'ചുമ്മാ ഇരിക്കുന്നവര്‍ക്കല്ലേ ഈ ഡിപ്രഷനൊക്കെ, ആലോചിച്ചു കൂട്ടാന്‍ സമയം കിടക്കുകയല്ലേ...'

By Speak Up  |  First Published Jan 31, 2023, 3:43 PM IST

ചിലര്‍ ഡിപ്രഷന്‍ എന്നത് അഭിനയവും, അടവും, മടിയുമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് അതൊക്കെ വെറും കെട്ടുകഥകള്‍. മറ്റ് ചിലര്‍ക്ക് മേലനങ്ങി പണിതാല്‍ തീരുന്ന പ്രശ്നങ്ങളാണെല്ലാം. ഇവര്‍ക്കെല്ലാം പൊതുവെ ഡിപ്രഷന്‍ എന്ന അസുഖത്തോട് പുച്ഛമാണ്. 


 

 ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Latest Videos

undefined

 

 

'പണ്ടും പെണ്ണുങ്ങള്‍ പ്രസവിച്ചിട്ടുണ്ട്. അതിലധികവും പത്തും പന്ത്രണ്ടും പ്രസവങ്ങള്‍. അവര്‍ക്കൊന്നും ഒരു ഡിപ്രഷനും ഉണ്ടായിരുന്നില്ല. അതെങ്ങനെയാ അവരൊക്കെ അന്തസ്സായി മേലനങ്ങി പണിയെടുത്തിരുന്നു. ഇന്നത്തെ അവളുമാരൊക്കെ ഗര്‍ഭിണി ആണെന്നു കേള്‍ക്കുമ്പോഴേ തുടങ്ങും റസ്റ്റ് എന്നും പറഞ്ഞു കട്ടിലില്‍ കയറി കിടപ്പു തുടങ്ങാന്‍. പിന്നെ ഡിപ്രെഷന്‍ ആയി, കുഞ്ഞുങ്ങളെ ഉപദ്രവിക്കലായി. മടി അല്ലാതെന്താ... മേലനങ്ങാന്‍ കഴിയില്ല, അതിനു വേണ്ടിയുള്ള അഭിനയത്തിനു ഡിപ്രെഷന്‍ എന്നൊരു പേരും...'

'ഒരു പണിയും ഇല്ലാതെ ചുമ്മാ ഇരിക്കുന്നവര്‍ക്കല്ലേ ഈ ഡിപ്രഷനൊക്കെ, വേലയും കൂലിയും ഇല്ലാത്തവര്‍ക്ക് ആലോചിച്ചു കൂട്ടാന്‍ ഇഷ്ടം പോലെ സമയം കിടക്കുകയല്ലേ...'

'എന്ത് ഡിപ്രഷന്‍, അതൊക്കെ മനഃപൂര്‍വം ആലോചിച്ചു കൂട്ടി ഉണ്ടാക്കുന്നതല്ലേ...'

'അവരെയൊന്നു കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍, അവര്‍ക്കൊരു നല്ല സുഹൃത്ത് ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. നല്ലൊരു സുഹൃത്ത്, കേള്‍ക്കൊനൊരാള്‍ ഒക്കെയാണ് ഡിപ്രഷനുള്ള ഏറ്റവും വലിയ മരുന്ന്...'

'നല്ലൊരു ട്രിപ്പ് പോയാല്‍ ഡിപ്രഷന്‍ എല്ലാം മാറി മൈന്‍ഡ് ഫ്രഷ് ആകും...'

'യോഗ ഡിപ്രഷന് ബെസ്റ്റ് ആണ്...'

കാര്യം മനസ്സിലായില്ലേ? സോഷ്യല്‍മീഡിയയില്‍, അല്ലെങ്കില്‍ ജീവിതത്തില്‍, തങ്ങള്‍ അനുഭവിച്ച വിഷാദരോഗത്തെ കുറിച്ച് ആരെങ്കിലും തുറന്നു പറഞ്ഞാലോ അല്ലെങ്കില്‍ ഡിപ്രെഷന്‍ തിരിച്ചറിയാതെ പോയി വലിയ അപകടത്തില്‍ എത്തുന്ന ന്യൂസ് കണ്ടാലോ കമന്റ് ബോക്‌സുകളില്‍ നിറയുന്ന സ്ഥിരം കമന്റ്‌സ് ആണിതൊക്കെ. ചിലര്‍ ഡിപ്രഷന്‍ എന്നത് അഭിനയവും, അടവും, മടിയുമൊക്കെ ആയിക്കണ്ട് അതിനെ അങ്ങ് നിഷ്‌ക്കരുണം തള്ളിക്കളയ്ും. ഡിപ്രഷന്‍ എന്നൊരു സംഭവമേ ഈ ഭൂലോകത്ത് ഇല്ല എന്ന് പറയും. കാരണം തങ്ങള്‍ അനുഭവിക്കാത്തതൊക്കെ മിക്കവര്‍ക്കും കെട്ടുകഥകള്‍ ആണല്ലോ. ഇനി മറ്റു ചിലര്‍ ആണെങ്കിലോ മേലനങ്ങി പണിതാല്‍ എല്ലാ പ്രശ്‌നങ്ങളും പമ്പ കടക്കും എന്ന് പറയും. മേല്‍പ്പറഞ്ഞ രണ്ടുകൂട്ടര്‍ക്കും പൊതുവെ ഡിപ്രഷന്‍ എന്ന അസുഖത്തോട് പുച്ഛമാണ്. അല്ലെങ്കില്‍ അവര്‍ അങ്ങനെ ഒരു അസുഖത്തെ അംഗീകരിക്കുന്നെ ഇല്ല.

ഇനി അടുത്ത വിഭാഗം ഉപദേശകര്‍. ട്രിപ്പ് പോകുക, ഫ്രണ്ട്‌സുമായി സമയം ചെലവഴിക്കുക. യോഗ ചെയ്യുക തുടങ്ങിയവയൊക്കെ ഡിപ്രഷന്‍ ഇല്ലാതാക്കും എന്ന് പറയുന്നവര്‍. ശരിയാണ്, ഈ കാര്യങ്ങളൊക്കെ മാനസിക ഉല്ലാസത്തിനു നല്ലത് തന്നെയാണ്. ചെറിയ മാനസിക ബുദ്ധിമുട്ടുകളൊക്കെ വന്നാല്‍ റിലാക്‌സേഷന് ഇതുപോലുള്ള മാര്‍ഗ്ഗങ്ങള്‍ മത.ി പക്ഷെ ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്നത് ചികിത്സ വേണ്ട അസുഖം ആണ്.

ഡിപ്രഷന്‍ ഉണ്ടാകാന്‍ പല കാരണങ്ങള്‍ ഉണ്ട്. ജനിതക കാരണങ്ങള്‍, ഫാമിലി ഹിസ്റ്ററി, ജീവിതത്തില്‍ ഉണ്ടാകുന്ന വലിയ പ്രശ്‌നങ്ങള്‍, വേണ്ടപ്പെട്ടവരുടെ മരണം, തുടങ്ങി സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍, ഹൈപ്പോതൈറോഡിസം, ഡയബറ്റിസ് പോലുള്ള അസുഖങ്ങള്‍ എല്ലാം ഡിപ്രഷനിലേക്ക് നയിക്കാം. ഗവേഷണങ്ങള്‍ പറയുന്നത്, സെറോടോണിന്‍, നോര്‍-എപ്പിനെഫ്രിന്‍ പോലുള്ള ബ്രയിനിലെ നാഡീകോശങ്ങളില്‍ ഉള്ള ചില കെമിക്കലുകളുടെ ഏറ്റക്കുറച്ചില്‍ മൂലമാണ് ഡിപ്രെഷന്‍ ഉണ്ടാകുന്നത് എന്നാണ്. ഈ രാസവസ്തുക്കള്‍ക്ക് ഉറക്കം, ഓര്‍മ, പഠനം, മാനസിക നില, ലൈംഗിക താത്പര്യങ്ങള്‍ തുടങ്ങിയ വിവിധ പ്രവൃത്തികളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. അതുകൊണ്ടാണ് ഡിപ്രഷന്‍ എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിലെ അടിസ്ഥാന കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നത്.

അങ്ങനെ ഇരിക്കെ ഡിപ്രഷന്റെ ബയോളജിക്കല്‍ ആയ വശത്തിനു മരുന്നിലൂടെയും, വിദഗ്ദ കൗണ്‍സിലിംഗിലൂടെയുമൊക്കെ ശരിയായ ചികിത്സ കൊടുക്കാതെ ട്രിപ്പ് പോകാനും, യോഗ ചെയ്യാനും ഉപദേശിച്ചിട്ട് എന്തു കാര്യം. ശരീരത്തിനെ ബാധിക്കുന്ന ഏതൊരു അസുഖത്തെപ്പോലെയും ചികിത്സ വേണ്ട അസുഖമാണ് ക്ലിനിക്കല്‍ ഡിപ്രഷന്‍. അത് മാറണം എങ്കില്‍ സ്‌നേഹവും കരുതലും യാത്രയും യോഗയും ഉപദേശങ്ങളും മാത്രം പോര കൃത്യമായ ചികിത്സയും വേണം.

അതുപോലെ ഡിപ്രഷന്‍ ബാധിക്കുന്ന ഭൂരിഭാഗത്തിനും മനസ്സിലാകുന്നില്ല, അവര്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന്. സ്വയം തിരിച്ചറിയാന്‍ സാധിക്കാത്ത കാര്യം അവര്‍ എങ്ങനെ മറ്റൊരാളോട് ഷെയര്‍ ചെയ്യും. തിരിച്ചറിയാന്‍ സാധിക്കുന്നവര്‍ ഇല്ലെന്നല്ല, എന്നാല്‍ എല്ലാവര്‍ക്കും തങ്ങള്‍ കടന്നുപോകുന്ന അവസ്ഥ മനസിലാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് നമ്മോട് ചേര്‍ന്നു നില്‍ക്കുന്നവരെ നമ്മള്‍ കരുതണം, ശ്രദ്ധിക്കണം. ഒപ്പം അവരുടെ അവസ്ഥ മോശമാണ് എന്നറിഞ്ഞാല്‍ സ്വയം ചികിത്സ നടത്താതെ, അനാവശ്യ ഉപദേശങ്ങള്‍ സ്വീകരിച്ചു സമയം കളയാതെ മികച്ച ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തു ചികിത്സ നടത്തുക തന്നെ വേണം.

മിക്കവാറും ഡിപ്രഷന്‍ കേസുകള്‍ അപകടത്തിലേക്ക് എത്തുന്നത് വേണ്ട ചികിത്സ നടത്താത്തത് കൊണ്ടാണ്. മിക്കവര്‍ക്കും മടിയാണ് ഡിപ്രഷന്‍ പോലുള്ള മനസിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ചികിത്സ തേടാന്‍. മനസിനെ ബാധിക്കുന്ന അസുഖങ്ങള്‍ തുറന്നുപറയുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒരു കുറച്ചിലാണ് സമൂഹത്തിന്. ശരീരത്തെ ഒരു അസുഖം ബാധിച്ചാല്‍ നമ്മള്‍ ചികിത്സ തേടുന്നത് പോലെ തന്നെ ആണ് ഇതെന്ന് എന്ന് ഈ സമൂഹം തിരിച്ചറിയുമോ എന്തോ. എന്റെ അനുഭവവും വ്യത്യസ്തമല്ല. പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ തുറന്നെഴുത്തുകള്‍ പോസിറ്റീവ് ആയെടുത്ത ഒരുപാട് പേരുണ്ട്. എന്നാല്‍ ആ കാര്യം വെച്ചു  മാനസികരോഗി എന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിച്ചു ആക്ഷേപിച്ച വേണ്ടപ്പെട്ടവരും ഉണ്ട്. ഇതൊക്കെ തുറന്നു പറയുന്നത് കുറച്ചിലും നാണക്കേടും എല്ലാം ആണത്രേ. എനിക്കൊരു അസുഖം വന്നു, ട്രീറ്റ്‌മെന്റ് എടുത്തു അല്ലാതെ ഞാന്‍ ആരെയും ദ്രോഹിച്ചിട്ടില്ല. അതുകൊണ്ട് അതൊരു കുറവായും എനിക്ക് തോന്നിയിട്ടില്ല.

പിന്നെ ഡിപ്രഷനെ പറ്റിയുള്ള മറ്റൊരു തെറ്റിദ്ധാരണയാണ് എന്തെങ്കിലും സഹിക്കാന്‍ പറ്റാത്ത സങ്കടം ഉള്ളവര്‍ക്ക് മാത്രമാണ് ഡിപ്രഷന്‍ ഉണ്ടാകുക എന്ന്. അതില്‍ ഒരു അപകടവും ഉണ്ട്. അതായത് വേണ്ടപ്പെട്ട ഒരാളുടെ മരണം തകര്‍ത്തു കളഞ്ഞ ഒരാളെ നമ്മള്‍ ശ്രദ്ധിക്കും, ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും കാരണം നമുക്കറിയാം അയാള്‍ തകര്‍ന്നിരിക്കുക ആണെന്ന് എന്നാല്‍ എല്ലാവിധ സന്തോഷത്തിലും ജീവിക്കുന്ന ഒരു വ്യക്തിയുടെ മാനസിക നിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ പെട്ടന്ന് നമ്മുടെ ശ്രദ്ധയില്‍പ്പെടുമോ. ഇല്ലെന്നാണ് എന്റെ അഭിപ്രായം.

എന്‍റെ സുഹൃത്തായ സൈക്കാട്രിസ്റ്റ് പറഞ്ഞൊരു അനുഭവം ഉണ്ട്. ശരീരത്തിന് കടുത്ത ചൊറിച്ചിലും, ശ്വാസ തടസ്സവും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി അദ്ദേഹം വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയ ഒരു റിട്ടയേര്‍ഡ് ടീച്ചറുടെ കാര്യം. അവരുടെ ഭര്‍ത്താവും റിട്ടയേര്‍ഡ് അധ്യാപകന്‍ ആണ്. അവരെ അഡ്മിറ്റ് ചെയ്തു.ശാരീരിക പരിശോധനകള്‍ എല്ലാം നടത്തി. എങ്കിലും വര്‍ഷങ്ങള്‍ ആയുള്ള ഹൈപ്പോതൈറോയ്ഡിസം അല്ലാതെ വേറെ വലിയ പ്രശ്‌നങ്ങളൊന്നും ശാരീരിക പരിശോധനയില്‍ കണ്ടില്ല. അഡ്മിറ്റ് ചെയ്യുമ്പോള്‍ ബി.പി ഹൈ ആയിരുന്നു. പിന്നീടത് കുറഞ്ഞു. അലര്‍ജിക്കുള്ള മരുന്ന് കൊടുത്ത് അപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു എങ്കിലും പിന്നീടും വിട്ടുമാറാത്ത ശരീരത്തിന്റെ ചൊറിച്ചിലുമായി അവര്‍ ഹോസ്പിറ്റലില്‍ എത്തി. ക്രോണിക്ക് ഇച്ചിങ് എന്ന അവസ്ഥ എത്തിയപ്പോള്‍, ഒടുവില്‍ പലവിധ പരിശോധനയിലൂടെ ബൈപോളാര്‍ ഡിപ്രഷന്‍ എന്ന അവസ്ഥ ഡയഗ്‌നോസ് ചെയ്തു. അതായത് രണ്ടുതരത്തിലുള്ള മൂഡുകളുടെ എക്‌സ്ട്രീമില്‍ എത്തുന്ന അവസ്ഥ.  ഒന്നുകില്‍ എല്ലാ കാര്യങ്ങളിലും ഓവര്‍ ആയി ആക്റ്റീവ് ആയിരിക്കും, ദേഷ്യം വരും, പൊട്ടിത്തെറിക്കും അല്ലെങ്കില്‍ ആകെ ചടഞ്ഞു കൂടി  ഒന്നിനോടും താല്പര്യം ഇല്ലാതിരിക്കും, അങ്ങനെ ഉള്ള രണ്ടു അവസ്ഥകളിലൂടെയുള്ള മനസ്സിന്റെ സഞ്ചാരമാണ് ബൈപോളാര്‍ ഡിപ്രഷന്‍..

ഡിപ്രെഷന്‍ ആണെന്നറിഞ്ഞത് അവര്‍ക്ക് ഷോക്ക് ആയിരുന്നുവത്രേ. അവര്‍ക്ക് കുറച്ചു നാളായി മൂഡ് സ്വിംഗ്സും, ഇമോഷണലി ബാലന്‍സ് ഇല്ലായ്മയും ഉണ്ടായിരുന്നു എങ്കിലും അതൊക്കെ ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള ബുദ്ധിമുട്ട് ആണെന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ സ്ഥിരമായുള്ള ഹൈപ്പോതൈറോഡിസവും, ആര്‍ത്തവ വിരാമ ബുദ്ധിമുട്ടുകളും അവരില്‍ ഡിപ്രെഷനെ പിടിമുറുക്കിച്ചു.

ഒരുപാട് സ്‌നേഹിക്കുന്ന ഭര്‍ത്താവും മക്കളുമുള്ള, ശാരീരിക ഫിറ്റ്നസ്സില്‍ ശ്രദ്ധിക്കുന്ന, ഉല്ലസിച്ചു ജീവിക്കുന്ന തനിക്ക് ഡിപ്രഷന്‍ വരുമെന്ന് അവര്‍ക്ക് ഊഹിക്കാന്‍ പോലുമായിരുന്നില്ല. തുടര്‍ച്ചയായി മടിയും, ദേഷ്യവും, സങ്കടവും ഓക്കെ വന്നപ്പോള്‍ ആര്‍ത്തവവിരാമത്തിനു ശേഷമുള്ള ഹോര്‍മോണ്‍ പ്രശ്‌നം എന്നേ അവര്‍ കരുതിയുള്ളൂ. പക്ഷെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലൂടെ, കടുത്ത ബോഡി ഇച്ചിങ്ങിലൂടെ ശരീരം അവരുടെ മാനസിക അവസ്ഥയോട്, മാനസിക സമ്മര്‍ദ്ദത്തോട് പ്രതികരിച്ചു.

ഇതുപോലെ ഓരോരുത്തരെയും വിഷാദരോഗം ബാധിക്കുക ഓരോ തരത്തില്‍ ആയിരിക്കും. ഒരാളുടെ അവസ്ഥയും കാരണങ്ങളും ആകില്ല മറ്റൊരാളുടേത്. അതുകൊണ്ട് സ്വയമോ, മറ്റുള്ളവരിലൂടെയോ ഡിപ്രഷന്‍ എന്ന അവസ്ഥ തിരിച്ചറിഞ്ഞാല്‍ സമൂഹം എന്ത് പറയും എന്ന ചിന്തയില്‍ ചികിത്സ തേടാന്‍ മടിക്കരുത്. മറ്റുള്ളവര്‍ നമ്മുടെ ജീവിതത്തില്‍ അഭിപ്രായം പറഞ്ഞിട്ടങ്ങു പോകും. ജീവിതം നമ്മുടേതാണ്. ഉള്ളിലുള്ള വിഷാദ കണങ്ങളെ തുടച്ചു കളയേണ്ടത് നമ്മുടെ മാത്രം ആവശ്യവും...
 

click me!