രം നനച്ചു കൊണ്ട് താന്‍ കിടന്നിരുന്ന വെള്ളം പൊട്ടിച്ചു, അവള്‍ പുറത്തേക്ക് വരാന്‍ തയ്യാറായി. 

സുബ്രമണ്യ അയ്യര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സെവന്‍ത്‌ഡേ അഡ്വന്‍ടിസ്റ്റ് ആശുപത്രിയില്‍ എന്നെ  അഡ്മിറ്റ് ചെയ്തു. വയറ്റില്‍ അപ്പോഴും പ്രാണന്റെ കുത്തിമറിയല്‍ അനുഭവപ്പെട്ടിരുന്നു. 

'ഇപ്പോള്‍ എങ്ങനെ ഉണ്ട് മ്മാ...' എന്ന് സ്‌നേഹത്തോടെ ചോദിച്ചു കൊണ്ട് ഒരു സിസ്റ്റര്‍ എന്റെ അടുത്ത് വന്നു. 

'വേദന ഒട്ടും വന്നിട്ടില്ല'.  അവര്‍ പറഞ്ഞു. 

അവിടെ വെച്ചാണ് ഞാന്‍ ദൈവത്തെ പോലെ ഉള്ള ആ വലിയ മനുഷ്യനെ കാണുന്നത്. ഡോ. എസ് കെ റാവു എന്ന ഡോ. ശ്രീ കൃഷ്ണ റാവു. ആന്ധ്രാപ്രദേശില്‍നിന്നു വന്ന് ഒറ്റപ്പാലത്ത് താമസമാക്കിയ ഡോക്ടറാണ്. ഇവിടെ ക്രിട്ടിക്കല്‍ കേസുകള്‍ മുഴുവനും ചികില്‍സിക്കുന്നത് അദ്ദേഹമാണ്.

ലേബര്‍ റൂമില്‍ ഇടക്ക് മാത്രമേ അദ്ദേഹം വന്നുള്ളൂ.  അതിന് മുന്‍പ് 'ബീനാ... എന്താ വിശേഷം?' എന്ന് ചോദിച്ചു കൊണ്ട്  എന്നെ പരിശോധിച്ചത് ജൂനിയര്‍ ഡോക്ടര്‍മാരായ പ്രദീപും സാമുമാണ്. 

രാത്രിയുടെ ഏതോ യാമത്തില്‍ ഡോ. റാവു എന്റെ അടുത്ത് വന്നു. 'ബീനാ...ഞാന്‍ പറയുന്നത് ശ്രദ്ധയോടെ  കേള്‍ക്കാന്‍ ശ്രമിക്കണം'-തെല്ലു വഴങ്ങാത്ത മലയാള ഭാഷയില്‍ അദ്ദേഹം എന്നോട് പറഞ്ഞു.

'ഈ കുട്ടി ജീവിച്ചിരിക്കില്ല.  കടുത്ത ഇന്‍ഫെക്ഷന്‍ ആണ് ബീന നേരിടുന്നത്. കുട്ടിക്ക് തലയില്‍ ഒരു മുഴ ഉണ്ട്. എങ്ങനെയെങ്കിലും ജീവിച്ചാല്‍ തന്നെ മെനിഞ്‌ജൈറ്റിസ് കുട്ടിയെ ബാധിച്ചേക്കാം. അത് കൊണ്ട് വിഷമിക്കരുത്. അടുത്ത തവണ നല്ലൊരു ഡെലിവറി പ്രതീക്ഷിക്കാം. ഞാന്‍ വാക്ക് തരുന്നു.'

ഡോക്ടറുടെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ ഏറെ സമയം എടുത്തു. ആറ്റുനോറ്റുണ്ടായ ആദ്യത്തെ കണ്മണി ആണ്. ഒരു ചെറിയ 'മിസ് കാര്യേജ്'  ഉണ്ടായ ശേഷം ഒരു കുഞ്ഞിക്കാല് കാണാന്‍ കാത്തുകാത്തിരുന്ന് കിട്ടിയത്.

മനസ്സിലെ വേലിയേറ്റങ്ങളില്‍ പെട്ട് ഒരു വഞ്ചി ആടി ഉലയുന്നത് ഞാന്‍ അറിഞ്ഞു. 

വയറ്റില്‍ അനക്കം കുറഞ്ഞു. മൂന്നു മണിയോടെ ആ അവസാനത്തെ ഇളക്കവും ഞാന്‍ അറിഞ്ഞു. 'അമ്മേ... ഞാന്‍ പോവുക ആണ്.' ഒരു കുഞ്ഞു ശബ്ദം എന്റെ കാതില്‍ പറഞ്ഞു. അടിവയറ്റില്‍ കഠിന വേദന അനുഭവപ്പെട്ടു. 

നിലവിലുള്ളവര്‍ ഡ്യൂട്ടി മാറി പുതിയ ആളുകള്‍ വന്നു.

കഴുത്തിനൊപ്പം മുടി ബോബ് ചെയ്ത ഒരു തമിഴ് ഗൈനക്കോളജിസ്റ്റ്. കൂടെ കുറേ മിടുക്കികളായ സിസ്റ്റര്‍മാരും. അവര്‍ എന്റെ പ്രസവം നടത്തി. മോഹിച്ചു മനസ്സില്‍ സൂക്ഷിച്ച കരച്ചില്‍ ഞാന്‍ കേട്ടില്ല. 

മനസ്സും വയറും ഒഴിഞ്ഞു ഒരരികില്‍ ചുമരു ചേര്‍ന്ന് ഞാന്‍ കിടന്നു. എല്ലാ തിരക്കും കഴിഞ്ഞപ്പോള്‍ ആരുടെ കുട്ടി ആണ് ഇതെന്നു സിസ്റ്റര്‍മാര്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നു. 'എന്റെ കുട്ടി ആണ് അത്. അത്രേം നേരം എന്റെ ഗര്‍ഭപാത്രത്തില്‍ എന്നിലെ ജീവനില്‍ ഒരു ഭാഗമായവള്‍' എന്ന് ഉറക്കെ പറയാന്‍ തോന്നി.

എനിക്കവളെ കാണാന്‍ ഉള്ള ആഗ്രഹം തുടരെത്തുടരെ  വര്‍ധിച്ചു. ഒരു സിസ്റ്ററെ അടുത്തേക്ക് വിളിച്ചു ഞാന്‍ എന്റെ ആഗ്രഹം പറഞ്ഞു. അവര്‍ കുട്ടിയെ എനിക്ക് കാണിച്ചു. തലയിലൊരു മുഴയും നട്ടെല്ലിന് ഒരു വിടവ് പോലെ തോന്നിക്കുന്ന പാടും ഉള്ളത് ഞാന്‍ കണ്ടു. 'മോളെ' എന്ന് മനസ്സില്‍ വിളിച്ചു,  കൈ കൊണ്ട് കുഞ്ഞുതലയില്‍ തടവി ഞാന്‍ അവള്‍ക്ക് യാത്രമൊഴി  നല്‍കി... 

 

സെവെന്ത് ഡേ ആശുപത്രി

 

ദിവസങ്ങള്‍ക്ക് ശേഷം റാവു ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചു ധാരാളം മരുന്നുകള്‍ കുത്തി വെച്ച്, കടുത്ത ഉപദേശങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു. മൂന്നു വര്‍ഷം ഫോളിക് ആസിഡ് അടങ്ങിയ മരുന്നൊക്കെ കഴിച്ചു.വീണ്ടും ഗര്‍ഭിണി ആയപ്പോള്‍ ഡോക്ടറെ കണ്ടു. ഡോക്ടര്‍ അപ്പോള്‍ വള്ളുവനാട് ആശുപത്രിയിലേക്ക്  മാറിയിരുന്നു.

മൂന്നാം മാസത്തില്‍ കുട്ടി വയറ്റില്‍ കിടക്കുന്നത് അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിലൂടെ അദ്ദേഹം കാണിച്ചു തന്നു. 

'ബീന... ഇതാ ബീനയുടെ കുട്ടി കിടക്കുന്നത് കണ്ടോ?' അദ്ദേഹം സ്‌ക്രീനില്‍ കാണിച്ചു തന്നു. എന്റെ ഹൃദയത്തില്‍ സന്തോഷത്തിന്റെ ഇളം കാറ്റ് വീശി. നാലാം മാസത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയേറ്ററിലേക്ക്. 

ഓപ്പറേഷന്‍ തീയേറ്ററില്‍ ഞാനും അനസ്‌തേഷ്യ തരുന്ന ഡോക്ടറും മാത്രം. അദ്ദേഹം എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു ഏതോ കുപ്പി മരുന്ന് കേറ്റി കൊണ്ടിരുന്നതില്‍ വേറൊരു മരുന്ന് കുത്തി വെച്ചു. ഒറ്റ തലകറക്കത്തില്‍ എനിക്ക് ബോധം നഷ്ടപ്പെട്ടു. പിന്നീട് നടന്നതൊന്നും ഓര്‍മ്മയില്ല.

'ഹലോ... പേരെന്താ? ഹസ്ബന്റിന്റെ പേരെന്താ?' എന്നൊക്കെ ചോദിച്ച് ഒരു പുരുഷശബ്ദം എന്നെ ഉറക്കെ തട്ടി വിളിക്കു ന്നുണ്ട്. ഞാന്‍ അവ്യക്തമായി വാക്കുകള്‍ കുഴഞ്ഞ് ബീന, വാസുദേവന്‍ എന്നൊക്കെ പറഞ്ഞത് എനിക്ക് നല്ല പോലെ ഓര്‍മ്മയുണ്ട്.

'സര്‍വിക്കല്‍ സര്‍ക്കലേജ്' എന്ന ഒരു  സംവിധാനം. ഗര്‍ഭപാത്രം... തുന്നി കെട്ടിയിരിക്കുകയാണ്.-ഡോക്ടര്‍ പറഞ്ഞു.'ഇനി  ഏട്ടാമാസത്തില്‍ സ്റ്റിച്ച്  എടുക്കും.'

പറഞ്ഞ പോലെ ഏട്ടാമാസത്തില്‍ ഞങ്ങള്‍ നേരത്തെ എത്തി ചേര്‍ന്നു. അത് ലേബര്‍ റൂമില്‍ വെച്ച് നടത്തി.

പിന്നീട് ഒന്‍പതാം മാസത്തില്‍ വീണ്ടും ആശുപത്രിയില്‍ കിടന്നു. അപ്പോഴേക്കും ഡോ. റാവു എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിട്ടുണ്ടായിരുന്നു. ഏത് സമയവും ഡോക്ടറെ വിശ്വസിച്ചു മാത്രം ഉള്ള ജീവിതം. 

'ബീന... നാളെ നല്ല ഒരു ദിവസം ആണ്, നമുക്ക് വേദനക്ക് മരുന്ന് കുത്തിയാലോ...' ഡോക്ടറെ അനുസരിച്ചല്ലേ പറ്റൂ. ഞാന്‍ അനുസരിച്ചു.

പിറ്റേന്ന് ഞാന്‍ വലിയ വയറും വെച്ചു ലേബര്‍ റൂമിലേക്ക് നടന്നു. വേദനക്ക് മരുന്ന് കുത്തി കുറച്ച് കഴിയുമ്പോഴേക്കും
കഠിന വേദനകള്‍ ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു. എന്റെ അടുത്ത കിടക്കകളില്‍ ഉള്ളവര്‍ ഒക്കെ പ്രസവിച്ചു. എനിക്ക് ഒരു വേദന വന്നിട്ട് അത് മാറുന്നതേ ഇല്ല.

'ബീന.. പ്രെഷ്യസ് ബേബി അല്ലെ? നമുക്ക്  ഓപ്പറേറ്റ് ചെയ്ത് എടുക്കാം. ലേബര്‍ റൂമില്‍ അമ്മയും ഉണ്ട്. അമ്മ റിട്ടയര്‍ ചെയ്ത ഹെഡ് നഴ്‌സ് ആണ്. എന്നെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് സിസേറിയന്‍ നടത്തി. 'ബീന....പ്രസവം കഴിഞ്ഞു പെണ്‍കുട്ടി, കണ്‍ഗ്രാറ്റ്‌സ്' സന്തോഷത്തോടെ ഡോക്ടര്‍ പറഞ്ഞു.

എനിക്ക് ഉണ്ടായ സന്തോഷത്തിനു അതിരില്ല. ഞങ്ങളുടെ കുടുംബത്തില്‍ കുറേ നാളുകള്‍ക്ക് ശേഷം ഒരു കുട്ടി ഉണ്ടായതാണ്. പിന്നീട് അങ്ങോട്ട് എല്ലാവരും നല്ല സന്തോഷത്തില്‍ ആയിരുന്നു.

വീണ്ടും രണ്ട് വര്‍ഷത്തിനു ശേഷം ഗര്‍ഭിണി ആയപ്പോള്‍ ഡോക്ടര്‍ തന്നെയാണ് ചികിത്സ നടത്തിയത്. ആ കുട്ടിക്കും ഇതൊക്കെ വേണ്ടി വന്നു. ഇതേ ചികിത്സ. അപ്പോഴേക്കും ഓപ്പറേഷന്‍ തിയേറ്ററിനോടുള്ള പേടി ഒക്കെ എനിക്ക് നഷ്ടപ്പെട്ടിരുന്നു.

ഡോക്ടറോട് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.

 

 

വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ സെവെന്ത് ഡേ ആശുപത്രിയില്‍ വീണ്ടും വന്നു, അച്ഛന്റെ ഓപ്പറേഷന്. 

ഇടതടവില്ലാത്ത ഇടിയും മിന്നലും. മഴ തുടങ്ങിയിട്ടില്ല. ആശുപത്രിയുടെ നടുമുറ്റത്ത് തുമ്പികള്‍ നിലംപറ്റി പറക്കുന്നു. നല്ല മഴക്ക് സാധ്യത കൂടുതല്‍ ആണ്. എന്നും പലവിധത്തിലുള്ള പൂമ്പാറ്റകള്‍  വന്നിരിക്കുന്ന പിങ്ക് പൂക്കളുള്ള ആ ചെറിയ മരം അവിടെ നില്‍ക്കുന്നുണ്ടെങ്കിലും അന്ന് ഒരു പൂമ്പാറ്റ പോലും അതില്‍ വന്നിരുന്നില്ല.

ഒരിക്കലും ഈ ആശുപത്രിയില്‍ തിരിച്ചു വരുമെന്ന് കരുതിയതല്ല. അവള്‍ എന്നെ വിട്ട് പോയത് ഇവിടെ നിന്നാണ്. അന്നും ഇടിയും മിന്നലും ഉണ്ടായിരുന്നു.

അച്ഛനെ ഓപ്പറേഷന്‍ തീയേറ്ററില്‍ കേറ്റിയിരിക്കുകയാണ്. അപ്പോള്‍ മുഖ പരിചയമുള്ള ഒരാള്‍ പെട്ടെന്ന് മുന്നിലൂടെ നടന്നു നീങ്ങി. 

'റാവു ഡോക്ടര്‍...' അനിയത്തി ഉറക്കെ പറഞ്ഞു. 

ഞാനും അവളും പിന്നാലെ ഓടി. പണ്ടും അങ്ങനെ ആണ് സാറിന്റെ നടത്തം. മിന്നല്‍ വേഗത്തില്‍ ആണ് ഡോക്ടര്‍ നടക്കുന്നത്.

കണ്ടപ്പോള്‍ തന്നെ എന്നെ മനസ്സിലായ പോലെ. നന്നായി ചിരിച്ചു. എന്നാല്‍ എന്റെ പേര് അദ്ദേഹം മറന്നിരുന്നു.

'ഞാന്‍ ബീന..... ഡോക്ടറുടെ ഒരു പേഷ്യന്റ് ആയിരുന്നു.'

 'ഞാന്‍ ഓര്‍ക്കുന്നു. ഡോക്ടര്‍ നിറഞ്ഞ ചിരിയോടെ പറഞ്ഞു. കുട്ടികളുടെ വിശേഷം ചോദിച്ചു.

'ഒരു ഫോട്ടോ എടുക്കട്ടെ സാറേ...' ഞാന്‍ ചോദിച്ചു.

'ഓ.. യെസ്'

സ്‌നേഹത്തോടെ അദ്ദേഹം എന്റെ ഫോട്ടോക്ക് പോസ് ചെയ്തു. 

 

പ്രിയഡോക്ടര്‍മാര്‍: മുഴുവനായി വായിക്കാം

കേരളം മറക്കരുതാത്ത ഒരു ഡോക്ടര്‍! 

ശരീരത്തിന്റെ മുറിവുകള്‍ക്കപ്പുറം, മനസ്സിന്റെ മുറിവാണ് ഉണങ്ങേണ്ടത്

 

click me!