രാഷ്ട്രീയ പ്രവര്‍ത്തകരും ക്ഷേത്ര ഭാരവാഹിത്വവും: ഹൈക്കോടതി വിധി ഉയര്‍ത്തുന്ന ചിന്തകള്‍

By Biju S  |  First Published Feb 22, 2023, 5:24 PM IST

ക്ഷേത്ര ഭാരവാഹിത്വം സംബന്ധിച്ച് ഫെബ്രുവരി 21-ന് കേരള ഹൈകോടതിയുടെ വിധി അല്‍പ്പം ആശ്ചര്യമുണ്ടാക്കുന്നതാണ്. 
 


ആര്‍.എസ്.എസോ വിശ്വഹിന്ദു പരിഷത്തോ ഒക്കെ രാഷ്ട്രീയ പ്രസ്ഥാനമാണോ അതോ കേവലം മതസംഘടന മാത്രമാണോ എന്നതാണ്. ഇന്ത്യ ഭരിക്കുന്ന ബി ജെ പിയുടെ നിയന്ത്രണം സംഘപരിവാര്‍ സംഘടനകള്‍ക്കാണെന്ന് പകല്‍ പോലെ വ്യക്തമാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അതിലെ നേതാക്കളില്‍ ഭുരിഭാഗവും സംഘ് പ്രവര്‍ത്തകരാണ് താനും. ആ വഴിയില്‍ അഭിമാനിക്കുന്നവരുമാണ് അവര്‍. മലബാര്‍ ദേവസ്വത്തിലെ ഏതെങ്കിലും ക്ഷേത്രത്തില്‍ ആര്‍.എസ് എസോ, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരോ ഭാരവാഹികള്‍ ആണെങ്കില്‍ അഥവാ ആയാല്‍  അത് നിയമപരമായി ചോദ്യം ചെയ്യപ്പെടുമോ? എന്താകും അപ്പോള്‍ കോടതി വിധിക്കുക?  ബി ജെ പിയോട് തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ സംഘ് സംഘടനകള്‍ തയ്യാറാകുമോ?

 

Latest Videos

undefined

 

സ്വന്തം മതവിശ്വാസം മുറുകിപ്പിടിച്ചുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി. മാത്രമല്ല, വിശ്വാസത്തെ സ്വാതന്ത്ര സമരത്തിന് പിന്‍ബലമേകുന്ന ആയുധമാക്കാനും അദ്ദേഹം തയ്യാറായി. മതേതരമായ ഇന്ത്യന്‍ ഭരണവ്യവസ്ഥ മതനിരാസമല്ല, മറിച്ച് മതപരമായ സഹവര്‍ത്തിത്വമാണ് ഉയര്‍ത്തിക്കാട്ടുന്നത്.  സെക്കുലാര്‍ ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി നമ്മുടെ ഭരണഘടന തയ്യാറാക്കിയ ഡോ. ബി. ആര്‍ അംബേദ്കറാകട്ടെ അസമത്വത്തിന് എതിരെയുള്ള പോരാട്ടത്തിനായി സ്വികരിച്ചത് ബുദ്ധമത്തെയാണ്. .  

അതിനാലാണ്, ഒറ്റപ്പാലത്തെ കടമ്പൂര്‍ പൂക്കോട്ടുകാളികാവ് ക്ഷേത്ര ഭാരവാഹിത്വം സംബന്ധിച്ച്  ഫെബ്രുവരി 21-ന് കേരള ഹൈകോടതിയുടെ വിധി അല്‍പ്പം ആശ്ചര്യമുണ്ടാക്കിയത്. ക്ഷേത്രഭാരവാഹികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവരുതെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി ഒറ്റപ്പാലത്തോ മലബാര്‍ ദേവസ്വത്തിലോ മാത്രം ഒതുങ്ങുമെന്ന് കരുതണ്ട. കാരണം ഒരു വിധിന്യായത്തെ പിടിച്ചാണ് അടുത്ത കേസുകളില്‍ വാദവും വിധിയുമുണ്ടാകുന്നത്. ഇത്തരം വിഷയങ്ങളില്‍ ഒരു ന്യായാധിപന്‍ വിധി പുറപ്പെടുവിക്കുന്നത്  അത് antecedent അഥവാ മുന്‍ഗാമി സ്വഭാവം അതിനുണ്ടാകുമെന്ന ബോധ്യത്തിലാണ്. നാളെ അത് മറ്റ് വിധികള്‍ക്കുള്ള precedent അഥവാ കീഴ്‌വഴക്കം ആകുമെന്ന ഉത്തമ ബോധ്യവും വിധി പുറപ്പെടുവിക്കുന്നവര്‍ക്കുണ്ടാകും. പാരമ്പര്യേതര ട്രസ്റ്റി ഭാരവാഹികള്‍ ആയി രാഷ്ട്രീയക്കാര്‍ പാടില്ലെന്ന മലബാര്‍ ദേവസ്വം നിയമത്തിലെ വ്യവസ്ഥയാണ് ഹൈക്കോടതി വിധിക്കാധാരം. അതിനാല്‍ ഇത് മറ്റ് ക്ഷേത്രങ്ങളിലെ ഭാരവാഹിത്വത്തിന് ബാധകമാകില്ലെന്ന് വാദത്തിന് പറയാം. ഹൈക്കോടതി വിധിയില്‍  പറഞ്ഞ മറ്റൊരു ശ്രദ്ധേയ കാര്യമുണ്ട്. സി പി എമ്മിനെ മാത്രമല്ല ഡി. വൈ എഫ്. ഐ പ്രവര്‍ത്തകരെയും ഭാരവാഹിത്വത്തില്‍ നിന്ന് കോടതി വിലക്കിയിട്ടുണ്ട്. ഡി. വൈ എഫ്.ഐ എന്ന  യുവജന സംഘടന  രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അതിലെ പ്രവര്‍ത്തകരെ ഒറ്റപ്പാലം കടമ്പൂര്‍ പൂക്കോട്ടുകാളികാവ് അമ്പലത്തിന്റെ ട്രസ്റ്റി ഭാരവാഹി സ്ഥാനത്ത് നിന്ന് അസ്ഥിരപ്പെടുത്താന്‍ തീരൂമാനിച്ചത്.

ഇവിടെ ഉയരുന്ന ഒരു ചോദ്യം, ആര്‍.എസ്.എസോ വിശ്വഹിന്ദു പരിഷത്തോ ഒക്കെ രാഷ്ട്രീയ പ്രസ്ഥാനമാണോ അതോ കേവലം മതസംഘടന മാത്രമാണോ എന്നതാണ്. ഇന്ത്യ ഭരിക്കുന്ന ബി ജെ പിയുടെ നിയന്ത്രണം സംഘപരിവാര്‍ സംഘടനകള്‍ക്കാണെന്ന് പകല്‍ പോലെ വ്യക്തമാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അതിലെ നേതാക്കളില്‍ ഭുരിഭാഗവും സംഘ് പ്രവര്‍ത്തകരാണ് താനും. ആ വഴിയില്‍ അഭിമാനിക്കുന്നവരുമാണ് അവര്‍. മലബാര്‍ ദേവസ്വത്തിലെ ഏതെങ്കിലും ക്ഷേത്രത്തില്‍ ആര്‍.എസ് എസോ, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരോ ഭാരവാഹികള്‍ ആണെങ്കില്‍ അഥവാ ആയാല്‍  അത് നിയമപരമായി ചോദ്യം ചെയ്യപ്പെടുമോ? എന്താകും അപ്പോള്‍ കോടതി വിധിക്കുക?  ബി ജെ പിയോട് തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ സംഘ് സംഘടനകള്‍ തയ്യാറാകുമോ?

ജസ്റ്റിസ് പി.ജി. അജിത്ത് കുമാറിന്‍റെയും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍റെയും വിധിന്യായത്തില്‍ ശ്രദ്ധേയമായ  ചില നിരീക്ഷണങ്ങളുണ്ട്. രാഷ്ട്രീയ അനുഭാവികളെയും ഭാരവാഹികളെയും വേര്‍തിരിച്ച് കാണണമെന്ന് പറയുന്ന വിധിന്യായത്തില്‍ എതിര്‍കക്ഷികളായ അശോക് കുമാര്‍, രതീഷ്, പങ്കജാക്ഷന്‍ എന്നിവര്‍ സി.പി.എമ്മിന്റെയും, ഡി. വൈ എഫ്. ഐയുടെയും പ്രാദേശിക ഭാരവാഹികളായതിനാല്‍ അവര്‍ സ്ഥാനത്തിന് അര്‍ഹരല്ലെന്ന് പറയുന്നു. മലബാര്‍ ദേവസ്വം നിിയമത്തിലെ 3 (7) പ്രകാരം സജീവ രാഷ്ട്രീയ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരും ട്രസ്റ്റികള്‍ ആകാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. മാത്രമല്ല ട്രസ്റ്റികള്‍ ക്രിമിനല്‍ കേസില്‍ പെട്ടിട്ടുണ്ടെന്ന വസ്തുതയും കോടതി പരിഗണിച്ചു. ഇതൊന്നും വേണ്ട വിധം അന്വേഷിക്കാത്ത മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെയും കോടതി വിമര്‍ശിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഇതിനൊക്കെ  കൃത്യമായ മനദണ്ഡം ഉണ്ടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ കാര്യം ക്ഷേത്ര മുതലുകള്‍ കൊള്ളയടിക്കുകയും ക്ഷേത്ര പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയോട് താരതമ്യം ചെയ്യുന്ന  2007-ലെ വിധിന്യായത്തെ ഈ വിധിയിലും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിഷ്ഠയെയും അമ്പലത്തെയും, ദേവസ്വത്തെയും സംരക്ഷിക്കുന്നവര്‍ ആകണം ട്രസ്റ്റികള്‍ ആകേണ്ടതെന്നും കൊച്ചിന്‍ ദേവസ്വവും കെ.കെ ഗോപാലകൃഷ്ണനുമായുള്ള തര്‍ക്കത്തിലെ വിധിയില്‍ അന്ന് ഹൈക്കോടതി മൂന്നംഗ ബെഞ്ച് പറഞ്ഞിരുന്നു.

കൂടുതല്‍ വായനയ്ക്ക്:  ചാറ്റ്ജിപിറ്റി; സെര്‍ച്ച് എന്‍ജിനുകള്‍ നമ്മുടെ ഭാഷ സംസാരിക്കുമ്പോള്‍ സംഭവിക്കുന്നത്

കടമ്പൂര്‍ പൂക്കോട്ടുകാളികാവ് അമ്പലത്തിന്റെ  ഭാരവാഹിത്വവുമായി ബന്ധപ്പെട്ട കേസ്, വിധി പറഞ്ഞ ഫെബ്രുവരി 21ന് ഒരു ദിവസം മുമ്പ് അവസാനിച്ചതിനാല്‍ ഇത് അവിടെ നിലവിലുള്ള ഭാരവാഹികള്‍ക്ക് ആഘാതമുണ്ടാക്കില്ല. എന്നാല്‍ ഇതിന് വിശാല അര്‍ത്ഥമുണ്ട്. ഇത്തരം വ്യവഹാരങ്ങള്‍ കേരളത്തിനകത്തും പുറത്തും പലയിടത്തും വരാനും സാധ്യതയുണ്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇപ്പോഴും ഗോരക്‌നാഥ് മഠത്തിലെ മഹന്ത് അഥവാ  മുഖ്യ പുരോഹിതനാണ് . 2007-ലെ കേരള ഹൈകോടതി വിധി പ്രകാരം  ക്ഷേത്ര ട്രസ്റ്റികള്‍ക്ക് പുറമേ  പൂജാരിമാരും ദേവസ്വം ഭാരവാഹികളുമൊക്കെ വിധി ന്യായത്തിന്റെ നിര്‍വചനത്തില്‍പ്പെടുന്നുണ്ട്. യോഗി ആദിത്യനാഥും  അത് പോലെ നമ്മുടെ ദേവസ്വംബോര്‍ഡ് ഭാരവാഹികളായ രാഷ്ട്രീയക്കാരും ക്രിമിനല്‍ കേസില്‍പ്പെട്ടിട്ടുള്ളവരുമൊക്കെ വ്യവഹാരത്തിലേക്ക് വലിച്ചിഴക്കപ്പെടാം.

തിരുവിതാംകൂര്‍, ഗുരൂവായൂര്‍ അടക്കം മറ്റ് ദേവസ്വങ്ങളിലെ ക്ഷേത്ര ഭാരവാഹികളെ ഈ വിധി ന്യായം എങ്ങനെയാകും ബാധിക്കുക? മതനിരാസം അടുത്തകാലം വരെ ഉയര്‍ത്തി പിടിച്ചിരുന്ന, ഇപ്പോഴും പ്രത്യക്ഷത്തിലല്ലെങ്കിലും അത്തരമൊരു സമീപനം സ്വീകരിക്കുന്ന സി.പി.എം ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും? കേരളത്തിലൊട്ടാകെ, പ്രത്യേകിച്ച് മലബാറിലെ പല അമ്പലങ്ങളെയും സംഘപരിവാര്‍ നിയന്ത്രിക്കുന്നത് തടയാന്‍ അവിടങ്ങളിലെ ഭാരവാഹിത്വത്തില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകരെയും ഭാരവാഹികളെയും നിയോഗിക്കുന്ന പദ്ധതി നമ്മുടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോഴുണ്ട്.  കണ്ണൂരില്‍ മുതിര്‍ന്ന നേതാക്കളെയടക്കം ഇതിനായി നിയോഗിച്ചിട്ടുണ്ട്. കടമ്പൂര്‍ പൂക്കോട്ടുകാളികാവ് അമ്പലത്തിന്റെ ഭാരവാഹിത്വം നിലനിറുത്താനായി സ്വന്തം രാഷ്ട്രീയ വിശ്വാസത്തെ പോലും തള്ളി പറയുന്ന വിധമാണ് പാര്‍ട്ടിക്കാരായ ട്രസ്റ്റികള്‍ വാദം നടത്തിയത്. ഇവര്‍  ലോക്കല്‍, ബ്രാഞ്ച്, മേഖലാ സെക്രട്ടറിമാരാണ്.   ഡി.വൈ.എഫ്.ഐ അരാഷ്ട്രീയ സംഘടനയാണെന്ന് വരെ അവരുടെ ഭരണാഘടനാ  വകുപ്പ് ചൂണ്ടിക്കാട്ടി    വാദിച്ചുകളഞ്ഞു. മാത്രമല്ല ഡി.വൈ.എഫ്.ഐയ്ക്ക് രാഷ്ട്രീയ  ചായ്‌വ് ഇല്ലെന്ന് വരെ വാദത്തിലുയര്‍ന്നുവന്നു. ഇതെല്ലാം തള്ളിക്കളഞ്ഞ കോടതി, ഭാരവാഹികള്‍ അല്ലെങ്കില്‍ പോലും സജീവ രാഷ്ട്രീയക്കാരാണ് എതിര്‍ കക്ഷികളെന്ന് വിധിച്ചു. ഇത് സി പിഎമ്മില്‍ ഒതുങ്ങില്ല. കോണ്‍ഗ്രസും ബി ജെ പിയും അടക്കം എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും  അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും ഈ വിധി ബാധകമാകും.

വാല്‍ക്കഷ്ണം:  അടുത്തിടെയാണ് മദ്രാസ് ഹൈകോടതി ജഡ്ജിയായി കന്യാകുമാരി ജില്ലക്കാരിയായ ലക്ഷമ്ണ ചന്ദ്ര വിക്‌ടോറിയ ഗൗരി ചുമതലയേറ്റത്. ബി. ജെ.പി പ്രവര്‍ത്തകയും മഹിളാ മോര്‍ച്ചാ നേതാവുമെന്ന നിലയ്ക്ക് സ്വയം പ്രചാരണവും നിലപാടും നടത്തിയിട്ടുള്ളയാളാണ് അവര്‍. ആയതിനാല്‍ കൊളീജിയത്തിന്റെ ശുപാര്‍ശ തളളണമെന്ന് പറഞ്ഞ കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനിടയില്‍. തന്നെ അവര്‍ മദ്രാസ് ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു. നമ്മുടെ കൃഷ്ണയ്യര്‍ സ്വാമി കേരളത്തിലെ ഇടതു മന്ത്രിസഭയില്‍ മന്ത്രിയായ ശേഷമാണ് സുപ്രീം കോടതിയില്‍ വരെ ജഡ്ജിയായത്. ഇക്കാര്യം ജസ്റ്റിസ് വിക്‌ടോറിയ ഗൗരിക്ക് എതിരെയുള്ള വ്യവഹാര കാര്യത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു.

രാഷ്ട്രീയത്തെ എത്രത്തോളം മറ്റ് പല മേഖലകളില്‍  നിന്ന്  ഒഴിവാക്കി നിറുത്താം, അതെത്ര മാത്രം പ്രായോഗികമാണ് എന്നീ പ്രശ്‌നങ്ങളും ഇത് നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്നുണ്ട്.        

        .

കൂടുതല്‍ വായനയ്ക്ക്: ഇന്ത്യാ -ചൈന സംഘര്‍ഷത്തിന്റെ കാണാപ്പുറങ്ങള്‍

 

click me!