തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!

By Web Team  |  First Published Jun 7, 2024, 6:24 PM IST

''മടക്കി കിട്ടാത്ത സ്‌നേഹത്തിന്റെ നോവ് അറിഞ്ഞിട്ടുണ്ടോ നീ. തിരിച്ചു കിട്ടാത്ത സ്‌നേഹം മനസ്സിന്റെ വിങ്ങലാണെന്ന 'കാണാമറയത്തി'ലെ പത്മരാജന്റെ ആ മാസ് ഡയലോഗുണ്ടല്ലോ, അത് ഞാനറിഞ്ഞത് ഹരിശങ്കറിലൂടായിരുന്നു."


പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

Latest Videos

undefined

 

Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'

ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം...

...........................

 

 

ആ നാട്ടിന്‍പുറം എന്നെ മോഹിപ്പിച്ചു തുടങ്ങിയിട്ട് കുറച്ചേറെക്കാലമായി. കോളേജ് മേറ്റായിരുന്ന രേഖയുടെ വാക്കുകളിലൂടെ മാത്രം കേട്ടിട്ടുള്ള,  എങ്ങും പച്ചപ്പ് പുതച്ച അവളുടെ നാട്. കോരിച്ചൊരിയുന്ന മഴയുടെ അകമ്പടിയില്‍ അവിടേയ്‌ക്കൊരു യാത്രയാണിപ്പോള്‍. ഒപ്പം അവളുമുണ്ട്, രേഖ. പിന്നെ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പ്രിയമുള്ള കുറച്ച് പാട്ടുകളും. മഴയുടെ ലഹരിയില്‍ ആരുടെ മനസ്സാണ്  പ്രണയാര്‍ദ്രമാവാത്തത്. അതിഗംഭീരമായി പാടാന്‍ കഴിവുള്ള ഗായികയാണ് തൊട്ടടുത്ത്. എന്റെ മനസില്‍ ആ പാട്ടിന്റെ അലകള്‍. ഞാന്‍ പറഞ്ഞു; 'നീയാ ഡോക്ടര്‍ പേഷ്യന്റിലെ  പാട്ടൊന്ന് പ്ലേ ചെയ്‌തേ..'

'അതെന്താ ഞാന്‍ പാടിയാല്‍ പോരായോ എന്ന അവളുടെ ചോദ്യത്തിന്, 'പോരാല്ലോ , ഹരിഹരന്റെ ശബ്ദത്തില്‍ തന്നെ കേള്‍ക്കണം'-എന്ന് ഞാന്‍.

'മഴ ഞാന്‍ അറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ
വെയില്‍  ഞാന്‍ അറിഞ്ഞിരുന്നില്ല
എന്റെയുള്ളില്‍ നിന്‍ ചിരി നേര്‍ത്ത് പടരും വരെ....'

പ്രണയമാധുര്യവും വിരഹനൊമ്പരവും പകരുന്ന റഫീക്ക് അഹമ്മദിന്റെ  വരികള്‍.   ഈണം പകര്‍ന്നത്  ബെന്നറ്റ് - വീത് രാഗ് ജോഡികള്‍. ഹരിഹരന്റെ മധുരസ്വരം. സിനിമ ഫ്‌ലോപ്പായതുകൊണ്ടു മാത്രം അധികം ശ്രദ്ധിക്കപ്പെടാതെ പോയ മനോഹര ഗാനം. കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തില്‍  കണ്ണടച്ചിരുന്ന്  കേള്‍ക്കുമ്പോള്‍  ശരിയ്ക്കും  വേറെയേതോ ലോകത്ത് എത്തിയ അനുഭൂതി. 

കാറില്‍ ഹരിഹരന്‍ പാടി. ഒപ്പം, രേഖയും. 

'വേനല്‍ നിലാവിന്റെ മൗനം
നീരൊഴുക്കിന്‍ തീരാത്ത ഗാനം
ദൂരങ്ങളില്‍ നിന്നുമേതോ
പാട്ടു മൂളും കുയിലിന്‍ സ്വകാര്യം
അറിയാതെ നിമിഷങ്ങളൂര്‍ന്നു
പാതിരാവിന്റെ യാമങ്ങള്‍ മാഞ്ഞു
എന്റെയുള്ളില്‍ നിന്‍ നിശ്വാസം ഉതിരും വരെ'

 

 

....................

'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...

....................

ഓരോ കേള്‍വിയിലും മനസ്സ് കൂടുതല്‍ പ്രണയാര്‍ദ്രമാവുന്ന ഗാനം. പാട്ടില്‍, പ്രിയപ്പെട്ടവള്‍ എത്തും മുമ്പേ ഋതുഭേദങ്ങള്‍ പോലും അറിയാത്ത കാമുകന്‍. മനോരോഗ ആശുപത്രിയില്‍, ഡോക്ടര്‍ വേഷമണിഞ്ഞ ബോബി എന്ന രോഗി (ജയസൂര്യ ) രോഗികളില്‍ ഒരാളുടെ കവിത ചൊല്ലുന്നതാണ് പശ്ചാത്തലത്തില്‍. വരികള്‍ക്ക് തീരെ യോജിക്കാത്ത ചിത്രീകരണം. ചിത്രത്തിന്റെ അവസാനത്തില്‍, ബോബി ഐസിയുവില്‍ കിടക്കുമ്പോഴും പല്ലവി ആവര്‍ത്തിക്കുന്നു.  

രേഖ പാട്ടില്‍ ലയിച്ച് മറ്റേതോ ലോകത്താണ്.  എനിക്കന്നേരം ഹരിശങ്കറിന്റെ കഥ അറിയണമെന്ന് തോന്നി. 

'പറയെടോ തന്റെ ഹരിശങ്കറിന്റെ കഥ' എന്ന് പറഞ്ഞതും അവള്‍ പെട്ടെന്ന് നിശ്ശബ്ദയായി. പിന്നെ, പുറത്തെ പച്ചപ്പിലേക്ക് നോക്കി, ഓര്‍മകളില്‍ മുഴുകി, പറഞ്ഞു തുടങ്ങി.

''മടക്കി കിട്ടാത്ത സ്‌നേഹത്തിന്റെ നോവ് അറിഞ്ഞിട്ടുണ്ടോ നീ. തിരിച്ചു കിട്ടാത്ത സ്‌നേഹം മനസ്സിന്റെ വിങ്ങലാണെന്ന 'കാണാമറയത്തി'ലെ പത്മരാജന്റെ ആ മാസ് ഡയലോഗുണ്ടല്ലോ, അത് ഞാനറിഞ്ഞത് ഹരിശങ്കറിലൂടായിരുന്നു. സത്യത്തില്‍ അയാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതുവരെ മഴയും വേനലും ഞാനും അറിഞ്ഞിരുന്നില്ല.''-അവള്‍ പറഞ്ഞു. പിന്നെയാ നാളുകളുടെ ഓര്‍മ്മ അവളില്‍ നിറഞ്ഞു. 

''കോളേജില്‍ എന്റെ മൂന്ന് വര്‍ഷം സീനിയറായിരുന്നു ഹരി. ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്ന വര്‍ഷമാണ്  അയാള്‍ അവിടെ പിജിക്ക് ചേര്‍ന്നത്.  ഞങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് വൈബ് ഒന്നുമുണ്ടായിരുന്നില്ല. പൊതുവേ ഇന്‍ട്രോവെര്‍ട്ടായിരുന്ന ഞാന്‍ അയാളോട് കൂട്ട് കൂടിയത് പുസ്തകങ്ങളിലൂടെ ആയിരുന്നു. നന്നായി വായിക്കുന്ന, വായിക്കുന്ന കാര്യങ്ങള്‍ സരസമായി വിശദീകരിക്കാന്‍ കഴിയുന്ന അയാളോട് എനിക്കെന്നും ബഹുമാനമായിരുന്നു. അതിനിടയിലാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്ത് ഞങ്ങള്‍ കണ്ടുമുട്ടിയത്...''-പഴയൊരു കാലം രേഖയുടെ വാക്കുകളില്‍.  

...................

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍

...................

''പ്രീഡിഗ്രിക്ക് മാര്‍ക്ക് കുറവായതിനാല്‍ അഡ്മിഷന്‍ കിട്ടാത്ത ഡിപ്രഷനിലായിരുന്നു ഞാന്‍. മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടിയിട്ടും ആ ട്രോമ മാറിയില്ല. ഒരു ദിവസം, ഒരു സൈക്യാട്രിസ്റ്റിന്റെ വീട്ടില്‍ ഊഴം കാത്ത് മടുത്തിരിക്കയായിരുന്നു ഞാന്‍. ഒരു 'ഹലോ' കേട്ടാണ് തലയുയര്‍ത്തി നോക്കുന്നത്. ഹരിശങ്കര്‍! എനിക്കഅത് അത്ഭുതമായിരുന്നു. അയാളെപ്പോലെ സ്മാര്‍ട്ടായ ഒരാള്‍ എന്താണവിടെ? അയാള്‍ എന്നെക്കാള്‍ വലിയ ട്രോമയിലാണെന്നത് എനിക്കൊരത്ഭുതമായിരുന്നു. ബിരുദ കാലത്തുണ്ടായ ബ്രേക്കപ്പില്‍  നിന്നും അയാള്‍ക്കിനിയും രക്ഷപ്പെടാനായിട്ടില്ല. അന്ന് ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു.'  

...........................

പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?

ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!

...........................

''അന്നുമുതലാണ് ഞങ്ങള്‍ക്കിടയില്‍ ഒരു കോമണ്‍ സബ്ജക്റ്റുണ്ടാവുന്നത്. കോളേജ് വരാന്തയില്‍ നിന്ന് കഫേയിലേക്ക് ആ സൗഹൃദം വളര്‍ന്നു. ഞാന്‍ എന്റെ ജീവിതം അയാളുടെ മുന്നില്‍ തുറന്നുവച്ചു. തിരിച്ചും. എനിക്കയാള്‍ നല്‍കിയ ഇമോഷണല്‍ സപ്പോര്‍ട്ട് ഇനി മറ്റൊരാള്‍ക്ക് നല്‍കാനാവില്ല. ഞാനറിയാതെ ആ സൗഹൃദത്തിന്റെ നിറം മാറി തുടങ്ങിയിരുന്നു. ഒരു പക്ഷേ, ഇമോഷണല്‍ സപ്പോര്‍ട്ട് നല്‍കുന്ന ആളോട് തോന്നുന്ന ഇന്‍ഫച്ച്വേഷന്‍ ആയിരുന്നിരിക്കാം. പക്ഷേ പറയാനുള്ള ധൈര്യമുണ്ടായില്ല.''

പരിഹരന്റെ പാട്ടില്‍നിന്നും കാര്‍ ഒരുപാട് മുന്നോട്ടുപോവും മുമ്പേ അവളുടെ കഥയിലേക്ക് മൂന്നാമത് ഒരാള്‍ കടന്നുവന്നു. നീതു. 

''നീതുവിനെ നിനക്കറിയില്ലേ? അവളാണ് ആദ്യമായി എന്റെ മനസ് വായിച്ചത്. അവളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ ഒരു ദിവസം ഹരിയോടിത് പറയുന്നത്. അയാള്‍ക്കതൊരു ഷോക്കായിരുന്നു. അയാള്‍ എന്നെ നിരുല്‍സാഹപ്പെടുത്തി. 'ഒരുപക്ഷേ പുരുഷ സൗഹൃദങ്ങള്‍ അധികമില്ലാഞ്ഞിട്ടായിരിക്കാം രേഖയ്ക്കീ തോന്നല്‍. രേഖ എന്നും എന്റെ നല്ല  സുഹൃത്ത് മാത്രമായിരിക്കും. മറ്റു നിറങ്ങള്‍ നല്‍കരുത് പ്ലീസ്. ഞാന്‍ വര്‍ഷങ്ങളായി മറ്റൊരു റിലേഷന്‍ഷിപ്പിലാണ'-അയാളെന്നോട് പറഞ്ഞു.''  

..................................

കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

..................................

അയാളുടെ വാക്കുകള്‍ക്ക് അവളുടെ ദുര്‍ബലമായ മനസ്സ് തകര്‍ക്കാനുള്ള ശക്തിയുണ്ടായിരുന്നു. ''പിന്നീട് അയാള്‍ മന:പൂര്‍വ്വം ഗ്യാപ്പിടുന്നത് പോലെ തോന്നി. എനിക്കത് വല്യ അസ്വസ്ഥതയുണ്ടാക്കി. എന്നെ ഏറ്റവും അധികം അസ്വസ്ഥയാക്കിയത് അയാളും നീതുവുമായി പിന്നീടുണ്ടായ റിലേഷന്‍ഷിപ്പായിരുന്നു. അവര്‍ തമ്മില്‍ ധാരാളം കോമണ്‍ വൈബ്‌സ് ഉണ്ടായിരുന്നുവെന്നത് സത്യമാണ്.  എങ്കിലും എനിക്ക് നീതുവിനോട് വല്ലാത്ത പെണ്ണസൂയ തോന്നി. പിന്നീട്, പറ്റിയപ്പോഴൊക്കെ അവരെ തമ്മില്‍ തെറ്റിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ ദുര്‍ബല മനസ്സില്‍ തോന്നിയ വികല ചിന്താഗതി. അപ്പോഴും ഹരിയോടെനിക്കുള്ള സ്‌നേഹത്തിന് കുറവ് വന്നിരുന്നില്ല. നീതുവിനോടായിരുന്നു ദേഷ്യം. ഒരിയ്ക്കല്‍ ഹരി പങ്കുവെച്ച രഹസ്യങ്ങള്‍ നീതു ഉള്‍പ്പെടെ ചിലരോടൊക്കെ ഞാന്‍ പറഞ്ഞു. അവളെ ഹരിയില്‍ നിന്നകറ്റുകയായിരുന്നു ലക്ഷ്യം. സംഭവിച്ചത് മറ്റൊന്നായിരുന്നു. ഹരി എന്നേയ്ക്കുമായി എന്നില്‍ നിന്നകന്നു. പക്ഷേ, ഹരിയെ മറക്കാന്‍ എനിക്കായില്ല.''
 
ഡിഗ്രി അവസാനവര്‍ഷമായിരുന്നു. പല പേപ്പറിനും ഞാന്‍ ദയനീയമായി പരാജയപ്പെട്ടു. എല്ലാവരും പി.ജി ക്ക് ചേര്‍ന്നപ്പോള്‍ ഞാന്‍ വീട്ടിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി. കോംപ്ലക്‌സ്, പാരന്റ്‌സിന്റെ കുത്തുവാക്കുകള്‍. വീണ്ടും കൊടിയ ഡിപ്രഷന്‍. കൗണ്‍സിലിംഗ്, മെഡിക്കേഷന്‍. പിന്നീട് ഹരിയെ ഞാന്‍  മന:പൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു. തീവ്രമായി ഇഷ്ടപ്പെടുന്നതുപോലെ മറക്കാനും എനിക്ക് കഴിയുമെന്ന് കാലം തെളിയിച്ചു. പക്ഷേ, എന്നെങ്കിലും ഹരി എന്നെ മനസിലാക്കി, എന്റെ പൊട്ടത്തരങ്ങള്‍ ക്ഷമിച്ച്,  ഒരു സുഹൃത്തായെങ്കിലും  തിരിച്ചെത്തുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്. നടക്കില്ലെന്നറിയാം. എങ്കിലും ആ പ്രതീക്ഷ ഒരു സുഖമാണ്.''-അവളുടെ വാക്കുകളില്‍നിന്നും പ്രതീക്ഷയുടെ ഏതൊക്കെയോ പക്ഷികള്‍ പറന്നുപൊങ്ങി.  

....................

രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!

അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!

....................

 

 


കഥയില്‍ നിന്നും എന്റെ ശ്രദ്ധ പാട്ടിലേക്ക് തെന്നിമാറി. 

'ഗ്രീഷ്മാതപത്തിന്റെ ദാഹം
പാറിയെത്തും ശിശിരാഭിലാഷം
പൂക്കും വസന്ത ഹര്‍ഷം
വര്‍ഷസന്ധ്യാമൂകാശ്രുഭാരം
അറിയാതെ ദിനരാത്രമേതൊ
പാഴിലച്ചാര്‍ത്തു പോല്‍ വീണൊഴിഞ്ഞു
എന്റെയുള്ളില്‍ നിന്‍ കാല്‍ ചിലമ്പുണരും വരെ.''


വരികള്‍ പ്രണയാര്‍ദ്രമെങ്കിലും നേരിയ വിഷാദഛായ കലര്‍ന്ന ഈണം. ആ വിഷാദം അവളുടെ മുഖത്തും പ്രതിഫലിച്ചു.  

പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുന്നു. കാറിന്റെ ഗ്ലാസില്‍ മഴത്തുള്ളികള്‍ വീണ് ചിതറി. ഇടയ്ക്ക് ഗ്ലാസ് താഴ്ത്തി അവള്‍ മഴയെ കാറിനകത്തേയ്ക്ക് ക്ഷണിച്ചു. പെയ്തുതോരാത്ത ഓര്‍മ്മകളില്‍ അവള്‍ ഊളിയിട്ടു. 

ആ ഗാനം അവള്‍ റീപ്ലേ ചെയ്തു.  എന്നിട്ട് പറഞ്ഞു: ''എന്റെ ജീവിതത്തില്‍ വിധി എന്നും വില്ലനായി വരാറുണ്ട്. ''
 
''പത്ത് വര്‍ഷം മുമ്പ്, വീണ്ടും ഡിപ്രഷനിലേക്ക് കൂപ്പുകുത്തിയപ്പോള്‍, ജീവിതത്തിലെ ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായിരുന്നു ഒരു പപ്പിയെ വാങ്ങാന്‍. അവന് ഹരിശങ്കര്‍ എന്ന് പേരിട്ടപ്പോള്‍ പലരും ചോദിച്ചു. എന്താ ഇങ്ങനൊരു പേരെന്ന്. അവന്‍, ഹരിയെപ്പോലെ തന്നെ എനിയ്ക്കത്രയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു. അവന്റെ വരവോടെ എന്റെ  ജീവിതം തന്നെ മാറിയെന്ന് പറയാം. വൈകുന്നേരങ്ങളില്‍ ഞാന്‍ വരുന്നതും കാത്ത് അവന്‍ ഗേറ്റിലുണ്ടാവും. ഹരീന്ന് വിളിച്ചാല്‍ എവിടെ നിന്നാലും ഓടിയെത്തും. എന്റെ മുഖത്തെ ഭാവം മാറിയാല്‍ അവനറിയാം. ഒരു കൂടപ്പിറപ്പിന്റെയോ മകന്റെയോ ഒക്കെ സ്‌നേഹം അവന്‍ എനിക്ക് തിരിച്ചു തന്നു. ഒരു ദിവസം ഞാന്‍ വീട്ടില്‍ നിന്ന് മാറിയാല്‍ അവന്‍ ഭക്ഷണം പോലും കഴിക്കില്ലായിരുന്നു. അനങ്ങാണ്ട് ഒരിടത്ത് കിടക്കും. വിധി അവനെയും അകാലത്തില്‍ എന്നില്‍ നിന്നും തട്ടിപ്പറിച്ചു. ചെള്ള് പനിയായിരുന്നു. ചെയ്യാവുന്നതൊക്കെ ചെയ്തു. രക്ഷിക്കാനായില്ല. അവസാനമായി അവന്‍ എന്നെ നോക്കിയ നോട്ടം. അമ്മേ ഇനി ഞാനില്ല' എന്ന് പറയാതെ പറയുന്ന നോട്ടം...'ആ നോട്ടം എന്റെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. പാവം എന്റെ കുട്ടിക്കന്ന് നാലു വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ.''-അവള്‍ വല്ലാതെ വികാരഭരിതയായി. 

...........................

ഒരിക്കല്‍ ജീവനെപ്പോലെ സ്‌നേഹിച്ച ഒരുവളുടെ മുന്നില്‍ അന്യനെപ്പോലെ നിന്നിട്ടുണ്ടോ നിങ്ങള്‍?

ഒരു ഒളിഞ്ഞുനോട്ട കഥയിലെ നായകനും നായികയും; ആരുമറിയാത്ത അവരുടെ പ്രണയം!
...........................

ഞാന്‍  എന്റെ റോക്കിയേയും, റൂബിയേയും ഓര്‍ത്തു. പിന്നെ,  പൊന്‍കുന്നം വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ ' എന്ന ചെറുകഥയിലെ ഔസേപ്പ് ചേട്ടനേയും കണ്ണന്‍ എന്ന കാളയേയും.

ഭാര്യ നല്‍കിയ ചിട്ടിപ്പണവുമായി മകള്‍ക്ക് തുണിയും കുഞ്ഞിന് അരഞ്ഞാണവും വാങ്ങാന്‍ കോട്ടയത്തിന് പോയതായിരുന്നു ഔസേപ്പ് ചേട്ടന്‍. മകള്‍ക്കും കുഞ്ഞിനും പിറ്റേന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങേണ്ടതാണ്. അപ്പോഴാണ് അറവുശാലയിലേക്ക് മാര്‍ക്ക് ചെയ്തു നിര്‍ത്തിയിരുന്ന തന്റെ പ്രിയപ്പെട്ട കാള, കണ്ണനെ കാണുന്നത്. ആ പണം കൊണ്ട് അയാള്‍ കണ്ണനെ തിരികെ വാങ്ങി. 

തുണിക്കെട്ടു കാണാന്‍ കൊതിച്ചു നിന്ന കുടുംബത്തിന് മുന്നിലേക്ക് ആ കുടുംബനാഥന്‍ കണ്ണനുമായി കടന്നു ചെന്നു. ആയിരം നാക്കുകളും പതിനായിരം ചോദ്യങ്ങളും അവിടെ ഉയര്‍ന്നു . ഔസേപ്പ് ചേട്ടന്‍ നിശബ്ദനായി.

'എന്നാലും അച്ഛന്‍ എന്നോട് ഇത് ചെയ്തല്ലോ ' എന്ന് പറഞ്ഞ് കരയുന്ന കത്രിയോട് അയാള്‍ പറഞ്ഞു.

'മോളേ, എനിക്ക് നിന്നെപ്പോലെ അവനും.. കശാപ്പുകാരന്‍...'-ആ വാക്യം മുഴുമിപ്പിക്കാന്‍ അയാള്‍ക്കായില്ല. പിറ്റേന്ന് അതിരാവിലെ കണ്ണന്റെ മുറിവിലിടാന്‍ മരുന്നുമായി ചെന്ന ഔസേപ്പ് ചേട്ടന്‍ കാണുന്നത് മരിച്ചു കിടക്കുന്ന കണ്ണനെയാണ്.

കണ്ണന്റെ മൃതദേഹത്തിനും വേദനിക്കുന്ന ആ കൃഷിക്കാരന്റെ ഹൃദയത്തിനും മുകളില്‍ ആ ചുക്കിലിപിടിച്ച കലപ്പയിലിരുന്ന് ഒരു പല്ലി എന്തൊക്കെയോ ചിലച്ചതുപോലെ ഞങ്ങള്‍ക്കിടയിലപ്പോഴും ഹരിഹരന്റെ മാസ്മരിക ശബ്ദം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

........................

Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍...
........................

click me!