'ഞാന്‍ ഞെട്ടേണ്ടതിന് പകരം താനാണോ ഞെട്ടിയത്'- എന്ന അവളുടെ ചോദ്യത്തിനിടയില്‍ പടര്‍ന്ന ചിരിയില്‍ ഒരുപാട് നാളായി ഞാന്‍ മനസില്‍ ചുമന്ന ആ രഹസ്യത്തിന്റെ ഭാരം അലിഞ്ഞു പോയി.
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
...........................
എല്ലാവരില്‍ നിന്നും ഓടിയകന്ന് തന്നിലേക്കാഴ്ന്നിറങ്ങുന്ന ചില നേരങ്ങളുണ്ടാവും. ആ നേരങ്ങളില്‍ കൂട്ടിരിക്കാന്‍ ചില പാട്ടുകള്‍ വേണം. സംഗീതവും വരികളും ആലാപനവും ചിത്രീകരണവും പരസ്പരം മല്‍സരിക്കുന്നവ, പരസ്പരം തോല്‍പ്പിക്കുന്നവ. ഒരു വേനല്‍ മഴ പോലെ മലയാളിയുടെ മനസിലേക്ക് പെയ്തിറങ്ങിയ അത്തരമൊരു മനോഹര ഗാനമുണ്ട്. വീണ്ടും വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഓര്‍മ്മ. ഓരോ കേള്‍വിയിലും അകാരണമായൊരു നൊമ്പരം ബാക്കിയാക്കുന്ന വൈകാരികത.
'ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
ഏഴുവര്‍ണ്ണകളും നീര്‍ത്തി..
തളിരിലത്തുമ്പില്‍ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ.. മധുമന്ത്രമോടെ..
അന്നെന്നരികില്‍ വന്നുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല.'
'അയാള്‍ കഥയെഴുതുകയാണ്' എന്ന ചിത്രത്തിലെ മധുരഗാനം. കൈതപ്രത്തിന്റെ വരികള്‍ക്ക്, രവീന്ദ്ര സംഗീതം. മോഹന രാഗത്തില്‍ ഗാനഗന്ധര്‍വ്വന്റെ ശബ്ദം ഒഴുകിയെത്തുമ്പോള്‍ മനസ്സ് ദുഃഖ സാന്ദ്രമാവുന്നു. ഏറെ പ്രിയപ്പെട്ട ആരെയോ കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടതുപോലെ.
മോഹന്‍ലാലും നന്ദിനിയുമാണ് ഗാനരംഗത്ത്. സാഗര്‍ കോട്ടപ്പുറം എന്ന പൈങ്കിളിനോവലിസ്റ്റായും വിദ്യാസാഗറായും മോഹന്‍ലാല്‍ നിറഞ്ഞഭിനയിച്ച ചിത്രം. സിനിമയുടെ രണ്ടാം പകുതിയില്‍, പ്രേക്ഷകരെ പാതിവഴിയില്‍ നിര്‍ത്തി ഭൂതകാലത്തിലേക്ക് നടന്നു പോയ സാഗര്‍ കോട്ടപ്പുറത്തിന്റെ-ഇന്നും മലയാളി മറക്കാത്ത -ആ ഡയലോഗ് ഓര്‍ക്കുന്നില്ലേ? 'നമുക്ക് ചോദിച്ചു ചോദിച്ചു പോവാം.'
പ്രതിശ്രുതവധുവിനെ കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടപ്പോള്‍ അത് മറക്കാന്‍ സാഗര്‍ കോട്ടപ്പുറമായി അവതരിച്ച വിദ്യാസാഗര്‍. വിദ്യാസാഗറെ കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം എന്റെ മനസ് തൊണ്ണൂറുകളുടെ ഒടുവിലേക്ക് മടങ്ങും. അവിടെയൊരുവളുണ്ട്. കോളജിലെ എന്റെ സഹപാഠി. പ്രിയപ്പെട്ട കൂട്ടുകാരി. അവള്‍ക്ക് പറയാന്‍ ഫിക്ഷന്‍ പോലെ അസാധാരണമായ ഒരു പ്രണയകഥയുണ്ട്. തൊട്ടടുത്തുണ്ടായിരുന്നിട്ടും അറിയാതെ വഴുതിപ്പോയൊരു പ്രണയകഥ. അവളൈ ഓര്‍ക്കുമ്പോഴെല്ലാം മനസ് ഈ രവീന്ദ്ര ഗീതത്തിലേക്കു നീളും.
...........................
....................
'ആ വഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ് നീ നിന്നുവെന്നോ...
കുറുനിര തഴുകിയ കാറ്റിനോടന്നു നിന്‍
ഉള്ളം തുറന്നുവെന്നോ..
അരുമയാല്‍ ആ മോഹ പൊന്‍തൂവലൊക്കെയും
പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...'
അവളുടെ ജീവിതത്തിലെ വിചിത്ര പ്രണയ കഥ നടക്കുന്നത് ബിരുദ പഠനത്തിനിടയിലായിരുന്നു. ആ സമയത്താണ് അവള്‍ക്ക് ബാങ്കില്‍ നിയമനം കിട്ടുന്നത്. ഞങ്ങളൊക്കെ പല പല കോഴ്‌സുകളില്‍ മുങ്ങി നടക്കുന്ന കാലം അവള്‍ ജോലിയുടെ സുരക്ഷിതത്വത്തില്‍ ഇരിപ്പുറപ്പിച്ചു. ആ ഇരിപ്പിലാണ് ഇടയ്‌ക്കൊക്കെ ക്യാഷ് കൗണ്ടറില്‍ വരുന്ന ഒരു ചെറുപ്പക്കാരന്‍ അവളറിയാതെ അവളെ ശ്രദ്ധിച്ചു തുടങ്ങുന്നു. അടുത്ത് തന്നെയുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാള്‍. തൊട്ടടുത്ത അമ്പലത്തില്‍ പതിവായി കയറുന്ന അവളുടെ നെറ്റിതടത്തിലെ മായാത്ത ചന്ദനക്കുറി അവന്‍ അവളറിയാതെ നോക്കിനിന്നു. ഒന്നുമറിയാതെ നടന്നകലുന്ന അവളെ നോക്കി നില്‍ക്കുക അവന് പിന്നെ പതിവുവിനോദമായി. അവളെ കാണാന്‍ വേണ്ടി മാത്രം ചില്ലറ വാങ്ങാനെന്ന പേരില്‍ അവന്‍ ക്യാഷ് കൗണ്ടറില്‍ ചെന്നു.
അയാളെക്കുറിച്ചോ ആ വരവിന്റെ ഗൂഢലക്ഷ്യത്തെക്കുറിച്ചോ അറിയാതിരുന്ന അവള്‍ സ്വാഭാവികമായും അയാളെ ശ്രദ്ധിച്ചില്ല. ഭൂലോകത്തിന്റെ സ്പന്ദനം തന്റെ കാല്‍ക്കീഴിലാണെന്ന ഭാവമായാണ് അവന്‍ അതിനെ കണ്ടത്. ആ സ്വഭാവം അവന് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല. എങ്കിലും അവളോട് അവന് ഇഷ്ടമായിരുന്നു. പക്ഷേ തുറന്നുപറയാനുള്ള ധൈര്യം, അതവനുണ്ടായിരുന്നില്ല. പലപ്പോഴും ധൈര്യം സംഭരിച്ച് പ്രണയം പറയാന്‍ ശ്രമിച്ചെങ്കിലും ഒരു നെഗറ്റീവ് ഉത്തര സാധ്യത താങ്ങാനുള്ള കെല്‍പ്പില്ലാത്തതിനാല്‍ അവനതിന് മുതിര്‍ന്നില്ല. ഒരി്ക്കല്‍ ഓഫീസില്‍ തന്റെ തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകയോട് അവനിക്കാര്യം അവതരിപ്പിച്ചു. 'മറ്റൊരു മതക്കാരന് മകളെ കെട്ടിച്ചു കൊടുക്കാന്‍ അവളുടെ അച്ഛനമ്മമാര്‍ സമ്മതിക്കുമോ? തന്റെ വീട്ടിലും എതിര്‍പ്പുണ്ടാവില്ലേ?' അവരുടെ ആ ചോദ്യത്തിന് അവന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. തന്റെ വീട്ടിലെ എതിര്‍പ്പ് പ്രശ്‌നമേയല്ല എന്നവന്‍ തീര്‍ത്തുപറഞ്ഞു. എങ്കില്‍, താന്‍ അവളോട് സംസാരിക്കാമെന്ന് അവര്‍ ഉറപ്പുകൊടുത്തു.
അടുത്ത ദിവസം തന്നെ അവര്‍ ബാങ്കിലെത്തി. അതേ ബാങ്കില്‍ ജീവനക്കാരിയായ തന്റെ സുഹൃത്തിനോട് അവര്‍ ഇക്കാര്യം അവതരിപ്പിച്ചു.
'ഇന്നലെ ആ കുട്ടിയുടെ എന്‍ഗേജ്‌മെന്റായിരുന്നു'-അതായിരുന്നു അവരുടെ മറുപടി. അതിശയത്തോടെ സുഹൃത്തിനെ നോക്കിയ ശേഷം അവര്‍ അവിടെനിന്നിറങ്ങി. ഓഫീസിലെത്തി അവനെക്കണ്ട് കാര്യം പറഞ്ഞു.
ബാങ്കിലെ ആ ജീവനക്കാരി അവളുടെയും നല്ല സുഹൃത്തായിരുന്നു. അവര്‍ അവളോട് ആ പ്രണയകഥ പറഞ്ഞു. പക്ഷേ അയാള്‍ ആരാണെന്ന് മാത്രം അവര്‍ വെളിപ്പെടുത്തിയില്ല.
'അല്‍പനാള്‍ മുമ്പായിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ സമ്മതിക്കുമായിരുന്നു. എനിക്കു വേണ്ടി മതം ഉപേക്ഷിക്കാന്‍ പോലും തയ്യാറായതല്ലേ' എന്നായിരുന്നു അവളുടെ പ്രതികരണം.
അതിനുശേഷം അയാളാരാണെന്ന് അറിയാനുള്ള താല്‍പ്പര്യം അവള്‍ പലപ്രാവശ്യം പ്രകടിപ്പിച്ചുവെങ്കിലും അവര്‍ അത് വെളിപ്പെടുത്തിയില്ല. തൊട്ടടുത്തായിരുന്നു അയാളുടെ ഓഫീസ്. ആയിരത്തിലധികം ഉദ്യോഗസ്ഥരുള്ള ഓഫീസാണത്. അവിടത്തെ പരിചയമുള്ള പലരുടേയും മുഖം അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പക്ഷേ അയാള്‍ ആരാണെന്ന് മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ അവള്‍ക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അതിനുശേഷം ഒരിയ്ക്കല്‍ എന്തോ സംസാരിക്കുമ്പോഴാണ് അവളിക്കാര്യം എന്നോട് പറഞ്ഞത്. അതുകേട്ടപ്പോള്‍ അയാള്‍ ആരാണെന്ന് അറിയാനുള്ള ആഗ്രഹം എനിക്കും വന്നു. വെറുതേ ഒരാകാംക്ഷ.
അപ്പോഴേയ്ക്കും മറ്റൊരത്ഭുതം സംഭവിച്ചിരുന്നു. എനിക്ക് ജോലി കിട്ടി. അയാളുടെ അതേ ഓഫീസില്‍. അവിടെ എത്തിയപ്പോള്‍ ഞാനവളെ ഓര്‍ത്തു, അയാളെയും. അയാളെ കണ്ടെത്താന്‍ ഞാനാഗ്രഹിച്ചു. പക്ഷേ, ഒരു സൂചനയും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ അങ്ങനെ പോയി.
അടുത്തിടെ അവളെ ഞാന്‍ വീണ്ടും കണ്ടു. അവള്‍ സ്ഥലം മാറി ഇങ്ങേട്ട് എത്തിയതായിരുന്നു. ഞങ്ങള്‍ക്കിടയിലെ സൗഹൃദം വീണ്ടും ദൃഢമായി. സമയം കിട്ടുമ്പോഴൊക്കെയും അവള്‍ എന്റെ ഓഫീസിലേക്കും ഞാന്‍ ബാങ്കിലേക്കും എത്തി. പക്ഷേ, ജീവിതത്തിലെ ഓട്ടപാച്ചിലിനിടയില്‍ പഴയ കഥാനായകനെ ഞങ്ങള്‍ മറന്നു കഴിഞ്ഞിരുന്നു.
ഒരിയ്ക്കല്‍ കോളേജ് ഗെറ്റ് റ്റുഗദറിന്റെ ഫോട്ടോ കാണിക്കുമ്പോഴാണ്, എന്റെ സീനിയറായ വിനോദ് ജേക്കബ് അവളെക്കുറിച്ച് അന്വേഷിച്ചത്. ഞാനവളുടെ പേരു പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു. എന്നിട്ടൊരു കഥ പറഞ്ഞു. എനിക്ക് നന്നായി അറിയുമായിരുന്ന ആ പ്രണയകഥ. ഒരിയ്ക്കലും അയാളെക്കുറിച്ച് പറയരുതെന്ന വ്യവസ്ഥയില്‍ അയാളിക്കഥ പറയുമ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി വന്നു. എത്രയോ നാളായി ഞങ്ങള്‍ അന്വേഷിച്ചു നടന്ന ആള്‍ ഇതാ എന്റെ തൊട്ടടുത്ത്. അയാള്‍ ഇനിയും മറഞ്ഞിരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായില്ല. എങ്കിലും അയാള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാനായി ഞാനിക്കാര്യം അവളില്‍ നിന്നും മറച്ചുപിടിച്ചു.
പിന്നീട്, വിനോദിനെ കാണുമ്പോഴെല്ലാം എനിക്കാ സിനിമയിലെ വിദ്യാസാഗറിനെ ഓര്‍മ്മവന്നു. കഥാനായിക മരുന്നുകളുടെ മയക്കത്തില്‍നിന്നും ഉണരുന്നതും കാത്ത് അവള്‍ക്കു സമ്മാനിക്കാന്‍ കടും ചുവപ്പ് നിറത്തിലുള്ള റോസാപ്പൂവും അകതാരിലൊരനുരാഗ പൂന്തോപ്പുമായി കാത്തിരിക്കുന്ന വിദ്യാസാഗര്‍. വിദ്യാസാഗറിന്റെ അവസ്ഥ എത്ര സുന്ദരമായാണ് കൈതപ്രം വരച്ചിട്ടത്.
'ഈ മുളംതണ്ടില്‍ ചുരന്നൊരെന്‍ പാട്ടുകള്‍
പാലാഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ...
അതിലൂറുമമൃതകണങ്ങള്‍ കോര്‍ത്തു നീ
അന്നും കാത്തിരുന്നെന്നോ..
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗദൂതുമായ് പറന്നുവെന്നോ...
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...'
....................
Also Read : രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!
Also Read: അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!
.........................
രണ്ട്
പിന്നീട്, ഞാനും വിനോദും കണ്ടുമുട്ടുന്ന നിമിഷങ്ങളിലെല്ലാം ഞാനോ അയാളോ അവളുടെ വിഷയമെടുത്തിടും. ആ പ്രണയകഥയിലെ നായകന്‍ താനാണെന്ന് എന്നെങ്കിലുമൊരിക്കല്‍ അവളോട് പറയണമെന്ന് ചിലപ്പോഴൊക്കെ അയാള്‍ക്കും തോന്നാറുണ്ട്. 'ഒരുപക്ഷേ, കഥയിലെ 'അവന്‍' ആരാണെന്നറിയാന്‍ അവളും ആഗ്രഹിക്കുന്നുണ്ടാവില്ലേ' എന്ന് ഞാനൊരിക്കല്‍ അയാളോട് ചോദിച്ചു. 'ഏയ് ഉണ്ടാവില്ല. മാത്രവുമല്ല ചില വണ്‍വേ പ്രണയങ്ങള്‍ക്ക് ഒരു സുഖമുണ്ട്. ഞാനത് ഇപ്പോഴും ആസ്വദിക്കുന്നുണ്ട്.'-എന്നായിരുന്നു കഷണ്ടി കയറി തുടങ്ങിയ തല തടവിക്കൊണ്ട് അയാളുടെ മറുപടി. അതു കേട്ടപ്പോള്‍, ഇനിയും പിടികിട്ടാത്ത അയാളുടെ മനസിന്റെ രസതന്ത്രമോര്‍ത്ത് വല്ലാത്ത സന്ദിഗ്ദ്ധാവസ്ഥയിലാവും ഞാന്‍.
ഒരിയ്ക്കല്‍, അവള്‍ എന്നെ കാണാന്‍ ഓഫീസില്‍ വന്നു. അന്ന് വൈകിട്ട് ക്യാന്റീനില്‍ ഞാനയാളെ കണ്ടു. എല്ലായ്‌പ്പോഴുമെന്ന പോലെ ഞങ്ങളുടെ സംസാരം അവളിലേക്ക് നീണ്ടു.
'ഇതും തന്റെ ആ പഴയ തോന്നല്‍ പോലാണെങ്കിലോ. ഒരുപക്ഷേ, ആ പ്രണയകഥയിലെ നായകനെ അവളിപ്പോഴും ഓര്‍ക്കുന്നുണ്ടെങ്കിലോ? ഞാനൊരിക്കല്‍ ഇത് പറയും. ഒരു തമാശക്കഥ കേള്‍ക്കുന്നതുപോലെ അവളത് കേട്ടിരിക്കുമെന്നാ എനിക്ക് തോന്നുന്നത്'
ഞാന്‍ പറഞ്ഞു. അന്നേരം ഒരിയ്ക്കലും നടക്കാത്ത ഒരു സംഭവം പോലെ ചിരിച്ചു കൊണ്ടയാള്‍ പറഞ്ഞു:
'കാലം തട്ടി തെറിപ്പിച്ചതല്ലേ. കാലം അനുവദിച്ചാല്‍ ഞാന്‍ തന്നെ എന്നെങ്കിലും പറഞ്ഞോളാം. അതുവരെ പ്ലീസ് പറയരുത്.'
അവള്‍ സ്ഥലംമാറ്റം കിട്ടി തിരിച്ചുവന്ന ശേഷം ഞങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ കൂടിയിരുന്നു. ഞങ്ങള്‍ ഒരുമിച്ചു നടക്കുന്ന സന്ദര്‍ഭങ്ങളില്‍ എത്രയോ പ്രാവശ്യം അയാളെ കണ്ടിരിക്കുന്നു. എന്റെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കൊപ്പം അവളും അയാളെ നോക്കി ചിരിക്കും. അപ്പോഴൊക്കെയും എന്റെ ഉള്ളില്‍ നിന്നൊരു കിളി ആ പാട്ടു മൂളി പറന്നുയരും.
'ഗൈഡ് 'എന്ന ഹിന്ദി സിനിമയിലെ 'തേരെ മേരെ സപ്‌നേ..' എന്ന പ്രശസ്ത റാഫി ഗാനത്തിന്റെ ഈണം കടംകൊണ്ട് ചെയ്ത, റിലീസാവാത്ത ചിത്രത്തിലെ ഹിറ്റായ ഗാനം.
....................
Also Read: ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍
.............................
'ചന്ദ്രന്‍ മോഹിച്ച പെണ്ണേ.. നക്ഷത്രം നിന്നെ വിളിച്ചു
വൈകുന്നതെന്തേ നീയെന്നും...
ദൂരെ ദൂരെ ദൂരത്തായ് നമ്മള്‍ നില്‍ക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ.. '
ആര്‍. ഡി. ബര്‍മ്മന്റെ സംവിധാനത്തില്‍ മുഹമ്മദ് റാഫി പാടി, ദേവ് ആനന്ദും വഹീദാ റഹ്മാനും അഭിനയിച്ച് അനശ്വരമാക്കിയ ഗാനമായിരുന്നു.
'തേരെ മേരെ സപ്‌നേ അബ് ഏക് രംഗ് ഹേ
ഓ ജഹാം ഭീലേ ജായേ രാഹേ.....'
പ്രിയപ്പെട്ട പത്ത് ഹിന്ദി ഗാനങ്ങള്‍ തിരഞ്ഞെടുത്താല്‍ അതിലൊന്ന് ഈ റാഫി ഗാനം തന്നെയാവാന്‍ കാരണമെന്താവണം! ഒരു ഫ്രീലാന്‍സ് റ്റൂര്‍ ഗൈഡായ രാജ് (ദേവ് ആനന്ദ് ) എന്ന ചെറുപ്പക്കാരനില്‍ അനുരക്തയാവുന്ന ധനിക പുരാവസ്തു ഗവേഷകന്റെ അടിച്ചമര്‍ത്തപ്പെട്ട ഭാര്യ റോസി ( വഹീദ ). ആ പ്രണയ ജോഡികളോടുള്ള ഇഷ്ടം തന്നെയല്ലേ ഈ ഗാനത്തിനു പിന്നിലെ എന്റെ പ്രിയം!
...................
Also Read: തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
...................
മൂന്ന്
കുറച്ച് നാള്‍ മുമ്പ് മകളുടെ വിവാഹം ക്ഷണിക്കാന്‍ അയാള്‍ എന്റെ ക്യാബിനിലേക്ക് വന്നു. അവളുമുണ്ടായിരുന്നു അന്നേരം അവിടെ. ഇടവേളയില്‍ എന്നെ കാണാന്‍ എത്തിയതാണ്. ഞാനവളെ അയാള്‍ക്ക് പരിചയപ്പെടുത്തി. അയാളുടെ പേര് കേട്ടതും അവള്‍ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു:
'തൊണ്ണൂറുകളുടെ ഒടുവില്‍, ഞാനിവിടെ ബാങ്കിലുണ്ടായിരുന്ന കാലം. ഈ ഓഫീസിലെ ഒരച്ചായന്‍ അന്ന് എന്നെ കല്യാണം ആലോചിച്ചു വന്നിരുന്നു. പുള്ളിക്ക് വല്യ ഇഷ്ടായിരുന്നത്രേ. പക്ഷേ അത് എന്റെ വിവാഹ നിശ്ചയത്തിന്റെ പിറ്റേന്നായിരുന്നു. അയാളുടെ ഒരു യോഗം. ഇല്ലേല്‍ ഉറപ്പായും ഞാനയാളെ കെട്ടുമായിരുന്നു. അല്ല ഭായ്, അത് ങ്ങളെങ്ങാനുമായിരുന്നോ'
ഞാനയാളുടെ മുഖത്തേയ്ക്ക് നോക്കി. തീരെ സങ്കോചമില്ലാതെ അയാള്‍ പറഞ്ഞു: അതേ, അത് ഞാനായിരുന്നു.
അവളൊന്ന് പതറുമെന്ന് കരുതിയ എനിക്ക് തെറ്റി. ഉറക്കെ ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു: യ്യോ! എന്റെ പിറക്കാതെ പോയ മോളുടെ കല്യാണമല്ലേ. എന്നെ ക്ഷണിക്കുന്നില്ലേ.
അറിയാതെ മനസ് ഒരു സിനിമയുടെ ലാസ്റ്റ് സീനിലേക്ക് നീണ്ടു. വേണു നാഗവള്ളി സംവിധാനം ചെയ്ത സുഖമോ ദേവി. വിധി ഒറ്റയ്ക്കാക്കിയ നന്ദനും (ശങ്കര്‍ ), താരയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുള്ള യാത്രയില്‍, സണ്ണിയുടെ ( മോഹന്‍ലാല്‍) ആത്മാവ് പറയുന്നതുപോലെ താരയ്ക്കും നന്ദനും തോന്നുന്ന ആ രംഗം ഓര്‍മ്മയില്ലേ?
'പത്തിരുപത് കൊല്ലം കഴിഞ്ഞ് അപ്പൂപ്പനും അമ്മൂമ്മമാരും ആയി തിരിഞ്ഞു നോക്കുമ്പോള്‍ പൊട്ടിച്ചിരിക്കാനേ തോന്നൂ. ആ പൊട്ടിച്ചിരിയാണ് ജീവിതം' എന്ന സണ്ണിയുടെ മാസ് ഡയലോഗ്.
'ഞാന്‍ ഞെട്ടേണ്ടതിന് പകരം താനാണോ ഞെട്ടിയത്'- എന്ന അവളുടെ ചോദ്യത്തിനിടയില്‍ പടര്‍ന്ന ചിരിയില്‍ ഒരുപാട് നാളായി ഞാന്‍ മനസില്‍ ചുമന്ന ആ രഹസ്യത്തിന്റെ ഭാരം അലിഞ്ഞു പോയി.