ഒട്ടും മനസ്സിലാവാത്ത രണ്ടുപേര്‍, ജീവിതം മുഴുവന്‍ ഒപ്പംനടന്ന്, ഒരുമിച്ചെഴുതുന്ന ആത്മകഥ; ദാമ്പത്യം!

By Web TeamFirst Published Oct 28, 2024, 7:02 PM IST
Highlights

'വിനുവിനെ ഞാനാണോ മനസിലാക്കാതെ പോയത്? അതോ അയാള്‍ എന്നെയോ?' അവളുടെ ചോദ്യം എന്നെ വീണ്ടും ആ പാട്ടിലേയ്ക്കു തന്നെ എത്തിച്ചു.

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

Latest Videos

രണ്ട് കാലങ്ങള്‍, ഒരു പാട്ട്; പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍, ചിരപരിചിതരായ രണ്ട് അപരിചിതര്‍!

പ്രണയം ആനന്ദമാക്കുന്ന രണ്ടു പേര്‍

................................

 

ശ്രീനഗറിലേക്കുള്ള യാത്രാമധ്യേ ഡല്‍ഹി എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍ വച്ചാണ് ഞാന്‍ അവളെ കാണുന്നത്. അടുത്ത ഫ്‌ലൈറ്റിനായി മൂന്ന് മണിക്കൂര്‍ നീണ്ട കാത്തിരിപ്പ്. ഒരു കപ്പൂച്ചിനോയുമായി 'സ്ഥിതി' എന്ന ചിത്രത്തില്‍ ഉണ്ണി മേനോന്‍ അനശ്വരമാക്കിയ പാട്ടുകേട്ടിരിക്കുകയായിരുന്നു ഞാന്‍.

'ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല 
എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്..
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ, നീ പറയൂ.'

 

 

...................

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍

...................

 


സിനിമയേക്കാള്‍ വളര്‍ന്ന ചലച്ചിത്രഗാനങ്ങള്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. എന്നാല്‍, ഒരു പാട്ടിന്റെ പേരില്‍ മാത്രം ഒരു സിനിമ അറിയപ്പെടുക വിരളമാണ്. അത്തരത്തിലൊരു പാട്ടാണ് 'സ്ഥിതി ' എന്ന സിനിമയില്‍ ഉണ്ണി മേനോന്‍, ആര്‍ദ്രമായി പാടിയഭിനയിച്ച  ഈ ഗാനം. പ്രഭാവര്‍മ്മയുടെ ഹൃദയം തൊടുന്ന വരികള്‍ക്ക് ഉണ്ണി മേനോന്റെ തന്നെയായിരുന്നു  ഈണം.

ബന്ധങ്ങളുടെ അതീന്ദ്രിയതലം പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ഒരാള്‍ ഒന്നും പറയാതെ തന്നെ  മറ്റൊരാള്‍ക്ക് പലതും അറിയാന്‍ കഴിയുന്ന ചില ബന്ധങ്ങളുണ്ട്. പലവുരു പറഞ്ഞിട്ടും മറ്റേയാള്‍ക്ക് ഒന്നും അറിയാന്‍ കഴിയാതെ പോവുന്ന ബന്ധങ്ങളുമുണ്ട്. വിചിത്രമായൊരു ബന്ധത്തിന്റെ ചുരുളഴിയുകയായിരുന്നു അവളിലൂടെ.

എന്റെ തൊട്ടടുത്ത് ഒരു ബിയര്‍ ഗ്ലാസുമായി ഇരിയ്ക്കുകയായിരുന്നു അവള്‍. വളരെ കൂളായി മറ്റാരെയും ശ്രദ്ധിക്കാതെ ബിയര്‍ നുണയുന്ന അവളെ ഇടയ്‌ക്കൊക്കെ എന്റെ സദാചാര കണ്ണുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എതിര്‍ വശത്ത് ഇരുന്നിരുന്ന നോര്‍ത്ത് ഇന്ത്യന്‍ കുടുംബവും അവളെ  ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എപ്പോഴോ എനിയ്‌ക്കൊരു ഫോണ്‍ വന്നപ്പോള്‍ അവള്‍ ശ്രദ്ധിക്കുന്നതുപോലെ തോന്നി. എന്തായാലും മലയാളിയാവില്ലെന്ന ഒരു ധാരണ തുടക്കം മുതലേ എനിയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാവണം, 'അടുത്തൊരു ലേഡി ഒരു ബിയര്‍ ഗ്ലാസുമായി ഇരിപ്പുണ്ട്. ഒരു ദിവസം ഇതുപോലെ എനിയ്ക്കും ഇരിക്കണം' എന്നൊക്കെ ഞാനങ്ങ് കാച്ചിയത്. അതും വളരെ പതിഞ്ഞ ശബ്ദത്തില്‍. ഫോണ്‍ കട്ടായപ്പോള്‍ അവള്‍ ചോദിച്ചു 'മലയാളിയാണല്ലേ?' 

ഭൂമി പിളര്‍ന്നു താഴേയ്ക്ക് പോവുന്നതുപോലെ തോന്നി എനിയ്ക്ക്. പക്ഷേ അവള്‍ വളരെ കൂളായിരുന്നു. വീണടം വിദ്യയാക്കുന്ന പതിവു തന്ത്രം ഞാന്‍ പുറത്തെടുത്തു.

'സത്യത്തില്‍ എനിയ്ക്ക് നിങ്ങളോട് കുശുമ്പ് തോന്നുന്നു. എനിയ്ക്കും ഇങ്ങനൊക്കെ ചെയ്യണമെന്ന് തോന്നാറുണ്ട്. എത്ര ഇല്ലായെന്ന് പറഞ്ഞാലും, എന്റെ ഉള്ളിലെവിടെയോ ഒരു സദാചാരി ഉറങ്ങി കിടപ്പുണ്ട്. ഇത്തരം തോന്നലുകളുണ്ടാവുമ്പോള്‍ അത് സടകുടഞ്ഞെണീക്കും'

..................................

കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

..................................

 

അത് കേട്ടവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു, 'തനിയ്‌ക്കെന്നെ മനസിലായില്ലേ?'
 
എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വരുന്നില്ല. എവിടെയാണ് ഞാനീ മുഖം കണ്ടത്? ഓര്‍മ്മകളില്‍ ആ മുഖം തിരയുന്നതിനിടയില്‍ അവള്‍ പറഞ്ഞു, നമ്മള്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ഒരുമിച്ചുണ്ടായിരുന്നു, ഒരു വര്‍ഷം. അടുത്തടുത്ത സീറ്റില്‍.'

കമ്മലും മാലയുമിടാതെ പാവാടയും ബ്ലൗസും ധരിച്ചു വന്ന ഒരു നാടന്‍ പെണ്‍കുട്ടി മനസില്‍ തെളിഞ്ഞു. ക്ലാസ് കഴിയാറായപ്പോള്‍ വാങ്ങിയ ഫോണ്‍ നമ്പര്‍ എവിടെയോ നഷ്ടപ്പെട്ടിരുന്നു. എങ്കിലും എപ്പോഴൊക്കെയോ ഞാനവളെ ഓര്‍ത്തിരുന്നു.

നാട്ടിന്‍പുറത്ത്, തികച്ചും യാഥാസ്ഥിതിക ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി. മകള്‍ ഡോക്ടറാവാന്‍ ആഗ്രഹിച്ച അച്ഛനമ്മമാര്‍. വിധി എത്തിച്ചതോ മറ്റൊരു മേഖലയില്‍. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉന്നത ഉദ്യോഗസ്ഥയാണ് അവളിപ്പോള്‍. ഭര്‍ത്താവും അതേ ഓഫീസിലായിരുന്നു. ഒരു പൊതു സുഹൃത്ത് വഴി വന്ന വിവാഹാലോചനയായിരുന്നു. ഒരേ വകുപ്പില്‍ ജോലി. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത. സാമ്പത്തിക ഭദ്രതയുള്ള കുടുംബം. എതിര്‍ക്കാന്‍ കാരണങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ, നിശ്ചയം കഴിഞ്ഞ ശേഷമാണ് പുള്ളിയുടെ അന്തര്‍മുഖത്വവും, അപകര്‍ഷതാബോധവും അവള്‍  തിരിച്ചറിയുന്നത്. ഓഫീസ് കാമ്പസില്‍ അവളെ കണ്ടാല്‍ ഒഴിഞ്ഞു പോവുന്ന അയാള്‍ അവള്‍ക്ക് ഒരത്ഭുതമായിരുന്നു. ഒരിയ്ക്കല്‍ പോലും അവളെ വിളിയ്ക്കാനോ കാണാനോ അയാള്‍ കൂട്ടാക്കിയില്ല. ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ ഒന്ന് ചിരിച്ച് കടന്നുപോവും. കൂട്ടുകാരികള്‍ പലരും അവാര്‍ഡ് സിനിമയിലെ നായകനെന്ന് പറഞ്ഞ് അവളെ കളിയാക്കി. 

പല പ്രാവശ്യം അച്ഛന്റെ കാലുപിടിച്ചവള്‍  പറഞ്ഞു, ഈ ആലോചന വേണ്ടാന്ന് വയ്ക്കാമെന്ന്. നിശ്ചയം കഴിഞ്ഞ ശേഷം കല്യാണം വേണ്ടാന്ന് വയ്ക്കുന്നതിലൂടെ കുടുംബത്തിനുണ്ടാവുന്ന അഭിമാനക്ഷതമായിരുന്നു അച്ഛന് പറയാനുണ്ടായിരുന്നത്. പേരുകേട്ട നായര്‍ തറവാട്ടിലെ മൂത്തമകള്‍ എന്ന ഭാരം പണ്ടേ അവള്‍ പേറുന്നതാണ്. എന്തിനും ഏതിനും കുടുംബ മഹിമ കാക്കണം. അതായിരുന്നു, ജോലി ഉണ്ടായിരുന്നിട്ട് കൂടി അച്ഛനെ എതിര്‍ക്കാന്‍ അവള്‍ക്കന്ന് കഴിയാഞ്ഞത്. 

'ഈ കപ്പൂച്ചിനോയ്ക്ക് പകരം ഒരു ബിയറായാലോ കഥ കേള്‍ക്കാന്‍ ഒരു രസമുണ്ടാവും.' ഒഴിഞ്ഞ ഗ്ലാസ് നിറയ്ക്കുന്നതിനിടയില്‍ ചിരിച്ചുകൊണ്ടവള്‍ ചോദിച്ചു.

എന്റെ മുഖത്തെ പരുങ്ങല്‍ കണ്ടാവണം അവള്‍ പറഞ്ഞു.

'ഞാനും ഇതുപോലൊക്കെ ആയിരുന്നെടോ. ജീവിതം ഇങ്ങനൊക്കെ മാറ്റി. ഇതൊരു ശീലമല്ലാട്ടോ. ഇത് ജീവിതത്തില്‍ രണ്ടാമത്തെ പ്രാവശ്യമാണെന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കോ. പലതും  ആരോടോ ഉള്ള വാശിയ്ക്ക് കാട്ടിക്കൂട്ടന്നതാ. ഈ മുഖം മൂടിയ്ക്കുള്ളില്‍ ഇപ്പോഴും ആ പഴയ നാടന്‍ പെണ്‍കുട്ടിയുണ്ട്.''

ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി. ചെറിയൊരു കുസൃതി ബാക്കിയുണ്ട്. 

''അതുപോട്ടെ, വിനുവിലേയ്ക്ക് വരാം. വിവാഹ ശേഷമാണ് വിനുവിന്റെ  മദ്യപാനം ഞാന്‍ മനസിലാക്കുന്നത്. പിന്തിരിപ്പിക്കാന്‍ കഴിവതും ശ്രമിച്ചു. പക്ഷേ, എനിയ്ക്ക് അയാളെ ഒരു രീതിയിലും സ്വാധീനിക്കാനായില്ല. അയാള്‍ക്ക് അയാളെ മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളു. പിന്നെ, ഇംഗ്ലീഷ് ഭാഷയേയും. ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ഭാര്യയോട് അയാള്‍ക്ക് പുച്ഛമായിരുന്നു. എങ്കിലും, അയാളുടെ ഭാഷാപരിജ്ഞാനത്തോട് എനിക്കൊരു ബഹുമാനമുണ്ടായിരുന്നു. ഒരേ ഓഫീസായതിനാല്‍ ഒരുമിച്ച് വരികയും പോവുകയും ചെയ്തു എന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്കിടയില്‍ വലിയ ദൂരമുണ്ടായിരുന്നു. അത് ദിവസേന കൂടിക്കൂടി വന്നു. മോളുടെ ജനനശേഷം ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലായീന്നു തന്നെ പറയാം. സത്യത്തില്‍, അയാള്‍ ഒരിയ്ക്കല്‍ പോലും സ്‌നേഹത്തോടെ എന്നെയൊന്ന് തൊട്ടിട്ടു കൂടിയില്ല. എങ്കിലും അയാളുടെ ഉള്ളില്‍ എവിടെയോ എന്നോട് സ്‌നേഹമുണ്ടായിരുന്നുവെന്ന് ചിലപ്പോഴൊക്കെ എനിയ്ക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, അയാള്‍ക്കത് പ്രകടിപ്പിക്കാന്‍ മടിയായിരുന്നു.''

കൈയ്യില്‍ ബിയര്‍ ഗ്ലാസുമായിരിക്കുന്ന, ബോള്‍ഡായ സ്ത്രീയാണ് ഇത് പറയുന്നത്. എനിക്കത്ഭുതം തോന്നി.  ഒരേ ഓഫീസില്‍ ജോലി ചെയ്യുന്ന 'സ്ഥിതി' യിലെ നായകന്‍ വിവേകും വാണിയും ഓര്‍മ്മയില്‍ തെളിഞ്ഞു. കുറ്റബോധത്തിന്റെ തീവ്രമായ ഭാവം ശ്രോതാക്കളിലേയ്ക്ക് പകരുന്ന, ആ പാട്ടിലെ അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍ വീണ്ടും കാതില്‍ മുഴങ്ങി.

 

.......................

Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍...

Also Read: തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!

Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'

ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം...

...........................

 

'അകമേ നിറഞ്ഞ സ്‌നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്.
നിന്നെ തഴുകുന്നതായ്..'

ഉള്ളിലെ സ്‌നേഹം ഒരു വാക്കുകൊണ്ടുപോലും  പ്രകടമാക്കാത്ത, മിഴിയിലെ നനവൊപ്പാത്ത, ഒരാളുടെ നിനവുകള്‍ ശ്രോതാക്കളിലേയ്ക്ക് ഇതിലും മനോഹരമായി എങ്ങനെ പകരാനാവും.  പറയാതെ പലതും അറിയാന്‍ കഴിയുന്നത് പ്രണയത്തേക്കാള്‍, ദാമ്പത്യത്തിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തെല്ലു നേരം ഓര്‍മ്മകളിലാണ്ടപോലെ അവളിരുന്നു.  പിന്നെ,  പതിയെ കഥ തുടര്‍ന്നു.

'കിടപ്പറകളിലെ സ്യൂഡോ സ്‌നേഹത്തേക്കാള്‍ വിനുവിന്റെ  രീതിയാണ് ഭേദമെന്ന് ചിലപ്പോഴെങ്കിലും ഞാന്‍ കരുതിയിട്ടുണ്ട്.   മോള്‍ പിജിയ്ക്ക് വിദേശത്ത് പോയ ശേഷം വിനുവിന്റെ മദ്യപാനം കൂടി വന്നു. സിറോസിസിന്റെ തുടക്കത്തിലായിരുന്നു വിനുവിനെ ഞാന്‍ ഡിഅഡിക്ഷന് കൊണ്ടുപോവുന്നത്. അന്ന് ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍, അത് എന്നെയാണെന്നായിരുന്നു വിനുവിന്റെ മറുപടി. അപ്പോഴേക്കും ഞങ്ങള്‍ ഏറെ അകന്നു കഴിഞ്ഞിരുന്നു. ഒരേ വീട്ടില്‍ പരസ്പരം മിണ്ടാത്ത രണ്ടു പേരായി. എന്നിട്ടും വിനുവിന്റെ ഉള്ളില്‍ എന്നോട് സ്‌നേഹമുണ്ടെന്നറിഞ്ഞപ്പോള്‍ വല്ലാതെ സന്തോഷിച്ചു. എന്റെ ഉള്ളിലെ കരുതല്‍ അയാള്‍ തിരിച്ചറിഞ്ഞല്ലോ. ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ ജീവിച്ചതിന് ഒരര്‍ത്ഥമുണ്ടായതുപോലെ. ഒരിയ്ക്കലെങ്കിലും ഉള്ളിലെ സ്‌നേഹം അയാള്‍ക്ക് പ്രകടമാക്കാമായിരുന്നില്ലേ? അതിനയാളുടെ ഈഗോയും അപകര്‍ഷതാബോധവും അനുവദിച്ചില്ല. ഞാനൊരുപാട് പ്രാവശ്യം ശ്രമിച്ചു അയാളെ എന്നിലേയ്ക്കടുപ്പിക്കാന്‍.  ഒടുവില്‍, ഞാനൊരു യാത്രയിലായിരുന്ന സമയത്ത്, യാത്ര പോലും പറയാതെ അയാളങ്ങ് പോയി. വീടിനുള്ളില്‍ മരിച്ചു കിടന്ന വിനുവിനെ അടുത്ത വീട്ടിലെ ചേട്ടനാണ് കാണുന്നത്. പരസ്പരം സംസാരിക്കുകകൂടി ചെയ്യാതിരുന്നിട്ടും അയാളുടെ മരണം എന്നെ ഒറ്റപ്പെടുത്തി.പിന്നീട് ആ വീട്ടില്‍ കഴിയാന്‍ എനിയ്ക്കായിട്ടില്ല.'

...........................

പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?

ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!

...........................

 

നനവ് പടര്‍ന്ന, അവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ മാധവിക്കുട്ടിയുടെ വരികളാണ് ഓര്‍ത്തത്. 'പ്രകടമാക്കാനാവാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യ ശേഖരം പോലെ ഉപയോഗശൂന്യവും.'

മരണശേഷമാണ് വിനുവിന്റെ  ഡയറി അവള്‍ കാണുന്നത്.  അതില്‍ പല പേജിലും രണ്ട് വാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'വിട്ടുപോവാത്തതിന് നന്ദി.' പിന്നെ റൂമിയുടെ കുറേ ഉദ്ധരണികളും. പലതും അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു.  

'വിനുവിനെ ഞാനാണോ മനസിലാക്കാതെ പോയത്? അതോ അയാള്‍ എന്നെയോ?' അവളുടെ ചോദ്യം എന്നെ വീണ്ടും ആ പാട്ടിലേയ്ക്കു തന്നെ എത്തിച്ചു. ഉണ്ണി മേനോന്റെ കഥാപാത്രം, വിവേക് പാടുകയാണ്.

'തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ല
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനിയൊന്നു തലോടിയില്ല.
എങ്കിലും..നീയറിഞ്ഞു..
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായി...'

 

....................

'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...

....................

 

അത്രയ്ക്ക് ഇഷ്ടമായിരുന്നിട്ടും എന്തിനായിരുന്നിരിക്കും അയാളവളെ അവഗണിച്ചിരുന്നതെന്ന ചിന്തയ്ക്കിടയില്‍ ബോഡിംഗിനുള്ള അനൗണ്‍സ്‌മെന്റ് വന്നു. രണ്ടര മണിക്കൂര്‍ കടന്നുപോയത് ഞാനറിഞ്ഞിരുന്നില്ല. യാത്ര പറഞ്ഞ് പിരിയാന്‍ നേരം വല്ലാത്ത വിഷമം തോന്നി. 

മേഘക്കീറുകള്‍ക്കിടയിലൂട വിമാനം പായുമ്പോള്‍ എന്റെ മനസില്‍ ഒരു ഡയറിയുടെ താളുകള്‍ മറിയുന്നുണ്ടായിരുന്നു. അതില്‍ ക്ഷീണിതനായ ഒരു താടിക്കാരന്റെ മുഖം തെളിയുന്നു. സ്ഥിതിയിലെ വിവേകിന്റെ അതേഛായയുള്ള ഒരാള്‍. വടിവൊത്ത കൈയ്യക്ഷരത്തില്‍ അയാള്‍ കുറിക്കുന്നു, റൂമിയുടെ പ്രശസ്തമായ വരികള്‍.

'നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ 
നിശബ്ദത തിരഞ്ഞെടുക്കുന്നു.
കാരണം, നിശ്ശബ്ദതയില്‍ ഞാന്‍ 
നിന്റെ തിരസ്‌കരണം അറിയില്ല
നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ 
ഏകാന്തത തിരഞ്ഞെടുക്കുന്നു...
കാരണം, ഏകാന്തതയില്‍ 
ഞാനല്ലാതെ മറ്റാരും നിന്നെ സ്വന്തമാക്കില്ല..
നിന്നെ ആരാധിക്കാന്‍ ഞാന്‍
ദൂരത്തിന്റെ 
കവചം തിരഞ്ഞെടുക്കുന്നു
കാരണം, ദൂരം എന്നെ
വേദനയില്‍ നിന്ന് രക്ഷിയ്ക്കും.'

 

 

....................


രണ്ട് സ്ത്രീകള്‍, ഒരാള്‍ക്ക് അവനഭയം, മറ്റേയാള്‍ അവനാശ്രയം, അവന്‍ ഇതിലാരെ തെരഞ്ഞെടുക്കും?

രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!

അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!

മരണത്തിലേക്ക് ഊര്‍ന്നുപോവുന്ന അന്ത്യ നിമിഷത്തില്‍ അവനെന്താവും ആഗ്രഹിച്ചിട്ടുണ്ടാവുക?


 

click me!