നമ്മുടെ നിയമസംഹിതകള്‍ വെറും നോക്കുകുത്തികള്‍ ആവുന്നിടത്താണ് വീണ്ടും സൗമ്യമാര്‍ ഉണ്ടാവുന്നത്. എനിക്കും ചിലത് പറയാനുണ്ട്. ശരണ്യ മുകുന്ദന്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
എത്ര കരുതലോടെയാണ് ഓരോ പെണ്‍കുട്ടിയെയും അവരുടെ അച്ഛനമ്മമാര്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. പെണ്‍മക്കളുടെ ഭാവിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള വ്യാകുലതകള്‍ നിറച്ച ദിനങ്ങള്‍ തള്ളി നീക്കുന്ന എത്രയോ രക്ഷിതാക്കള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്തിനധികം, സ്വന്തം രക്ഷിതാക്കളിലേക്ക് തന്നെ ഒന്നു കണ്ണോടിച്ചാല്‍ മതി. പെണ്‍മക്കളുടെ കാര്യത്തില്‍ എന്തിനിത്ര വ്യാകുലപ്പെടണം എന്ന ചോദ്യത്തിനുള്ള അവസരം പോലും നല്‍കാതെയാണ് തുടര്‍ക്കഥയെന്നോണം ദിവസവും സ്ത്രീ പീഡന വാര്‍ത്തകള്‍, സ്ത്രീധനപീഡനവാര്‍ത്തകള്‍, അതിന്റെയൊക്കെ അന്ത്യമെന്നോണം ജീവിതം മടുത്തുകൊണ്ടുള്ള ആത്മഹത്യകള്‍.
വൃദ്ധയെന്നോ ചെറിയ കുട്ടിയെന്നോ രോഗിയെന്നോ വ്യത്യാസമില്ലാതെ എത്തുന്ന കാമകണ്ണുകളെ പേടിയോടെ മാത്രമേ ആര്‍ക്കും നോക്കി കാണാനാകൂ. കുഞ്ഞു മക്കളുടെ പോലും ജനനേന്ദിയത്തിലേക്ക് മാത്രം ശ്രദ്ധ തിരിക്കുന്ന ഒരു കൂട്ടര്‍ നമ്മുടെ സമൂഹത്തില്‍ നിലകൊള്ളുന്ന കാലത്തോളം പെണ്‍മക്കളെയോര്‍ത്തുള്ള പേടികള്‍ക്കും അന്ത്യമില്ല. (മേല്‍ പറഞ്ഞ അച്ഛന്‍, അമ്മ ഗണത്തില്‍ പെടാത്ത, ജന്മത്തിനുത്തരവാദി എന്ന നിലയിലേക്ക് മാത്രം മാറ്റിനിര്‍ത്തേണ്ട ചിലരുമുണ്ട്. അവരെ കൂട്ടത്തില്‍ കൂട്ടിയിട്ടില്ല.)
ഈ അടുത്താണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള വിധി പ്രസ്താവത്തില്‍ മദ്രാസ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്: 'രാജ്യത്തെ സാഹചര്യം നിരാശാജനകമാണ്, ഓരോ 15 മിനിട്ടിലും രാജ്യത്ത് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു.'
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പല അതിക്രമങ്ങളിലും വ്യക്തമായ നിയമസഹായം പോലുമില്ലാതിരിക്കുന്ന സ്ഥിതി നാം ഒരുപാട് വായിച്ചറിഞ്ഞതാണ്, രോഷം കൊണ്ടതാണ്. നമ്മുടെ നിയമസംഹിതകള്‍ വെറും നോക്കുകുത്തികള്‍ ആവുന്നിടത്താണ് വീണ്ടും സൗമ്യമാര്‍ ഉണ്ടാവുന്നത്. സ്ത്രീകള്‍ അതിജീവിക്കേണ്ടി വരുന്ന കാലത്തെ കുറിക്കാനാണ് ഇത്രയും പറഞ്ഞു വച്ചത്.
കാമവെറിയുടെ കഴുകക്കണ്ണുകള്‍
സ്ത്രീ സുരക്ഷ പലപ്പോഴും പേരിനുമാത്രമായി ഒതുങ്ങുന്ന ഒരു സമൂഹത്തിലാണ് ഞാനടങ്ങുന്ന സ്ത്രീ സമൂഹം ജീവിക്കേണ്ടി വരുന്നത്. ചുറ്റിലും കാമവെറിയുടെ കഴുകക്കണ്ണുകള്‍ ഉള്ള കാലത്തോളം ഒരു പെണ്‍ജന്മവും സുരക്ഷിതരല്ല. അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല വാര്‍ത്തകളിലൊന്നാണ് സ്‌കൂളുകളിലൂടെ നല്‍കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നടത്തിയ പരാമര്‍ശം. നല്ല നാളെയ്ക്കായി മാറ്റം അനിവാര്യം തന്നെയാണ്. ഗുഡ് ടച്ച് എന്താണ്, ബാഡ് ടച്ച് എന്താണ് എന്നുതുടങ്ങി നമ്മുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ തലം മുതല്‍ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ചെറിയ പ്രായത്തിലുള്ള ആണ്‍കുട്ടികളും ഇന്നത്തെക്കാലത്ത് ലൈംഗിക വൈകൃതങ്ങള്‍ക്കിരയാവുന്നുണ്ട് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. മോശമായ രീതിയിലുള്ള സ്പര്‍ശനം പോലും ഏല്‍പ്പിക്കുന്ന ട്രോമ വലുതാണ്.
ഏക്‌സ്‌പെയറിംഗ് ഡേറ്റൊക്കെ എന്നോ കഴിഞ്ഞ ചില പ്രയോഗങ്ങള്‍ ഇന്നും ഉപയോഗിക്കുന്ന ചിലരെ കാണുമ്പോള്‍ അരിശം തോന്നിപ്പോകാറുണ്ട്, 'ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട്' എന്നൊക്കെ സ്ത്രീ വിരുദ്ധത പടച്ചുവിടുന്നവര്‍. നമ്മുടെ സമ്മതമോ അനുവാദമോ ഇല്ലാതെ നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ക്രൂരത എങ്ങനെ നമുക്കൊരു കേടാവും എന്ന മനോഭാവമാണ് ഉണ്ടാകേണ്ടത്. അല്ലാതെ ജീവിതം മടുത്തുകൊണ്ടുള്ള ആത്മഹത്യകളല്ല. അതിജീവിക്കാനുള്ള ആര്‍ജവമാണ് കാണിക്കേണ്ടത്, അതിനുള്ള ഉപദേശങ്ങളാണ് നല്‍കേണ്ടത്. അതിജീവിതയുടെ വാര്‍ത്താ സമ്മേളനം നല്‍കുന്നത് ചെറിയ പ്രതീക്ഷകളൊന്നുമല്ല, സമൂഹത്തില്‍ വരുന്ന വലിയൊരു മാറ്റത്തിന്റെ ആരംഭമാണത്.
തന്‍േറതല്ലാത്ത കാരണത്താല്‍ നേരിടേണ്ടിവരുന്ന ശാരീരിക അതിക്രമത്തെ മരണത്തിലൂടെ മാത്രമേ ഒരു പെണ്ണിന് അതിജീവിക്കാന്‍ സാധിക്കൂ എന്ന് കരുതുന്ന ഒരു വിഭാഗം നിലകൊള്ളുന്ന സമൂഹമാണിത്, അവരിലേക്കു കൂടി വെളിച്ചം വീശേണ്ടി ഇരിക്കുന്നു. ഒരു പെണ്ണിന്റെ ആത്മാഭിമാനത്തിന് മാനങ്ങള്‍ കുറേ ഉണ്ട് എന്ന ചിന്ത വരട്ടെ. ഇരയുടെ മൗനവും, ജീവിതം ഉപേക്ഷിക്കലുമൊക്കെ തുടര്‍ക്കഥകള്‍ക്കുള്ള വഴിയൊരുക്കാനേ ഉപകരിക്കൂ. പീഡനത്തിനിരയാകുമ്പൊഴേക്കും തകര്‍ന്ന് പോകുന്നതോ, തകര്‍ക്കാനാവുന്നതോ അല്ല അതൊന്നും.
ഇരയാക്കപ്പെടുന്നവര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദനയും ട്രോമയും മറികടക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് ചെയ്യാന്‍ ഏറെയുണ്ട്. കൂടെയുണ്ട് എന്ന വാക്കിനു പോലും ജീവന്റെ വിലയാണ് ചില നേരത്ത്.