രണ്ട് കാലങ്ങള്‍, ഒരു പാട്ട്; പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍, ചിരപരിചിതരായ രണ്ട് അപരിചിതര്‍!

By Web Team  |  First Published Jun 24, 2024, 2:08 PM IST

പ്രേമപരവശനായി ഒരു സ്വപ്നലോകത്തിലെന്ന പോലെ പാടി നടക്കുന്ന കമല്‍ഹാസന്‍ ഓര്‍മ്മയില്‍ തെളിയുന്നു. അയാള്‍ പാടുമ്പോഴും അതേ വൈബായിരുന്നു എനിക്കനുഭവപ്പെട്ടത്. 


പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

Latest Videos

undefined

Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'

ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം...

...........................

 

വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒത്തുകൂടിയ അവസരമായിരുന്നു അന്ന്. കൂട്ടത്തിലൊരാളുടെ മകന്റെ കല്യാണം. എത്താന്‍ അല്‍പം വൈകി എത്തിയതിനാല്‍ ഏറ്റവും പിന്നിലായിരുന്നു ഞങ്ങള്‍ നിന്നിരുന്നത്.  

കതിര്‍മണ്ഡപത്തില്‍ നില്‍ക്കുന്ന ഒരാളെ എവിടെയോ കണ്ടുമറന്നതുപോലെ എനിക്ക് തോന്നി. പെണ്‍കുട്ടിയുടെ അച്ഛനാണ്. നരയും കഷണ്ടിയും ഒഴിവാക്കിയാല്‍ ഇയാളെ ഞാനെവിടെയാണ് കണ്ടതെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. 

താലി കെട്ടിന്റെ സമയമായിട്ടില്ല. ഗാനമേള നടക്കുകയാണ്. ഇരുനിറമുള്ള, തീരെ മെലിഞ്ഞ ഒരു പയ്യന്‍ പാടാനായി എത്തുന്നു.

നീലാംബുജങ്ങള്‍ വിടര്‍ന്നു
നീലാരവിന്ദായദാക്ഷിയെ തേടി
നീലാംബുജങ്ങള്‍ വിടര്‍ന്നു
നിറമാല വാനില്‍ തെളിഞ്ഞു
നീരദവേണിയാം ദേവിയെ തേടി
നിറമാല വാനില്‍ തെളിഞ്ഞു

പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത് 1977 -ല്‍ പുറത്തിറങ്ങിയ 'സത്യവാന്‍ സാവിത്രി' എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം. പ്രണയത്തിന്റെ തണുപ്പും നഷ്ടപ്രണയത്തിന്റെ ചൂടും ഒരുപോലെ മലയാളിയ്ക്ക് പകര്‍ന്നു തന്ന മലയാളിയുടെ സ്വന്തം ശ്രീകുമാരന്‍ തമ്പിയുടെ രചന. സംഗീത രാജശില്പി ദേവരാജന്‍ മാഷിന്റെ മാന്ത്രിക രാഗച്ചാര്‍ത്ത്. മോഹനരാഗത്തിന്റെ വശ്യത. ആരെയും പ്രണയാതുരരാക്കുന്ന ഗാനഗന്ധര്‍വ്വന്റെ ആലാപനം. ഗാനരംഗത്ത് കമല്‍ഹാസനും ശ്രീദേവിയും. ഒരു ഗാനം കാലാതിവര്‍ത്തിയാവാന്‍ പിന്നെന്തു വേണം.

 

........................

Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍...

Also Read: തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!

ഒരിക്കല്‍ ജീവനെപ്പോലെ സ്‌നേഹിച്ച ഒരുവളുടെ മുന്നില്‍ അന്യനെപ്പോലെ നിന്നിട്ടുണ്ടോ നിങ്ങള്‍?

ഒരു ഒളിഞ്ഞുനോട്ട കഥയിലെ നായകനും നായികയും; ആരുമറിയാത്ത അവരുടെ പ്രണയം!
...........................

 

ഈ പാട്ട് മനോഹരമായി ഇതുപോലൊരാള്‍ പാടി ഞാനെവിടെയാണ് കേട്ടിട്ടുള്ളത്? 

ഓര്‍മ്മയിലെവിടെയെങ്കിലുമുണ്ടെങ്കില്‍ അത് പരതിയെടുക്കാനുള്ള തീവ്രശ്രമത്തിലായി ഞാന്‍. ചുറ്റിലും പരിചയക്കാരാണ്. ആരൊക്കെയോ നോക്കി ചിരിക്കുന്നുണ്ട്. എന്റെ ശ്രദ്ധ മുഴുവന്‍ ആ പാട്ടിലും പയ്യനിലുമായിരുന്നു.

ഞാന്‍ കുറേ പിന്നോക്കം പോയി. ഓര്‍മ്മയുടെ താളുകളോരോന്നായി മറിയുന്നു.  ഇപ്പോള്‍ എന്റെ പ്രായം  ഇരുപതുകളുടെ മധ്യത്തിലാണ്. പത്മരാജന്‍ സിനിമകളും, ഹൃദയം തൊടുന്ന പാട്ടുകളുമൊക്കെ നെഞ്ചിലേറ്റി നടന്നിരുന്ന ഒരുവള്‍. 

ഒരു സുഹൃത്ത് ക്ഷണിച്ചിട്ട് അവരുടെ കമ്പനിയുടെ വാര്‍ഷികാഘോഷ പരിപാടിക്ക് പോയതായിരുന്നു അന്ന് ഞങ്ങള്‍. വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ച് രണ്ടാഴ്ച ആയിട്ടുണ്ടാവണം. ഗാനമേള നടക്കുകയാണ്.  മെലിഞ്ഞ്, ഇരുനിറമുള്ള, അത്യാവശ്യം ഉയരമുള്ള ഒരാള്‍ പാടുകയാണ്. എന്റെ എക്കാലത്തെയും പ്രിയ പാട്ടുകളില്‍ ഒന്ന് ലൈവായി ഒരാള്‍ പാടി കേള്‍ക്കുന്നത് ആദ്യമായിരുന്നു. അയാള്‍ ചരണത്തിലെത്തിയിരിക്കുന്നു.

....................

'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...

....................

 

'ആരാമദേവതേ നീ കണ്ടതുണ്ടോ
ആ ഗാനകല്ലോലിനിയെ
ഓരോ കിനാവിലും അനുരാഗഗീതങ്ങള്‍
പാടി മറയും പ്രവാഹിനിയെ
സ്വപ്നം ചിലപ്പോള്‍ ഫലിക്കുമല്ലോ
അന്നെന്‍ ചിത്തത്തില്‍ ജീവന്‍ തുടിക്കുമല്ലോ....'

 
അത്യന്തം പ്രേമപരവശനായി ഒരു സ്വപ്നലോകത്തിലെന്ന പോലെ പാടി നടക്കുന്ന കമല്‍ഹാസന്‍ ഓര്‍മ്മയില്‍ തെളിയുന്നു. അയാള്‍ പാടുമ്പോഴും അതേ വൈബായിരുന്നു എനിക്കനുഭവപ്പെട്ടത്. 

പാടുന്നതിനിടയിലെപ്പോഴൊക്കെയോ അയാളെന്നെ ശ്രദ്ധിച്ചിരുന്നോ? ഏയ് തോന്നലാവുമെന്ന് കരുതി. അയാളും സ്വപ്നലോകത്തിലെ നായികയെ തേടുന്നതുപോലെ എനിക്കു തോന്നി.

ഇപ്പോള്‍, സ്റ്റേജില്‍ നിന്ന് ആ പയ്യന്‍ സ്വയം മറന്ന് പാടുകയാണ്. നന്നായി പാടുന്നല്ലോയെന്ന് ഒപ്പമുള്ളവര്‍ ഒരേ സ്വരത്തില്‍. താളവും ശ്രുതിയുമില്ലെങ്കിലും അവരിലൊരാള്‍ അവനൊപ്പം പാടാന്‍ ശ്രമിക്കുന്നുണ്ട്. സ്വപ്ന സാക്ഷാത്കാരം പോലെ കമല്‍ ഹാസന്റെ മുന്നില്‍ സുന്ദരിയായ ശ്രീദേവി പ്രത്യക്ഷപ്പെടുകയാണ്. കഥാസന്ദര്‍ഭത്തിന് യോജിച്ച തമ്പി സാറിന്റെ മികച്ച രചനകളിലൊന്ന്. 

...................

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍

...................

 

ആലോലംകാറ്റേ നീ പുല്‍കിയതുണ്ടോ
ആ സ്വര്‍ഗ്ഗവൃന്ദാവനിയെ
ഓരോ ഋതുവിലും അഭിലാഷപുഷ്പങ്ങള്‍
തൂവി മറയും നിരാമയിയെ
സ്വപ്നം ചിലപ്പോള്‍ ഫലിക്കുമല്ലോ
അന്നെന്‍ ചിത്തത്തില്‍ ജീവന്‍ തുടിക്കുമല്ലോ

പാട്ട് കഴിഞ്ഞിരിക്കുന്നു. സദസ്സില്‍ നിന്നൊരാള്‍ ആ പയ്യനോട് പോയി സംസാരിക്കുന്നുണ്ട്.  വീണ്ടും അവന്‍ സ്റ്റേജില്‍ കയറുന്നു. അടുത്ത പാട്ടും അവന്‍ തന്നെയാണ് പാടുന്നത്. അയാള്‍ ആവശ്യപ്പെട്ടിട്ടാവാം വീണ്ടും സത്യവാന്‍ സാവിത്രിയിലെ മറ്റൊരു മനോഹര ഗാനം.

'ആഷാഢം  മയങ്ങി നിന്‍ മുകില്‍ വേണിയില്‍
ആകാശം തിളങ്ങി നിന്‍ നയനങ്ങളില്‍
രാഗം നിന്നധരത്തില്‍ തപസ്സിരുന്നൂ അനുരാഗ
മെന്‍ മനതാരില്‍ തുടിച്ചുയര്‍ന്നൂ.....'

 

..................................

കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!

അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!

....................

 

കമല്‍ ഹാസന്‍ ശ്രീദേവി പ്രണയ ജോഡി തന്നെയാണ് ഗാനരംഗത്ത്. തമ്പി സാറും ദേവരാജന്‍ മാഷും അണിയിച്ചൊരുക്കിയ  മറ്റൊരു മനംമയക്കും മനോഹര ഗാനം. മനുഷ്യരെപ്പോലെ ചില ഗാനങ്ങള്‍ക്കും ഒരു ദുര്‍വിധിയുണ്ട്. സിനിമയിലെ ഒരു ഗാനം പോപ്പുലറാവുമ്പോള്‍ അതിന്റെ നിഴലാവാന്‍ വിധിക്കപ്പെടും. അക്കാരണത്താല്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഗാനം.

ഗാനമേള കഴിഞ്ഞിരിക്കുന്നു. നാദസ്വരമേളമുയര്‍ന്നു. മുഹൂര്‍ത്തത്തിനുള്ള സമയമായിരിക്കുന്നു.

പക്ഷേ, എന്റെ മനസ്സപ്പോഴും വര്‍ഷങ്ങള്‍ക്കപ്പുറം, ആള്‍ക്കാര്‍ തീരെ കുറഞ്ഞ ഒരു ഹാളിലായിരുന്നു. 

അവിടെ അന്നേരം അയാളുടെ പാട്ടു കഴിഞ്ഞ് അടുത്ത ആളെത്തിയിരിക്കുന്നു. പാട്ടു കഴിഞ്ഞിറങ്ങുമ്പോഴും അയാള്‍ എന്നെ ശ്രദ്ധിക്കുന്നതുപോലെ തോന്നി. ഒരു പക്ഷേ, സദസ്സില്‍ ആള്‍ക്കാര്‍ കുറവായിട്ടാവണം. അല്ലെങ്കില്‍ ഞാനത്രയ്ക്ക് ആസ്വദിച്ച് ഇരുന്നിട്ടാവണം. 'അയാള്‍ എത്ര നന്നായി പാടി' എന്ന ആത്മഗതത്തിന് പാട്ടിനോട് തീരെ താല്പര്യമില്ലാത്ത ഭര്‍ത്താവിന്റെ 'ഉം' എന്ന മറുപടി.  

...........................

പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?

ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!

...........................

 

എനിക്കയാളെ പരിചയപ്പെടണമെന്നുണ്ടായിരുന്നു. ഇന്നായിരുന്നെങ്കില്‍ ഞാന്‍ സധൈര്യം പോയി പരിചയപ്പെടുമായിരുന്നു. പക്ഷേ, അന്നത്തെ, അത്യാവശ്യം ഇന്‍ട്രോവെര്‍ട്ടായ, സദാചാര വാദിയായ ആ പെണ്‍കുട്ടിക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. മാത്രവുമല്ല, വിവാഹത്തിന്റെ ആദ്യ നാളുകളില്‍ അക്കാലത്തെ ഏതൊരു സാധാരണ പെണ്‍കുട്ടിയേയും പോലെ അവളുടെ ലോകവും ഭര്‍ത്താവിലേക്ക് മാത്രം ചുരുങ്ങിയിരുന്നു.

ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാവണം. ഞങ്ങളെ ആ പരിപാടിക്ക് ക്ഷണിച്ച സുഹൃത്ത് പറഞ്ഞാണ് അറിയുന്നത്. പരിപാടിക്ക് ശേഷം അയാള്‍ ചോദിച്ചുവത്രേ; 'രാജു എന്നെ പെണ്ണുകാണലിനായി എവിടെയെല്ലാം കൊണ്ടുപോയിട്ടുണ്ട്. എന്തുകൊണ്ട് നിങ്ങളുടെ ഈ സുഹൃത്തിനെ എനിക്ക് കാണിച്ചു തന്നില്ല'-എന്ന്. പിന്നെ, എനിക്ക് അനിയത്തിയോ കസിന്‍സോ ഉണ്ടോന്ന് അയാള്‍ തിരക്കിയെന്നും. 

'ശ്ശോ! എന്റെ കല്യാണത്തിന് മുന്നേ ഇവരൊക്കെ എവിടെയായിരുന്നു! കഷ്ടമായല്ലോ' എന്ന ആത്മഗതം ഇത്തിരി ഉറക്കെയായതും അത് കേട്ടെല്ലാവരും ചിരിച്ചതും ഇന്നലെയെന്നപോലെ ഓര്‍മ്മയിലുണ്ട്. ആവശ്യമുള്ളതൊക്കെ മറക്കുകയും ആവശ്യമില്ലാത്തതെല്ലാം ഓര്‍ക്കുകയും ചെയ്യുന്ന എന്റെ ഓര്‍മ്മയുടെ രസതന്ത്രം എന്നുമെന്നെ അത്ഭുതപ്പെടുത്താറുണ്ട് !

'എന്റെ സുഹൃത്തല്ല, സുഹൃത്തിന്റെ ഭാര്യയാണ്. പിന്നെങ്ങിനെ കാണിച്ചു തരാനാണ്...' എന്ന് ആ സുഹൃത്ത് അന്ന് മറുപടി പറഞ്ഞത്രെ. 

പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും ആ സംഭവം ഏറെ നാള്‍ എന്റെ ഓര്‍മ്മയിലുണ്ടായിരുന്നു.  പേരുപോലും അറിയാത്ത അയാളുടെ കാര്യം പലരോടും  പങ്കുവച്ചിട്ടുമുണ്ട്. അതിനും വേണ്ടിയുള്ള പ്രാധാന്യം ആ സംഭവത്തിന് എന്താണെന്ന് ചോദിച്ചാല്‍ അറിയില്ല. 

ഞാനെന്താണ് എന്നറിയാതെ ആദ്യകാഴ്ചയില്‍ എന്നെ ഇഷ്ടപ്പെട്ട ഒരാളായിരുന്നല്ലോ അയാള്‍. എപ്പോഴും പ്രണയത്തില്‍ നിന്ന് അകന്നുമാറി നടന്നിരുന്നതിനാല്‍ പ്രണയകഥകള്‍ക്ക് പകരം വയ്ക്കാന്‍ ഇത്തരം നുറുങ്ങുകഥകളേ എനിക്ക് ഉണ്ടായിട്ടുള്ളൂ. ഇപ്പോഴും ഈ പാട്ടുകേട്ടാല്‍ സുന്ദരനായ കമല്‍ ഹാസനോ സുന്ദരിയായ ശ്രീദേവിയോ എന്റെ ഓര്‍മ്മയില്‍ തെളിയാറില്ല. പകരം, മൈക്കിനു മുന്നില്‍ നിന്ന് പാടുന്ന ഇരുനിറമുള്ള മെലിഞ്ഞ ഒരാളുടെ അവ്യക്തരൂപം വരും. 

'എടോ കല്യാണം കഴിഞ്ഞു. നമുക്ക് കഴിക്കാന്‍ കയറാം'- അടുത്ത് നിന്ന സുഹൃത്ത് തട്ടിവിളിക്കുമ്പോഴാണ് ഞാന്‍ ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്. ഊണ് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഹാള്‍ ഏകദേശം കാലിയായിരുന്നു. 

എന്റെ കണ്ണുകള്‍ കതിര്‍മണ്ഡപത്തില്‍ കണ്ടയാളെ തിരഞ്ഞു. അയാള്‍ ആരെയൊക്കെയോ വിളിച്ച് ഫോട്ടോ എടുപ്പിക്കുന്ന തിരക്കിലാണ്. 25 വര്‍ഷം മുമ്പ് അയാളുടെ രൂപം എന്തായിരിക്കുമെന്ന് ഞാനോര്‍ത്തു. 

'പന്ത്രണ്ടു കൊല്ലം മുമ്പ്, ചെതലിയുടെ അടിവാരത്തില്‍, വെയിലിന്റെ വെളിച്ചത്തില്‍ മൃഗതൃഷ്ണയില്‍, സുഗന്ധത്തില്‍, താന്‍ കണ്ട സുന്ദരനായ പതിനാറുകാരനെ' ഓര്‍ത്ത, ഒ വി വിജയന്റെ മൊല്ലാക്കയെ ആണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്. 

പെട്ടെന്നാണ്, ഏതോ കാലത്ത് രു മൈക്കിനു മുന്നില്‍ നിന്ന് പാടുന്ന അയാളുടെ അവ്യക്ത രൂപം മനസില്‍ തെളിഞ്ഞത്. അതേ, ഇത് അയാള്‍ തന്നെയാണ്!

സുഹൃത്തിനോട് ഞാന്‍ ചോദിച്ചു: 'പെണ്‍കുട്ടിടെ അച്ഛന്‍ എവിടാ വര്‍ക്ക് ചെയ്യുന്നത്?'

അവള്‍ പറഞ്ഞ ഉത്തരം എന്റെ സംശയം സാധൂകരിച്ചു.

മടക്കയാത്രയില്‍ ഞാനാലോചിച്ചു, ഓരോ പ്രാവശ്യം ഈ പാട്ടുകേള്‍ക്കുമ്പോഴും ഞാനെന്തുകൊണ്ടാവും അയാളെ ഓര്‍ക്കുന്നത്? അയാളെ അങ്ങോട്ട് പോയി പരിചയപ്പെടാന്‍ എനിക്കിപ്പോഴും തോന്നാത്തതെന്താവും ? 

ആ പഴയ ഇന്‍ട്രോവെര്‍ട്ടായ, സദാചാരി പെണ്‍കുട്ടിയുടെ പ്രേതം  ഇപ്പോഴും എന്റെ ഉള്ളിലുള്ളതിനാലാവോ?  'Where words fail, music speaks' എന്നാണല്ലോ. 

ഉത്തരംതേടി, ഞാന്‍ സ്‌പോട്ടിഫൈയില്‍ വീണ്ടും ആ ഗാനം പ്ലേ ചെയ്തു.
 

click me!