Music Album| പകയുടെ കനലിവളുടെ മിഴികള്‍; മറുതായ്, പെണ്‍പകയുടെ സിംഫണി!

By Web Team  |  First Published Nov 20, 2021, 7:36 PM IST

സംഗീതജ്ഞയും, പിന്നണിഗായികയും ആയ രേണുക അരുണിന്റെ പുതിയ സംഗീത വീഡിയോ ആല്‍ബമായ മറുതായ് മലയാളത്തിന്റെ സംഗീതത്തെ എങ്ങനെയാണ് മാറുന്ന കാലത്തിന് മുഖാമുഖം നിര്‍ത്തുന്നത്-പാട്ടുറവകള്‍. പാര്‍വതി എഴുതുന്ന സംഗീത പംക്തി


തന്റെ ആശയങ്ങളെ ആവിഷ്‌ക്കരിക്കുവാന്‍ സംഗീതത്തെ മാത്രമല്ല അതിവിദഗ്ദ്ധമായി മറ്റു ഘടകങ്ങളെ കൂടി രേണുക സംയോജിപ്പിച്ചെടുത്തിരിക്കുന്നു. ഇത് രേണുകയിലെ ഒരു  സംവിധായിക, നിര്‍മ്മാതാവ് എന്ന നിലകള്‍ കൂടി വെളിപ്പെടുത്തുന്നു . ഒരുപക്ഷെ ഒരു സിനിമാ നിര്‍മ്മാണത്തിനു തന്നെ വേണ്ടി വരുന്നയത്രയും അദ്ധ്വാനവും, ചിലവും, പ്ലാനിങ്ങും ഈയൊരു ആല്‍ബത്തിന് മാത്രം ആവശ്യമായി വന്നിരിക്കും. അത്രയും കൃത്യത (perfection) കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു കലാകാരിയാണ് രേണുക എന്നും മറുത തെളിയിക്കുന്നു.

 

Latest Videos

undefined

 

സംഗീതജ്ഞയും, പിന്നണിഗായികയും ആയ രേണുക അരുണ്‍ നിര്‍മ്മിച്ച, രേണുക തന്നെ സംഗീത രചന നിര്‍വ്വഹിച്ച്, ആലപിച്ചിട്ടുള്ള ഏറ്റവും പുതിയ ഒരു സ്വതന്ത്രസംഗീത വീഡിയോ ആല്‍ബമാണ് 'മറുതായ്,'. രേണുക ചെയ്ത ഓരോ ആല്‍ബത്തിലും എടുത്തുപറയണ്ട ഒരു പ്രത്യേകത, അവയെല്ലാം ഒരേ സമയം ദൃശ്യഭാഷയും, കേള്‍വിയനുഭവങ്ങളും ചേര്‍ന്നനുഭവിപ്പിക്കുന്നതില്‍, അവയുടെ അനുപാതത്തിന്റെ അളവ് അതിന്റെ ഏറ്റവും സൂക്ഷ്മതയോടെ, ഔചിത്യത്തോടെ  ഉപയോഗിക്കപ്പെടുന്നു എന്നതായിരിയ്ക്കും.

എന്നാല്‍ ഈ ആല്‍ബം അല്പം മാറി നില്‍ക്കുന്നു. ഇതിലെ സാഹിത്യം, സംഗീതം, ദൃശ്യം എന്നിങ്ങനെ ഇതില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ഘടകവും തുല്യ പ്രാധാന്യത്തോടെ, ഒന്നിനോടൊന്നിഴ ചേര്‍ന്നാണ് നിലനില്‍ക്കുന്നത്. അതിനനുസരിച്ച് ഓരോ ഘടകവും മുന്നോട്ട് വെക്കുന്ന ആശയങ്ങളുടെ വിശദാംശങ്ങള്‍ വികസിച്ചു വരുന്തോറും ഈ ആല്‍ബത്തിന്റെ വലുപ്പവും വിശാലതയും കൂടി വരുന്നു. ഓരോന്നിനും ഒരു സ്വതന്ത്രനില പോലും കൈവരുന്നു.

 

...........................

Read More: വിപ്ലവ ഗായികയ്ക്കപ്പുറം കെ. പി എ സി സുലോചന


 

മറുതായുടെ ഏറ്റവും വലിയ പ്രത്യേകത, അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയുള്ള മാസിഡോണിയന്‍ സിംഫണി ഓര്‍ക്കസ്ട്രയുടെ പങ്ക് തന്നെയാണ്. ഒരു സ്ത്രീയായ സംഗീതസംവിധായിക, ഒരു മലയാളം മ്യുസിക് വീഡിയോ ആല്‍ബത്തിലേക്ക് അതിനെ ആദ്യമായി ചേര്‍ത്ത് വെക്കുന്നതോടെ അത് നല്‍കുന്ന മാനങ്ങള്‍ ഇരട്ടിക്കുന്നു.  മറുതയില്‍ അത് സംഗീതത്തിന്റെ ഒരു മാസ്മരിക ലോകം ഉടനീളം സൃഷ്ടിക്കുന്നു. ഇത് ഈ ആല്‍ബത്തിന്റെ മുഴുവന്‍ ഭാവനിലയെയും (mood) തീക്ഷ്ണമാക്കുന്നു.

മറുതായ് എന്ന പേര് ഒരു പ്രാദേശികനാമത്തിലുള്ള സങ്കല്‍പമാണ്. അതിനൊരു വെസ്റ്റേണ്‍ ഓര്‍ക്കസ്ട്രയുടെ പിന്‍ബലം എന്ന ആലോചന തന്നെ ഒരു വിസ്മയമായി മാറുകയാണ്. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു 'ചിന്തക്ക്' പിന്നില്‍ രേണുക എന്ന സംഗീതജ്ഞയില്‍ പ്രവര്‍ത്തിക്കുന്ന സംഗീതത്തിന്റെ വിവിധ വഴികളെ കുറിച്ചുള്ള ഉറച്ച ധാരണകളും അതിനെ സംയോജിപ്പിക്കുന്ന ഉള്‍ക്കാഴ്ചയും ധൈര്യവും എടുത്തു പറയേണ്ടതാണ്.

അങ്ങിനെ മലയാളത്തില്‍ ഒരു സ്ത്രീയിലൂടെ, ഒരു കര്‍ണ്ണാടക സംഗീതജ്ഞയിലൂടെ, ആദ്യമായി ഒരു സിംഫണി ഓര്‍ക്കസ്ട്ര ഉപയോഗിച്ചതിന്റെ അംഗീകാരം 'മറുതായ് ' നേടിയെടുക്കുന്നു.

 

..............................................

Read More: മഴ പോയിട്ടും പെയ്യുന്ന മരങ്ങള്‍; എങ്ങും പോവാത്ത എസ് പി ബി


 മറുതായ് പോസ്റ്റര്‍

 

മറുതാ(യ്) പ്രതിനിധീകരിക്കുന്ന പെണ്ണനുഭവങ്ങള്‍...

പലപ്പോഴും കലാസൃഷ്ടികള്‍  ഉരുവം കൊള്ളുന്നതിനകത്തെ 'നിമിത്തങ്ങള്‍' അല്ലെങ്കില്‍ 'കാരണങ്ങള്‍' വളരെയേറെ ചിന്തിപ്പിക്കുന്നവയാവാറുണ്ട്. കലയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ ആലോചനകള്‍, വിവേകവും  വൈകാരികവുമായി പരസ്പരം കെട്ടുപിണഞ്ഞു കിടക്കും. അതിന്റെ രഹസ്യ നൂലിഴകളെ  കണ്ടെടുത്താല്‍ ഒരു കാര്യം മനസ്സിലാക്കാനാകും- കല എന്നത് സന്തോഷത്തിന്റെ ഉന്മാദാവസ്ഥകളില്‍ നിന്നോ, ആഘോഷങ്ങളുടെ കൂട്ടായ്മകളില്‍ നിന്നോ അതുമല്ലെങ്കില്‍ ആത്മീയാന്വേഷണത്തിന്റെ, അനുഷ്ഠാനങ്ങളുടെ ഭാഗമായോ ഒക്കെ മാത്രമല്ല, തീക്ഷ്ണാനുഭവങ്ങളുടെ മുറിവുകളില്‍ നിന്നും, വേദനകളില്‍ നിന്നും, പ്രതികാരത്തിന്റെയും പ്രതിഷേധങ്ങളുടെയും ത്വരകളില്‍ നിന്നുമൊക്കെയും സൃഷ്ടിക്കപ്പെടാറുണ്ട്.

ഇത്തരത്തിലുള്ള ആവിഷ്‌കാരരീതികളെ സ്ത്രീയെന്ന നിലയിലേക്ക് ചേര്‍ത്ത് വെച്ചാല്‍ കിട്ടുന്ന മൗലികമായ ഒരു അനുഭവ മണ്ഡലമുണ്ട് . ആ അനുഭവങ്ങളോട് ഒരുപക്ഷേ കാലവ്യത്യാസങ്ങളില്ലാതെ ഏതു സ്ത്രീക്കും തന്റെ തന്നെ അനുഭവത്തെ കൂട്ടിച്ചേര്‍ത്തു നിര്‍ത്താനുമാകും. തികച്ചും ചില പെണ്ണനുഭവങ്ങള്‍ ആയിരിയ്ക്കുമത്. മറുതായ്  മുന്നോട്ട് വെക്കുന്ന ദുഃഖവും നിസ്സഹായതയും പകയും പ്രതികാരദാഹവുമൊന്നും  സ്ത്രീകള്‍ക്ക് മനസ്സിലാക്കുവാന്‍ അത്ര പ്രയാസമുള്ളതാവില്ല.

ഏറ്റവും മൗലികവും, സ്വതന്ത്രവും ആയി ചിന്തിക്കുകയും, അതിനെ കലയുമായി വിളക്കിച്ചേര്‍ക്കുകയും, ഉച്ചത്തില്‍ അതിലെ ആശയങ്ങള്‍ സംസാരിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ ആവിഷ്‌കാരങ്ങള്‍ക്ക് കാലം പോകുന്തോറും മൂര്‍ച്ച കൂടിവന്നിട്ടേയുള്ളു. സ്ത്രീകളുടെ അത്തരം ആവിഷ്‌കാര മണ്ഡലത്തിലേക്ക് മറ്റു സ്ത്രീകളും കൂട്ടു ചേര്‍ന്നുള്ള ഒരു കൂട്ടായ്മയുടെ (collective ന്റെ) നിര്‍മ്മാണം വളരെ എളുപ്പത്തില്‍ സാധ്യമാണ് എന്നതാവാം അതിനു കാരണം. മറുതാ അത്തരത്തില്‍ കാലം പോകുന്തോറും മൂര്‍ച്ച കൂടി വരുന്ന പെണ്‍പ്രതിഷേധങ്ങളുടെ, അനുഭവങ്ങളുടെ ഒരു സ്വതന്ത്ര സംഗീതവീഡിയോ ആവിഷ്‌കാരമായി തന്നെ നിലനില്‍ക്കും.

 

......................................
Read More: 'മാരവൈരി രമണി': കാമത്തിനും  പ്രണയത്തിനുമിടയില്‍

രേണുക അരുണ്‍

 

മറുതായിലെ വ്യാഖ്യാനരൂപം

തീര്‍ച്ചയായും മറുത അല്ലെങ്കില്‍ മറുതാ (യ്) എന്നൊരു വിശ്വാസ സങ്കല്പമാണ് ഈ മ്യുസിക് വീഡിയോയിലെ പ്രധാന ആശയം. പകയുടെയും രോഷത്തിന്റെയും സ്ത്രീ രൂപങ്ങള്‍. ജീവിച്ചിരിക്കുമ്പോള്‍ അനുഭവിച്ച എല്ലാ ദുരനുഭവങ്ങള്‍ക്കും, പീഡനങ്ങള്‍ക്കും പകരം ചോദിക്കാനായി മരണശേഷം ഉയിര്‍ത്തെണീറ്റു വരുന്ന പ്രതികാര ദാഹികളായ സ്ത്രീരൂപങ്ങള്‍. ഇത്തരത്തിലുള്ള  സ്ത്രീകഥാപാത്രങ്ങള്‍ മലയാളത്തില്‍ തന്നെ മിത്തുകളായും കഥകളായും സാഹിത്യത്തിലും നാടന്‍ കലാരൂപങ്ങളിലും സിനിമയിലും അവതരണ കലകളിലും കാണാനാവും. എന്നാല്‍, അതിനകത്തെ പാത്രസങ്കല്‍പങ്ങള്‍ക്ക് മുഖ്യധാരാ പ്രാധാന്യം വന്നു ചേരാറുണ്ടോ എന്ന് സംശയമാണ്.

യക്ഷിയേയോ അല്ലെങ്കില്‍ 'നീലി' എന്ന കഥാപാത്രത്തെയോ ഒക്കെ ദൃശ്യമാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുമ്പോള്‍ പലപ്പോഴുമതിന്റെ പരിചരണം ആവര്‍ത്തനവിരസങ്ങളായി പോകാറുണ്ട്. ചിലപ്പോഴൊക്കെ അത് അങ്ങേയറ്റം ഫലിതം നിറഞ്ഞതാകുകയോ, അതുമല്ലെങ്കില്‍ ഒട്ടും സൗന്ദര്യബോധമില്ലാത്ത ഭീകരസംഭവങ്ങളാക്കി അവതരിപ്പിക്കപ്പെടുകയോ ആണ് പതിവ്.

എന്നിരിക്കിലും കഥകളി പോലുള്ള രംഗകലയില്‍, ഇതിനു സമാന്തരമായി 'ലളിത' എന്ന സ്ത്രീകഥാപാത്രത്തിന് അരങ്ങില്‍ വളരെ പ്രാധാന്യം ഉണ്ടെന്നത് വിട്ടുകളയാനാവില്ല. ലളിതകള്‍ എല്ലാം തന്നെ പകയുടെ, രോഷത്തിന്റെ, പ്രതികാരദാഹികളായ, കൊലപാതകത്വരയുള്ള സ്ത്രീവേഷങ്ങളാണ്. എന്ന് മാത്രവുമല്ല ഒരു രംഗകലയടെതായ സൗന്ദര്യപരമായ സവിശേഷതകള്‍ കൂടി അടങ്ങുന്നതാണ് കഥകളിയിലെ ലളിതകള്‍.    

'മറുതായ് ' എന്ന ഈ സംഗീത വീഡിയോയിലും ആ പേര് സൂചിപ്പിക്കുന്ന പോലെ പ്രതീക്ഷിക്കപ്പെടുന്ന രംഗങ്ങളോ, പശ്ചാത്തലസംഗീതമോ ഇല്ല. കാരണം ഇതില്‍ മറുത എന്ന സങ്കല്‍പത്തിനെ അതേപടി പകര്‍ത്താതെ, ഒരു വ്യാഖ്യാനം (interpretation) സാദ്ധ്യമാക്കുകയാണ് ചെയ്യുന്നത്. അതിന്റെ പരിചരണരീതി തീര്‍ത്തും സമകാലികമാണ്, കുറേകൂടി സാങ്കേതികത്തികവുള്ള, സൂചകരൂപത്തിലുള്ള ദൃശ്യസംവിധാനം ആണിതില്‍ കാണാനാവുക. മറുതയുടെ പ്രതിനിധിയായി അഭിനയിക്കുന്നത് മിത്ര വിശ്വേഷ് ആണ്. അഭിനേത്രിയുടെ മുഖവും മുഖഭാവങ്ങളിലും മാത്രം കേന്ദ്രീകരിച്ചാണ് ഇതിലെ പ്രധാന ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. പല ഭാവങ്ങളില്‍ മിന്നിമറയുന്ന 'മുഖങ്ങള്‍ക്ക്' ഉടനീളം വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട് . മറുതയിൽ ദൃശ്യ സംവിധാനവും, സംയോജനവും ചെയ്തിരിക്കുന്നത് ഷെബിൻ സെബാസ്ററ്യൻ ആണ്.

 

...............................

Read More: 'ലജ്ജാവതിയേ' എന്ന 'അലോസരം'; 'ഹരിമുരളീരവം' എന്ന 'അതിശയം'


മറുതായിലെ ഒരു രംഗം

 

'മറ്റൊരുവളിലെ' അവള്‍

ഈ സംഗീത വീഡിയോ ആല്‍ബം ഉച്ചത്തില്‍ പറയാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് പ്രകാശിപ്പിക്കുന്നത് മറുത എന്ന കഥാപാത്രത്തിലൂടെയും. മറുത എന്ന ആശയത്തോട് ഗായിക സ്വയമേ താദാത്മ്യം പ്രാപിക്കുകയും ആ കഥാപാത്രം താന്‍ തന്നെയായി മാറുകയും, മറുതയുടെ ഉടലിലൂടെ, ഗായികയും മറുതയുടെ ഒരു പ്രതിരൂപമായി മാറുകയും ചെയ്യുന്നു. കഥാപാത്രവും ഗായികയും ഒന്നായി മാറുന്ന പോലെ.  

മറുതായുടെ ആശയവും, വരികളും എഴുത്തുകാരനായ ഡോ. മനോജ് കുറൂര്‍ ആണ്. മനോജ് കുറൂര്‍ മറുതായെ കുറിച്ച് പറയുന്നത് ഇങ്ങിനെ:  'മുതിര്‍ന്ന സഹപ്രവര്‍ത്തകനായിരുന്ന കടമ്മനിട്ട വാസുദേവന്‍ പിള്ള സാര്‍ ഒരിക്കല്‍ പറഞ്ഞു: മറുതാ മറുതായ് ആണ്. മറ്റൊരമ്മ. പെറ്റമ്മ തായ് ആണെങ്കില്‍ ഇവള്‍ മറ്റൊരമ്മയാണ്. എല്ലാ സ്ത്രീകളിലുമുണ്ടാവും അങ്ങനെയൊരമ്മ. ഇടശ്ശേരിയുടെ പൂതപ്പാട്ടിലും കാവിലെ പാട്ടിലും തമ്മില്‍ നേര്‍ക്കുന്ന രണ്ടമ്മമാരുണ്ട്. ഓരോ അമ്മയിലും മറ്റേ അമ്മകൂടിയുണ്ട്.'

ഈ വാചകത്തെ പിന്‍പറ്റി പറഞ്ഞാല്‍ ഒരുപക്ഷേ ഓരോ സ്ത്രീയിലും 'മറ്റൊരു' സ്ത്രീ കൂടിയുണ്ട്. ഒരേ ഉടലിനകത്ത് രണ്ട് സ്ത്രീമനസ്സുകള്‍ നേര്‍ക്കു നേര്‍ നില്‍ക്കുന്ന പോലെ. എന്നിലെ, എന്റെ തന്നെ ഒരു 'അപര'. ഈ അപരയായ, എന്നിലെ 'മറ്റൊരു' സ്ത്രീയെ ആയിരിക്കും ഒരുപക്ഷേ മറ്റു സ്ത്രീകള്‍ക്കൊക്കെയും തങ്ങളുടെ അകമനസ്സുകൊണ്ട് ഏറ്റവും കൂടുതല്‍ ബന്ധപ്പെടുത്താനാകുക. കാരണം അവള്‍ മറ്റുള്ളവര്‍ക്കു വേണ്ടി കൂടി ശബ്ദമുയര്‍ത്തുന്നവള്‍ ആയിരിയ്ക്കാം. മറ്റു സ്ത്രീകളെ കൂടി പ്രതിനിധാനം ചെയ്യുന്നവളും ആയിരിയ്ക്കാം. ഓരോ സ്ത്രീയും പുറം കാഴ്ചയില്‍ വ്യത്യസ്തരായിരിക്കുമ്പോഴും അകക്കാഴ്ചയില്‍ സാമ്യതകള്‍ കൊണ്ട് പരസ്പരം കൈകോര്‍ക്കുന്നു. അതിലൂടെ രഹസ്യമായും പരസ്യമായും പരസ്പരമുള്ള ശാക്തീകരണം കൂടി സാധ്യമാകുന്നു.

 

........................................

Read More: പുഷ്പവതി: പാട്ടും പോരാട്ടവും

'The two Fridas'

 

ഇങ്ങനെ പുറം കാഴ്ചയില്‍ കാണുന്ന 'എന്നെയും' എനിക്കകത്തെ  'അപരയെയും' നേര്‍ക്കുനേര്‍ നിര്‍ത്തുന്ന അനുഭവം ഫ്രിദ കാഹ്‌ലോയുടെ ചിത്രങ്ങളില്‍ കാണാം. 'The two Fridas'  എന്നണ് അതിസുന്ദരമായ ആ ചിത്രത്തിന്റെ പേര്. മറുതായ്  എന്ന ഈ സംഗീത വീഡിയോ ആല്‍ബത്തിന് എണ്‍പത് വര്‍ഷങ്ങള്‍ മുമ്പ് രചിക്കപ്പെട്ട ആ എണ്ണച്ചായ ചിത്രത്തിലേക്ക് അങ്ങനെയൊരു കണ്ണിചേരല്‍ എളുപ്പത്തില്‍ സാധ്യമാകുന്നു.

മറുതായുടെ ആദ്യ രംഗത്തില്‍ തന്നെ അതേപടി പകര്‍ത്തിവെച്ച പോലെ ഈയൊരു കാഴ്ച കാണാനാവും! ഒരേ  മുഖത്തിന്റെ, ഒരേ ഉടലിന്റെ ഉടമകളായ, എന്നാല്‍ രണ്ട് പേരായി മാറി, നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഒരു കാഴ്ചയുടെ മൂര്‍ച്ചയുള്ള മനോഹാരിത. അതിനു ശേഷം ഈ രണ്ടു പേരിലെ ഒരുവള്‍ ചുകന്ന വസ്ത്രത്തിലും മറ്റൊരുവള്‍ നീല വസ്ത്രത്തിലും പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്ന് ഈ രണ്ട് പേരില്‍ നിന്നും മൂന്നും നാലും ആയി അത് കൂടുന്നു. (ഒരു കരുത്താര്‍ന്ന കൈയുടെ, അധികാരത്തിന്റെ നീരാളിപ്പിടുത്തമുള്ള പല കൈകള്‍ ഒന്നൊന്നായി വരുന്നത് കാണാം)

പിന്നീട് പലതരത്തില്‍, വെളിച്ചവും ഇരുട്ടും ചേര്‍ന്നുണ്ടാക്കുന്ന വൈരുധ്യത്തില്‍ ആ ഒറ്റമുഖത്തിന്റെ എണ്ണപ്പെരുക്കങ്ങള്‍ കാണാം. വസ്ത്രങ്ങളുടെ നിറം കറുപ്പും നീലയും ചുകപ്പും വെളുപ്പും ആയി പലവിധ വേഷവിധാനങ്ങള്‍. ഒരേ മുഖങ്ങള്‍ വൈവിധ്യത്തോടെ പല ഭാവത്തില്‍, പല നിറങ്ങളില്‍ വന്നുപോകുന്നു. അതിലോരോ മുഖവും പല തരത്തിലുള്ള സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നതായും വായിച്ചെടുക്കാം !  

'മറുതായിലെ മറ്റൊരു പ്രത്യേകത 'അകമുറിവുകളില്‍ എരിയുന്ന പകയുടെ കനലും', 'ചടുലതയില്‍ ആളുന്ന തീനാളവും' ചേര്‍ന്ന് അങ്ങേയറ്റത്തെ ദുഃഖത്തിലും നിസ്സഹായതയിലും നിന്നും ഉടലെടുക്കുന്ന രോഷ പ്രകടനമാണ്.

മറുതായെ കുറിച്ചുള്ള ഒരു കുറിപ്പില്‍ രേണുക ഇങ്ങനെ പറയുന്നുണ്ട്:

'എന്റെ മറുത സുന്ദരിയാണ്.
എപ്പോഴും ഭയാനക രൂപമെടുക്കാറില്ല.
സഹികെടുമ്പോഴാണ് ശിക്ഷയും സംഹാരവും.'

'പെണ്ണുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും അബ്യൂസ് ചെയ്യുന്നവരെ കൊന്ന് കളയാന്‍ ഒരു മറുത വേണം എന്നുപോലും ഞാന്‍ ആഗ്രഹിക്കുന്നു. പാട്ടില്‍ രക്ഷയ്‌ക്കെത്തുന്ന മറുത റിയല്‍ വേള്‍ഡില്‍ ഇടപെട്ടിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.'

 

..................................

Read More: കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകള്‍' വീണ്ടും കേള്‍ക്കുമ്പോള്‍...
 

'ഹോലഫെര്‍നസിനെ കൊല്ലുന്ന ജൂഡിത്

 

രേണുക ഇത് ഈ നൂറ്റാണ്ടില്‍ പറയുമ്പോള്‍ 17 -ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറ്റൊരു ചിത്രകാരിയെ കൂടി ഈയവസരത്തില്‍ നമുക്കോര്‍ക്കാം. 'ഹോലഫെര്‍നസിനെ കൊല്ലുന്ന ജൂഡിത്' (Judith Slaying Holofernes)  എന്നായിരുന്നു അന്ന് പുരുഷസമൂഹത്തെയാകെ കിടിലം കൊള്ളിച്ച ആ ചിത്രത്തിന്റെ പേര്. ഭയത്തിന്റെ, ചോരത്തുള്ളികളുടെ തണുപ്പു കൊണ്ട് എണ്ണച്ചായത്തില്‍ തീര്‍ത്ത പകയുടെ, പ്രതികാരത്തിന്റെ  തീവ്രതയേറിയ ആവികാരമായിരുന്നു ആ ചിത്രം. അര്‍തമീസ്യ ജെന്റിലെസ്‌കി (Artemisia Gentileschi) എന്നായിരുന്നു ആ ഇറ്റാലിയന്‍ ചിത്രകാരിയുടെ പേര്. ജീവിതത്തില്‍ അനുഭവിച്ചു തീര്‍ത്ത സകല ദുരനുഭവങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവര്‍ തന്റെ തീക്ഷ്ണ ഭാവങ്ങളെ ഒരു കാന്‍വാസില്‍ പ്രകാശിപ്പിച്ചു കൊണ്ട് പ്രതികാരം ചെയ്തു. തന്റെ അഭിമാനത്തെ ക്രൂരമായി കടന്നാക്രമിച്ചവര്‍ക്കെതിരെ കേസ് കൊടുക്കുകയും അതിന്റെ പേരില്‍ വീണ്ടും വീണ്ടും അപമാനിതയാവുകയും ചെയ്തുകൊണ്ടെയിരിക്കുമ്പോള്‍ അവരില്‍ ഉറഞ്ഞു കൂടിയ പകയും പ്രതിഷേധവും ചിത്രത്തില്‍ അതിന്റെ ഏറ്റവും പാരമ്യതയില്‍ കാണാം.

ഇവിടെ മറുതായുമായി ഇതിനു ബന്ധം വരുന്നത് കേവലം അതിലെ പകയും പ്രതിഷേധവും കൊണ്ട് മാത്രമല്ല. അവര്‍ ഈ ചിത്രം വരച്ചത്, അവര്‍ക്കു മുന്നേ ജീവിച്ചിരുന്ന മറ്റൊരു സ്ത്രീയിലൂടെ ആയിരുന്നു. ജൂഡിത് എന്ന ബഥൂലിയക്കാരിയായ ഒരു സ്ത്രീ, തന്റെ നാടിനെ നശിപ്പിക്കുവാന്‍ ഒരുങ്ങി വന്ന ഹോലഫെര്‍നസ് എന്ന സൈന്യാധിപനെ വധിക്കുന്ന കഥയിലെ ജൂഡിതില്‍ അവളവളെ സ്വയം കണ്ടുകണ്ട്, തന്റെ വ്യക്തിയഭിമാനത്തിനെ അതിക്രമിച്ച പുരുഷനെ അതില്‍ കണ്ട്, അയാളെ അതുപോലെ വധിക്കുന്ന ചിത്രമാണ് അവര്‍ വരച്ചത്. ജൂഡിതിന്റെ സ്ഥാനത്തേക്ക് സ്വയം പോര്‍ട്രെയ്റ്റ് ചെയ്യുകയാണ് അവള്‍ ചെയ്തത്. ചിത്രരചനയുടെ സൗന്ദര്യപരമായ സർഗ്ഗാത്മക സവിശേഷതകൾ അടങ്ങുന്ന ഒരു ചിത്രമായി അത് പിന്നീട്  മാറുകയും ചെയ്തു.    

എങ്ങിനെയാണ് മറ്റു സ്ത്രീയനുഭവങ്ങളെ സ്വന്തം അനുഭവമായി കണ്ട്, മറ്റൊരുവളില്‍ അവളവളെ തന്നെ കാണുവാന്‍ സാധിക്കുന്നത് എന്നതിന്  ഇത്തരത്തില്‍  ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ടാകും. ഒരു സ്ത്രീയെന്ന നിലയില്‍ രേണുക തന്നിലെ 'അപരയെ' പ്രകാശിപ്പിക്കുവാന്‍ മറുത എന്ന കഥാപാത്രത്തെ സൂക്ഷ്മമായി ഉപയോഗിക്കുന്നു.

തന്റെ ആശയങ്ങളെ ആവിഷ്‌ക്കരിക്കുവാന്‍ സംഗീതത്തെ മാത്രമല്ല അതിവിദഗ്ദ്ധമായി മറ്റു ഘടകങ്ങളെ കൂടി രേണുക സംയോജിപ്പിച്ചെടുത്തിരിക്കുന്നു. ഇത് രേണുകയിലെ ഒരു  സംവിധായിക, നിര്‍മ്മാതാവ് എന്ന നിലകള്‍ കൂടി വെളിപ്പെടുത്തുന്നു . ഒരുപക്ഷെ ഒരു സിനിമാ നിര്‍മ്മാണത്തിനു തന്നെ വേണ്ടി വരുന്നയത്രയും അദ്ധ്വാനവും, ചിലവും, പ്ലാനിങ്ങും ഈയൊരു ആല്‍ബത്തിന് മാത്രം ആവശ്യമായി വന്നിരിക്കും. അത്രയും കൃത്യത (perfection) കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു കലാകാരിയാണ് രേണുക എന്നും മറുത തെളിയിക്കുന്നു.

 

...............................
Read More: കണ്ണൂര്‍ രാജന്‍: കാലത്തിനു മുമ്പേ പറന്ന സംഗീതം

രേണുക അരുണ്‍

 

മറുതായില്‍ ഒഴുകുന്ന സിംഫണി

മറുതായിലെ വരികളെ മൂന്നു ഖണ്ഡങ്ങളായി എടുക്കാം. ആദ്യ ഭാഗം സഹനത്തിന്റെയും, ദുഃഖത്തിന്റേതും അല്ലെങ്കില്‍ നിസ്സഹായതയുടെയോ ആണ്. ശുഭപന്തുവരാളി രാഗമെന്ന് സൂചിപ്പിച്ചു കൊണ്ട് പിന്നിലൊരു ആലാപനം കേള്‍ക്കാം.

'പകയുടെ കനലിലിവളുടെ മിഴിക-
ളതിലൊരു തരിയിലെരിയുകയുലകമേ'

എന്ന പകയുടെ ഭാവത്തിലേക്ക് മാറി പിന്നീടത് രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രകടനമായി മാറുകയാണ്.

'വാടിവീഴാനാണോ നിന്നിലിന്നും പൂത്ത മന്ദാരം?
കീഴടങ്ങാനാണോ നിന്റെ മാനം ചേര്‍ന്ന ചെന്താരം?'

എന്ന് മറുത ഉറക്കെ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

'ഇറ്റും ചോര വീണാല്‍ത്തന്നെ  ചുട്ടെരിഞ്ഞിടും മാളികകള്‍'

എന്ന് പ്രതികാരദാഹിയായി ചിലമ്പുമെടുത്തു നില്‍ക്കുന്ന കണ്ണകിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ രംഗങ്ങള്‍. ഇവിടെ രാഗം മാറി ധര്‍മ്മവതിയെന്ന സൂചന കിട്ടുന്നു.

മൂന്നാമത്തെ ഭാഗം വലിയൊരു മാറ്റത്തിനൊയി എല്ലാവരും ഒരുമിച്ചു ചേര്‍ന്നു നില്‍ക്കാനുള്ള ആഹ്വാനമായി മാറുന്നു. ആ ഭാഗം കോറസ് ആയാണ് പാടിയിരിക്കുന്നതും. മനോഹരമായി ഹിന്ദോളത്തില്‍ പാടി വെച്ചിരിക്കുന്നു രേണുക.

'അരമണിയുലയെയാടുമ്പോള്‍
മൊഴിയുടെ ചൊടിയിലുണരുമ്പോള്‍
പാടാനിന്നു നീയും പോരൂ
ചുവടുകളിടറി വീഴുമ്പോള്‍
നിടിലമതുതിരമണിയുമ്പോള്‍
താങ്ങാനൊന്നു നാമും ചേരൂ'
 

എന്നാണ് ഒരു ആഹ്വാനമെന്നോണം പറയുന്നത്.

'കണ്ണീരിന്റെയാഴങ്ങള്‍
കല്ലായ്ത്തീര്‍ത്ത ദൈവത്തിന്‍
മുന്നില്‍ വന്നു കൂപ്പും കൈകള്‍
ഉള്ളംകൈയിലപ്പോഴും
മുന്നേ ചെയ്ത പാപങ്ങള്‍
എങ്ങോ ചെന്നു മായ്ക്കും നമ്മള്‍?

എന്ന വരികളില്‍ നമുക്ക് ഒരുപാട് സ്ത്രീകളെ  ഓര്‍ത്തെടുക്കാം.  17 -ാം നൂറ്റാണ്ടിലെ ജൂഡിത്തിനെയോ അര്‍തമീസ്യയെയോ മുതല്‍ ഇതെഴുതുമ്പോള്‍ വരെ എവിടെയോ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുഞ്ഞിനെയോ, സ്ത്രീയെയോ വരെ.  

'മാറാനാണു ശീലങ്ങള്‍
തീരാനാണു ശോകങ്ങള്‍
നേടാനുണ്ടു ലോകങ്ങള്‍
പൂകാനുണ്ടു നാകങ്ങള്‍'

എന്നും
 
'മുന്നില്‍ വന്നു പൂക്കുന്നു മണ്ണില്‍ച്ചേര്‍ന്ന ദു:ഖങ്ങള്‍
കണ്ണില്‍വന്നുദിക്കുന്നു വിണ്ണില്‍നിന്ന താരങ്ങള്‍....'

എന്നം പാടിപ്പറഞ്ഞ് അവസാനിക്കുമ്പോള്‍  സഹനത്തിലൂടെയും, ക്രൂരതകളിലൂടെയും ഒക്കെ കടന്നു പോയ, അതിക്രൂരമായി മരണത്തിലേക്ക്, ആത്മഹത്യയിലേക്കും ഒക്കെ ചെന്നുവീണ പെണ്‍കുട്ടികള്‍, സ്ത്രീകള്‍ , കുഞ്ഞുങ്ങള്‍ ഒക്കെ ഓര്‍മ്മയുടെ ദൃശ്യരേഖയില്‍ കടന്നുവരുന്നു. അതിന്റെ പ്രതീകാത്മക ആവിഷ്‌കാരമാണ് അവസാന ഭാഗത്തെ ഒരേ ഉടലിനും, മുഖത്തിനും പല ഉടമകളായി 'ഒരു സ്ത്രിയിലെ അപരര്‍, പലര്‍ നിരന്നു നില്‍ക്കുന്നത്. വെളിച്ചം കൊണ്ടും നിറങ്ങള്‍ കൊണ്ടും അതൊരു ശക്തമായ ദൃശ്യാനുഭവം കൂടിയായി മാറുന്നു.

മറുതായിലെ ഈ ക്‌ളൈമാക്‌സിലേക്ക് - ഹിന്ദോള രാഗത്തിലേക്ക് -മാറുന്നതിനു മുമ്പായി  അതിസുന്ദരമായാണ് ആ സിംഫണിയിലെ 'string section'  ഭാവമാറ്റം നടത്തുന്നത്. മറുതയില്‍ അടിത്തൂണു പോലെ ഏറ്റവും ശക്തമായ പിന്‍ബലം നല്‍കുന്നത് അതിലെ ഓര്‍ക്കസ്ട്ര തന്നെയാണ്. അതിലെ താളത്തിനെ ചടുലമായും, മധ്യകാലത്തിലും ഇടഞ്ഞ് നിലനിര്‍ത്തി കൊണ്ടുപോകുന്നതിനും, ഒപ്പം ഒരു മുഴുവന്‍ ഫ്യുഷന്‍ അനുഭവം പകര്‍ത്തി വെക്കുന്നതിനും അത് വലിയൊരു പങ്കു വഹിക്കുന്നു. മലയാളത്തില്‍ ആദ്യമായൊരു സ്ത്രീ സംവിധായികയുടെ ആല്‍ബത്തില്‍ ഒരു ഓര്‍ക്കസ്ട്ര എന്നതിനോളം പ്രാധാന്യത്തോടെ തന്നെ, കര്‍ണ്ണാടക സംഗീതരാഗങ്ങള്‍ക്ക് സമാന്തരമായി ഒരു വെസ്റ്റേണ്‍ സിംഫണിക്ക്  ചേര്‍ന്നു പോകാനാവും എന്നു കടി ഇത് തെളിയിക്കുന്നു. രാഗങ്ങളുടെ തിരഞ്ഞെടുപ്പിലും അതിനൊരു വലിയ പങ്കു വഹിക്കാനുണ്ട്.

 

.....................................

Read More: രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?
 

മറുതായിലെ ഒരു രംഗം

 

സവിശേഷമായ ഫ്യൂഷന്‍ അനുഭവം

ഇതിനു മുമ്പും ഇത്തരം പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട് എങ്കിലും 'മറുതാ'യില്‍ ഓര്‍ക്കസ്ട്ര സ്വതന്ത്രമായ ഒരു നിലനില്‍പ്പിനുള്ള സാദ്ധ്യത കൂടി പ്രകടിപ്പിക്കുന്നു. ഗാനമാകെ ചിട്ടപ്പെടുത്തിയിരിക്കുന്ന താളഗതിയില്‍ വാക്കുകള്‍ അടുക്കിവെച്ചിരിക്കുന്ന കണക്കില്‍ ഉപകരണ സംഗീതത്തിന്റെ ഉപയോഗം പ്രബലമായി തന്നെ നിലനില്‍ക്കുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ കേള്‍വിയില്‍ അത് വരികള്‍ക്ക് കൂടുതല്‍ ശക്തി പകരുകയോ, കൂടുതല്‍ അര്‍ത്ഥവത്താക്കുകയോ ചെയ്യുന്നത് അനുഭവിക്കാനാകും.

ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും പ്രതിമദ്ധ്യമ രാഗങ്ങളെ (തീവ്ര മദ്ധ്യമം അടങ്ങുന്ന രാഗങ്ങള്‍) തിരഞ്ഞെടുത്തപ്പോള്‍ അവസാനഭാഗത്തേക്ക് ഒരു ശുദ്ധമധ്യമ (കോമള മധ്യമം) രാഗമായ ഹിന്ദോളത്തെ തിരഞ്ഞെടുത്തിരിക്കുന്നു. അഞ്ചു സ്വരങ്ങള്‍ മാത്രം അടങ്ങിയ (Pentatonic scale) ഹിന്ദോളത്തിലാണ് കൂട്ടായ്മയുടെ പ്രതീക്ഷകളെല്ലാം തിളങ്ങുന്നത്.  

അങ്ങിനെ സാഹിത്യം കൊണ്ടും, സംഗീതം കൊണ്ടും, ഓര്‍ക്കസ്‌ട്രെഷന്‍ കൊണ്ടും ദൃശ്യസംവിധാനം കൊണ്ടുമൊക്കെ ആശയതലത്തില്‍ ഒന്നായി പ്രവര്‍ത്തിക്കുന്നൊരു ഫ്യുഷന്‍ അനുഭവം മറുത തരുന്നു. അങ്ങിനെ മലയാളത്തിന് അഭിമാനിക്കാനുള്ള എല്ലാ വകകളും 'മറുതാ' മുന്നോട്ട് വെക്കുന്നു .  

പലവിധ വിശദാംശങ്ങളും, പ്രത്യേകതകളും അടങ്ങുന്ന, സ്വതന്ത്ര സംഗീത ജനുസ്സില്‍ പെടുന്ന ഈ വീഡിയോ ആല്‍ബം കൂടുതല്‍ ശ്രദ്ധയും അംഗീകാരങ്ങളും അര്‍ഹിക്കുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ കേള്‍വിയും വ്യാഖ്യാനങ്ങളും ആവശ്യപ്പെടുന്നുണ്ട്. ജനപ്രിയ സംഗീതം എന്നാല്‍  സിനിമാസംഗീതം മാത്രമായി ഒതുങ്ങുന്ന നമ്മുടെ ദേശകാല സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സ്വതന്ത്രസംഗീത സൃഷ്ടികള്‍ക്ക് വലിയൊരു പ്രാധാന്യം കൈവരുന്നു. കുറേകൂടി സര്‍ഗ്ഗാത്മകമായവും ആശയ സമ്പുഷ്ടവുമായ പ്രമേയങ്ങളും  സ്വതന്ത്രസംഗീത ഇടങ്ങള്‍ സാധ്യമാക്കുന്നു. ഒരര്‍ത്ഥത്തില്‍ സംഗീതം 'കെട്ടുപാടുകളില്‍' നിന്നും കൂടുതല്‍ സാദ്ധ്യതകളിലേക്ക് കുതറി മാറുന്നു.

രേണുകയെ പോലെയുള്ള കലാകാരികള്‍ അത്തരം ഇടങ്ങളില്‍ ഇങ്ങിനെ ആലോചനാപൂര്‍വ്വം സഞ്ചരിക്കുന്നു എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഭാവിയില്‍ വരാന്‍ പോകുന്ന കലാ(പ)കാരികളായ സ്ത്രീകളെ ഭാവനാപൂര്‍ണ്ണമായി മുന്നോട്ട് നടത്തുവാന്‍ ഇത്  പ്രേരിപ്പിക്കും എന്നതിന് സംശയമില്ല.

click me!