അധികമാരും കേള്‍ക്കില്ല, മൂന്നാറിലെ ഈ നിലവിളികള്‍!

By Web Team  |  First Published Jul 27, 2021, 5:05 PM IST

പച്ച. ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ച് ചില വിചാരങ്ങള്‍. കവി അക്ബര്‍ എഴുതുന്ന പരിസ്ഥിതി കുറിപ്പുകള്‍
 


മൂന്നാറിന്റെ പകലിരവുകള്‍ക്ക് തണുപ്പിന്റെ അനുഭവങ്ങള്‍ മാത്രമല്ല. ഓരോ ഋതുവിലും മൂന്നാര്‍ ഒരോന്നായി മാറുന്നു. ഡിസംബറെത്തുമ്പോള്‍ തണുപ്പിന്റെ വെളുത്ത പുതപ്പ് എടുത്തണിയുന്നു. മഞ്ഞുകാലം കഴിയുമ്പോള്‍ പൂക്കള്‍ വിരിച്ചിടുന്നു. വെയിലെത്തുമ്പോള്‍ പൊന്നിന്‍നിറം വാരിപ്പൂശുന്നു. മഴയെത്തുമ്പോള്‍ നനഞ്ഞ വിരലാല്‍ തൊട്ടുകൊണ്ടിരിക്കുന്നു. 

 

Latest Videos

undefined

 

മൂന്നാറിലേക്കുള്ള പോക്കുകള്‍ക്ക് ഉന്മാദത്തോടടുത്ത ഒരു ലഹരിയുണ്ട്്. ഓരോ കാഴ്ചയിലും മൂന്നാര്‍  ഓരോന്നായി തോന്നും! നേര്യമംഗലം മുതല്‍ കുത്തനെയുള്ള മലകള്‍ക്കിടയിലൂടെയുള്ള വഴി ഒരു പക്ഷിക്കണ്ണിലൂടെ കാണണം. അകലെ റിബ്ബണ്‍ പോലെ പെരിയാര്‍. ഒരു വശത്ത് കണ്ണെത്താത്ത കൊക്കകള്‍. പച്ചപ്പിന്റെ നിശ്വാസം. മൂന്നാറില്‍ ചെന്നെത്തുന്നതിനേക്കാള്‍ സുഖകരമാണ് ഈ പിരിയന്‍ യാത്രകള്‍. 

ചരിത്രമുറങ്ങുന്ന നേര്യമംഗലം പാലം കഴിഞ്ഞാല്‍ മൂന്നാര്‍ വരെയുള്ള വഴികള്‍ക്ക് പച്ചപ്പിന്റെ അലകളാണ്. മൂന്ന് മലയരുവികള്‍ ചേര്‍ന്നുണ്ടാകുന്ന മുതിരപ്പുഴയുടെ കരകളില്‍ മൊട്ടക്കുന്നുകളും തേയിലക്കാടുമായി മൂന്നാര്‍ കണ്ടു തുടങ്ങുന്നു. തേയിലക്കുന്നുകളില്‍ കുളിരുന്ന വെയില്‍ വിരിച്ചിട്ടിരിക്കുന്നു. കേരളീയ പ്രകൃതിയില്‍ നിന്ന് വേറെയേതോ ജീവിതത്തിലേക്ക് ഓടിക്കയറുന്ന അന്ധാളിപ്പോടെ മാത്രമേ മൂന്നാറിന്റെ അകത്തേക്ക് കയറാനാവൂ. അതുവരെയുണ്ടായിരുന്ന കേരളീയത അവിടെ ഇല്ലാതാവും. പിന്നെയുള്ളത് മലമുകളിലെ ഒട്ടും പരിചിതമല്ലാത്ത പ്രകൃതിയുടെ തണുപ്പന്‍ നിമിഷങ്ങള്‍.

കണ്ണിമലയാര്‍, നല്ലതണ്ണി, കുണ്ടളയാര്‍ എന്നീ മൂന്ന് കാട്ടരുവികളുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. അനേകം ചരിത്രസ്ഥലികളും പ്രകൃതിമനോഹാരിതയും കൊണ്ട് മറച്ചു വെച്ച തമിഴ് പേച്ചിന്റെ തുറന്ന മനസ്സായാണ് മൂന്നാറിനെ തോന്നിയിട്ടുള്ളത്.  തമിഴ്നാടിന്റെ ചെറിയൊരു പതിപ്പാണ് ഈ മലമ്പ്രദേശം. ചുറ്റും മലകളാല്‍ ചുറ്റപ്പെട്ട-തേയിലമണക്കുന്ന പകല്‍. ഇടയ്ക്കിടെ വന്നുമൂടുന്ന കോടയുടെ വെണ്മ. വെയിലില്‍ തിളങ്ങുന്ന പച്ചക്കുന്നുകള്‍. അകലെ വെയില്‍ വീണ് തിളങ്ങുന്ന രാജമലയുടെ രാജകീയ പ്രൗഢി. ഒരേ രീതിയില്‍ വെട്ടി നിര്‍ത്തിയിരിക്കുന്ന ഫിലാന്തസ് ചെടികള്‍ പോലെ തേയിലത്തോട്ടങ്ങള്‍. അടുക്കി വെച്ച പീടികകള്‍. കോടമഞ്ഞിന്റെ ഇടയിലൂടെ പച്ചപ്പുല്‍ത്തകിടിയിലൂടെ നടക്കുമ്പോള്‍ പഴയകാലം ഇരച്ചു വരുന്നു.

ഇംഗ്ളീഷ് നാട്ടിന്‍ പുറങ്ങളിലെ ശില്പ്പനിര്‍മ്മിതിയുടെ അവശേഷിപ്പുകള്‍ക്ക് ഏറെ കഥകള്‍ പറയുവാനുണ്ടാവും. പഴയ മൂന്നാറിലെ വഴിയരികില്‍ നിലകൊള്ളുന്ന സി.എസ്.ഐ ദേവാലയം പറയുന്നത ഇത്തരമൊരനുഭവമാണ്. ഭര്‍ത്താവിനോടൊപ്പം ആദ്യമായി മൂന്നാറില്‍ താമസിക്കാനെത്തിയ എലനോര്‍ ഇസബല്‍ മേ എന്ന യുവതിക്ക് മൂന്നാറിന്റെ ഹരിത സൗന്ദര്യം ഏറെ ബോധിച്ചു. താന്‍ മരിച്ചാല്‍ ഇവിടെയാവണം തന്നെ അടക്കേണ്ടതെന്നായിരുന്നു ഇസബലിന്റെ ആഗ്രഹം. ഈ ആഗ്രഹമറിയിച്ചതിന്റെ മൂന്നാം നാള്‍ നവവധുവായിരുന്ന ഇസബല്‍ മരിച്ചു. ഇസബലിന്റെ ഓര്‍മ്മയ്ക്കായി ഇംഗ്ളീഷുകാര്‍ നിര്‍മ്മിച്ചതാണ് ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ ദേവാലയം. ഒരു പ്രകൃതിസ്നേഹിയുടെ നിത്യസ്മാരകമായി ഇത് നിലകൊള്ളുന്നു. 

 

 

ഡിസംബര്‍-ജനുവരി മാസങ്ങളില്‍ പുല്ല് വരെ പൂത്തു നില്‍ക്കുന്ന മൂന്നാര്‍ പ്രകൃതിദത്ത പൂന്തോട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ്.രാജമലയിലെ ചോലകളില്‍ പൂത്തു നില്‍ക്കുന്ന ഓര്‍ക്കിഡുകള്‍. അല്ലെങ്കില്‍ തടാകം ഉറഞ്ഞ്, അതില്‍ പച്ചവിരിച്ച പായല്‍പ്പരപ്പ്. കീഴ്ക്കാംതൂക്കായ മലമ്പള്ളയില്‍ ഓടി മറയുന്ന വരയാട്ടിന്‍കൂട്ടങ്ങള്‍. പുല്‍പ്പരപ്പുകളില്‍ എത്തി നോക്കുന്ന അസംഖ്യം ജീവികള്‍. മൂന്നാറിന്റെ ജൈവ ലോകം അരുമയോടെ അടുത്തേക്ക് വരും. യാതൊരു മുന്‍വിധിയുമില്ലാതെ പ്രകൃതി മുന്നില്‍ നില്‍ക്കും. അതിന്റെ മുന്നില്‍ കുമ്പിട്ട് നിന്നുപോവും! തേയില തോട്ടങ്ങള്‍ക്കപ്പുറമുള്ള മലകള്‍ക്കപ്പുറം പല സസ്യജീവി ലോകങ്ങളുണ്ട്. പലതരം ജീവികളും സസ്യങ്ങളും ചേര്‍ന്ന ലോകത്തെ എങ്ങെനെ കണ്ടു തീരാനാണ്?

മൂന്നാറിനടുത്താണ് വട്ടവടയും ചിന്നക്കനാലും. പ്രകൃതിയുടെ സൗന്ദര്യം മുഴുവനായി പകര്‍ന്നുവെച്ച ഇടങ്ങള്‍ മീശപ്പുലിമലയില്‍ പുല്‍ക്കൊടികള്‍ക്ക് പോലും ലോകത്തെ ഉണര്‍ത്താനുള്ള കഴിവുണ്ട്. വട്ടവടയിലെ നിരയൊത്ത പച്ചക്കറി പാടങ്ങള്‍, ദേവികുളത്തെ മഞ്ഞ് പെയ്യുന്ന പകലുകള്‍, സൂര്യനെല്ലിയിലെ ചൂളന്‍ കാറ്റുകള്‍. ഓരോ ഇടവും പച്ചപ്പിന്റെ വേറിട്ട കാഴ്ചകളുമായി ഉള്ളിലേക്ക് കയറും.

മാട്ടുപ്പെട്ടിയിലേക്കുള്ള വളഞ്ഞു പുളഞ്ഞ വഴികള്‍ക്കിരുവശവും പൂത്ത് നില്‍ക്കുന്ന നീലവാകകള്‍ (ജക്രാന്ത). ഇന്‍ഡോ-സ്വിസ് പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ പുല്‍മേടുകള്‍. കുണ്ടള ഡാം സൃഷ്ടിച്ചിരിക്കുന്ന  കൃത്രിമതടാകം. ഒച്ചയിടുമ്പോള്‍ തിരിച്ച് വര്‍ത്തമാനം പറയുന്ന മലകള്‍. അതിനപ്പുറമുള്ള അറിയാത്ത കാടുകള്‍, അവിടുള്ള പലതരം ജീവികള്‍. ദേവികുളത്തെത്തുമ്പോള്‍ പുരാസ്മൃതിയുടെ നേര്‍ത്ത മഞ്ഞിന്റെ ധവളസ്‌ക്രീന്‍. അതില്‍ ഒരുചെറുതടാകം. വനവാസകാലത്ത് സീതാദേവി നീരാടുവാന്‍ സ്വസിദ്ധികൊണ്ട് നിര്‍മ്മിച്ചതാണീ തടാകമെന്നാണ് വിശ്വാസം. ദേവികുളിച്ച കുളം ദേവികുളമായി. 5000, അടി ഉയരത്തില്‍ മാത്രം വളരുന്ന അപൂര്‍വ്വയിനം ട്രൗട്ട്  മത്സ്യത്തെ ഇവിടെ കാണാം.

കേരളത്തില്‍ മറ്റുള്ളയിടങ്ങളിലുള്ള ചെടികളോ മരങ്ങളോ ഇവിടെ ഉണ്ടാവില്ല. പകരം മഞ്ഞുവീഴ്ചയെയും തണുപ്പിനെയും അനുകൂലമാക്കുന്ന നിരവധി ചെടികളും മരങ്ങളുമായിരിക്കും. കര്‍ണ്ണക്കീര എന്ന ചെടിക്ക് അര്‍ശസ ഭേദപ്പെടുത്താനാവുമെന്നാണ് വിശ്വാസം. കാടിനുള്ളില്‍ കാണുന്ന ഈ ചെടിയുടെ പൂവ് പാമ്പിന്റെ പത്തിയോട് സാദൃശ്യമുള്ളതാണ്. കറിക്കായും മരുന്നിനായും ഈ ചെടി തമിഴ് വംശജര്‍ ഇന്നും ഉപയോഗിക്കുന്നുണ്ട്. തീനാറി എന്ന അസഹ്യമായ ദുര്‍ഗന്ധമുള്ള മരങ്ങളും മൂന്നാര്‍ മലകളിലെ അപൂര്‍വ്വ സാന്നിദ്ധ്യമാണ്. ജീവി വര്‍ഗ്ഗങ്ങളും അങ്ങനെ തന്നെ. കൊടും തണുപ്പിലും കൂട്ടമായി നടക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ പുല്‍മേടുകളില്‍ എപ്പോഴുമുണ്ടാവും. കാട്ടുപോത്തും മ്ലാവും അപൂര്‍വ്വയിനം കുരങ്ങിനങ്ങളും കടുവയും പുള്ളിപ്പുലിയുമെല്ലാം മൂന്നാറിന്റെ സമീപത്തെ കാടുകളിലുണ്ട്. മലകള്‍ക്ക് മുകളില്‍ വലിയ കെട്ടിടങ്ങള്‍ പണിതപ്പോള്‍ ഇവയൊക്കെ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. പലപ്പോഴും ഇത് വലിയ നാശനഷ്ടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കാട്ടില്‍ ഇടമില്ലാതാവുമ്പോള്‍ അവയൊക്കെ എന്തു ചെയ്യാനാണ്? മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ കൈകള്‍ നീണ്ട് നീണ്ട് മലകളും പുല്‍മേടുകളും ചോലകളും ഇല്ലാതാവുമ്പോള്‍ ഇവരൊക്കെ എന്തു ചെയ്യും?

മൂന്നാറിലെയും,ദേവികുളത്തിത്തെയും പഴയകെട്ടിടങ്ങള്‍ ഇംഗ്ലീഷ് ശൈലിയിലുള്ളതാണ്. കുന്നുകളില്‍ അകന്നു മാറി, ചിമ്മിനിയോട് കൂടി കാണുന്ന കരിങ്കല്‍ ചുമരുകളുള്ള വീടുകള്‍. എന്നാല്‍ തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ ഉള്ളിലെ ദുരിതങ്ങള്‍ക്ക് ഒട്ടും സൗന്ദര്യവുമില്ല. 

മൂന്നാറിന്റെ പകലിരവുകള്‍ക്ക് തണുപ്പിന്റെ അനുഭവങ്ങള്‍ മാത്രമല്ല. ഓരോ ഋതുവിലും മൂന്നാര്‍ ഒരോന്നായി മാറുന്നു. ഡിസംബറെത്തുമ്പോള്‍ തണുപ്പിന്റെ വെളുത്ത പുതപ്പ് എടുത്തണിയുന്നു. മഞ്ഞുകാലം കഴിയുമ്പോള്‍ പൂക്കള്‍ വിരിച്ചിടുന്നു. വെയിലെത്തുമ്പോള്‍ പൊന്നിന്‍നിറം വാരിപ്പൂശുന്നു. മഴയെത്തുമ്പോള്‍ നനഞ്ഞ വിരലാല്‍ തൊട്ടുകൊണ്ടിരിക്കുന്നു. 

പട്ടണമായി മാറുന്തോറും കാഴ്ച്ചയുടെ സുഖത്തെ മറയ്ക്കുന്ന പല കൃത്രിമ എടുപ്പുകളും മൂന്നാറില്‍ മുളച്ചു വരുന്നുണ്ട്. ക്രമമില്ലാതെ പണിഞ്ഞു വെച്ചിരിക്കുന്ന കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ താഴ്വരയുടെ കാഴ്ചാനുഭവത്തെ ഇല്ലാതാക്കുന്നു. പട്ടണത്തിന്റെ വളര്‍ച്ച വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു .അതോടൊപ്പം തന്നെ നദിയും പുല്‍മേടുകളും, ജൈവസമ്പത്തും നശിച്ചുകൊണ്ടിരിക്കുന്നു. മൂന്നാറിന്റെ പച്ചപ്പ് ആര് കാക്കുമെന്ന ആധി ഉള്ളില്‍ നിറയുമ്പോള്‍, ഏറ്റവും പ്രിയപ്പെട്ട ഒരിടം ഇല്ലാതാവുമോയെന്ന് ഉള്ളില്‍ നിന്നാരൊക്കെയോ ചോദിച്ചു കൊണ്ടിരിക്കുന്നു. മൂന്നാറിന്റെ പ്രകൃതിദത്ത സൗന്ദര്യം കെടുത്തുന്നത് മൂന്നാറുകാരല്ല. മലകടന്നെത്തുന്ന ആര്‍ത്തിയുടെ കൈകളാണ്. പക്ഷേ ഇവര്‍ ചെയ്യുന്ന ക്രൂരതയ്ക്ക് ഇരയാവുന്നവരാവട്ടെ പാവം തോട്ടം തൊഴിലാളികളും. 

പൂത്തുനില്‍ക്കുന്ന ബോഗന്‍ വില്ലകളുടെയും കൊങ്ങിണികളുടെയും കാഴ്ചയുമായി മൂന്നാര്‍ വീണ്ടുും വീണ്ടും  വിളിക്കുകയാണ്. നീലക്കുറിഞ്ഞികള്‍ പൂത്തുവെന്ന് ഇടയ്ക്ക് മലകള്‍ വിളിച്ചുപറയുന്നു. നദിക്കരയില്‍ ഞാന്‍ വിടര്‍ന്നിട്ടുണ്ടെന്ന് ചെറിയ അപ്പച്ചെടികള്‍ ചിരിക്കുന്നു. സമ്മര്‍ദ്ദങ്ങളുടെ അവിഘ്നമായ വേനലില്‍ മൂന്നാറിലെ കുന്നുകള്‍ വിളിച്ചു കൊണ്ടിരിക്കുന്നു.പെട്ടെന്ന് രാത്രിയുടെ ചേലകളണിയുന്നു, മൂന്നാര്‍. കാഴ്ചകളില്ലാതെ, ഇറക്കങ്ങളിലൂടെ തിരിക്കുമ്പോള്‍ അകലെ താഴ്വരയിലൂടൊഴുകുന്ന മുതിരപ്പുഴയാറിന്റെ ഒച്ച നെഞ്ചിലുണ്ടാവും. ഇളം ചൂടും, കടുത്ത തണുപ്പുമുള്ള പകലിരവുകള്‍. ത്വക്ക് വരട്ടിക്കളയുന്ന ചൂളന്‍കാറ്റുകള്‍, മഴ നനഞ്ഞെത്തുന്ന രാത്രികള്‍, മനസ്സിനെ വസന്തമാക്കുന്ന ഹരിതാനന്ദങ്ങള്‍. അതില്‍ മുങ്ങി നിവരുമ്പോള്‍ മനസ്സും ശരീരവും പതുത്ത ഒരു പക്ഷിത്തൂവല്‍ പോലെയാകുന്നു. മൂന്നാര്‍ മുതല്‍ താഴേക്കുള്ള ഇറക്കങ്ങളില്‍ ഗുരുത്വമില്ലാത്ത അവസ്ഥയില്‍ തീരെ ചെറുതാകുന്നു. 

click me!