വിവാഹേതര ബന്ധങ്ങളില്‍ എങ്ങനെയാണ് ഇത്രയും ഉടമസ്ഥാവകാശം കടന്നു കൂടുന്നത്?
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം...
...........................
''കൊച്ചുതമാശകളും മനോഹരചിത്രങ്ങളും പാട്ടുകളും പരസ്പരം പങ്കുവച്ച് പ്രണയാതിരേകത്തില്‍ രണ്ടുപേര്‍. നമ്മുടെ മാത്രം എന്ന സ്വകാര്യഅഹങ്കാരത്തില്‍ ഹിഡന്‍ ഫോള്‍ഡര്‍ നിറയെ അവ നിറച്ചു വയ്ക്കുന്നു. പാടാനറിയില്ലെങ്കിലും ആ പാട്ട് നമ്മുടേതെന്നുപറഞ്ഞു മൂളിനടക്കുന്നു. അങ്ങനെയിരിക്കെ, 'ഞാന്‍ നിന്നെ ഒരുപാട് പ്രണയിക്കുന്നു' എന്നുപറഞ്ഞ് അവന്‍ അയച്ച ചിത്രം മറ്റൊരു പെണ്ണിന്റെ ഗാലറിയില്‍ അവന്റെ വക. അവരുടേതെന്ന് ഓര്‍ത്ത് അവള്‍ പാടിയ പാട്ട്, അവന്റെ ചെല്ലപ്പേര്, പിന്നെന്തെല്ലാമോ ഒക്കെ... ഈ എഴുത്ത് എങ്ങനെ അവസാനിപ്പിക്കണം? ഈ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോവണം? എനിക്ക് മനസിലാകുന്നില്ല. ഒന്നും.''
അപ്രതീക്ഷിതമായി എന്റെ ഇന്‍ബോക്‌സിലേക്ക് വന്നതായിരുന്നു ഈ മെസേജ്. അയച്ചത് വൈഷ്ണവി. അതില്‍ പറയുന്ന 'അവന്‍' അനന്തന്‍. ഇരുവരും എനിക്ക് ഏറെ പ്രിയപ്പെട്ടവര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാലക്കാട് യാത്രയ്ക്കിടയിലാണ് വൈഷ്ണവിയെയും അനന്തനെയും പരിചയപ്പെട്ടത്. അവരും പാലക്കാട്ടേയ്ക്കായിരുന്നു. മടിച്ചു മടിച്ചാണ് അവര്‍ എന്നോട് സീറ്റ് ചെയ്ഞ്ച് ആവശ്യപ്പെട്ടത്. എന്റെ മിഡില്‍ സീറ്റിന് പകരം അനന്തന്റെ സൈഡ് സീറ്റ് എനിക്ക് കിട്ടി.
ചില ബന്ധങ്ങള്‍ നമ്മളറിയാതെ വളരും. വല്ലപ്പോഴും ഇത്തിരി സ്‌നേഹം പകര്‍ന്നാല്‍ മതിയാവും. അങ്ങനെ അവരും എന്റെ ജീവിതത്തിന്റെ ഭാഗമായി. ആദ്യമായി കണ്ട നാളില്‍, അവരുടെ ബന്ധം ദൂരെ മാറി നിന്ന് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഓളങ്ങളില്ലാതെ അനസ്യൂതമൊഴുകുന്നൊരു നദി പോലെ. ഒരു കല്ലിട്ടു പോലും ആ സ്‌നേഹനദിയില്‍ ആരും ഓളം സൃഷ്ടിക്കാതിരുന്നെങ്കില്‍ എന്നാശിച്ചുപോയിട്ടുണ്ട് ഞാന്‍.
ചില കാര്യങ്ങളില്‍ ശരിയും തെറ്റും എന്നെ ബാധിക്കാറേയില്ല. അവനോട് ഞാനൊരിക്കല്‍ ചോദിച്ചിട്ടുണ്ട്, 'എടാ നിനക്ക് അവളെ കല്യാണം കഴിക്കരുതായിരുന്നോ?' എന്ന്.
'എങ്കില്‍ അവളിപ്പോള്‍ മറ്റാരുടെയെങ്കിലും സോള്‍മേറ്റായിരുന്നേനെ' എന്ന സരസമായ മറുപടി നല്‍കി അവന്‍.
അത്രയ്ക്ക് ഇഴുകി ചേര്‍ന്ന് പോകുന്നവര്‍ക്കിടയിലാണ് ഈ അസ്വാരസ്യം. ഏത് പാട്ടായിരുന്നിരിക്കണം അവള്‍ മൂളി നടന്നിട്ടുണ്ടാവുക എന്ന് ഞാന്‍ ആലോചിക്കുന്നതിനിടയില്‍ അടുത്ത സന്ദേശമെത്തി. ഒരുമിച്ച് അവര്‍ പാടിയ പാട്ടും.
'നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും
കനക മയൂരം നീയാണെങ്കില്‍ മേഘ കനവായ് പൊഴിയും ഞാന്‍...'
........................
Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍...
Also Read: തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!
ഒരിക്കല്‍ ജീവനെപ്പോലെ സ്‌നേഹിച്ച ഒരുവളുടെ മുന്നില്‍ അന്യനെപ്പോലെ നിന്നിട്ടുണ്ടോ നിങ്ങള്‍?
ഒരു ഒളിഞ്ഞുനോട്ട കഥയിലെ നായകനും നായികയും; ആരുമറിയാത്ത അവരുടെ പ്രണയം!
...........................
കൈതപ്രത്തിന്റെ പ്രണയം തുളുമ്പുന്ന വരികള്‍. കൈതപ്രം വിശ്വനാഥന്റെ ഈണം. വരികളുടെ ആത്മാവ് നഷ്ടപ്പെടുത്താതെ, ഭാവഗായകന്റെ പ്രേമസാന്ദ്രമായ നാദചാരുത. രാജാമണിയുടെ പശ്ചാത്തല സംഗീതം. ജയരാജിന്റെ സംവിധാനത്തില്‍ ദിലീപ്, നെടുമുടി വേണു, സലിംകുമാര്‍, ഭാവന തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'തിളക്ക'ത്തിലെ എവര്‍ഗ്രീന്‍ ഗാനം. എന്റെ എക്കാലത്തെയും പ്രിയ ഗാനങ്ങളിലൊന്ന്.
അവന്റെയും അവളുടെയും കഥയിലേക്ക് വരാം-കഥയല്ല ജീവിതം!
വൈഷ്ണവിയുടെ സങ്കടക്കഥയിലെ ആ മറ്റേ പെണ്‍കുട്ടിയില്ലേ, അവള്‍ അനന്തന്റെ ഭാര്യയായിരുന്നു. അതറിഞ്ഞപ്പോള്‍ തെല്ലാശ്വാസം തോന്നി. എങ്കിലും, ചില ചോദ്യങ്ങള്‍ മനസ്സിലുയര്‍ന്നു.
എങ്ങനെയാണ് വിവാഹേതര ബന്ധങ്ങളില്‍ ഇത്രയും ഉടമസ്ഥാവകാശം കടന്നു കൂടുന്നത്? 'എന്റെ മാത്രം' എന്നൊരു സ്റ്റാറ്റസ് നല്‍കാനാവുന്നതാണോ അത്തരം ബന്ധങ്ങള്‍? അറിഞ്ഞോ അറിയാതെയോ ഇത്തരം ബന്ധങ്ങളില്‍ പെട്ടുപോകുന്നവരെ ഒരിക്കലും ജഡ്ജ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. അവരുടെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റായി തോന്നാം. അവര്‍ക്ക് ഹിതമായി തോന്നുന്നത് മറ്റുള്ളവര്‍ക്ക് അവിഹിതമായി തോന്നാം. അതേ കരുതിയിട്ടുള്ളൂ. എന്നിട്ടും, ഒരു നിമിഷം ഞാനാലോചിച്ചു. അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എങ്ങനെ ചിന്തിക്കും? സംശയം വേണ്ട, അവള്‍ക്കുണ്ടായ ഫീലിംഗ്‌സ് തന്നെയാവും എനിയ്ക്കുമുണ്ടാവുക. നിസ്സാര കാര്യങ്ങളെ വലിയ സംഭവങ്ങളായും വലിയ സംഭവങ്ങളെ നിസ്സാരമായും കാണുന്ന എന്റെ മന:ശാസ്ത്രം എനിക്കിനിയും പിടികിട്ടിയിട്ടില്ല.
....................
പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...
....................
ഓര്‍മ്മകളില്‍ വീണ്ടും അവര്‍. അവരുടെ പാട്ട്. ഭാവഗായകന്റെ സ്വരത്തില്‍ അതിന്റെ തുളുമ്പല്‍.
'ഇല പൊഴിയും ശിശിര വനത്തില്‍ നീ അറിയാതൊഴുകും കാറ്റാകും
നിന്‍ മൃദുവിരലിന്‍ സ്പര്‍ശം കൊണ്ടെന്‍ പൂമരമടിമുടി തളിരണിയും
ശാരദ യാമിനി നീയാകുമ്പോള്‍ യാമക്കിളിയായി പാടും ഞാന്‍
ഋതുവിന്‍ ഹൃദയം നീയായ് മാറും പ്രേമ സ്പന്ദനമാവും ഞാന്‍....'
അവളുടെ മൃദുവിരല്‍ സ്പര്‍ശത്താല്‍ അടിമുടി പുളകിതനാവുന്ന കൈതപ്രത്തിന്റെ കാമുകന്‍. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും മനസില്‍ നിന്ന് മായാത്ത അമ്മുവിന്റേയും (കാവ്യ മാധവന്‍) ഉണ്ണിയുടേയും (ദിലീപ്) നിഷ്‌ക്കളങ്ക പ്രണയം. ''ഇതാ ഉണ്ണിയേട്ടന്‍ പഠിച്ച സ്‌കൂള്‍'' എന്ന് പറയുന്ന അമ്മുവിനോട്, ''ആണോ. കണ്ടാല്‍ പറയൂല്ല. സമയമുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ പൊളിക്കാമായിരുന്നു...''എന്ന് പറയുന്ന ഉണ്ണി!
...................
തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍
...................
പാട്ടിനപ്പുറം ഓര്‍മ്മ. അവിടെ അവള്‍, വൈഷ്ണവി. ഒരു ചിത്രശലഭത്തെ പോലെ വീട്ടിലും കാമ്പസിലും പാറി നടന്ന പെണ്‍കുട്ടി. പഠിക്കാന്‍ മിടുക്കി. എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞയുടന്‍ കാമ്പസ് സെലക്ഷന്‍ കിട്ടി വിദേശത്തേയ്ക്ക് പറന്നവള്‍. ഐ ടി പ്രൊഫഷണല്‍ ആയിരിക്കുമ്പോഴും കൊച്ചു കൊച്ചു വട്ടുകള്‍ ആസ്വദിച്ച് നടന്നവള്‍. പക്ഷേ, സ്വയം തിരഞ്ഞെടുത്ത ജീവിതത്തില്‍ എവിടെയൊക്കെയോ അവള്‍ക്ക് പിഴച്ചു. ഐ ടി പ്രൊഫഷണലായ ഭര്‍ത്താവും അവളും കാലപ്രവാഹത്തില്‍, ഒരേ പാതയില്‍ സദാ വിരുദ്ധദിശകളിലേക്ക് സഞ്ചരിക്കുന്നവരായി.
അങ്ങനെയിരിക്കെ അവരുടെ കൂടിക്കാഴ്ച. വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ നാളുകളിലെന്നോ കോളേജ് അലുംനിയ്ക്കിടയിലാണ് അനന്തനെ അവള്‍ വീണ്ടും കാണുന്നത്. അവനന്ന് നാട്ടില്‍ ഒരു സ്‌കൂളില്‍ ജോലി ചെയ്യുന്നു. അതേ സ്‌കൂളില്‍ അദ്ധ്യാപികയായ ഭാര്യയും മകളുമൊത്ത് സ്വസ്ഥമായ ജീവിതം. അവളുമായി സംസാരിച്ചിരിക്കെ, എന്തുകൊണ്ടോ വൈഷ്ണവിയുടെ ജീവിതത്തിലെ കല്ലുകടി അവനെ അലട്ടി.
മീറ്റ് കഴിഞ്ഞ്, പിരിയുമ്പോള്‍ ഒന്നുകൂടി കാണണമെന്ന് ആവശ്യപ്പെട്ടത് അവളായിരുന്നു. പഠിച്ചിരുന്ന കാലത്ത് ഒരിയ്ക്കലും അവള്‍ക്ക് അവനോടൊരിഷ്ടം തോന്നിയിരുന്നില്ല. ഒരുപക്ഷേ, ഇപ്പോഴനുഭവിക്കുന്ന ഒറ്റപ്പെടലായിരിക്കണം അവനോട് വെറുതേ സംസാരിച്ചിരിക്കാന്‍ അവളെ പ്രേരിപ്പിച്ചത്. ആ കൂടിക്കാഴ്ച അവിടെ തീര്‍ന്നില്ല. അവര്‍ പലപ്രാവശ്യം വീണ്ടും കണ്ടു. മണിക്കൂറുകളോളം സംസാരിച്ചു. വേണമെന്ന് കരുതിയിട്ടല്ല, അങ്ങനെ സംഭവിച്ചു. പിരിയാനാവാത്ത വിധം അടുത്തു പോയി. അവളുടെ ഭാഷയില്‍ 'നോട്ട് ഇന്റന്‍ഷണല്‍, ബട്ട് ഇറ്റ് ഹാപ്പന്‍ഡ്. ആരെയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടില്ല.'
അവരുടെ പിണക്കങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാവാറില്ല. അത്രമേല്‍ ഇഴുകിച്ചേര്‍ന്നവര്‍ക്ക് എത്ര സമയം മിണ്ടാതിരിക്കാനാവും. ഇപ്പോള്‍ ആ പിണക്കം മാറിയിരിക്കുന്നു. ചില പരിഭവങ്ങള്‍ മാറുമ്പോള്‍ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാവുന്നത് എന്തുകൊണ്ടാവും? മൗനത്തിന്റെ കടന്നുവരവിനും ഇറങ്ങിപ്പോക്കിനും ഇടയില്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടലിന്റെ തീവ്രതയിലാണല്ലോ ഓരോ ബന്ധത്തിന്റെയും ആഴം. അല്ലേലും രണ്ട് മൗനങ്ങള്‍ക്കിടയിലെ നിശ്ശബ്ദ വിലാപം എത്ര കാതോര്‍ത്താലാണ് മറ്റൊരാള്‍ക്ക് കേള്‍ക്കാനാവുക.
ഒരിയ്ക്കല്‍ അവള്‍ ചോദിച്ചു: 'ഒരാള്‍ക്ക് മറ്റൊരാള്‍ അത്രമേല്‍ പ്രിയതരമാവുന്നത് എന്തുകൊണ്ടാവും?'
ആ ചോദ്യത്തിന് പെട്ടെന്നൊരുത്തരം നല്‍കാന്‍ ബുദ്ധിമുട്ടുന്നതിനിടെ എന്റെ മനസ് മറ്റൊരു പാട്ടിലേക്ക് കാലുകുത്തി. 'മഴമുകില്‍ പോലെ' എന്ന റിലീസാവാത്ത ചിത്രത്തിനു വേണ്ടി കെ. എസ്. ചിത്ര പാടിയ അധികം ശ്രദ്ധിക്കാതെ പോയൊരു ഗാനം. കൂത്താട്ടുകുളം ശശിയുടെ വരികള്‍. നൂറനാട് കൃഷ്ണന്‍കുട്ടിയുടെ സംഗീതം.
'ഒരാളിന്നൊരാളിന്റെ സാന്നിധ്യമിത്രയും
പ്രിയമായ് തീരുന്നതെങ്ങിനെ..
ഒരാളിന്നൊരാളിന്റെ പുഞ്ചിരിയിത്രമേല്‍
ഹൃദ്യമായ് തോന്നുന്നതെങ്ങിനെ..
തിരമാലയായ് അഗ്‌നിജ്വാലയായ് ഇഷ്ടം
ഓരോ രോമകൂപങ്ങളിലൂടെ
അന്തരാത്മാവിലേക്കാളിപ്പടര്‍ന്നീ
സന്തോഷ സാഗരം തീര്‍ക്കുന്നതെങ്ങിനെ..'
..................................
കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!
തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!
....................
എങ്ങിനെയാവണം ഒരാളിന് മറ്റൊരാളിന്റെ സാന്നിധ്യം പ്രിയമായ് തീരുന്നത്?
മനസ്സ് നിന്നിലേക്ക് നീണ്ടു. ഉത്തരം മുട്ടുമ്പോള്‍ മറു ചോദ്യം ചോദിക്കുന്ന ശൈലി അവിടെയും ഞാന്‍ പ്രയോഗിച്ചു.
'അത്രയും പ്രിയപ്പെട്ട ഒരാള്‍ ഇല്ലാതായാല്‍ എന്ത് ചെയ്യും?'
ഒരു നിമിഷം എന്റെ ചോദ്യത്തിനു മുന്നില്‍ അവള്‍ പതറി. പിന്നെ പറഞ്ഞു: 'ഞാനില്ലാതായാല്‍ അവന് ഭ്രാന്ത് പിടിച്ചു പോവും. അല്ലെങ്കില്‍ അവനും മരിച്ചുപോവുമെന്ന് പറഞ്ഞിട്ടുണ്ട്. അവനില്ലാതായാല്‍ തിരകളെ കൂട്ടുപിടിച്ച് കടലിലേക്കിറങ്ങിപ്പോവുമെന്ന് ഞാനും.'
1938 ഒക്ടോബര്‍ 25-ന് പുലര്‍ച്ചെ ഒരു മണിയോടെ അര്‍ജന്റീനയിലെ മാര്‍ഡെല്‍ പ്ലാറ്റയിലെ ലാ പെര്‍ല ബീച്ചില്‍ കടലാഴങ്ങളിലേക്ക് നടന്നിറങ്ങിയ അല്‍ഫോന്‍സിന സ്‌റ്റോര്‍ണിയെ ആണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്.
...........................
പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?
ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!
...........................
കടലോളം പ്രണയിച്ച ഒരുവനെ നഷ്ടപ്പെടുമ്പോള്‍ കടലാഴങ്ങളിലേക്ക് ഇറങ്ങിപ്പോവുക. അവളുടെ ആ ഉത്തരം ഘനീഭവിച്ച ഒരു വ്യസനമായി കുറേ നാള്‍ എന്നെ പിന്തുടര്‍ന്നു. എങ്കിലും പിന്നെ ഞാനവരുടെ സങ്കടങ്ങളെ കാര്യമായി പിന്തുടര്‍ന്നില്ല. അവരോടൊപ്പമുള്ള യാത്രയ്ക്ക് ഇടയ്‌ക്കെപ്പോഴോ ഞാന്‍ ഒരിടക്കാല വിരാമമിട്ടിരുന്നു. എന്റേത് മാത്രമായ ഇടങ്ങളില്‍ ഞാന്‍ കുറച്ച് തിരക്കിലായതായിരുന്നു കാരണം.
അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും?
വൈഷ്ണവി തന്നെ പറയട്ടെ: 'രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങും വരെ അവന്‍ എന്റെ കൂടെയുണ്ട്. എവിടെ പോകുന്നു, ആരുടെ കൂടെ, എല്ലാം എനിക്കറിയാം. എന്ത് കഴിച്ചു എന്നും കഴിക്കാതെ മാറ്റിവച്ചുവെന്നുമറിയാം. ഏത് ഷര്‍ട്ടിടണം, ഇടണ്ട എന്നത് ഞാന്‍ തീരുമാനിക്കുന്നു. വാച്ച് , പെര്‍ഫ്യൂം, കീ ചെയിന്‍, വാലറ്റ് വരെ എല്ലാറ്റിലും എന്റെ മുദ്രയുണ്ട്. ആള്‍ക്കാരുടെ മുന്നില്‍ തോളില്‍ കൈയ്യിട്ടു നടക്കാന്‍ കഴിയുന്നില്ല. സാരല്യ. ചില പരിമിതികള്‍ സ്വീകരിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു'
പ്രണയം ആഘോഷമാക്കിയ രണ്ടു പേര്‍. ശരീരത്തിന്റെ ആഘോഷങ്ങളിലും ആത്മാവിന്റെ ലാവണ്യത്തിലും സന്തോഷം കണ്ടെത്തുന്ന പ്രണയികള്‍. അവര്‍ ചെയ്യുന്നതൊക്കെയും സമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടില്‍ തെറ്റാവാം. പക്ഷേ, അവരെ അവരുടെ ശരികളിലേക്ക് വിടാനായിരുന്നു എനിക്കെന്നുമിഷ്ടം.
അവരെ ഓര്‍ക്കുമ്പോള്‍ വീണ്ടുമാ മധുര ഗാനം. മനസ്സ് വീണ്ടും കൈതപ്രത്തിന്റെ വരികളിലേക്ക് നടക്കുന്നു.
ഒരു കുളിര്‍മഴയായി മനസ്സിലേക്ക് ഇറ്റിറ്റ് വീഴുന്ന പ്രണയം തുളുമ്പുന്ന വരികള്‍.
'കുളിര്‍ മഴയായ് നീ പുണരുമ്പോള്‍ പുതുമണമായ് ഞാന്‍ ഉണരും
മഞ്ഞിന്‍ പാദസരം നീ അണിയും ദലമര്‍മരമായ് ഞാന്‍ ചേരും
അന്ന് കണ്ട കിനാവിന്‍ തൂവല്‍ കൊണ്ട് നാമൊരു കൂടണിയും
പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും.'
................................
രണ്ട് കാലങ്ങള്‍, ഒരു പാട്ട്; പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍, ചിരപരിചിതരായ രണ്ട് അപരിചിതര്‍!
................................
അവന്റെ ഭാഷയില്‍, 'പരിഭവ കുടുക്ക' ആയ അവളിപ്പോള്‍ പരിമിതികള്‍ സ്വീകരിക്കാന്‍ പഠിച്ചിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവളോടെനിക്ക് വല്ലാത്ത സ്‌നേഹം തോന്നി. പറയാന്‍ മറക്കാത്ത പരിഭവങ്ങള്‍ക്കാണ് ചന്തമെന്നാണ് എന്റെ പക്ഷമെന്നോര്‍ത്തപ്പോള്‍ ചിരി വന്നു. പരിഭവങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ആ 'പിരിയാന്‍ വയ്യാ പക്ഷികള്‍' പ്രണയാകാശത്തില്‍ പറക്കട്ടെ.
ഖലില്‍ ജിബ്രാന്‍ പറഞ്ഞതുപോലെ, ''ആരോടും പറയാതെ അവര്‍ നല്ലൊരു പ്രണയകാലം ആസ്വദിക്കട്ടെ, സന്തോഷത്തോടെ ജീവിക്കട്ടെ, ആരോടും പറയേണ്ടതില്ല. കാരണം, ഭംഗിയുള്ളതിനെയെല്ലാം മനുഷ്യന്‍ നശിപ്പിച്ചു കളയും.''