രണ്ടാം ട്രംപ് സര്‍ക്കാര്‍ അധികാരമേൽക്കും മുമ്പേ ഭരണത്തില്‍ പിടിമുറുക്കി 'പ്രസിഡന്‍റ് മസ്ക്'

By Web Team  |  First Published Dec 25, 2024, 3:56 PM IST

നിയുക്ത പ്രസിഡന്‍റ് അടുത്തമാസം മാത്രമേ അധികാരമേല്‍ക്കൂ. പക്ഷേ, അതിന് മുമ്പ് തന്നെ ട്രംപിനെ പോലും അപ്രസക്തമാക്കുന്ന രീതിയിലാണ് ടെസ്ല സിഇഒയും ഗവൺമെന്‍റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്‍റിന്‍റെ കോ ചെയറുമായ എലണ്‍ മസ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍. വായിക്കാം ലോകജാലകം. 
 



മേരിക്കൻ സർക്കാരിന് മാത്രം സ്വന്തമായ ഒരു പ്രതിഭാസമാണ് ഷഡ്ഡൌൺ (Shutdown). അതായത് സർക്കാരിന് പ്രവർത്തിക്കാനുള്ള ഫണ്ട് ഇല്ലാതാവുക. അതോടെ ഫെഡറൽ ജീവനക്കാർക്ക് ശമ്പളം വരെ ഇല്ലാതെയാകുന്ന അവസ്ഥ. 1980 -ലാണ് ഈയൊരു അവസ്ഥയുടെ തുടക്കം. പിന്നെയിതുവരെ 10 തവണ സർക്കാർ അടച്ചു പൂട്ടേണ്ടി വന്നിട്ടുണ്ട്. അതിന്‍റെ വക്കുവരെയെത്തി ഇപ്പോഴും.  ഇത്തവണ പക്ഷേ ചരടുവലിച്ചത് എലൺ മസ്കാണ്. ആദ്യത്തെ ബിൽ റിപബ്ലിക്കൻ, ഡമോക്രാറ്റ് അംഗങ്ങൾ ഒരുമിച്ച് ധാരണയാക്കിയതാണ്. പക്ഷേ അത് മസ്കിന്‍റെ ഇടപെടലിനെത്തുടർന്ന് വേണ്ടെന്നുവച്ചു. പിന്നെ ട്രംപ് കൂടി അംഗീകരിച്ച ബിൽ തയ്യാറാക്കി. മസ്കിന്‍റെ എക്സ് പോസ്റ്റുകളിലൂടെ അതിന്‍റെയും മരണ മണിയടിച്ചു. 38 റിപബ്ലിക്കൻ അംഗങ്ങളാണ് ഡമോക്രാറ്റുകൾക്കൊപ്പം എതിർത്ത് വോട്ടുചെയ്തത്. തന്‍റെ അധികാരത്തിന് പരിധികളുണ്ടെന്ന് ട്രംപിന് ബോധ്യമായെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും അവസാന ശ്രമം വിജയിച്ചു. സഭ പാസാക്കി, പക്ഷേ, സമയപരിധി കടന്നിട്ടാണ് സെനറ്റ്, ബിൽ പാസാക്കിയത്.

റിപബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധിസഭയിൽ നേർത്ത ഭൂരിപക്ഷമേയുള്ളൂ. അങ്ങനെ വരുമ്പോൾ പലപ്പോഴും ബില്ലുകൾ പാസാക്കുന്നത് ബുദ്ധിമുട്ടാണ്. പ്രതിപക്ഷം എപ്പോഴും എതിർക്കും. ഇപ്പോഴും അതാണുണ്ടായത്. ഡമോക്രാറ്റുകൾ എതിർത്തു. പക്ഷേ, അതിനൊപ്പം കൂടി കുറേ റിപബ്ലിക്കൻ അംഗങ്ങളും. അതോടെ ബിൽ തള്ളി. റിപബ്ലിക്കൻ നിരയിലെ ഈ മലക്കംമറിച്ചിലിന് കാരണം മസ്കാണ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ മസ്ക്, ബില്ലിനെ തള്ളിപ്പറഞ്ഞു. റിപബ്ലിക്കൻ സ്പീക്കർ കഷ്ടപ്പെട്ടാണ് ഡമോക്രാറ്റ് അംഗങ്ങളെക്കൂടി ഒരുവിധത്തിൽ പറഞ്ഞു മനസിലാക്കി പിന്തുണ ഒപ്പിച്ചു വച്ചിരുന്നത്. മസ്കിന്‍റെ പോസ്റ്റുകളുടെ എണ്ണം കൂടിയപ്പോൾ, 70 എണ്ണം എന്നാണ് കണക്ക്. പിന്നാലെ ട്രംപും അണിചേർന്നു. തന്‍റെ താൽപര്യക്കുറവ് അറിയിച്ചു. ഇപ്പോഴുള്ള പോലെ ഒരു പരിധി തന്നെ വേണ്ടെന്നും ട്രംപ് നിർദ്ദേശിച്ചു. അതും കൂടിയായപ്പോൾ റിപബ്ലിക്കൻ അംഗങ്ങൾ കാലുമാറി. ബിൽ പരാജയപ്പെട്ടു.

Latest Videos

undefined

(ടെസ്ല സിഇഒയും പുതുതായി പ്രഖ്യാപിച്ച സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് കോ-ചെയറുമായ എലോൺ മസ്ക് തന്‍റെ മകൻ എക്സിനെ തോളിലേറ്റി യുഎസ് ക്യാപിറ്റോളിലെത്തിയപ്പോള്‍.)

ട്രംപ് സർക്കാറിന്‍റെ കാര്യക്ഷമതാ വകുപ്പും ക്യാപ്പിറ്റോള്‍ കലാപകാരികൾക്കുള്ള മാപ്പും

'പ്രസിഡന്‍റ് മസ്ക്'

'ജനങ്ങളുടെ ശബ്ദം വിജയിച്ചു' എന്നായിരുന്നു മസ്ക് അവകാശപ്പെട്ടത്. 'ജയിച്ചത് മസ്കിന്‍റെ ശബ്ദം' എന്നാണ് മാധ്യമപക്ഷം. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഏകാധിപതികൾ പതിവായി പറയുന്ന ഒരു വാക്കാണ് 'ജനം'. സ്വന്തം ഇഷ്ടങ്ങൾ നടപ്പാക്കിയിട്ട് 'ജനങ്ങൾ ഞങ്ങൾക്കൊപ്പം, ജനം വിജയിച്ചു' എന്നൊക്കെയങ്ങ് പ്രസ്താവിക്കും. അതുതന്നെയാണ് മസ്കും ട്രംപും ചെയ്തിരിക്കുന്നത്. നടപ്പായത് അവരുടെ ഇഷ്ടം.

ഇനി വരാൻ പോകുന്ന ട്രംപ് സർക്കാരിന്‍റെ ഭരണം എങ്ങനെയായിരിക്കും എന്നതിന്‍റെ ഒരു ചെറിയ ടെസ്റ്റ് ഡോസാണിത്. പക്ഷേ, മസ്കിന്‍റെ ഈ 'സൂപ്പർ പ്രസിഡന്‍റ്' കളിയിൽ റിപബ്ലിക്കൻ നിരയിൽ അഭിപ്രായ ഭിന്നത തുടങ്ങിയിട്ടുണ്ട്. 'ചേംബറിൽ അയാളില്ലല്ലോ' എന്ന് പ്രതികരിച്ചത് ഗ്ലെന്‍ തോംപ്സണ്‍. 'പ്രസിഡന്‍റ് മസ്ക്' എന്ന് ഡമോക്രാറ്റുകൾ  പരിഹാസ രൂപേണ പറഞ്ഞു തുടങ്ങിയിരിക്കുന്നു. റിപബ്ലിക്കൻ നിരയിൽ അല്ലെങ്കിൽ തന്നെ ഭിന്നതകൾ രൂക്ഷമാണ്.

2022 -ൽ കെവിന്‍ മെക്കാര്‍ത്തിയെ നീക്കാനുളള ശ്രമം, പിന്നെ രാജി, പുതിയ ആളെത്താൻ ആഴ്ചകളെടുത്തത് ഇതൊക്കെ ഉദാഹരണം. അതിന് പുറമേയാണ് മസ്കിന്‍റെ കളികൾ. ട്രംപിന്‍റെ ഇടപെടൽ സ്വന്തം പാർട്ടിയിൽ തന്നെ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ കളി ആവർത്തിച്ചാൽ അധികാരമേറിക്കഴിഞ്ഞ് ട്രംപിന് തന്നെ അത് വിനയാകുമെന്നതിന് രണ്ടുപക്ഷമില്ല. സ്പീക്കർ മൈക്ക് ജാന്‍സണ്‍ രണ്ടാമൂഴത്തിന് തയ്യാറായി നിൽക്കയാണ്. പക്ഷേ, ഇങ്ങനെ പോയാൽ അതും കുഴപ്പത്തിലാകും.

'ഫണ്ടിംഗ് ഇല്ലാതാവുക' എന്നാൽ ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ഇല്ലാതെയാകുമെന്ന് അർത്ഥം. ചിലർക്ക് വീട്ടിൽ പോയിരിക്കാം. ചിലർ പണിയെടുക്കേണ്ടിവരും. പക്ഷേ ശമ്പളം ആർക്കും കിട്ടില്ല. ഏതാണ്ട് 8,75,000 പേർക്ക് ജോലിയുമില്ല. കൂലിയുമില്ല എന്ന അവസ്ഥയാകും. 14 ലക്ഷം പേർ കൂലിയില്ലാതെ ജോലി ചെയ്യേണ്ടിവരും. എഫ്ബിഐ, ബോർഡർ പട്രോള്‍, സൈനികർ തുടങ്ങിവരാണ് അടിയന്തര വിഭാഗത്തിൽ വരുന്നത്. കോടതികളിൽ ക്രിമിനൽ കേസുകൾ മാത്രം നടക്കും. അങ്ങനെ പലതും തലകീഴ്മേലാകും. സോഷ്യൽ സെക്യൂരിറ്റിയെ ബാധിക്കില്ല.  സൈന്യത്തേയും. പക്ഷേ, ദേശീയ പാർക്കുകൾ അടക്കും. നികുതി റീഫണ്ട് കിട്ടില്ല. ഭക്ഷ്യ സഹായ പദ്ധതികൾ നിലക്കും. ബിൽ പാസാക്കാനുള്ള അവസാനഘട്ടത്തിൽ 'കൺടിന്യൂയിംഗ് റെസോലൂഷൻ'(Continuing Resolution) എന്നൊരു അവസ്ഥ നിലവിൽ വരും. അതായത് താൽകാലികമായി ചെലവാക്കാനുള്ള ബിൽ. പക്ഷേ, അവസാനശ്രമവും പരാജയപ്പെട്ടാൽ പിന്നെ അടച്ചുപൂട്ടൽ തന്നെ.

(നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ടെസ്ല സിഇഒ എലോൺ മസ്ക്, നിയുക്ത വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് എന്നിവര്‍.)

'റിവോൾവിംഗ് ഡോറി'ൽ കുരുങ്ങുമോ ട്രംപ് ക്യാബിനറ്റ് നിയമനങ്ങള്‍

പണമില്ലാതെ പൂട്ട് വീണ സർക്കാറുകൾ

ഈ പ്രതിഭാസം തുടങ്ങിയത് ജിമ്മി കാർട്ടറിന്‍റെ കാലത്താണ്. അന്നത്തെ അറ്റോ‌ർണി ജനറൽ 1884 -ലെ ചട്ടത്തിന് മറ്റൊരു നിർവചനം നൽകി. അതുവരെ ബജറ്റിൽ കുറവുവന്നാൽ അത് സർക്കാർ കരാറുകളെ മാത്രമേ ബാധിക്കുമായിരുന്നുള്ളു. അതായത്, കോൺഗ്രസ് അംഗീകരിക്കാതെ കരാറുകളിൽ ഏർപ്പെടാൻ സർക്കാരിന് കഴിയുമായിരുന്നില്ല. പക്ഷേ അടിയന്തര കാര്യങ്ങളൊക്കെ നടക്കുമായിരുന്നു. എന്നാൽ 1980 -ന് ശേഷം പണമില്ലെങ്കിൽ, ചെലവുമില്ല എന്ന അവസ്ഥയായി. 1981 -ൽ  തന്നെ സർക്കാർ സ്തംഭിച്ചു.

അമേരിക്കൻ സർക്കാരിന്‍റെ ഫെഡറൽ സംവിധാനമനുസരിച്ച് ഭരണകക്ഷിക്ക് മാത്രമായി തീരുമാനങ്ങളെടുക്കാനാവില്ല. എല്ലാ കാര്യങ്ങളിലും പരസ്പര സഹകരണവും വിട്ടുവീഴ്ചയും ഒക്കെ സ്വപ്നം കണ്ടാണ് ഇങ്ങനെയൊരു സംവിധാനം സ്ഥാപക പിതാക്കൾ (Founding Fathers) ഏർപ്പെടുത്തിയത്. പക്ഷേ, ഇന്നത് വിലപേശലിനുള്ള വഴിയായി നിറം മാറിയിരിക്കുന്നു.  1981 -ൽ സർക്കാർ അടച്ചുപൂട്ടിയത് റോനാൾഡ് റീഗന്‍ ബിൽ വീറ്റോ ചെയ്തതോടെയാണ്. അതായത് കോൺഗ്രസിന്‍റെ ഇരുസഭകളും, ജനപ്രതിനിധിസഭയും സെനറ്റും അംഗീകരിക്കുന്ന ബിൽ പ്രസിഡന്‍റ് കൂടി ഒപ്പിടണം. എങ്കിലേ പണം കിട്ടൂ. പക്ഷേ റീഗൻ എതിർത്തു. കുറേ ദിവസമെടുത്തു പ്രശ്നം പരിഹരിക്കാൻ. അന്ന് തൊട്ടിന്ന് വരെ 10 തവണയാണ് സർക്കാർ സ്തംഭിച്ചത്. ഏറ്റവും നീണ്ട സ്തംഭനം 2018 ഡിസംബർ 21 മുതൽ 2019 ജനുവരി 25 വരെ നിന്നതാണ്.

ഓരോ സ്തംഭന കാലത്തെ ഓരോ ആഴ്ചയിലും ജിഡിപി 0.1 ശതമാനം കുറയുന്നെന്നാണ് കണക്ക്. ഇത്തവണത്തെ ബിൽ 1.7 ട്രില്യന്‍റെതാണ്. അത് 12 അപ്രോപ്രിയേഷന്‍ (Appopriation) ബില്ലുകളായി വിഭജിച്ച് അത് പരിഗണിച്ച്, വിയോജിപ്പുകളിൽ ധാരണയിലെത്തി, അന്തിമരൂപം പ്രസിഡന്‍റിന് അയക്കും. സാമ്പത്തിക വർഷം തുടങ്ങുന്നത് ഒക്ടോബർ ഒന്നിനാണ്. ഇപ്പോൾ തന്നെ താമസിച്ചുവെന്ന് ചുരുക്കം. എല്ലാവർഷവും അരങ്ങേറുന്നതാണീ പ്രതിഭാസം.  കഴിഞ്ഞ വർഷത്തെ തർക്കത്തിലാണ് കെവിന്‍ മക്കാർത്തിക്ക് സ്പീക്കർ സ്ഥാനം പോയത്. ഡമോക്രാറ്റുകളുടെ സഹായത്തോടെ താത്കാലിക ബിൽ പാസാക്കാനുള്ള നീക്കം അന്ന് റിപബ്ലിക്കൻ അംഗങ്ങളെ ചൊടിപ്പിച്ചു. അങ്ങനെ അമേരിക്കൻ കോൺഗ്രസിന്‍റെ ചരിത്രത്തിലാദ്യമായി സ്പീക്കറെ വോട്ടിട്ട് പുറത്താക്കി.

മറ്റൊരിടത്തും ഇങ്ങനെ നിലച്ചു പോകില്ല സർക്കാർ. കാനഡയിൽ ന്യൂനപക്ഷ സർക്കാരിന്‍റെ ബജറ്റ് വോട്ടിട്ട് തള്ളിയിട്ടുണ്ട്, അവിശ്വാസപ്രമേയം വന്നു, സർക്കാർ പുറത്തായി. പക്ഷേ, എക്സിക്യൂട്ടിവ് പ്രവർത്തിച്ചു. 500 -ലേറെ ദിവസം സർക്കാരേ ഇല്ലാതിരുന്ന ബെൽജിയത്തിലും സ്തംഭനം വന്നില്ല. പക്ഷേ, അമേരിക്കയിൽ ഈ സംവിധാനം ഒരു ബാർഗെയിനിംഗ് ചിപ്പാണ്. ഇപ്പോൾ പക്ഷേ അരങ്ങിൽ കണ്ടത് മസ്കിന്‍റെ ചിപ്പാണ്. ട്രംപ് ജയിക്കാൻ കോടിക്കണക്കിന് ചെലവാക്കിയ മസ്ക് കാബിനറ്റിലില്ലെങ്കിലും കരാർ വഴി കിട്ടുന്നത് കോടികളാണ്. ഇനിയത് കൂടുകയും ചെയ്യും. സ്പെയ്സ് എക്സ് (SPACE X) ആശ്രയിക്കുന്നത് കൂടുതലും സർക്കാർ കരാറുകളെയാണ്. ബിൽ  ഇത്തവണ തള്ളാൻ മസ്കിനോടുള്ള റിപബ്ലിക്കൻ ആരാധനയും ഒരു ഘടകമായെന്ന് കരുതണം. മസ്കിന്‍റെ കിൽ ദ ബിൽ (Kill the Bill) പോസ്റ്റിനുള്ള കമന്‍റുകൾ അങ്ങനെയാണ്.

സിറിയന്‍ ഭരണം പിടിച്ച് വിമതര്‍, തുറന്നുവയ്ക്കപ്പെട്ട തടവറകൾ, രാജ്യം വിട്ട ഭരണാധികാരി

സ്പീക്കറാകണം മസ്ക്

മസ്ക് സ്പീക്കറാകണം എന്നുവരെ പറഞ്ഞു കളഞ്ഞു ചില തീവ്രവലതുപക്ഷക്കാർ. കെന്‍റക്കി സെനറ്റർ റാന്‍ഡ് പൌൾ ആണ് പ്രതി. പക്ഷേ ഈ അഭിപ്രായം കഴിഞ്ഞ വ‌ർഷവും ഉയർന്നതാണ്. ജനപ്രതിനിധിസഭ തെരഞ്ഞെടുക്കുന്ന ആ‌‍ർക്കും സ്പീക്കറാകാം. ഇത്രയും നാൾ സഭയിലെ അംഗങ്ങളേ സ്പീക്കറായിട്ടുള്ളു എന്നുമാത്രം. ഒന്നും അസംഭാവ്യമല്ല എന്നാണ് റാന്‍ഡ് പൌളിന്‍റെ വാക്കുകൾ.  മൈക്ക് ജോണ്‍സണിന്‍റെ കാലാവധി കഴിയുമ്പോൾ അതും പ്രതീക്ഷിക്കാമെന്ന് ചുരുക്കം. സഭയിലെ ഭൂരിപക്ഷ പാർട്ടിയുടെ നേതാവാണ് സാധാരണ സ്പീക്കറാവുക  സഭയ്ക്കും പ്രസിഡന്‍റിനും സെനറ്റിനും ഇടയിലെ പാലം. പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ്, സ്പീക്കർ. അതാണ് സ്ഥാനം. മസ്ക് കാബിനറ്റ് അംഗമല്ലാത്തത് കൊണ്ട് വലിയ പ്രശ്നമൊന്നും DOGE എന്ന വകുപ്പിനെക്കൊണ്ടുണ്ടാകില്ലെന്ന് ആശ്വസിച്ചവർക്ക് കനത്ത തിരിച്ചടിയാകും മസ്കിന് സ്പീക്കർ സ്ഥാനം കിട്ടിയാൽ. പക്ഷേ, കാര്യക്ഷമതാ വകുപ്പ് (DOGE - Department of Government Efficiency) പിന്നെ നിലനിർത്താൻ കഴിയുമോയെന്നും വ്യക്തമല്ല.

പരിഹാസങ്ങൾ

ബെർണി സാന്‍റേഴ്സിനെ പോലുള്ള ഡമോക്രാറ്റുകൾ മസ്കിനെ പുച്ഛിച്ചു തള്ളുകയാണ്. മാസങ്ങളെടുത്ത് തയ്യാറാക്കിയ ബിൽ, പക്ഷേ ഭൂമിയിലെ ഏറ്റവും വലിയ പണക്കാരനായ 'പ്രസിഡന്‍റ് എലൺ മസ്കിന്' അതിഷ്ടപ്പെട്ടില്ല, റിപബ്ലിക്കൻ അംഗങ്ങൾ ഇനി മസ്കിന്‍റെ മോതിരം ചുംബിക്കുമോ എന്നും സാന്‍റേഴ്സ് ചോദിച്ചു. രാജ്യം ഭരിക്കാൻ കോടീശ്വരൻമാരെ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 'മസ്ക് പ്രസിഡന്‍റ്, ട്രംപ് വൈസ്പ്രസിഡന്‍റ്', 'ആരാണ് പ്രസിഡന്‍റ് എന്ന് ട്രംപും മസ്കും ചർച്ച ചെയ്ത് തീരുമാനിക്കണം' ഇങ്ങനെയൊക്കയാണ് ഡമോക്രാറ്റുകളുടെ പ്രതികരണങ്ങൾ. മസ്ക് മാരാലാഗോയിലെ സ്ഥിരം സാന്നിധ്യമാണിപ്പോൾ. ജെഫ് ബെസോസിന് ട്രംപ് നൽകിയ അത്താഴവിരുന്നിൽ മസ്കുമുണ്ടായിരുന്നു.

കൺസർവേറ്റിവ് വിമർശകനായ ജോർജ്ജ് കോണ്‍വേ പറഞ്ഞ തമാശ മറ്റൊന്നാണ്. മസ്ക് ട്വിറ്റർ വാങ്ങാൻ കൊടുത്തത് 44 ബില്യൻ. ട്രംപിന് വേണ്ടി  പ്രചാരണത്തിന് ചെലവാക്കിയത് 270 മില്യൻ. ട്വിറ്ററിന് കൊടുത്തതിനേക്കാൾ കുറഞ്ഞ വില കൊടുത്ത് മസ്ക് അമേരിക്കൻ സർക്കാരിനെ തന്നെ അങ്ങ് വാങ്ങിയല്ലോ എന്ന്. മുമ്പും സമ്പന്നർ സർക്കാരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷേ ഇത്രയും അധികാര രാഷ്ട്രീയം കളിക്കുന്നത് ആദ്യമായാണ്. അതിലെ അമ്പരപ്പ് റിപബ്ലിക്കൻ നിരയിലുമുണ്ട്, കുറവെങ്കിലും. അതും ട്രംപ് സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പുതന്നെ.

click me!