Opinion: പൊന്നിനേക്കാള്‍ വിലമതിക്കുന്ന മനുഷ്യരെ നോക്കി 'പൊന്നു പോലെ' എന്നു പറയുന്നത് എന്തായിരിക്കും?

By Speak Up  |  First Published May 25, 2022, 6:06 PM IST

പൊന്നിനേക്കാള്‍ വിലമതിക്കുന്ന മനുഷ്യരെ നോക്കി എന്തായിരിക്കും  നമ്മള്‍  'പൊന്നു പോലെ' എന്നു പറയുന്നത്?  ഈ മഞ്ഞലോഹത്തിന് എന്തുകൊണ്ടായിരിക്കും  മലയാളികള്‍ മനുഷ്യനെക്കാള്‍ മൂല്യം കാണുന്നത്- എനിക്കും ചിലത് പറയാനുണ്ട്. ഷാഫിയ ഷംസുദീന്‍ എഴുതുന്നു


ഒരു സ്ത്രീയുടെ മനസ്സിനോ വ്യക്തിത്വത്തിനോ യാതൊരു വിലയും കല്‍പ്പിക്കാതെ, ഈ മഞ്ഞലോഹത്തിന് അവളെക്കാള്‍ മൂല്യം കാണുന്നതിനാല്‍ മാത്രം എത്രയെത്ര പെണ്‍കുഞ്ഞുങ്ങളുടെ ജീവിതമാണ് തല്ലി തകര്‍ക്കപ്പെട്ടിട്ടുള്ളത്. എത്രയെത്ര പെണ്‍കുട്ടികളാണ് ആത്മഹത്യയില്‍ ഒടുങ്ങിയിട്ടുള്ളത്. ആത്മഹത്യ എന്ന് പേരിട്ട് വിളിക്കുമ്പോഴും അതില്‍ എത്രപേരാണ് ക്രൂരമായി കൊല ചെയ്യപ്പെടുന്നത്!

 

Latest Videos

undefined

 

'അമ്മേടെ പൊന്നുമോളല്ലേ'

'മോളെ എന്തിനാ അമ്മ പൊന്നുമോള്‍ എന്ന് വിളിക്കുന്നത്?'

'അത് അമ്മയ്ക്ക് മോള് അത്രയ്ക്കും വിലപ്പെട്ടതല്ലേ'

'എത്രക്കും.?'

'പൊന്നിനോളം.. സ്വര്‍ണ്ണത്തോളം..'

'അപ്പോ ഈ മോള്‍ക്ക് പൊന്നിനോളം വിലയെ ഉള്ളൂ അമ്മേ..?'

..........

'പെണ്ണേ.. നീ എന്റെ ജീവനാ. നിന്നെ ഞാന്‍ എന്നും പൊന്നു പോലെ നോക്കും'


'എന്നെ പൊന്നു പോലെ നോക്കണ്ട. എന്നെ ഞാനായി നോക്കിയാല്‍ മതി.'

..........

പൊന്നിനേക്കാള്‍ വിലമതിക്കുന്ന മനുഷ്യരെ നോക്കി 'പൊന്നു പോലെ' എന്നു പറയുന്നത് എന്തായിരിക്കും നമ്മള്‍? ഈ മഞ്ഞലോഹത്തിന് എന്തുകൊണ്ടായിരിക്കും നമ്മള്‍ മലയാളികള്‍ മനുഷ്യനെക്കാള്‍ മൂല്യം കാണുന്നത്?

അതിന്റെ പരിണിതഫലം തന്നെയാണ് സത്യത്തില്‍ ഈ സമൂഹത്തില്‍ കണ്ടു കൊണ്ടിരിക്കുന്നതും.പെണ്ണിനെ സ്വന്തമാക്കും മുന്‍പ് മനുഷ്യര്‍ പൊന്നിന്റെ കണക്കെടുക്കുന്നു! പെണ്ണിന് കിട്ടുന്ന കരുതലും സ്‌നേഹവും പരിഗണനയും പലപ്പോഴും പെണ്ണിന് കിട്ടിയ പൊന്നിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കുന്നു. കുറവാണെങ്കില്‍ 'നിന്റെ വീട്ടില്‍ പോയി വാങ്ങിക്കൊണ്ട് വാടി' എന്ന് ആവേശത്തില്‍ പിടിച്ച് രണ്ടു പൊട്ടിക്കുന്നു. 'കനകം മൂലം കാമിനി മൂലം കലഹം' എന്നത് ഇപ്പോള്‍ 'കനകം മൂലം കാമിനിക്കെന്നും കാലക്കേട്' എന്നായി മാറിയിരിക്കുന്നു എന്നര്‍ത്ഥം!

ഒരു സ്ത്രീയുടെ മനസ്സിനോ വ്യക്തിത്വത്തിനോ യാതൊരു വിലയും കല്‍പ്പിക്കാതെ, ഈ മഞ്ഞലോഹത്തിന് അവളെക്കാള്‍ മൂല്യം കാണുന്നതിനാല്‍ മാത്രം എത്രയെത്ര പെണ്‍കുഞ്ഞുങ്ങളുടെ ജീവിതമാണ് തല്ലി തകര്‍ക്കപ്പെട്ടിട്ടുള്ളത്. എത്രയെത്ര പെണ്‍കുട്ടികളാണ് ആത്മഹത്യയില്‍ ഒടുങ്ങിയിട്ടുള്ളത്. ആത്മഹത്യ എന്ന് പേരിട്ട് വിളിക്കുമ്പോഴും അതില്‍ എത്രപേരാണ് ക്രൂരമായി കൊല ചെയ്യപ്പെടുന്നത്!

മകള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാവും എന്ന വ്യാമോഹത്തില്‍ ലോണെടുത്തും കടംവാങ്ങിയും ഇരിപ്പിടം വിറ്റും മകളെ പൊന്നണിയിച്ച് ഇറക്കാന്‍ പെടാപ്പാട് പെടുന്ന ഒരു അച്ഛന്റെ ചിത്രം ചെറുപ്പക്കാരുടെ മനസ്സില്‍ നോവുണര്‍ത്താതെന്താണ്? 

പൊന്നും പവനും തൂക്കം നോക്കി പെണ്ണിനെ വിലപേശി വാങ്ങുന്ന ആണും ആണ്‍വീട്ടുകാരും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്, നിങ്ങള്‍ നിങ്ങളെ തന്നെ വിലപേശി വില്‍ക്കുകയാണവിടെ. അവര്‍ പോലും അറിയാതെ ആ പെണ്‍ വീട്ടുകാര്‍ ഒരു പുരുഷനെ അവിടെ വില കൊടുത്തു വാങ്ങുകയാണ്. പിന്നെ 'എന്റെ മോന്‍ പെണ്‍കോന്തനായേ' എന്ന് വിലപിക്കുന്നതില്‍ എന്തര്‍ത്ഥം?

എനിക്കുള്ളതില്‍ നിന്നും എന്റെ മകള്‍ക്ക് ഉള്ള അവകാശം, അല്ലെങ്കില്‍ ഞാന്‍ അവള്‍ക്കു നല്‍കുന്ന വിവാഹ സമ്മാനം എന്ന് ഒരു അച്ഛന്‍ മകള്‍ക്ക് അറിഞ്ഞു കൊടുക്കുകയായെങ്കില്‍ തന്നെ, അവളുടെ വീട്ടില്‍ നിന്നും കിട്ടുന്ന ഒന്നിനും അവളുടെ ഭര്‍ത്താവ് അവകാശിയാവുന്നില്ല, ആവാന്‍ പാടില്ല. അതില്‍ ഭര്‍ത്താവിന് എന്ത് അധികാരം ആണ് അവകാശപ്പെടാന്‍ ഉളളത്?

അവര്‍ രണ്ടുപേരും പരസ്പരസ്‌നേഹത്തിലലിഞ്ഞ് ഒന്നാവുന്നത് കൊണ്ട് അയാള്‍ എല്ലാത്തിനും അവകാശിയായി മാറുന്നു എന്നാണ് വെപ്പ്, പക്ഷേ പലപ്പോഴും ഈ സ്‌നേഹത്തിന്റെ അവകാശം ഒരു ദിശയിലേക്ക് മാത്രം ഒഴുകുന്നുള്ളു എന്നത് ശ്രദ്ധിക്കാതെ പോവുന്ന ഒരു ദയനീയസത്യം ആണ്.

പരമ്പരാഗതമായി പുരുഷന്‍ കയ്യടക്കി വെച്ചിരിക്കുന്ന മേധാവിത്വത്തിന് അടിമപ്പെട്ട് ജീവിക്കുന്ന പെണ്ണിന്, (ഭാര്യക്ക്) ഉണ്ണാനും ഉടുക്കാനുമുള്ളത് ഒപ്പിക്കാന്‍ അവന്‍ ബാധ്യസ്ഥനാണ് എന്നതിനാല്‍ ആ ബാധ്യത നിര്‍വഹിക്കണമെങ്കില്‍ അവളുടെ സ്വത്തത്രയും അവന് സ്വന്തമാകണം എന്നും അവന് അതിന്മേല്‍ പൂര്‍ണ്ണ അവകാശം ഉണ്ടാവണം എന്നുമുണ്ടോ?

സ്വര്‍ണ്ണം കൊടുത്താലും തീരാത്ത  പരാതികള്‍

പെണ്ണിന്റെ പൊന്നിന് മാത്രമല്ല അവളുടെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന സകലതിനും എന്തിന് കല്യാണ ആല്‍ബത്തിനു പോലും ആണിന്റെ വീടിനാണ് അവകാശം എന്നഭിപ്രായപ്പെടുന്ന ആണ്‍വീട്ടുകാര്‍ ഉണ്ട്.

'ഈ ആഭരണങ്ങള്‍ക്ക് ഒക്കെ കാണാനുള്ള പരപ്പും തിളക്കവുമേ ഉള്ളു, ഒന്നിനും ഒരു കനവും തൂക്കവും ഇല്ല.'

'തൂക്കം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ തന്ന് 'ഞങ്ങളെ' പറ്റിച്ചതാണ്, അല്ലേ.'

'ഇതൊക്കെ എവിടുന്നാ വാങ്ങിയത്? അവിടെ ഒന്ന് പോയി അന്വേഷിക്കാമായിരുന്നു എത്ര പവനുണ്ടെന്ന്.'

'ഇവിടുത്തെ മോള്‍ക്ക് കൈയ്യിലും കാലിലും കാതിലും കഴുത്തിലും അരയിലും നിറയെ ആഭരണങ്ങളിട്ടാ ഞങ്ങളിറക്കിയേ.. ഹോ, അതങ്ങനെ നിറഞ്ഞു കിടക്കുവായിരുന്നു. അത്‌പോലെ തന്നെ കണ്ടില്ലേ അവനവളെ പൊന്ന് പോലെയാ നോക്കുന്നതും.'

'ഞങ്ങള്‍ കൊടുത്തത് വെച്ച് നോക്കുമ്പോള്‍ ഇതൊന്നും ഒന്നുമല്ല. ആരേം കാണിക്കണ്ട, ഞങ്ങക്ക് നാണക്കേടാ. നിന്റെ അലമാരയില്‍ തന്നെ കൊണ്ടു വെച്ചേക്ക്..'

കണക്കു പറഞ്ഞ് സ്വര്‍ണം വാങ്ങാത്ത നല്ലവരായ വീട്ടുകാരില്‍ നിന്നു പോലും വിവാഹശേഷം ഇങ്ങനെ ചില തമാശകളും കുത്തുവാക്കുകളും കേള്‍ക്കാത്ത പെണ്‍കുട്ടികള്‍ വിരളം.

വീട്ടില്‍ ഉള്ളവര്‍ മാന്യതയുടെ മുഖംമൂടി അണിയുന്ന ചില വീടുകളില്‍ വന്ന്‌ േപാകുന്ന വേലക്കാരിയെ കൊണ്ടെങ്കിലും എന്തെങ്കിലുമൊന്ന് പറയിപ്പിക്കും, ഒരു മന:സുഖത്തിന്.

സ്ത്രീധനം വേണമെന്നോ വേണ്ട എന്നോ ഒരു പുരുഷനും പറയണ്ട. പകരം അവള്‍ക്ക് കിട്ടുന്നതെന്തും അവളുടേത് മാത്രമാണെന്ന് കരുതാനുള്ള ഒരു സന്മനസ്സ് ആണ് ഉണ്ടാവേണ്ടത്. അതില്‍ താനും തന്റെ വീട്ടുകാരും ഇടപെടേണ്ടതില്ല എന്നൊരു തിരിച്ചറിവും. അത് അവളുടേതാണ്, അവള്‍ക്ക് വേണ്ടിയുള്ളതാണ്, അവള്‍ ഉപയോഗിക്കട്ടെ, അവള്‍ സന്തോഷമായി ജീവിക്കട്ടെ.


അതൊരു ട്രോളായി മാറുന്നത് എന്താണ്? 

നിറയെ ആഭരണങ്ങള്‍ അണിഞ്ഞ ചില നവവധുക്കളുടെ വിവാഹഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളായി വ്യാപിക്കുന്നത് കണ്ടിട്ടുണ്ട്. അത് ആ കുട്ടിയുടെ അച്ഛനമ്മമാര്‍ അവരുടെ സ്വത്തില്‍ നിന്നും അവള്‍ക്ക് കൊടുക്കുന്ന വിവാഹസമ്മാനം ആണെങ്കില്‍ അതില്‍ അഭിപ്രായം പറയാനും പുച്ഛിക്കാനും അപരന് അധികാരമില്ല.

ആ മാതാപിതാക്കളുടെ സ്വത്തില്‍ അവരുടെ മകളും അവകാശിയാണെന്നിരിക്കെ തന്റെ മകള്‍ക്ക് സ്വര്‍ണം സമ്പാദ്യം ആയിക്കണ്ട് കൊടുക്കുന്നതിലും ആടയാഭരണങ്ങളായി അതവള്‍ അണിഞ്ഞു കാണാന്‍ ആഗ്രഹിക്കുന്നതിലും തെറ്റ് പറയാനാവില്ല.

കണക്കു പറഞ്ഞു പൊന്ന് വാങ്ങുന്ന നിര്‍ബന്ധ ഏര്‍പ്പാടുകള്‍ ആണ് പുച്ഛിക്കപ്പെടേണ്ടത്.

പുരുഷന്‍ തന്റെ കായികബലത്തിന്റെയും യോഗ്യതകളുടെയും ഹുങ്ക് കാണിക്കേണ്ടത് അവളെ ആക്രമിക്കാനും അവളിലുള്ളത് തട്ടിപ്പറിച്ചെടുക്കാനുമല്ല, മറിച്ച് അധ്വാനിച്ച് അവളെയും തനിക്കുണ്ടാവുന്ന സന്താനങ്ങളെയും പരിപാലിക്കാന്‍ ആണ്. 

അല്ലെങ്കില്‍ തന്നെ ഒരു ഭാര്യയും ഭര്‍ത്താവും പരസ്പരം ഹൃദയങ്ങളില്‍ ജീവിക്കുമ്പോള്‍ അവിടെ സ്വര്‍ണ്ണത്തിന് എന്ത് പ്രസക്തി!

സ്വര്‍ണ്ണം ഒരു ലോഹം മാത്രമാണ്!

സ്വര്‍ണം വെറുമൊരു ലോഹമാണെന്നതാണ് നമ്മള്‍ മറന്നുപോവുന്നത്. അതുകൊണ്ട് ഉണ്ടാക്കപ്പെടുന്ന ആഭരണങ്ങള്‍ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടതാണെന്നും വാങ്ങാന്‍ അല്പം ചിലവേറിയതാണെന്നും ഒഴിച്ചാല്‍ അതിന് മനുഷ്യനെ പോലെ ഹൃദയമോ മനസോ വികാരങ്ങളോ വിചാരങ്ങളോ ഇല്ല എന്ന് എല്ലാ മനുഷ്യരെയും പോലെ നമ്മള്‍ മലയാളികള്‍ക്കും അറിയാമായിരിക്കും. എങ്കിലും, എന്തോ മറ്റു മനുഷ്യര്‍ക്കില്ലാത്ത ഒരു ആര്‍ത്തി നമുക്ക് ഇതിനോട് ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. 

നാട്ടുനടപ്പും ദുരാചാരങ്ങളും വിട്ട് മനുഷ്യനെ മനുഷ്യനായി കാണുന്ന നല്ല മനസ്സുകള്‍ ഭൂമിയില്‍ നിറയട്ടെ.

മറ്റൊരുവന് വേദനിക്കുമ്പോള്‍ സ്വന്തം ഹൃദയവും നുറുങ്ങുന്ന ഒരു നന്മ മനുഷ്യനില്‍ പടരട്ടെ.

കനകം കലഹത്തിനു കാരണമാവാതെ, അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമാവാതെ, കണ്ണീര്‍ചാലുകള്‍ സൃഷ്ടിക്കാന്‍ ഹേതുവാകാതെ, കരയുന്ന കണ്ണുകളിലെ കണ്ണീരൊപ്പാന്‍ എന്നും കൂട്ടു നില്‍ക്കട്ടെ.

മനുഷ്യമനസുകള്‍ക്ക് സന്തോഷം കൊണ്ടെന്നും സ്വര്‍ണത്തെക്കാള്‍ തിളങ്ങാന്‍ കഴിയട്ടെ.
 

click me!