കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പോലും കാതുകള്‍ പൊത്തിയിരുന്ന സമൂഹമായിരുന്നു പണ്ട് നാം. ഇന്നത് ആസ്വാദനവും ആഘോഷവുമാണ് നമുക്ക്. എന്തോ വലിയ വീരകൃത്യം ചെയ്തത് പോലെയാണ് ഇവയൊക്കെ ഷെയര്‍ ചെയ്യുന്നത്.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
എന്തുകൊണ്ടാണ് നാം മനുഷ്യരുടെ കുറവുകളിലേയ്ക്കും കുറ്റങ്ങളിലേയ്ക്കും മാത്രം കണ്ണുപായിക്കുന്നത്. എത്രയോ നന്മകളും ശരികളും ഈ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്. എന്നിട്ടും അതിനെയെല്ലാം തമസ്‌കരിച്ചു കുറവുകളെ ഉയര്‍ത്തിപ്പിടിക്കാന്‍ എന്തു മിടുക്കാണ് നമുക്ക്! കുറ്റകൃത്യങ്ങള്‍ നടക്കാത്ത സമൂഹം ഈ ലോകത്തുണ്ടാവില്ല. ശരിതന്നെ. അതിനാണ് നിയമങ്ങള്‍. നമ്മുടെ ദൃഷ്ടിയില്‍ പെടുന്ന കുറ്റകൃത്യങ്ങളെ കൃത്യമായും സ്പഷ്ടമായും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നുവെച്ചു അതിന്റെയൊക്കെ വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ ഒരു നിയന്ത്രണവുമില്ലാതെ പ്രദര്‍ശിപ്പിക്കുന്നത് അഭികാമ്യമോ?
ഇന്ന് ഒരു സാഹിത്യഗ്രൂപ്പില്‍ അയച്ചു കിട്ടിയ ഒരു വീഡിയോ പ്ലേ ചെയ്തു. ഒരു കൊച്ചുകുട്ടിയെ പലകക്കഷ്ണം കൊണ്ട് അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം. ഹൃദയമുള്ളൊരാള്‍ക്കും അത് കണ്ടുനില്‍ക്കാനാവില്ല. അങ്ങനെയൊരു വീഡിയോ ആണെന്നറിയാതെ തുറന്നുപോയതാണ്. ഒരൊറ്റ സെക്കന്റ് പോലും കാണാനുള്ള ത്രാണി ഉണ്ടായില്ല. അപ്പോള്‍ത്തന്നെ ഡിലീറ്റ് ചെയ്തു. ഒരു കുറ്റവാളിയെ രക്ഷപ്പെടാനുള്ള യാതൊരു പഴുതുമില്ലാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പര്യാപ്തമാണ് ഇത്തരം പകര്‍ത്തലുകള്‍. അത് കണ്ടുനില്‍ക്കുന്നവര്‍ ആരായാലും പകര്‍ത്തി എത്തിക്കേണ്ടിടത്ത് എത്തിക്കുകയും വേണം. ഇത്തരം ക്രൂരകൃത്യങ്ങള്‍ കാണുമ്പോള്‍ അതിനെതിരെ പ്രതികരിക്കുക. പ്രതികരണം ഫലം കാണുന്നില്ലെങ്കില്‍ വീഡിയോയില്‍ പകര്‍ത്താം. നിയമപാലകര്‍ക്ക് കൈമാറാം. അത് നിസ്തര്‍ക്കമാണ്. അതിന് പകരം അത് സോഷ്യല്‍ മീഡിയയിലൂടെ യാതൊരു ദാക്ഷിണ്യവമില്ലാതെ ഷെയര്‍ ചെയ്യുന്നത് നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സ്വന്തം അമ്മയെ ഒരു മകന്‍ എടുത്ത് നിലത്തടിക്കുന്ന ദൃശ്യം മറ്റൊരു മകള്‍ ഫോണില്‍ പകര്‍ത്തിയത് നാം ആഘോഷിച്ചിട്ട് അധികം കാലമായില്ല. ആ അമ്മയെ ഉപദ്രവിക്കുന്നത് തടയുന്നതിന് പകരം അത് പകര്‍ത്തുന്ന മകളുടെയോ മകന്റെയോ മാനസികാവസ്ഥ ഉപദ്രവിക്കുന്ന മകന്റെതില്‍ നിന്നും വിത്യസ്തമാകുന്നതെങ്ങനെ.
ഇങ്ങനെ ദുഷിപ്പുകളും, കുറ്റകൃത്യങ്ങളും മാത്രം കണ്ടു വളരാന്‍ വിധിക്കപ്പെട്ട ഒരു തലമുറ നന്മ എന്തെന്ന് എങ്ങനെ പഠിക്കും. നിത്യേനയെന്നോണം ഇവ കണ്ടുകണ്ടു മനസ്സുമരവിച്ചു നിഷ്‌ക്രിയരും പ്രതികരണശേഷിയില്ലാത്തവരുമായി ഒരു തലമുറ വളര്‍ന്നുവരുന്നെങ്കില്‍ ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്. ടി വി ചാനലുകളിലും പത്രങ്ങളിലുമെല്ലാം സെന്‍സേഷണല്‍ വാര്‍ത്തകളായി കാണിക്കുന്നതും ഇതൊക്കെത്തന്നെയല്ലേ.
ഇന്ന് നാം എല്ലാം ആസ്വദിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാന്‍ വേണ്ടി ഏതു ഹീനമാര്‍ഗ്ഗവും സ്വീകരിക്കുന്നവര്‍. മറ്റൊരു വീഡിയോ കൂടി കണ്ടത് ഇവിടെ ഓര്‍ക്കുന്നു. വാക്കുകള്‍ അത്യാവശ്യം കൂട്ടിപ്പറയാന്‍ മാത്രം പ്രായമായ ഒരു കുഞ്ഞിനെക്കൊണ്ടു ബഹുമാന്യനായ മുഖ്യമന്ത്രിയുടെ പേര് തുടര്‍ച്ചയായി പറയിപ്പിക്കുന്നതിന്റെ ഫലമായി ആ കുഞ്ഞിന്റെ നാവില്‍ നിന്നും വരുന്ന വികടസരസ്വതി ആസ്വദിച്ചു വീഡിയോ ഫോണില്‍ പകര്‍ത്തുന്ന അമ്മ. ഇതു കണ്ട് ആസ്വദിക്കാന്‍, ഷെയര്‍ ചെയ്യാന്‍ കാത്തിരിക്കുന്ന ഒരു സമൂഹവും. ഒരു വ്യക്തിയെ പരസ്യമായി അസഭ്യം പറഞ്ഞാല്‍ പോലും കേസെടുക്കാന്‍ നിയമമുള്ള ഒരു നാട്ടിലാണ് ഇത്തരം പ്രവൃത്തികള്‍ യഥേഷ്ടം നടക്കുന്നത് എന്നതാണ് അത്ഭുതം. ആ കുഞ്ഞിനറിയില്ല അതെന്താണ് പറയുന്നതെന്ന്. മുഖ്യമന്ത്രിയുടെ പേര് എന്നല്ല ആരുടെയും പേര് ഇങ്ങനെ ദുരുപയോഗം ചെയ്യാമോ?. അത് കുറ്റമാണെങ്കില്‍ ആ അമ്മയും കുറ്റക്കാരിയല്ലേ? അറിവുള്ളവര്‍ ഒന്നു പറഞ്ഞുതന്നാല്‍ കൊള്ളാം.
കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പോലും കാതുകള്‍ പൊത്തിയിരുന്ന സമൂഹമായിരുന്നു പണ്ട് നാം. ഇന്നത് ആസ്വാദനവും ആഘോഷവുമാണ് നമുക്ക്. എന്തോ വലിയ വീരകൃത്യം ചെയ്തത് പോലെയാണ് ഇവയൊക്കെ ഷെയര്‍ ചെയ്യുന്നത്.
ഇതിന് തടയിടാനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും നിയമം കര്‍ശനമാക്കേണ്ടതാണ്. ദൃക്സാക്ഷി ദൃശ്യങ്ങള്‍ നിയമപാലകര്‍ക്കും അധികാരികള്‍ക്കും അയച്ചുകൊടുത്തു കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വേണ്ടി മാത്രമാകണം. അത് കഴിയുമ്പോള്‍ അത് ഡിലീറ്റ് ചെയ്തു കളയുകയാണ് ഹൃദയമുള്ളൊരാള്‍ ചെയ്യേണ്ടത്.
മറ്റൊന്ന് മുറിവേറ്റതും, അവശരുമായ ജീവികളുടെ വീഡിയോകളും ഫോട്ടോകളുമാണ്. എവിടെ നോക്കിയാലും കാണാം അവ. അവശതയുള്ള ജീവികള്‍ക്കു വേണ്ട പരിഗണന കൊടുക്കേണ്ടത് അനിവാര്യമാണ്. അതിനു പകരം ഫോട്ടോയോ വീഡിയോയോ എടുത്ത് പോസ്റ്റ് ചെയ്യുന്നത് കൊണ്ട് എന്തു ഫലം. ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് സൈബര്‍ നിയമങ്ങളൊന്നും ബാധകമല്ലേ?
നല്ല കാഴ്ചകള്‍ ദൃശ്യവല്‍ക്കരിക്കുക, അത് സമൂഹത്തില്‍ പ്രചരിപ്പിക്കുക. നല്ല കാഴ്ചകള്‍ നല്ല ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു. നല്ല ചിന്തകള്‍ ആരോഗ്യമുള്ള മനസ്സിനെ സൃഷ്ടിക്കുന്നു. അങ്ങനെ ആരോഗ്യമുള്ള മനസ്സിന് ഉടമകളായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാം. അവിടെ നിന്നും നല്ല മനുഷ്യരും നല്ല ഭരണാധികാരികളും നല്ല സാമൂഹ്യപ്രവര്‍ത്തകരും പിറവിയെടുക്കട്ടെ.