എന്നു മുതലാണ് ലോല വീണ്ടും മനസില്‍ കുടിയേറിയത്? കവിളില്‍ കറുത്ത മറുകുള്ള, ബുദ്ധിയുള്ള, സുന്ദരമായി സംസാരിക്കുന്ന, അവന്റെ ദുബായ് സുന്ദരിയെ കുറിച്ചറിഞ്ഞ നാള്‍ മുതലാണോ?
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം...
...........................
ഏറെ നാള്‍ കൂടി, വീട്ടിലിരിക്കാന്‍ കഴിഞ്ഞ ഒരൊഴിവു ദിനം. പത്മരാജന്റെ 'ലോല' ഒന്നുകൂടി വായിക്കാന്‍ തോന്നി. എത്രയോ പ്രാവശ്യം വായിച്ചതാണ്. ലോല മില്‍ഫോര്‍ഡ്, കഴുത്തില്‍ കറുത്ത പുള്ളിയുള്ള, ബുദ്ധിയുള്ള, ഓമനത്തമുള്ള, സംസാരിക്കാനറിയുന്ന അമേരിക്കന്‍ സുന്ദരിയുടെ കഥ.
എന്നു മുതലാണ് ലോല വീണ്ടും മനസില്‍ കുടിയേറിയത്? കവിളില്‍ കറുത്ത മറുകുള്ള, ബുദ്ധിയുള്ള, സുന്ദരമായി സംസാരിക്കുന്ന, അവന്റെ ദുബായ് സുന്ദരിയെ കുറിച്ചറിഞ്ഞ നാള്‍ മുതലാണോ?
ഞാന്‍ പുസ്തകവുമായി സോഫയിലേക്ക് ചാഞ്ഞു. വായനക്കിടയില്‍ അലോസരമായി വീണ്ടും അവന്റെ മുഖം. പല കാലങ്ങള്‍. പല ഓര്‍മ്മകള്‍. അവന്‍, അവള്‍, പ്രണയം.
അവനാണ് എനിക്കവളുടെ കഥ പറഞ്ഞു തന്നത്. അന്നവന്റെ കസിന്റെ ഗൃഹപ്രവേശന ചടങ്ങായിരുന്നു. അവന്‍ ഗേറ്റ് കടക്കുമ്പോള്‍ ഒരു BMW കാര്‍ കടന്നുപോയി. അതിലൊരു പെണ്‍മുഖം. ആ കണ്ണുകള്‍. വലതു കവിളിലെ കറുത്ത മറുക്. എവിടെയോ കണ്ടു മറന്നതുപോലെ... അവന്‍ തിരിഞ്ഞുനോക്കി. അവളും അവനെ ശ്രദ്ധിച്ചതുപോലെ അവനു തോന്നി.
അതവിടെ തീര്‍ന്നു. പക്ഷേ, ജീവിതം മാറ്റിമറിയ്ക്കാനുള്ള ശക്തി ആ സംഭവത്തിനുണ്ടാവുമെന്ന് അവന്‍ കരുതിയില്ല. പൊതുവേ മുരടനായ അവന്റെ ഉള്ളിലുറങ്ങി കിടന്നിരുന്ന കാമുകഭാവം മനസിന്റെ ഓടാമ്പല്‍ തകര്‍ത്ത് പുറത്തുവരുമെന്ന് എങ്ങനെ ചിന്തിക്കാനാണ്! ജീവിതം പലപ്പോഴും അങ്ങനെയാണല്ലോ. കണക്കുകൂട്ടലുകള്‍ തെറ്റിക്കും. അല്ലേലും, വഴിപിഴയ്‌ക്കൊന്‍ ഒരുങ്ങിനിന്നൊരു വഴികണക്കു പോലായിരുന്നു അവന്റെ ജീവിതം.
കുട്ടിക്കാലത്തും കൗമാരത്തിലും കണ്ടു മറന്ന അതേ മുഖം ഇടയ്ക്കിടെ അവന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു തുടങ്ങിയത് അന്നുമുതലായിരുന്നു. രഞ്ജുവിന്റെ അതേ ഛായ. പക്ഷേ, വല്ലാത്ത മേക്കോവര്‍ .ഇത്രയൊക്കെ ഒരാള്‍ക്ക് മാറാനാവുമോയെന്ന് അവന്‍ ചിന്തിക്കാതിരുന്നില്ല. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും പിന്നെയും പിന്നെയും ആ മുഖം അവന്റെ ചിന്തകളെ അലോസരപ്പെടുത്തി.
അവനാ കഥ പറയുമ്പോള്‍ എന്റെ മനസില്‍ കൃഷ്ണഗുഡി റെയില്‍വേ സ്റ്റേഷനും അവിടെ ഇതള്‍ വിടര്‍ന്ന ഗിരിയുടെ (ജയറാം) പാവം പ്രണയവും തെളിഞ്ഞു. കമല്‍ സംവിധാനം ചെയ്ത 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്' എന്ന സിനിമയിലെ മനോഹര പ്രണയ ഗാനം.
'പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം'
മീനാക്ഷിയെ (മഞ്ജു വാര്യര്‍) ഗിരിക്ക് തന്നെ കിട്ടണേയെന്ന് പ്രാര്‍ത്ഥിച്ച് ക്ലൈമാക്‌സ് കണ്ടിരുന്ന കാലം. ഗിരീഷ് പുത്തഞ്ചേരിയുടെ, കഥാസന്ദര്‍ഭത്തിനോട് അലിഞ്ഞുചേരുന്ന മനോഹര വരികള്‍. വിദ്യാസാഗറിന്റെ സുന്ദരമായ സംഗീതം. യേശുദാസിന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനം. പ്രണയത്തേക്കാള്‍ സുന്ദരമാണ് അതിനായുള്ള കാത്തിരിപ്പെന്ന് നമ്മോട് പറയുകയായിരുന്നല്ലോ ഗിരീഷ് പുത്തഞ്ചേരി. അതിനും എത്രയോ കാലം മുമ്പാണ് അവന്‍ കാത്തിരിപ്പിന്റെ സൗന്ദര്യം രഹസ്യമായി ആസ്വദിച്ച് നടന്നത്.
നാട്ടിലെ സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്നു അവന്റെ അച്ഛന്‍. വീടൊരു സ്‌കൂളും അച്ഛനൊരു ഹെഡ്മാസ്റ്ററുമായിരുന്ന കാലം. അതിനിടയിലും രഞ്ജുവെന്ന പാവാടക്കാരി മനസില്‍ കടന്നു കൂടിയതെങ്ങിനെയായിരുന്നു എന്ന് ചോദിച്ചാല്‍ അവനുത്തരമില്ല
അന്നവന്‍ നാലാം ക്ലാസിലായിരുന്നു. അമ്മവീട്ടില്‍ ഒരു കല്യാണം കൂടാനെത്തിയതാണ്. അവിടെ അവനൊരു കുട്ടി ഫ്രോക്കുകാരിയെ കൂട്ടുകിട്ടി. അമ്പലപ്പറമ്പില്‍ അവര്‍ ഓടിച്ചാടി കളിച്ചു. ഡ്രസില്‍ ചെളി പുരട്ടിയതിന് അവന് അമ്മയുടെ കൈയ്യില്‍ നിന്ന് നല്ല കിഴുക്ക് കിട്ടി. അവനൊട്ടും വേദനിച്ചില്ല. അവള്‍ക്കും കിട്ടിയിട്ടുണ്ടാവുമോ എന്നാലോചിച്ചപ്പോള്‍ ഒരു കുഞ്ഞു വേദന അവനു തോന്നി. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അവന്‍ അമ്മയോട് ചോദിച്ചു.
'അമ്മേ, രഞ്ജൂട്ടിക്കും കിഴുക്ക് കിട്ടിയിട്ടുണ്ടാവുമോ?'
'മിണ്ടാതിരുന്നോട്ടാ' എന്ന് പറഞ്ഞ് അമ്മ ഒരു കിഴുക്കു കൂടി കൊടുത്തു.
ആ കഥ പറയുമ്പോള്‍ അവന്‍ അറിയാതെ ചെവി തടവി. കുട്ടിക്കാലത്തെ ആ ഓര്‍മ്മകള്‍ പോലും അവന്റെ മനസ് പ്രണയ തരളിതമാക്കുന്നതുപോലെ തോന്നി. അവനായി ഞാന്‍ സ്‌പോട്ടിഫൈയില്‍ ആ പാട്ടൊന്ന് പ്ലേ ചെയ്തു. എന്റെ എക്കാലത്തേയും പ്രിയ പാട്ടുകളിലൊന്ന്.
....................
പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...
പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?
ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!
...........................
'പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിന്‍
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം.'
പ്രണയത്തിലാവുന്ന ഒരാളിന്റെ ഭാവങ്ങള്‍ എത്ര മനോഹരമായാണ് കവി വരച്ചിട്ടിരിക്കുന്നത്. ആരെയും പ്രണയാതുരരാക്കുന്ന മനോഹരമായ ദൃശ്യാവിഷ്‌ക്കരണവും. ഏത് പ്രായത്തിലും പ്രണയികളുടെ മനസ് ഇങ്ങനെയൊക്കെ തന്നെയാവും. സ്വതവേ ഗൗരവക്കാരനായ അവനിലെ മാറ്റം വളരെ ദൃശ്യമായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അവളുടെ നാട്ടിലേക്കുളള അവന്റെ രണ്ടാമത്തെ യാത്ര. അമ്മയുടെ നാട്ടില്‍ മധ്യവേനലവധിക്ക് കുടുംബ സമേതം പോയതായിരുന്നു. ഓരോ ബന്ധു വീട്ടിലും അക്ഷമയോടെ ആ പഴയ കുട്ടി ഫ്രോക്കുകാരിയെ അവന്‍ തിരഞ്ഞു. ഒടുവില്‍ അവളുടെ വീട്ടിലെത്തിയപ്പോള്‍ അവള്‍ ഡാന്‍സ് പ്രാക്ടീസിലായിരുന്നു. അന്നവന്‍ ഒന്‍പതാം ക്ലാസില്‍ . അവള്‍ ആറാം ക്ലാസിലും. ഡാന്‍സ് പ്രാക്ടീസിലായിരുന്ന അവള്‍ ഓടി വന്ന് കൈയ്യില്‍ പിടിച്ചു. 'എനിക്ക് മനസിലായിട്ടോ' എന്ന് കൊഞ്ചിപറഞ്ഞു.
വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. അവന്റെ മനസില്‍ അവളുടെ നിറമുള്ള ചിത്രങ്ങള്‍ രൂപം കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കനുസരിച്ച് ആ ചിത്രങ്ങള്‍ക്ക് പ്രായം കൂടി വന്നു. പിന്നീട് ഒരിയ്ക്കല്‍ക്കൂടി കുടുംബത്തിലെ ഒരു കല്യാണത്തിന് അവളെ കണ്ടു. അന്നവള്‍ പ്രീഡിഗ്രി കഴിഞ്ഞിരുന്നു. അവന്‍ ഡിഗ്രിയും. അന്നും തന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയാന്‍ അവനായില്ല. അവളുടെ പിന്നാലെ നടന്ന് അവന്‍ എന്തൊക്കെയോ ഉപദേശങ്ങള്‍ നല്‍കി. എല്ലാം വിദ്യാഭ്യാസ സംബന്ധമായിരുന്നു. ഒരു പഠിപ്പിസ്റ്റും അതിലേറെ ഈഗോയിസ്റ്റുമായ അവന്‍ മറ്റെന്ത് പറയാനാണ് . പക്ഷേ ഉള്ളിന്റെയുള്ളില്‍ അവന്‍ ഒരസ്സല്‍ കാമുകനായിരുന്നു. എന്നാല്‍ അണിഞ്ഞിരുന്ന ബുദ്ധിജീവിയുടെ പൊയ്മുഖം മാറ്റാന്‍ അവനൊരിക്കലും കഴിഞ്ഞില്ല. പറഞ്ഞില്ലെങ്കിലും തന്റെ ഉള്ളിലെ പ്രണയം അവള്‍ക്ക് മനസിലായിട്ടുണ്ടാവുമെന്ന് അവന്‍ കരുതി. അവളുടെ കണ്ണുകളില്‍ അങ്ങനൊരു ഭാവം വായിക്കാന്‍ അവനു കഴിഞ്ഞിരുന്നു. വിഡ്ഢിയായ ഏത് കാമുകനേയും പോലെ അവനും അങ്ങനെ ധരിച്ചു. ഒരു ജോലികിട്ടിയിട്ട് അന്തസ്സായി പോയി കല്യാണമാലോചിക്കണം. അതവള്‍ക്കൊരു സര്‍പ്രൈസ് ആവണം. ഇതായിരുന്നു അവന്റെ മനസ്സില്‍.
അതു കഴിഞ്ഞു. പിന്നെ കാത്തിരിപ്പ്. കൃഷ്ണഗുഡിയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഗിരിയുടെ സുന്ദരമായ കാത്തിരിപ്പ് പോലൊന്ന്
'തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം .. '
കാറ്റും മഴയും നിലാവുമൊക്കെ അവനോട് സ്വകാര്യം പറഞ്ഞു, ഒരിയ്ക്കലവള്‍ അവന്റെ സ്വന്തമാവുമെന്ന്. നന്നായി പാടുന്ന, നൃത്തം ചെയ്യുന്ന ശാലീന സുന്ദരിയായ ആ പെണ്‍കുട്ടി അവന്റെ പുലരികളും സന്ധ്യകളും വര്‍ണ്ണാഭമാക്കി. അവളെ കുറിച്ചോര്‍ക്കുമ്പോഴെല്ലാം മനസിലൊരു മാരിവില്ല് വിടര്‍ന്നു.
ഇതിനിടയില്‍ അവന്‍ പിജി ഉപേക്ഷിച്ച് എല്‍ എല്‍ ബിക്ക് ചേര്‍ന്നു. അവള്‍ ബികോമിനും. സത്യത്തില്‍ പി.ജി ഉപേക്ഷിച്ച് എല്‍ എല്‍ ബിക്ക് ചേര്‍ന്നത് പോലും അവള്‍ക്ക് വേണ്ടിയായിരുന്നു.
'അവളുടെ വീട്ടില്‍ പോയി പെണ്ണ് ചോദിക്കാന്‍ ഒരു തൊഴിലാവുമല്ലോ എന്നായിരുന്നു എന്റെ ചിന്ത. എല്ലാം വെറുതേ ആയിരുന്നു.' അന്നവനത് പറയുമ്പോള്‍ ആ കണ്ണുകളില്‍ പടര്‍ന്ന നിരാശയുടെ ചാര നിറം ഇന്നും കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല.
എല്‍എല്‍ ബി പഠനത്തിനിടയിലെ ഒരവധിക്കാലം. ഒരു ദിവസം അവളുടെ അമ്മയും കൊച്ചച്ഛനും കൂടി അവന്റെ വീട്ടിലെത്തുന്നു. മോളുടെ വിവാഹം ക്ഷണിക്കാനാണെന്ന് അവളുടെ കൊച്ചച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടുകൊണ്ടായിരുന്നു അവന്‍ മുറിയില്‍ നിന്നിറങ്ങി വന്നത്. അവന്റെ കണ്ണില്‍ ഇരുട്ട് കയറി. അവള്‍ ഡിഗ്രി കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. കല്യാണം കൂടേണ്ടിവരുമോയെന്ന ചിന്തയില്‍ അടുത്ത ദിവസം തന്നെ അവന്‍ ഹോസ്റ്റലിലേക്ക് മടങ്ങി. 'രഞ്ജൂട്ടിയെ മോനിഷ്ടമായിരുന്നല്ലേ' എന്ന അമ്മയുടെ ചോദ്യം അവന്‍ കേട്ടതായി നടിച്ചില്ല. കണ്ണുകളിലെ നനവ് അമ്മ കാണാതിരിക്കാന്‍ പാടുപട്ടു. അന്നൊക്കെ 'ഹോസ്റ്റലില്‍ മറ്റുള്ളവര്‍ക്കായി അവന്‍ പലവുരു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആനന്ദധാര ചൊല്ലി.
....................
അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!
ഒരിക്കല്‍ ജീവനെപ്പോലെ സ്‌നേഹിച്ച ഒരുവളുടെ മുന്നില്‍ അന്യനെപ്പോലെ നിന്നിട്ടുണ്ടോ നിങ്ങള്‍?
ഒരു ഒളിഞ്ഞുനോട്ട കഥയിലെ നായകനും നായികയും; ആരുമറിയാത്ത അവരുടെ പ്രണയം!
...........................
ചൂടാതെ പോയ് നീ,
നിനക്കായി ഞാന്‍
ചോരചാറി ചുവപ്പിച്ചൊരെന്‍
പനിനീര്‍ പൂവുകള്‍
കാണാതെ പോയ് നീ,
നിനക്കായ് ഞാനെന്റെ പ്രാണന്റെ
പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍,
ഒന്നു തൊടാതെ പോയി
വിരല്‍തുമ്പിനാല്‍
ഇന്നും നിനക്കായ്
തുടിക്കുമെന്‍ തന്ത്രികള്‍-
ആനന്ദധാരയിലെ ഈ വരികള്‍ അവന്‍ ചൊല്ലുമ്പോള്‍ എല്ലാവരും കൈയ്യടിച്ചു.
'പ്രാണനില്‍ കുറിച്ചിട്ടതിന് പകരം ഒരു ഇന്‍ലന്റില്‍ കുറിച്ചിടാന്‍ പാടില്ലായിരുന്നോടാ പൊട്ടാ' എന്ന് ഒരു രസികന്‍ കളിയാക്കി. അവന്റെ ഉള്ളിലെ കരച്ചില്‍ ആരും കേട്ടില്ല. ഓരോ ആലാപനത്തിലും ഒരു താരകം അവന്റെ നെഞ്ചില്‍ നിന്നടര്‍ന്നു വീണു. പിന്നെയത് ആകാശത്തില്‍ മുനിഞ്ഞു കത്തി. മഞ്ഞയില്‍ ചുവന്ന പൂക്കളുള്ള ഒരു ഫ്രോക്കുകാരി അതിനു ചുറ്റും നൃത്തം വച്ചു. പ്രണയനഷ്ടത്തിന് ഇത്രയും സങ്കടമുണ്ടോന്ന് ആനന്ദധാര ആദ്യം വായിച്ചപ്പോള്‍ ചിന്തിച്ച അവനിലെ കാമുകന്‍ പ്രാണന്‍ പിടയുന്ന സങ്കടമഴയില്‍ നനഞ്ഞു. കാലമുണക്കാത്ത മുറിവുകളില്ലല്ലോ. കാലചക്രം പിന്നെയും ഉരുണ്ടു. അവന്‍ വിവാഹിതനായി. രണ്ടു കുട്ടികളുടെ അച്ഛനും. പ്രണയ ചക്രവാളത്തിലെ ആ മാരിവില്ല് മാഞ്ഞുപോയെന്ന് തന്നെ പറയാം.
പക്ഷേ, ആ BMW കാര്‍ കണ്ട ദിവസം മുതല്‍ വീണ്ടും വല്ലാത്തൊരസ്വാസ്ഥ്യം. അങ്ങനെയാണവന്‍ ഔദ്യോഗിക ആവശ്യത്തിന് എറണാകുളം പോയപ്പോള്‍ അവളുടെ വീട് തേടിപ്പോയത്. അവളുടെ അമ്മയും, അവളുടെ കുട്ടികളും മാത്രമായിരുന്നു അവിടെ. കൊച്ചച്ഛന്‍ മരണപ്പെട്ടിരുന്നു. അവള്‍ക്ക് നാല് മാസം പ്രായമുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. നാലു വയസ്സുള്ളപ്പോള്‍ അമ്മ രണ്ടാമതും വിവാഹിതയായി. അങ്ങനെ രണ്ട് അനിയത്തിമാരെ കിട്ടിയെങ്കിലും അവളെന്നും ഒറ്റയ്ക്കായിരുന്നു.
ദുബായില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ HR ഹെഡാണ് അവളിപ്പോഴെന്ന വാര്‍ത്ത അവനൊരത്ഭുതമായിരുന്നു. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞിട്ട് പതിനാല് വര്‍ഷമായി. അയാള്‍ തികഞ്ഞ മദ്യപാനിയായിരുന്നു. കുട്ടികള്‍ നാട്ടില്‍ പഠിക്കുന്നു.
മടക്കയാത്രയില്‍ അവളുടെ അമ്മയുടെ വാക്കുകള്‍ അവനെ ഭ്രാന്ത് പിടിപ്പിച്ചു.
'മോന് ഒരു വാക്ക് എന്നോടെങ്കിലും പറയരുതായിരുന്നോ. നിങ്ങളൊക്കെ വല്യ ആള്‍ക്കാരല്ലേ. എന്റെ മോള്‍ക്കന്ന് ആഗ്രഹിക്കാന്‍ പറ്റില്ലായിരുന്നല്ലോ.'
അമ്മ നമ്പര്‍ കൊടുത്തിട്ടാവണം വൈകിട്ട് അവള്‍ വിളിച്ചു.
'രവിക്കിപ്പോള്‍ എന്റെ വീട് തേടി വരാനറിയാമല്ലേ. ഇതു പോലൊരു വരവിനായി ഞാനെത്ര കാത്തിരുന്നെന്നറിയോ. പക്ഷേ രവി വന്നില്ല. അപ്പോഴൊക്കെയും എന്റെ മനസ് പറഞ്ഞു. അവരൊക്കെ വല്യ ആള്‍ക്കാരാ. ഒരു ബി.കോം കാരിയെ തേടി വരുന്നതെന്തിനാന്ന്. ഒറ്റവാക്കില്‍ ഒരു കത്തയയ്ക്കാമായിരുന്നില്ലേ. ഞാനെത്ര കാലം വേണേലും കാത്തിരിക്കുമായിരുന്നില്ലേ.'
ആ പറച്ചില്‍ അറ്റു വീണത് ഒരു നീണ്ട കരച്ചിലേക്കായിരുന്നു. അവളുടെ ഓരോ വാക്കും അവനെ ചുട്ടുപൊള്ളിച്ചു.
'രവിക്കറിയോ അന്നൊക്കെ മനസ്സില്‍ രവിയോട് സംസാരിച്ചിട്ടായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത്. മൂന്ന് പെണ്‍മക്കളുള്ള ഒരു സാധാരണ വീട്ടിലെ മൂത്ത പെണ്‍കുട്ടി. രവിയെ പോലൊരാള്‍ വരുമെന്ന് കരുതി ഞാനെങ്ങനെ പിടിച്ചു നില്‍ക്കും. അതിന് രവി എന്നോടൊന്നും സൂചിപ്പിച്ചിട്ടു കൂടിയുണ്ടായിരുന്നില്ലല്ലോ. എല്ലാം ഞാന്‍ നെയ്തു കൂട്ടിയ സ്വപ്നങ്ങളായിരുന്നല്ലോ. രവി പറയാതെ പോയ ഒരു വാക്കില്‍ എനിക്ക് നഷ്ടമായത് എന്റെ ജീവിതമായിരുന്നു. നാട്ടിന്‍പുറത്ത് കുറച്ച് കൃഷിയൊക്കെ ചെയ്ത് രവിയുടെ കെയറിംഗില്‍ രവിയുടെ കുട്ടികളുടെ അമ്മയായി ജീവിച്ചാല്‍ മതിയായിരുന്നു എനിക്ക്. ഇപ്പോഴത്തെ പദവിയൊന്നും എന്നെ സന്തോഷിപ്പിക്കുന്നതേയില്ല. ഒന്നുകൂടി നമുക്കാ കാലം തിരിച്ചു കിട്ടോ..'
കരിങ്കല്ലു പോലെ ഉറഞ്ഞ കണ്ണീരിന്റെ മുന്നില്‍നിന്ന്, അവന്‍ അവളുടെ കഥ വിസ്തരിച്ചു പറയുമ്പോള്‍ അധികം ആഘോഷിക്കപ്പെടാതെ പോയ ഒരു ഗാനം എനിക്കോര്‍മ്മ വന്നു.
...................
തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍
കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!
തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
..................................
'ഈ കല്‍പ്പടവില്‍ ഈ മരത്തണലില്‍
ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍
ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ്
ഇനിയും നിന്നെ ഞാന്‍ മൂടിയേനെ...
ഒരു വര്‍ഷസന്ധ്യതന്‍ പരിഭവഭംഗിയായി
മൗനമായി വന്നുവെങ്കില്‍..
ഒരു മഴക്കാലം നിനക്കു ഞാന്‍ തന്നേനെ
അതിലൊരു മിന്നലായ് പടര്‍ന്നേനേ...'
'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലെ എന്റെ പ്രിയ ഗാനം. റഫീഖ് അഹമ്മദിന്റെ ലളിത സുന്ദരവരികള്‍ക്ക് ബെന്നറ്റ് - വീത് രാഗ് ജോഡികളുടെ ആര്‍ദ്രമായ ഈണം. അതിലും ആര്‍ദ്രമായ വേണുഗോപാലിന്റെ ആലാപനം. കേട്ടിരിക്കുമ്പോള്‍ എന്തോ ഒരു സങ്കടത്തിന്റെ നിഴല്‍വന്ന് പൊതിയുന്ന ഫീല്‍.
ഞാനാ പാട്ടിന്റെ കാര്യം അവനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, ഞാനിതു വരെ കേട്ടിട്ടില്ല അതെന്ന്. ശരിയായിരുന്നു, അവന്‍ ആ ഗാനം ആദ്യമായി കേള്‍ക്കുകയായിരുന്നു. അവന്‍ പറഞ്ഞു. 'ഇതെന്തായാലും രഞ്ജൂനെക്കൊണ്ട് ഞാന്‍ പാടിപ്പിക്കും. തനിക്കും അയച്ചു തരും.'
ഒരിയ്ക്കല്‍ കൂടി അവര്‍ ആ ചെറിയ കുട്ടികളായി മാറിയിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു. ഇപ്പോഴത്തെ കുട്ടികളെപ്പോലെ മനസില്‍ തോന്നുന്നതെന്തും തുറന്നു പറയാന്‍ കഴിയുന്ന രണ്ട് കുട്ടികള്‍. എങ്കില്‍ എങ്ങനായിരിക്കുമെന്ന് വെറുതേ ചിന്തിച്ചു. റഫീക്ക് അഹമ്മദ് എഴുതി വച്ചതുപോലായിരിക്കുമല്ലേ?
'ഹിമബിന്ദു ചൂടിയ പൂവിതളായ് നീ
ശിശിരത്തില്‍ വീണ്ടും ഉണര്‍ന്നെങ്കില്‍
ഹൃദയത്തിലാളും ചുവപ്പു ഞാന്‍ തന്നേനേ
ഉയിരിലെ ചൂടും പകര്‍ന്നേനേ
ഇനി വരും കാലങ്ങളറിയാത്ത പാതകളില്‍
ഒരു ബിന്ദുവില്‍ വന്നു ചേര്‍ന്നുവെങ്കില്‍
ഇതുവരെ പറയാത്ത പ്രിയരഹസ്യം
ഹൃദയദലങ്ങളില്‍ കുറിച്ചേനേ...'
നേരില്‍ കണ്ടുമുട്ടിയില്ലെങ്കിലും, നീണ്ട ഒരു മാസക്കാലം, അല്ല 38 ദിവസം അവര്‍ ലോകത്തിന്റെ രണ്ടു കോണിലിരുന്ന് വാതോരാതെ സംസാരിച്ചു. വീഡിയോ കോളിലൂടെ പരസ്പരം കണ്ടു. മൂന്ന് പതിറ്റാണ്ടുകള്‍ അവരില്‍ വരുത്തിയ മാറ്റങ്ങള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഒരു ബികോം കാരിയില്‍ നിന്ന് എച്ച് ആര്‍ ഹെഡിലേക്കുള്ള അവളുടെ വളര്‍ച്ചയുടെ കഥ അവനെ അത്ഭുതപ്പെടുത്തി. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷം MCA ക്ക് ചേര്‍ന്നതും, കാമ്പസ് സെലക്ഷനില്‍ ദുബായില്‍ ഒരു കമ്പനിയില്‍ കയറിപ്പറ്റിയതും, കഠിനാദ്ധ്വാനത്തിലൂടെ ജീവിതം വെട്ടിപ്പിടിച്ചതും ഒക്കെ അവന്‍ നിശബ്ദം കേട്ടിരുന്നു.
ജീവിതത്തിന് നഷ്ടപ്പെട്ട നിറമൊക്കെ തിരിച്ചു കിട്ടുന്നതുപോലെ അവന് തോന്നി. താന്‍ രണ്ടു കുട്ടികളുടെ പിതാവാണെന്ന കാര്യം അവനിടയ്‌ക്കൊക്കെ മറന്നു. സുഹൃത്തുക്കള്‍ പലരും ഒളിഞ്ഞും തെളിഞ്ഞും അവനില്‍ വന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്തു. ഭര്‍ത്താവില്‍ വന്ന മാറ്റങ്ങള്‍ ഭാര്യയും മക്കളും ശ്രദ്ധിച്ചു തുടങ്ങി. അവനിലെ മാറ്റങ്ങള്‍ മറ്റാരെക്കാളും അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അതാവണം ഏറെ ആലോചിച്ചെടുത്ത തീരുമാനത്തിനൊടുവില്‍ അവള്‍ പറഞ്ഞു:
'എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. എന്റെ മക്കള്‍ക്ക് രവിയെ അറിയാം. നമ്മുടെ കഥ അറിയാം. എന്നാല്‍ രവിക്ക് ഇതൊന്നുമറിയാത്ത ഒരു കുടുംബമുണ്ട്. ഒരു പാവം പെണ്ണിന്റെ കണ്ണീരില്‍ കുതിര്‍ന്ന ഒന്നും വേണ്ടെനിക്ക്. സന്തോഷവും സൗഹൃദവും കെയറിംഗും ഒന്നും. ഒരു ജീവിതകാലം സംസാരിക്കാനുള്ളത് നമ്മളീ 38 ദിവസം കൊണ്ട് പറഞ്ഞു തീര്‍ത്തു. വിധി അനുവദിച്ചാല്‍ ഒരു ദിനം നമ്മള്‍ കാണും. അതൊരിക്കലും മുന്‍കൂട്ടി അറിഞ്ഞിട്ടാവരുത്.'
ഒരായുഷ്‌ക്കാലം മനസ്സില്‍ കൊണ്ടു നടന്ന ബന്ധത്തിന് കടിഞ്ഞാണിടാന്‍ അവളുടെ പ്രായോഗിക ബുദ്ധിക്ക് വേഗം കഴിഞ്ഞു. മനസ്സില്‍ കരഞ്ഞു കൊണ്ടാവും അവളാ തീരുമാനം എടുത്തതെന്ന് അവനറിയാം. എന്നാല്‍ അവന്റെ മനസിന് അത് ഉള്‍ക്കൊള്ളാനേ കഴിയുമായിരുന്നില്ല. ലോകത്തോട് മുഴുവന്‍ ഞാനെന്റെ രഞ്ജൂട്ടിയെ കണ്ടുമുട്ടിയെന്ന് വിളിച്ചു കൂവണമെന്നായിരുന്നു അവന് തോന്നിയിരുന്നത്. പക്ഷേ കെട്ടുപാടുകളാല്‍ അവന്റെ കൈയ്യും നാവും ബന്ധിക്കപ്പെട്ടിരിക്കയാണല്ലോ. അവളുടെ തീരുമാനം സ്വീകരിക്കാനേ അവനായുള്ളൂ.
'അതായിരുന്നോ ശരി? അല്ലെങ്കിലും ശരിയും തെറ്റും ആപേക്ഷികമാണല്ലോ. ഒരുപാട് പേരുടെ സന്തോഷത്തിനായി ഒരാള്‍ വേണ്ടെന്ന് വയ്ക്കുന്ന സന്തോഷമാണോടോ ശരി?'
അവന്റെ ചോദ്യങ്ങള്‍ക്കൊന്നും അന്നെനിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഇപ്പോഴും. എന്റെ മനസ്സിലുമുണ്ടായി കുറേ ചോദ്യങ്ങള്‍. അവര്‍ പിരിഞ്ഞുവെന്നത് താല്‍ക്കാലികമാവില്ലേ? അത്യന്താപേക്ഷിതമായ വേര്‍പാടുകളില്‍ വീണ്ടും കാണുക എന്നൊന്നുണ്ടാവില്ലേ? ഒന്നിനും ഉത്തരമില്ല.
കോളിംഗ് ബെല്‍ തുടരെത്തുടരെ ശബ്ദിക്കുന്നത് കേട്ടാണ് ഞാന്‍ മയക്കത്തില്‍ നിന്നുണര്‍ന്നത്. അപ്പോള്‍ എന്റെ മനസില്‍ രഞ്ജുവും രവിയും ആയിരുന്നില്ല. പത്മരാജന്റെ ലോല മില്‍ഫോര്‍ഡ് എന്ന അമേരിക്കന്‍ സുന്ദരിയും അവളുടെ ഇന്ത്യന്‍ കാമുകനുമായിരുന്നു.
ലോലയിലെ അവസാന വരിയില്‍ എന്റെ കണ്ണുകള്‍ ഉടക്കി നിന്നു.
'വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല.
നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക.
ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.'
പടവുകളിറങ്ങുമ്പോള്‍ ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു; ഇല്ല. ലോലയെ മറക്കാന്‍ അയാള്‍ക്കാവില്ല. രഞ്ജുവിനെ മറക്കാന്‍ രവിയ്ക്കും.