എന്റെ മനസ്സിലിപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു ദിവസമുണ്ട്. അന്നാണ് തികച്ചും യാദൃശ്ചികമായി ആ ഷോപ്പിംഗ് മോളില്‍ വച്ച് ഞാനവനെ കാണുന്നത്.
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
...........................
ഒരു ഔദ്യോഗിക പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് വീണ്ടും പഴയ കലാലയത്തിലെത്തിയത്. ഹാളിലേയ്ക്കുള്ള പടവുകള്‍ കയറുമ്പോള്‍ വല്ലാത്ത ഗൃഹാതുരത്വം അനുഭവപ്പെട്ടു. ഈ പടവുകളിലെവിടെയോ അവളുണ്ട്, അവനും. മനസില്‍ അനേകം ചിത്രങ്ങള്‍ മിന്നിമായുന്നു. പ്രിയമുള്ളൊരു പാട്ടിന്റെ മഴനൂലിഴകള്‍ ഓര്‍മ്മകളെ നനയ്ക്കുന്നു.
'നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നൂ
കണ്ണുനീര്‍ തുടയ്ക്കാതെ,
ഒന്നും പറയാതെ,
നിന്നൂ ഞാനുമൊരന്യനെപ്പോല്‍
വെറും അന്യനെപ്പോല്‍.
...........................
....................
ഒരു തലമുറ ആഘോഷമാക്കിയ ഭാവാര്‍ദ്രഗീതം. ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ 1989- ല്‍ പ്രദര്‍ശനത്തിനെത്തിയ 'വചനം' എന്ന ചിത്രത്തിലെ ഏക ഗാനം. പരസ്പരം ഇഷ്ടപ്പെടുന്ന രവിയും (സുരേഷ് ഗോപി) മായയും (സിത്താര) അത് വെളിപ്പെടുത്താന്‍ സഹായിക്കുന്ന ഗോപനുമാണ് (ജയറാം ) ഗാനരംഗത്ത്.
ഒഎന്‍വിയുടെ ഭാവനാ സുന്ദരമായ വരികള്‍. ഈണങ്ങളില്‍ മോഹങ്ങളും നൊമ്പരങ്ങളും ഇഴചേര്‍ക്കുന്ന മോഹന്‍ സിത്താരയുടെ വിഷാദാര്‍ദ്രമായ ഈണം. ഗാനഗന്ധര്‍വ്വന്റെ ഭാവസാന്ദ്രമായ ആലാപനം. ഒരു തലമുറയുടെ മനസ്സ് കീഴടക്കിയ മനോഹര ഗാനം.
ആ പാട്ട് എനിക്കെന്നും അവരിലേക്കുള്ള പാതയായിരുന്നു. പെയ്‌തൊഴിയാത്ത ചില ഓര്‍മ്മകളിലേക്കുള്ള പാത. അതിലൊരോര്‍മ്മയില്‍ നഗരത്തിലെ പ്രസിദ്ധമായ സ്വകാര്യ ആശുപത്രിയിലെ ഒരു മുറിയുണ്ട്. അവളും അവനുമുണ്ട്. അവള്‍, എനിക്കേറെ പ്രിയപ്പെട്ടവള്‍. ഒരു കാലത്ത് അവനും പ്രിയപ്പെട്ടവളായിരുന്നു അവള്‍.
കോളജില്‍ അവന്‍ ഞങ്ങളുടെ സീനിയറായിരുന്നു. ഗായകന്‍, കവി. പഠിച്ചിരുന്ന കാലത്ത് അവനും അവളും അത്ര അടുപ്പത്തിലൊന്നും അല്ലായിരുന്നു. കോളേജ് വിട്ട ശേഷം അവനെ അവള്‍ കണ്ടിട്ടേയില്ല. പക്ഷേ, എപ്പോഴോ അവര്‍ കത്തുകളിലൂടെ പരസ്പരം കൊരുത്തുപോയി. കത്തുകള്‍ കൊണ്ടൊരുലോകമുണ്ടാക്കി അവിടെ തനിച്ചു താമസിച്ച ഖലീല്‍ ജിബ്രാനെയും മേ സിയാദയെയും പോലെ അവരും കാല്‍പനിക പ്രണയത്തിന്റെ ഒരദൃശ്യലോകമുണ്ടാക്കി. എങ്കിലും ആ പ്രണയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അവന്റെ അമ്മ എതിര്‍ത്തില്ലായിരുന്നെങ്കില്‍ അവര്‍ ഒരുമിച്ചേനെയെന്ന് ഞങ്ങള്‍ക്കൊക്കെ തോന്നിയിരുന്നു.
അവന്‍ ഒരു ഭീരുവായിരുന്നെന്ന് ഞാന്‍ പറയുമ്പോള്‍ അവള്‍ തിരുത്തും. 'വളരെ പാവമായിരുന്നു. അതല്ലേ അമ്മയ്ക്കുമുന്നില്‍ എന്നെ മറക്കേണ്ടി വന്നത്. ഞാനോ എന്ന് താന്‍ ചോദിക്കും. എനിക്കും അച്ഛനെ വേദനിപ്പിക്കാനായില്ല. പാട്ടുംപാടി ജീവിതത്തിലേക്ക് കടന്നുവന്നൊരാള്‍, പാട്ടുംപാടി ഇറങ്ങിപ്പോയി, വളരെ ശാന്തമായി. വേദനിച്ചോന്ന് ചോദിച്ചാല്‍, ഇല്ലാന്ന് പറഞ്ഞാല്‍ കള്ളമാവും. ആരെയും കുറ്റപ്പെടുത്താനാവില്ല.'
അവന്‍ മറ്റൊരു ജീവിതത്തിലേക്ക് നടന്നു കയറിയപ്പോള്‍ വേദനയോടെ നിശ്ശബ്ദം നോക്കി നില്‍ക്കുകയായിരുന്നു അവള്‍. അച്ഛന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങി പിന്നെയവള്‍ പ്രവാസി ആയ ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എങ്കിലും നിശ്ചയത്തോളമെത്തിയ ആ ആലോചന മുടങ്ങിപ്പോയി.
....................
Also Read : രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!
Also Read: അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!
.........................
പിന്നെയുമൊരു വേഷം കെട്ടലിന് അവള്‍ മുതിര്‍ന്നില്ല. എല്ലാം മറക്കാന്‍ അവള്‍ കണ്ടെത്തിയ മാര്‍ഗ്ഗം സ്വകാര്യ സ്‌കൂളിലെ ജോലിയും വായനയും ആയിരുന്നു. കിട്ടിയ കാശിനൊക്കെ പുസ്തകം വാങ്ങിക്കൂട്ടി. വീടൊരു വായനശാലയാക്കി. എങ്കിലും, ജീവിതം പാതിവഴി പിന്നിട്ടു കഴിഞ്ഞപ്പോള്‍ അവള്‍ക്ക് വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. ഒരു കൂട്ട് വേണമെന്ന തോന്നല്‍ ശക്തമായി. എന്നാല്‍, ജീവിതത്തിന്റെ മദ്ധ്യാഹ്നത്തില്‍, അവള്‍ ഒരാള്‍ക്ക് പച്ചക്കൊടി കാണിച്ച തീരുമാനം തെറ്റായിരുന്നെന്ന് തിരിച്ചറിയാന്‍ അവള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു. ആരുമറിയാതെ ആ ബന്ധം തുടരുന്നതിലായിരുന്നു അയാള്‍ക്ക് താല്‍പര്യം. 'ഒരുമിച്ചൊരു ജീവിതം' എന്ന ആശയം അവള്‍ മുന്നോട്ടു വയ്ക്കുമ്പോഴെല്ലാം, അയാള്‍ വഴക്കുണ്ടാക്കി പിരിഞ്ഞു. എങ്കിലും അയാളെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ അവള്‍ക്കായില്ല. അതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരിയ്ക്കലും അവള്‍ക്കുത്തരമുണ്ടായിരുന്നില്ല.
എന്റെ മനസ്സിലിപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു ദിവസമുണ്ട്. അന്നാണ് തികച്ചും യാദൃശ്ചികമായി ആ ഷോപ്പിംഗ് മോളില്‍ വച്ച് ഞാനവനെ കാണുന്നത്. അവള്‍ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതര നിലയിലായിരുന്നു അന്ന്. അവള്‍ ആശുപത്രിയിലാണെന്നും, ഗുരുതരാവസ്ഥ തരണം ചെയ്‌തെന്നും പറഞ്ഞപ്പോള്‍ അവളെ ഒന്ന് കാണണമെന്നായി അവന്‍. 'നോ' പറയാന്‍ എനിക്കായില്ല. ഞങ്ങളൊരുമിച്ച് ആശുപത്രി കിടക്കയില്‍ അവളെ കാണാന്‍ ചെന്നു.
രണ്ടര മാസത്തോളം നീണ്ട ആശുപത്രിവാസം അവളെ തളര്‍ത്തിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മടുത്ത് തുടങ്ങി. 'ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഭര്‍ത്താവിന്റേയും മക്കളുടേയും ആവശ്യം' എന്നൊക്കെ സന്ദര്‍ശകരില്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. എന്നും ഒപ്പം ഉണ്ടായിരുന്ന സഹായി, രുക്മിണി ചേച്ചി മാത്രമായിരുന്നു ആ നാളുകളിലും ആശ്രയം
ഞങ്ങള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അവളുടെ ചേച്ചിയും ചേട്ടനും സമീപം ഉണ്ടായിരുന്നു. അവള്‍ ഇരിക്കാന്‍ പറഞ്ഞെപ്പോള്‍, അവന്‍ തികച്ചും ഒരന്യനെ പോലെ ഒതുങ്ങി മാറി ഇരുന്നു. ഔപചാരികതയുടെ പേരില്‍ പോലും അവള്‍ ഒന്നും ചോദിച്ചില്ല. അവന്റെ കണ്ണുകളില്‍ നനവ് പടരുന്നത് കാണാമായിരുന്നു. അവളുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കവും.
വെറുതേ പുറത്തേയ്ക്ക് നോക്കിയിരുന്ന അവന്‍ എന്റെ മനസ്സ് വീണ്ടും ആ ഗാനത്തിന്റെ ചരണത്തിലേക്ക് നീട്ടി. ഒന്നും മിണ്ടാതെ പരസ്പരം നോക്കി നില്‍ക്കുന്ന സുരേഷ് ഗോപിയും സിത്താരയും. അവരുടെ മനസ്സിളക്കങ്ങള്‍ ആസ്വാദകരിലേക്ക് പകര്‍ത്തുന്ന സുന്ദരമായ വരികള്‍. ഒ എന്‍ വി യെന്ന കവിയേക്കാള്‍ ഒ എന്‍ വി എന്ന ഗാനരചയിതാവിനെ മലയാളി സ്‌നേഹിച്ചു പോയത് ഇതുകൊണ്ടുതന്നെയല്ലേ.
'ഉള്ളിലെ സ്‌നേഹപ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ..
മാനസഭാവങ്ങള്‍ മൗനത്തില്‍ ഒളിപ്പിച്ചു
മാനിനീ നാമിരുന്നൂ..'
ഉള്ളിലെ ഭാവം പുറത്ത് കാട്ടാതെ അന്യയെപ്പോലെ നില്‍ക്കേണ്ടി വന്ന ചില സന്ദര്‍ഭങ്ങള്‍ എന്റെ ഓര്‍മ്മയിലും മിന്നിമാഞ്ഞു. ഇതുപോലൊരാശുപത്രി മുറി. നിറയെ സന്ദര്‍ശകര്‍. കൊടും നോവല്ലെങ്കിലും വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. ആ നിമിഷങ്ങളോര്‍ത്തപ്പോള്‍ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികളില്‍ നിന്നൊരു മൗനം വന്നെന്നെ പൊതിഞ്ഞു.
'അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ.
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ സംഗീതമുള്ള നിശ്വാസവും. '
ഉള്ളു തുരന്ന്, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍.
.........................
Also Read : ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം
Also Read: ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍
.............................
ആശുപത്രി മുറിയിലെ ആ സീന്‍ അധികം നീട്ടാതെ ഞാന്‍ യാത്ര പറഞ്ഞെണീറ്റു. അവള്‍ ഒന്നും മിണ്ടാതെ ഞങ്ങളെ നോക്കിയിരുന്നു. നിസ്സഹായത പടര്‍ന്ന തണുത്തുറഞ്ഞ ആ നോട്ടത്തില്‍ ഏതൊക്കെയോ ഭാവങ്ങള്‍ മിന്നിമറയുന്നുണ്ടായിരുന്നു. അത് മുഴുവന്‍ അവന്റെ കണ്ണുകളിലേക്കും പടര്‍ന്നിരുന്നു. ചില ഗാനങ്ങള്‍ക്ക് സിനിമയിലെ ദൃശ്യത്തേക്കാള്‍ യോജിക്കുന്ന രംഗങ്ങള്‍ പലപ്പോഴും ജീവിതത്തിലുണ്ടാവാറുണ്ട്. അത്തരമൊരു രംഗത്തിന് സാക്ഷിയാവുകയായിരുന്നല്ലോ ഞാന്‍. പുറത്തുവരാതെ അവന്റെ തൊണ്ടയില്‍ ഒരു രോദനം പിടയുന്നതു പോലെ. ചിന്തകള്‍ വീണ്ടും പ്രിയ കവിയുടെ വരികളിലേക്ക് പറന്നു.
'ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം,
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും. '
ലിഫ്റ്റിന് സമീപത്തേയ്ക്ക് നീങ്ങുമ്പോള്‍ അവന്‍ പറഞ്ഞു, 'ഏറെ സ്‌നേഹിച്ചൊരാളിന്റെ മുന്നില്‍ അന്യനെപ്പോലെ നില്‍ക്കേണ്ടി വരിക. അതിന്റെ കൊടും നോവ്. കാണേണ്ടിയിരുന്നില്ലെടോ. അവളുടെ ആ പഴയ ചിത്രം മതിയായിരുന്നു മനസ്സില്‍.'
എന്ത് മറുപടി പറയണം എന്നറിയാതെ ഞാന്‍ നോക്കിയിരിക്കെ ലിഫ്റ്റ് വന്നു. അതിലേക്ക് കയറിയതും, പെട്ടെന്ന് ചുറ്റുമുള്ള മറ്റാരെയും കണ്ടില്ലെന്ന മട്ടില്‍, അവന്‍ എങ്ങോ കണ്ണുംനട്ട് സംസാരം തുടര്‍ന്നു.
'ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്. വൈകിട്ട് പതിവുപോലെ ഒരു ഔട്ടിംഗ് പ്ലാന്‍ ചെയ്തിരുന്നു. വയ്യെടോ. വീട്ടില്‍ എന്തേലും കളവ് പറയാം...'
ഉള്ളിലെ തേങ്ങല്‍ ആ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു. അതിന് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ നിസ്സംഗതയിലേക്ക് മുഖം കുനിച്ചപ്പോള്‍, രക്ഷപ്പെടുത്താനെന്നോണം ലിഫ്റ്റ് ഗ്രൗണ്ട് ഫ്‌ലോറിലേക്ക് തുറന്നു. ആളൊഴുക്കിലൂടെ നടന്നിറങ്ങുമ്പോള്‍ 'ഒരു രഹസ്യം സൂക്ഷിക്കാന്‍ കിട്ടിയ ആഹ്ലാദത്തില്‍, വാര്‍ദ്ധക്യത്തിന്റെ പരാധീനതകള്‍ മറന്ന്, കുമാരന്‍ കുട്ടിയോട് പറയേണ്ട ചെറിയ കളവുകളെ പറ്റി ആലോചിച്ചു നടക്കുന്ന, എം. ടി യുടെ 'വാനപ്രസ്ഥ'ത്തിലെ മാഷായിരുന്നു എന്റെ മനസ്സില്‍.
...................
Also Read: തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
...................
ചിന്തകളുടെ പാട്ടുപാതയ്ക്ക് ഏറെ ദൂരമുണ്ടായിരുന്നില്ല. പഴയ കലാലയത്തിലെ ഔദ്യോഗിക പരിപാടിയുടെ വേദിയിലിരുന്ന എന്നെ ഉദ്ഘാടനത്തിനായി ആങ്കര്‍ ക്ഷണിച്ചു. ഓര്‍മ്മകളുടെ ലിഫ്റ്റില്‍നിന്നിറങ്ങാതെ ഞാനൊരു നിമിഷം പരുങ്ങി. എയര്‍ കണ്ടീഷണറുടെ ശീതളിമയിലും വിയര്‍ത്തു. പതിയെ എഴുന്നേറ്റ് പോഡിയത്തിനടുത്തേയ്ക്ക് നീങ്ങുമ്പോഴും, ആ വരികള്‍ കാതില്‍ തുളുമ്പുന്നുണ്ടായിരുന്നു.
'അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍
നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ.
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍, നൊമ്പരങ്ങള്‍.'