ഒരിക്കല്‍ പോലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞിട്ടുണ്ടാവില്ല...!

By Speak Up  |  First Published Feb 14, 2023, 5:43 PM IST

അടുക്കളയില്‍ പുക വരച്ച പ്രണയ ചിത്രങ്ങള്‍ കൂടിയുണ്ട്. തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പങ്കാളിയുടെ മനസ്സറിഞ്ഞ് പാചകം ചെയ്യുമ്പോള്‍ കാലം വരച്ചു വെച്ചതാവും ആ ചിത്രങ്ങള്‍. തീന്മേശയിലെത്തുമ്പോള്‍ ആ രുചികള്‍ പ്രണയക്കുറികളായി മാറുന്നു.....  പ്രണയദിനത്തില്‍ റഫീസ് മാറഞ്ചേരി എഴുതുന്നു. 


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

 


ഒരിക്കല്‍ പോലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞിട്ടുണ്ടാവില്ല.  പ്രണയമെന്ന വാക്കെഴുതി ഒരു സമ്മാനം പോലും ഇതുവരെ നല്‍കിയിട്ടുണ്ടാവില്ല, വാക്കുകളില്‍ അലങ്കാരങ്ങള്‍ ചേര്‍ത്ത് വശീകരിക്കേണ്ടി വന്നിട്ടുണ്ടാവില്ല. ഇതൊന്നും മോശമാണെന്നല്ല ഇതൊന്നും ഇല്ലാതെ അടരാന്‍ മനസ്സനുവദിക്കാതെ പതിറ്റാണ്ടുകളായി പ്രണയിച്ചു കൊണ്ടിരിക്കുന്നവരുണ്ട്. താലിമാല കൊണ്ട് മനസ്സുകളെ കുരുക്കിയിട്ടവര്‍. യാതൊരു മുന്‍പരിചയവുമില്ലാതെ ഇരുവഴികളിലൂടെ സഞ്ചരിച്ച് കൊണ്ടിരുന്നവര്‍ പെട്ടെന്നൊരു നാള്‍ ഒരു വഴിയിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്നു. വിവാഹത്തിന് മുമ്പേ പരിചയപ്പെടാനും അറിയാനും ആവോളം സമയം കിട്ടുന്ന, ഇഷ്ടങ്ങളും അനിഷ്ടങ്ങളും പങ്കിട്ട് മനസ്സിന് പിടിച്ച ഒരാളെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഇന്നുകള്‍ക്ക് മുമ്പാണ്! പ്രണയവും ഇഷ്ടം പറച്ചിലും പാപിയെന്ന പേരും കുടുംബ വിലക്കുമൊക്കെ  നേടിത്തന്നിരുന്ന കാലം!

പതിറ്റാണ്ടുകള്‍ നീണ്ട ദാമ്പത്യ കാലയളവില്‍ പരസ്പരം സ്വഭാവ രീതികളും ഇഷ്ടങ്ങളും രുചികളും മനസ്സിലാക്കി പ്രണയിച്ചു കൊണ്ടിരുന്നവര്‍. തുലാമാസത്തിലെ തണുപ്പ് അരിച്ചിറങ്ങുന്ന പുലരികളില്‍ വിറകടുപ്പില്‍ തിളയ്ക്കുന്ന പ്രിയതമന് കുളിക്കാനുള്ള വെള്ളത്തില്‍ വരെ ആ പ്രണയം നിറയും. പുറത്ത് പോയി വരുമ്പോള്‍ വാങ്ങിയ അങ്ങാടി മരുന്ന് കയ്യില്‍ കൊടുത്ത് 'ഇതൊന്നു തിളപ്പിച്ച് കുടിച്ച് നോക്ക്..' എന്ന് പറയുന്ന നിമിഷങ്ങള്‍   പ്രണയം പൂക്കും സന്ധ്യകളാണ്. 'ഇത് നല്ല മീനാ.. എടുക്കട്ടേ...' എന്ന് ചോദിച്ച മീന്‍കാരനോട് 'അത് വേണ്ട, പെണ്ണിന് അത് ഇഷ്ടമല്ല..' എന്നു പറഞ്ഞ് കൊണ്ട്  അവള്‍ക്ക് കൂടി ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുമ്പോള്‍ തങ്ങളുടെ പ്രണയം മറ്റുള്ളവരിലേക്ക് കൂടി പറഞ്ഞറിയിക്കുന്നു.

പ്രണയമെന്നത് മറ്റൊരാളില്‍ സ്ഥാപിക്കുന്ന ആധിപത്യമാണെന്ന ചിന്തയേതുമില്ലാതെ സ്മരണയുടെ കിരീടം പരസ്പരം കൈമാറി മുന്നേറേണ്ട ഒന്നാണെന്ന് എത്രയെത്ര ജീവിതങ്ങളാണ് നമുക്ക് ചുറ്റിലുമിരുന്ന് നമുക്ക് കാണിച്ച് തരുന്നത്. കണ്ണിനും കാതിനും മനസ്സിനും ഇമ്പമുള്ള നിറങ്ങളെ മാത്രം ചാലിച്ച് പ്രണയത്തെ വരച്ചു വെക്കുന്ന വെള്ളിത്തിരയിലെ പ്രകടനങ്ങളും  അക്ഷരത്താളുകളിലെ വര്‍ണ്ണനകളും സ്വന്തം ജീവിതത്തോട് സാദൃശ്യപ്പെടുത്തുമ്പോള്‍ കൂട്ടിനൊരാളുണ്ടായിട്ടും പ്രണയം ഇപ്പോഴും അങ്ങകലെയാണെന്ന ചിന്തയുണ്ടാകും. ഇരുവരും പരസ്പരം നിര്‍ലോഭം കൈമാറുന്ന ഒരുമിച്ചുള്ള യാത്ര തന്നെയാണ് പ്രണയം എന്ന തിരിച്ചറിവ് ഇല്ലാത്തിടത്തോളം ആ യാത്ര ഹൃദ്യമാവുകയുമില്ല. അവിടെയാണ് വഴിപിരിയാനുള്ള തീരുമാനങ്ങളുണ്ടാവുന്നത്. ഒരുമിച്ചൊഴുകുമ്പോള്‍ സംതൃപ്തി നേടാനാവുന്നില്ലെങ്കില്‍ വഴി പിരിയുക എന്നത്  തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം. അസംതൃപ്തിയോടെ ഒരേ ഒരു ജീവിതം നീന്തി തീര്‍ക്കുന്നതില്‍ എന്തര്‍ത്ഥം.

അടുക്കളയില്‍ പുക വരച്ച പ്രണയ ചിത്രങ്ങള്‍ കൂടിയുണ്ട്. തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പങ്കാളിയുടെ മനസ്സറിഞ്ഞ് പാചകം ചെയ്യുമ്പോള്‍ കാലം വരച്ചു വെച്ചതാവും ആ ചിത്രങ്ങള്‍. തീന്മേശയിലെത്തുമ്പോള്‍ ആ രുചികള്‍ പ്രണയക്കുറികളായി മാറുന്നു. മനസ്സറിഞ്ഞു രുചിയായി നുകര്‍ന്ന ആ പ്രണയമാണ് ആരോഗ്യം കാത്തു സൂക്ഷിക്കുന്നതും.  യുവതീ യുവാക്കള്‍ക്കിടയിലെ വൈകാരികമായ ഒരു ബന്ധമാണ് പ്രണയം എന്നതാവും ഇങ്ങനെ പ്രണയിച്ച് ജീവിച്ച് കൊണ്ടിരിക്കുന്നവരുടെ പോലും ധാരണ! ഞങ്ങള്‍  രണ്ടു പേരും പ്രാണന്‍  പ്രാണന്‍ പരസ്പരം കൈമാറിയിരിക്കുന്നു എന്നത് അവര്‍ ഓര്‍ക്കുന്നില്ല.. അത്രമേല്‍ ചൈതന്യവും പരിശുദ്ധിയും നിറഞ്ഞിരിക്കുന്നു. അതെ, രണ്ടുപേര്‍ അവരുടെ  ദൈനംദിന ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും നിമിഷങ്ങളും കളങ്കമേതുമില്ലാതെ പകുത്തെടുക്കുമ്പോള്‍ ജീവിതം മനോഹരമായൊരു പ്രണയ കാവ്യമായി  മാറുന്നു. അതേ പേരറിയാത്ത നൊമ്പരങ്ങളെ പോലെ പ്രണയമെന്ന് വിളിക്കാത്ത പ്രണയങ്ങളുമുണ്ട്!
 

click me!